ഒരു കമ്മ്യുണിസ്റ്റ് രാജ്യത്ത് ദൈവത്തിലുള്ള വിശ്വാസത്താൽ ഭരിക്കപ്പെട്ടു
ഓൺഡ്രെ കാഡ്ലെറ്റ്സ് പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തറുപത്താറിലെ വേനൽക്കാലത്തു ഞാൻ ചെക്കോസ്ലോവാക്യയിലുള്ള എന്റെ ജൻമപട്ടണമായ പ്രാഗിൽ ഒരു കാഴ്ച കാണൽ പര്യടനത്തെ നയിക്കുകയായിരുന്നു. ഞങ്ങളുടെ നഗരത്തിലെ ഹൃദയഹാരികളായ പള്ളികളും ക്ഷേത്രങ്ങളും ആ സംഘത്തിനു കാണിച്ചുകൊടുക്കവേ, എന്റെ പുതുതായി കണ്ടെത്തിയ വിശ്വാസത്തോടുള്ള തീക്ഷ്ണത നിമിത്തം ഞാൻ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
“നിങ്ങൾ യഹോവയുടെ സാക്ഷികളിൽ ഒരാളാണോ?” എന്ന് അമേരിക്കക്കാരനായ ഒരു ധനതത്ത്വശാസ്ത്ര പ്രൊഫസ്സർ ആരാഞ്ഞു.
“അല്ല, ഞാൻ യഹോവയുടെ സാക്ഷികളെക്കുറിച്ച് കേട്ടിട്ടേയില്ല. ഞാൻ ഒരു റോമൻ കത്തോലിക്കനാണ്,” ഞാൻ മറുപടി പറഞ്ഞു.
ഒരു ദൈവവിശ്വാസി ആയിത്തീരുന്നു
വിദ്യാഭ്യാസം, രാഷ്ട്രീയം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ പ്രമുഖരായിരുന്ന മാതാപിതാക്കളാലാണ് ഞാൻ വളർത്തപ്പെട്ടത്. 1944-ൽ ഞാൻ ജനിക്കുകയും പിറ്റേ വർഷം II-ാം ലോക മഹായുദ്ധം അവസാനിക്കുകയും ചെയ്തശേഷം അധികം താമസിയാതെ എന്റെ പിതാവ് ഒരു കമ്മ്യുണിസ്റ്റുകാരനായിത്തീർന്നു. വാസ്തവത്തിൽ, അദ്ദേഹം കമ്മ്യുണിസ്റ്റ് നവീകരണ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകൻ ആയിരുന്നു. കൂടാതെ, 1966-ൽ അദ്ദേഹം പ്രാഗിലെ ധനതത്ത്വശാസ്ത്ര സർവകലാശാലയുടെ ചാൻസലർ ആയിത്തീർന്നു. ചുരുക്കം ചില വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് ചെക്കോസ്ലോവാക്യയിലെ വിദ്യാഭ്യാസ മന്ത്രിയായി നിയമനം ലഭിച്ചു. അപ്പോഴേക്കും അതു കമ്മ്യുണിസത്തിലും നിരീശ്വരവാദത്തിലും അധിഷ്ഠിതമായ ഒരു രാജ്യമായിരുന്നു.
മാതാവ് അതീവ സത്യസന്ധയായ ഒരു കഴിവുറ്റ സ്ത്രീയായിരുന്നു. അവർ രാജ്യത്തെ ഏറ്റവും മികച്ച നേത്രശസ്ത്രക്രിയാവിദഗ്ധ എന്ന പേരെടുത്തിരുന്നു. എങ്കിലും, നിർധനർക്ക് അവർ പണം വാങ്ങാതെ വൈദ്യചികിത്സകൾ ലഭ്യമാക്കിയിരുന്നു. അവർ ഇങ്ങനെ പറയുക പതിവായിരുന്നു: “ഒരുവനെ ഏൽപ്പിച്ചിരിക്കുന്ന കഴിവുകൾ എന്തുതന്നെയായിരുന്നാലും അവ സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും പ്രയോജനത്തിനായി ഉപയോഗിക്കണം.” ക്ളിനിക്കിൽ പോകുന്നതിനുവേണ്ടി, ഞാൻ ഉണ്ടായപ്പോൾ അവർ പ്രസവാവധിപോലും എടുത്തില്ല.
ഞാൻ പാണ്ഡിത്യപരമായി മികച്ചുനിൽക്കാൻ പ്രതീക്ഷിച്ചിരുന്നു. “നിന്നെക്കാൾ മെച്ചമായി ചെയ്യുന്ന ആരെങ്കിലുമുണ്ടോ?“ എന്നു പിതാവു ചോദിക്കുമായിരുന്നു. മികവിനുള്ള പാണ്ഡിത്യ അവാർഡുകൾ ഞാൻ മിക്കപ്പോഴും നേടിയിരുന്നതിനാൽ ഞാൻ മത്സരം ആസ്വദിക്കാൻ തുടങ്ങി. ഞാൻ റഷ്യൻ, ഇംഗ്ലീഷ്, ജർമൻ എന്നീ ഭാഷകൾ പഠിക്കുകയും കമ്മ്യുണിസ്റ്റ് ലോകത്തും പുറത്തും വിപുലമായി യാത്രചെയ്യുകയും ചെയ്തു. ന്യായരഹിതമായ അന്ധവിശ്വാസങ്ങളായി മതാശയങ്ങളെ നിരാകരിക്കുന്നതു ഞാൻ ആസ്വദിച്ചു. നിരീശ്വരവാദത്തെ ഞാൻ പൂർണമായി അംഗീകരിച്ചിരുന്നെങ്കിലും അതിന്റെ രാഷ്ട്രീയ പ്രകടനങ്ങൾ ഞാൻ വെറുത്തു തുടങ്ങി.
