ലോകത്തെ വീക്ഷിക്കൽ
വിവാഹങ്ങൾ ഗുരുതരമായി ബാധിക്കപ്പെട്ടു
ജപ്പാനിലെ കോബെ പ്രദേശത്തുള്ള അനേകം ഭാര്യമാർ, 1995-ന്റെ പ്രാരംഭത്തിൽ ആ മേഖലയെ തകർത്തുതരിപ്പണമാക്കിയ ഭൂകമ്പത്തിന്റെ സമയത്തും അതിനുശേഷവുമുള്ള തങ്ങളുടെ ഭർത്താക്കന്മാരുടെ പെരുമാറ്റത്തിൽ അസംതൃപ്തി പ്രകടിപ്പിക്കുന്നു. “എന്റെ ഭർത്താവിനെ വിശ്വസിക്കാൻ കഴിയുകയില്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നതുകൊണ്ടു ഞങ്ങളുടെ വീടിനു മാത്രമല്ല ഞങ്ങളുടെ ബന്ധത്തിനും വിള്ളലുകൾ സംഭവിച്ചിരിക്കുന്നു” എന്ന് ആസാഹി ഈവനിംഗ് ന്യൂസ്-ൽ ഉദ്ധരിക്കപ്പെട്ട ഒരു ഭാര്യ പറയുന്നു. ഭർത്താക്കന്മാർ നിസ്സംഗരും ആവശ്യസമയത്ത് ആശ്വാസം നൽകാഞ്ഞവരും സർവോപരി തങ്ങളെത്തന്നെമാത്രം രക്ഷിക്കാൻ ശ്രമിച്ചവരും ആയിരുന്നതിനാൽ വിമർശിക്കപ്പെടുന്നു. ഒരു ഭാര്യ, “തനിക്കായി ഒട്ടും അവശേഷിപ്പിക്കാതെ ദുരിതാശ്വാസമായി തങ്ങൾക്കു ലഭിച്ച ചോറുരുളകൾ മുഴുവൻ ഭർത്താവു തിന്നതുകണ്ടപ്പോൾ ഞെട്ടിപ്പോയി” എന്ന് ഹ്യോഗോ പ്രീഫെക്ചർ വിമൻസ് സെൻറർ റിപ്പോർട്ടു ചെയ്യുന്നു. മറ്റൊരു ഭാര്യ സെൻററിനോട് ഇപ്രകാരം പറഞ്ഞു: “എന്റെ പേരു സൂചിപ്പിക്കുകപോലും ചെയ്യാതെ അതിജീവനത്തിനായി ഞങ്ങളുടെ കുട്ടികളുടെ പേരുകൾ വിളിച്ചതു മുതൽ എനിക്ക് എന്റെ ഭർത്താവിലുള്ള മുഴു വിശ്വാസവും നഷ്ടപ്പെട്ടു.” എന്നിരുന്നാലും, ഭൂകമ്പത്താൽ തങ്ങളുടെ ബന്ധങ്ങൾ ബലിഷ്ഠമായിത്തീർന്നുവെന്ന് ഏതാണ്ട് അത്രത്തോളംതന്നെ ആളുകൾ പറയുന്നതായും സെൻറർ കൂട്ടിച്ചേർത്തു.
വംശനാശത്തിന്റെ വക്കിൽനിന്നു തിരിച്ചുവരവ്
ഒരു “ഇറ്റാലിയൻ അത്ഭുതം”—മിലൻ വർത്തമാനപത്രമായ കോറീറെ ഡെൽലോ സെറാ പറയുന്നപ്രകാരം വംശനാശത്തിന്റെ വക്കിൽനിന്നുള്ള അനേകം ജന്തുവംശങ്ങളുടെ തിരിച്ചുവരവിനെ ചിലർ വർണിക്കുന്ന വിധമാണത്. പ്രധാനമായും ആൽപ്സ് പർവതങ്ങളിലെയും ആപെനൈൻസ് പർവത ശൃംഖലയിലെയും സംരക്ഷിത മേഖലകൾ നിമിത്തം മാൻ, ഷാംവാ, ഫാലോ മാൻ, റോ മാൻ എന്നിവ പോലുള്ള മൃഗങ്ങൾ ഇറ്റലിയിൽ പെരുകിക്കൊണ്ടിരിക്കുന്നു. എണ്ണത്തിൽ വലിയ വർധനവുള്ള ആൽപെനൈൻ ചെന്നായ് ഇപ്പോൾ ഇറ്റലിയിൽനിന്നു ഫ്രഞ്ച് മാരിറ്റൈം ആൽപ്സിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, നീർനായ്, മങ്ക് നീർനായ് മുതലായ വംശങ്ങൾ അപകടത്തിൽത്തന്നെയാണ്; എന്നാൽ കാര്യമായ സംരക്ഷണപദ്ധതികൾക്കു “ദീർഘകാല, യഥാർഥ, ക്രിയാത്മക ഫലങ്ങൾ പുറപ്പെടുവിക്കുന്നതിൽ പരാജയപ്പെടാൻ കഴിയുകയില്ലെ”ന്നു വിദഗ്ധർക്കു ബോധ്യപ്പെടുന്നതായി കോറീറെ ഡെൽലോ സെറാ പറയുന്നു.
