ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ആശയവിനിയമം “ആശയവിനിയമം വിവാഹജീവിതത്തിൽ” എന്ന വിശിഷ്ടമായ പരമ്പരയ്ക്കു നന്ദി. (ജനുവരി 22, 1994, ഇംഗ്ലീഷ്) ഞാൻ വിവാഹിതയായിട്ട് ഇപ്പോൾ 26 വർഷമായി. ഏതാനും വർഷങ്ങൾക്കു മുമ്പ് എന്റെ വിവാഹജീവിതം അങ്ങേയററം പ്രശ്ന സങ്കീർണമായി തീർന്നു. ഞങ്ങൾ ഒരു പ്രതിസന്ധിയുടെ വക്കിലെത്തിയിരുന്നു. ആശയവിനിമയത്തിന്റെ അഭാവമായിരുന്നു പ്രശ്നം. വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ഞാൻ തിരച്ചിൽ നടത്തുകയും വായിച്ച കാര്യങ്ങൾ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്റെ ഭർത്താവും ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ മെച്ചപ്പെടാനായി കൂടുതലായ ആശയങ്ങൾ ഈ ലേഖനങ്ങൾ എനിക്കു നൽകി. വിവേചന നട്ടുവളർത്താനും നിർദേശങ്ങൾ പ്രവർത്തനപഥത്തിൽ കൊണ്ടുവരാനും ഇവ എന്നെ സഹായിക്കുന്നു.
വൈ. കെ., ജപ്പാൻ
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . കറങ്ങിനടപ്പു സംബന്ധിച്ചെന്ത്?” (ജൂൺ 22, 1993, ഇംഗ്ലീഷ്) എന്ന ലേഖനം യഥാർഥത്തിൽ എന്നെ നേരായ ദിശയിൽ വഴിനയിച്ചു. കറങ്ങിനടപ്പ് വളരെ സാധാരണമായിരിക്കുന്ന ഒരു പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്. എന്നെപ്പോലെയുള്ള അനേകം യുവാക്കൾ ഈ വിവരത്തിൽനിന്ന് പ്രയോജനം അനുഭവിക്കും എന്നാണ് എന്റെ വിശ്വാസം.
ററി. എസ്., നൈജീരിയ
“എന്റെ മാതാപിതാക്കൾ ഇത്ര വിഷാദമഗ്നരായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനത്തിൽ (നവംബർ 8, 1993, ഇംഗ്ലീഷ്) എനിക്ക് പ്രത്യേക താത്പര്യമുണ്ടായിരുന്നു. എന്തുകൊണ്ടെന്നാൽ എന്റെ സഹോദരൻ ചെയ്യുന്നതിനെല്ലാം എന്റെ നേരെ ക്രുദ്ധിക്കുന്ന ഒരു പിതാവ് എനിക്കുണ്ട്. ചിലപ്പോൾ ഞാൻ എന്റെ പിതാവിന്റെ കൂടെ ജോലിക്കു പോകാറുണ്ട്. അദ്ദേഹം എത്രമാത്രം സമ്മർദമാണ് അനുഭവിക്കുന്നത് എന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.
എ. കെ., ഐക്യനാടുകൾ
“ഞാൻ സാധാരണപോലെയാണോ വളരുന്നത്?” “ഞാൻ ഇത്രവേഗം വളരുന്നത് എന്തുകൊണ്ട്?” എന്നീ ലേഖനങ്ങൾക്ക് വളരെയധികം നന്ദി. (സെപ്ററംബർ 22, ഒക്ടോബർ 8, 1993, ഇംഗ്ലീഷ്) എനിക്ക് 11 വയസ്സുണ്ട്, പ്രായം വെച്ചു നോക്കുമ്പോൾ എനിക്കു തീരെ വലിപ്പമില്ല എന്നു ചില ആളുകൾ പറയുന്നു. ഈ ലേഖനങ്ങൾ തികച്ചും ഉത്തമമായിരുന്നു.
ജെ. ആർ. പി., ജർമനി
എനിക്ക് 11 വയസ്സുണ്ട്. പൊക്കത്തെപ്പററിയുള്ള ക്രൂരമായ തമാശകൾക്ക് കരുവായിരിക്കയാണ് ഞാൻ. ഇക്കാര്യത്തിൽ ഞാൻ ഒററയ്ക്ക് അല്ലെന്നും എനിക്ക് സാധാരണ വളർച്ചയാണ് ഉള്ളതെന്നും കാണാൻ എന്നെ സഹായിച്ചതിനു നന്ദി. ഞാൻ മററുള്ളവരെക്കാൾ പെട്ടെന്നു വളരുന്നു എന്നേ ഉള്ളൂ. ഈ ലേഖനങ്ങൾ യഥാർഥത്തിൽ എന്നെ സഹായിച്ചു.
