ദൈവത്തിന്റെ പരിപാലനത്തിൽനിന്ന് ഞാൻ പ്രയോജനമനുഭവിച്ച വിധം
ആയിരത്തിത്തൊള്ളായിരത്തറുപത്തിമൂന്ന് മേയ് 18 പ്രഭാതം, ഞാൻ ഉറക്കമുണർന്നത് സാധാരണയിൽനിന്നു വ്യത്യസ്തമായി വളരെയധികം സന്തുഷ്ടയായിട്ടാണ്. അത് സുന്ദരവും ഊഷ്മളവുമായ ഒരു തെളിഞ്ഞ ദിനത്തിന്റെ തുടക്കമായിരുന്നു. എന്നാൽ ആ ദിവസം എനിക്ക് ഇത്ര പ്രത്യേകതയുള്ളതായിരുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കും മുമ്പ് ഞാൻ എന്നെക്കുറിച്ച് അൽപ്പം കാര്യങ്ങൾ നിങ്ങളോടു പറയട്ടെ.
യു.എസ്.എ., പെൻസിൽവേനിയയിലുള്ള ഫിലദെൽഫിയയിൽ 1932 മേയ് 20-നാണു ഞാൻ ജനിച്ചത്. നാലു പെൺകുട്ടികളുള്ള കുടുംബത്തിലെ ഏറ്റവും ഇളയ പുത്രിയായ എനിക്കു രണ്ടു വയസ്സുണ്ടായിരുന്നപ്പോൾ മാതാവു മരിച്ചു. എന്റെ അഞ്ചാമത്തെ വയസ്സിൽ പിതാവ് പുനർവിവാഹം കഴിച്ചു. കാലക്രമേണ, ഇളയ ആറു സഹോദരീസഹോദരൻമാർ കുടുംബത്തിലേക്കു ചേർക്കപ്പെട്ടു. ഞങ്ങൾ ബാപ്റ്റിസ്റ്റുകാരായിരുന്നു. ഒരു സൺഡേ-സ്കൂൾ ടീച്ചർ ആയിരിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കൽ ചിന്തിച്ചിട്ടുപോലുമുണ്ട്.
ഞാൻ റുമറ്റോയിഡ് ആർത്രയിറ്റിസോടുകൂടിയാണു ജനിച്ചത്. അതുമൂലം വളരെ ദുഷ്കരമായ ഒരു ബാല്യകാലമായിരുന്നു എനിക്കുണ്ടായിരുന്നത്. വർഷങ്ങൾ കടന്നുപോകുന്നതനുസരിച്ച് എന്റെ അവസ്ഥ മോശമായിക്കൊണ്ടിരിക്കുമെന്ന് എനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ ഒരു ഡോക്ടർ എന്നോടു പറഞ്ഞു. ദുഃഖകരമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രവചനം സത്യമായി ഭവിച്ചു. 14 വയസ്സായപ്പോൾ എനിക്ക് നടക്കാൻ വയ്യാതായി. ക്രമേണ എന്റെ കൈകാലുകൾക്കും പാദങ്ങൾക്കും പൂർണമായി വൈകല്യം ബാധിക്കുകയും ഇടുപ്പുകൾ വഴങ്ങാതായി വേദന അനുഭവപ്പെടുകയും ചെയ്തു. എഴുതാനും സാധനങ്ങൾ പൊക്കിയെടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടത്തക്കവണ്ണം എന്റെ വിരലുകൾക്ക് അത്രമാത്രം വൈകല്യം സംഭവിച്ചിരുന്നു. ഈ അവസ്ഥ നിമിത്തം എനിക്ക് പൊതു വിദ്യാലയത്തിലേക്കു തിരികെ പോകാൻ കഴിഞ്ഞില്ല.
