മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?
ഇന്ത്യയിലെ ഉണരുക! ലേഖകൻ
നിങ്ങൾക്കാഗ്രഹമുണ്ടോ? പ്രായപൂർത്തിയായ മിക്കവരും ഇല്ല എന്ന് ഉത്തരം പറയും. എന്നാൽ ഒരു കുട്ടി അങ്ങനെ പറയില്ല. മൂർഖനെയടക്ക പാമ്പുകളെക്കുറിച്ചുള്ള ഭയം കുട്ടികളിലുള്ള ഒരു സഹജലക്ഷണമല്ല. മൃഗങ്ങളിൽ പോലും അതില്ല. ആശ്രയയോഗ്യമല്ലാത്ത വൃത്താന്തങ്ങളും അതിശയോക്തിഭരിതമായ കഥകളും പഴമ്പുരാണങ്ങളും തെറ്റിദ്ധാരണകളും പാമ്പുകളോടുള്ള അപ്രീതിക്കു കാരണമായേക്കാം.
തീർച്ചയായും, മൂർഖനെ കണ്ടുമുട്ടാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുമ്പോൾ സുരക്ഷിതമായ ഒരകലത്തിൽ നിന്നുകൊണ്ടെന്നാണു ഞങ്ങൾ അർഥമാക്കുന്നത്! മൂർഖൻപാമ്പുകൾ വളരെ വിഷമുള്ളതാണ്. അതിനാൽ ഒന്നിന്റെയരികിൽച്ചെന്ന് അതിനെ തലോടുവാനായി കൈനീട്ടാൻ നാം ആഗ്രഹിക്കുന്നില്ല. തന്നെയുമല്ല, നമ്മെ അഭിവാദ്യം ചെയ്യുന്നതിനായി മൂർഖൻ അവിടെ കാത്തുനിൽക്കാനും പോകുന്നില്ല; നാം നടന്നടുക്കുന്ന ശബ്ദം കേൾക്കുമ്പോൾത്തന്നെ സുരക്ഷിതമായ ഒരു ഒളിസങ്കേതത്തിലേക്ക് അതു തിടുക്കത്തിൽ പലായനം ചെയ്യും. അതിനാൽ രസപ്രദനായ ഈ ജീവിയെക്കുറിച്ചുള്ള രസകരമായ ചില വിവരങ്ങൾ പഠിച്ചുകൊണ്ടു മൂർഖനെ കണ്ടതായി നമുക്കു തൃപ്തിപ്പെടാം.
സെർപെൻറിസ് എന്ന ഉപവർഗത്തിലും ചാലുകീറിയ വിഷപ്പല്ലുകളോടുകൂടിയ പാമ്പുകൾക്കു നൽകിയിരിക്കുന്ന പേരായ ഇലാപിടെ എന്ന കുടുംബത്തിലും പെടുന്ന ഉരഗങ്ങളാണു മൂർഖൻപാമ്പുകൾ. ഓസ്ട്രേലിയയിൽ നിന്നും ഏഷ്യയുടേയും ആഫ്രിക്കയുടേയും ഉഷ്ണമേഖലകളിലൂടെ അറേബ്യയും മിതോഷ്ണമേഖലയും വരെ പലയിടങ്ങളിലായിക്കിടക്കുന്ന മൂർഖൻപാമ്പുകളുടെ ഏതാണ്ട് 12 ഇനങ്ങൾ ഉണ്ട്. മൂർഖൻപാമ്പുകളിൽ ഏറ്റവും ഭീകരൻ രാജവെമ്പാല അല്ലെങ്കിൽ ഹമഡ്രൈയാഡ് ആണ്. മൂന്നുമുതൽ അഞ്ചുവരെ മീറ്റർ നീളമുള്ള ഇതു ലോകത്തിൽ വെച്ച് ഏറ്റവും വലിയ വിഷപ്പാമ്പാണ്. മഴ ധാരാളം ലഭിക്കുന്ന വനങ്ങളിലെയോ ചതുപ്പുനിലങ്ങളിലെയോ ചെറിയ ചെടികളുടെ നിബിഡമായ വളർച്ച ഇഷ്ടപ്പെടുന്നതുകൊണ്ട് ദക്ഷിണചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാൻമാർ, ഇന്ത്യയുടെ ചില ഭാഗങ്ങൾ, എന്നിവിടങ്ങളിലായി അവയെ കണ്ടുവരുന്നു. കടുംകറുപ്പുനിറമുള്ള വാൽ, പ്രായമേറുംതോറും കടുംതവിട്ടായി മാറുന്ന പച്ചകലർന്ന മഞ്ഞനിറമുള്ള ശരീരത്തിൽ വർണങ്ങളോടുകൂടിയ വരകൾ, അതിന്റെ ഫണത്തിൻമേലുള്ള ചെറിയ പുള്ളികളുടെ കൂട്ടങ്ങൾ എന്നിവ അതിനെ കാണാൻ തികച്ചും മനോഹരമാക്കിത്തീർക്കുന്നു.
