ലൈംഗികോപദ്രവം—നിങ്ങളെത്തന്നെ സംരക്ഷിക്കാവുന്ന വിധം
“യാതൊരു സ്ത്രീയും ലൈംഗിക കുത്തുവാക്കിനു ദിവസേന വിധേയയാകേണ്ടതില്ല, എന്നാൽ ദുഷ്പെരുമാറ്റ വിമുക്തമായ ഒരു പ്രാചീന തൊഴിൽ സാഹചര്യം പ്രതീക്ഷിക്കുന്നതു സ്ത്രീകളെ സംബന്ധിച്ചിടത്തോളം ന്യായയുക്തവുമല്ല” എന്നു മാസികാ പ്രസാധികയായ ഗ്രാറ്റ്കൻ മോർഗെൻസൻ പറയുന്നു. ജോലിസ്ഥലം കൂടുതൽ സുരക്ഷിതമാക്കാനുള്ള തൊഴിലുടമകളുടെയും കോടതികളുടെയും ശ്രമങ്ങൾ പ്രശംസാർഹമായി ചില നല്ല ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, നിയമനടപടിയുടെ അപകടസാധ്യത തൊഴിൽസാഹചര്യം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനു ലോകവ്യാപകമായി തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിച്ചിട്ടുണ്ട്. തൊഴിൽസ്ഥലത്തെ ലൈംഗികോപദ്രവം കൈകാര്യം ചെയ്യുന്നതിനുവേണ്ടി നിരവധി കമ്പനികൾ അവയ്ക്കുള്ളിൽത്തന്നെ നടപടിക്രമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിൽസ്ഥലത്തെ ഉചിതമായ പെരുമാറ്റം തൊഴിലാളികളെ പഠിപ്പിക്കുന്നതിനു യോഗങ്ങളും സെമിനാറുകളും നടത്തപ്പെടുന്നു.
തീർച്ചയായും കമ്പനിയുടെ നയങ്ങളും പ്രാദേശിക നിയമങ്ങളും അറിഞ്ഞു പിൻപറ്റുന്നതു തികച്ചും ഉചിതമാണ്. (റോമർ 13:1; തീത്തൊസ് 2:9) ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതും സഹായകരമാണെന്നു ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു. സഹജോലിക്കാരുമായുള്ള ഇടപെടലുകളിൽ ഈ നിശ്വസ്ത മാർഗനിർദേശങ്ങൾ പിൻപറ്റുന്നതിനു ലൈംഗികോപദ്രവത്തിന്റെ ഇരയായിത്തീരുന്നതോ അല്ലെങ്കിൽ അതു ചെയ്യുന്നയാളായിത്തീരുന്നതോ ഒഴിവാക്കുന്നതിനു നിങ്ങളെ വളരെയധികം സഹായിക്കാൻ കഴിയും.
പുരുഷൻമാർക്കായുള്ള ഉചിതമായ നടത്ത
പുരുഷൻമാർ സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്ന സംഗതി പരിഗണിക്കുക. വിപരീതലിംഗവർഗത്തിൽപെട്ടവരെ സ്പർശിക്കുന്നതിനെതിരെ അനേകം വിദഗ്ധർ താക്കീതു നൽകുന്നു. സ്നേഹപുരസ്സരം പുറത്തു തട്ടുന്നതു വളരെ എളുപ്പം ദുർവ്യാഖ്യാനിക്കാപ്പെടാവുന്നതാണെന്ന് അവർ മുന്നറിയിപ്പു നൽകുന്നു. “ജഡ്ജിമാർ വളരെ ഗൗരവമായെടുക്കുന്ന ഒരു സംഗതിയാണു സ്പർശിക്കൽ” എന്നു തൊഴിൽ വക്കീലായ ഫ്രാങ്ക് ഹാർട്ടി കുറിക്കൊള്ളുന്നു. അദ്ദേഹത്തിന്റെ നിർദേശമോ? “ഹസ്തദാനം ചെയ്യുന്നതിലധികം അതിൽ ഉൾപ്പെട്ടിരിക്കുന്നെങ്കിൽ അതു ചെയ്യരുത്.” ഈ സംഗതിയിൽ എല്ലാ അവസരങ്ങളിലും ബാധമാകുന്ന നിയമം ബൈബിൾതന്നെ വെക്കുന്നില്ലെന്നുള്ളതു സത്യമാണ്.a എന്നാൽ നിലവിലുള്ള നിയമ-ധാർമിക കാലാവസ്ഥയുടെ വീക്ഷണത്തിൽ ജാഗ്രത ഉചിതമാണ്, പ്രത്യേകിച്ചും സംസാരിക്കുമ്പോൾ സ്പർശിക്കാൻ ഒരു അബോധചായ്വുള്ളവർക്ക്.