1965-ൽ അതായത് എനിക്ക് 21 വയസ്സു മാത്രം ഉള്ളപ്പോൾ ഇംഗ്ലണ്ടിലേക്കു നടത്തിയ ഒരു യാത്ര എന്നിൽ ആഴമായ സ്വാധീനം ചെലുത്തി. ബോധ്യവും യുക്തിയും ഉപയോഗിച്ച് ഒരു പരമോന്നതനിലുള്ള തങ്ങളുടെ വിശ്വാസത്തിനുവേണ്ടി വാദിച്ച ആളുകളെ ഞാൻ കണ്ടുമുട്ടി. ഞാൻ പ്രാഗിലേക്കു മടങ്ങിയെത്തിയപ്പോൾ റോമൻ കത്തോലിക്കനായ ഒരു പരിചയക്കാരൻ ഇപ്രകാരം നിർദേശിച്ചു: “ക്രിസ്ത്യാനിത്വത്തെക്കുറിച്ചു വായിക്കരുത്. ബൈബിൾ വായിക്കുക.” അതാണു ഞാൻ ചെയ്തത്. വായന പൂർത്തിയാക്കുന്നതിനുവേണ്ടി ഞാൻ മൂന്നു മാസം എടുത്തു.
ബൈബിൾ എഴുത്തുകാർ അവരുടെ സന്ദേശങ്ങൾ അവതരിപ്പിച്ചിരിക്കുന്ന വിധമാണ് എന്നിൽ മതിപ്പുളവാക്കിയത്. അവർ തുറന്നു പറയുന്നവരും ആത്മവിമർശകരുമായിരുന്നു. അവർ സംസാരിച്ച ആ മഹത്തായ ഭാവി വ്യക്തിത്വമുള്ള ഒരു ദൈവത്തിനുമാത്രം വിഭാവന ചെയ്യാനും നൽകാനും കഴിയുന്ന ഒന്നാണെന്നു ഞാൻ വിശ്വസിക്കാൻ ഇടയായി.
മാസങ്ങളിലെ സ്വകാര്യ ബൈബിൾ വായനയ്ക്കും ധ്യാനത്തിനും ശേഷം പിതാവിനെയും സുഹൃത്തുക്കളെയും നേരിടാൻ തയ്യാറായിരിക്കുന്നതുപോലെ എനിക്കു തോന്നി. എന്റെ പുതിയതായി കണ്ടെത്തിയ വിശ്വാസത്തെ അവർ വെല്ലുവിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. പിന്നെ ഞാൻ ഉത്സുകനായ ഒരു മതപരിവർത്തകനായിത്തീർന്നു. തുടക്കത്തിൽ പ്രതിപാദിച്ച ആ അമേരിക്കൻ പ്രൊഫസ്സറിനെപ്പോലെ എന്റെ അടുത്തുണ്ടായിരുന്ന എല്ലാവർക്കും എന്റെ മതപരിവർത്തനത്തെ നേരിടേണ്ടിവന്നു. എന്റെ വിശ്വാസത്തെക്കുറിച്ച് എല്ലാവരെയും അറിയിക്കുന്നതിനുവേണ്ടി ഞാൻ എന്റെ കിടക്കയ്ക്കു മുകളിലുള്ള ഭിത്തിയിൽ യേശുവിന്റെ ഒരു ക്രൂശിത രൂപം തൂക്കിയിടുകപോലും ചെയ്തു.
എന്നാൽ ഞാൻ അധികവും, ഊർജസ്വലനായ ഒരു കമ്മ്യുണിസ്റ്റുകാരനായിരുന്ന എന്റെ പിതാവിനെപ്പോലെയായിരുന്നതിനാൽ എനിക്ക് ഒരു ക്രിസ്ത്യാനിയായിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ് മാതാവ് എതിർത്തു. എങ്കിലും ഞാൻ പിടിച്ചുനിന്നു. ബൈബിൾ ഞാൻ രണ്ടാമത്തെയും മൂന്നാമത്തെയും തവണ വായിച്ചു. ഇനിയും പുരോഗമിക്കണമെങ്കിൽ എനിക്കു മാർഗനിർദേശം ആവശ്യമാണെന്ന് അത്രയുമായപ്പോഴേക്കും എനിക്കു മനസ്സിലായി.
എന്റെ അന്വേഷണത്തിനു പ്രതിഫലം ലഭിച്ചു
ഞാൻ റോമൻ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു. എന്നെ സഭയുടെ ഉപദേശങ്ങൾ പഠിപ്പിക്കുന്നതിലായിരുന്നു ഒരു യുവ പുരോഹിതന്റെ മുഖ്യ താത്പര്യം. അവ ഞാൻ മുഴുവനായും അംഗീകരിച്ചു. പിന്നെ, 1966-ൽ—എന്റെ പിതാവിന് അപമാനം വരുത്തിവെച്ചുകൊണ്ട്—ഞാൻ സ്നാപനമേറ്റു. എന്റെമേൽ വെള്ളം തളിച്ചശേഷം, ഞാൻ ബൈബിൾ വായിക്കണമെന്നു പുരോഹിതൻ നിർദേശിച്ചു. എന്നാൽ അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: “പാപ്പാ പരിണാമ സിദ്ധാന്തം ഇപ്പോൾത്തന്നെ സ്വീകരിച്ചു കഴിഞ്ഞു, അതുകൊണ്ടു വിഷമിക്കേണ്ടാ; നാം ഗോതമ്പും കളകളും വേർതിരിച്ചു മനസ്സിലാക്കണം.” എനിക്കു വിശ്വാസം പ്രദാനം ചെയ്ത പുസ്തകത്തെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നത് എന്നെ ഞെട്ടിച്ചു.
അതിനിടയിൽ, അതായത് 1966-ലെ ശരത്കാലത്ത് ഞാൻ ഒരു കത്തോലിക്കാ കുടുംബത്തിൽനിന്നുള്ള സുഹൃത്തിനോടു സംസാരിക്കുകയും അദ്ദേഹവുമായി എന്റെ വിശ്വാസങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിനും ബൈബിൾ പരിചിതമായിരുന്നു. അദ്ദേഹം എന്നോട് അർമഗെദോനെക്കുറിച്ചു സംസാരിച്ചു. (വെളിപ്പാടു 16:16) ഏകദേശം രണ്ടു മാസം മുമ്പ്, നേരത്തെ പ്രതിപാദിച്ച ആ കാഴ്ച കാണൽ പര്യടനത്തെ നയിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ആദ്യമായി കേട്ടറിഞ്ഞ യഹോവയുടെ സാക്ഷികളുമായി അദ്ദേഹം സമ്പർക്കത്തിലാണെന്നു പറഞ്ഞു. എന്നിരുന്നാലും, ശക്തവും ധനികവും അംഗബാഹുല്യവുമുള്ള എന്റെ റോമൻ കത്തോലിക്കാ സഭയോടുള്ള താരതമ്യത്തിൽ ഞാൻ അദ്ദേഹത്തിന്റെ കൂട്ടത്തെ അപ്രധാനമായി കണക്കാക്കി.
