നമുക്കു ചുറ്റുമുള്ള സൗന്ദര്യം ദർശിക്കേണ്ട വിധം
“എല്ലാ ഭാഷകളിലും നമ്മുടെ ഏറ്റവും ആദ്യത്തെ പ്രയോഗങ്ങളിലൊന്ന് ‘ഞാനൊന്നു കാണട്ടെ!’ എന്നതാണ്.”—വില്യം വൈറ്റ് ജൂനിയർ.
പാറിനടക്കുന്ന ചിത്രശലഭത്തെ സസൂക്ഷ്മം വീക്ഷിക്കുന്ന കൊച്ചുകുട്ടി, മഹത്ത്വമാർന്ന സൂര്യാസ്തമയം നോക്കിനിൽക്കുന്ന പ്രായംചെന്ന ദമ്പതികൾ, താൻ ക്രമീകരിക്കുന്ന റോസാപുഷ്പങ്ങളെ വളരെ പ്രിയപ്പെടുന്ന വീട്ടമ്മ—ഇവരെല്ലാം താത്കാലികമായി തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സൗന്ദര്യത്തിലാണ്.
ദൈവത്തിന്റെ സൃഷ്ടിയുടെ സൗന്ദര്യം എല്ലായിടത്തുമുള്ളതുകൊണ്ട്, അതു കാണാൻ നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടതില്ല. വിസ്മയാവഹമായ, അമ്പരപ്പിക്കുന്ന, പ്രകൃതിദൃശ്യം വിദൂരത്തായിരിക്കാം, എന്നാൽ മതിപ്പുളവാക്കുന്ന കലയ്ക്കു വേണ്ടി നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ,—അതിലും പ്രധാനമായി—അത് എങ്ങനെ അന്വേഷിക്കണമെന്നു നിങ്ങൾക്ക് അറിയാമെങ്കിൽ, അതു നിങ്ങളുടെ അടുത്തുതന്നെ കാണാൻ കഴിയും.
“സൗന്ദര്യം കുടികൊള്ളുന്നതു കാഴ്ചക്കാരന്റെ കണ്ണുകളിലാണ്” എന്നു പലപ്പോഴും പറയപ്പെട്ടിട്ടുണ്ട്. എന്നാൽ, സൗന്ദര്യമുണ്ടെങ്കിൽപോലും എല്ലാവരും അതു കാണാറില്ല. നമ്മിൽ താത്പര്യം ജനിക്കുന്നതിന് ഒരു ഛായാചിത്രമോ ഫോട്ടോയോ വേണ്ടിവന്നേക്കാം. വാസ്തവത്തിൽ, തങ്ങളുടെ വിജയം വരയ്ക്കുന്നതിലുള്ളതിനെക്കാൾ കാണുന്നതിലുള്ള കഴിവിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു പല കലാകാരന്മാരും വിശ്വസിക്കുന്നു. മോറിസ് ഗ്രോസ്സറിന്റെ വരക്കാന്റെ ദൃഷ്ടി (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “വരക്കാരൻ കൈകൊണ്ടല്ല, കണ്ണുകൊണ്ടാണു വരയ്ക്കുന്നത്. അയാൾ എന്തു കണ്ടാലും, വ്യക്തമായി കാണുന്നുവെങ്കിൽ, അയാൾക്ക് അതു ചിത്രീകരിക്കാൻ കഴിയും. . . . വ്യക്തമായി കാണുന്നതാണു പ്രധാനം.”
നാം കലാകാരന്മാരാണെങ്കിലും അല്ലെങ്കിലും കൂടുതൽ വ്യക്തമായി കാണാനും നമുക്കു ചുറ്റുമുള്ള സൗന്ദര്യത്തെ ശ്രദ്ധിക്കാനും പഠിക്കാവുന്നതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ശ്രമം ചെലുത്തി ഒരു പുത്തൻ വീക്ഷണത്തോടെ കാര്യങ്ങളെ വീക്ഷിക്കാൻ നാം പഠിക്കണം.
ഈ സംഗതിയിൽ പ്രകൃതിചരിത്രത്തെക്കുറിച്ചുള്ള ഒരു എഴുത്തുകാരനായ ജോൺ ബാരറ്റ് വ്യക്തിപരമായ ഉൾപ്പെടലിന്റെ മൂല്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നു. “സചേതനങ്ങളായ മൃഗങ്ങളെയും സസ്യങ്ങളെയും അവയുടെ സ്വാഭാവിക പശ്ചാത്തലത്തിൽ നേരിട്ടു കാണുകയും സ്പർശിക്കുകയും മണത്തുനോക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിനു പകരമായി യാതൊന്നുമില്ല. സൗന്ദര്യം ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലട്ടെ . . . എവിടെ ആയിരുന്നാലും ആദ്യം നോക്കൂ, ആസ്വദിക്കൂ, പിന്നെയും നോക്കൂ,” അദ്ദേഹം പറയുന്നു.