അത്തരം ബുദ്ധ്യുപദേശം പിൻപറ്റുന്നത് എല്ലായ്പോഴും എളുപ്പമല്ലെന്നു സമ്മതിക്കുന്നു. ദൃഷ്ടാന്തത്തിന്, ഗ്ലൻ ഒരു ഹിസ്പാനിക് സംസ്കാരത്തിൽനിന്നുള്ളവനാണ്. അദ്ദേഹം പറയുന്നു: “ഇവിടെ ഐക്യനാടുകളിലുള്ളവരേക്കാൾ, നിങ്ങളെ ആലിംഗനം ചെയ്യാൻ കൂടുതൽ പ്രവണതയുള്ളവരാണു ഞാൻ വരുന്ന സ്ഥലത്തെ ആളുകൾ. എന്റെ കുടുംബത്തിൽ ഞങ്ങൾ മിക്കപ്പോഴും സുഹൃത്തുക്കളെ ചുംബിച്ച് അഭിവാദ്യം ചെയ്യുന്നു. എന്നാൽ അതു ചെയ്യാൻ തിരക്കുകൂട്ടരുതെന്ന് ഇവിടെ ഞങ്ങൾക്കു മുന്നറിയിപ്പു നൽകപ്പെട്ടു.” എന്നിരുന്നാലും, ബൈബിൾ തത്ത്വങ്ങൾ ഈ സംഗതിയിൽ സഹായകമെന്നു തെളിയുന്നു. യുവാവായ തിമോത്തിയോട് അപ്പോസ്തലനായ പൗലോസ് പറഞ്ഞു: “ഇളവയരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.” (1 തിമൊഥെയൊസ് 5:1, 2) വിവേചനാരഹിതമായ, പ്രലോഭനാത്മകമായ അല്ലെങ്കിൽ അനിഷ്ടകരമായ സ്പർശനത്തെ അതു തള്ളിക്കളയുന്നില്ലേ?
അതേ തത്ത്വം സംസാരത്തിനു ബാധകമാക്കാവുന്നതാണ്. ഉചിതമായി ബൈബിൾ ഇങ്ങനെ പറയുന്നു: “ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു.” (എഫെസ്യർ 5:3, 4) സംസാരിക്കുന്നതിനു മുമ്പ് ഒരു ചോദ്യം പരിഗണിക്കാൻ ലൈംഗികോപദ്രവ വക്കീലായ കാർത്തി ചിനോയി നിർദേശിക്കുന്നു: “നിങ്ങളുടെ മാതാവോ സഹോദരിയോ പുത്രിയോ അത് അഭിമുഖീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ?” അശ്ലീലമായ, അന്തസില്ലാത്ത സംസാരം, സംസാരിക്കുന്നയാളിനെയും കേൾക്കുന്നയാളിനെയും തരംതാഴ്ത്തുന്നു.
ലൈംഗികോപദ്രവം തടയൽ
ലൈംഗികോപദ്രവത്തിന്റെ ഇരയായിത്തീരുന്നത് ഒഴിവാക്കാൻ ശ്രമിക്കാൻ ഒരുവന് എങ്ങനെ കഴിയും? പ്രഥമ പ്രസംഗ നിയോഗവുമായി തന്റെ ശിഷ്യൻമാരെ അയച്ചപ്പോൾ യേശു അവർക്കു നൽകിയ ബുദ്ധ്യുപദേശം, ഒരുപക്ഷേ ഈ സന്ദർഭത്തിൽ ബാധകമാക്കാവുന്നതാണ്: “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു; ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.” (മത്തായി 10:16) എന്തായാലും ഒരു ക്രിസ്ത്യാനി നിസ്സഹായനല്ല. ബൈബിൾ നമുക്കിങ്ങനെ ഉറപ്പുനൽകുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; വകതിരവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.” (സദൃശവാക്യങ്ങൾ 2:10, 11) അതുകൊണ്ടു നമുക്കിപ്പോൾ നിങ്ങളെത്തന്നെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില ബൈബിൾ തത്ത്വങ്ങൾ നോക്കാം.
