ലോകത്തെ വീക്ഷിക്കൽ
“പാപത്തിൽ ജീവിക്കുന്നത്” പാപമല്ലേ?
“പാപത്തിൽ ജീവിക്കുന്നത്” മേലാൽ പാപമല്ലെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സാമൂഹിക ഉത്തരവാദിത്വ സമിതി അടുത്തകാലത്തു സഭയ്ക്ക് ഉപദേശം നൽകിയതായി ഗാർഡിയൻ വീക്ക്ലി പറഞ്ഞു. കൂടാതെ, “പുരുഷ സ്വവർഗസംഭോഗികളും സ്ത്രീ സ്വവർഗസംഭോഗികളും ഉൾപ്പെടെയുള്ള അവിവാഹിത ദമ്പതിമാരിൽനിന്നു സഭകൾക്കു പഠിക്കാൻ കഴിയുമെന്നും ‘കുടുംബത്തിന്റെ സുവർണ യുഗ’ത്തിലേക്ക് പിന്തിരിഞ്ഞുനോക്കാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കണ”മെന്നും സമിതി സഭയെ ഉപദേശിച്ചതായി റിപ്പോർട്ടുചെയ്യപ്പെട്ടു. വൈദികനായ ഫിലിപ് ഹാക്കിങ് ഇപ്രകാരം പ്രതികരിച്ചതായി ഗാർഡിയൻ ഉദ്ധരിക്കുന്നു: “ഇത് സഭയെ ഒരു പരിഹാസപാത്രമാക്കുകയും വിശ്വസ്തരായ അനേകം ക്രിസ്ത്യാനികളുടെയിടയിൽ വലിയ മനഃപ്രയാസം ഉളവാക്കുകയും ചെയ്യുന്നു.”
എഴുതാനും വായിക്കാനുമുള്ള പ്രാപ്തി നഷ്ടപ്പെടുന്നു
ജർമനിയിലെ ഏകദേശം 30 ലക്ഷം ആളുകൾക്കു നന്നായി വായിക്കാനും എഴുതാനുമുള്ള പ്രാപ്തി ഉപയോഗക്കുറവുകൊണ്ടു നഷ്ടമായിരിക്കുകയാണ്. ഇലക്ട്രോണിക് മാധ്യമം വരുത്തിയ പുരോഗതി പ്രശ്നത്തെ രൂക്ഷമാക്കുകയാണെന്ന് വായനാ സ്ഥാപനത്തിന്റെ സെക്രട്ടറിയായ യോഹാനെസ് റിങ് വിശദീകരിച്ചു. ഇത്തരത്തിലുള്ള നിരക്ഷരതയുടെ വർധനവിനുള്ള ഭാഗികമായ കാരണം ടെലിവിഷൻ, കമ്പ്യൂട്ടറുകൾ, വീഡിയോ വിനോദങ്ങൾ എന്നിവയുടെ വ്യാപകമായ ഉപയോഗമാണെന്നു നിരക്ഷരതയ്ക്കെതിരായുള്ള ലോക സമ്മേളനത്തിൽവെച്ച് റിങ് പ്രസ്താവിച്ചതായി ഫ്രാങ്ക്ഫുർട്ടെർ ആൽജെമൈന റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു.
