ഷണ്ഡഗായകന്മാർ മതത്തിന്റെ പേരിൽ അംഗച്ഛേദനം
ഷണ്ഡഗായകന്മാർ—ഒരു പുരുഷന്റെ ശരീരത്തോടും എന്നാൽ ഒരു ആൺകുട്ടിയുടെ സ്വരത്തോടും കൂടിയ പുരുഷ ഗായകർ ആയിരുന്നു അവർ. ഷണ്ഡഗായകന്മാരുടെ കാലഘട്ടം തീർച്ചയായും ശോചനീയമായിരുന്നു. ആരായിരുന്നു അവർ? ഉത്തരം ഒരു ഞെട്ടിപ്പിക്കുന്ന ആചാരവുമായി ബന്ധപ്പെട്ടിരിക്കുന്നു—മതത്തിന്റെ പേരിലുള്ള അംഗച്ഛേദനം.
ഷണ്ഡന്മാർ അങ്ങനെ തന്നെ ജനിച്ചേക്കാമെങ്കിലും മിക്കവരും മനുഷ്യരാൽ അങ്ങനെ ആക്കപ്പെടുന്നവരാണ്. ശരീരത്തിന്റെ ആകാരത്തിലും ആകൃതിയിലും അവർ പുരുഷന്മാർ ആണ്, എന്നാൽ അവർക്കു സന്താനോത്പാദനം നടത്തുവാൻ കഴിയുകയില്ല. തിരഞ്ഞെടുപ്പിനാലോ അല്ലെങ്കിൽ ബലപ്രയോഗത്താലോ ശാരീരികവികാസത്തിന്റെ ഏതോ ഘട്ടത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ പിന്നീടുപോലുമോ അവർ ഷണ്ഡന്മാർ ആക്കപ്പെട്ടിരിക്കുന്നു.
എന്തുകൊണ്ടാണു പുരുഷന്മാർ ഈ സമ്പ്രദായത്തിൽ തങ്ങളെത്തന്നെയോ അല്ലെങ്കിൽ മററു പുരുഷന്മാരെയോ അംഗച്ഛേദനംചെയ്യാൻ തീരുമാനിക്കുന്നത്? മിക്കപ്പോഴും മതത്തിന്റെ പേരിലാണ് അവർ അങ്ങനെ ചെയ്തിട്ടുള്ളത്.
ഷണ്ഡന്മാർ പുരാതന ചരിത്രത്തിൽ
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് അസീറിയക്കാർ അംഗച്ഛേദനത്തെ ഒരു ശിക്ഷാരീതിയായി ഉപയോഗിച്ചിരുന്നു. ഈജിപ്തിൽ വ്യഭിചാരത്തിനുള്ള ശിക്ഷ ഇതായിരുന്നു. ഇപ്പോൾ നെതർലൻസിന്റെ ഭാഗമായ പുരാതന ഫ്രിസ്ലാഡിൽ ഒരു ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കുന്ന തസ്ക്കരനു വധശിക്ഷ നൽകുന്നതിനു മുമ്പ് അയാളെ ഷണ്ഡനാക്കിയിരുന്നു.
പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ ചക്രവർത്തിമാരായിരുന്ന ഡൊമീഷ്യന്റെയും നെർവായുടെയും ഭരണകാലത്തു ഷണ്ഡനാക്കൽ റോമിൽ നിരോധിച്ചിരുന്നു. എന്നാൽ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ അതു വീണ്ടും പുനഃസ്ഥാപിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ മഹാനായ ആൽഫ്രട്ട് രാജാവ് ഒമ്പതാം നൂറ്റാണ്ടിൽ നടപ്പിലാക്കിയ നിയമം ഒരു പരിചാരികയെ ബലാൽസംഗം ചെയ്യുന്ന പരിചാരകനെ ഇപ്രകാരം ശിക്ഷിക്കാൻ അനുശാസിച്ചിരുന്നു.
മത കർമങ്ങളിലും ഷണ്ഡന്മാർക്കു സവിശേഷസ്ഥാനം ലഭിച്ചിരുന്നു. എഫേസൂസ് നഗരത്തിലെ അർത്തേമീസ് ദേവിയെ ഷണ്ഡന്മാരും കന്യകമാരും സേവിച്ചിരുന്നു. ഹിരാപൊലിസിലെ സിറിയൻ അസ്റ്റററ്റ് ദേവിയെ ആദരിക്കുന്ന ഉന്മത്ത ആഘോഷങ്ങളിൽ പുരുഷന്മാർ തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കി. പിന്നീടുള്ള ജീവിതകാലം മുഴുവൻ അവർ സ്ത്രീകളുടെ വസ്ത്രം ധരിച്ചിരുന്നു.