1. നിങ്ങൾതന്നെ സഹജോലിക്കാരുമായി എങ്ങനെ പെരുമാറുന്നുവെന്നു സൂക്ഷിക്കുക. നിർവികാരനോ വിരോധമുള്ളവനോ ആയിരിക്കുകയെന്ന് ഇത് അർഥമാക്കുന്നില്ല. എന്തുകൊണ്ടെന്നാൽ “എല്ലാവരോടും സമാധാനം ആചരി”ക്കാൻ ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എബ്രായർ 12:14; റോമർ 12:18) എന്നാൽ “പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ” എന്ന് ബൈബിൾ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകുകതന്നെ ചെയ്യുന്നതിനാൽ, അത് ഒരു വ്യാപാരസമാന പെരുമാറ്റം, വിശേഷാൽ വിപരീതലിംഗവർഗത്തിൽ പെട്ടവരോട് ഇടപെടുമ്പോൾ, നിലനിർത്തുന്നത് ഉചിതമാണ്. (കൊലൊസ്സ്യർ 4:5) എലിസബെത്ത് പവലിനാലുള്ള ടോക്കിങ് ബാക്ക് ടു സെക്ഷ്വൽ പ്രഷർ (ഇംഗ്ലീഷ്) എന്ന പുസ്തകം, “തങ്ങളുടെ നിലയ്ക്കു യോജിച്ച ഹൃദ്യ മനോഭാവവും ലൈംഗിക മുന്നേറ്റങ്ങളോടുള്ള സ്വീകാര്യതയെ സൂചിപ്പിച്ചേക്കാവുന്ന തരം സൗഹൃദവും തമ്മിൽ ഒരു കൃത്യമായ വ്യത്യാസം മനസ്സിലാക്കാൻ” ജോലിക്കാരെ ഉദ്ബോധിപ്പിക്കുന്നു.
2. വിനീതമായി വസ്ത്രം ധരിക്കുക. നിങ്ങൾ ധരിക്കുന്നതു മറ്റുള്ളവർക്ക് ഒരു സന്ദേശമയക്കുന്നു. ചില തരം വസ്ത്രധാരണം ബൈബിൾ കാലങ്ങളിൽ ഒരു വ്യക്തിയെ അധാർമികനോ അനിയതസംഭോഗശീലനോ ആയി മുദ്രകുത്തിയിരുന്നു. (സദൃശവാക്യങ്ങൾ 7:10) മിക്കപ്പോഴും അതുതന്നെ ഇന്നും സത്യമാണ്. ഇറുകിയതോ ലോലമോ ശരീരംവെളിപ്പെടുത്തുന്നതോ ആയ വസ്ത്രധാരണം തെറ്റായ തരത്തിലുള്ള ശ്രദ്ധയെ ആകർഷിച്ചേക്കാം. തങ്ങൾ ആഗ്രഹിക്കുന്ന എന്തും ധരിക്കാൻ അവകാശമുണ്ടെന്ന് ചിലർ വിചാരിച്ചേക്കാമെന്നതു സത്യംതന്നെ. എന്നാൽ എഴുത്തുകാരിയായ എലിസബെത്ത് പവൽ പ്രസ്താവിക്കുന്നതുപോലെ, “പണം മോഷ്ടിക്കുന്നത് അനുവദനീയമാണെന്നു വിശ്വസിക്കുന്നവരുടെ ഇടയിൽ നിങ്ങൾ ജോലിചെയ്തിരുന്നെങ്കിൽ, പേഴ്സ് അരയിൽ ധരിക്കരുതെന്നു ഞാൻ പറയുമായിരുന്നു. . . . സമൂഹത്തിന്റെ മനോഭാവങ്ങളുടെ . . . ദൗർബല്യം നിങ്ങൾ തിരിച്ചറിയുകയും അവരാൽ ഇരകളാക്കപ്പെടുന്നതിൽനിന്നു നിങ്ങളെത്തന്നെ സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം.” ബൈബിളിന്റെ ബുദ്ധ്യുപദേശം അതുകൊണ്ടു കാലോചിതമാണ്. “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരി”ക്കാൻ അതു സ്ത്രീകളെ പ്രബോധിപ്പിക്കുന്നു. (1 തിമൊഥെയൊസ് 2:9) വിനീതമായി വസ്ത്രം ധരിക്കുക, നിങ്ങൾ അസഭ്യ സംസാരത്തിന്റെയും പ്രവൃത്തികളുടെയും ലക്ഷ്യമാകാനുള്ള കുറഞ്ഞ സാധ്യതയേയുള്ളൂ.