ചിന്തിക്കാൻ കുടിക്കുക
നിങ്ങൾക്കു ശ്രദ്ധകേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ടായിരിക്കാം എന്ന് ഏഷ്യാവീക്ക് നിർദേശിക്കുന്നു. ധാരാളം വെള്ളം കുടിക്കുന്നത് ഉൻമേഷക്കുറവു തടയാൻ വിദ്യാർഥികളെ സഹായിക്കുന്നുവെന്നു ഹോങ്കോംഗിലെ ചില സ്കൂൾകുട്ടികളുടെ അധ്യാപകരെയും മാതാപിതാക്കളെയും അടുത്തകാലത്ത് അറിയിച്ചതായി മാസിക റിപ്പോർട്ടു ചെയ്യുന്നു. കുട്ടികൾ ഒരു ദിവസം 8 മുതൽ 15 വരെ ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതുണ്ടെന്ന് മാതാപിതാക്കളോടു പറഞ്ഞു. പഠിക്കുന്ന മസ്തിഷ്കം (ഇംഗ്ലീഷ്) എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട്, നിർജലീകരണത്തിനു മോശമായ പഠനത്തിന് ഇടയാക്കാൻ കഴിയുമെന്നു സൂചിപ്പിക്കുന്ന പഠനങ്ങളിലേക്കു റിപ്പോർട്ടു വിരൽചൂണ്ടുന്നു. വാസ്തവത്തിൽ ദ്രാവകങ്ങൾ പുറന്തള്ളാൻ ശരീരത്തെ ഉത്തേജിപ്പിക്കുന്ന, സോഡാ ചേർത്ത മധുരപാനീയങ്ങളും കാപ്പിയും ചായയും അല്ലെങ്കിൽ പഴച്ചാറുകൾ പോലും കുടിക്കുന്നതിനെക്കാൾ മെച്ചം ശുദ്ധമായ തെളി വെള്ളം കുടിക്കുന്നതാണെന്ന് ഏഷ്യാവീക്ക് പ്രസ്താവിക്കുന്നു.
കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ചു ജാഗ്രത
ബെർക്ക്ലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നതനുസരിച്ച് അമേരിക്കക്കാർ, കീടനാശിനികൾ തളിച്ച പഴങ്ങളും പച്ചക്കറികളും വഴിയുള്ളതിനെക്കാൾ വീട്ടിലെ ഉത്പന്നങ്ങൾ വഴി കീടനാശിനികൾക്കു വിധേയമാകുന്നു. പാറ്റാ സ്പ്രേകൾ, ഈച്ചകളെ കൊല്ലാൻ തൂക്കിയിടുന്ന പശയുള്ള കടലാസ്, ചെള്ളിനെ കൊല്ലാനുപയോഗിക്കുന്ന ഫോഗറുകൾ, പാറ്റാഗുളികകൾ എന്നിവയിലും സമാനമായ മറ്റ് ഉത്പന്നങ്ങളിലും വിഷരാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവയിൽ പലതും, വർഷംതോറും ആയിരക്കണക്കിനു വിഷബാധകൾക്കു കാരണമാകുന്നതിനു പുറമെ ദീർഘനാൾ നീണ്ടുനിൽക്കുന്ന ആരോഗ്യ അപകടങ്ങളും ഉളവാക്കുന്നു. യുസി ബെർക്ക്ലി വെൽനെസ്സ് ലെറ്റർ ഏറെ സുരക്ഷിതമായ മറ്റുമാർഗങ്ങൾ ശുപാർശചെയ്യുന്നു: കീടങ്ങളെ ഒഴിവാക്കാൻ വലകൾ നന്നാക്കുകയോ ഘടിപ്പിക്കുകയോ ചെയ്യുക, തറകളിലെയും ഭിത്തികളിലെയും വിള്ളലുകൾ അടയ്ക്കുക; ആഹാരപദാർഥങ്ങളും ചപ്പുചവറും പ്ലാസ്റ്റിക് സഞ്ചികളിൽ നന്നായി അടച്ചുവയ്ക്കുക; ഈച്ചകൊല്ലി ഉപയോഗിക്കുക; ഭക്ഷണത്തരികൾ അടിച്ചുവാരിക്കളയുക; ചവിട്ടുമെത്തകൾ നീരാവി ഉപയോഗിച്ചു വൃത്തിയാക്കുക; കമ്പിളിവസ്ത്രങ്ങൾ കൂടെക്കൂടെ വൃത്തിയാക്കുകയും സഞ്ചികളിൽ നന്നായി അടച്ചു സൂക്ഷിക്കുകയും ചെയ്യുക; ഇതൊക്കെയായിട്ടും പാറ്റാകൾ പോകുന്നില്ലെങ്കിൽ പശയുള്ള കണികൾ ഉപയോഗിക്കുകയോ അലമാരികളുടെ പുറകിൽ ബോറിക്ക് ആസിഡ് തളിക്കുകയോ ചെയ്യുക, എന്നാൽ കുട്ടികളും ഓമനമൃഗങ്ങളും ഈ ഉത്പന്നങ്ങളുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുക എന്ന് വെൽനെസ്സ് ലെറ്റർ നിർദേശിക്കുന്നു.