“തന്നേത്തന്നെയോ മറ്റൊരുവനെയോ ഷണ്ഡനാക്കുന്നവൻ എന്റെ അനുഗാമികളിൽ ഉൾപ്പെടുകയില്ല” എന്നു മുഹമ്മദ് പ്രഖ്യാപിച്ചു. എന്നിരുന്നാലും ഈ വിലക്കു കൂട്ടാക്കാതെ മുസ്ലീം രാജ്യങ്ങളിൽ അന്തഃപുരങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും പരിരക്ഷകരായ അടിമകൾ എന്നനിലയിൽ ഷണ്ഡന്മാർക്കു വില നിശ്ചയിക്കപ്പെട്ടിരുന്നു. തത്ഫലമായി ഈ അടിമ വ്യാപാരം നിലനിന്നുപോന്നു. സുഡാനിൽനിന്നും സമീപസ്ഥ ഉത്തര ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ചെറുപ്പക്കാർ അടിമ വ്യാപാരികൾക്കു ഭീമമായ ലാഭം നേടിക്കൊടുത്തു.
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ദക്ഷിണ ഈജിപ്ത് സന്ദർശിച്ച യോഹാൻ എൽ. ബുർകൊർട്ട് ഷണ്ഡന്മാരാക്കപ്പെട്ട ആൺകുട്ടികളെ അടിമകൾ എന്നനിലയിൽ വിൽക്കാൻവേണ്ടി ഒരുക്കിനിർത്തിയിരിക്കുന്നതു കണ്ടു. 8 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള ആൺകുട്ടികളിലാണു ശസ്ത്രക്രിയനടത്തപ്പെട്ടത്. കോപ്റ്റിക്ക് സഭയിലെ രണ്ടു പുരോഹിതന്മാരായിരുന്നു ശസ്ത്രക്രിയനടത്തിയത്. “അവരുടെ തൊഴിൽ നിന്ദിതമായിരുന്നു” എന്നു ബുർകൊർട്ട് അഭിപ്രായപ്പെട്ടു.
ഈ സംഭവം ഒരു ചോദ്യം ഉന്നയിക്കുന്നു, ഏതു കാരണങ്ങളാൽ, എത്രത്തോളം ക്രൈസ്തവമണ്ഡലം ഈ നടപടിയിൽ ഉൾപ്പെട്ടിരിക്കുന്നു?
ഷണ്ഡന്മാർ ക്രൈസ്തവമണ്ഡലത്തിൽ
എബ്രായ തിരുവെഴുത്തുകളെ ആറു പംക്തികളിലായി ക്രമീകരിച്ചുകൊണ്ടുള്ള ഹെക്സാപ്ലാ ഭാഷാന്തരത്തിനു പ്രശസ്തിയാർജിച്ച ഒറിജിൻ ജനിച്ചതു പൊ.യു. (പൊതുയുഗം) ഏതാണ്ട് 185-ൽ ആയിരുന്നു. 18-ാം വയസ്സിൽതന്നെ ക്രിസ്ത്യാനിത്വത്തെ സംബന്ധിച്ചുള്ള തന്റെ പ്രഭാഷണങ്ങൾക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. എന്നാൽ സ്ത്രീകൾക്കിടയിലുള്ള തന്റെ ബഹുജനസമ്മതി തെറ്റിദ്ധരിക്കപ്പെടാതിരിക്കുന്നതു സംബന്ധിച്ച് അദ്ദേഹം താത്പര്യം ഉള്ളവനായിരുന്നു. അതുകൊണ്ട്, “സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്” എന്ന യേശുവിന്റെ വാക്കുകളെ അക്ഷരീയമായി എടുത്ത് അദ്ദേഹം തന്നെത്തന്നെ ഷണ്ഡനാക്കി. (മത്തായി 19:12)a അത് അപക്വമായ, നൈമഷീകചിന്തയിലൂന്നിയ ഒരു നടപടി ആയിരുന്നു. പിൽക്കാല വർഷങ്ങളിൽ അതിനെപ്രതി അദ്ദേഹം ആഴമായി മനസ്തപിച്ചു,
രസാവഹമായി, പൊതുയുഗം 325-ലെ നിഖ്യാ കൗൺസിലിന്റെ ഏറ്റവും ആദ്യത്തെ പ്രമാണം തന്നെ തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കുന്നവരെ സ്പഷ്ടമായും പൗരോഹിത്യത്തിൽനിന്നും ഒഴിവാക്കി. ഈ പ്രമേയത്തെ കുറിച്ച് ഡോക്ടർ ജെ. ഡബ്ലിയൂ. സി. വോൺഡ് ഇപ്രകാരം പറയുന്നു: “ഈ സംഗതിയിൽ ചിലർ ഒറിജിന്റെ ദൃഷ്ടാന്തം പിൻപറ്റാനും തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കാനും താത്പര്യം കാണിച്ചിരിക്കുന്നതു സംഭവ്യമാണ് . . . ചില പുറജാതീയ മതഭക്തരുടേതുമായി വളരെയേറെ സ്വഭാവസാമ്യം ഉള്ള ഈ ആചാരം പിന്തുടരാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടാതിരിക്കേണ്ടത് അത്യാവശ്യം ആണ്.”
