ജപ്പാനിലെ അപ്രതീക്ഷിത ദുരന്തം—ജനങ്ങൾ നേരിട്ട വിധം
ജപ്പാനിലെ ഉണരുക! ലേഖകൻ
ജപ്പാനിലെ കോബെ, ഒരു നിമിഷത്തിൽ 15,00,000 ജനസംഖ്യയുള്ള വളർന്നുവരുന്ന ഒരു തുറമുഖനഗരമായിരുന്നു. പക്ഷേ വെറും 20 സെക്കൻറുകൾക്കുള്ളിൽ, റിക്ടർ സ്കെയിലിൽ 7.2 പരിമാണം രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ അതിന്റെ ഏറിയ പങ്കും തകർന്നടിഞ്ഞു. ലക്ഷക്കണക്കിനു വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമോ കേടുപാടുകളോ സംഭവിച്ചു. 3,00,000-ത്തിലധികം ആളുകൾ ഭവനരഹിതരായി.
ഐക്യനാടുകളിലെ കാലിഫോർണിയയിലുള്ള നോർത്ത്റിഡ്ജിൽ ഒരു ഭൂകമ്പം വലിയ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും 61 പേരുടെ ജീവനപഹരിക്കുകയും ചെയ്ത ദിവസത്തിനുശേഷം കൃത്യം ഒരു വർഷം കഴിഞ്ഞ് 1995 ജനുവരി 17-നായിരുന്നു ഈ ദുരന്തമുണ്ടായത്. നോർത്ത്റിഡ്ജിലെ ഭൂകമ്പം പുറത്തുവിട്ടതിന്റെ ഇരട്ടിയോളം ഭൂകമ്പോർജമാണ് കോബെയിലെ ഭൂകമ്പം പുറത്തുവിട്ടത്. 5,500-ലധികം വരുന്ന മരണസംഖ്യ, ഇതിനെ 1923-നുശേഷം ജപ്പാനിൽ ഉണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂകമ്പമാക്കിത്തീർത്തു. ആ വർഷം ടോക്കിയോയെയും യോകോഹാമയെയും നാമാവശേഷമാക്കിയ വലിയ ഭൂകമ്പത്തിൽ ഏതാണ്ട് 1,43,000 പേർ മരിക്കുകയുണ്ടായി.
ഒരു വിഹ്വല നിമിഷം
വിപത്കരമായ ആ പ്രഭാതത്തിൽ 5.46-ന് റിയുജി, കോബെ നഗരമധ്യത്തിൽ പത്രവിതരണം നടത്തുകയായിരുന്നു. നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. പെട്ടെന്ന്, റോഡിനു മുകളിലൂടെയുള്ള ഒരു റെയിൽ പാളത്തിൽകൂടി തീവണ്ടി പോകുന്നതുപോലെ ഒരു ശബ്ദം കേട്ടു. റോഡും കെട്ടിടങ്ങളുമെല്ലാം കടൽത്തിരകൾപോലെ ആടിയുലയാൻ തുടങ്ങി. ആ സമയം എല്ലാ വൈദ്യുതവിളക്കുകളും അണഞ്ഞു.
വാഹനങ്ങളെ താഴെയുള്ള റോഡുകളിലേക്കു തള്ളിയിട്ടുകൊണ്ട് ഉയരത്തിലുള്ള ഹൈവേകൾ നിലംപതിച്ചു. റെയിൽ പാളങ്ങൾ കളിമൺദണ്ഡുകൾപോലെ വളഞ്ഞുപോയി, തീവണ്ടികൾ പാളംതെറ്റി. തടികൊണ്ടു പണിത പഴയ വീടുകൾ തകർന്നുവീണു. രണ്ടുനില അപ്പാർട്ട്മെൻറുകൾ ക്ഷണനേരംകൊണ്ട് ഒരുനിലക്കെട്ടിടങ്ങൾ പോലെ കാണപ്പെട്ടു. കോബെയിലുള്ളവരിൽ മിക്കവരും ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നു.
ഉടൻതന്നെ തീ പടർന്നുപിടിച്ചു. മുഴു നഗര ബ്ലോക്കുകളും അഗ്നിക്കിരയായി. ഭൂകമ്പംമൂലം ജലവിതരണം നിലച്ചുപോയിരുന്നതുകൊണ്ട് അഗ്നിശമനസേനകൾ നിസ്സഹായരായി നോക്കിനിന്നു. ഭൂചലനമേൽക്കാത്ത കെട്ടിടനിർമാണം എന്ന സങ്കല്പം നിമിഷനേരംകൊണ്ടു തകർന്നടിഞ്ഞിരുന്നു.
