നിലനിൽക്കുന്ന സമാധാനം ആർക്കു കൈവരുത്താനാവും?
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും: ജനത ജനതയ്ക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”
ജെയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരത്തിലെ, യെശയ്യാവ് 2-ാം അധ്യായത്തിന്റെ 4-ാം വാക്യത്തിൽ നിന്നുള്ളതാണ് മേൽപ്പറഞ്ഞ വാക്യം. ഐക്യരാഷ്ട്ര വികസനപദ്ധതി (യുഎൻഡിപി) പ്രസിദ്ധീകരിച്ച ഹ്യൂമൻ ഡെവലപ്മെൻറ് റിപ്പോർട്ട് 1994 ആ വാക്കുകൾ ഉദ്ധരിച്ചശേഷം ഇപ്രകാരം കൂട്ടിച്ചേർത്തു: “[1990-ൽ] ശീതയുദ്ധത്തിന്റെ അന്ത്യത്തോടെ ഈ പ്രവചനത്തിന്റെ സമയം വന്നെത്തിയതായി കാണപ്പെട്ടു. എന്നാൽ ഇന്നുവരെ ഇതു വഴുതിമാറുന്ന ഒരു പ്രത്യാശയാണെന്നു തെളിഞ്ഞിരിക്കുന്നു.”
സൈന്യത്തെ വെട്ടിച്ചുരുക്കൽ
സൈനിക ചെലവുകളിലെ വൻ വെട്ടിച്ചുരുക്കലുകൾ, സാർവദേശീയ രാഷ്ട്രീയ അന്തരീക്ഷത്തിലുണ്ടായ മാറ്റവുമായി ഒത്തുപോകുന്നില്ല എന്നതാണു സമാധാന പ്രത്യാശയ്ക്കു മങ്ങലേൽപ്പിക്കുന്ന ഒരു ഘടകം. ചില വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ടെന്നതു ശരിതന്നെ. യുഎൻ-ന്റെ കണക്കനുസരിച്ച് ആഗോള സൈനിക ചെലവുകൾ 1987-ൽ 99,500 കോടി ഡോളറായിരുന്നതിൽനിന്ന്, 1992-ൽ 81,500 കോടി ഡോളറായി കുറഞ്ഞു. എങ്കിലും 81,500 കോടി ഡോളർ ഒരു വൻതുക തന്നെയാണ്. അത് ഏതാണ്ട് ലോകജനസംഖ്യയുടെ മൊത്തം വരുമാനത്തിന്റെ പകുതിയോടു തുല്യമാണ്!
നിരായുധീകരണത്തിനെതിരെ പ്രവർത്തിക്കുന്ന മറ്റൊരു ഘടകം, സൈന്യം സുരക്ഷിതത്വം കൊണ്ടുവന്നേക്കുമെന്ന വീക്ഷണമാണ്. അങ്ങനെ ശീതയുദ്ധം അവസാനിച്ചെങ്കിൽകൂടി ദേശീയ സുരക്ഷിതത്വത്തിനായുള്ള ചെലവുകൾ ഉയർന്നനിരപ്പിൽതന്നെ നിലകൊള്ളണമെന്നു വ്യവസായവൽകൃത രാഷ്ട്രങ്ങളിലുള്ള പലരും വാദിക്കുന്നു. 1993 ഫെബ്രുവരിയിൽ, ജെയിംസ് വൂൾസി യു.എസ്.-ന്റെ കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഡയറക്ടറായിരുന്ന സമയത്ത് കോൺഗ്രസിനോട് ഇപ്രകാരം പറഞ്ഞു: “നാം ഒരു ഉഗ്ര വ്യാളത്തെ [യുഎസ്എസ്ആർ] കൊന്നിരിക്കുന്നു. എന്നാൽ വിസ്മയാവഹമാംവിധം വൈവിധ്യതയുള്ള വിഷപ്പാമ്പുകൾ നിറഞ്ഞ ഒരു വനത്തിലാണു നാമിപ്പോൾ ജീവിക്കുന്നത്.”