3. നിങ്ങളുടെ സഹവാസങ്ങൾ സൂക്ഷിക്കുക! ലൈംഗിക ആക്രമണത്തിന് ഇരയായിത്തീർന്ന ചെറുപ്പക്കാരിയായ ദീനായെക്കുറിച്ചു ബൈബിൾ നമ്മോടു പറയുന്നു. തന്നെ കൈയ്യേറ്റം ചെയ്തവന്റെ ശ്രദ്ധ അവൾ വ്യക്തമായും ആകർഷിച്ചു. എന്തുകൊണ്ടെന്നാൽ ദീന പതിവായി കനാൻ “ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി.” കനാന്യ സ്ത്രീകൾ അനിയതസംഭോഗത്തിനു പേരുകേട്ടവരായിരുന്നു! (ഉല്പത്തി 34:1, 2) സമാനമായി ഇന്ന്, കാമാതുര വിഷയങ്ങൾ സംസാരിക്കുന്നതിനു പേരുകേട്ട സഹജോലിക്കാരുമായി നിങ്ങൾ പതിവായി സല്ലപിക്കുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യുന്നെങ്കിൽ, ലൈംഗിക വാഗ്ദാനങ്ങളോടു നിങ്ങൾ സ്വീകാര്യക്ഷമരായിരിക്കുമെന്നു ചിലർ നിഗമനം ചെയ്തേക്കാം.
സഹജോലിക്കാരെ നിങ്ങൾ അവഗണിക്കണമെന്ന് ഇത് അർഥമാക്കുന്നില്ല. എന്നാൽ സംഭാഷണം സഭ്യേതരമാകുന്നെങ്കിൽ എന്തുകൊണ്ടു കേവലം സ്ഥലം വിട്ടുകൂടാ? രസാവഹമായി, ഉന്നത ധാർമിക നിലവാരങ്ങളോടു മതിപ്പുണ്ടെന്ന സൽപ്പേര് ഉണ്ടായിരിക്കുന്നതു ലൈംഗികോപദ്രവത്തിൽനിന്നു തങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നുവെന്ന് ഒട്ടനവധി യഹോവയുടെ സാക്ഷികൾ കണ്ടെത്തിയിരിക്കുന്നു.—1 പത്രൊസ് 2:12.
4. അനുരഞ്ജന സാഹചര്യങ്ങൾ ഒഴിവാക്കുക. ചെറുപ്പക്കാരിയായ താമാറിനെ ലൈംഗികമായി മുതലെടുക്കാൻകഴിയേണ്ടതിന് അവളുമായി ഒറ്റക്കായിരിക്കാൻ യുവാവായ അമ്നോൻ എങ്ങനെ പദ്ധതിയിട്ടെന്നു ബൈബിൾ നമ്മോടു പറയുന്നു. (2 ശമൂവേൽ 13:1-14) ഒരുപക്ഷേ മദ്യം പങ്കിടാനോ യാതൊരു പ്രത്യക്ഷകാരണവുമില്ലാതെ സമയം കഴിഞ്ഞു ജോലിയിൽ തുടരാനോ ഒരു കീഴ്ജീവനക്കാരിയെ ക്ഷണിച്ചുകൊണ്ട് ഉപദ്രവകാരികൾ ഇന്നു സമാനമായി പെരുമാറിയേക്കാം. അത്തരം ക്ഷണങ്ങൾ സംബന്ധിച്ചു ജാഗ്രതപാലിക്കുക! ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ അനർഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”—സദൃശവാക്യങ്ങൾ 22:3.
