ഹൃദയം തകർന്നു മരിക്കാൻ സാധ്യതയുണ്ടോ?
അതൊരു നിത്യസംഭവമാണെന്നതു ദുഃഖകരമാണ്: തികച്ചും ആരോഗ്യവാനായ ഒരു വൃദ്ധമനുഷ്യനു മരണത്തിൽ തന്റെ ഇണയെ നഷ്ടപ്പെട്ടതോടെ അയാൾ ആകെ തകർന്നുപോവുകയും ഏതാനും ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ഉള്ളിൽ മരിക്കുകയും ചെയ്യുന്നു. മരണകാരണം? ‘തകർന്ന ഹൃദയം,’ സുഹൃത്തുക്കൾ പറയുന്നു.
ഇത് ഒരലങ്കാരം എന്നതിനേക്കാളുപരിയാവാം. അപഗ്രഥിക്കാനാവാത്ത സമ്മർദങ്ങൾ ഹൃദയത്തെ ക്രമരഹിതമായ സ്പന്ദനങ്ങൾക്കോ വിക്ഷോഭങ്ങൾക്കുപോലുമോ വിധേയമാക്കാൻ കഴിയുന്ന രാസവസ്തുക്കൾ കൊണ്ടു നിറക്കുമെന്ന് ഗവേഷകർക്കു വളരെക്കാലമായി അറിയാം. എന്നാൽ മസ്തിഷ്കത്തിൽ ഈ പ്രക്രിയ എങ്ങനെയാരംഭിക്കുന്നു എന്ന വസ്തുത ഒരു നിഗൂഢതയായി നിലനിൽക്കുന്നു.
ഹൃദയത്തെ വികാരങ്ങളുമായി ബന്ധിപ്പിക്കുന്ന തലച്ചോറിലെ ഒരു ഭാഗം താൻ തിരിച്ചറിഞ്ഞതായി യു.എസ്.എ.-യിൽ മേരിലാൻഡിലെ ബാൾട്ടിമോറിലുള്ള ജോൺസ് ഹോപ്കിൻസ് സർവകലാശാലാ മെഡിക്കൽ സ്കൂളിലെ നാഡീരോഗവിദഗ്ധനായ സ്റ്റീഫൻ എം. ഓപ്പൻഹീമർ വിശ്വസിക്കുന്നു. ശ്വസനം, ഹൃദയസ്പന്ദനം എന്നിവ പോലെയുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സ്വതന്ത്രനാഡീവ്യവസ്ഥയെ, ദേഷ്യം, ഭയം, സന്തോഷം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കുന്ന സംവേദനാഡീവ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന തലച്ചോറിലെ ഒരു ചെറിയ ഭാഗമാണ് ഇൻസുലാർ കോർട്ടെക്സ്. എലികളിൽ ഇൻസുലാർ കോർട്ടെക്സ് ഉത്തേജിപ്പിച്ചപ്പോൾ, മനുഷ്യരിൽ പെട്ടെന്നുള്ള ഹൃദയപേശീസങ്കോചത്തിന്റെ ഫലമായുണ്ടാകുന്നതിനു സമാനമായ ഹൃദയപേശീക്ഷതത്തിലാണ് അതു കലാശിച്ചതെന്ന് ഡോ. ഓപ്പൻഹീമർ കണ്ടെത്തി. മനുഷ്യരിൽ ഇൻസുലാർ കോർട്ടെക്സ് ഉത്തേജിപ്പിച്ചപ്പോഴും അത് ഹൃദയസ്പന്ദനനിരക്കിലും രക്തസമ്മർദത്തിലും മാറ്റങ്ങൾ ഉളവാക്കിയതായി കണ്ടു. ഈ കണ്ടുപിടിത്തങ്ങൾ തെളിയിക്കുന്നത് ഹൃദയം തകർന്നു മരിക്കാൻ സാധ്യതയുണ്ടെന്നാണ്.
യേശുക്രിസ്തുവും ഹൃദയം തകർന്നാണു മരിച്ചതെന്നു ചിലർ പറയുന്നു. അവനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “നിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു.” (സങ്കീർത്തനം 69:20) ഈ വാക്കുകൾ അക്ഷരീയമായി മനസ്സിലാക്കേണ്ടവയാണോ? യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പുള്ള മണിക്കൂറുകൾ ശാരീരികമായി മാത്രമല്ല, മാനസികമായും വേദനാകരമായിരുന്നതുകൊണ്ട് ഒരുപക്ഷേ അങ്ങനെ ആയിരിക്കാം. (മത്തായി 27:46; ലൂക്കൊസ് 22:44; എബ്രായർ 5:7) കൂടുതലായി, മരണശേഷം ഉടനെതന്നെ യേശുവിന്റെ ശരീരത്തിൽ ഒരു കുന്തം കൊണ്ടേൽപ്പിച്ച മുറിവിൽനിന്നു “രക്തവും വെള്ളവും” ഒഴുകിയതെന്തുകൊണ്ടാണെന്ന് തകർന്ന ഹൃദയം എന്ന വസ്തുതക്കു വിശദീകരിക്കാൻ കഴിഞ്ഞേക്കാം. ഹൃദയത്തിനോ ഒരു പ്രധാന രക്തക്കുഴലിനോ ഉണ്ടാകുന്ന ഒരു പൊട്ടലിന് ഹൃദയ അറയിലേക്കോ ഹൃദയത്തെ ശ്ലഥമായി വലയം ചെയ്യുന്ന ദ്രാവകം നിറഞ്ഞ ഒരു സ്തരമായ പെരിക്കാർഡിയത്തിലേക്കോ രക്തം കയറ്റാൻ കഴിയും. ഇതിലേതെങ്കിലും ഒരു സ്ഥലത്ത് ഒന്നു കുത്തിയാൽ അത് “രക്തവും വെള്ളവും” പോലെ തോന്നുന്ന എന്തോ ദ്രാവകം ഒഴുകാനിടയാക്കും.—യോഹന്നാൻ 19:34.
യേശുവിന്റെ, പ്രായേണ പെട്ടെന്നുള്ള മരണത്തിൽ, അവനെ സ്തംഭത്തിൽ തറച്ച വിധവും തന്റെ മരണത്തിനു തൊട്ടുമുമ്പ് അവൻ സഹിച്ച ദ്രോഹവും ഉൾപ്പടെ മറ്റനേകം ഘടകങ്ങൾ നിസ്സംശയമായും ഉൾപ്പെട്ടിരുന്നുവെന്നതു തീർച്ചയാണ്. അത്തരം കഠിനസാഹചര്യങ്ങളിൽ യേശു തന്റെ വിശ്വസ്തത നിലനിർത്തിയെന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! അതിന്റെ ഫലമായി തന്റെ പിതാവായ യഹോവയാം ദൈവം അവനെ വളരെ ഉയർത്തി. (ഫിലിപ്പിയർ 2:8-11) മാത്രവുമല്ല, അവൻ നമുക്ക് ഒരു പറുദീസാഭൂമിയിൽ ജീവിക്കാനുള്ള അവസരമൊരുക്കിത്തരികയും ചെയ്തിരിക്കുന്നു.—യോഹന്നാൻ 17:3; വെളിപ്പാടു 21:3, 4.