വ്യാളങ്ങളോ വിഷപ്പാമ്പുകളോ ആയിത്തീർന്നേക്കാമെന്നു നിരൂപിച്ചിരിക്കുന്ന രാഷ്ട്രങ്ങളിൽനിന്നുള്ള ആക്രമണങ്ങളെ തടുക്കാനുള്ളൊരു മാർഗമായും വികസ്വര രാഷ്ട്രങ്ങളിൽ ഉയർന്ന സൈനിക ചെലവുകളെ ന്യായീകരിച്ചിരിക്കുന്നു. എന്നാൽ യഥാർഥത്തിൽ, “വികസ്വര രാഷ്ട്രങ്ങൾ ചില അന്താരാഷ്ട്ര യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. തന്നെയുമല്ല, പലതും തങ്ങളുടെതന്നെ ജനങ്ങളെ അടിച്ചമർത്തുന്നതിനായിട്ടാണ് ആയുധസേനയെ ഉപയോഗിച്ചിട്ടുള്ളത്,” എന്നു യുഎൻഡിപി പ്രസ്താവിക്കുന്നു. വാസ്തവത്തിൽ, യുഎൻഡിപി റിപ്പോർട്ട് ഇപ്രകാരം വിശദീകരിച്ചു: “വികസ്വര രാഷ്ട്രങ്ങളിൽ, സാമൂഹിക അവഗണന മൂലം (പോഷകാഹാരക്കുറവും തടുക്കാൻ കഴിയുന്ന രോഗങ്ങളും മൂലം) മരണമടയുന്നതിനുള്ള സാധ്യതകൾ, പുറത്തുനിന്നുള്ള ആക്രമണങ്ങൾ ഹേതുവായുണ്ടാകുന്ന യുദ്ധത്തിൽ മരണമടയുന്നതിനുള്ള സാധ്യതകളേക്കാൾ 33 തവണ ഉയർന്നതാണ്. എങ്കിലും, ശരാശരി, ഓരോ ഡോക്ടർക്കും 20 പട്ടാളക്കാർ വീതമുണ്ട്. എന്തായാലും പട്ടാളക്കാർ നിമിത്തം വ്യക്തിപരമായ സുരക്ഷിതത്വം വർധിക്കുന്നതിനേക്കാൾ കുറയാനാണ് ഏറെ സാധ്യത.”
അന്താരാഷ്ട്ര ആയുധ വാണിജ്യം
ശീതയുദ്ധകാലത്ത്, രണ്ടു വൻശക്തികളും സഖ്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നതിനും സൈനികാസ്ഥാനങ്ങൾ നേടുന്നതിനും ശക്തി നിലനിറുത്തുന്നതിനും വേണ്ടി സഖ്യരാഷ്ട്രങ്ങൾക്ക് ആയുധങ്ങൾ വിൽക്കുകയുണ്ടായി. പല രാഷ്ട്രങ്ങളുടെയും സേനകൾ ശക്തിപ്പെട്ടു. ഉദാഹരണത്തിന്, ഇപ്പോൾ 33 രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഓരോന്നിനും സ്വന്തമായി യുദ്ധത്തിനുപയോഗിക്കുന്ന 1,000-ത്തിലേറെ ടാങ്കുകളുണ്ട്.
ഇപ്പോൾ ശീതയുദ്ധം അവസാനിച്ചിരിക്കെ, ആയുധ വിൽപനയ്ക്കുവേണ്ടിയുള്ള രാഷ്ട്രീയവും തന്ത്രപരവുമായ ന്യായീകരണം കുറഞ്ഞിരിക്കുന്നു. എങ്കിലും ധനസംബന്ധമായ പ്രേരകശക്തി ശക്തമായിത്തന്നെ നിലകൊള്ളുന്നു. അതു ധനമാർജിക്കുന്നതിനുള്ള മാർഗമാണ്! അങ്ങനെ, സ്വദേശത്ത് ആയുധങ്ങൾക്കുള്ള ആവശ്യം കുറയവേ, തൊഴിൽ സംരക്ഷിക്കുന്നതിനും സമ്പദ്വ്യവസ്ഥ ആരോഗ്യാവഹമായി നിലനിറുത്തുന്നതിനുമുള്ള മാർഗം ആയുധങ്ങൾ വിദേശത്തു വിൽക്കുന്നതാണെന്ന് ആയുധനിർമാതാക്കൾ ഗവൺമെൻറുകളെ ബോദ്ധ്യപ്പെടുത്തുന്നു.