മൂർഖന്റെ മറ്റിനങ്ങൾ ശരാശരി ഒന്നുമുതൽ രണ്ടുവരെ മീറ്റർ നീളമുള്ളവയാണ്. ഇന്ത്യൻ സ്വദേശിയും അവിടെ പരക്കെയുള്ളതുമാണു കണ്ണാടി മൂർഖൻ. അതിന്റെ ഫണത്തിൽ കണ്ണടയോടു സദൃശമായ അസാധാരണമായ ഒരടയാളമുണ്ട്. അതു കറുത്തതോ കടുംതവിട്ടുനിറമുള്ളതോ മഞ്ഞകലർന്ന വെള്ളയോ ആയിരിക്കാം. കൂടാതെ വീതികൂടിയ കടുംനിറമുള്ള കഴുത്തുപട്ടയും ശരീരത്തിലുടനീളം വെള്ള പുള്ളികളും മഞ്ഞ വരകളും ഇതിനുണ്ട്. ശ്രീലങ്കയിലും അതുപോലെത്തന്നെ ഇന്ത്യയുടെ കിഴക്കുഭാഗത്തും വടക്കുകിഴക്കൻ ഭാഗത്തുമായി കണ്ടുവരുന്ന ഒറ്റക്കണ്ണാടി മൂർഖൻ നിറം മങ്ങിയതാണ്. കുറച്ചുകൂടെ ചെറിയതും വൃത്താകാരവുമായ ഇതിന്റെ ഫണത്തിന്മേൽ വെളുത്തനിറത്തിലുള്ള ഒരൊറ്റ വട്ടമേ ഉള്ളൂ. അതിന് അങ്ങനെയൊരു പേരു ലഭിച്ചതും ഇക്കാരണത്താലാണ്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറും പാക്കിസ്ഥാനിലുമായി കടുംകറുപ്പുനിറമുള്ള ഒരു മൂർഖനെ നാം കാണുന്നു. ആഫ്രിക്കയിൽ മറ്റുള്ളവയുടെകൂട്ടത്തിൽ തുപ്പുന്ന മൂർഖനും റിംഗൽസ് എന്ന ഈജിപ്ഷ്യൻ മൂർഖനും ഉണ്ട്. സാധ്യതയനുസരിച്ചു രണ്ടാമതു പറഞ്ഞ, കടുത്തനിറത്തോടുകൂടിയ വീതികുറഞ്ഞ ഫണമുള്ള പാമ്പായ ആസ്പിനെയാണു ക്ലിയോപാട്ര രാജ്ഞിയുടെ മരണവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.
പാമ്പുകൾ അവയുടെ സ്വന്ത ഇനത്തിൽ പെട്ടവയുമായി മാത്രമേ ഇണചേരുകയുള്ളൂ. അസാധാരണമായ ഒരു പരിമളഗന്ധത്താൽ ആകർഷിക്കപ്പെട്ടാണ് അവ ഇണചേരുന്നത്. ആണും പെണ്ണും മിക്കപ്പോഴും ഒരുമിച്ചു ജീവിച്ചുകൊണ്ട് മൂർഖൻ മറ്റു പാമ്പുകളെക്കാൾ കൂടുതൽ കുടുംബതാത്പര്യം കാണിക്കുന്നു. കൂടുണ്ടാക്കുന്ന അപൂർവം ചില പാമ്പുകളിൽ ഒന്നാണു പെൺരാജവെമ്പാല. അവൾ പൊഴിഞ്ഞ ഇലകൾ തടുത്തുകൂട്ടി ഏകദേശം 30 സെൻറിമീറ്റർ ഉയരത്തിൽ കൂനകൂട്ടുകയും അതിൽ 20 മുതൽ 30 വരെ മുട്ടകളോളം നിക്ഷേപിക്കുകയും ചെയ്യുന്നു. അതിനുശേഷം ആ കൂനയ്ക്കു ചുറ്റും അവളുടെ ശരീരം വളച്ചുവെച്ച് ആഹാരം പോലുമില്ലാതെ രണ്ടുമാസത്തോളം അടയിരിക്കുന്നു. ഈ സമയത്തു മിക്കപ്പോഴും ആൺപാമ്പും വളരെയടുത്തുതന്നെയുണ്ടാവും. മറ്റു മൂർഖൻപാമ്പുകൾ കൂടുണ്ടാക്കാതെ തങ്ങളുടെ മുട്ടകൾക്കരികെ കാവൽ നിൽക്കുന്നു.
മുട്ടത്തോടു കുത്തിപ്പൊളിച്ച് പുറത്തുവരുന്നതിനു പാമ്പിൻകുഞ്ഞുങ്ങൾ ചുണ്ടിലുള്ള ഒരു കൂർത്ത മുന ഉപയോഗിക്കുന്നു. ഇതു പിന്നീടു കൊഴിഞ്ഞുപോകുന്നു. മുഴുവനായി വികാസം പ്രാപിച്ച വിഷഗ്രന്ധികളോടും വിഷപ്പല്ലുകളോടും കൂടെ അവ പുറത്തേക്കു വരുന്നു. ഇപ്പോൾ അവ തീർത്തും സ്വതന്ത്രരാണ്. അവ കൂടെക്കൂടെ നാക്കു പുറത്തേക്കു നീട്ടിക്കൊണ്ടു ചുറ്റുപാടു മനസ്സിലാക്കുകയും അണ്ണാക്കിലുള്ള ജേക്കബ്സൺസ് ഓർഗൻ എന്ന ഒന്നിലേക്കു രാസവിവരങ്ങൾ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇതു ഘ്രാണശക്തിയുമായി ബന്ധപ്പെട്ടതാണ്; സ്വാദിന്റേയും വാസനയുടേയും സംയോഗം അതിന്റെ ഇരയെ അനുധാവനം ചെയ്യുന്നതിനോ ഒരിണയെ കണ്ടുപിടിക്കുന്നതിനോ അല്ലെങ്കിൽ ഇരപിടിയന്മാരിൽനിന്നും രക്ഷപ്പെടുന്നതിനോ പാമ്പിനെ സഹായിക്കുന്നു.