അത്തരത്തിലുള്ള ഒരു പ്രധാന തീരുമാനം എടുത്തതിലൂടെ ക്രൈസ്തവമണ്ഡലത്തിലെ മതനേതാക്കന്മാർ ഷണ്ഡനാക്കൽ എന്ന വെറുക്കപ്പെട്ട വിവാദവിഷയം എല്ലാക്കാലത്തേക്കുമായി ഇല്ലാതാക്കാൻ ശ്രമിച്ചു. നാം കാണാൻ പോകുന്നതുപോലെ അതു മറ്റൊരു വിധത്തിൽ തിരിഞ്ഞു. ആദ്യമായി പിൻവരുന്ന പ്രസിദ്ധമായ വൃത്താന്തം പരിഗണിക്കുക.
1118-ാം ആണ്ടിൽ തത്ത്വചിന്തകനും ദൈവശാസ്ത്ര വിദ്യാർഥിയുമായ പീറ്റർ അബ്ലാഡ് താൻ രഹസ്യമായി പഠിപ്പിച്ചുകൊണ്ടിരുന്ന ഹിലോയിസ് എന്ന യുവതിയിൽ അനുരക്തനായി. അബ്ലാഡ് പട്ടം സ്വീകരിച്ചിട്ടില്ലാതിരുന്നതിനാൽ ബ്രഹ്മചര്യത്തിന്റെ പ്രതിജ്ഞയിൻ കീഴിലായിരുന്നില്ല. അതുകൊണ്ട് അവർ രഹസ്യമായി വിവാഹിതരാകുകയും അവർക്ക് ഒരു ആൺകുട്ടി ജനിക്കുകയും ചെയ്തു. പാരീസിലെ റോമൻ കത്തോലിക്കാ ദേവാലയത്തിലെ ഒരു കാനോനായിരുന്ന, ഹിലോയിസിന്റെ അങ്കിൾ അവൾ വഞ്ചിക്കപ്പെട്ടു എന്നു ചിന്തിക്കുകയും അബ്ലാഡിനെ ബലമായി ഷണ്ഡനാക്കുകയും ചെയ്തു. സഭയുടെ ഉന്നത സ്ഥാനത്തുള്ള ഒരു ഉദ്യോഗസ്ഥനിൽനിന്ന് ഉത്ഭൂതമായ ഈ കിരാത നടപടി അതിൽ ഉൾപ്പെട്ട രണ്ടു കുറ്റവാളികൾക്ക് അതേ ശിക്ഷ നൽകികൊണ്ടു പ്രതികാരം ചെയ്യുന്നതിലേക്കു നയിച്ചു.
അങ്ങനെ ഷണ്ഡനാക്കൽ അപ്പോഴും ചില പ്രത്യേക സാഹചര്യങ്ങളിൽ അംഗീകാരയോഗ്യമായ ഒരു ശിക്ഷാമാർഗം ആയിരുന്നു. എന്നാൽ ഈ ഭക്തികെട്ട ആചാരം പെട്ടെന്നുതന്നെ റോമൻ കത്തോലിക്കാ സഭയിൽ ദേവാലയ ഗാനങ്ങളെപ്രതി പ്രോത്സാഹിപ്പിക്കപ്പെടാൻ പോവുകയായിരുന്നു.
ദേവാലയ ഗായകസംഘങ്ങൾ
പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെയും റോമൻ കത്തോലിക്കാ സഭയുടെയും പ്രാർഥനാ ക്രമത്തിൽ ഗാനാലാപനം ഒരു പ്രധാനപങ്കു വഹിച്ചിരുന്നു. ഒരു ദേവാലയ ഗായകസംഘത്തിലെ മുഖ്യകഥാപാത്രങ്ങളാണ് ഉച്ചസ്വരം ആലപിക്കുന്ന ആൺകുട്ടികൾ. എന്നാൽ ഒരു ആൺകുട്ടിയുടെ സ്വരത്തിനു കൗമാരത്തിന്റെ ആരംഭത്തിൽ വ്യതിയാനം സംഭവിക്കുന്നു. ഗായകന്മാരിലെ ഈ തുടർച്ചയായ മാറ്റത്തെയും ആവശ്യമായിവന്ന പരിശീലനത്തെയും സഭയ്ക്ക് എങ്ങനെ തരണം ചെയ്യാൻകഴിഞ്ഞു? ഫാൾസെറ്റോ എന്നറിയപ്പെടുന്ന ഏതാണ്ട് വിരസമായ ഉച്ചസ്ഥായിയിലുള്ള സ്വരം മിക്കപ്പോഴും ഉപയോഗപ്പെടുത്തിയിരുന്നുവെന്നതു ശരിതന്നെ. എന്നാൽ അത് ഒരാൺകുട്ടിയുടെ ഉച്ചസ്വരാലാപനത്തിനു പകരമായി കരുതിയില്ല.b
ഉച്ചസ്വരം ആലപിക്കുന്ന സ്ത്രീകളായിരുന്നു സ്പഷ്ടമായ ഇതരമാർഗം. എന്നാൽ സ്ത്രീകൾ പള്ളിയിൽ പാടുന്നത് ആദിമകാലംമുതൽതന്നെ പാപ്പാ വിലക്കിയിരുന്നു. ദേവാലയ ഗായകർ പുരോഹിതനെ സഹായിക്കുവാൻ ക്ഷണിക്കപ്പെടാമായിരുന്നു. ഈ കർത്തവ്യം പുരുഷന്മാർക്കായി മാത്രം വേർതിരിച്ചിരുന്നു എന്നതായിരുന്നു മറ്റൊരു പ്രശ്നം. അതുകൊണ്ടു ദേവാലയ ഗായകസംഘങ്ങളെ വികസിപ്പിക്കുന്നതിനു സ്ത്രീകളെ ഉപയോഗിക്കുവാൻ കഴിയുമായിരുന്നില്ല.