കഷ്ടിച്ചുള്ള രക്ഷപ്പെടലുകളും ദാരുണസംഭവങ്ങളും
ഭൂകമ്പം നേരിട്ടു ബാധിച്ച പ്രദേശത്ത് 76 സഭകളിലായി 3,765 യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നു. 13 സാക്ഷികളും 2 സ്നാപനമേൽക്കാത്ത സഹകാരികളും മരിച്ചിട്ടുണ്ടെന്നു ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്നു പ്രഭാതമായതോടുകൂടി വ്യക്തമായി. (സഭാപ്രസംഗി 9:11) ആ സമയത്തു പൊലീസ് വെളിപ്പെടുത്തിയ മരണസംഖ്യ 1,812 ആയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അത് 5,000-ത്തിനു മേലായി ഉയർന്നു. സാക്ഷികൾ തങ്ങളുടെ സഭകളോടു സഹവസിച്ചവരെ പെട്ടെന്നുതന്നെ കണ്ടെത്തിയതുകൊണ്ട്, അവരുടെ മരണസംഖ്യയിൽ വ്യത്യാസമുണ്ടായില്ല.
മിസാവോയുടെ ഭർത്താവ് ജോലിക്കു നേരത്തേ പോയിരുന്നു. “ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീടു കുലുങ്ങി,” മിസാവോ പറഞ്ഞു. “മേച്ചിൽ ഓടുകൾ എന്റെ ചുറ്റും വന്നുവീണു. മേൽക്കൂരയുടെ മധ്യത്തിലെ വലിയ ഓട് ഒരു മണിക്കൂർ മുമ്പ് എന്റെ ഭർത്താവു തല വച്ചുകിടന്നുറങ്ങിയിരുന്ന തലയണയിൽ വന്നുവീണു.” പല വലിപ്പുകളുള്ള ഒരു അലമാരയും ഒരു പുസ്തക അലമാരയും കൂടി മിസാവോയുടെ തൊട്ടുമുകളിലായി നേർക്കുനേരെ മറിഞ്ഞുവീണു. ഇത് മേച്ചിൽ ഓടുകൾക്കടിയിൽ അകപ്പെട്ടുപോകാതെ അവളെ രക്ഷപ്പെടുത്തി.
സ്കൂളിൽ പഠിക്കുന്ന 16-കാരനായ ഹിരോമാസയെ ഒരു പൂച്ചയുടെ കരച്ചിലാണ് ഉണർത്തിയത്. അവൻ പൂച്ചയെ വെളിയിലിറക്കിവിട്ടപ്പോഴേക്കു ഭൂകമ്പമുണ്ടായി. തിരിച്ചുവന്നപ്പോൾ തന്റെ അമ്മ ടെലിവിഷന്റെയും പുസ്തക അലമാരയുടെയും അടിയിൽ കിടക്കുന്നതാണ് അവൻ കണ്ടത്. അവർക്കു ജീവനുണ്ടെന്നു കണ്ടത് അവനെന്തൊരാശ്വാസമായിരുന്നു! ഒരു അയൽക്കാരനോട് ഒരു ടോർച്ചു വാങ്ങി ഹിരോമാസ തന്റെ അമ്മയെ സ്വതന്ത്രയാക്കി. അതുപോലെ ആയിരക്കണക്കിനാളുകൾക്കു കഷ്ടിച്ചു രക്ഷപ്പെട്ടതിന്റെ കഥകൾ പറയാനുണ്ട്. എന്നാൽ മറ്റു ചില സാക്ഷികൾക്കു ദാരുണമായ അനുഭവങ്ങളാണുണ്ടായത്.
ഹിരോഷിയും കാസു കാനെകോയും തങ്ങളുടെ അപ്പാർട്ട്മെൻറിന്റെ നാശാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടുപോയി. ക്രിസ്തീയ സഭയിലെ സഹോദരങ്ങൾ അവരെ സഹായിക്കാൻ രംഗത്തു പാഞ്ഞെത്തി. ഹിരോഷിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കു രാവിലെ 10 മണി കഴിഞ്ഞിരുന്നു. പിന്നീടു കാസുവിനെ വലിച്ചു പുറത്തെടുത്തപ്പോഴേക്ക് അവൾ മരിച്ചുകഴിഞ്ഞിരുന്നു.
സ്നാപനമേറ്റിട്ട് ഏതാണ്ടു രണ്ടു വർഷം മാത്രമായ, 24-കാരിയായ മിയോക്കോ തെഷിമക്ക് മുഴുസമയ ശുശ്രൂഷയായിരുന്നു ലക്ഷ്യം. ഭൂകമ്പമുണ്ടായ ദിവസം രാവിലെ, തന്റെ അപ്പാർട്ട്മെൻറിന്റെ രണ്ടാംനില തകർന്നു വീണപ്പോൾ അവൾ ഒന്നാംനിലയിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. അവൾ കെട്ടിടത്തിന്റെ ഉത്തരങ്ങളുടെയും കഴുക്കോലുകളുടെയും ഇടയിൽ കുടുങ്ങിപ്പോയി. മാതാപിതാക്കളും അയൽക്കാരും ചേർന്ന് നാശാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബൈബിൾ പഠിക്കുന്നുണ്ടായിരുന്ന അവളുടെ അമ്മ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടു. അവർ സഹായത്തിനെത്തി.