പാമ്പിൻകുഞ്ഞ് വളരെ വേഗത്തിൽ വലുതാവുകയും കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ വളരെ ഇറുകിപ്പിടിച്ചിരിക്കുന്ന അതിന്റെ പുറംതോൽ പൊഴിച്ചുകളയുകയും ചെയ്യുന്നു. ഇരുപതു വർഷത്തിലേറെ വരുന്ന അതിന്റെ ജീവിതകാലം മുഴുവൻ അതു വളർന്നുകൊണ്ടേയിരിക്കുന്നതിനാൽ അസാധാരണമായ ഈ കാഴ്ച ഇടവിടാതെ ആവർത്തിക്കപ്പെടുന്നു. പടം പൊഴിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുമ്പായി പാമ്പിന്റെ ചുറുചുറുക്കു നഷ്ടപ്പെടുന്നു. കൂടാതെ അതിന്റെ തുകൽ മങ്ങുകയും കണ്ണുകൾ ഇളംനീലനിറമായി മാറുകയും ചെയ്യുന്നു. പിന്നീടു പെട്ടെന്നുതന്നെ കണ്ണുകൾ തെളിയുകയും അതിന്റെ തല കല്ലുകളിന്മേൽ ഉരച്ചുകൊണ്ടു പാമ്പു തന്റെ പഴയ തുകൽ വായുടെ അരികിലായി ചീന്തുന്നു. അതിനുശേഷം കണ്ണിനു മുകളിലായുള്ള നേർത്ത പാടമുതൽ വാൽവരെയുള്ള തുകൽ, തിരിഞ്ഞുമറിഞ്ഞു പോരുമ്പോൾ, പാമ്പ് അക്ഷരീയമായിത്തന്നെ തന്റെ തുകലിനുള്ളിൽ നിന്നും പുറത്തേക്കിഴഞ്ഞു പോകുന്നു. ഇപ്പോൾ ചുറുചുറുക്കുള്ള തിളങ്ങുന്ന ഒരു പുതിയ പാമ്പ് തന്റെ സാധാരണ കർമങ്ങൾക്കായി പോകാൻ തയ്യാറായിരിക്കുകയാണ്.
അന്തരീക്ഷത്തിന്റെ താപനില മൂർഖൻപാമ്പുകളെ വല്ലാതെ ബാധിക്കുന്നു. തണുത്ത കാലാവസ്ഥയിൽ അവ മന്ദഗതിയിലോ അല്ലെങ്കിൽ ആകെ മരവിച്ച അവസ്ഥയിലോ ആകുന്നു. താപനില ഉയരുമ്പോൾ മാത്രമേ വീണ്ടും ഉഷാറാവുകയുള്ളൂ. ചൂട് കൂടിയാൽ അവ ചത്തുപോകാം. പാമ്പുകളെ തിന്നുന്ന രാജവെമ്പാല ഒഴികെ മറ്റുള്ളവ എലികൾ, ചുണ്ടെലികൾ, തവളകൾ, പല്ലികൾ, പക്ഷികൾ, മറ്റു ചെറിയജീവികൾ എന്നിവയെ തിന്നുന്നു. ഇരയെ പിടിച്ചു കഴിഞ്ഞാൽ വിഷം കുത്തിവെച്ച് അതിനെ നിശ്ചലാവസ്ഥയിലാക്കുന്നു. മൂർഖന് ആഹാരം ചവയ്ക്കുന്നതിനുള്ള കഴിവില്ലാത്തതിനാൽ അതിനെ മുഴുവനായി വിഴുങ്ങുന്നു. തൊലിയുടെ ഇലാസ്തികതയും താടിയെല്ലിന്റെ വഴക്കവും മൂലം അതിന്റെ തലയെക്കാൾ രണ്ടോ മൂന്നോ ഇരട്ടി വലിപ്പമുള്ള ഒരു മൃഗത്തെ വിഴുങ്ങാൻ അതിനു സാധിക്കുന്നു. വായിൽ ഇര നിറഞ്ഞിരിക്കുമ്പോൾ, പാമ്പ് ശ്വസിക്കുന്നത് ഒരു നീന്തൽക്കാരൻ സ്നോർക്കിൽ ഉപയോഗിക്കുന്നതു പോലെയാണ്. ശ്വാസനാളത്തിന്റെ കവാടം വായിലിരിക്കുന്ന ഇരയ്ക്കുമപ്പുറത്തേക്കു നീട്ടി അതു ശ്വാസംകഴിക്കുന്നു. ഇപ്പോൾ, പുറകോട്ടു വളഞ്ഞിരിക്കുന്ന പല്ലുകളുടെ നിര ഇരയെ പാമ്പിന്റെ ശരീരത്തിനകത്തേക്കു നീക്കുന്നു. ആഹാരം പതുക്കെ ദഹിപ്പിക്കുന്നതിന് അത് ഒരൊഴിഞ്ഞ സ്ഥലത്തേക്കു പിന്മാറുന്നു. ചിലപ്പോൾ അതു ദിവസങ്ങളോളം ഒന്നും കഴിക്കാതിരുന്നെന്നും വരാം. തന്റെ ശരീരത്തിലെ കൊഴുപ്പു വലിച്ചെടുത്തുകൊണ്ടു മാസങ്ങളോളം ഒന്നും തിന്നാതെ ജീവിക്കാൻ മൂർഖനു കഴിയും.
പാമ്പുകൾ ജാഗ്രതയുള്ളവയാണ്. (മത്തായി 10:16 കാണുക.) ഒരുപക്ഷേ പാറയ്ക്കടിയിലേക്കോ തന്റെ എലിമാളത്തിലേക്കോ ഇഴഞ്ഞുകയറി രക്ഷപ്പെടുന്നതോ കണ്ടുപിടിക്കപ്പെടാതിരിക്കാൻ നിശ്ചലമായി കിടക്കുന്നതോ ആണ് മൂർഖന്റെ പ്രതിരോധശ്രമങ്ങൾ. ഏറ്റുമുട്ടുമ്പോൾ അതു ഫണം വിടർത്തി നിവർന്നുനിന്നുകൊണ്ടു തന്റെ ശത്രുവിനെ പേടിപ്പിക്കാൻ സീൽക്കാരം പുറപ്പെടുവിക്കുന്നു. കടിക്കുന്നത് അവസാനത്തെ ഒരവലംബമാണ്.