സിക്സ്റ്റസ് അഞ്ചാമൻ പാപ്പാ 1588-ൽ ഏതൊരു പൊതു തീയേറ്ററിലോ സംഗീത നാടകശാലയിലോ സ്ത്രീകൾ ഗാനം ആലപിക്കുന്നതു നിരോധിച്ചു. 100 വർഷങ്ങൾക്കു ശേഷം ഇന്നസെൻറ് പതിനൊന്നാമൻ പാപ്പാ ഈ നിരോധനം ആവർത്തിച്ചു പ്രഖ്യാപിച്ചു. “നാടകശാലാ പ്രകടനങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ അംഗീകരിക്കാതിരിക്കുന്നതും അവരുടെ പേരിനെ വേശ്യാവൃത്തിയും കാമാസക്തിയും ആയി ബന്ധപ്പെടുത്തുന്നതും അഗസ്ത്യാനോസിസ് പുണ്യവാളന്റെ കാലത്തോളവുമോ അതിലും കൂടുതലോ പോലും പിന്നോട്ടു പോകുന്ന ഒരു പാരമ്പര്യമാണെ”ന്നു അംഗസ് ഹെറിയോട്ട് പ്രസ്താവിക്കുന്നു. എന്നാൽ ഈ അയവില്ലാത്ത നിലപാടു സ്വീകരിക്കുകവഴി സഭ ഷണ്ഡഗായകന്മാർ എന്ന കൂടുതൽ ഗുരുതരമായ പ്രശ്നത്തിലേക്കുള്ള വഴി തുറന്നു!
ആരായിരുന്നു ഷണ്ഡഗായകന്മാർ? ക്രൈസ്തവലോകം അവരുമായി ബന്ധപ്പെട്ടത് എങ്ങനെയാണ്?
സംഗീതത്തിനുവേണ്ടി അംഗച്ഛേദനം
സംഗീതനാടകത്തിനും പൊതു തീയേറ്ററുകൾക്കും ഉച്ചസ്വരാലാപകരെ ആവശ്യമായിരുന്നു, പാപ്പായുടെ ഗായകസംഘത്തിനും അത് ആവശ്യമായിരുന്നു. എന്നാൽ അതിനായി എന്തുചെയ്യുവാൻ കഴിയുമായിരുന്നു? ഒരു ആൺകുട്ടി ഷണ്ഡനാക്കപ്പെടുന്നുവെങ്കിൽ അവന്റെ സ്വരത്തിനു വ്യതിയാനം സംഭവിക്കുകയില്ലെന്നു ദീർഘനാളായി അറിയപ്പെട്ടിരുന്നു. സ്വനതന്തുക്കൾ അല്പം മാത്രമെ വളരുകയുള്ളു, അതേസമയം മാറിടവും ഡയഫ്രവും ക്രമാനുസരണം വളരും. തത്ഫലമായി ഒരു ഷണ്ഡഗായകനു പുരുഷ ശരീരത്തിന്റെ ശക്തിയും ആൺകുട്ടിയുടെ സ്വരവും ഉണ്ടായിരിക്കും. അതു “മാലാഖാമാർക്ക് ഉള്ളതായി സങ്കല്പിക്കപ്പെട്ടിരുന്ന സ്വരം” ആയിരുന്നുവെന്നു വത്തിക്കാന്റെ രഹസ്യ ചരിത്ര രേഖകൾ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ മരിയാ ലുസിയാ അംബ്രോസിനി അഭിപ്രായപ്പെടുന്നു. ഒരു കുട്ടി ഷണ്ഡനാക്കപ്പെടുന്ന പ്രായം വ്യത്യാസപ്പെടുത്തുന്നതിലൂടെ സ്വരത്തിന്റെ തരം ഒരു പരിധിവരെ നിയന്ത്രിക്കുവാനും സാധിക്കും.
12-ാം നൂറ്റാണ്ടു മുതൽ ഗ്രീക്കു സഭ ഷണ്ഡന്മാരെ ഗായകരായി നിയമിച്ചിരുന്നു. എന്നാൽ റോമൻ കത്തോലിക്കാ സഭ എന്തുചെയ്യും? ഇപ്പോൾ അവരും അതിനു സമ്മതം നൽകുകയും ഷണ്ഡഗായകന്മാരെ നിയമിക്കുകയും ചെയ്യുമോ?