വേൾഡ് വാച്ച് മാസിക ഇപ്രകാരം അഭിപ്രായപ്പെടുന്നു: “വൻശക്തികൾ തങ്ങളുടെ വമ്പൻ ആണവ മിസൈലുകൾ പിൻവലിക്കവെതന്നെ തങ്ങളുടെ സാങ്കേതിക ബോംബുകൾ, തോക്കുകൾ എന്നിവയിലധികവും വാങ്ങിയേക്കാവുന്ന ഏതൊരാൾക്കും അവ വിൽക്കാൻ വഴികൾ തേടുകയാണ് എന്നതു വിരോധാഭാസം തന്നെ.” അതിന്റെ കണക്കോ? സ്റ്റോക്ക്ഹോമിലെ ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, 1988 മുതൽ 1992 വരെ അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിച്ച സാങ്കേതിക ആയുധങ്ങളുടെ മൂല്യം 15,100 കോടി ഡോളറായിരുന്നു. ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത് ഐക്യനാടുകളായിരുന്നു, തുടർന്ന് മുൻ സേവിയറ്റ് യൂണിയന്റെ ചില രാജ്യങ്ങളും.
ആണവ ഭീഷണി നിലനിൽക്കുന്നു
ആണവ ഭീഷണി സംബന്ധിച്ചെന്ത്? ഐക്യനാടുകളും സേവിയറ്റ് യൂണിയനും (അല്ലെങ്കിൽ അതിന്റെ പിന്തുടർച്ചക്കാരായ രാജ്യങ്ങളും) 1987-ൽ മദ്ധ്യദൂര ആണവ സേനാ ഉടമ്പടിയിലും 1991-ലും 1993-ലും രണ്ട് ദീർഘദൂര അണ്വായുധ വെട്ടിച്ചുരുക്കൽ ഉടമ്പടികളിലും (സ്റ്റാർട്ട്) ഒപ്പുവച്ചു.
സ്റ്റാർട്ട് ഉടമ്പടി, ഒന്നിൽകൂടുതൽ യുദ്ധത്തലപ്പുകളോടുകൂടിയ, കരകൾ ആസ്ഥാനമാക്കിയുള്ള എല്ലാ മിസൈലുകളും നിരോധിച്ചു. മാത്രമല്ല, ആണവ യുദ്ധത്തലപ്പുകൾ വഹിക്കാവുന്ന സകല ഉപകരണങ്ങളിലും മുക്കാൽ ഭാഗത്തോളം 2003-ാം ആണ്ടോടെ നീക്കം ചെയ്യാനുള്ള ആഹ്വാനവും അതു നൽകുകയുണ്ടായി. ഒരു ആണവ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീഷണി മങ്ങിപ്പോയെങ്കിലും, ഭൂമിയിലെ മുഴു ജീവനേയും പലപ്രാവശ്യം നശിപ്പിക്കാൻ മതിയായ അണ്വായുധങ്ങളുടെ വിപുലമായ സംഭരണശാലകൾ നിലവിലുണ്ട്.