പിന്നെയുള്ള ചർച്ചകളിൽ, ഞങ്ങൾ മൂന്ന് അടിയന്തിര വിവാദപ്രശ്നങ്ങൾ പരിശോധിച്ചു. ഒന്ന്, റോമൻ കത്തോലിക്കാ സഭ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ അനന്തരാവകാശിയാണോ? രണ്ട്, ആത്യന്തിക പ്രമാണമായി എന്തിനെയാണ് കണക്കാക്കേണ്ടത്—എന്റെ സഭയെയോ അതോ ബൈബിളിനെയോ? മൂന്ന്, ഏതാണ് ശരി, ബൈബിളിലെ സൃഷ്ടി വിവരണമോ പരിണാമ സിദ്ധാന്തമോ?
ഞങ്ങളുടെ രണ്ടുപേരുടെയും വിശ്വാസത്തിന്റെ ഉറവിടം ബൈബിളായിരുന്നതിനാൽ കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ ആദിമ ക്രിസ്ത്യാനിത്വത്തിന്റെ പഠിപ്പിക്കലുകളിൽനിന്നു വളരെ വ്യത്യസ്തമാണെന്ന് എന്നെ ബോധ്യപ്പെടുത്താൻ സുഹൃത്തിന് ഒരു പ്രയാസവുമില്ലായിരുന്നു. ഉദാഹരണത്തിന്, ത്രിത്വം സംബന്ധിച്ച പ്രമുഖ സഭാ പഠിപ്പിക്കൽ യേശുക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും പഠിപ്പിക്കലുകളിൽ അടിസ്ഥാനപ്പെട്ടതല്ലെന്നു കത്തോലിക്കാ സ്രോതസ്സുകൾപ്പോലും സമ്മതിച്ചുപറയുന്നതായി ഞാൻ മനസ്സിലാക്കി.
നമ്മുടെ ആത്യന്തിക പ്രമാണം എന്തായിരിക്കണം എന്ന ബന്ധപ്പെട്ട ചോദ്യത്തിലേക്ക് അതു ഞങ്ങളെ എത്തിച്ചു. ഞാൻ വിശുദ്ധ ആഗസ്തിനോസിന്റെ ഉദ്ധരണി പരാമർശിച്ചു: “റോമാ ലോക്കൂട്ടാ എസ്റ്റ്; കോയൂസാ ഫിനിറ്റാ എസ്റ്റ്,” അതായത്, “റോം സംസാരിച്ചിരിക്കുന്നു; സംഗതി നിഗമനത്തിലെത്തി.” എന്നാൽ ദൈവവചനമായ ബൈബിൾ ആയിരിക്കണം നമ്മുടെ പരമോന്നത പ്രമാണമെന്ന് എന്റെ സുഹൃത്ത് അഭിപ്രായപ്പെട്ടു. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളോട് എനിക്കു യോജിക്കേണ്ടി വന്നു: “ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—റോമർ 3:4.
ഒടുവിൽ, എന്റെ സുഹൃത്ത് പരിണാമത്തിനെതിരെ പുതിയ ലോകം (ഇംഗ്ലീഷ്) എന്ന തലക്കെട്ടോടുകൂടിയ മങ്ങിയ, ടൈപ്പുചെയ്ത ഒരു പ്രതി എനിക്കു നൽകി. 1940-കളുടെ അവസാനം ചെക്കോസ്ലോവാക്യയിൽ യഹോവയുടെ സാക്ഷികൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നതിനാൽ അവർ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ പ്രതികൾ ഉണ്ടാക്കുകയും ആർക്കു കൊടുക്കുന്നു എന്നതു സംബന്ധിച്ചു ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. ആ ചെറുപുസ്തകം വായിച്ചപ്പോൾ സത്യം അതിലുണ്ടെന്ന് എനിക്കു മനസ്സിലായി. എന്റെ സുഹൃത്ത് എന്നോടൊപ്പം ഒരു ബൈബിളധ്യയനം ആരംഭിച്ചു. അദ്ദേഹം “ദൈവം സത്യവാൻ” എന്ന ബൈബിൾ പഠന സഹായിയിൽനിന്ന് ഒരു തവണ അനേകം പേജുകൾ കടം തരുമായിരുന്നു. ഞങ്ങൾ ആ പേജുകൾ ഒരുമിച്ചിരുന്നു ചർച്ചചെയ്യും.
ഞങ്ങൾ ഈ ചർച്ചകൾ തുടങ്ങി അധികം താമസിയാതെ—1966-ലെ ക്രിസ്മസ് കാലയളവിൽ—പശ്ചിമ ജർമനിയിലുള്ള സുഹൃത്തുക്കൾ എന്നെ കാണാനായി പ്രാഗിലേക്കു വന്നു. ഞങ്ങളുടെ ചർച്ചകളിലൊന്നിൽവച്ച് അവർ ക്രിസ്ത്യാനികളെ കപടഭക്തരായ യുദ്ധക്കൊതിയൻമാരായി അവഹേളിച്ചു. “നാറ്റോ (NATO) രാജ്യങ്ങളിലെ സൈനികർ എന്ന നിലയിൽ, ഞങ്ങൾക്കു കമ്മ്യുണിസ്റ്റ് വാർസോ പാക്റ്റ് രാജ്യത്തെ ഒരു നാമമാത്ര ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങൾക്കെതിരെ പോരാടാൻ കഴിയും,” അവർ പറഞ്ഞു. അവരുടെ നിഗമനം ഇതായിരുന്നു: “കപടഭക്തരായിരിക്കുന്നതിലും നല്ലത് ദോഷൈകദൃക്കായിരിക്കുന്നതാണ്.” അവർ പറയുന്നത് ഒരുപക്ഷേ ശരിയായിരിക്കുമെന്ന് എനിക്കു തോന്നി. അതുകൊണ്ടു യുദ്ധവും അതിനുള്ള പരിശീലനവും സംബന്ധിച്ചു സത്യക്രിസ്ത്യാനികളുടെ നിലപാട് എന്താണെന്ന് എന്റെ അടുത്ത ബൈബിൾ അധ്യയനത്തിൽ ഞാൻ എന്റെ സുഹൃത്തിനോട് ആരാഞ്ഞു.