സർപ്പദംശനം
ആഫ്രിക്കയുടെയും ഏഷ്യയുടെയും നാട്ടിൻപുറങ്ങളിൽ നടക്കുന്ന സർപ്പദംശനം പലപ്പോഴും റിപ്പോർട്ടു ചെയ്യപ്പെടാതെ പോകുന്നു. എന്നാൽ ഓരോ വർഷവും ലോകവ്യാപകമായി ഏതാണ്ടു പത്തുലക്ഷം ആളുകൾക്കു സർപ്പദംശനമേൽക്കുന്നതായി വെളിവാകുന്നു. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ അത്യാഹിതം സംഭവിക്കുന്നത് ഇന്ത്യയിലാണ്. ഒരുപക്ഷേ ഭൂരിഭാഗവും കണ്ണാടി മൂർഖനിൽ നിന്നായിരിക്കാം—വർഷത്തിൽ 10,000-ത്തിനടുത്ത് വരുന്നു. മൂർഖനിൽനിന്നുള്ള ദംശനങ്ങളിൽ ഏതാണ്ടു പത്തു ശതമാനം പ്രാണഹാനി ഉളവാക്കുന്നതാണെന്നു തെളിയുന്നു.
മൂർഖൻ മിക്ക പാമ്പുകളെക്കാളും വേഗത കുറഞ്ഞതാണ്; ഇതിന്റെ മുഖ്യശത്രുക്കളിലൊന്നായ വേഗതയുള്ള കീരിക്ക് അതിനെ കൗശലപൂർവം തോൽപ്പിക്കാൻ സാധിക്കും. കീരി പാമ്പിനു നേരെ കുതിക്കുകയും പിന്നീടു തെരുതെരെയുള്ള ആക്രമണത്തിന്റേതായ കൊത്തുകളിൽനിന്നും തെന്നിമാറുകയും ചെയ്യുന്നു. അങ്ങനെ എതിരിടാൻ മടിച്ചുകൊണ്ടു പാമ്പ് ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാകുന്നു. ഫണത്തിന്റെ പുറകിൽനിന്നും ആക്രമിച്ചുകൊണ്ടു കീരി അതിന്റെ കഴുത്തൊടിക്കുന്നു. പല പാമ്പുകളും ചുരുണ്ടുകൂടിയ നിലയിൽ കിടന്നാണു കൊത്തുന്നത്. അതുകൊണ്ട് അവയ്ക്ക് എത്ര ദൂരംവരെ എത്താൻ സാധിക്കുമെന്ന് അറിയുക ബുദ്ധിമുട്ടാണ്. എന്നാൽ ഒരു മൂർഖൻ അതിന്റെ ശരീരം ഉയർത്തി നേരെ കൊത്തുന്നു. ദൂരം കണക്കുകൂട്ടുന്നതിനും അതിന്റെ താരതമ്യേന കുറഞ്ഞ വേഗതനിമിത്തം ആക്രമണപരിധിയിൽനിന്നു നീങ്ങിപ്പോകുന്നതിനും സാധിക്കും.
റിംഗൽസ്, ദക്ഷിണാഫ്രിക്കയിലെ കറുത്ത കഴുത്തോടുകൂടിയ മൂർഖൻ, ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള മൂർഖൻ എന്നിങ്ങനെയുള്ള മൂർഖൻപാമ്പുകൾ വിഷം ചീറ്റിക്കൊണ്ടാണു സ്വയം സംരക്ഷിക്കുന്നത്. എഴുന്നുനിന്ന് അതിന്റെ വിഷപ്പല്ലുകൾ ഇരയ്ക്കു നേരെ ചൂണ്ടിക്കൊണ്ടു പുറത്തുവിടുന്ന വായുവിനോടൊപ്പം രണ്ടുമീറ്ററിലധികം ദൂരത്തേക്കു നല്ല രണ്ടു സ്പ്രേ വിഷം ചീറ്റാൻ സാധിക്കും. തൊലിപ്പുറത്ത് ഇതൊരു കുഴപ്പവും വരുത്തില്ല. എന്നാൽ ഇതു കണ്ണിനകത്തു പോയാൽ താത്കാലികമായ അന്ധതയോ പെട്ടെന്നു കഴുകിക്കളഞ്ഞില്ലെങ്കിൽ സ്ഥിരമായ അന്ധതയോ വരുത്തിയേക്കാം. വിചിത്രമായി, പാമ്പിനു കണ്ണുകളെ ലക്ഷ്യമാക്കാൻ കഴിയുന്നതായി കാണപ്പെടുന്നു.
ഒരു മൂർഖൻ നിങ്ങളെ കടിച്ചുവെന്നിരിക്കട്ടെ, നിങ്ങൾ എന്തു ചെയ്യും? പാമ്പിന്റെ ചെന്നിയിലുള്ള വിഷഗ്രന്ഥിയിൽനിന്നും, താടിയെല്ലിന്റെ മുൻനിരയിലായി ആഴത്തിൽ ഉറപ്പിച്ചിരിക്കുന്ന സുഷിരങ്ങളോടുകൂടിയ ചെറിയ രണ്ടു വിഷപ്പല്ലുകളിലൂടെ വിഷം പുറത്തക്കു തള്ളപ്പെടുന്നു. ഈ വിഷപ്പല്ലുകൾ ത്വക്കിനെ തുളച്ചുകൊണ്ടു കുത്തിവെയ്പിനുപയോഗിക്കുന്ന ഒരു സിറിഞ്ചു ചെയ്യുന്നതുപോലെ വിഷം അകത്തേക്കു കുത്തിവെക്കുന്നു. സർപ്പദംശനത്തിനുള്ള ഏക പ്രതിവിധി നാലു വിഷപ്പാമ്പുകളുടെ വിഷത്തിൽ നിന്നും തയ്യാറാക്കപ്പെടുന്ന ആൻറിവെനിൻ ആണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ആൻറിവെനിൻ വൻതോതിൽ ഉപയോഗിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയായിരുന്നു. താഴ്ന്ന ഊഷ്മാവിൽ പരിരക്ഷിക്കപ്പെടാതെതന്നെ ആൻറിവെനിൻ പൊടി അഞ്ചു വർഷത്തേക്കു ഫലപ്രദമാണ്; പൂർവഘടനയിലാക്കിയാണ് അതു കുത്തിവെക്കുന്നത്.