ഈ ആയുധങ്ങൾ വിഘടിപ്പിക്കുന്നത്, ആണവവസ്തുക്കളുടെ മോഷണത്തിന് അവസരങ്ങൾ വർധിപ്പിക്കുന്നു. ഉദാഹരണത്തിന്, റഷ്യ വർഷത്തിൽ 2,000-ത്തോളം യുദ്ധത്തലപ്പുകൾ അഴിച്ചു ശേഖരിച്ചുവെയ്ക്കുന്നു. അവയിൽനിന്ന്, പിറ്റുകൾ എന്നു വിളിക്കുന്ന മുഷ്ടിവലിപ്പത്തിലുള്ള പ്ലൂട്ടോണിയം ഉരുളകൾ വീണ്ടെടുക്കുന്നു. നിർമിക്കുന്നതിനു വളരെയേറെ ചെലവും സാങ്കേതികവിദ്യയും ആവശ്യമായ ഒരു യുദ്ധത്തലപ്പിലുള്ള പിറ്റ്, ന്യൂക്ലിയർ ബോംബിന്റെ മുഖ്യ ഘടകമാണ്. സാധാരണഗതിയിൽ റേഡിയോ ആക്ടീവത തടയുന്ന സ്റ്റീൽ പാളികൾ കൊണ്ടാണ് പിറ്റുകൾ ആവരണം ചെയ്യപ്പെടുന്നത്. അതുകൊണ്ട് ഒരു മോഷ്ടാവിന് പ്രത്യക്ഷമായിതന്നെ ഒരെണ്ണം പോക്കറ്റിലിട്ട് കൊണ്ടുപോകാവുന്നതാണ്. ഒരു റെഡിമെയ്ഡ് പിറ്റ് കൈവശമാക്കിയ ഒരു തീവ്രവാദിക്ക്, പിന്നീട് അതിനെ വിസ്ഫോടനപദാർഥങ്ങൾകൊണ്ടു പൊതിഞ്ഞ് ഘോരശക്തിയുള്ള ഒരു ബോംബ് പുനർനിർമിക്കാവുന്നതാണ്.
ഉത്കണ്ഠയുളവാക്കുന്ന മറ്റൊരു സംഗതി, കൂടുതൽ രാജ്യങ്ങളിലേക്ക് അണ്വായുധം പടർന്നുപിടിക്കുന്നതിലുള്ള ഭീഷണിയാണ്. ചൈന, ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിങ്ഡം, ഐക്യനാടുകൾ എന്നീ അഞ്ചു രാഷ്ട്രങ്ങൾ അംഗീകൃത ആണവ രാഷ്ട്രങ്ങളാണ്. കൂടാതെ മറ്റു പല രാജ്യങ്ങൾക്കും അണ്വായുധങ്ങൾ വേഗത്തിൽ നിർമിക്കുന്നതിനുള്ള കഴിവുള്ളതായി വിചാരിക്കപ്പെടുന്നു.
കൂടുതൽ രാഷ്ട്രങ്ങൾ അണ്വായുധങ്ങൾ കരസ്ഥമാക്കുന്നതോടെ ആരെങ്കിലും അവ ഉപയോഗിക്കുമെന്നതിനുള്ള സാധ്യതയും ഏറുന്നു. ഭയജനകമായ ഈ ആയുധങ്ങളുടെ ഉപയോഗത്തെ ആളുകൾ ഭയപ്പെടുന്നതിൽ കാരണമില്ലാതില്ല. ദ ട്രാൻസ്ഫോർമേഷൻ ഓഫ് വാർ എന്ന പുസ്തകം പറയുന്നപ്രകാരം, “സാങ്കേതിക ആയുധങ്ങൾ നിസ്സാരമാണെന്നു തോന്നിക്കുമാറ് അണ്വായുധങ്ങളുടെ ശക്തി അത്രമാത്രം ബൃഹത്താണ്.”
നിരായുധീകരണവും സമാധാനവും
എന്നാൽ, രാഷ്ട്രങ്ങൾ തങ്ങളുടെ അത്യാധുനിക നശീകരണ ആയുധങ്ങൾ ഉപേക്ഷിക്കുന്നുവെങ്കിലോ? അത് സമാധാനപൂർണമായ ഒരു ലോകം വാഗ്ദാനം ചെയ്യുമോ? ഒരു കാരണവശാലും ഇല്ല. സൈനിക ചരിത്രകാരനായ ജോൺ കീഗൻ ഇപ്രകാരം പറയുന്നു: “1945 ആഗസ്റ്റ് 9 മുതൽ അണ്വായുധങ്ങൾ ആരേയും കൊന്നിട്ടില്ല. ആ തീയതി മുതൽ യുദ്ധത്തിൽ മരണമടഞ്ഞ 5,00,00,000 ആളുകളിൽ മിക്കവരും കൊല്ലപ്പെട്ടത് വിലകുറഞ്ഞ, വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആയുധങ്ങളാലും, അതേ കാലഘട്ടത്തിൽ ലോകത്തിൽ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ട്രാൻസിസ്റ്റർ റേഡിയോയെക്കാളും ഡ്രൈ സെൽ ബാറ്ററികളെക്കാളും അൽപ്പം വിലകൂടുതലുള്ള ചെറിയ ഉൾവിസ്താരമുള്ള വെടിക്കോപ്പുകളാലുമാണ്.”