നിങ്ങൾ ഉപദ്രവിക്കപ്പെടുന്നെങ്കിൽ
തീർച്ചയായും ഒരു സ്ത്രീ നിർദോഷമായി പെരുമാറുമ്പോൾ പോലും ചില പുരുഷൻമാർ അനുചിതമായ മുന്നേറ്റങ്ങൾ നടത്തും. നിങ്ങൾ ലക്ഷ്യമാക്കപ്പെട്ടിരിക്കുന്നെങ്കിൽ അത്തരം മുന്നേറ്റങ്ങളോടു നിങ്ങൾ എങ്ങനെ പ്രതികരിക്കണം? പരിഭ്രമിക്കാതെ അതുമായി ഇടപെടാൻ ചിലർ ശുപാർശ ചെയ്തിട്ടുണ്ട്! ‘ഓഫീസ് ലൈംഗികത ജീവിതത്തിലെ സുഗന്ധമാണ്!’ എന്ന് ഒരു സ്ത്രീ പറയുന്നു. എന്നാൽ അത്തരം അനുചിത ശ്രദ്ധയെ രസകരമായോ ഭംഗിവാക്കായോ വീക്ഷിക്കുന്നതിനു വിപരീതമായി, യഥാർഥ ക്രിസ്ത്യാനികൾ അതിനെ വെറുക്കുന്നു. അവർ “ദുഷ്ടതയെ ദ്വേഷിക്കുക”യും അത്തരം നീക്കങ്ങളുടെ ഉദ്ദേശ്യം സാധാരണമായി ലൈംഗിക അധാർമികതയിലേക്കു പ്രലോഭിപ്പിക്കുകയെന്നതാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു. (റോമർ 12:9, NW, 2 തിമൊഥെയൊസ് 3:6, 7 താരതമ്യം ചെയ്യുക.) അസഭ്യ പെരുമാറ്റം ഏറ്റവും കുറഞ്ഞത് അവരുടെ ക്രിസ്തീയ മാന്യതയ്ക്ക് ഒരു അപമാനമാണ്. (1 തെസ്സലൊനീക്യർ 4:7, 8 താരതമ്യം ചെയ്യുക.) നിങ്ങൾക്ക് എങ്ങനെ അത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ കഴിയും?
1. ഒരു നിലപാടു സ്വീകരിക്കുക! ദൈവഭയമുള്ള പുരുഷനായ യോസേഫ് അധാർമിക നിർദേശങ്ങളോട് എങ്ങനെ പ്രതികരിച്ചെന്നു ബൈബിൾ നമ്മോടു പറയുന്നു: “യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു; എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.” പ്രസ്തുത പ്രശ്നം താനേ പോയിക്കൊള്ളുമെന്നു പ്രത്യാശിച്ചുകൊണ്ടു യോസേഫ് അവളുടെ നിർദേശം വെറുതെ അവഗണിച്ചുകളഞ്ഞോ? നേരെ മറിച്ചായിരുന്നു സംഗതി! “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ” എന്നു പറഞ്ഞുകൊണ്ട് അവൻ അവളുടെ മുന്നേറ്റങ്ങളെ ധീരമായി നിരസിച്ചു.—ഉല്പത്തി 39:7-9.
യോസേഫിന്റെ നടപടികൾ പുരുഷൻമാർക്കും സ്ത്രീകൾക്കും നല്ലൊരു ദൃഷ്ടാന്തം വയ്ക്കുന്നു. അന്തസില്ലാത്ത സംഭാഷണമോ ആക്രമണോത്സുകമായ പെരുമാറ്റമോ അവഗണിക്കുന്നതോ, ഇനിയും കൂടുതൽ വഷളായി, അതിനെ ഭയപ്പെടുന്നതോ വിരളമായേ അതു നീങ്ങിപ്പോകാൻ ഇടയാക്കുകയുള്ളൂ. മറിച്ച്, ഭയമോ ആശങ്കയോ അതു വർധിക്കാൻ കാരണമാക്കിയേക്കാം! ബലാൽക്കാരികൾ മിക്കപ്പോഴും ലൈംഗികോപദ്രവത്തെ “ഒരു ആക്രമണത്തിൽ ഒരു സ്ത്രീ തിരിച്ച് ആക്രമിക്കാനുള്ള സാധ്യത നിർണയിക്കാനായി” ഉപയോഗിക്കുന്നു. “ഉപദ്രവിക്കുമ്പോൾ അവൾ നിഷ്ക്രിയയും ചകിതയുമാണെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ അവൾ നിഷ്ക്രിയയും ഭയവിഹ്വലയുമായിരിക്കുമെന്ന് അവർ ഊഹിക്കുന്നു” എന്നു ബലാൽസംഗ നിവാരണ ഉപദേഷ്ട്രിയായ മാർത്താ ലാൻഗെലൻ മുന്നറിയിപ്പു നൽകുന്നു. അതുകൊണ്ട് ഉപദ്രവത്തിന്റെ ആദ്യ സൂചനയിൽ തന്നെ നിങ്ങൾ ഒരു നിലപാടു സ്വീകരിക്കുന്നതു നിർണായകമാണ്. ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്, “കുറ്റകരമായ പെരുമാറ്റം നിർത്താൻ ഒരു ഉപദ്രവകാരിയെ പ്രേരിപ്പിക്കുന്നതിനു മിക്കപ്പോഴും പെട്ടെന്നുതന്നെയും വ്യക്തമായും ഇല്ല എന്നു പറയുന്നതു മതിയാകും.”