വത്തിക്കാന്റെ രേഖകളിൽ 1562-ൽ പാപ്പായുടെ ഗായകസംഘത്തിലെ ഒരു പാട്ടുകാരനായിരുന്ന പോഡ്റേ സോറ്റോയെ ഒരു ഫാൾസെറ്റോയായി പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നാൽ സോറ്റോ ഒരു ഷണ്ഡഗായകനായിരുന്നു. അങ്ങനെ നാലു ഷണ്ഡഗായകന്മാരെ ഉൾപ്പെടുത്താൻ വേണ്ടി സെൻറ് പീറ്റേഴ്സ് ബസ്ലിക്കായിലെ ഗായകരെ സിക്സ്റ്റസ് അഞ്ചാമൻ പാപ്പായുടെ ആജ്ഞാപത്രം പുനഃസംഘടിപ്പിച്ച 1589-നു കുറഞ്ഞതു 27 വർഷം മുമ്പുതന്നെ നിഖ്യാകൗൺസിലിന്റെ ആധികാരികതയെ വത്തിക്കാൻ നിശബ്ദമായി റദ്ദാക്കിയിരുന്നു.
വത്തിക്കാനിലെ ഷണ്ഡഗായകന്മാരുടെ അസ്തിത്വം 1599-മുതൽ അംഗീകരിക്കപ്പെട്ടു. ഒരിക്കൽ സഭയിലെ അത്യുന്നത അധികാരി പ്രസ്തുത ആചാരത്തെ പരസ്യമായി അംഗീകരിച്ചപ്പോൾ ഷണ്ഡഗായകന്മാർ സ്വീകാര്യയോഗ്യരായി. ഗ്ലുക്ക്, ഹാൻഡൽ, മെയിർബീർ, റോസിനി എന്നിവർ ഷണ്ഡഗായകന്മാക്കു വേണ്ടി വിശുദ്ധവും മതേതരവുമായ സംഗീതം രചിച്ചവരിൽ പെടുന്നു.
ജനസമ്മതിയും മാതാപിതാക്കളും പൊതുജനാഭിപ്രായവും
ഷണ്ഡഗായകന്മാർ വേഗത്തിൽ ജനസമ്മതി ആർജിച്ചു. ഉദാഹരണമായി, അവരുടെ സ്വരത്തിന്റെ വഴക്കവും മാധുര്യവും ക്ളമൻറ് എട്ടാമൻ പാപ്പായിൽ (1592-1605) അതിയായ മതിപ്പുളവാക്കി. ഷണ്ഡനാക്കൽ നടപടിയോടു ബന്ധമുള്ളതായി അറിയപ്പെട്ടിരുന്ന ഏതൊരുവനും സഭയിൽനിന്ന് പുറത്താക്കപ്പെടാൻ പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സഭയുടെ നിലവിലിരുന്ന സംഗീത ആവശ്യങ്ങൾക്കനുസരിച്ച് ആൺകുട്ടികളുടെ ഒരു സ്ഥിരമായ ഒഴുക്കുതന്നെയുണ്ടായിരുന്നു.
“ക്വി സി കാസ്ട്രോനോ റാഗസി (ആൺകുട്ടികളെ ഇവിടെ ഷണ്ഡന്മാരാക്കുന്നതാണ്) എന്നു കടകൾ പരസ്യപ്പെടുത്തിയിരുന്നതായി പറയപ്പെട്ടിരിക്കുന്നു. “പാപ്പായുടെ ദേവാലയ ഗായകസംഘത്തിനുവേണ്ടി ഗായകർ ഇവിടെ ഷണ്ഡന്മാരാക്കപ്പെടുന്നു”വെന്ന് റോമിലെ ഒരു ബാർബർ ഷോപ്പ് അഭിമാനപൂർവം ഉദ്ഘോഷിച്ചു. 18-ാം നൂററാണ്ടിൽ ഇറ്റലിക്കാരായ ഏകദേശം 4,000 ആൺകുട്ടികൾ ഈ ഉദ്ദേശ്യത്തിൽ ഷണ്ഡന്മാർ ആക്കപ്പെട്ടിരിക്കാമെന്നു പറയപ്പെടുന്നു. ഈ പ്രക്രിയയിൽ എത്രപേർ മരണമടഞ്ഞുവെന്ന് അറിയില്ല.
തങ്ങളുടെ പുത്രന്മാരെ ഇപ്രകാരം അംഗച്ഛേദനം ചെയ്യാൻ മാതാപിതാക്കൾ അനുവദിച്ചത് എന്തുകൊണ്ടാണ്? പൊതുവേ, ഷണ്ഡഗായകന്മാർ ദരിദ്ര മാതാപിതാക്കൾക്കു ജനിച്ചവരാണ്. ഒരു ആൺകുട്ടി അല്പമെങ്കിലും സംഗീതവാസന കാണിച്ചാൽ, ഒരുപക്ഷേ അവനെ നേരെ ഒരു സംഗീത സ്ഥാപനത്തിനു വിൽക്കുമായിരുന്നു. മറ്റുള്ളവർ റോമിലുള്ള സെൻറ് പീറ്റേഴ്സ് ബസ്ലിക്കായിലെ ഗായകസംഘങ്ങളിൽനിന്നും സമാനമായ ദേവാലയ അക്കാഡമികളിൽനിന്നും കൊണ്ടുവരപ്പെട്ടവർ ആയിരുന്നു. തങ്ങളുടെ ഷണ്ഡഗായകൻ പ്രസിദ്ധനായിത്തീരുമെന്നും തങ്ങൾക്ക് വാർധക്യകാലത്തു ജീവിതമാർഗം പ്രദാനം ചെയ്യുമെന്നും മാതാപിതാക്കൾ സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു.