ഇ. ക്യു., ഇംഗ്ലണ്ട്
പല വർഷങ്ങൾക്കുമുമ്പ് ഈ ലേഖനം എനിക്കു കിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എന്റെ ആൺമക്കളിൽ ഒരാൾ താരുണ്യത്തിലേക്ക് കടക്കുകയും അവന് ഇപ്പോഴുള്ള 206 സെൻറിമീററർ ഉയരം വയ്ക്കുകയും ചെയ്തു. ‘ഹലോ, നിനക്കു സുഖമാണോ?’ എന്നു ചോദിക്കുന്നതിനു പകരം കാണുന്ന ഉടനെ ആളുകൾ പറയുന്നത്, ‘നിനക്കു വല്ലാത്ത പൊക്കമാണ്!’ അല്ലെങ്കിൽ ‘അങ്ങുമേളിൽ കാലാവസ്ഥ എങ്ങനെയുണ്ട്?’ എന്നൊക്കെയായിരുന്നു. അവർ ഇത് എത്ര തവണ ചോദിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. അത് അല്ലെങ്കിൽത്തന്നെ കൈകാര്യം ചെയ്യാൻ വിഷമമുള്ള ഒരു പ്രായത്തെ ഒന്നുകൂടി വിഷമകരമാക്കിത്തീർത്തു എന്നു പറയേണ്ടതില്ലല്ലോ. ഉള്ള ശരീരം കൊണ്ട് തൃപ്തിപ്പെടാൻ നാം യുവജനങ്ങളെ സഹായിക്കേണ്ടതുണ്ട്. നിങ്ങളുടെ ലേഖനം ഞങ്ങൾ വളരെ വിലമതിക്കുന്നു.
എം. ഡി., ഐക്യനാടുകൾ
വിശ്വസ്തനായ പിതാവ് “എന്റെ പിതാവിന്റെ വിശ്വസ്ത മാതൃക” എന്ന പ്രോത്സാഹജനകമായ ലേഖനത്തിനു നന്ദി. (ഡിസംബർ 22, 1993, ഇംഗ്ലീഷ്) എന്റെ ഡാഡി വിശ്വസ്തതയോടെ മരണം വരിച്ചത് ഏതാണ്ട് രണ്ടു വർഷം മുമ്പായിരുന്നു. കാലുകൾ നീരു വെച്ചിരുന്നതുകൊണ്ട് ഒടുവിലത്തെ മാസം അദ്ദേഹത്തിനു നടക്കാനേ കഴിഞ്ഞില്ല. എന്നാൽ തന്റെ കിടക്കയ്ക്കരികെ വന്ന എല്ലാവരോടും തന്റെ അവസാന ദിവസം വരെ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നു. തന്റെ വിശ്വാസത്തെക്കുറിച്ചു മററുള്ളവരോടു സംസാരിച്ചുകൊണ്ട് ജീവിതത്തിന്റെ ഒടുവിലത്തെ മാസം അദ്ദേഹം 20-തോളം മണിക്കൂർ ചെലവഴിച്ചു. ‘നമ്മുടെ മുഴു സഹോദരവർഗവും ഈ വക കഷ്ടപ്പാടുകളെ തന്നെ നേരിടുന്നുണ്ട്’ എന്ന കാര്യം ഈ ലേഖനം എന്നെ അനുസ്മരിപ്പിച്ചു.—1 പത്രൊസ് 5:9.
ഡി. പി., ഐക്യനാടുകൾ
രക്തപ്പകർച്ചകൾ “യഹോവയുടെ സാക്ഷികളും മെഡിക്കൽ ഉദ്യോഗസ്ഥരും സഹകരിക്കുന്നു” എന്ന ലേഖനത്തിനുള്ള നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. (മാർച്ച് 8, 1994) നമ്മുടെ ഭൗതികവും അതുപോലെ തന്നെ ആത്മികവുമായ ക്ഷേമത്തിലുള്ള യഹോവയുടെ താത്പര്യത്തെ അതു പ്രകടമാക്കി. ഏതാണ്ട് 13 വർഷത്തിനു മുമ്പ് എനിക്ക് പ്രസവത്തെ തുടർന്ന് ഒരു രക്തപ്പകർച്ച ബലം പ്രയോഗിച്ചു നൽകപ്പെട്ടു. അതുകൊണ്ട്, ആവശ്യമായിരിക്കുമ്പോൾ നമ്മെ സഹായിക്കാൻ പരിശീലിതരായിരിക്കുന്ന ക്രിസ്തീയ പുരുഷൻമാർ ഉണ്ടായിരിക്കുന്നതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നു. ഞാൻ അനുഭവിച്ചത് മററുള്ളവർ അനുഭവിക്കാൻ ഇടവരരുതെന്നാണ് എന്റെ പ്രത്യാശയും പ്രാർഥനയും.
കെ. ററി., ഐക്യനാടുകൾ