ഞാൻ നേരിട്ട തീരുമാനങ്ങൾ
എന്റെ സുഹൃത്തു നൽകിയ വ്യക്തമായ വിശദീകരണം എന്നെ അത്ഭുതപ്പെടുത്തി. എന്നാൽ, ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കാ’നുള്ള ബൈബിൾ പഠിപ്പിക്കലിന് അനുസൃതമായി ജീവിക്കുന്നത് എന്റെ ജീവിതത്തെയും ഉദ്ദിഷ്ട ജീവിതവൃത്തിയെയും കാര്യമായി മാറ്റിമറിക്കുമായിരുന്നു. (യെശയ്യാവു 2:4) അഞ്ചു മാസങ്ങൾക്കുള്ളിൽ ഞാൻ മെഡിക്കൽ സർവകലാശാലയിൽനിന്നും ബിരുദം നേടാനിരിക്കയായിരുന്നു. അതിനുശേഷം ഒരു നിശ്ചിത കാലയളവ് നിർബന്ധിത സൈനിക സേവനം ചെയ്യാൻ എന്നോട് ആവശ്യപ്പെടുമായിരുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്? എനിക്ക് ആകെ അങ്കലാപ്പായി. അതുകൊണ്ടു ഞാൻ ദൈവത്തോടു പ്രാർഥിച്ചു.
ദിവസങ്ങളോളം ഗഹനവും ധ്യാനനിരതവുമായി ചിന്തിച്ചപ്പോൾ, സമാധാനകാംക്ഷികളായിരിക്കാനുള്ള സത്യക്രിസ്ത്യാനികളോടുള്ള ആവശ്യപ്പെടലിന് അനുസൃതമായി ജീവിക്കാതിരിക്കാനുള്ള യാതൊരു ഒഴികഴിവും ഞാൻ കണ്ടില്ല. സർവകലാശാലയിൽനിന്നും ബിരുദം നേടിയശേഷം, മനസ്സാക്ഷിപരമായ വിസമ്മതമുള്ളവൻ എന്ന നിലയിൽ ശിക്ഷവിധിക്കപ്പെടുന്നതുവരെ ആശുപത്രിയിൽ ഒരു ജോലി സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു. എന്നാൽ രക്തം വർജിക്കുന്നതു സംബന്ധിച്ചു ബൈബിൾ പറയുന്ന സംഗതി ഞാൻ അപ്പോഴാണു മനസ്സിലാക്കിയത്. എന്റെ ജോലി, രക്തപ്പകർച്ചകൾ നൽകുന്നതിൽ എന്നെ ഉൾപ്പെടുത്തിയേക്കാമെന്നു മനസ്സിലാക്കിയതുകൊണ്ട് ആശുപത്രിയിലെ ജോലി ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. (പ്രവൃത്തികൾ 15:19, 20, 28, 29) ആ തീരുമാനം ആളുകൾ വ്യാപകമായി എന്നെ നിന്ദിക്കാൻ ഇടയാക്കി.
പിതാവിന്റെ രാഷ്ട്രീയ വൃത്തി നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു ഞാൻ മനഃപൂർവമുള്ള കുഴപ്പക്കാരൻ ആയിത്തീർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം പിതാവ് ഇടപെടുകയും എന്റെ നിർബന്ധിത സൈനിക സേവനം ഒരു വർഷത്തേക്കു മാറ്റിവയ്ക്കുകയും ചെയ്തു. 1967-ലെ ആ വേനൽക്കാലം എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. എന്റെ അവസ്ഥ പരിചിന്തിക്കുക: ഞാനൊരു പുതിയ ബൈബിൾ വിദ്യാർഥി. ഞാൻ അതുവരെ ബന്ധപ്പെട്ടിട്ടുള്ള ഏക സാക്ഷിയായിരുന്ന എന്റെ അധ്യയന ഉപദേഷ്ടാവ് ആ വേനൽക്കാലത്ത് സ്ഥലത്തില്ലായിരുന്നു താനും. എന്റെ വ്യക്തിപരമായ പഠനത്തിനുവേണ്ടി അദ്ദേഹം “ദൈവം സത്യവാൻ” പുസ്തകത്തിൽനിന്നുള്ള ഏതാനും അധ്യായങ്ങൾ മാത്രമേ തന്നിട്ടുണ്ടായിരുന്നുള്ളൂ. ആത്മീയ മാർഗനിർദേശത്തിനുള്ള എന്റെ ഏക ഉറവിടങ്ങൾ ഇവയും എന്റെ ബൈബിളും മാത്രമായിരുന്നു.
പിന്നീട് ഞാൻ മറ്റു സാക്ഷികളുമായി പരിചയത്തിലായി. 1968 മാർച്ച് 8-ന് ഞാൻ യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തി. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ബിരുദാനന്തര പഠനങ്ങളുടെ രണ്ടു വർഷത്തെ ഒരു കോഴ്സ് എനിക്കു പിറ്റേ വർഷം വാഗ്ദാനം ചെയ്യപ്പെട്ടു. ഞാൻ ആ വാഗ്ദാനം സ്വീകരിച്ച് ഇംഗ്ലണ്ടിലേക്കു പോകണമെന്നും സാക്ഷികൾ നിരോധനത്തിൻകീഴിൽ അല്ലാത്ത ഒരു രാജ്യത്ത് എനിക്ക് ആത്മീയമായി പുരോഗമിക്കാൻ കഴിയുമെന്നും ചിലർ നിർദേശിച്ചു. അതേസമയംതന്നെ ഒരു നല്ല ഔദ്യോഗിക വൃത്തിക്കുവേണ്ടി എനിക്കു തയ്യാറെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ, എന്റെ സേവനങ്ങൾ ചെക്കോസ്ലോവാക്യയിൽ ആവശ്യമായിരിക്കുന്നിടത്തോളം ഇംഗ്ലണ്ടിൽ ആവശ്യമില്ലെന്ന് ഒരു ക്രിസ്തീയ മൂപ്പൻ പറഞ്ഞു. അതുകൊണ്ട് കൂടുതലായ ലൗകിക വിദ്യാഭ്യാസത്തിനുള്ള ആ വാഗ്ദാനം നിരസിക്കാൻ ഞാൻ തീരുമാനിച്ചു. നമ്മുടെ ഒളിവിലുള്ള പ്രസംഗ പ്രവർത്തനത്തെ സഹായിക്കാനായി ഞാൻ ചെക്കോസ്ലോവാക്യയിൽ താമസിച്ചു.