കുട്ടികൾക്കുള്ള ടിവി പരിപാടികൾ—വളരെ അക്രമാസക്തം
കുട്ടികൾക്കുവേണ്ടിയുള്ള പല പരിപാടികളിലും “ഭീകരമായ പോരാട്ടമുൾപ്പെടുന്ന അക്രമം” വളരെയധികമുണ്ടെന്ന് അമേരിക്കൻ ടെലിവിഷൻ ശൃംഖലയുടെ ഒരു പഠനം നിഗമനം ചെയ്തിരിക്കുന്നു. ദ വാൾ സ്ട്രീറ്റ് ജേർണൽ പറയുന്നതനുസരിച്ച്, ലോസാഞ്ചലസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പഠനം, “അക്രമം പ്രദർശിപ്പിക്കുക എന്ന പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി കൂട്ടിച്ചേർത്ത അക്രമരംഗങ്ങൾ” ഉള്ള പ്രസിദ്ധമായ അനേകം കാർട്ടൂൺ പരമ്പരകൾ വേർതിരിക്കുകയുണ്ടായി. കുട്ടികൾ സ്കൂളിൽ പോകാത്തതും മാതാപിതാക്കൾ ഒരുപക്ഷേ ഉണർന്നിട്ടില്ലാത്തതുമായ ശനിയാഴ്ച പ്രഭാതങ്ങളിലാണു സാധാരണമായി ഈ പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. ഈ പരിപാടി പുതിയതല്ലെങ്കിലും “ഈ പ്രദർശനങ്ങളിലെ ദുഷിച്ച വ്യംഗ്യാർഥങ്ങളും നിർദയമായ പോരാട്ടവും മിക്കവാറും വർധിച്ചുകൊണ്ടിരിക്കുന്നതായി കാണുന്ന അടുത്തകാലത്തെ പ്രവണതയെത്തന്നെയാണ് കാണിക്കുന്നത്” എന്ന് പഠനം കണ്ടെത്തി.
അത്ഭുത വൃക്ഷം
വിലയേറിയ രാസപദാർഥങ്ങളുടെ ഉപയോഗം കൂടാതെ കുടിവെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ള വിത്തുകൾ ബ്രിട്ടനിലെ ശാസ്ത്രജഞൻമാർ കണ്ടുപിടിച്ചിരിക്കുന്നു. ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ച്, വടക്കേ ഇന്ത്യയിലെ മൊരിങ്ങാ ഒലീഫെറ എന്ന മരത്തിന്റെ വിത്തുകൾ ചതച്ചു വെള്ളത്തിൽ ഇടുമ്പോൾ അവ ബാക്ടീരിയകളെയും വൈറസുകളെയും ആകർഷിക്കുകയും അവയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നു, പിന്നീട് അവയെ വെള്ളത്തിൽനിന്നു വടിച്ചു മാറ്റാനോ അരിച്ചെടുക്കാനോ കഴിയും. ബഹുമുഖോപയോഗങ്ങളുള്ള ഈ വിത്തുകൾ ഉപയോഗിച്ചു പാചക എണ്ണ, സോപ്പ്, സൗന്ദര്യവർധകവസ്തുക്കൾ, വിളക്കിൽ ഒഴിക്കുന്ന എണ്ണ, ത്വഗ്രോഗബാധകൾക്കുള്ള ഒരു ലേപനം എന്നിവ ഉണ്ടാക്കാനും കഴിയും. ഈ വൃക്ഷം നട്ടുപിടിപ്പിക്കാൻ എളുപ്പമാണ്. അതു വരൾച്ചയെ അതിജീവിക്കുകയും കാറ്റിന്റെ ശക്തി കുറയ്ക്കുകയും പേപ്പർ ഉണ്ടാക്കാനുള്ള ഇന്ധനവും പൾപ്പും പോലും പ്രദാനം ചെയ്യുകയും ചെയ്യുന്നു. തത്ഫലമായി, മലിന ജലം കുടിക്കുന്നതുമൂലം ഓരോ വർഷവും സംഭവിക്കുന്ന ലക്ഷക്കണക്കിനു മരണങ്ങളെ തടയുന്ന വിത്തുകൾ ഉൽപ്പാദിപ്പിക്കാനായി ഈ വൃക്ഷങ്ങൾ നടാൻ ഗവേഷകർ ശുപാർശചെയ്യുന്നു.