എന്നാൽ നാം എന്തിനു വേണ്ടിയാണു നോക്കേണ്ടത്? സൗന്ദര്യത്തിന്റെ നാല് അടിസ്ഥാന ഘടകങ്ങൾ ദർശിക്കാൻ പഠിച്ചുകൊണ്ടു നമുക്കു തുടങ്ങാവുന്നതാണ്. ഈ ഘടകങ്ങൾ യഹോവയുടെ സൃഷ്ടിയുടെ എല്ലാ വശങ്ങളിലും കാണാം. അവ നിരീക്ഷിക്കാൻ നാം എത്ര കൂടെക്കൂടെ ശ്രമിക്കുന്നുവോ, അവന്റെ കല നാം അത്രയധികം ആസ്വദിക്കും.
സൗന്ദര്യത്തിന്റെ ഘടകങ്ങൾ തിരിച്ചറിയൽ
രൂപങ്ങളും മാതൃകകളും. അനവധി രൂപങ്ങളുള്ള ഒരു ലോകത്താണു നാം ജീവിക്കുന്നത്. ചിലത് ഒരു ഇല്ലിത്തുറുവിലെ മുളകൾപോലെ നീണ്ട ആകൃതിയുള്ളവയാണ്. ചിലതിന് ഒരു എട്ടുകാലിവലപോലെ സമാനുപാതമുള്ള ആകൃതിയായിരിക്കാം. എന്നാൽ മറ്റു ചിലത്, നിരന്തരം രൂപവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഘത്തെപ്പോലെ പ്രത്യേക ആകൃതിയൊന്നുമില്ലാത്തവ ആയിരിക്കാം. അപൂർവമായ ഒരു ഓർക്കിഡ് പുഷ്പമോ കടൽക്കക്കയുടെ പിരിവുകളോ ഇലപൊഴിഞ്ഞ മരത്തിന്റെ ശാഖകളോ എന്തുമായിക്കൊള്ളട്ടെ, അനേകം രൂപങ്ങളും ആകർഷകങ്ങളാണ്.
ഒരേ രൂപം ആവർത്തിക്കുമ്പോൾ, കാഴ്ചയ്ക്കുകൂടി ആകർഷകമായ ഒരു മാതൃക അത് ഉളവാക്കുന്നു. ഉദാഹരണത്തിന്, വനത്തിലെ ഒരു വൃക്ഷക്കൂട്ടം വിഭാവന ചെയ്യുക. അവയുടെ രൂപങ്ങൾ—ഓരോന്നും വ്യത്യസ്തമെങ്കിലും സമാനമായതുകൊണ്ട്—ആകർഷകമായ മാതൃകകൾക്കു രൂപംകൊടുത്തേക്കാം. എന്നാൽ അവ ഉളവാക്കുന്ന രൂപവും മാതൃകയും തിരിച്ചറിയാൻ പ്രകാശം ആവശ്യമാണ്.