എന്നിരുന്നാലും, മിക്കപ്പോഴും പരിശീലനംനൽകുന്നതിന് അനുയോജ്യമായ സ്വരം ഒരു കുട്ടിക്ക് ഇല്ലെന്നു വ്യക്തമാകുമ്പോൾ അതൊരു ദുരന്തമായിരുന്നു. അത്തരം സമുദായഭ്രഷ്ടർ അധികംവരുന്ന ഷണ്ഡഗായകന്മാരോടൊപ്പം “പുരോഹിതന്മാരാകുന്ന”തിനും കുറുബാന ചൊല്ലുന്നതിനും അനുവദിക്കപ്പെട്ടിരുന്നു എന്നു 18-ാം നൂറ്റാണ്ടിന്റെ ഒടുവിൽ, ഇറ്റലിയുടെ ഒരു ചിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ജൊഹാൻ വിൽഹെം വോൺ ആർക്കനോൾറ്റ്സ് വിശദീകരിക്കുന്നു. അതേതുടർന്നു സഭാ നിയമത്തെ ലംഘിച്ചുകൊണ്ട് 1599-ൽ രണ്ടു ഷണ്ഡഗായകന്മാർ റോമൻ കത്തോലിക്കാ പുരോഹിതന്മാരായി സ്വീകരിക്കപ്പെട്ടപ്പോൾ, അതു സെൻറ് പീറ്റേഴ്സിൽ തന്നെ അസാധാരണമായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചു. പിന്നീടു കൂടുതൽ പേർ അപ്രകാരം നിയമിക്കപ്പെട്ടു.
ബെനഡിക്റ്റ് പതിനാലാമൻ പാപ്പാ നിഖ്യാ കൗൺസിലിന്റെ തീരുമാനം സ്വയം പരിശോധിക്കുകയും ഷണ്ഡനാക്കൽ നിയമവിരുദ്ധം ആയിരുന്നുവെന്നു സമ്മതിക്കുകയും ചെയ്തു. എന്നാൽ ഷണ്ഡഗായകന്മാരെ നിരോധിക്കുവാനുള്ള സ്വന്തം ബിഷപ്പുമാരുടെ നിർദേശത്തെ 1748-ൽ അദ്ദേഹം ദൃഢമായി നിരസിച്ചു. എന്തെന്നാൽ അപ്രകാരം ചെയ്താൽ പള്ളികൾ ശൂന്യമാകുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ദേവാലയ സംഗീതത്തിന് അത്രമാത്രം ആകർഷണിയതയും പ്രാധാന്യവും ഉണ്ടായിരുന്നു. അതുകൊണ്ടു ഷണ്ഡന്മാരായ സംഘഗായകൻമാർ ഇറ്റാലിയൻ പള്ളി ഗായകസംഘത്തിലും സെൻറ് പീറ്റേഴ്സിലും പാപ്പായുടെ സ്വന്തം സിസ്റ്റയിൻ ചാപ്പലിലും ആലാപനം തുടർന്നു.
ഷണ്ഡനാക്കലിനെതിരെ പൊതുജനാഭിപ്രായം ഉയർന്നു വന്നതോടെ 1898-ൽ ലിയോ പതിമൂന്നാമൻ പാപ്പാ വിവേകപൂർവം വത്തിക്കാനിലെ ഷണ്ഡഗായകന്മാരെ പെൻഷൻ നൽകി പിരിച്ചുവിട്ടു. അദ്ദേഹത്തിന്റെ പിൻഗാമിയായ പയസ് പത്താമൻ പാപ്പാ 1903-ൽ ഷണ്ഡഗായകന്മാരെ പാപ്പായുടെ ചാപ്പലിൽ ഔദ്യോഗികമായി നിരോധിച്ചു. എന്നാൽ അവരെ രംഗത്തേക്കു കൊണ്ടുവന്ന സിക്സ്റ്റസ് അഞ്ചാമൻ പാപ്പായുടെ ആജ്ഞാപത്രം ഒരിക്കലും ഔദ്യോഗികമായി റദ്ദാക്കപ്പെട്ടില്ല.
അവസാനത്തെ പ്രൊഫഷണൽ ഷണ്ഡഗായകനായ അലസാൻഡ്രോ മോറെസ്ക്കീ 1922-ൽ മരിച്ചു. അദ്ദേഹം പാടിയ പാട്ടുകൾ 1902-ലും 1903-ലുമായി റെക്കോർഡു ചെയ്യപ്പെട്ടു. ഇപ്പോഴും അതു കേൾക്കുവാൻ കഴിയും. ഈ റെക്കോർഡിങ്ങുകളുടെ ലേബലിൽ അദ്ദേഹത്തെ “സോപ്രാനോ ഡെലാ കാപ്പെലാ സിസ്റ്റിനാ” (സിസ്റ്റയിൻ ചാപ്പലിലെ ഉച്ചസ്വരഗായകൻ) എന്നാണു വിവരിച്ചിരിക്കുന്നത്. “ആൺകുട്ടിയുടെയോ സ്ത്രീയുടെയോ സ്വരത്തോടു സാമ്യമില്ലാത്ത പ്രസ്തുത സ്വരം സംശയലേശമെന്യേ ഒരു ഉച്ചസ്വരഗായകന്റേതാണ്” എന്ന് സംഗീത നിരൂപകനായ ഡെസ്മോൺഡ് ഷോ ടെയിലർ എഴുതുന്നു.