വിശിഷ്ടമായ ശൈത്യകാല രോമക്കുപ്പായം
വിമാനങ്ങളിൽനിന്നു ധ്രുവക്കരടികളെ കാണാൻ ശ്രമംനടത്തിയ ശാസ്ത്രജ്ഞന്മാർ വളരെ ബുദ്ധിമുട്ടനുഭവിച്ചു. ഇതു കേവലം കരടികൾ വെളുത്തതാണ്, ഹിമപ്രദേശങ്ങളിൽ വസിക്കുന്നു എന്ന വ്യക്തമായ കാരണത്താലല്ല. പോപ്പുലർ സയൻസ് പറയുന്നതനുസരിച്ച്, ആ പ്രശ്നത്തിന് ഒരു ബുദ്ധിപൂർവകമായ പരിഹാരമെന്നു തോന്നുന്ന ഒന്ന് ശാസ്ത്രജ്ഞന്മാർക്കു ലഭിച്ചിരിക്കുന്നു: സെൻസിറ്റീവ് ഇൻഫ്രാറെഡ് ഫിലിം ഈ കൂറ്റൻ ജന്തുക്കളിൽനിന്നു പ്രസരിക്കുന്ന ശരീരതാപം എളുപ്പം കണ്ടുപിടിക്കുമെന്നു ന്യായവാദം ചെയ്തുകൊണ്ട് അവർ അതുപയോഗിച്ചു. എന്നാൽ ഫിലിം ശൂന്യമായിരുന്നു! ധ്രുവക്കരടിയുടെ രോമക്കുപ്പായം വളരെ ഫലപ്രദമായ ഒരു രോധകമാണെന്നു തോന്നുന്നു, തന്മൂലം വളരെക്കുറച്ചു താപമേ മൃഗത്തിൽനിന്നു പുറത്തുവരുന്നുള്ളൂ. കരടിയിലെ “സോളാർ സെല്ലുകളാ”യിരുന്നേക്കാവുന്ന ഒന്നിലേക്കു സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളെ ആകർഷിച്ചുകൊണ്ടു കുപ്പായത്തിലെ രോമത്തിന് ഒരു നല്ല വാഹകമായിരിക്കാൻ കഴിയുമെന്നും അത്തരം പ്രകാശത്തെ താപമാക്കി മാറ്റുന്നത് ഏറെക്കുറെ സാധ്യമാക്കുന്നത് ഈ സെല്ലുകളാണെന്നും ആ മാഗസിൻ കുറിക്കൊള്ളുന്നു.