14-ാമത്തെ വയസ്സിൽ എന്നെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ കാര്യങ്ങൾ ചെയ്ത് സഹായിക്കാൻ നഴ്സുമാർ എന്നെ അനുവദിച്ചതുകൊണ്ട് ഞാൻ സന്തോഷമുള്ളവളായിരുന്നു. ഞാൻ ആ ജോലി വളരെയധികം ആസ്വദിച്ചു. പിന്നീട് തന്നെത്താൻ ഇരിക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ എത്തിച്ചേർന്നു. എന്റെ കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർമാർ എന്റെ മാതാപിതാക്കളോടു പറഞ്ഞു. അതുകൊണ്ട്, മൂന്നു മാസം ആശുപത്രിയിൽ ചെലവഴിച്ചശേഷം എന്നെ വീട്ടിലേക്കയച്ചു.
അടുത്ത രണ്ടു വർഷം, അതായത് എനിക്ക് 16 വയസ്സാകുന്നതുവരെ കട്ടിലിൽ വെറുതെ കിടന്നതല്ലാതെ മറ്റധികമൊന്നും ഞാൻ ചെയ്തില്ല. കുറച്ചു ഭവന അധ്യാപനം ലഭിച്ചു, പക്ഷേ എന്റെ അവസ്ഥ വഷളായി. എന്റെ വലത്തെ കണങ്കാലിൽ ഒരു വ്രണം ഉണ്ടാകുകയും അതോടൊപ്പം വാതപ്പനി വരുകയും ചെയ്തു. അത് ആശുപത്രിയിലേക്കു തിരികെപോകേണ്ടത് ആവശ്യമാക്കിത്തീർത്തു. അവിടെവെച്ച് എനിക്ക് 17 വയസ്സു പൂർത്തിയായി. ഞാൻ ഒരിക്കൽക്കൂടെ ആശുപത്രിയിൽ മൂന്നു മാസം ചെലവഴിച്ചു. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭവന വിദ്യാഭ്യാസത്തിന് എനിക്കു മേലാൽ സാധിക്കുമായിരുന്നില്ല.
20 വയസ്സടുത്തപ്പോൾ എനിക്കു വല്ലാത്ത ബുദ്ധിമുട്ടനുഭവപ്പെട്ടു, എന്റെ സമയത്തിന്റെ ഭൂരിഭാഗവും ഞാൻ കരഞ്ഞുകൊണ്ടാണു ചെലവഴിച്ചത്. ദൈവമുണ്ടെന്ന് എനിക്കറിയാമായിരുന്നു, എന്നെ സഹായിക്കണമേയെന്ന് അനേക തവണ ഞാൻ അവനോട് പ്രാർഥിച്ചിട്ടുമുണ്ട്.
ഭാവിയെക്കുറിച്ചുള്ള ഒരു പ്രത്യാശ
കണങ്കാലിന്റെ കൂടുതലായ ചികിത്സക്കുവേണ്ടി ഫിലദെൽഫിയ ജനറൽ ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്നോടൊപ്പം മുറിയിൽ മിരിയം കെലും എന്നു പേരുള്ള ഒരു പെൺകുട്ടി താമസിച്ചിരുന്നു. ഞങ്ങൾ കൂട്ടുകാരായിത്തീർന്നു. മിരിയത്തിന്റെ സഹോദരി കാതെറിൻ മിൽസ് സന്ദർശിക്കുമ്പോൾ അവൾ ബൈബിളിൽനിന്നുള്ള വിവരങ്ങൾ എന്നോടു പങ്കുവെക്കുമായിരുന്നു. എന്നെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജു ചെയ്തുകഴിഞ്ഞപ്പോൾ എങ്ങനെയെങ്കിലുമൊക്കെ യഹോവയുടെ സാക്ഷിയായ കാതെറിനുമായുള്ള ബന്ധം എല്ലായ്പോഴും നിലനിർത്തുന്നതിനു ഞാൻ ശ്രമിച്ചു.