ക്രിസ്തീയ മേൽവിചാരകൻമാർക്കുവേണ്ടിയുള്ള പ്രത്യേക പ്രബോധനം സവിശേഷതയായുള്ള രാജ്യ ശുശ്രൂഷാ സ്കൂൾ കോഴ്സിൽ പങ്കെടുക്കാൻ 1969-ൽ എനിക്കു ക്ഷണം ലഭിച്ചു. ആ വർഷം തന്നെ ചെക്കോസ്ലോവാക്യയിലെ ഏറ്റവും മികച്ച യുവ ഔഷധശാസ്ത്രജ്ഞനായുള്ള പാണ്ഡിത്യം ഞാൻ നേടി. അതിന്റെ ഫലമായി, സ്വിറ്റ്സർലൻഡിലെ ഔഷധശാസ്ത്രത്തിന്റെ അന്തർദേശീയ യൂണിയന്റെ കൺവെൻഷനിൽ ഞാൻ പങ്കെടുത്തു.
ഒരു ശാസ്ത്രജ്ഞൻ തന്റെ വീക്ഷണഗതികൾക്കു മാറ്റം വരുത്തുന്നു
1970-ൽ ഞാൻ പങ്കെടുത്ത ഒരു പ്രഭാഷണത്തിൽ ഫ്രാൻറിഷെക്ക് വിസ്കോച്ചിൽ എന്നു പേരുള്ള ഒരു ശാസ്ത്രജ്ഞൻ നാഡീ-സംവേഗ പ്രേഷണം എന്ന സങ്കീർണമായ വിഷയത്തെക്കുറിച്ചു വിശദീകരിച്ചു. ഒരു ജീവിയിൽ ആവശ്യം നേരിടുമ്പോഴെല്ലാം ഒരു പ്രമുഖ പരിഹാരം പ്രദാനം ചെയ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “പ്രകൃതിക്ക്, ആ മായാമോഹിനിക്ക് ഇത് എങ്ങനെ ചെയ്യണമെന്ന് അറിയാം,” അദ്ദേഹം നിഗമനം ചെയ്തു.
പ്രഭാഷണം കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ സമീപിച്ചു. “സചേതന വസ്തുക്കളിലെ ഉൽകൃഷ്ട രൂപമാതൃകയ്ക്കുള്ള ബഹുമതി ദൈവത്തിനു പോകേണ്ടതാണെന്ന് താങ്കൾ വിചാരിക്കുന്നില്ലേ?,” ഞാൻ ചോദിച്ചു. അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നതിനാൽ എന്റെ ചോദ്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങൾക്കൊണ്ടു പ്രതികരിച്ചു. അദ്ദേഹം ഇപ്രകാരം ചോദിച്ചു: “തിൻമ എവിടെനിന്നു വന്നു? വളരെയധികം കുട്ടികൾ അനാഥരായിരിക്കുന്നതിന് ആരെയാണു കുറ്റപ്പെടുത്തേണ്ടത്?”
ഞാൻ സയുക്തികമായ, ബൈബിളധിഷ്ഠിത ഉത്തരങ്ങൾ നൽകിയപ്പോൾ അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തപ്പെട്ടു. എന്നാൽ, സ്രഷ്ടാവാണു ബൈബിളിന്റെ ഗ്രന്ഥകാരൻ എന്ന് ആളുകൾക്ക് എളുപ്പം മനസ്സിലാകത്തക്കവണ്ണം കോശഘടനയുടെ വിവരണം പോലെയുള്ള പ്രത്യേക ശാസ്ത്രീയ വിവരങ്ങൾ ബൈബിൾ എന്തുകൊണ്ടാണു നൽകാത്തത് എന്ന് അദ്ദേഹം ചോദിച്ചു. “ഏതാണ് കൂടുതൽ പ്രയാസം, വർണിക്കുന്നതോ സൃഷ്ടിക്കുന്നതോ?,” ഞാൻ പ്രതികരിച്ചു. മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ? (ഇംഗ്ലീഷ്) എന്ന പുസ്തകം ഞാൻ അദ്ദേഹത്തിനു കടം കൊടുത്തു.
അതിന്റെ ഉപരിപ്ലവമായ ഒരു വായനയ്ക്കു ശേഷം അതു വിദഗ്ധവിജ്ഞാനം ഇല്ലാത്തതും തെറ്റുമാണെന്നു ഫ്രാൻറിഷെക്ക് മുദ്രകുത്തി. ബഹുഭാര്യത്വം, ദാവീദിന്റെ വ്യഭിചാരം, നിഷ്കളങ്കനായ ഒരു മനുഷ്യനെ ദാവീദ് കൊലചെയ്തത് എന്നിവയെക്കുറിച്ചു ബൈബിൾ പറയുന്നതിനെയും അദ്ദേഹം വിമർശിച്ചു. (ഉല്പത്തി 29:23-29; 2 ശമൂവേൽ 11:1-25) ബൈബിൾ, ദൈവദാസൻമാരുടെപോലും തെറ്റുകളും വ്യക്തമായ ലംഘനങ്ങളും സത്യസന്ധമായി റിപ്പോർട്ടു ചെയ്യുന്നുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടു ഞാൻ അദ്ദേഹത്തിന്റെ എതിർപ്പുകളെ ഖണ്ഡിച്ചു.