തീരെ കൃശഗാത്രരായിരിക്കുക സാധ്യമാണോ?
ആകാരത്തെക്കുറിച്ചുള്ള ചിന്ത ഒഴിയാബാധയായിരിക്കുന്ന ഒരു സമൂഹത്തിൽ തീരെ കൃശഗാത്രരായിരിക്കുക വാസ്തവത്തിൽ സാധ്യമല്ലെന്നു പലരും അനുമാനിക്കുന്നു. പൊണ്ണത്തടിയുടെ ആരോഗ്യ അപകടങ്ങൾ സ്ഥിരീകരിക്കുന്ന അടുത്തകാലത്തെ ഒരു പഠനം ഈ പൊതു വീക്ഷണത്തെ പിന്തുണയ്ക്കുന്നതായി തോന്നിയേക്കാം. എന്നാൽ തീരെ കൃശഗാത്രരായിരിക്കുന്നതും ഒരു ആരോഗ്യ അപകടമാണെന്ന് ആളുകൾ അറിയാൻ ഗവേഷകയായ, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ജോആൻ മാൻസൻ ആഗ്രഹിക്കുന്നു. “പോഷണത്തിന്റെ അപര്യാപ്തത, അമിത വ്യായാമം, പുകവലി എന്നിവ വഴി നിങ്ങൾക്കു തീരെ മെലിഞ്ഞവരായിരിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് അവർ പറഞ്ഞതായി ദ വാൾ സ്ട്രീറ്റ് ജേർണൽ ഉദ്ധരിച്ചു. ഭക്ഷണം തീരെക്കുറച്ചു കഴിക്കുന്നതിന്റെ അപകടങ്ങളെ അപലപിക്കുന്ന അനേകം ഡോക്ടർമാരെ ഉദ്ധരിച്ചുകൊണ്ട് ആ ജേർണൽ, അസാധാരണമായ രീതിയിൽ കൃശഗാത്രരായിരിക്കുന്നതിന്റെ—ഒരുപക്ഷേ അത് ഒരുവന്റെ പൊക്കത്തിനനുസരിച്ചുവേണ്ട ശരാശരി തൂക്കത്തെക്കാൾ 20 ശതമാനം കുറഞ്ഞിരിക്കുന്നതായിരിക്കാം—ചില അപകടങ്ങൾ പട്ടികപ്പെടുത്തുന്നു. വിശപ്പില്ലായ്മ, അസ്ഥിദ്രവീകരണം, ഹോർമോൺ ശിഥിലീകരണം, വീഴൽ, അസ്ഥിഭംഗങ്ങൾ, ഭേദമാകൽ പ്രക്രിയയുടെ മന്ദീഭാവം എന്നിവയാണ് ഇവ.
പാമ്പുകടി—ചെയ്യാൻ പാടില്ലാത്തത്
പാമ്പുകടിയേറ്റവരെ ചികിത്സിക്കുന്ന കാര്യത്തിൽ വിദഗ്ധർക്ക് എല്ലായ്പോഴും ഒരേ അഭിപ്രായമല്ല ഉള്ളത്. എന്നിരുന്നാലും, എഫ്ഡിഎ കൺസ്യൂമർ മാഗസിൻ പറയുന്നതനുസരിച്ച്, “ചെയ്യാൻ പാടില്ലാത്തതു സംബന്ധിച്ച തങ്ങളുടെ വീക്ഷണങ്ങളിൽ” യു.എസ്. മെഡിക്കൽ വിദഗ്ധരിൽ ഭൂരിപക്ഷത്തിനും “മിക്കവാറും ഏകാഭിപ്രായമാണ്.” 30-ഓ 40-ഓ മിനിറ്റിനുള്ളിൽ നിങ്ങൾക്കു വൈദ്യ സഹായം ലഭിക്കുമെങ്കിൽ ഉപദേശം ഇതാണ്: കടിയേറ്റ ഭാഗത്ത് ഐസ് വെക്കരുത്, രക്തപ്രവാഹം തടയാനായി കെട്ടുകയോ വൈദ്യുത ആഘാതം ഏൽപ്പിക്കുകയോ ചെയ്യരുത്, മുറിവിൽ കീറലുകൾ വീഴ്ത്തരുത്, പാമ്പ് വിഷമുള്ളതോ അല്ലാത്തതോ ആയി കാണപ്പെട്ടാലും എല്ലാ പാമ്പുകടികളെയും വൈദ്യ അടിയന്തിരതകളായി കരുതുകയും കടിയേറ്റ ആളിനെ ഉടനടി ആശുപത്രിയിലെത്തിക്കുകയും വേണമെന്നതു വ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു ഉപദേശമാണ്. ഏറ്റവും നല്ല പ്രതിരോധ നടപടി “പാമ്പുകളെ വെറുതെ വിടുക” എന്നതാണ്. “പാമ്പിനെ കൊല്ലാനോ അതിനെ അടുത്തു നിരീക്ഷിക്കാനോ ശ്രമം നടത്തുന്നതുകൊണ്ടാണ് അനേകർക്കും കടിയേൽക്കുന്നത്,” എഫ്ഡിഎ കൺസ്യൂമർ പറയുന്നു.