കഷ്ടകരമെന്നു പറയട്ടെ, എന്റെ രണ്ടാനമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമില്ലായിരുന്നു. എനിക്ക് 25 വയസ്സായപ്പോൾ ഞാൻ എന്റെ ജ്യേഷ്ഠത്തിമാരിലൊരാളോടൊപ്പം മാറിത്താമസിച്ചു. കാതെറിനും അവിടെ അടുത്തുള്ള ഒരു വീട്ടിലേക്കു മാറിത്താമസിക്കാനിടയായി. ഞാൻ അവളെ വീട്ടിലേക്കു ക്ഷണിക്കുകയും പഠന സഹായിയായ ദൈവം സത്യവാൻ പുസ്തകം ഉപയോഗിച്ച് അവൾ എന്നോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. ഞാൻ എന്നും വികലാംഗയായിരിക്കുകയില്ലെന്നും ഒരുനാൾ മുഴു ദുഷ്ടതയും നീങ്ങിപ്പോകുമെന്നും പഠിക്കുന്നത് എന്തൊരാനന്ദമായിരുന്നു! (സദൃശവാക്യങ്ങൾ 2:21, 22; യെശയ്യാവു 35:5, 6) പുനരുത്ഥാന പ്രത്യാശയോടും എന്റെ അമ്മയെ വീണ്ടും കാണാമെന്നുള്ള പ്രതീക്ഷയോടുമൊപ്പം ഈ സത്യങ്ങൾ എനിക്ക് ആകർഷകമായി തോന്നി.—പ്രവൃത്തികൾ 24:15.
ഞാൻ ഉടൻതന്നെ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. കാതെറിന്റെ ഭർത്താവ് എന്നെ എടുത്തുകൊണ്ടുപോയി കാറിൽ കയറ്റി രാജ്യഹാളിലേക്കു കൊണ്ടുപോകുമായിരുന്നു. ഞാൻ യോഗങ്ങൾക്കു പോയപ്പോൾ ആളുകൾ എന്നോടു പ്രകടമാക്കിയ സ്നേഹത്താൽ എനിക്കു പ്രോത്സാഹനം തോന്നി.
പ്രതിബന്ധങ്ങളെ തരണംചെയ്യൽ
വ്യസനകരമെന്നു പറയട്ടെ, എന്റെ സഹോദരിയും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു. അതുനിമിത്തം എനിക്ക് പിതാവിനോടും രണ്ടാനമ്മയോടുമൊപ്പം താമസിക്കേണ്ടത് ഒരിക്കൽക്കൂടെ ആവശ്യമായിവന്നു. എന്റെ രണ്ടാനമ്മ യഹോവയുടെ സാക്ഷികളോട് വളരെ എതിരായിരുന്നതിനാൽ 1958 മുതൽ 1963 വരെ എനിക്ക് രഹസ്യമായി ബൈബിൾ പഠിക്കേണ്ടിവന്നു. യഹോവയുടെ സാക്ഷികളിലാരെങ്കിലും വീട്ടിൽ വരാൻ അവർ അനുവദിക്കുമായിരുന്നില്ല. ടെലഫോണിലൂടെയും ആശുപത്രിയിലായിരുന്നപ്പോഴും ഞാൻ വ്യത്യസ്ത ആളുകളുമായി പഠനം നടത്തുമായിരുന്നു.
എന്റെ രണ്ടാനമ്മ ചില സമയങ്ങളിൽ എനിക്ക് ആഹാരം തരാനും എന്നെ കുളിപ്പിക്കാനും വിസമ്മതിക്കുമായിരുന്നു എന്നതായിരുന്നു മറ്റൊരു പ്രതിബന്ധം. ഒരിക്കൽ എട്ടു മാസത്തേക്ക് അവരെന്റെ മുടി കഴുകാതിരുന്നു. അവർ ആദ്യം വായിച്ച് അംഗീകരിക്കാത്ത ഒറ്റ കത്തുപോലും അവർ എന്നെ വായിക്കാൻ അനുവദിക്കുമായിരുന്നില്ല. എന്നിരുന്നാലും, യഹോവയുടെ സംരക്ഷണം സ്പഷ്ടമായിരുന്നു, എന്തുകൊണ്ടെന്നാൽ എനിക്കുള്ള കത്തുകൾ എന്റെ സഹോദരന്റെ വീട്ടിലേക്ക് അയയ്ക്കുന്നതിന് അദ്ദേഹം എന്നെ അനുവദിച്ചു. ഈ ക്രമീകരണം ഞാനുമായി സമ്പർക്കത്തിലാകുന്നതിനും എനിക്ക് ആത്മീയ പ്രോത്സാഹനം നൽകുന്നതിനും ഞാൻ എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരുന്ന പാറ്റ് സ്മിത്ത് എന്ന ഒരു ക്രിസ്തീയ സഹോദരിയെ സഹായിച്ചു. എന്റെ സഹോദരൻ അവരുടെ കത്തുകൾ എനിക്ക് ഒളിച്ചുകൊണ്ടുവന്നുതരുമായിരുന്നു; അവയ്ക്കുള്ള എന്റെ മറുപടികൾ അദ്ദേഹം ഒളിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു.