2. നിങ്ങളുടെ ഇല്ല എന്നത് ഇല്ല എന്നുതന്നെ അർഥമാക്കട്ടെ! തന്റെ ഗിരിപ്രഭാഷണത്തിൽ യേശു അപ്രകാരം പറഞ്ഞു. (മത്തായി 5:37) ഉപദ്രവകാരികൾ മിക്കപ്പോഴും തികഞ്ഞ സ്ഥിരോത്സാഹികളായതിനാൽ അവന്റെ പ്രസ്താവന ഈ സാഹചര്യങ്ങൾക്കു യോജിച്ചതാണ്. കേവലം നിങ്ങൾ എത്ര ദൃഢതയുള്ളവരായിരിക്കണം? അതു സാഹചര്യങ്ങളെയും ഉപദ്രവകാരിയുടെ പ്രതികരണത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ നിലപാടു ബോധ്യപ്പെടുത്തുന്നതിന് ഏതളവിലുള്ള ദൃഢത ആവശ്യമാണോ അത് ഉപയോഗിക്കുക. ചില കേസുകളിൽ, ഒരു ശാന്ത സ്വരത്തിലുള്ള ലളിതമായ നേരിട്ടുള്ള പ്രസ്താവന മതിയാകും. ദൃഷ്ടിസമ്പർക്കം സ്ഥാപിക്കുക. വിദഗ്ധർ പിൻവരുന്നവ നിർദേശിക്കുന്നു: (എ) നിങ്ങളുടെ വികാരങ്ങൾ പ്രസ്താവിക്കുക. (“നിങ്ങൾ . . . മ്പോൾ ഞാൻ അത് ഇഷ്ടപ്പെടുന്നതേയില്ല.”) (ബി) ആ കുറ്റകരമായ പെരുമാറ്റത്തെ വ്യക്തമായി പേരെടുത്തു പറയുക. (“നിങ്ങൾ അപരിഷ്കൃതമായ, വൃത്തികെട്ട ഭാഷ ഉപയോഗിക്കുമ്പോൾ . . .”) (സി) പ്രസ്തുത വ്യക്തി എന്തുചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുക. (“ആ വിധത്തിൽ എന്നോടു സംസാരിക്കുന്നതു നിങ്ങൾ നിർത്തണം!”)
ലാൻഗെലൻ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “എന്നാൽ ഒരു സാഹചര്യത്തിലും എതിരിടലിന് ആക്രമണത്തെ അവലംബിക്കരുത്. പ്രത്യാക്രമണം (അധിക്ഷേപിക്കുക, ഭീഷണിപ്പെടുത്തുക, ചീത്ത പറയുക, ഇടിക്കുക, ഉപദ്രവകാരിയുടെ മേൽ തുപ്പുക) വിപരീതഫലമുളവാക്കുന്നു. വാചികാക്രമണം അപകടകരമാണ്. ആത്മരക്ഷ ആവശ്യമാക്കുന്ന ഒരു യഥാർഥ ശാരീരിക ആക്രമണമില്ലെങ്കിൽ ശാരീരികാക്രമണം ഉപയോഗിക്കേണ്ട യാതൊരാവശ്യവുമില്ല.” അത്തരം പ്രായോഗിക ഉപദേശം റോമർ 12:17-ലെ ബൈബിളിന്റെ വാക്കുകളുമായി യോജിക്കുന്നു, ‘ആർക്കും തിന്മക്കു പകരം തിന്മ ചെയ്യരുത്.’