പ്രകാശം. പ്രകാശത്തിന്റെ വ്യാപനം നാം ആകർഷകമെന്നു കണ്ടെത്തുന്ന രൂപങ്ങൾക്ക് ഒരു പ്രത്യേക ഗുണം പ്രദാനം ചെയ്യുന്നു. ചെറിയ അംശങ്ങൾ എടുത്തുകാട്ടപ്പെടുന്നു, ഇഴകൾക്കു നിറം ലഭിക്കുന്നു, സവിശേഷ ഭാവം സൃഷ്ടിക്കപ്പെടുന്നു. പകലിന്റെ സമയവ്യത്യാസത്തെയും വർഷത്തിലെ ഋതുഭേദങ്ങളെയും കാലാവസ്ഥയെയും നാം ജീവിക്കുന്ന സ്ഥലത്തെയും ആശ്രയിച്ചു പ്രകാശത്തിന്റെ അളവിൽ വ്യതിയാനം ഉണ്ടാകുന്നു. കാട്ടുപുഷ്പങ്ങളുടെ നിറഭേദങ്ങളോ ശരൽക്കാലത്തെ ഇലകളോ ആസ്വദിക്കുന്നതിനു പ്രകാശത്തെ ചിതറിവീഴ്ത്തുന്ന കാർമേഘമുള്ള ഒരു ദിവസമാണു പറ്റിയത്. എന്നാൽ, ഒരു പർവതനിരയുടെ വിടവുകളും ഗിരിശൃംഗങ്ങളും അവയുടെ നാടകീയ രൂപങ്ങൾ എടുത്തുകാട്ടുന്നത് സൂര്യൻ ഉദിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ ആണ്. വടക്കൻ ഉത്തരാർധഗോളത്തിൽ ശൈത്യകാലത്തെ ഇളംവെയിൽ ഒരു മേച്ചിൽപ്രദേശത്തിനു പ്രേമഭാവം കൈവരുത്തുന്നു. നേരേമറിച്ച്, ഉഷ്ണമേഖലാപ്രദേശത്തെ തെളിഞ്ഞ വെയിൽ ആഴക്കുറവുള്ള സമുദ്രത്തിൽ സ്നോർകലിങ് നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ആ പ്രദേശത്തെ ഒരു അത്ഭുതദേശമാക്കി മാറ്റുന്നു.
എന്നാൽ ഒരു പ്രധാനപ്പെട്ട ഘടകം വിട്ടുപോയിരിക്കുന്നു.
നിറം. നമുക്കു ചുറ്റും കാണുന്ന വസ്തുക്കൾക്ക് അതു ജീവൻ പകരുന്നു. അവയുടെ രൂപങ്ങൾ അവയെ തിരിച്ചറിയിക്കുന്നുവെങ്കിലും, നിറം അവയുടെ അനന്യതയെ എടുത്തുകാട്ടുന്നു. മാത്രമല്ല, സമാനതയുള്ള മാതൃകകളിൽ നിറത്തിന്റെ വ്യാപനം അതിന്റേതായ സൗന്ദര്യം ഉളവാക്കുന്നു. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ചെമപ്പോ ഓറഞ്ചോ പോലെ തീവ്രവർണത്തിലുള്ളവയായിരിക്കാം, അല്ലെങ്കിൽ നീലയോ പച്ചയോ പോലെ കടുപ്പംകുറഞ്ഞ നിറങ്ങളായിരിക്കാം.
ഒരു വനത്തിലെ തുറന്ന പ്രദേശത്തു മഞ്ഞപ്പൂക്കൾ നിൽക്കുന്നതായി വിഭാവന ചെയ്യുക. പ്രഭാതാന്തരീക്ഷത്തിൽ മഞ്ഞ പൂക്കളിൽ പ്രകാശം പതിക്കുമ്പോൾ അവ തിളങ്ങുന്നതുപോലെ തോന്നും. അതേസമയം, പ്രഭാതസൂര്യന്റെ കിരണങ്ങളേൽക്കുന്ന ഇരുണ്ട വൃക്ഷകാണ്ഡങ്ങൾ ഒരു ഉത്തമ പശ്ചാത്തലമൊരുക്കുന്നു. ഇപ്പോൾ നമുക്കൊരു ചിത്രമുണ്ട്. ഇനി നാം ചെയ്യേണ്ടത് അതിന് ഒരു “ഫ്രെയിമിടുക” എന്നതാണ്. അവിടെയാണു സംയോജനം രംഗപ്രവേശം ചെയ്യുന്നത്.
സംയോജനം. രൂപം, പ്രകാശം, നിറം എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങൾ സമ്മേളിക്കുന്ന വിധമാണു സംയോജനത്തെ നിർണയിക്കുന്നത്. ഇവിടെ, കാഴ്ചക്കാർ എന്നനിലയിൽ നമുക്ക് ഒരു നിർണായക പങ്കുണ്ട്. മുന്നോട്ടോ പിന്നോട്ടോ ഒരു വശത്തേക്കോ മുകളിലേക്കോ താഴേക്കോ അൽപ്പം നീങ്ങിക്കൊണ്ട് നമുക്കു നമ്മുടെ ചിത്രത്തിലുള്ള ഘടകങ്ങളെയോ പ്രകാശത്തെയോ ക്രമീകരിക്കാനാവും. അങ്ങനെ, നമുക്കു നാം ഇഷ്ടപ്പെടുന്ന ഘടകങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ടു ചിത്രത്തെ പരിമിതപ്പെടുത്താൻ കഴിയും.