ഏകദേശം ഏഴു മണിക്കൂറുകൾക്കുശേഷം മിയോക്കോയെ വലിച്ചു പുറത്തെടുത്തപ്പോഴും അവൾക്കു ജീവനുണ്ടായിരുന്നു. നെഞ്ചു തിരുമ്മിക്കൊടുക്കാൻ ഡോക്ടറോടും നേഴ്സിനോടുമൊപ്പം മൂന്നു മൂപ്പന്മാർ മാറി മാറി നിന്നു. പക്ഷേ മിയോക്കോ മരിച്ചുപോയി. അവളുടെ അച്ഛൻ അവളുടെ മതവിശ്വാസത്തിനനുകൂലമായിരുന്നില്ല. എന്നാൽ തന്റെ മകളെ രക്ഷിക്കുന്നതിനു സാക്ഷികൾ നടത്തിയ ശ്രമങ്ങൾ അദ്ദേഹത്തിന്റെ മനസ്സിളക്കി. താൻ മരിക്കുമ്പോൾ സാക്ഷികളുടെ രീതിയിലുള്ള ഒരു ശവസംസ്കാരം നടത്തണമെന്ന അവളുടെ നേരത്തത്തെ അപേക്ഷയ്ക്ക് അദ്ദേഹം വഴങ്ങി.
ഒരു ക്രിസ്തീയ മൂപ്പനായ താകേവോ ജിംഗുജി, ഭാര്യയോടും മകളോടുമൊപ്പം ഒരു പഴയ അപ്പാർട്ട്മെൻറിന്റെ ഒന്നാംനിലയിലാണു താമസിച്ചിരുന്നത്. “ഭൂകമ്പമുണ്ടായപ്പോൾ മുകളിലത്തെ നില ഞങ്ങളുടെമേലേക്ക് ഇടിഞ്ഞുവീണു. ഞാൻ ഒരു പുസ്തക അലമാരയുടെ അടിയിൽ കുടുങ്ങിപ്പോയി,” എന്നദ്ദേഹം പറഞ്ഞു. “അവസാനം, എനിക്ക് അതിൽനിന്നു പുറത്തുകടക്കാൻ കഴിഞ്ഞപ്പോൾ ഞാൻ കെട്ടിടത്തിൽനിന്നു വെളിയിൽ കടക്കാൻ ശ്രമിച്ചുതുടങ്ങി. പെട്ടെന്ന് ഞാനൊരു ശബ്ദം കേട്ടു. അതു ഞങ്ങളെ തേടിവന്ന അയൽക്കാരനായ ഒരു സാക്ഷിയായിരുന്നു.”
ഒടുവിൽ പുറത്തുകടക്കാൻ കഴിഞ്ഞ താകേവോ കണ്ടത് ചുറ്റുമുള്ള കെട്ടിടങ്ങളിൽനിന്നു തന്റെ അപ്പാർട്ട്മെൻറിലേക്കു തീ പടർന്നുപിടിക്കുന്നതാണ്. അതുകൊണ്ട് അദ്ദേഹം വീണ്ടും നാശശിഷ്ടങ്ങൾക്കിടയിലേക്ക് ഇഴഞ്ഞുകയറി തന്റെ ഭാര്യയെ പുറത്തെടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. അദ്ദേഹത്തിന്റെ 26-കാരിയായ ഭാര്യ എയ്കോയും മകൾ നവോമിയും മരണമടഞ്ഞിരുന്നു. എന്നിട്ടും, അദ്ദേഹം തന്റെ സഭയിലെ മറ്റംഗങ്ങളെ സഹായിക്കാൻ തുടങ്ങി. “എന്റെ കുടുംബത്തിനുവേണ്ടി എനിക്കു ചെയ്യാവുന്നതായി മറ്റൊന്നുമുണ്ടായിരുന്നില്ല, അതുകൊണ്ട് ഞാൻ മറ്റുള്ളവരെ സഹായിക്കുന്നതിലേക്കു തിരിഞ്ഞു. ഞങ്ങളുടെ സഭയിലെ മറ്റെല്ലാവരും സുരക്ഷിതരാണെന്നു കണ്ടപ്പോൾ എനിക്കാശ്വാസമായി,” എന്ന് അദ്ദേഹം പിന്നീടു പറഞ്ഞു.