മോഹാലസ്യപ്പെടുന്ന ആരാധകർ
റോക്ക് സംഗീതക്കച്ചേരികളുടെ സമയത്തു വളരെയധികം ആരാധകർ മോഹാലസ്യപ്പെടുന്നതെന്തുകൊണ്ട്? ജർമനിയിലെ ബെർലിൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒരു നാഡീരോഗവിദഗ്ധൻ അടുത്തയിടെ ഈ പ്രതിഭാസത്തെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തി. പ്രധാനമായും യുവതികൾ സംബന്ധിച്ച ബെർലിനിലെ ഒരു റോക്ക് സംഗീതക്കച്ചേരിയുടെ സമയത്ത് ഏതാണ്ട് 400 പേർ മോഹാലസ്യപ്പെട്ടു. ഡിസ്ക്കവർ മാഗസിൻ പറയുന്ന പ്രകാരം, മോഹാലസ്യപ്പെട്ടവരിൽ 90 ശതമാനവും മുൻനിരകളിൽ നിൽക്കുന്നവരായിരുന്നുവെന്നു നാഡീരോഗവിദഗ്ധൻ കണ്ടെത്തി. ഈ ഇഷ്ടപ്പെട്ട ഇരിപ്പിടങ്ങൾ കിട്ടാൻ, പെൺകുട്ടികൾ മണിക്കൂറുകളോളം നീണ്ട നിരകളിൽ കാത്തുനിന്നിരുന്നു; അനേകരും അതിനോടടുത്ത് എന്തെങ്കിലും കഴിക്കുകയോ തലേരാത്രി ഉറങ്ങുകയോ ചെയ്തിരുന്നില്ല. അവരുടെതന്നെ കൂക്കുവിളികളും പുറകിൽ നിന്നുള്ള ജനക്കൂട്ടത്തിന്റെ തള്ളലുമായിരുന്നു മറ്റു ഘടകങ്ങൾ. അതു നെഞ്ചിലെ സമ്മർദത്തിനിടയാക്കുകയും രക്തസമ്മർദം കുറക്കുകയും ചെയ്തു; ക്രമത്തിൽ അതു തലച്ചോറിന്റെ രക്തവിതരണത്തെ തടസ്സപ്പെടുത്തി. അതിന്റെ ഫലമായി മോഹാലസ്യം സംഭവിച്ചു. റോക്ക് സംഗീതാരാധകർ മുൻകൂട്ടി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ഇരിപ്പിടത്തിൽത്തന്നെ കഴിയുകയും പ്രദർശനത്തിന്റെ സമയത്തു ശാന്തരായി നിലകൊള്ളുകയും ജനക്കൂട്ടത്തിൽനിന്ന് അകന്നിരിക്കുകയും ചെയ്യണമെന്നു നാഡീരോഗവിദഗ്ധൻ ശുപാർശ ചെയ്തു. എന്നാൽ വളരെക്കുറച്ചു കൗമാരപ്രായക്കാരായ ആരാധകരെ അതിനു വഴിപ്പെടാൻ സാധ്യതയുള്ളൂവെന്ന് അദ്ദേഹം സമ്മതിച്ചു.
സൗജന്യ ശിശുപരിപാലനമോ?
അൽപ്പം ഷോപ്പിങ് നടത്താൻ സ്വതന്ത്രരായിത്തീരത്തക്കവിധം തങ്ങളുടെ കുട്ടികളെ നോക്കാൻ മറ്റുള്ളവരെ ലഭിക്കുന്നതിനു പട്ടണ പ്രാന്തപ്രദേശത്തുള്ള അസ്വസ്ഥരായ മാതാപിതാക്കൾ ഒരു പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നു. അവർ തങ്ങളുടെ കുട്ടികളെ ഒരു കളിക്കോപ്പു സ്റ്റോറിലോ ബഹുമാധ്യമ കമ്പ്യൂട്ടർ സ്റ്റോറിലോ കൊണ്ടുചെന്നാക്കുന്നു. ഉന്നത സാങ്കേതിക സാമഗ്രികളിൽ ആകൃഷ്ടരാകുന്ന കുട്ടികൾ മാതാപിതാക്കൾ തിരികെ വരുന്നതുവരെ പ്രദർശന മോഡലുകളോടൊപ്പം കളിക്കുന്നു. എങ്കിലും, വിൽപ്പനക്കാർ ഈ പ്രവണതയിൽ സംതൃപ്തരല്ലെന്നുള്ളതിൽ അതിശയിക്കാനില്ലെന്നു ന്യൂസ്വീക്ക് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. കുട്ടികൾ സാധ്യതയുള്ള ഇടപാടുകാരിൽനിന്ന് ഈ പ്രദർശന മോഡലുകളെ അകറ്റിനിർത്തുന്നുവെന്ന് അവർ പരാതിപ്പെടുന്നു. ഏറ്റവും മോശമായി, അവർ അവയെ പൊട്ടിക്കുന്നു. ചില മാതാപിതാക്കൾ മടങ്ങിവന്ന് ആരും തങ്ങളുടെ കുട്ടികളെ ശ്രദ്ധിച്ചില്ലെന്നോ ടോയ്ലറ്റിൽ കൊണ്ടുപോയില്ലെന്നോ പരാതി പറയുന്നതായി മറ്റുള്ളവർ കണ്ടത്തി! അതുകൊണ്ട്, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽ പ്രദർശന കമ്പ്യൂട്ടറുകൾ വെച്ചുകൊണ്ടോ കൂടെ ആരുമില്ലാത്ത കുട്ടികളെ കാണുന്നെങ്കിൽ കാവൽക്കാരെ വിളിച്ചുകൊണ്ടോ ചില സ്റ്റോറുകൾ ഈ പ്രവണതക്കെതിരെ പോരാടുന്നു.