കടി കൊണ്ടിടത്തു വേദനയും തടിപ്പും, മങ്ങിയ കാഴ്ച, ശരിക്കു നിൽക്കാൻ സാധിക്കാതെ വരിക, ശബ്ദനാളത്തിന്റെ തളർച്ച, വേഗത കുറഞ്ഞുവരുന്ന ശ്വാസോച്ഛ്വാസം എന്നിവയാണു മൂർഖന്റെ കടിയുടെ ലക്ഷണങ്ങൾ. കൂടിയ അളവിൽ വിഷബാധയേൽക്കുകയും ചികിത്സ ഒന്നും ലഭിക്കാതിരിക്കുകയും ചെയ്താൽ ഏതാണ്ടു രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിക്കും.
പാമ്പാട്ടി
വളരെ പഴക്കംചെന്ന ഒരു വിനോദമാണു പാമ്പാട്ടം. ഏറിയകൂറും പൗരസ്ത്യദേശങ്ങളിലാണ് അനുഷ്ഠിക്കപ്പെടുന്നതെങ്കിലും ചില പാശ്ചാത്യ സർക്കസുകൾ ഇതു തങ്ങളുടെ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അസാധാരണമായ ഫണവും സഹജമായ ഊർജസ്വലതയും നിമിത്തം ഉപയോഗിക്കപ്പെടുന്നവയിൽ ഏറ്റവും പ്രചാരത്തിലുള്ളതു കണ്ണാടി മൂർഖനാണ്. റോയൽ സ്നേക്ക്, റെഡ് സാൻഡ് ബോവ എന്നിവയെപ്പോലെ പകിട്ടാർന്ന മറ്റു പാമ്പുകളും ഉപയോഗിക്കപ്പെടുന്നു. പ്രദർശനവിദഗ്ധനായ പാമ്പാട്ടി തന്റെ കുഴലൂതുമ്പോൾ മൂർഖൻ കുട്ടയിൽനിന്നു ഫണംവിടർത്തിക്കൊണ്ട് അതിന്റെ സാധാരണനിലയിൽ എഴുന്നേറ്റു നിൽക്കുന്നു. പാമ്പാട്ടിയുടെ ചലനങ്ങൾ പാമ്പിൽ പ്രതികരണമുളവാക്കുന്നു. അയാളുടെമേൽ കണ്ണുനട്ട് ആക്രമിക്കാൻ തക്കവണ്ണം എപ്പോഴും തയ്യാറായി അതു നിൽക്കുന്നു. പാമ്പാട്ടികൾ ഉപയോഗിക്കുന്ന മിക്ക മൂർഖൻ പാമ്പുകളുടെയും വിഷപ്പല്ലുകൾ പറിച്ചുകളഞ്ഞിരിക്കും. എന്നാൽ ചിലർ വിഷപ്പാമ്പുകളെ ഉപയോഗിക്കാൻ സാഹസപ്പെടുന്നു.
പ്രാചീന ഭാരതത്തിൽ ഊടാടിയായ പാമ്പാട്ടി മതപരമായ വിശ്വാസങ്ങളും കെട്ടുകഥകളും പറയുന്നവനായിരുന്നു. ഇത് അയാൾക്കു ജനസമ്മതി നേടിക്കൊടുത്തിരുന്നു. ക്യാമറാ പ്രേമികളായ വിനോദസഞ്ചാരികളുടെ അടിക്കടിയുള്ള സന്ദർശനംമൂലം ഇക്കാലത്തു ഹോട്ടലുകൾക്കു വെളിയിൽ പ്രകടനം നടത്തുന്നതാണു കൂടുതൽ ലാഭകരം. ചില പാമ്പാട്ടികൾ ഭവനങ്ങൾ സന്ദർശിച്ച് വീട്ടുകാരനെ, അയാളുടെ വലിയ പൂന്തോട്ടം പാമ്പുകളുടെ വിഹാരകേന്ദ്രമായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ധരിപ്പിക്കുന്നു. പറഞ്ഞൊപ്പിച്ച ഒരു തുകയ്ക്ക് അവയെ പിടിക്കാമെന്ന് അയാൾ വാഗ്ദാനം ചെയ്യുന്നു. അയാൾ കുറ്റിക്കാട്ടിനുള്ളിൽ അപ്രത്യക്ഷനാകുന്നു. കുഴലൂത്തു നടത്തി കുറച്ചുസമയത്തിനുശേഷം ഒരു സഞ്ചി നിറയെ പാമ്പുകളുമായി അയാൾ മടങ്ങിവരുന്നു. വീട്ടുകാരന് അയാളുടെമേൽ ഒരു കണ്ണുണ്ടായിരിക്കുന്നതും കുറഞ്ഞപക്ഷം അയാൾ തന്നോടൊപ്പം ഒരു സഞ്ചി പാമ്പുകളെ കൊണ്ടുവന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും തീർച്ചയായും ബുദ്ധിയായിരിക്കും!