നിരാശാജനകമായ ഒരവസ്ഥ
ആയിരങ്ങൾ സ്കൂളുകളിലും പൊതുക്കെട്ടിടങ്ങളിലും അഭയം തേടി. ഭൂകമ്പാനന്തര പ്രകമ്പനങ്ങളെ ഭയന്ന്, ചിലർ പുറത്തു തമ്പടിക്കുകയോ, തങ്ങളുടെ കാറുകളിൽ കിടന്നുറങ്ങുകയോ ചെയ്തു. റെയിൽ പാതകളും ഹൈവേകളും തകർന്നു തരിപ്പണമായി. ദുരിതാശ്വാസസാധനങ്ങൾ കൊണ്ടുവരാനുള്ള റോഡുകളിൽ ആയിരക്കണക്കിനു വാഹനങ്ങൾ വഴിമുടക്കികിടന്നു. ദിവസങ്ങളോളം അനേകർക്കും വളരെ കുറച്ചു ഭക്ഷണമേ കിട്ടിയുള്ളു, അല്ലെങ്കിൽ ഒന്നുംതന്നെ കിട്ടിയില്ല. എന്നാൽ ഒരു കാര്യം എടുത്തുപറയട്ടെ, കൊള്ളയുടെ വാർത്തകളേ ഉണ്ടായിരുന്നില്ല. മിക്കവരും തങ്ങളുടെ കൈവശമുണ്ടായിരുന്ന അല്പ ഭക്ഷണം പങ്കുവെച്ചുകഴിച്ചു.
“ഇതു രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോഴത്തെ അവസ്ഥ പോലെയാണ്,” കമ്പിളികൊണ്ടു മൂടിപ്പുതച്ചിരുന്ന ഒരു വൃദ്ധൻ കണ്ണീരൊഴുക്കിക്കൊണ്ടു പറഞ്ഞു. ജപ്പാനിലെ പ്രധാനമന്ത്രിയായ തോമീച്ചീ മുരായാമ നഷ്ടങ്ങളുടെ കണക്കെടുപ്പു നടത്തിയിട്ട് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഞാൻ ഇതുപോലൊന്നു കണ്ടിട്ടില്ല. ഇത് ആരുടെ ഭാവനയ്ക്കും അതീതമാണ്.”
സാക്ഷികൾ താമസംവിനാ പ്രതികരിക്കുന്നു
ഒരു മൂപ്പനായ കെയ്ജി കൊഷിറോ ഭൂകമ്പമുണ്ടായ അന്നു രാവിലെ കോബെയിലെ തെക്കൻഭാഗം സന്ദർശിച്ചപ്പോൾ കണ്ടത് ഭയങ്കരമായ നാശനഷ്ടങ്ങളാണ്. അദ്ദേഹം വീട്ടിലേക്കു മടങ്ങിച്ചെന്ന് ഏറെ ഗുരുതരമായി ബാധിക്കപ്പെട്ട ക്രിസ്ത്യാനികൾക്കു ഭക്ഷണം പാകം ചെയ്യാൻ പ്രാദേശിക സഭയെ സംഘടിപ്പിച്ചു. സന്ധ്യയായപ്പോഴേക്ക് അദ്ദേഹം കോബെ നഗരമധ്യത്തിലുള്ള സഭകൾക്ക് തന്റെ കാറിൽ ഭക്ഷണപാനീയങ്ങൾ വിതരണം ചെയ്തുതുടങ്ങി. അടുത്ത ദിവസം രാവിലെ കൂടുതൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കപ്പെട്ടു. ഗതാഗതക്കുരുക്കുണ്ടായതുകൊണ്ട് ദുരിതാശ്വാസസാധനങ്ങൾ വിതരണം ചെയ്യാൻ 16 മോട്ടോർ സൈക്കിളുകൾ ഒന്നിനു പുറകേ ഒന്നായി പോകുന്നതിനു സാക്ഷികൾ ക്രമീകരണം ചെയ്തു.
തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെ അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനും സഹായിക്കുന്നതിനും പെട്ടെന്നുതന്നെ മറ്റനേകം പേർ മുൻകൈയെടുത്തു പ്രവർത്തിച്ചു. റ്റോമോയുകി റ്റ്സുബോയും മറ്റൊരു മൂപ്പനും കൂടി കോബെയ്ക്കടുത്തുള്ള മറ്റൊരു നഗരമായ അഷീയയിലേക്കു മോട്ടോർ സൈക്കിളുകളിൽ പുറപ്പെട്ടു. അവിടെയും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അഷീയയുടെ തെക്കുഭാഗത്തുള്ള രാജ്യഹാളിൽ അവിടത്തെ സഞ്ചാരമേൽവിചാരകനായ യോഹിനോബു കുമാഡ ഒരു ദുരിതാശ്വാസകേന്ദ്രം തുറന്നുകഴിഞ്ഞിരുന്നതായി അവർ കണ്ടു.