മണൽക്കുന്നുകൾ അപകടത്തിൽ
“ഇസ്രായേലിൽ മണൽ തീർന്നുകൊണ്ടിരിക്കുന്നു.” അടുത്തയിടെ ന്യൂ സയൻറിസ്റ്റ് മാഗസിൻ അപ്രകാരം റിപ്പോർട്ടു ചെയ്തു. സാധ്യതയില്ലാത്തതെന്നു തോന്നുന്ന ഈ ക്ഷാമം എന്തുകൊണ്ട്? കൊള്ളാം, മണൽ കോൺക്രീറ്റിലെ ഒരു അത്യന്താപേക്ഷിത ഘടകമാണ്; രാജ്യത്തെ കുതിച്ചുയരുന്ന നിർമാണവ്യവസായത്തിന് അതിന്റെ അനിയന്ത്രിതമായ ആവശ്യമുണ്ട്. അതുകൊണ്ടു കഴിഞ്ഞ 30 വർഷങ്ങളായി, വളരെക്കുറച്ചു ഗവൺമെൻറ് നിയന്ത്രണത്തോടെ, നിർമാതാക്കൾ ഒരിക്കൽ ജാഫ മുതൽ ഗസാ വരെ വ്യാപിച്ചുകിടന്നിരുന്ന ഇസ്രായേലിന്റെ ബൃഹത്തായ തീരദേശ മണൽത്തിട്ടയിൽനിന്നും ട്രക്കുകണക്കിനു മണൽ എടുത്തുകൊണ്ടുപോയിരുന്നു. കരിഞ്ചന്തയിൽ വിൽക്കുന്നതിനായി കള്ളന്മാർ ഓരോ വർഷവും പത്തുലക്ഷം ടൺ മണൽ മോഷ്ടിക്കുന്നു. ഈ മണൽക്കുന്നുകളുടെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ദുർബലമായ പരിസ്ഥിതിവ്യൂഹം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു പരിസ്ഥിതിവിജ്ഞാനീയർ വ്യാകുലപ്പെടുന്നു; കാരണം അത്തരമൊരു പരിസ്ഥിതിയിൽ ചെടികളുടെയും മൃഗങ്ങളുടെയും വളരെക്കുറച്ചു വർഗങ്ങളെ അതിജീവിക്കുകയുള്ളൂ. ഇസ്രായേലിന്റെ മണൽ തീരുന്നതോടെ തങ്ങൾ എവിടെനിന്നു മണൽ കൊണ്ടുവരുമെന്നു നിർമാതാക്കൾ സംശയിക്കാൻ തുടങ്ങിയിരിക്കുന്നു.