ലൈംഗികോപദ്രവം നിർത്തിക്കാനുള്ള നിങ്ങളുടെ ഉത്തമ ശ്രമങ്ങൾ കൂട്ടാക്കാതെ അതു തുടരുന്നെങ്കിലെന്ത്? ചില കമ്പനികൾ ലൈംഗികോപദ്രവം കൈകാര്യം ചെയ്യുന്നതിനു നടപടിക്രമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കു പരാതികൊടുക്കുമെന്ന ഒരു കേവല ഭീഷണി മിക്കപ്പോഴും നിങ്ങളെ വെറുതെവിടാൻ ഉപദ്രവകാരിയെ പ്രേരിപ്പിക്കും. എന്നാൽ അങ്ങനെ അല്ലാതെയുമിരുന്നേക്കാം. ദുഃഖകരമെന്നു പറയട്ടെ, അനുകമ്പയുള്ള ഒരു സൂപ്പർവൈസറെ കണ്ടെത്തൽ സ്ത്രീകൾക്കും പുരുഷൻമാർക്കും എല്ലായ്പോഴും അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഒരു വനിതാ ജോലിക്കാരിയാൽ ഉപദ്രവിക്കപ്പെട്ടെന്നു പറയുന്ന ഗ്ലൻ പരാതിനൽകൽ പരീക്ഷിച്ചുനോക്കി. അയാൾ ഓർമിക്കുന്നു: “ഞാൻ മേലധികാരിയോട് അതെക്കുറിച്ചു പറഞ്ഞപ്പോൾ എനിക്കു യാതൊരു സഹായവും കിട്ടിയില്ല. യഥാർഥത്തിൽ, ഞാൻ സന്തോഷവാനാണെന്ന് അദ്ദേഹം വിചാരിച്ചു. ഞാൻ ആ സ്ത്രീയെക്കുറിച്ചു ജാഗ്രതപാലിക്കുകയും അവളെ ഒഴിവാക്കാൻ ഒരു പ്രത്യേക ശ്രമം നടത്തുകയും ചെയ്യേണ്ടിയിരുന്നു.”
ചിലർ നിയമനടപടി പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങൾ മാധ്യമത്തിൽ വായിച്ച നിയമനടപടികളിലെ വലിയ വിധികൾ സാധാരണമല്ല. കൂടാതെ, ടോക്കിങ് ബാക്ക് ടു സെക്ഷ്വൽ പ്രഷർ എന്ന പുസ്തകം ഇപ്രകാരം മുന്നറിയിപ്പുനൽകുന്നു: “ലൈംഗികോപദ്രവത്തിനെതിരെയുള്ള നിയമപരമായ പരിഹാരങ്ങൾക്കു വലിയ അളവിൽ വൈകാരിക ഊർജവും സമയവും ആവശ്യമാണ്; അവ ശാരീരികവും മാനസികവുമായ സമ്മർദത്തിൽ കലാശിക്കുന്നു.” “ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുത്” എന്നു നല്ല കാരണത്തോടെ ബൈബിൾ മുന്നറിയിപ്പുനൽകുന്നു. (സദൃശവാക്യങ്ങൾ 25:8) നിയമനടപടിയുടെ വൈകാരികവും ആത്മീയവുമായ വില പരിഗണിച്ചശേഷം ചിലർ മറ്റൊരു തൊഴിൽ തേടാൻ താത്പര്യം കാട്ടിയിരിക്കുന്നു.
ലൈംഗികോപദ്രവത്തിന്റെ അന്ത്യം
ലൈംഗികോപദ്രവം പുതുമയല്ല. അത് അപൂർണമായ, കുടിലമായ, അത്യാഗ്രഹംബാധിച്ച മനുഷ്യ ഹൃദയംപോലെ തന്നെ സാർവത്രികമാണ്. നിബന്ധനകളോ കോർട്ട് കേസുകളോ ഒരിക്കലും സമൂഹത്തെ ലൈംഗികോപദ്രവത്തിൽനിന്നു മോചിപ്പിക്കുകയില്ല. ലൈംഗികോപദ്രവത്തിൽനിന്നു വിമുക്തമാകുന്നതിന് ആളുകളുടെ ഹൃദയത്തിൽ ഒരു മൗലിക മാറ്റം ആവശ്യമാണ്.