ഫുട്ബോൾ കളിക്കാർക്ക് ഒരു മുന്നറിയിപ്പ്
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദമായ ഫുട്ബോളിൽ കളിക്കാർക്കു തലകൊണ്ടു പന്തടിക്കാൻ കഴിയും. എന്നാൽ കൂടെക്കൂടെ ഇങ്ങനെ ചെയ്യുന്നത് മസ്തിഷ്ക ക്ഷതത്തിനു കാരണമാകുമെന്ന് ഷോർനൽ ഡോ ബ്രാസിൽ എന്ന പത്രം റിപ്പോർട്ടുചെയ്യുന്നു. അടുത്തകാലത്തെ ഒരു പഠനം കാണിക്കുന്നതനുസരിച്ച്, തലകൊണ്ടു പന്തടിക്കുന്നതുമൂലം ഫുട്ബോൾ കളിക്കാർക്ക് ഓർമ നഷ്ടവും മസ്തിഷ്കത്തിന്റെ പ്രവർത്തനക്ഷമതയിൽ കുറവും സംഭവിക്കാം. അത്രതന്നെ ഗുരുതരമല്ലെങ്കിലും ഈ ക്ഷതം, സ്വഭാവത്തിൽ ശിരസ്സിന് കൂടെക്കൂടെ ആഘാതമേൽക്കുന്ന ചില ബോക്സർമാരുടേതിനോട് സമാനമാണ്. ഉയരത്തിൽനിന്നു ശക്തിയോടെ വീഴുമ്പോഴോ നനവുമൂലം പന്തിന്റെ ഭാരം കൂടിയിരിക്കുമ്പോഴോ തലയുപയോഗിച്ചു പന്തടിക്കുന്നതു കളിക്കാർ ഒഴിവാക്കണമെന്നു നാഡീവിദഗ്ധനായ പൗലോ നീമെയെർ ഫിൽയോ നിർദേശിക്കുന്നു. തലകൊണ്ട് അമിതമായി പന്തടിക്കുന്നതു കളിക്കാരന്റെ കാഴ്ചശക്തിക്കും തകരാറുണ്ടാക്കിയേക്കാമെന്നു ചില വിദഗ്ധർ കരുതുന്നു.