ഒരുവന് നല്ല ആന്തരമില്ലെങ്കിൽ, സത്യത്തോട് അയാൾക്കു സ്നേഹമില്ലെങ്കിൽ യാതൊരു പ്രകാരത്തിലുമുള്ള വാദഗതിയോ ന്യായവാദമോ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് അയാളെ ബോധ്യപ്പെടുത്തുകയില്ലെന്ന് ഒടുവിൽ ഞങ്ങളുടെ ചർച്ചകളിലൊന്നിൽവെച്ചു ഞാൻ ഫ്രാൻറിഷെക്കിനോടു പറഞ്ഞു. ഞാൻ പോരാൻ തുടങ്ങുമ്പോൾ അദ്ദേഹം എന്നെ പിടിച്ചു നിർത്തിയിട്ട് ഒരു ബൈബിൾ അധ്യയനം ആവശ്യപ്പെട്ടു. മനുഷ്യൻ ഇവിടെ വന്നത് പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം താൻ വീണ്ടും വായിക്കുമെന്നും എന്നാൽ ഇത്തവണ നിഷ്പക്ഷമായിട്ടാണു വായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹത്തിന്റെ മനോഭാവത്തിനു പൂർണമായ മാറ്റം വന്നു. അദ്ദേഹത്തിന്റെ ഒരു എഴുത്തിൽ ഉൾപ്പെടുത്തിയിരുന്ന പിൻവരുന്ന ഉദ്ധരണി അതിനു തെളിവാണ്: “മമനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.”—യെശയ്യാവു 2:17.
1973-ലെ വേനൽക്കാലത്ത് ഫ്രാൻറിഷെക്കും അദ്ദേഹത്തിന്റെ ഭാര്യയും യഹോവയുടെ സാക്ഷികളായി സ്നാപനമേറ്റു. ഇപ്പോൾ അദ്ദേഹം പ്രാഗിലെ ഒരു സഭയിൽ മൂപ്പനായി സേവിക്കുകയാണ്.
നിരോധനത്തിൻകീഴിൽ പ്രസംഗിക്കൽ
നിരോധന സമയത്ത്, നമ്മുടെ വയൽ ശുശ്രൂഷ വളരെയധികം ജാഗ്രതയോടെ നിർവഹിക്കാൻ ഞങ്ങൾക്കു മാർഗനിർദേശം നൽകിയിരുന്നു. ഒരിക്കൽ, ഒരു യുവ സാക്ഷി അവനോടൊപ്പം പ്രസംഗ വേലയിൽ പങ്കെടുക്കാമോയെന്ന് എന്നോട് ചോദിച്ചുകൊണ്ടേയിരുന്നു. യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തിൽ നേതൃത്വം വഹിക്കുന്നവർ വാസ്തവത്തിൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ടോയെന്ന് അവൻ സംശയിച്ചു. ഞങ്ങൾ ഞങ്ങളുടെ അനൗപചാരിക ശുശ്രൂഷയിൽ അനേകം നല്ല സംഭാഷണങ്ങൾ ആസ്വദിച്ചു. ഒടുവിൽ ഞങ്ങൾ ഒരാളെ കണ്ടുമുട്ടി. ആ സമയത്തു ഞാനത് അറിഞ്ഞില്ലെങ്കിലും അയാൾ ഗവൺമെന്റ് രഹസ്യ പൊലീസിന്റെ ആൽബത്തിലെ ഒരു ഫോട്ടോയിൽനിന്നും എന്റെ മുഖം തിരിച്ചറിഞ്ഞു. എന്നെ അറസ്റ്റു ചെയ്തില്ലെങ്കിലും അപ്പോൾമുതൽ ഞാൻ കർശനമായ സൂക്ഷ്മനിരീക്ഷണത്തിന് വിധേയനായിരുന്നു. അത് ഒളിവിലുള്ള ഞങ്ങളുടെ പ്രസംഗ പ്രവർത്തനത്തിലെ എന്റെ ഫലപ്രദത്വത്തെ തടസ്സപ്പെടുത്തി.
മുൻ വർഷങ്ങളിൽ ഞാൻ ചെയ്തുകൊണ്ടിരുന്നതുപോലെ 1983-ലെ വേനൽക്കാലത്ത്, രാജ്യത്തെ ഒരു വിദൂര ഭാഗത്ത് ഏതാനും ദിവസം അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനുവേണ്ടി ഞാൻ യുവസാക്ഷികളുടെ ഒരു സംഘത്തെ സംഘടിപ്പിച്ചു. ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ചെവിക്കൊള്ളാൻ പരാജയപ്പെട്ട ഞാൻ പൊതു ഗതാഗതമുപയോഗിക്കുന്നതിനെക്കാൾ സൗകര്യപ്രദമായതുകൊണ്ട് എന്റെ സ്വന്തം കാറിൽ യാത്രചെയ്തു. ഒരു ഡിപ്പാർട്ടുമെൻറ് സ്റ്റോറിൽനിന്നും ഏതാനും സാധനങ്ങൾ വാങ്ങാനായി ഞങ്ങൾ ഒരു ഹ്രസ്വമായ ഇടവേള എടുത്തപ്പോൾ ഞാൻ കാറ് കെട്ടിടത്തിന്റെ മുമ്പിലായി പുറത്തു പാർക്കു ചെയ്തു. സാധനങ്ങൾക്കു പണമടയ്ക്കുന്ന സമയത്തു ഞാൻ കടയിലെ ചെറുപ്പക്കാരായ കുറെ സഹായികളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പ്രായക്കൂടുതലുള്ള ജോലിക്കാരിയോട് ഇപ്രകാരം പറഞ്ഞു: “ഭാവിയിൽ നമുക്കെല്ലാവർക്കും ചെറുപ്പമായിരിക്കാൻ കഴിയും.” ആ മാന്യവനിത പുഞ്ചിരിച്ചു. “എങ്കിലും അതു മനുഷ്യരായ നമ്മുടെ കൈപ്പിടിയിലല്ല, മുകളിൽനിന്നുള്ള സഹായം അതിന് ആവശ്യമായിവരും,” ഞാൻ തുടർന്നു.