1963-ൽ എനിക്ക് ആശുപത്രിയിലേക്കു തിരിച്ചുപോകേണ്ടിവന്നു, പാറ്റ് സ്മിത്ത് അവിടെവെച്ച് എന്നോടൊപ്പമുള്ള പഠനം തുടർന്നു. ഒരുദിവസം അവരെന്നോടിങ്ങനെ ചോദിച്ചു: “നമ്മുടെ സർക്കിട്ട് സമ്മേളനത്തിൽവെച്ച് സ്നാപനമേൽക്കാൻ നീ ആഗ്രഹിക്കുന്നുവോ?”
“ഉവ്വ്!” ഞാൻ മറുപടി പറഞ്ഞു.
ഞാൻ പുനരധിവാസ (rehabilitation) വാർഡിലായിരുന്നു, ഒരു ദിവസത്തേക്കു മാറിനിൽക്കാനുള്ള ലിഖിതാനുവാദം എനിക്കു ലഭിച്ചു. സർക്കിട്ട് സമ്മേളന ദിവസം പാറ്റും മറ്റു സാക്ഷികളും എന്നെ കൊണ്ടുപോകാനായി വന്നു. സ്നാപനപ്പെടുത്തുന്നതിനായി സഹോദരൻമാർക്ക് എന്നെ ഒരു മറയുടെ മുകളിലൂടെ പൊക്കിയെടുത്ത് വെള്ളത്തിലേക്കു താഴ്ത്തണമായിരുന്നു. അപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളിലൊരാളായി! അത് 1963 മേയ് 18 ആയിരുന്നു, ഞാൻ ഒരിക്കലും മറക്കുകയില്ലാത്ത ഒരു ദിവസം.
നഴ്സിങ് ഹോമിന് അകത്തേക്കും പുറത്തേക്കും
നവംബറിൽ ഞാൻ ആശുപത്രി വിടേണ്ടിയിരുന്നു. ഞാൻ വീട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിച്ചില്ല, എന്തുകൊണ്ടെന്നാൽ യഹോവയ്ക്കുള്ള എന്റെ സേവനം അവിടെ പരിമിതമായിരിക്കും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനൊരു നഴ്സിങ് ഹോമിൽ പ്രവേശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു. അവിടെ, സാക്ഷികൾക്കു വീടുതോറുമുള്ള ശുശ്രൂഷയിൽ ബന്ധപ്പെടുന്നതിനു ബുദ്ധിമുട്ടുള്ള ആളുകൾക്ക് കത്തുകൾ എഴുതിക്കൊണ്ട് ഞാൻ ശുശ്രൂഷയിൽ പങ്കെടുത്തു തുടങ്ങി. ഞാൻ ചരമയറിയിപ്പുകൾ വന്നിരുന്ന കോളങ്ങൾ വായിച്ച് അടുത്തകാലത്തു മരിച്ചുപോയവരുടെ ബന്ധുക്കൾക്ക് ബൈബിളിൽനിന്നുള്ള വാക്യങ്ങൾ ഉൾപ്പെടുത്തി എഴുതുകയും ചെയ്തു.