യഥാർഥ പുഞ്ചിരികൾ സാംക്രമികം
ഫിൻലൻഡിലെ ഗവേഷകരായ, റ്റാംമ്പെർ യൂണിവേഴ്സിറ്റിയിലെ ഡോ. യാരി ഹിയിറ്റാനാനും ഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെ ബയോമെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. വെയ്ക്കോ സരാകായും പറയുന്നതനുസരിച്ച് പുഞ്ചിരികൾ രണ്ടുവിധമുണ്ട്. പുഞ്ചിരിയുടെ ഒരിനം വിദഗ്ധരുടെയിടയിൽ അറിയപ്പെടുന്നത് സാമൂഹിക പുഞ്ചിരികൾ എന്ന പേരിലാണ്. ബാദ്ധ്യതാബോധം മാത്രമാണ് ഇവയ്ക്കു പിന്നിൽ. ഇവയിൽ കവിളുകളിലെ പേശികൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ. അതേ സമയം യഥാർഥ പുഞ്ചിരികൾ ആനന്ദത്തിന്റെ യഥാർഥ വികാരങ്ങൾ പ്രകടിപ്പിക്കുന്നു. കൂടാതെ ഈ രീതിയിൽ പുഞ്ചിരിക്കുമ്പോൾ കവിളുകളിലെ പേശികൾ മാത്രമല്ല കണ്ണുകൾക്കു ചുറ്റുമുള്ള പേശികളും പ്രവർത്തനനിരതമാകുന്നു. യഥാർഥ പുഞ്ചിരികൾ സാംക്രമികമാണെന്നു ഫിൻലൻഡിൽനിന്നുള്ള അടുത്തകാലത്തെ ഒരു പഠന റിപ്പോർട്ട് പറയുന്നു. യഥാർഥമായി പുഞ്ചിരിക്കുന്ന ഒരാളുടെ ഫോട്ടോയിൽ നോക്കിയതുകൊണ്ടുമാത്രം തങ്ങളുടെ പരീക്ഷണത്തിനു വിധേയരായവർ ചിരിക്കാൻ പ്രേരിതരായതായി തീരെ ചെറിയ പേശീ ചലനങ്ങൾ നിർണയിച്ചു രേഖപ്പെടുത്തുകവഴി ഗവേഷകർ കണ്ടെത്തി. എന്നാൽ അവർ സാമൂഹിക പുഞ്ചിരികൾ പ്രദർശിപ്പിക്കുന്ന ആളുകളുടെ ചിത്രങ്ങളിൽ നോക്കിയപ്പോൾ ഈ പ്രതികരണം നിരീക്ഷിക്കാൻ കഴിഞ്ഞില്ല.
ജ്യോത്സ്യർ പരാജയപ്പെടുന്നു
അടുത്തകാലത്ത് നെതർലൻഡ്സിലെ 44 ജ്യോത്സ്യർ ഡച്ച് സന്ദേഹവാദി സൊസൈറ്റി തയ്യാറാക്കിയ ഒരു പരീക്ഷയ്ക്കു വിധേയമാകാൻ സമ്മതിച്ചതായി ജർമൻ പത്രമായ ഡി റ്റ്സൈറ്റ് പറയുന്നു. ജ്യോത്സ്യർക്കു രണ്ടു ലിസ്റ്റുകൾ നൽകി. ഒന്നിൽ ഏഴു പേരുടെ ജന്മസ്ഥലവും തീയതിയും ഉൾപ്പെട്ടിരുന്നു. രണ്ടാമത്തേത്, ഏഴു പേരിൽ ഓരോരുത്തരെയുംകുറിച്ചുള്ള ധാരാളം വ്യക്തിപരമായ വിവരങ്ങൾ പ്രദാനം ചെയ്തു. ജ്യോതിഷത്തിൽ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന വൈദഗ്ധ്യങ്ങൾ ഉപയോഗിച്ച്, ആദ്യത്തെ ലിസ്റ്റിലെ ഓരോ വ്യക്തിയെയും രണ്ടാമത്തെ ലിസ്റ്റിലെ അയാളുടെ യഥാക്രമ വിവരണവുമായി ചേരുംപടി ചേർക്കാൻ ജ്യോത്സ്യരോട് ആവശ്യപ്പെട്ടു. അവർ എത്രമാത്രം വിജയപ്രദരായിരുന്നു? ജ്യോത്സ്യരിൽ പകുതിപ്പേർക്കും ശരിയായ ഒരു ഉത്തരംപോലും കിട്ടിയില്ല, മൂന്നെണ്ണത്തിലധികം ആർക്കും ശരിയായി ചേരുംപടി ചേർക്കാൻ കഴിഞ്ഞില്ല. മുമ്പുനടത്തിയ പരീക്ഷണങ്ങളും സമാനമായ ഫലങ്ങളാണ് ഉളവാക്കിയിരുന്നത്, എന്നാൽ തങ്ങൾക്കു തെറ്റായ വിവരങ്ങളാണു നൽകിയിരുന്നതെന്ന് ജ്യോത്സ്യർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ കാര്യത്തിൽ പരീക്ഷയുടെ വ്യവസ്ഥകൾ വച്ചതു ജ്യോത്സ്യർ തന്നെയായിരുന്നു.