സർപ്പ വാടികകൾ അറിവു പകരുന്നു
സർപ്പ വാടികകൾ ഇഴജന്തുക്കളിന്മേലുള്ള താത്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അവ ഗവേഷണം സ്പോൺസർ ചെയ്യുകയും സർപ്പദംശനമേൽക്കുന്നതു തടയുന്നതിനെയും ചികിത്സിച്ചു ഭേദമാക്കുന്നതിനെയും സംബന്ധിച്ച അറിവു പകരുകയും ചെയ്യുന്നു. കൂടാതെ മനുഷ്യന്റെ അത്യാർത്തിയിൽനിന്നും അറിവില്ലായ്മയിൽനിന്നും പാമ്പുകളെ സംരക്ഷിക്കുന്നതിനു വേണ്ടിയും പരിശ്രമിക്കുന്നു. ബെൽറ്റുകൾ, പേഴ്സുകൾ, ഷൂസ് എന്നിവയും സമാനമായ മറ്റ് ആഡംബരവസ്തുക്കളും നിർമിക്കാൻ ഉപയോഗിക്കുന്ന അവയുടെ മനോഹരമായ തുകലിനുവേണ്ടി മൂർഖൻപാമ്പുകളെ കൊല്ലാറുണ്ട്. ഒരു വർഷം ഇന്ത്യയിൽ തുകൽവ്യവസായത്തിനുവേണ്ടി ഒരു കോടിയിലധികം പാമ്പുകളെ കൊന്നിട്ടുണ്ട്. പാമ്പുകളെ കൊന്നയുടൻതന്നെ തോലുരിക്കുന്നു. തുകലിനു നിറം നൽകുന്നതിനുവേണ്ടി ഇന്ത്യയിൽ സസ്യലേപനങ്ങൾ ഉപയോഗിക്കുന്നു. കൂടാതെ അതു തിളക്കമുള്ളതും വെള്ളം വലിച്ചെടുക്കാത്തതും ആക്കിത്തീർക്കുന്നതിനു കണ്ണാടിപോലെ മിനുക്കുകയും ചിലപ്പോൾ അതിന്മേൽ വാർണിഷ് പൂശുകയും ചെയ്യുന്നു.
മൂർഖന്റെ മൂല്യം വളരെ വലുതാണ്. എലികളെയും മറ്റു കീടങ്ങളെയും കൊന്നൊടുക്കിക്കൊണ്ട് അതു ടൺകണക്കിനു ധാന്യം സംരക്ഷിക്കുന്നു. അതിന്റെ വിഷം ആൻറിവെനിനും വേദന സംഹാരികളും കൂടാതെ മറ്റ് ഔഷധങ്ങളും ലഭ്യമാക്കുന്നു. ബോംബെയിലുള്ള ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കാൻസർ കോശങ്ങളിന്മേലുള്ള മൂർഖൻവിഷത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഭംഗിയുള്ള, ഉപകാരിയായ, ജാഗ്രതയുള്ള, സ്വസംരക്ഷണത്തിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും കൈവശമുള്ള മൂർഖനെ കണ്ടുമുട്ടുന്നതിലുള്ള രസം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടോ? അതിനെ അടുത്തറിയുന്നതു ജന്തുലോകത്ത് ഏറെ ദ്വേഷിക്കപ്പെടുന്ന ഒരംഗത്തെ മനസ്സിലാക്കാൻ തക്കവണ്ണം നമ്മെ സഹായിക്കും.
[19-ാം പേജിലെ ചതുരം]
മൂർഖൻപാമ്പിന്റെ ആരാധനയും അന്ധവിശ്വാസവും
പ്രാചീനകാലം മുതൽ നിലവിലുള്ളതാണു മൂർഖൻപാമ്പിന്റെ ആരാധന. പുരാവസ്തുഗവേഷകർ കുഴിച്ചെടുക്കലിലൂടെ വിവരംതന്നിരിക്കുന്ന ഏറ്റവും പഴക്കംചെന്ന മാനവസംസ്കാരങ്ങളിലൊന്നായ മോഹൻജദാരൊവിന്റെ മുദ്രയടയാളങ്ങളിൽ മൂർഖൻപാമ്പുകളെക്കുറിച്ചുള്ള പ്രതിപാദ്യങ്ങൾ ഉള്ളതായി കണ്ടെത്തിയിരിക്കുന്നു. പൊ.യു.മു (പൊതുയുഗത്തിനു മുമ്പ്) മൂന്നാം സഹസ്രാബ്ദംമുതൽ ഇന്നുവരെ ഇന്ത്യയിലുള്ള കോടിക്കണക്കിനാളുകൾ മൂർഖൻപാമ്പുകളെ അന്ധവിശ്വാസപരമായ ഭയാദരവോടെ വീക്ഷിച്ചിരിക്കുന്നു. രസകരമായി, മൂർഖനെപ്പറ്റിയുള്ള പല വൃത്താന്തങ്ങളും വാസ്തവിക ചരിത്രസംഭവങ്ങളെ വളച്ചൊടിച്ചു മെനഞ്ഞെടുത്തിരിക്കുന്ന കെട്ടുകഥകളാണ്.