പിന്നെ, 1964 മേയിൽ ഞാൻ എന്റെ ഏറ്റവും മൂത്ത സഹോദരിയോടും ഭർത്താവിനോടുമൊപ്പം താമസിക്കുന്നതിനായി ന്യൂയോർക്ക് നഗരത്തിലേക്കു മാറി. എന്റെ ആദ്യത്തെ വീൽച്ചെയർ വാങ്ങിക്കൊണ്ടുവന്നത് അദ്ദേഹമാണ്. ഞാൻ യോഗങ്ങളിൽ പങ്കെടുത്തുതുടങ്ങി. ന്യൂയോർക്ക് പട്ടണത്തിലായിരിക്കെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ എന്റെ ആദ്യപ്രസംഗം നടത്തുന്നത് എത്ര ആനന്ദകരമായിരുന്നു!
1965-ന്റെ ആദ്യം ഫിലദെൽഫിയയിലുള്ള ചില സുഹൃത്തുക്കൾ ഞാൻ രണ്ടാഴ്ച അവരോടുകൂടെ ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഞാൻ ഫിലദെൽഫിയയിൽ ആയിരിക്കുമ്പോൾ, എന്റെ സഹോദരി, എന്നെ അവൾക്ക് മേലാൽ ആവശ്യമില്ലെന്നും ഞാനായിരിക്കുന്നിടത്തുതന്നെ താമസിച്ചുകൊള്ളണമെന്നും പറഞ്ഞ് എനിക്കെഴുതി. ഞാനൊരു നഴ്സിങ് ഹോമിൽ വീണ്ടും ചേരാൻ ക്രമീകരണം ചെയ്തു. അവിടെയായിരിക്കവേ, യോഗങ്ങളിൽ പങ്കെടുക്കുന്നതിലും എഴുത്തുകൾ എഴുതിക്കൊണ്ട് ആളുകളോടു സാക്ഷീകരിക്കുന്നതിലും ഞാൻ തുടർന്നു. ഈ സമയത്താണ് സഹായപയനിയർ വേല എന്നു പറയുന്നതിൽ പങ്കെടുത്തുകൊണ്ട് എനിക്കെന്റെ ശുശ്രൂഷ വികസിപ്പിക്കാൻ കഴിഞ്ഞത്.
സ്നേഹപുരസ്സരമായ പരിപാലനത്തിന്റെ സ്വീകാരി
യഹോവയുടെ സംരക്ഷണത്തിന്റെ ഇനിയുമുള്ള ഒരു സൂചന ഫിലദെൽഫിയയിലെ യഹോവയുടെ സാക്ഷികളുടെ വെസ്റ്റ് സഭ എനിക്കു നൽകിയ സഹായമാണ്. എന്നെ ക്രിസ്തീയ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകുന്നതു കൂടാതെ ശുശ്രൂഷയ്ക്കാവശ്യമായ സ്റ്റേഷനറിയും മറ്റു സാധനങ്ങളും അവർ എനിക്കു പ്രദാനം ചെയ്തു.
ഒരു ക്രിസ്തീയ സഹോദരിയും റിട്ടയർ ചെയ്ത നഴ്സുമായ മോഡ് വാഷിങ്ടണോടൊപ്പം എന്റെ താമസം മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടപ്പോൾ 1970-ൽ യഹോവയുടെ സംരക്ഷണത്തിന്റെ മറ്റൊരു തെളിവുകൂടെ പ്രകടമായി. ആ സമയത്ത് അവൾക്ക് 70-തിനോടടുത്തു പ്രായമുണ്ടായിരുന്നെങ്കിലും വയ്യാതാകുംവരെ, അതായത് അടുത്ത രണ്ടു വർഷത്തിലധികം അവരെന്നെ മനസ്സോടെ സംരക്ഷിച്ചു.
ഞാൻ മോഡിനോടൊപ്പമായിരിക്കവേ എനിക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഫിലദെൽഫിയയിലെ റിഡ്ജ് സഭയിലുള്ള സഹോദരങ്ങൾ ഉത്സാഹപൂർവം പ്രവർത്തിച്ചു. ആഴ്ചയിൽ മൂന്നു പ്രാവശ്യം മൂന്ന് ഏണിപ്പടികൾ എന്നെയുംകൊണ്ട് കയറിയിറങ്ങുന്നത് ഇത് ആവശ്യമാക്കിത്തീർത്തു. യോഗങ്ങൾക്കു പോകാൻ എന്നെ സഹായിക്കുന്നതിന് ഇത്ര വിശ്വസ്തമായി പ്രവർത്തിച്ചവരോട് എനിക്ക് എത്ര നന്ദിയുണ്ടെന്നോ!