ജാപ്പനീസ് ആരോഗ്യം പാശ്ചാത്യ സ്വാധീനം നിമിത്തം ക്ലേശിക്കുന്നു
ജപ്പാനിലെ ജനങ്ങൾക്കാണു ലോകത്തിലെ ഏറ്റവും കൂടിയ ആയുർദൈർഘ്യമുള്ളത്. എന്നാൽ പാശ്ചാത്യ ജീവിതശൈലികൾ ആ പദവിയെ കാർന്നുതിന്നേക്കാം. 1994-ൽ 21 ലക്ഷം ആളുകളിൽ നടത്തിയ ഒരു ശാരീരിക പരിശോധനയിൽ 18 ശതമാനം മാത്രമെ നല്ല ആരോഗ്യസ്ഥിതിയിലുള്ളവരായി കണ്ടെത്തപ്പെട്ടുള്ളുവെന്ന് ന്യൂ സയൻറിസ്റ്റ് അടുത്തയിടെ റിപ്പോർട്ടു ചെയ്തു. പത്തു വർഷങ്ങൾക്കുമുമ്പ് ആ സംഖ്യ 30 ശതമാനമായിരുന്നു. ജപ്പാൻ ഹോസ്പിറ്റൽ അസോസിയേഷന്റെ ഒരു റിപ്പോർട്ടു തയ്യാറാക്കിയവരിൽ ഒരാൾ പറയുന്നപ്രകാരം, പാശ്ചാത്യരീതിയിലുള്ള ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊളസ്റ്ററോളും ഉയർന്ന തോതിലുള്ള കൊഴുപ്പുമാണു കുഴപ്പക്കാർ; അതോടൊപ്പം പുകവലിയിലും മദ്യത്തിന്റെ ഉപയോഗത്തിലുമുള്ള വർധനവും. ഏറ്റവും കൂടുതലായി ആരോഗ്യക്ഷയം ദൃശ്യമായത് ഒസാക്ക-കോബെ പോലുള്ള കൂടുതൽ വ്യവസായവൽകൃത മേഖലകളിലാണ്. വിപരീതമായി, ഏറ്റവും ആരോഗ്യമുള്ള മേഖല വടക്ക്, ഹോക്കായ്ഡോ ദ്വീപിന്റെ ഗ്രാമീണ ഭാഗങ്ങളിലാണ്.
സമയം എവിടെപ്പോകുന്നു
സമയം എവിടെപ്പോയിരിക്കുന്നു? അനേകരും വാഗ്വിലാസത്തോടെ ആ ചോദ്യം ചോദിക്കുന്നു. എന്നാൽ, ഇതിനു ശാസ്ത്രീയമായി ഉത്തരം നൽകാൻ അടുത്തകാലത്തെ ഒരു പഠനം ഉദ്യമിച്ചു. യു.എസ്.എ., ഇല്ലിനോയിസിലെ ഒരു ഗവേഷണ സ്ഥാപനം, 3,000-ത്തോളം ആളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചു മൂന്നു വർഷത്തെ ഒരു പഠനം നടത്തി. തങ്ങളുടെ സമയം എങ്ങനെ ചെലവഴിച്ചുകൊണ്ടിരുന്നു എന്നതുസംബന്ധിച്ചു ക്രമാനുഗതമായ രേഖകൾ സൂക്ഷിക്കാൻ അവരോടാവശ്യപ്പെട്ടിരുന്നു. 18 മുതൽ 90 വരെ വയസ്സ് പ്രായമുള്ളവരും വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായിരുന്നു ആ കൂട്ടം. സമയം ഉപയോഗിച്ചുതീർത്തതിൽ പ്രഥമസ്ഥാനം ഉറക്കത്തിനായിരുന്നു. അതിന്റെ തൊട്ടുപുറകിൽ ജോലി, അത് ഒരു ദിവസം ശരാശരി 184 മിനിറ്റെടുത്തു. 154 മിനിറ്റെടുത്തുകൊണ്ട് ടിവിയും വീഡിയോയും അടുത്ത സ്ഥാനത്തെത്തി. ഗൃഹജോലിക്ക് 66 മിനിറ്റ്, യാത്രയ്ക്കും ജോലിസ്ഥലത്തേക്കും തിരിച്ചും നിത്യേന സഞ്ചരിക്കുന്നതിന് 51 മിനിറ്റ്, ചമയത്തിന് 49 മിനിറ്റ്, ശിശുവിനെയും ഓമന മൃഗത്തെയും പരിപാലിക്കുന്നതിന് 25 മിനിറ്റ്. ഈ പട്ടികയുടെ താഴെഭാഗത്തോടടുത്തായിരുന്നു ആരാധന എന്ന ഇനം, അതിന് ഒരു ദിവസം ശരാശരി 15 മിനിറ്റെടുത്തു.