വൃക്ഷങ്ങളുടെയോ തൃണവർഗങ്ങളുടെയോ നടുവിലായുള്ള ഒരു മനോഹര ദൃശ്യം നാം കാണുമ്പോൾ മിക്കപ്പോഴും മനസ്സിൽ സ്വതവേ ഒരു ചിത്രം സംരചിക്കപ്പെടുന്നു. എന്നാൽ, ചെറിയ ഒരളവിൽ, മനോഹരമായ പല ചിത്രങ്ങളും നിലത്തോടു ചേർന്നുതന്നെ ഉണ്ടായിരിക്കാം.
ചെറുതിനെയും വലുതിനെയും നിരീക്ഷിക്കൽ
ദൈവത്തിന്റെ കൈവേലയിൽ വലുതും ചെറുതും മനോഹരങ്ങളാണ്. വളരെ നന്നായി ഒത്തുചേരുന്ന വിശദാംശങ്ങൾ കാണാൻ നാം പഠിക്കുകയാണെങ്കിൽ നമ്മുടെ സന്തോഷം വർധിക്കും. അവ പ്രകൃതിയെന്ന വലിയ കാൻവാസിൽ അങ്ങിങ്ങായി കാണപ്പെടുന്ന ചെറുചിത്രങ്ങൾക്കു രൂപം നൽകുന്നു. അവയെ വിലമതിക്കുന്നതിനു നാം ആകപ്പാടെ ചെയ്യേണ്ട സംഗതി കുനിഞ്ഞ് അവയെ അടുത്തൊന്നു വീക്ഷിക്കുക മാത്രമാണ്.
ഒരു ചിത്രത്തിനുള്ളിലെ ഈ ചിത്രങ്ങളെ ഫോട്ടോഗ്രാഫറായ ജോൺ ഷാ ക്ലോസ്സപ്സ് ഇൻ നേച്ചർ എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു: “പ്രകൃതിയിലെ സൂക്ഷ്മവിശദാംശങ്ങളുടെ ഒരു അടുത്ത വീക്ഷണം എന്നെ അവയോടു കൂടുതൽ അടുപ്പത്തിൽ കൊണ്ടുവരുന്നു എന്നത് എന്നെ നിരന്തരം അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. . . . ആദ്യം നാം മഹാദൃശ്യം കാണുന്നു, പിന്നെ ചട്ടക്കൂടിന്റെ കോണിൽ ഒരു നിറക്കൂട്ടും. ഒരടുത്ത വീക്ഷണം പുഷ്പങ്ങളെ വെളിപ്പെടുത്തുന്നു, പിന്നെ ഒരു പുഷ്പത്തെ, പിന്നെ ഒരു ചിത്രശലഭത്തെ. അതിന്റെ ചിറകുകളിൽ വ്യതിരിക്തമായ മാതൃകകളാണുള്ളത്, ആ മാതൃകകൾ കിട്ടുന്നതു ചിറകിലെ ശൽക്കങ്ങൾ കൃത്യമായ ക്രമത്തിലായതുകൊണ്ടാണ്. ഓരോ ശൽക്കവും അതിൽത്തന്നെ പൂർണമാണ്. ചിത്രശലഭത്തിന്റെ ആ ഒരൊറ്റ ശൽക്കത്തിനു പൂർണത കൈവരുന്നതെങ്ങനെയെന്നു നമുക്കു മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രകൃതിയെന്ന ഡിസൈന്റെ പൂർണത മനസ്സിലാക്കിത്തുടങ്ങാൻ നമുക്കു കഴിയും.”
പ്രകൃതിയിലെ വലുതും ചെറുതുമായ കല നമുക്കു തരുന്ന കലാപരമായ സുഖത്തിനുപുറമേ, അതിനു നമ്മെ നമ്മുടെ സ്രഷ്ടാവിനോടു കൂടുതൽ അടുപ്പിക്കാൻ കഴിയും. “നിന്റെ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ” എന്ന് യഹോവ ഉദ്ഘോഷിച്ചു. നാം നമ്മുടെ ദൃഷ്ടികൾ പതിപ്പിക്കുന്നത് നക്ഷത്രനിബിഡമായ ആകാശങ്ങളിലായാലും ദൈവത്തിന്റെ മറ്റു സൃഷ്ടികളിലായാലും ശരി, നോക്കി, ഉറ്റുനോക്കി ആശ്ചര്യപ്പെടുകവഴി “ഇവയെ സൃഷ്ടിച്ചവനെ” നാം അനുസ്മരിക്കുകയായിരിക്കും ചെയ്യുന്നത്.—യെശയ്യാവു 40:26.