ആവശ്യത്തെക്കുറിച്ചു സഹോദരങ്ങളെ അറിയിക്കാൻ അവരുമായി ടെലഫോണിൽ ബന്ധപ്പെട്ടു. പെട്ടെന്നുതന്നെ സാധനങ്ങൾ വന്നുചേർന്നുതുടങ്ങി. പുതപ്പുകൾ, ആഹാരം, വെള്ളം എന്നിവ നിറച്ച ഒൻപതു കാറുകൾ ഉടൻതന്നെ അഷീയയിലേക്കു പുറപ്പെടുകയായി. ഈ സാധനങ്ങളെല്ലാം 40-നും 50-നും ഇടയ്ക്ക് എണ്ണം ആളുകൾ അഭയം തേടിയിരുന്ന രണ്ടു രാജ്യഹാളുകളിൽ ഇറക്കി. മറ്റുള്ളവർ സഹവിശ്വാസികളുടെ വീടുകളിലായിരുന്നു അഭയം പ്രാപിച്ചിരുന്നത്. പിറ്റേന്ന്, അടുത്തൊരു പ്രദേശത്തെ സാക്ഷികൾ 800 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി. ആവശ്യക്കാർക്കു സമൃദ്ധമായ ഭക്ഷണമാണു നൽകപ്പെട്ടത്. അതുകൊണ്ട് അഗതികളായ അയൽക്കാരുമായി സാക്ഷികൾ അതു പങ്കുവെച്ചു.
ഭൂകമ്പബാധിത പ്രദേശത്തുടനീളം, യഹോവയുടെ സാക്ഷികൾ തൽക്ഷണം തങ്ങളുടെ സഹവിശ്വാസികളുടെ സഹായത്തിനെത്തി. നിരീക്ഷിച്ച പലരിലും ഇതു മതിപ്പുളവാക്കി. ഭൂകമ്പമുണ്ടായി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ഹെലികോപ്റ്റർ പൈലറ്റ് യോകോഹാമയിലുള്ള ഒരു സാക്ഷിയെ സമീപിച്ച് ഇങ്ങനെ പറഞ്ഞു. “ഭൂകമ്പം നടന്ന ദിവസം ഞാൻ ദുരന്തബാധിത പ്രദേശത്തുപോയി, അവിടെ ഒരാഴ്ച ചെലവഴിച്ചു, രംഗത്തു പാഞ്ഞെത്തിയവർ സാക്ഷികൾ മാത്രമായിരുന്നു. എനിക്കു വളരെ മതിപ്പു തോന്നി.”
ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കുന്നു
കോബെയിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി യഹോവയുടെ സാക്ഷികളുടെ ജപ്പാനിലെ എബിനായിലുള്ള ബ്രാഞ്ച് ഓഫീസിൽനിന്ന് ഉടൻതന്നെ നാലു പ്രതിനിധികളെ അയച്ചു. “നാശം സംഭവിക്കാത്ത രാജ്യഹാളുകൾ കണ്ടുപിടിച്ച് അങ്ങോട്ടു ദുരിതാശ്വാസ സാധനങ്ങൾ അയയ്ക്കുന്നതിനോടു ഞങ്ങൾ ഉടൻതന്നെ യോജിച്ചു,” എന്ന് ഒരു പ്രതിനിധി റിപ്പോർട്ടു ചെയ്തു. “ആറു രാജ്യഹാളുകൾ കണ്ടെത്തി, അഞ്ചു മണിക്കൂറിനകം അവയെല്ലാം പരമാവധി നിറഞ്ഞു. സംഭരിക്കപ്പെട്ട ബാക്കി സാധനങ്ങൾ യഹോവയുടെ സാക്ഷികളുടെ, അടുത്തുള്ള അസംബ്ലി ഹാളുകളിലേക്ക് അയച്ചു.”
ദുരിതാശ്വാസഫണ്ടിനു വേണ്ടി ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയും ആ വിവരം ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ സഭകളെയെല്ലാം അറിയിക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പത്തുലക്ഷം ഡോളർ സംഭാവന ചെയ്യപ്പെട്ടു. പണം ഉടൻതന്നെ ആവശ്യക്കാർക്കു വിതരണം ചെയ്തു.
നിർദിഷ്ട ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നു സഭകളെ അറിയിച്ചു. ഓരോ സഭയിലെയും മൂപ്പന്മാർ തങ്ങളുടെ സഭയിലെ ആവശ്യക്കാരായ അംഗങ്ങൾക്കു സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം ചെയ്തു. സാക്ഷികളുടെ കുടുംബത്തിലെ അവിശ്വാസികളായ അംഗങ്ങൾ അവഗണിക്കപ്പെട്ടില്ല. ദുരന്തബാധിത പ്രദേശത്തെ ഒരു മൂപ്പന്റെ പിതാവിന് മുമ്പു സാക്ഷികളോട് അനുകൂലമനോഭാവമായിരുന്നില്ല. ഇപ്പോൾ അദ്ദേഹം ഫോണിൽകൂടി ഒരു ബന്ധുവിനോട് ഇങ്ങനെ പുകഴ്ത്തിപ്പറയുന്നതു കേട്ടു: “എന്റെ മകന്റെ മതക്കാർ വന്നു ഞങ്ങളെ സഹായിക്കുന്നു!”