അങ്ങനെ കലയ്ക്കുവേണ്ടിയുള്ള ആൺകുട്ടികളുടെ നിഷ്ഠൂരമായ അംഗച്ഛേദനം പര്യവസാനിച്ചു. ദ എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക ഇതിനെ “മ്ലേച്ഛമായ ആചാരം” എന്നു വിളിക്കുന്നു. എന്നാൽ ഇതു റോമൻ കത്തോലിക്കാ സഭയാൽ നൂറ്റാണ്ടുകളോളം അനുവദിക്കപ്പെട്ടിരുന്നു.
ഷണ്ഡനാക്കൽ—1990-കളിൽ?
അതുകൊണ്ടു ഷണ്ഡഗായകന്മാർ മേലാൽ ഇല്ല. എന്നാൽ മതത്തിന്റെ പേരിലുള്ള ഷണ്ഡനാക്കൽ അവസാനിച്ചുവെന്ന് അത് അർഥമാക്കുന്നുണ്ടോ? സങ്കടകരമെന്നു പറയട്ടെ, ഇല്ല! മതപരമായ സമുദായങ്ങളിൽ ജീവിക്കുന്ന പത്തുലക്ഷം ഷണ്ഡന്മാർ ഇന്ത്യയിൽ ഉണ്ടെന്നു ദി ഇൻഡിപെൻറൻറ് മാഗസിൻ പറയുന്നു. ആരാണ് അവർ? ഹിജ്റകൾ.
അവരിൽ അനേകം ഹിന്ദുക്കൾ ഉണ്ടെങ്കിൽതന്നെയും ഹിജ്റകൾ ഭൂരിഭാഗവും ജന്മംകൊണ്ടു മുസ്ലീങ്ങൾ ആണ്. അവർ എല്ലാവരും ഗുജറാത്തിൽനിന്നും ഉള്ള ഹൈന്ദവ ദേവതയായ ബറുച്ചറാ മാതായെ ആരാധിക്കുന്നു. ഇവരിൽ ഭൂരിഭാഗവും സ്വന്തം തീരുമാനപ്രകാരമാണു ഷണ്ഡന്മാരാക്കപ്പെടുന്നതെങ്കിലും ഓരോ വർഷവും ആയിരത്തോളം ഇന്ത്യൻ പുരുഷന്മാരെ ഹിജ്റകളിൽ ചേർക്കുന്നതിനുവേണ്ടി ബലം പ്രയോഗിച്ചു ഷണ്ഡന്മാരാക്കുന്നുവെന്നു ചിലർ അവകാശപ്പെടുന്നു. പിന്നീട് അവരെ ഏറ്റവുമധികം പണം നൽകുന്ന ഗുരുവിനു ലേലത്തിൽ വിൽക്കുന്നു.
ഹിജ്റകൾ ഗുരുക്കളുടെ ആധിപത്യത്താൽ നിയന്ത്രിക്കപ്പെടുന്നു. വ്യത്യസ്ത ഹിജ്റാ ഗണങ്ങൾ നഗരങ്ങളെ പ്രദേശങ്ങളായി വേർതിരിക്കുന്നു. ക്ഷേത്രങ്ങളിൽ യാചനനടത്തിയും വ്യഭിചാരവൃത്തിയിൽ ഏർപ്പെട്ടുമാണു ഹിജ്റകൾ ജീവിക്കുന്നത്. അവർ പൊതുവേ നിന്ദിതരാണ്. എന്നാൽ അവർ ദുശകുന മാന്ത്രികവിദ്യ കൈവശപ്പെടുത്തിയിട്ടുള്ളതായി വിചാരിക്കപ്പെടുന്നതുകൊണ്ട് ആളുകൾ അവരെ ഭയപ്പെടുന്നു. ഈ കാരണത്താൽ തങ്ങളുടെ കുട്ടികളെയും നവദമ്പതികളെയും അനുഗ്രഹിക്കുവാൻ വേണ്ടി ജനങ്ങൾ അവർക്കു പണം നൽകും.
ചില ഹിജ്റകൾ അവരുടെ കൂട്ടത്തിൽനിന്നും ഓടിപ്പോകുന്നതായി പറയപ്പെടുന്നു. എന്നാൽ “ഷണ്ഡനാക്കലിനെ നിയന്ത്രിക്കുന്നവരായി പറയപ്പെടുന്ന ഹിജ്റാ മാഫിയാ നിഗൂഢതയുടെയും ഭീകരതയുടെയും മൂടുപടത്തിനുള്ളിൽ പ്രവർത്തിക്കുന്നു” എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു.
സമാപനം!