താഴ്ന്ന സാങ്കേതിക നിർമിത ആയുധങ്ങളുടെ ഉപയോഗത്തിന് ഒരു ദൃഷ്ടാന്തമാണ് റുവാണ്ടയിൽ നടന്ന കൂട്ടക്കൊല. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ (1994) പറയുന്നപ്രകാരം ഈ രാജ്യത്തിലെ “മിക്കയാളുകളും റോമൻ കത്തോലിക്കരാണ്. . . . മിക്ക പ്രാഥമികസ്കൂളുകളും ഹൈസ്കൂളുകളും നടത്തുന്നതു റോമൻ കത്തോലിക്കാ സഭകളും ഇതര ക്രിസ്തീയ സഭകളുമാണ്.” എന്നിട്ടും റുവാണ്ടയിൽ അഞ്ചു ലക്ഷത്തോളം കൊല്ലപ്പെട്ടതു വാക്കത്തികളേന്തിയ ആളുകളാലാണ്. വ്യക്തമായും, ലോകസമാധാനം കൊണ്ടുവരാൻ സാങ്കേതിക ആയുധങ്ങളുടെയും അണ്വായുധങ്ങളുടെയും വെട്ടിച്ചുരുക്കലിനേക്കാൾ കൂടുതലായ എന്തോ ആവശ്യമാണ്. കൂടാതെ, ലോകമതങ്ങൾ പ്രദാനം ചെയ്യുന്ന പഠിപ്പിക്കലുകളിൽനിന്നു വ്യത്യസ്തമായ എന്തോ ആവശ്യമാണ്.
വർഗീയ ശത്രുതകൾ ഏറുന്നു
അഭയാർത്ഥികൾക്കു വേണ്ടിയുള്ള, യുഎൻ ഹൈകമ്മീഷണർ സാദാക്കോ ഒഗാട്ടാ അടുത്തയിടെ ഇപ്രകാരം പ്രസ്താവിച്ചു: “ശീതയുദ്ധത്തിനുശേഷം ഉടൻതന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നു ഞങ്ങൾ കരുതി. ശീതയുദ്ധത്തിനു മറ്റൊരു വശം ഉള്ളതായി ഞങ്ങൾ മനസ്സിലാക്കിയില്ല—വൻശക്തികൾ, തങ്ങൾക്കു സ്വാധീനമുള്ള മേഖലകളിൽ ആജ്ഞകളോ അല്ലെങ്കിൽ നിർബന്ധിത ആജ്ഞകളോ നൽകുന്നു. . . . അങ്ങനെ ഇപ്പോൾ, ശീതയുദ്ധാനന്തരം, പരമ്പരാഗതമായ, ഉറങ്ങിക്കിടന്നിരുന്ന, ഒരുപക്ഷേ ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുണ്ടായിരുന്ന തരത്തിലുള്ള ധാരാളം വർഗീയ സംഘട്ടനങ്ങൾ നാം കാണുന്നു.”