കൂടുതലായ പ്രതികരണമൊന്നുമില്ലാഞ്ഞതിനാൽ ഞാൻ പോന്നു. ഞാൻ മത വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നു സംശയം തോന്നിയ ആ ജോലിക്കാരി ഞാൻ കാറിലേക്കു പൊതിക്കെട്ട് വെക്കുന്ന സമയത്തു ഞാനറിയാതെ ജനലിലൂടെ എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നെ അവർ പോലീസിനെ വിവരമറിയിച്ചു. മണിക്കൂറുകൾക്കു ശേഷം, പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിൽ അനൗപചാരിക സാക്ഷീകരണത്തിൽ പങ്കെടുത്തുകഴിഞ്ഞു ഞാനും എന്റെ പങ്കാളിയും കാറിന്റെയടുത്തേക്കു മടങ്ങി. പെട്ടെന്നു രണ്ടു പോലീസുകാർ പ്രത്യക്ഷപ്പെടുകയും ഞങ്ങളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽനിന്നു ഞങ്ങളെ വിടുന്നതിനു മുമ്പ് അനേകം മണിക്കൂറുകൾ ഞങ്ങളെ വിസ്താരം നടത്തി. ആ ദിവസം ഞങ്ങൾക്കു ലഭിച്ച താത്പര്യക്കാരുടെ മേൽവിലാസങ്ങൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ചാണു ഞാൻ ആദ്യംതന്നെ ചിന്തിച്ചത്. അതുകൊണ്ട് അവ ഫ്ളഷ് ചെയ്തു കളയാനായി ഞാൻ കക്കൂസിൽ കൊണ്ടുപോയി ഇട്ടു. എന്നാൽ എനിക്കതു ചെയ്യാൻ കഴിയുംമുമ്പ് പോലീസുകാരന്റെ കരുത്തുറ്റ ഹസ്തം എന്നെ തടഞ്ഞു. അദ്ദേഹം അതു കക്കൂസിൽനിന്ന് എടുത്തു വൃത്തിയാക്കി. എനിക്കു മേൽവിലാസങ്ങൾ തന്ന ആളുകൾ ഇപ്പോൾ അപകടത്തിലായിരുന്നതിനാൽ ഇത് എനിക്കു കൂടുതലായ സംഘർഷം ഉളവാക്കി.
അതിനുശേഷം ഞങ്ങളെയെല്ലാവരെയും ഞങ്ങളുടെ ഹോട്ടലിലേക്കു കൊണ്ടുപോയി. പൊലീസ് ഞങ്ങളുടെ മുറിയിൽ അതിനോടകംതന്നെ മിന്നൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അവർ മറ്റു താത്പര്യക്കാരുടെ മേൽവിലാസങ്ങളൊന്നും കണ്ടില്ല, അവ ശ്രദ്ധാപൂർവം ഒളിച്ചുവച്ചിരുന്നില്ലെങ്കിൽപ്പോലും. പിന്നീട്, നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്, ഒരു നാഡീഔഷധശാസ്ത്രജ്ഞനെന്ന നിലയിൽ എനിക്കു ജോലി സ്ഥലത്തുവച്ച് പൊതുജനസമക്ഷം ഔദ്യോഗിക ശാസന ലഭിച്ചു. കൂടാതെ, ശുശ്രൂഷയിൽ പങ്കെടുക്കാനായി പോകുമ്പോൾ എന്റെ കാറുപയോഗിക്കരുതെന്ന് എനിക്കു നേരത്തെ മുന്നറിയിപ്പു നൽകിയ, ചെക്കോസ്ലോവാക്യയിലെ പ്രസംഗവേലാ മേൽവിചാരകനും എനിക്കു ശാസന നൽകി.
ശിക്ഷണത്തിനു കീഴ്പ്പെടുന്നു
ചെക്കോസ്ലോവാക്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കുന്ന കമ്മറ്റിയിൽ സേവിക്കാൻ 1976-ൽ എനിക്കു നിയമനം ലഭിച്ചിരുന്നു. എന്നാൽ നേരത്തെ പരാമർശിച്ചതുപോലുള്ള കാര്യങ്ങളിൽ മോശമായ വിവേചന ഉപയോഗിച്ചതു നിമിത്തം എന്റെ ജീവൻ രഹസ്യ പോലീസിന്റെ കർശനമായ സൂക്ഷ്മനിരീക്ഷണത്തിൻകീഴിൽ ആയിത്തീർന്നതിനാൽ രാജ്യത്തെ കമ്മറ്റിയിലും മറ്റു വ്യത്യസ്ത പദവികളിലും സേവിക്കുന്നതിൽനിന്നു ഞാൻ ഒഴിവാക്കപ്പെട്ടു. ഞാൻ വിശേഷാൽ നിധിപോലെ കരുതിയ ഈ പദവികളിലൊന്ന് മുഴുസമയ ശുശ്രൂഷകരെന്നു വിളിക്കപ്പെടുന്ന സഞ്ചാര മേൽവിചാരകൻമാർക്കും പയനിയർമാർക്കും വേണ്ടിയുള്ള സ്കൂളിൽ പഠിപ്പിക്കുന്നതായിരുന്നു.
ലഭിച്ച ശിക്ഷണം ഞാൻ കൈക്കൊണ്ടു. എന്നാൽ 1980-കളുടെ മധ്യംമുതൽ അവസാനംവരെയുള്ള ഈ കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ വിഷമകരമായ ഒരു സമയമായിരുന്നു. ഞാൻ കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കാൻ പഠിക്കുകയും മേലാൽ അവിവേകങ്ങൾ ഒഴിവാക്കുകയും ചെയ്യുമോ? 30-ാം സങ്കീർത്തനം 5-ാം വാക്യം ഇപ്രകാരം പറയുന്നു: “സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.” എന്നെ സംബന്ധിച്ചിടത്തോളം ആ ഉഷസ്സ് വന്നത് 1989 നവംബറിൽ ചെക്കോസ്ലോവാക്യയിലെ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തോടെയായിരുന്നു.
അത്ഭുതാവഹമായ അനുഗ്രഹങ്ങൾ
നമ്മുടെ ശുശ്രൂഷയിൽ സ്വതന്ത്രമായി പങ്കെടുക്കുന്നതും ന്യൂയോർക്കിലെ ബ്രൂക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനവുമായി തുറന്ന സംഭാഷണം ആസ്വദിക്കുന്നതും എന്തോരു മാറ്റമായിരുന്നു! പെട്ടെന്നുതന്നെ എനിക്കു സഞ്ചാര മേൽവിചാരകനായി നിയമനം ലഭിച്ചു. ഞാൻ ഈ വേല 1990 ജനുവരിയിൽ ആരംഭിച്ചു.