ഇത്തരം തിന്മകളിൽനിന്നു ലോകം എന്നെങ്കിലും വിമുക്തമാകുമോ? ഉവ്വ്. എന്തുകൊണ്ടെന്നാൽ ബൈബിളിൽ ഒരു വേശ്യയായി തിരിച്ചറിയിക്കപ്പെടുന്ന “മഹതിയാം ബാബിലോൻ” എന്ന വ്യാജമത ലോകസാമ്രാജ്യത്തിന്റെ “പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു.” ഇത്തരത്തിലുള്ള സമസ്ത ദൈവനിന്ദിത ആചാരങ്ങളും പെട്ടെന്നുതന്നെ നാടകീയമായൊരു അന്ത്യത്തിലേക്കു വരുമെന്നറിയുന്നതു വിശ്വാസത്തെ എത്ര ശക്തീകരിക്കുന്നു! ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാടു 18-ാം അധ്യായത്തിൽനിന്ന് ഇതു നിങ്ങൾക്കു നേരിട്ടു വായിക്കരുതോ? പ്രത്യേകിച്ചു 2-ഉം 5-ഉം വാക്യങ്ങൾ പരിശോധിക്കുക.
[അടിക്കുറിപ്പുകൾ]
a യേശുവിന്റെ വാക്കുകളെ കുറിച്ചു വിശുദ്ധ തിരുവെഴുത്തുകളുടെ റോമൻ കാത്തലിക് വെസ്റ്റ്മിനിസ്റ്റർ ഭാഷാന്തരം: പുതിയനിയമം അതിന്റെ അടിക്കുറിപ്പ് ഇപ്രകാരം വിശദീകരിക്കുന്നു: “ജഡസംബന്ധമായ അംഗവിഛേദനത്താൽ ശാരീരികമായിട്ടല്ല മറിച്ച് നിശ്ചയത്താൽ അല്ലെങ്കിൽ പ്രതിജ്ഞയാൽ ആത്മികമായിട്ടാണ്.” സമാനമായി ജോൺ ട്രാപ്പിനാലുള്ള എ കമൻറ്ററി ഓൺ ദ ന്യൂ ടെസ്റ്റ്മെൻറ്റ് ഇപ്രകാരം പ്രസ്താവിക്കുന്നു: “ഈ വാക്യത്തെ തെറ്റായി മനസ്സിലാക്കിയ ഒറിജിനെയും പ്രാചീന കാലത്തുണ്ടായിരുന്ന മറ്റു ചിലരെയും പോലെ തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കുന്നതിനെ അത് അർഥമാക്കിയില്ല . . . മറിച്ച് കൂടുതൽ സ്വാതന്ത്ര്യത്തോടെ ദൈവത്തെ സേവിക്കുവാൻ കഴിയേണ്ടതിന് ഏകാകിയായി ജീവിക്കുന്നതിനെയാണ് അത് അർഥമാക്കിയത്.”
b കൂടുതൽ സ്വാഭാവികമായ സ്വരം നഷ്ടപ്പെടുന്നിടത്താണ് ഫാൾസെറ്റോ ആരംഭിക്കുന്നത്. സ്വനതന്തുക്കളുടെ കേവലം അഗ്രമാണ് ഇതു പുറപ്പെടുവിക്കുന്നത് എന്നു പറയപ്പെടുന്നു.
[13-ാം പേജിലെ ചതുരം]
അത്യുന്നത നിലവാരം
യഹോവയുടെ നിയമം വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നതുപോലെ ഇസ്രായേല്യ സഭയുടെ ഭാഗമായിരിക്കുവാൻ ഒരു ഷണ്ഡനും അനുവദിക്കപ്പെട്ടിരുന്നില്ല. (ആവർത്തനപുസ്തകം 23:1) ഈ നിയമത്തിൻ കീഴിൽ ഷണ്ഡനാക്കൽ അനുവദനീയമല്ലായിരുന്നു. “യഹൂദനിയമം അത്തരം ശസ്ത്രക്രിയകളെ വെറുത്തിരുന്നു” എന്ന് എൻസൈക്ലോപീഡിയാ ജുഡായിക്കാ പറയുന്നു. തത്ഫലമായി ഇസ്രായേല്യ രാജാക്കന്മാരുടെ കൊട്ടാരങ്ങളിലെ സേവനത്തിനുവേണ്ടി യാതൊരു ഇസ്രായേല്യനോ പരദേശിയോ ഷണ്ഡനാക്കപ്പെട്ടിരുന്നില്ല. എന്നാൽ പേർഷ്യൻ രാജാവായ അഹശ്വേരോശിന്റെയും മറ്റും അരമനകളിൽ ഷണ്ഡന്മാർ സേവനം അനുഷ്ഠിച്ചിരുന്നു.—എസ്ഥേർ 2:14,15; 4:4,5.
[12-ാം പേജിലെ ചിത്രം]
സിക്സ്റ്റസ് അഞ്ചാമൻ പാപ്പായാലുള്ള ഒരു തീരുമാനം ഷണ്ഡഗായകന്മാർക്കു വഴിതുറന്നു
[കടപ്പാട്]
The Bettmann Archive