പുലിറ്റ്സെർ സമ്മാനം നേടിക്കൊണ്ടിരിക്കുന്ന ചരിത്രകാരനും എഴുത്തുകാരനുമായ ആർതർ ഷ്ളെസിങ്കർ സമാനമായ ഒരു ആശയം നൽകുന്നു: “വിദ്വേഷത്തിന്റെ ഒരു ഗണം നീങ്ങുമ്പോൾ തത്സ്ഥാനത്തു മറ്റൊന്ന് പ്രതിഷ്ഠിക്കപ്പെടുന്നു. കിഴക്കൻ യൂറോപ്പിലെയും മുൻ സോവിയറ്റ് യൂണിയനിലെയും അടിച്ചമർത്തപ്പെട്ട ആദർശവാദത്തിന്റെ ശക്തമായ പിടി അയഞ്ഞതോടെ ചരിത്രത്തിലും ഓർമയിലും ആഴത്തിൽ വേരൂന്നിയ, മുമ്പ് അടിച്ചമർത്തിവെച്ചിരുന്ന വർഗീയവും ദേശീയവും മതപരവും ഭാഷസംബന്ധവുമായ പക സടകുടഞ്ഞെണീറ്റു. . . . 20-ാം നൂറ്റാണ്ട് ആദർശവാദങ്ങൾക്കു വേണ്ടിയുള്ള കലഹങ്ങളുടെ നൂറ്റാണ്ടായിരുന്നെങ്കിൽ, 21-ാം നൂറ്റാണ്ട് വർഗീയ കലഹങ്ങളുടെ ഒരു നൂറ്റാണ്ടായി ആരംഭം കുറിക്കുന്നു.”
ഒരു ഐക്യരാഷ്ട്ര കണക്കെടുപ്പനുസരിച്ച്, 1989-നും 1992-നും ഇടയ്ക്ക് 82 സായുധ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്, അവയിൽ മിക്കതും വികസ്വര രാഷ്ട്രങ്ങളിലാണു നടന്നത്. 1993-ൽ, 42 രാജ്യങ്ങളിൽ വൻ ഏറ്റുമുട്ടലുകൾ നടന്നു. മറ്റു 37 രാജ്യങ്ങളിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളുണ്ടായി. അതേസമയം—ബജറ്റ് അങ്ങേയറ്റം കശക്കപ്പെട്ടതിനാൽ—ഐക്യരാഷ്ട്രങ്ങൾ വെറും 17 സൈനിക പ്രവർത്തനങ്ങളിൽ, കാര്യമായ വിജയമൊന്നും കൈവരിച്ചില്ലെങ്കിലും സമാധാനം സ്ഥാപിക്കുന്നതിനു പെടാപാടുപ്പെട്ടു. വ്യക്തമായും, സമാധാനപൂർണമായ ഒരു ലോകത്തിനായി മനുഷ്യവർഗം മറ്റൊരിടത്തേക്കു നോക്കേണ്ടിയിരിക്കുന്നു.
തെളിഞ്ഞുവരുന്ന പ്രശ്നങ്ങൾ
ഭാവിയിലേക്കു ശുഭപ്രതീക്ഷയോടെ നോക്കുന്നതിനുപകരം വർധിച്ചനിരക്കിൽ, പലരും അശുഭപ്രതീക്ഷയാണു പുലർത്തുന്നത്. ദി എറ്റ്ലേൻറിക്ക് മന്ത്ലി-യുടെ 1994 ഫെബ്രുവരി ലക്കത്തിന്റെ പുറംതാൾ, വരും ദശകങ്ങളെപ്പറ്റിയുള്ള ഒരു മുന്നറിയിപ്പിനെ ഇപ്രകാരം സംക്ഷേപിക്കുന്നു: “പാരിസ്ഥിതിക-സാമൂഹിക വിപത്തുകളിൽനിന്നുള്ള അഭയാർത്ഥികളുടെ വേലിയേറ്റം ഹേതുവായി രാഷ്ട്രങ്ങൾ തകരുന്നു. . . . ജലം ഉൾപ്പെടെ ദുർലഭമായ വസ്തുക്കളെ പ്രതിയാണു യുദ്ധങ്ങൾ നടത്തുന്നത്. കൂടാതെ, സായുധ കൊള്ളക്കാരുടെ സംഘം പ്രമാണിവർഗത്തിന്റെ സ്വകാര്യ സുരക്ഷാ സേനകളുമായി ഏറ്റുമുട്ടുമ്പോൾ, കുറ്റകൃത്യങ്ങൾക്കൊപ്പം യുദ്ധവും തുടർന്നു നിലകൊള്ളുന്നു.”
നിലനിൽക്കുന്ന സമാധാനം അപ്രാപ്യമാണെന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഒരു കാരണവശാലുമില്ല! പിൻവരുന്ന ലേഖനം, നമുക്ക് ഭാവിയിലേക്ക് ദൃഢവിശ്വാസത്തോടെ നോക്കാൻ കഴിയുന്നതിനുള്ള കാരണങ്ങൾ കാണിക്കുന്നു.