1972-ൽ വാഷിങ്ടൺ സഹോദരിക്ക് മേലാൽ എന്നെ സംരക്ഷിക്കാൻ വയ്യാതായപ്പോൾ സ്വന്തമായി ഒരു മുറി വാങ്ങിക്കുന്നതിനു ഞാൻ തീരുമാനിച്ചു. റിഡ്ജ് സഭയിലെ ക്രിസ്തീയ സഹോദരിമാരുടെ ആത്മത്യാഗപരമായ സഹായവും സ്നേഹവും കൂടാതെ ഈ ക്രമീകരണം സാധ്യമാകുമായിരുന്നില്ല. എനിക്കു ഭക്ഷണം നൽകാനും എന്നെ കുളിപ്പിക്കാനും എന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കുവേണ്ടി കരുതാനും അവർ ക്രമീകരണങ്ങൾ ചെയ്തു. സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നുകൊണ്ടും മറ്റ് അത്യാവശ്യ ബിസിനസ്സിൽ ശ്രദ്ധിച്ചുകൊണ്ടും മറ്റുചിലർ സഹായിച്ചു.
ആഹാരം തരാനും അന്നത്തേക്കുള്ള വസ്ത്രം ധരിപ്പിക്കാനുമായി എന്നും രാവിലെ സഹോദരിമാർ നേരത്തെ എത്തിച്ചേരുമായിരുന്നു. വീൽച്ചെയറിൽ ഇരിക്കാൻ എന്നെ സഹായിച്ചശേഷം അവരെന്നെ മുറിയുടെ ഒരു ചെറിയ മൂലയ്ക്ക് ജനലിനു സമീപം കിടക്കുന്ന എന്റെ ഡെസ്ക്കുവരെ ഉരുട്ടിക്കൊണ്ടുപോകുമായിരുന്നു. ടെലഫോൺ ഉപയോഗിച്ചും കത്തുകൾ എഴുതിയും ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് ഞാനവിടെ ഇരിക്കും. എന്റെ മുറിയുടെ ഈ ഭാഗത്തെ ഞാൻ പറുദീസാ മൂല എന്നാണു വിളിച്ചത്, എന്തുകൊണ്ടെന്നാൽ അനേകം ദിവ്യാധിപത്യ ചിത്രങ്ങൾക്കൊണ്ട് ഞാൻ അവിടം അലങ്കരിച്ചിരുന്നു. എന്നെ കട്ടിലിൽ കിടത്താനായി രാത്രിയിൽ ആരെങ്കിലും വരുന്നതുവരെ മുഴു ദിവസവും ഞാൻ ശുശ്രൂഷയിൽ ചെലവഴിക്കുമായിരുന്നു.
1974-ൽ ആരോഗ്യസ്ഥിതി മോശമായതു നിമിത്തം എനിക്ക് ആശുപത്രിയിൽ പ്രവേശിക്കേണ്ടിവന്നു. ഞാൻ അവിടെ ആയിരുന്നപ്പോൾ രക്തം സ്വീകരിക്കുന്നതിനുവേണ്ടി എന്നിൽ നിർബന്ധം ചെലുത്തുന്നതിന് ഡോക്ടർമാർ ശ്രമിച്ചു. ഒരാഴ്ച കഴിഞ്ഞ്, എന്റെ അവസ്ഥ ഭേദപ്പെട്ടപ്പോൾ രണ്ടു ഡോക്ടർമാർ എന്നെ സന്ദർശിക്കാൻ വന്നു. “ഓ, ഞാൻ നിങ്ങളെ രണ്ടു പേരെയും ഓർക്കുന്നുണ്ട്, രക്തം സ്വീകരിക്കുന്നതിന് എന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ നിങ്ങൾ ശ്രമിച്ചു,” ഞാൻ അവരോടു പറഞ്ഞു.