ദർശിക്കാൻ പഠിച്ച മനുഷ്യർ
ബൈബിൾ കാലങ്ങളിൽ ദൈവദാസന്മാർ സൃഷ്ടികളിൽ പ്രത്യേക താത്പര്യം കാട്ടി. 1 രാജാക്കന്മാർ 4:30, 33 പറയുന്നതനുസരിച്ച്, “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും . . . ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. . . . ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.”
ഒരുപക്ഷേ ശലോമോനു സൃഷ്ടിയുടെ മഹത്ത്വത്തിലുണ്ടായിരുന്ന താത്പര്യത്തിനു ഭാഗികമായ കാരണം അവന്റെ പിതാവിന്റെ മാതൃകയായിരുന്നിരിക്കണം. തന്റെ സ്വഭാവരൂപവത്കരണ വർഷങ്ങളിൽ അനേകം വർഷങ്ങൾ ഒരു ആട്ടിടയനായി ചെലവഴിച്ച ദാവീദ് ദൈവത്തിന്റെ കൈവേലയെക്കുറിച്ചു മിക്കപ്പോഴും ധ്യാനിച്ചിരുന്നു. ആകാശത്തിന്റെ സൗന്ദര്യം അവനിൽ പ്രത്യേകിച്ചും മതിപ്പുളവാക്കിയിരുന്നു. സങ്കീർത്തനം 19:1-ൽ അവൻ ഇങ്ങനെ എഴുതി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനം 139:14 താരതമ്യം ചെയ്യുക.) തെളിവനുസരിച്ച് സൃഷ്ടിയുമായുള്ള അവന്റെ സമ്പർക്കം അവനെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചു. നമ്മുടെ കാര്യത്തിലും അതു സത്യമായിരിക്കാൻ കഴിയും.a
ദൈവഭക്തരായിരുന്ന ആ മനുഷ്യർ മനസ്സിലാക്കിയതുപോലെ, ദൈവത്തിന്റെ കൈവേലയെ തിരിച്ചറിയുന്നതും വിലമതിക്കുന്നതും നമ്മുടെ മനസ്സിനെ ഉന്നമിപ്പിക്കുകയും ജീവിതത്തെ ധന്യമാക്കുകയും ചെയ്യുന്നു. മിക്കപ്പോഴും അധമമായിരിക്കുന്ന റെഡിമെയ്ഡ് ഉല്ലാസങ്ങൾ നിറഞ്ഞ നമ്മുടെ ആധുനിക ലോകത്തിൽ, യഹോവയുടെ സൃഷ്ടിയെ ശ്രദ്ധിക്കുന്നതു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും ആരോഗ്യാവഹമായ ഒരു വിനോദമായിരിക്കും. ദൈവത്തിന്റെ പുതിയ ലോകത്തിനായി കാംക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ഭാവിയിലും ഉണ്ടായിരിക്കുന്ന ഒരു നേരമ്പോക്കാണത്.—യെശയ്യാവു 35:1, 2.
നമുക്കു ചുറ്റുമുള്ള കലയെ നാം ദർശിക്കുകയും അതെല്ലാം ഉണ്ടാക്കിയ ശ്രേഷ്ഠ കലാകാരന്റെ ഗുണങ്ങളെ തിരിച്ചറിയുകയും ചെയ്യുമ്പോൾ ദാവീദിന്റെ പിൻവരുന്ന വാക്കുകൾ മുഴക്കാൻ നാം പ്രേരിതരായിത്തീരും: “കർത്താവേ [“യഹോവേ,” NW], ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.”—സങ്കീർത്തനം 86:8.
[അടിക്കുറിപ്പുകൾ]
a ആഗൂർ, യിരെമ്യാവ് എന്നിവരെപ്പോലുള്ള ബൈബിളെഴുത്തുകാർ പ്രകൃതിചരിത്രത്തിന്റെ സൂക്ഷമതയുള്ള നിരീക്ഷകരായിരുന്നു.—സദൃശവാക്യങ്ങൾ 30:24-28; യിരെമ്യാവു 8:7.
[10-ാം പേജിലെ ചിത്രങ്ങൾ]
മാതൃക, രൂപം, പ്രകാശം, നിറം, സംയോജനം എന്നിവയുടെ ഉദാഹരണങ്ങൾ
[കടപ്പാട്]
Godo-Foto