പ്രപഞ്ചത്തിൽ വെളിച്ചമില്ലാതിരുന്നൊരു സമയത്തെക്കുറിച്ച് ഒരു സൃഷ്ടിപ്പിന്റെ “വൃത്താന്തം” പറയുന്നു. അന്ധകാരമയമായ വിശ്വജലത്തിൽനിന്നും ആദ്യം ഉജ്ജ്വലനായ വിഷ്ണുദേവനും പിന്നീട് സ്വർഗം, ഭൂമി, പാതാളം എന്നിവയും സൃഷ്ടിക്കപ്പെട്ടു. ബാക്കി വന്ന പദാർഥം കൊണ്ടു ശേഷൻ (ശേഷിക്കുന്ന ഭാഗം എന്നർഥമുള്ള) എന്ന ഭീമാകാരനായ മൂർഖനും സൃഷ്ടിക്കപ്പെട്ടു. പുരാണകഥയനുസരിച്ചു ശേഷന് 5 മുതൽ 1,000 വരെ തലകളുണ്ട്. ചുരുണ്ടുകിടക്കുന്ന ശേഷന്റെ പുറത്ത് അതിന്റെ വിടർന്ന പത്തികളുടെ തണലിൽ, വിഷ്ണു പള്ളികൊള്ളുന്നതായി പ്രതിമകൾ ചിത്രീകരിക്കുന്നു. ശേഷൻ കോട്ടുവായിടുന്നതു മൂലമാണു ഭൂകമ്പങ്ങൾ ഉണ്ടാകുന്നതെന്നും കൂടാതെ അതിന്റെ വായിൽനിന്നു വരുന്ന തീയോ അല്ലെങ്കിൽ അതിന്റെ വിഷമോ ഒരു യുഗാന്ത്യത്തിൽ ലോകത്തെ നശിപ്പിക്കുമെന്നും വിചാരിക്കപ്പെടുന്നു.
നാഗലോകം അല്ലെങ്കിൽ പാതാളം എന്ന കീഴ്ലോകത്ത് അധിവസിക്കുന്ന നാഗന്മാർ എന്ന ഒരു മൂർഖൻവർഗത്തെ ഹൈന്ദവപുരാണങ്ങൾ ചിത്രീകരിക്കുന്നു. “പൂർണയുഗ”ത്തിൽ മനുഷ്യരെല്ലാം ശുദ്ധന്മാരായിരുന്നുവെന്നും ഒരൊറ്റ മതം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കൂടാതെ ഭൂതങ്ങളോ നാഗന്മാരോ ഇല്ലായിരുന്നുവെന്നും വാനരദൈവമായ ഹനുമാൻ അവകാശപ്പെടുന്നു. സർപ്പങ്ങൾ ഭൂമിയുടെ സമ്പത്തിന്റെ രക്ഷിതാക്കളായിത്തീർന്നു. കൂടാതെ അപാരമായ അറിവും മാന്ത്രികവിദ്യകളും അവ കൈവശമാക്കിയിരുന്നു. പാൽക്കടൽ കടഞ്ഞ് അമർത്ത്യതയേകുന്ന ഒരുതരം മധുരപാനീയമായ അമൃത് എടുക്കുന്നതിനുവേണ്ടി വാസുകി എന്നും ചിലപ്പോൾ വിളിക്കപ്പെടാറുള്ള ശേഷനെയാണു ദേവന്മാർ ഉപയോഗിച്ചത്. നാഗന്മാരാൽ ഭരിക്കപ്പെടുന്ന കീഴ്ലോകം ഏറ്റവും അഭിലഷണീയമായ ഒരു സ്ഥലമായാണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്; യുദ്ധത്തിൽ മരണമടയുന്ന യോദ്ധാക്കൾക്ക് അവിടെ ഭാവനാതീതമായ സുഖങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.
എന്തൊക്കെയായാലും, എല്ലാ സാങ്കൽപ്പിക മൂർഖൻപാമ്പുകളും അക്രമരഹിതരായി കരുതപ്പെടുന്നില്ല. വിഷ്ണുവിന്റെ ഒരവതാരമായ കൃഷ്ണനും ഒരു വലിയ, ദുഷ്ട രാക്ഷസ മൂർഖനായ കാളിയനും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലിനെക്കുറിച്ച് ഒരു “വൃത്താന്തം” പറയുന്നു. മഹാസർപ്പത്തിന്റെ തലയിൽ തന്റെ പാദങ്ങൾ വെച്ചുകൊണ്ടു വിജയശ്രീലാളിതനായി നിൽക്കുന്ന കൃഷ്ണന്റെ പ്രതിമകളുണ്ട്.
തങ്ങളുടെ കുട്ടികളെ സർപ്പദംശനത്തിൽനിന്നു സംരക്ഷിക്കുന്നതിനായി മാനസ അല്ലെങ്കിൽ ദുർഗമ്മ എന്ന നാഗരാജ്ഞിയെ സ്ത്രീകൾ പൂജിക്കുന്നു. നാഗപഞ്ചമി എന്ന ഉത്സവനാളിൽ സർപ്പഭക്തർ മൂർഖൻപാമ്പുകളുടെ പ്രതിമകളിന്മേലും പാമ്പിൻമാളങ്ങളിലും പാൽ ഒഴിച്ചുകൊടുക്കുന്നു. ചിലപ്പോൾ രക്തം പോലും ഒഴിച്ചുകൊടുക്കാറുണ്ട്. ഒരാൺകുട്ടിയെ ഗർഭംധരിക്കുന്നതിനായി സ്ത്രീകൾ കല്ലുകൊണ്ടോ വെള്ളികൊണ്ടോ ഉള്ള മൂർഖൻപാമ്പുകളുടെ പ്രതിമകളെ പൂജിക്കുകയും അമ്പലങ്ങളിൽ വഴിപാടായി നൽകുകയും ചെയ്യുന്നു.