ഭൗതിക സഹായത്തെക്കാളധികം
വൈകാതെതന്നെ, ക്രിസ്തീയ യോഗങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ചൊവ്വാഴ്ച, അതായത് ഭൂകമ്പമുണ്ടായ ദിവസം, ഒരു സഭ യോഗത്തിനായി ഒരു പാർക്കിൽ ഒരുമിച്ചുകൂടി. ഞായറാഴ്ചയോടുകൂടി ഭൂകമ്പബാധിത പ്രദേശത്തെ മിക്ക സഭകളും ചെറിയ കൂട്ടങ്ങളായി കൂടിവരികയോ അധികം കേടുപാടുകൾ പറ്റാത്ത രാജ്യഹാളുകളിൽ കൂടിവരികയോ ചെയ്തുകൊണ്ട് പതിവു വീക്ഷാഗോപുര അധ്യയനം നടത്തി. ഉചിതമായി, ആ ആഴ്ചയിൽ പഠിച്ച 1994 ഡിസംബർ 1 വീക്ഷാഗോപുരം ‘പ്രകൃതി വിപത്തുകൾക്ക് ഇരയായവരെ സഹായിക്കാൻ’ നമ്മുടെ വിഭവങ്ങൾ ഉപയോഗിക്കാനുള്ള പദവിയെക്കുറിച്ചാണു ചർച്ച ചെയ്തത്. യോഗത്തിൽ ഒരു സ്ത്രീ ഇങ്ങനെ അഭിപ്രായം പറഞ്ഞു: “ആദ്യമായിട്ടാണു നമ്മൾ ദുരിതാശ്വാസപ്രവർത്തനത്തിൽ സ്വീകർത്താക്കളായിരിക്കുന്നത്. എന്റെ ഹൃദയം നിറഞ്ഞ നന്ദി വാക്കുകൾകൊണ്ടു പ്രകടിപ്പിക്കാനാവില്ല. നാം സാധാരണനിലയിലാകുമ്പോൾ ഒരു ദാതാവെന്ന നിലയിൽ എനിക്കുള്ള പങ്കു ഞാൻ നിർവഹിക്കും.”
ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശം സന്ദർശിക്കുന്നതിന് ബ്രാഞ്ച് ഓഫീസിൽനിന്നുള്ള പ്രതിനിധികൾ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചു. “സഹോദരങ്ങളെ കണ്ണീരോടെ കാണുന്നതു കരളലിയിക്കുന്നതായിരുന്നു,” അവരിലൊരാൾ പറഞ്ഞു. “‘ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടതുകൊണ്ടല്ല, ഞങ്ങളെ സന്ദർശിക്കുന്നതിന് എബിനായിൽനിന്ന് ഇത്ര ദൂരം നിങ്ങൾ വന്നതു ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചതുകൊണ്ടാണു ഞങ്ങൾ കരയുന്നത്’ എന്ന് അവർ ഞങ്ങളോടു പറയുമായിരുന്നു.”
ഭൂകമ്പമുണ്ടായി 24 മണിക്കൂറുകൾക്കകം യു.എസ്.എ.-യിലെ ന്യൂയോർക്കിൽ ബ്രൂക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ഭരണസംഘവും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ബ്രാഞ്ച് ഓഫീസുകളും അനുകമ്പ പ്രകടിപ്പിച്ചുകൊണ്ടു സന്ദേശങ്ങളയച്ചു. തുടർന്നുവന്ന ദിവസങ്ങളിൽ അത്തരം മറ്റനേകം സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. രണ്ടു വർഷം മുമ്പ് ഒരു തീബോംബുസ്ഫോടനത്തിൽ 15 അംഗങ്ങളെ നഷ്ടപ്പെട്ട കൊറിയാ റിപ്പബ്ലിക്കിലെ വഞ്ചുവെസ്റ്റ് സഭയിൽനിന്നുള്ള ഒരു ഫാക്സ് സന്ദേശം പ്രത്യേകിച്ചും ഹൃദയസ്പർശിയായിരുന്നു.a അതിങ്ങനെ ഉപസംഹരിച്ചു: “കോബെയിലെ ഞങ്ങളുടെ സഹോദരങ്ങളുടെ വേദനകൾ, ഞങ്ങളുടെ വേദനകളും ദുഃഖങ്ങളുമാണ്. ഞങ്ങൾ അനുഭവിച്ചിട്ടുള്ളതുപോലെതന്നെ നിങ്ങൾ വിഷമഘട്ടത്തിലാകുമ്പോൾ നിങ്ങൾ ഒറ്റയ്ക്കല്ലെന്നു ദയവായി ഓർമിക്കുക. പ്രിയ സഹോദരങ്ങളേ, തളർന്നുപോകരുത്!”