അങ്ങനെയിരിക്കുമ്പോൾ എനിക്ക് 1991-ൽ ഇംഗ്ലണ്ടിലെ മാൻചെസ്റ്റെറിലുള്ള ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുക്കാനുള്ള പദവി ലഭിച്ചു. പക്വതയുള്ള ക്രിസ്തീയ പുരുഷൻമാരുമൊത്തുള്ള സഹവാസം ആസ്വദിച്ചുകൊണ്ടും അവരിൽനിന്നുള്ള പ്രബോധനം സ്വീകരിച്ചുകൊണ്ടും രണ്ടു മാസം ചെലവഴിച്ചത് എന്തോരു അനുഗ്രഹമായിരുന്നു! വിദ്യാർഥികളായ ഞങ്ങൾക്ക് ഓരോ ദിവസവും ഒരു നിശ്ചിത സമയം ജോലി ചെയ്യാനായി നിയമനം ഉണ്ടായിരുന്നു. ഇത് വിദ്യാപീഠത്തിലെ ഊർജിത പഠനത്തിൽനിന്നും ആശ്വാസം പ്രദാനം ചെയ്തു. ജനാലകൾ വൃത്തിയാക്കാനുള്ളതായിരുന്നു എന്റെ നിയമനം.
ഞാൻ ഇംഗ്ലണ്ടിൽനിന്നു തിരിച്ചെത്തിയ ഉടൻതന്നെ പ്രാഗിലെ വിശാലമായ സ്ട്രാഹോഫ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 9 മുതൽ 11 വരെയുള്ള തീയതികളിൽ നടന്ന യഹോവയുടെ സാക്ഷികളുടെ അതിപ്രധാന കൂടിവരവിനുവേണ്ടി കാര്യങ്ങൾ ക്രമപ്പെടുത്തുന്നതിൽ സഹായിച്ചു തുടങ്ങി. പല രാജ്യങ്ങളിൽനിന്നുള്ള 74,587 ആളുകൾ നമ്മുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനുവേണ്ടി ആ വേളയിൽ സ്വതന്ത്രമായി കൂടിവന്നു!
നാഡീഔഷധശാസ്ത്രജ്ഞനായുള്ള എന്റെ ലൗകിക ജോലി ഞാൻ പിറ്റേ വർഷം നിർത്തിവച്ചു. ഏകദേശം നാലു വർഷമായി ഞാൻ പ്രാഗിലെ ഓഫീസിൽ ജോലി ചെയ്യുകയാണ്. അവിടെ ചെക്ക് റിപ്പബ്ലിക്കിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിൽ വീണ്ടും ഞാൻ സേവിക്കുന്നു. യഹോവയുടെ സാക്ഷികൾക്കു സംഭാവന ചെയ്യപ്പെട്ട ഒരു പുതിയ പത്തുനില കെട്ടിടം അടുത്തയിടെ പുതുക്കിപ്പണിത് ബ്രാഞ്ച് ഓഫീസായി ഉപയോഗിക്കുന്നു. 1994, മേയ് 28-ന് ഈ നല്ല സൗകര്യം യഹോവയുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടു.
എന്റെ അതിമഹത്തായ അനുഗ്രഹങ്ങളിൽ എന്റെ ബന്ധുക്കളുൾപ്പെടെ മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവയ്ക്കുന്നതിന്റെ പദവി ഉൾപ്പെടുന്നു. എന്റെ മാതാവും പിതാവും ഇതുവരെ യഹോവയുടെ സാക്ഷികളായിത്തീർന്നിട്ടില്ല. എന്നാൽ അവർ ഇപ്പോൾ എന്റെ പ്രവർത്തനത്തോട് അനുഭാവമുള്ളവരാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവർ ഞങ്ങളുടെ ചില യോഗങ്ങളിൽ പ ങ്കെടുത്തിട്ടുണ്ട്. ആത്മാർഥഹൃദയരായ മറ്റു ലക്ഷക്കണക്കിനു വ്യക്തികളോടൊപ്പം അവരും ദൈവരാജ്യ ഭരണത്തിനു താഴ്മയോടെ കീഴ്പ്പെടുമെന്നും ത ന്നെ സേവിക്കാൻ തീരുമാനിക്കുന്നവർക്കുവേണ്ടി ദൈവം കരുതിവെച്ചിരിക്കുന്ന നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കുമെന്നുമാണ് എന്റെ ആത്മാർഥമായ പ്രത്യാശ.
(ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചതാണ്.)
[12-ാം പേജിലെ ചിത്രം]
ഞാൻ ഒരു സർവകലാശാലാ വിദ്യാർഥിയായിരുന്നപ്പോൾ
[13-ാം പേജിലെ ചിത്രങ്ങൾ]
ചെക്കോസ്ലോവാക്യയിലെ വിദ്യാഭ്യാസ മന്ത്രിയായിത്തീർന്ന എന്റെ പിതാവും ഒരു പ്രമുഖ നേത്രശസ്ത്രക്രിയാവിദഗ്ധയായിരുന്ന എന്റെ മാതാവും
[15-ാം പേജിലെ ചിത്രം]
ഒരു സാക്ഷിയായിത്തീർന്ന, ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായിരുന്ന, ഫ്രാൻറിഷെക്ക് വിസ്കോച്ചിൽ
[16, 17 പേജുകളിലെ ചിത്രം]
കമ്മ്യുണിസത്തിന്റെ പതനത്തെത്തുടർന്ന് യഹോവയുടെ സാക്ഷികൾ പൂർവ യൂറോപ്പിൽ പല വലിയ കൺവെൻഷനുകൾ നടത്തിയിട്ടുണ്ട്. 1991-ൽ പ്രാഗിൽ നടന്ന ഈ കൺവെൻഷനിൽ 74,000-ത്തിലധികം പേർ പങ്കെടുത്തു
[18-ാം പേജിലെ ചിത്രം]
ഇംഗ്ലണ്ടിലെ ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുക്കവെ എന്റെ ജോലി നിയമനത്തിൽ
[18-ാം പേജിലെ ചിത്രം]
1994 മേയ് 28-ന് സമർപ്പണം നടത്തിയ പ്രാഗിലെ ഞങ്ങളുടെ ബ്രാഞ്ച് സൗകര്യങ്ങൾ