കൂടുതൽ ദേവാലയങ്ങൾ വിൽപ്പനക്ക്
സ്ഥാവരസ്വത്ത് ഏജൻറുമാർ പറയുന്നപ്രകാരം, ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് എന്ന ഉത്തരസംസ്ഥാനത്തിന്റെ തലസ്ഥാനമായ ബ്രിസ്ബെയ്നിൽ ഉപയോഗമില്ലാത്ത ദേവാലയ കെട്ടിടങ്ങൾ വാങ്ങിയെടുക്കുന്നതിനായി നിക്ഷേപകർ തിരക്കുകൂട്ടുകയാണ്. രണ്ടു ഘടകങ്ങളാണ് ഇതിനു കാരണമായിട്ടുള്ളത്: ദേവാലയത്തിലെ ഹാജർ സംഖ്യയിലെ കുറവും “അനുപമമായ ഒന്ന്” വാങ്ങാനുള്ള നിക്ഷേപകരുടെ ത്വരയും. ഒരു ഡസനിലധികം ദേവാലയങ്ങൾ ഇപ്പോൾ വിൽപ്പനക്കായി വെച്ചിരിക്കുന്നുവെന്നും ചിലതു ബ്രിസ്ബെയ്നിൽ ഇതിനോടകംതന്നെ ഭവനങ്ങളും ഓഫീസുകളുമാക്കി മാറ്റിയിട്ടുണ്ടെന്നും ദ കൂരിയർ-മെയിൽ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. വാണിജ്യ വിൽപ്പനയുടെ ഒരു ഡയറക്ടർ ഇപ്രകാരം പറയുന്നതായി വർത്തമാനപത്രം ഉദ്ധരിക്കുന്നു: “അനേകം” ദേവാലയങ്ങൾ “റെസ്റ്ററൻറുകളും ഗാലറികളും പുരാവസ്തുശാലകളും ഓഫീസുകളും അല്ലെങ്കിൽ ഭവനങ്ങളുമായി ഉപയോഗിച്ചി”രിക്കുന്നു. “വിൽപ്പനക്കായി അവ കൂടുതൽ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കുന്നു”വെന്ന് ഒരു സ്ഥാവരസ്വത്ത് ഏജൻറ് പറഞ്ഞു.
സമ്പൂർണമായി മതേതരമാക്കപ്പെടുന്നു
ഉറച്ച റോമൻ കത്തോലിക്കരുള്ള ഒരു സംസ്ഥാനമാണു ജർമനിയിലെ ബെവെറിയ. വാസ്തവത്തിൽ, സംസ്ഥാന ഉടമസ്ഥതയിലുള്ള എല്ലാ സ്കൂളുകളിലെയും ഓരോ ക്ലാസ്മുറിയിലും ക്രിസ്തുവിന്റെ ക്രൂശിതരൂപം വെക്കണമെന്നു ബെവെറിയൻ സ്കൂൾ വ്യവസ്ഥകൾ നിർബന്ധമായി ആവശ്യപ്പെടുന്നു. എന്നിരുന്നാലും, മതസ്വാതന്ത്യം ഉറപ്പുനൽകുന്ന ജർമനിയുടെ അടിസ്ഥാന നിയമത്തിനു ചേർച്ചയിലല്ല എന്നതിനാൽ ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് ഈ വ്യവസ്ഥ അസാധുവാണെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കന്നതായി ജർമൻ വർത്തമാനപത്രമായ സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് റിപ്പോർട്ടു ചെയ്യുന്നു. “നമ്മുടെ ജനത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനം” എന്നു കൊളോണിലെ ആർച്ച് ബിഷപ്പ് മൈസ്നെർ വിലപിക്കുന്നതായി വെസ്റ്റ്ഫാളിസ്ച്ച് ഓൾജെമൈൻ റ്റ്സൈറ്റുങ പറയുകയുണ്ടായി. തീരുമാനത്തെക്കാളധികം വിവാദത്തിൽ ചിലർ കൂടുതൽ അത്ഭുതപ്പെട്ടു. ഏതായാലും, ജർമൻ സമൂഹം “സമ്പൂർണമായി മതേതരമാക്കപ്പെട്ടിരിക്കുന്നെന്നും ഭൗതികത്വത്തിനും ഉപഭോക്തൃസംസ്കാരത്തിനും കലർപ്പില്ലാത്ത തന്മയീകരണത്തിനും ആദരവ് അർപ്പിക്കുന്നുവെന്നും” ഹംബർഗ് പത്രമായ ഡി റ്റ്സൈറ്റ് എഴുതുന്നു.