ദൈവത്തിന്റെ വചനവും അവന്റെ ആത്മാവും ലോകവ്യാപകമായി ആളുകളിൽ ഇന്ന് അത്തരമൊരു മാറ്റം വരുത്തുന്നു. പ്രവാചകനായ യെശയ്യാവു മുൻകൂട്ടി പറഞ്ഞതുപോലെതന്നെ ചെന്നായും സിംഹവും കോലാട്ടിൻകുട്ടിയേയും കാളക്കുട്ടിയേയും പോലെ പെരുമാറാൻ പഠിക്കുന്നതുപോലെയാണിത്. (യെശയ്യാവു 11:6-9) ആളുകളോടൊത്തു ബൈബിൾ പഠിക്കുന്നതിലൂടെ, രൂഢമൂലമായതും നിലനിൽക്കുന്നതുമായ വ്യക്തിത്വ മാറ്റങ്ങൾ വരുത്താൻ അനേകായിരം മുൻ ‘ചെന്നായ്’ക്കളെ ഓരോ വർഷവും യഹോവയുടെ സാക്ഷികൾ സഹായിക്കുന്നു. “നിങ്ങളുടെ മുമ്പിലത്തെ നടത്തയുടെ ഗതിക്ക് അനുരൂപമായ പഴയ വ്യക്തിത്വം ഉരിഞ്ഞുകള”യാനും “യഥാർഥ നീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടത്തിന് അനുസരണമായി സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം” അതിനു പകരം വയ്ക്കാനുമുള്ള തിരുവെഴുത്തു കൽപ്പനക്ക് ഈ ആളുകൾ ശ്രദ്ധനൽകുന്നു.—എഫേസ്യർ 4:22-24, NW.
ബൈബിൾ നിലവാരങ്ങളോടു പറ്റിനിൽക്കുന്ന സ്ത്രീ-പുരുഷൻമാരെക്കൊണ്ടു ഭൂമി ഒരിക്കൽ നിറയും. എല്ലാത്തരത്തിലുമുള്ള ദുഷ്പെരുമാറ്റങ്ങൾക്ക് ഒരു അന്ത്യമുണ്ടായിരിക്കുന്ന ആ ദിനം ദൈവഭയമുള്ള ആളുകൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. അന്നുവരെ, ഇന്നത്തെ നിന്ദ്യമായ യാഥാർഥ്യങ്ങളെ തങ്ങൾക്കാവുന്നത്ര മെച്ചമായി അവർ നേരിടുന്നു.
[അടിക്കുറിപ്പ്]
a ‘സ്ത്രീയെ തൊടാതിരിക്കാ’നുള്ള 1 കൊരിന്ത്യർ 7:1-ലെ പൗലോസിന്റെ മുന്നറിയിപ്പു വ്യക്തമായും യാദൃച്ഛിക സ്പർശനത്തെയല്ല, ലൈംഗികബന്ധത്തെയാണു പരാമർശിക്കുന്നത്. (സദൃശവാക്യങ്ങൾ 6:29 താരതമ്യം ചെയ്യുക.) പ്രസ്തുത സന്ദർഭത്തിൽ, പൗലോസ് ഏകാകിത്വത്തെ പ്രോത്സാഹിപ്പിക്കുകയും ലൈംഗിക അധാർമികതയിൽ ഉൾപ്പെടുന്നതിനെതിരെ മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു.—1973 ജനുവരി 1, വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.
[7-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളുടെ മാതാവോ സഹോദരിയോ പുത്രിയോ അത് അഭിമുഖീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ?”
[8-ാം പേജിലെ ചിത്രം]
ലൈംഗികോപദ്രവത്തിൽനിന്ന് ഒരുവനെ സംരക്ഷിക്കുന്നതിനു വ്യാപാരസമാന പെരുമാറ്റത്തിനും വിനീതമായ വസ്ത്രധാരണത്തിനും വളരെയധികം ചെയ്യാൻ കഴിയും
[10-ാം പേജിലെ ചിത്രം]
ആദരപൂർവമായ ഒരു വിധത്തിൽ പരസ്പരം ഇടപെടാൻ യഥാർഥ ക്രിസ്ത്യാനികൾ ഇന്നു പഠിക്കുന്നു