[5-ാം പേജിലെ ചതുരം]
മതം—സമാധാനത്തിനുള്ള ഒരു പ്രേരകശക്തിയോ?
രാഷ്ട്രങ്ങൾ യുദ്ധത്തിനിറങ്ങുമ്പോൾ, ലോകമതങ്ങൾ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പഠിപ്പിക്കലുകൾ ഉപേക്ഷിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്തെ സംബന്ധിച്ചു ബ്രിട്ടീഷ് ബ്രിഗേഡിയർ ജനറൽ ഫ്രാങ്ക് പി. ക്രോഷർ ഇപ്രകാരം പറയുകയുണ്ടായി: “ഉള്ളതിലേക്ക് ഏറ്റവും രക്തദാഹികളായ ജീവികൾ ക്രിസ്തീയ സഭകളാണ്, നമ്മൾ അവയെ നന്നായി ഉപയോഗപ്പെടുത്തിയിരിക്കുന്നു.”
യുഗങ്ങളിലുടനീളം, യുദ്ധങ്ങളിൽ മതങ്ങൾക്കുള്ള പങ്ക് സമാനമായിരുന്നു. കത്തോലിക്കാ ചരിത്രകാരനായ ഇ. ഐ. വാട്ട്ക്കൻ ഇപ്രകാരം സമ്മതിച്ചു: “തങ്ങളുടെ രാജ്യത്തിന്റെ ഗവൺമെൻറുകൾ നടത്തിയ യുദ്ധങ്ങളെയെല്ലാം ബിഷപ്പുമാർ സ്ഥിരമായി പിന്തുണച്ചിരുന്നുവെന്ന ചരിത്രവസ്തുത സമ്മതിക്കുന്നതു വേദനാജനകമാണെങ്കിലും വ്യാജമായ മനഃപ്രബുദ്ധതക്കോ കപടമായ വിശ്വസ്തതയ്ക്കോവേണ്ടി നിരസിക്കുവാനോ അവഗണിക്കുവാനോ നമുക്കു സാധ്യമല്ല.” കൂടാതെ, കാനഡായിലുള്ള വാൻകൗവറിലെ സൺ എന്ന പത്രത്തിന്റെ മുഖപ്രസംഗം ഇപ്രകാരം പ്രസ്താവിച്ചു: “സഭകൾ പതാകയെ പിന്തുടരുന്നു എന്നത് ഒരുപക്ഷേ എല്ലാ വ്യവസ്ഥാപിത മതങ്ങളുടെയും ഒരു ബലഹീനതയായിരിക്കാം. . . ഇരുപക്ഷത്തും ദൈവമുണ്ടെന്ന അവകാശവാദം ഉന്നയിക്കാതെ നടത്തപ്പെട്ട ഏതൊരു യുദ്ധമുണ്ട്?”
വ്യക്തമായും, സമാധാനത്തിനുള്ള ഒരു പ്രേരകശക്തിയായിരിക്കുന്നതിനു പകരം—റുവാണ്ടായിലെ കൂട്ടക്കൊല ശക്തമായി ദൃഷ്ടാന്തീകരിച്ചതുപോലെ—ലോകമതങ്ങൾ യുദ്ധങ്ങളെയും അറുകൊലകളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു.
[6-ാം പേജിലെ ചതുരം]
യുദ്ധത്തിന്റെ ഫലശ്യൂനത
1936-ൽ പ്രസിദ്ധീകരിച്ച ഞാൻ സമാധാനം കണ്ടെത്തിയില്ല (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ വിദേശ ലേഖകൻ വെബ് മില്ലർ ഇപ്രകാരം എഴുതി: “വിചിത്രമെന്നു പറയട്ടെ, അത്യന്തം നികൃഷ്ടതയും ഫലശൂന്യതയുമടക്കം [ഒന്നാം ലോകമഹായുദ്ധത്തിന്റെ] കൊടുംഭീകരത, അതു സംഭവിച്ചുകഴിഞ്ഞ് കൃത്യം എട്ടു വർഷം കഴിയാതെ എന്നിൽ ശക്തമായ പ്രഭാവം ചെലുത്തിയില്ല. അതിന്റെ മ്ലേച്ഛതയും ഫലശൂന്യതയും അത്യുഗ്രമായിരുന്നിട്ടുകൂടി.” ആ അവസരത്തിൽ അദ്ദേഹം വെർഡണിലെ രണഭൂമി പുനഃസന്ദർശിച്ചു. അവിടെ 10,50,000 മനുഷ്യർ മരണമടഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു.