മൂർഖൻ സിനിമകളിൽ
ഇന്ത്യയിൽ നിർമിക്കുന്ന സിനിമകളിൽ വളരെ പ്രചാരമുള്ള ഒരു വിഷയമാണു പുരാണങ്ങളിലെ മൂർഖൻ—1928 മുതൽ 40 എണ്ണത്തിൽ കൂടുതൽ നിർമിക്കപ്പെട്ടിട്ടുണ്ട്. സാധാരണമായി നന്മയുടെ ഒരു രക്ഷിതാവായും തന്റെ ഭക്തന്മാരുടെ ഒരു സഹായിയായും കൂടാതെ ദുഷ്ടന്മാരുടെ സംഹാരകനായുമാണു മൂർഖനെ ചിത്രീകരിക്കുന്നത്. മനുഷ്യരൂപമെടുക്കാൻ കഴിവുള്ള ഇച്ഛാധാരി മൂർഖൻപാമ്പുകളുടെ പുരാണം ഏറെ പ്രചാരമുള്ളതാണ്. അവയ്ക്ക് ഒരു അർപ്പിത ഇണയുള്ളതായി പറയപ്പെടുന്നു. ഇണ കൊല്ലപ്പെട്ടാൽ മൂർഖനു ചത്തപാമ്പിന്റെ കണ്ണിൽ കൊലയാളിയുടെ രൂപം കാണാൻ സാധിക്കുമെന്നും അങ്ങനെ അതു പ്രതികാരം നടപ്പിലാക്കാനുള്ള വേട്ടയാരംഭിക്കുന്നതായും പറയപ്പെടുന്നു. ഇതു പല സിനിമകൾക്കും ചൂടുള്ള ഒരു വിഷയമായിത്തീരുന്നു. സർപ്പനൃത്തങ്ങൾ കഥയുടെ ഒരു പ്രധാനഭാഗമാണ്; പാമ്പാട്ടിയുടേതു പോലുള്ള സംഗീതത്തോടൊപ്പം തറയിൽക്കിടന്നു പുളഞ്ഞുകൊണ്ടുപോലും നർത്തകർ പാമ്പുകളുടെ ചലനങ്ങളെ അനുകരിക്കുന്നു.
ഇന്ത്യയിലെ രാജസ്ഥാനിൽ ഒരു ഉത്സവത്തിനു ശക്തി എന്ന ഡോക്ക്യുമെന്ററി സിനിമ കാണിക്കുകയുണ്ടായി. ആഗസ്റ്റ്തോറും ലക്ഷക്കണക്കിനു വരുന്ന സർപ്പാരാധകർ ഈ ദിവസം മരുഭൂമിയിൽ ഒന്നിച്ചുകൂടാറുണ്ട്. കത്തുന്ന സൂര്യനുകീഴെ 50 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുന്ന ചൂടിൽ ഇരുമ്പുദണ്ഡുകൾക്കൊണ്ട് അവർ തങ്ങളെത്തന്നെ പ്രഹരിക്കുന്നു. കൂടാതെ ചുട്ടുപഴുത്ത മണലിലൂടെ രണ്ടുകിലോമീറ്ററിലധികം ദൂരത്തിൽ നാഗദേവനായ ഗോഗയുടെ ക്ഷേത്രത്തിലേക്ക് അവർ വയറുകൊണ്ട് ഇഴഞ്ഞുപോകുന്നു. പൊ.യു. പത്താംനൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധനായ ഗോഗരാജാവ്, സർപ്പങ്ങൾ കൂട്ടത്തോടെ വിഹരിക്കുന്ന ഒരിടത്തേക്കു ശത്രുക്കളെ നയിച്ചുകൊണ്ടു മുസ്ളീം ആക്രമണകാരികളിൽനിന്നും തന്റെ ജനത്തെ രക്ഷിച്ചതായി പറയപ്പെടുന്നു. അവിടെവെച്ചു സൈന്യം സർപ്പദംശനമേറ്റു കൂട്ടത്തോടെ സംഹരിക്കപ്പെട്ടുവത്രെ.
[20-ാം പേജിലെ ചതുരം]
മൂർഖൻ രക്ഷിച്ചു
ഇന്ത്യയിലെ സസ്തൂർ ഗ്രാമത്തിലുള്ള രണ്ടു കുടുംബങ്ങൾക്കു മൂർഖനോടു നന്ദിയുണ്ടായിരിക്കേണ്ടതിനു കാരണമുണ്ട്. 1993 സെപ്റ്റംബർ 30-ന് അതിരാവിലെ 3:50-നോടടുത്ത്, ഒരു മൂർഖന്റെ ഉച്ചത്തിലുള്ള സീൽക്കാരം കേട്ടുകൊണ്ടാണ് അവർ ഉണർന്നത്. അത് അവരുടെ വീട്ടിൽനിന്ന് ഇഴഞ്ഞുപോവുകയായിരുന്നു. അതിനെ കൊല്ലുന്നതിനായി അവർ അതിനെ വയലിലേക്ക് ഓടിച്ചു. പുലർച്ച 4:00-ന് മധ്യഭാരതത്തിലെ ഭയാനകമായ ഭൂകമ്പം മിക്കവാറും എല്ലാവരേയുംതന്നെ കൊന്നുകൊണ്ട് അവരുടെ ഗ്രാമത്തെ നിരപ്പാക്കി. മൂർഖന്റെ മുൻകൂട്ടിയുള്ള മുന്നറിയിപ്പു നിമിത്തം ആ രണ്ടു കുടുംബവും അതിജീവിച്ചു!
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഏഷ്യൻ മൂർഖന്റെ മുന്നിൽനിന്നും പിന്നിൽ നിന്നുമുള്ള വീക്ഷണം
ഇൻസെറ്റ്: ഇളംചൂടുള്ള പാറപ്പുറത്തു വെയിൽ കാഞ്ഞുകൊണ്ട് ഒരു കരിമൂർഖൻ ഫണം വിടർത്തി നിൽക്കുന്നു
[കടപ്പാട്]
Pictures on pages 16 to 20: A. N. Jagannatha Rao, Trustee, Madras Snake Park Trust
[18-ാം പേജിലെ ചിത്രങ്ങൾ]
ഒരു കരിമൂർഖന്റെ മുന്നിൽനിന്നും പിന്നിൽനിന്നുമുള്ള വീക്ഷണം