ബ്രാഞ്ച് പ്രതിനിധികൾ തുടർച്ചയായ ആത്മീയ പിന്തുണയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു. ഉദാഹരണമായി, സഹോദരങ്ങൾക്കു പ്രോത്സാഹനം കൊടുക്കുന്നതിനു കോബെ പ്രദേശത്തേക്കു താത്കാലികമായി കൂടുതൽ സഞ്ചാരമേൽവിചാരകന്മാരെ നിയമിച്ചു. ദുരിതമനുഭവിക്കുന്നവർക്ക് ആത്മീയവും വൈകാരികവുമായ പിന്തുണ നൽകാൻ ഒരു സമയത്ത് ഒരാഴ്ചത്തേക്കോ മറ്റോ മാറിമാറി കോബ് സന്ദർശിക്കാൻ ജപ്പാന്റെ മറ്റു ഭാഗങ്ങളിലുള്ള മൂപ്പന്മാരും ക്ഷണിക്കപ്പെട്ടു.
ലോകവ്യാപകമായുള്ള സഹവിശ്വാസികളിൽനിന്നു ലഭിച്ച അത്തരം പരിചരണവും പ്രോത്സാഹനവും മൂലം ദുരന്തബാധിതപ്രദേശത്തെ സഹോദരങ്ങൾ ക്രിയാത്മകവും വിലമതിപ്പുള്ളതുമായ ഒരു മനോഭാവം നിലനിർത്തി. “ഞങ്ങൾക്കു പോകാൻ ഒരിടവുമില്ലാതിരുന്നതുകൊണ്ട്, ഇന്നലെവരെ അല്പം ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ ഇവിടെ വന്ന്, അലക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങൾ, താത്കാലിക വസതികളായി സമ്മേളനഹാളുകൾ ഉപയോഗിക്കാനുള്ള ക്രമീകരണം എന്നിവയുൾപ്പെടെ ഞങ്ങൾക്കു വേണ്ടി ചെയ്തിരിക്കുന്ന ദയാപൂർവകമായ ക്രമീകരണങ്ങളെക്കുറിച്ചു കേട്ടപ്പോൾ യഥാർഥത്തിൽ ഞങ്ങളുടെ ഉത്കണ്ഠകൾ മാറിക്കിട്ടി. സത്യമായും ഇതു ദൈവത്തിന്റെ സ്ഥാപനമാണ്!” എന്ന് ഭൂകമ്പത്തിനുശേഷം, ആദ്യത്തെ യോഗത്തിൽ പങ്കെടുത്തുകഴിഞ്ഞ് ഒരു സാക്ഷി പറഞ്ഞു.
അതേ, ആത്മീയ ധനത്തിനു പ്രാധാന്യം കൊടുത്തതു പ്രശ്നങ്ങൾ തരണം ചെയ്യാൻ സാക്ഷികളെ സഹായിച്ചിരിക്കുന്നു. തന്റെ ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു യുവതി ഇങ്ങനെ പറഞ്ഞു: “എനിക്കു മൂന്നു വയസ്സുണ്ടായിരുന്നപ്പോൾ മുതൽ യഹോവയിൽ ആശ്രയിക്കാൻ അമ്മ എന്നെ പരിശീലിപ്പിച്ചു. ആ പരിശീലനവും ക്രിസ്തീയ സഭവഴി ലഭിച്ച പരിശീലനവും ഈ ദുരന്താനുഭവം താങ്ങാൻ എന്നെ സഹായിച്ചു.”
പുനർനിർമിക്കാൻ സംഘടിതർ
സാക്ഷികളുടെ വീടുകളിൽ ഏകദേശം 350 എണ്ണത്തിനു ഗുരുതരമായ കേടുപാടുകൾ പറ്റുകയോ നാശം സംഭവിക്കുകയോ ചെയ്തു; ഇവയിൽ നൂറെണ്ണത്തോളം സ്വകാര്യഭവനങ്ങളായിരുന്നു. ഇവ കൂടാതെ സാക്ഷികളുടെ 630-ലധികം വീടുകൾക്കു ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികൾ ചെയ്യേണ്ടിയിരുന്നു. ഉപയോഗിക്കാൻ സാധിക്കാത്തവിധം പത്തു രാജ്യഹാളുകൾക്കും കേടു സംഭവിച്ചിരുന്നു.