“യുദ്ധകാലത്ത്, കോടിക്കണക്കിന് ആളുകളോടൊപ്പം ഞാനും കബളിപ്പിക്കപ്പെട്ടിരുന്നു,” മില്ലർ എഴുതി. “പുതിയ യുദ്ധങ്ങളെ ജനിപ്പിക്കുന്നതിൽ മാത്രമേ ലോക മഹായുദ്ധം വിജയിച്ചുള്ളൂ. എൺപത്തഞ്ചു ലക്ഷം മനുഷ്യർ വെറുതേ മരിച്ചു, കോടികൾ പറയാൻവയ്യാത്ത ഭീകരതകൾ സഹിച്ചു, കൂടാതെ ദശകോടികൾ ദുഃഖവും ഇല്ലായ്മയും അസന്തുഷ്ടിയും സഹിച്ചു. ഇവയെല്ലാംതന്നെ വിസ്മയാവഹമായ വ്യാമോഹം മൂലമാണു സംഭവിച്ചത്.”
ഈ പുസ്തകം പ്രസിദ്ധീകരിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചു. വാഷിങ്ടൺ പോസ്റ്റ് ഇപ്രകാരം പ്രസ്താവിക്കുന്നു: “നമ്മുടെ ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങൾ, യോദ്ധാക്കളുടെയും സാധാരണ പൗരന്മാരുടെയും നേർക്ക് ഒരേപോലെ നടത്തപ്പെടുന്ന ‘സമഗ്രയുദ്ധങ്ങൾ’ ആയിരിക്കുന്നു. . . . ഇതുമായി തട്ടിച്ചുനോക്കുമ്പോൾ നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായിട്ടുള്ള പ്രാകൃത യുദ്ധങ്ങൾ നിസ്സാരമായ ഏറ്റുമുട്ടലുകളാണ്.” ഒരു അധികാരിയിൽ നിന്നുള്ള കണക്കനുസരിച്ച്, 1914 മുതൽ ഏകദേശം 19.7 കോടി ആളുകൾ യുദ്ധങ്ങളിലും സാമൂഹിക പ്രക്ഷോഭങ്ങളിലുമായി മരിച്ചിട്ടുണ്ട്.
എന്നിട്ടും, മനുഷ്യരുടെ യുദ്ധങ്ങളോ പ്രക്ഷോഭങ്ങളോ ഒന്നുംതന്നെ സമാധാനമോ സന്തുഷ്ടിയോ കൊണ്ടുവന്നിട്ടില്ല. വാഷിംങ്ടൺ പോസ്റ്റ് പറഞ്ഞപ്രകാരം: “അസ്വസ്ഥരായ ജനകോടികളെ സാന്ത്വനപ്പെടുത്താനോ തൃപ്തിപ്പെടുത്താനോ ഒരു രാഷ്ട്രീയ വ്യവസ്ഥക്കും സാമ്പത്തിക വ്യവസ്ഥക്കും ഈ നൂറ്റാണ്ടിൽ ഇതുവരെ കഴിഞ്ഞിട്ടില്ല.”
[7-ാം പേജിലെ ചിത്രം]
റുവാണ്ടയിൽ കൊലചെയ്യപ്പെട്ട—കൂടുതലും സ്വന്തമതത്തിൽപ്പെട്ട ആളുകളാൽതന്നെ—ലക്ഷക്കണക്കിനാളുകളിൽ ഒരാളാണ് ഈ അമ്മ
[കടപ്പാട്]
Albert Facelly/Sipa Press