ആരോഗ്യവും പരിസ്ഥിതിയും
നൈജീരിയയിലെ ഉണരുക! ലേഖകൻ
ഓരോ വർഷവും ലോകവ്യാപകമായി 4.9 കോടി ആളുകൾ മരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയൂഎച്ച്ഒ) ഒരു റിപ്പോർട്ടനുസരിച്ച് ഇവയിൽ 75 ശതമാനവും അകാലമരണങ്ങളാണ്. ഇതിന്റെ കാരണം മോശമായ പരിസ്ഥിതിയോടും ജീവിതരീതിയോടും ബന്ധപ്പെട്ടിരിക്കുന്നു. ചില ഉദാഹരണങ്ങൾ പരിഗണിക്കുക:
◼ കാൻസർ 50 ലക്ഷം ആളുകളെ ഓരോ വർഷവും കൊല്ലുന്നു. ഇവയിൽ ഭൂരിഭാഗവും “കഴിഞ്ഞ 30 വർഷത്തെ വമ്പിച്ച പുകവലി വർധനവിൻമേൽ നേരിട്ട് ആരോപിക്കാവുന്നതാണ്” എന്ന് ഡബ്ലിയൂഎച്ച്ഒ റിപ്പോർട്ടു ചെയ്യുന്നു.
◼ അതിസാര രോഗങ്ങൾ പ്രതിവർഷം 30 ലക്ഷത്തിലധികം കുട്ടികളെ കൊല്ലുന്നു. മിക്കപ്പോഴും ഇതിനു കാരണം മലീമസമാക്കപ്പെട്ട ഭക്ഷണവും വെള്ളവും കൂടാതെ ശരിയായ ശുദ്ധീകരണത്തിന്റെയും അഭാവവുമാണ്.
◼ ക്ഷയരോഗം വർഷംതോറും 30 ലക്ഷം സംഹരിക്കുന്നു. ഈ രോഗം ദാരിദ്ര്യത്തിന്റെയും ജനബാഹുല്യത്തിന്റെയും അവസ്ഥകളിൽ, പ്രത്യേകിച്ചും മോശമായ ശുചീകരണമുള്ള സ്ഥലങ്ങളിൽ തഴച്ചുവളരുന്നു.
◼ ശ്വസനസംബന്ധമായ രോഗപ്പകർച്ച, പ്രധാനമായും ന്യുമോണിയ, ഓരോ വർഷവും അഞ്ചു വയസ്സിൽ താഴെയുള്ള 35 ലക്ഷം കുട്ടികളെ കൊല്ലുന്നു. മിക്കവരും ഉയർന്ന അളവിലുള്ള വായൂമലിനീകരണത്തെ അഭിമുഖീകരിക്കുന്ന നഗരവാസികളാണ്.
ഈ വിപത്തുകൾക്കു പുറമേ പ്രതിവർഷം 250 കോടി ആളുകൾ, അതായത് ലോകജനസംഖ്യയുടെ പകുതിയോടടുത്ത് ആളുകൾ, അപര്യാപ്തമോ മലീമസമാക്കപ്പെട്ടതോ ആയ വെള്ളത്തിൽനിന്നോ മോശമായ ശുചീകരണ സംവിധാനം നിമിത്തമോ ഉടലെടുക്കുന്ന രോഗങ്ങളാൽ കഷ്ടപ്പെടുന്നു. കൂടുതലായി, അമ്ലമഴ, ദുർബലീകരിക്കപ്പെട്ട ഓസോൺ പാളി, ആഗോള ഊഷ്മാവുവർധനവ് തുടങ്ങിയ വർത്തമാനകാല സംഗതികളെയും ഡബ്ലിയൂഎച്ച്ഒ അനേകരുടെയും ആരോഗ്യക്ഷയിക്കലുമായി ബന്ധപ്പെടുത്തുന്നു. ആകമാനം 200 കോടിയിലധികം ആളുകൾ ജീവനെ ഭീഷണിപ്പെടുത്തുന്നതോ ആരോഗ്യത്തെ ഭീഷണിപ്പെടുത്തുന്നതോ ആയ പരിസ്ഥിതികളിൽ ജീവിക്കുന്നതായി ഡബ്ലിയൂഎച്ച്ഒ റിപ്പോർട്ട് അഭിപ്രായപ്പെട്ടു.
ഡബ്ലിയൂഎച്ച്ഒ-യുടെ ഡയറക്ടർ ജനറലായ ഡോ. ഹിരോഷി നാക്കാജിമാ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “നാം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഭൂമിയുടെയും അതിലെ നിവാസികളുടെയും പ്രതിസന്ധി, മേലാൽ നിലനിർത്താൻ കഴിയാത്ത ഒരു പരിസ്ഥിതിയോടെ, സഹിക്കാനാവാത്തവിധം രൂക്ഷമായിത്തീരും.”
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ഒരു സമയം ഉണ്ടായിരിക്കുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 33:24) ഇതു മാനുഷ ശ്രമത്താൽ ആയിരിക്കില്ല, മറിച്ചു രോഗങ്ങളെയും അതിന്റെ കാരണത്തെയും ഉൻമൂലനം ചെയ്യുന്ന ദൈവരാജ്യത്താലായിരിക്കും നിവർത്തിക്കപ്പെടുന്നത്.—വെളിപ്പാടു 21:3, 4.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Godo-Foto