രാജ്യഹാളുകൾ നഷ്ടപ്പെട്ട സഭകൾക്ക് അവ വീണ്ടും നിർമിച്ചുകൊടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉടൻതന്നെ ചെയ്തു. ജപ്പാനിലെ 11 പ്രാദേശിക നിർമാണ കമ്മിറ്റികളിലോരോന്നും സാക്ഷികളുടെ കേടുപാടുകൾ സംഭവിച്ച വീടുകൾ നന്നാക്കുന്നതിന് 21 പേരടങ്ങുന്ന ഒരു സംഘത്തെ നിയമിച്ചു.
അന്ത്യകാലത്തിന്റെ അടയാളം
ഭൂകമ്പങ്ങളുടെ ആവൃത്തി വർധിച്ചുകൊണ്ടിരിക്കുന്നു. “കോബെയിൽ ഉണ്ടായതിനെക്കാൾ വലിയ അനേകം ഭൂകമ്പങ്ങൾ [ജപ്പാനിൽ] കഴിഞ്ഞ വർഷംതന്നെ ഉണ്ടായി” എന്ന് മക്ലെൻസ് മാസിക അഭിപ്രായപ്പെട്ടു. അവയിലൊന്ന് 8.1 എന്ന പരിമാണമുള്ളതായിരുന്നു, പക്ഷേ അതുണ്ടായത് വടക്കുഭാഗത്തുള്ള ജനവാസം വളരെ കുറഞ്ഞ പ്രദേശത്തായിരുന്നു.
ഭൂകമ്പങ്ങൾ ഇങ്ങനെ വർധിച്ച തോതിൽ ഉണ്ടാകുന്നതു യഹോവയുടെ സാക്ഷികളെ അതിശയിപ്പിക്കുന്നില്ല. ഭൂകമ്പം കോബെയിലെ തന്റെ വീടിനെ പിടിച്ചുകുലുക്കിയ ഉടനെ അഞ്ചു വയസ്സുകാരനായ അറ്റ്സുഷി “അവിടവിടെ ഭൂകമ്പം ഉണ്ടാകും”! എന്നു പറഞ്ഞുകൊണ്ട് അവിടമാകെ ഓടിനടന്നു. (മർക്കൊസ് 13:8) അവൻ തന്റെ അമ്മയിൽനിന്ന് ഈ പ്രവചനം പഠിച്ചിട്ടുണ്ടായിരുന്നു. യേശുക്രിസ്തു ഭൂകമ്പത്തെ “[തന്റെ] സാന്നിദ്ധ്യത്തിന്റെയും ലോകാവസാനത്തിന്റെയും അടയാള”ത്തിൽ ഉൾപ്പെടുത്തി. ആ അടയാളത്തിൽ ഉൾപ്പെടുന്ന മറ്റു സംഗതികൾ യുദ്ധം, ഭക്ഷ്യക്ഷാമം, മഹാമാരികൾ, അനേകരുടെയും സ്നേഹം തണുത്തുപോകൽ തുടങ്ങിയവയാണ്.—മത്തായി 24:3-14, NW; 2 തിമൊഥെയൊസ് 3:1-5.
നാം ഈ ലോകത്തിന്റെ അന്ത്യനാളുകളിലാണു ജീവിക്കുന്നത് എന്നതിന്റെ കൂടുതലായ തെളിവു മാത്രമാണു കോബെയിലെ ഭൂകമ്പം. സന്തോഷകരമെന്നു പറയട്ടെ, ഈ ലോകത്തിന്റെ സ്ഥാനത്തു വളരെ പെട്ടെന്ന് നീതിയുള്ള ഒരു പുതിയ ലോകം വരുമെന്നു തെളിയിച്ചുകൊണ്ടു യേശുവിന്റെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന അടയാളത്തിന്റെ ഒരു ഭാഗമാണിത്.—1 യോഹന്നാൻ 2:17.
[അടിക്കുറിപ്പുകൾ]
[23-ാം പേജിലെ ചിത്രങ്ങൾ]
താകേവോ ജിംഗുജിക്ക് ഈ നാശാവശിഷ്ടങ്ങൾക്കിടയിൽ തന്റെ കുടുംബത്തെ നഷ്ടമായി
[24-ാം പേജിലെ ചിത്രം]
തകർന്ന റെയിൽവേ സ്റ്റേഷൻ
[24, 25 പേജുകളിലെ ചിത്രങ്ങൾ]
തകർന്നുവീണ മേൽപാതകൾ
[26-ാം പേജിലെ ചിത്രങ്ങൾ]
ദുരന്തത്തിനിരയായവർക്കു വേണ്ടി സാക്ഷികൾ അതിവേഗം ദുരിതാശ്വാസനടപടികൾ കൈക്കൊള്ളുന്നു