“ഉവ്വ്, എന്നാൽ അതു ഫലിക്കുകയില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു,” അവർ മറുപടി പറഞ്ഞു. പുനരുത്ഥാനത്തെക്കുറിച്ചും പറുദീസാ ഭൂമിയെക്കുറിച്ചുമുള്ള ബൈബിൾ വാഗ്ദാനത്തെക്കുറിച്ച് ഡോക്ടർമാർക്ക് ഒരു സാക്ഷ്യം നൽകാൻ എനിക്ക് അവസരം ലഭിച്ചു.—സങ്കീർത്തനം 37:29; യോഹന്നാൻ 5:28, 29.
ഞാൻ ഒറ്റയ്ക്കു താമസിച്ച ആദ്യത്തെ പത്തു വർഷം എനിക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചു. രോഗം വന്നപ്പോഴല്ലാതെ ഒരിക്കലും ഞാൻ അവ നഷ്ടമാക്കിയിട്ടില്ല. കാലാവസ്ഥ മോശമായിരിക്കുമ്പോൾ കൂട്ടുകാർ എന്റെ കാലുകൾ ചൂടുപിടിപ്പിക്കുന്നതിന് കമ്പിളിയിൽ പൊതിഞ്ഞുവെക്കുമായിരുന്നു. വല്ലപ്പോഴുമൊക്കെ ഒരു സഞ്ചാരമേൽവിചാരകനും എന്നെ കാണാൻ വരുമായിരുന്നു. സന്ദർശനം നടത്തുമ്പോഴൊക്കെ ഞാൻ ഫോണിലൂടെ നടത്തിയിരുന്ന ഒരു ബൈബിളധ്യയനത്തിന് അദ്ദേഹം എന്നോടൊപ്പം “പോരു”മായിരുന്നു. ഇവ എനിക്ക് മഹത്തായ സന്തോഷത്തിന്റെ സമയങ്ങളായിരുന്നു.
മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ തരണംചെയ്യൽ
1982 ആയപ്പോഴേക്കും ഞാൻ മേലാൽ കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലെത്തി. എനിക്കു യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതായി, 17 വർഷം തുടർച്ചയായി ചെയ്തുകൊണ്ടിരുന്ന പയനിയറിങ്ങും ചെയ്യാൻ കഴിയാതായി. ഈ സാഹചര്യങ്ങൾ എന്നെ വളരെ ദുഃഖിതയാക്കിത്തീർത്തു. ഞാൻ പലപ്പോഴും കരയുമായിരുന്നു. എന്നിരുന്നാലും, യഹോവയുടെ പരിപാലനം സ്പഷ്ടമായിരുന്നു—എന്റെ ചെറിയ മുറിയിൽ ഒരു സഭാപുസ്തകാധ്യയനം ഉണ്ടായിരിക്കുന്നതിന് ക്രിസ്തീയ മൂപ്പന്മാർ ക്രമീകരണം ചെയ്തു. ഈ കരുതലിനുവേണ്ടി ഞാൻ എത്രയോ നന്ദിയുള്ളവളാണ്!
ഞാൻ മുഴു ദിവസവും കട്ടിലിൽത്തന്നെയായിരുന്നതിനാലും എനിക്ക് ഡസ്ക്കിനരുകിൽ ചെന്നിരിക്കാൻ കഴിയാഞ്ഞതിനാലും ഒരു കഷണം പേപ്പർ നെഞ്ചത്തു വെച്ച് അതിലെഴുതാൻ ഞാൻ പരിശീലിച്ചു തുടങ്ങി. ആദ്യമൊക്കെ എന്റെ എഴുത്ത് വായിക്കാൻ പറ്റാത്തതായിരുന്നു. എന്നാൽ വളരെയധികം പരിശീലനത്തിന്റെ ഫലമായി അത് വായിക്കാവുന്നതായിത്തീർന്നു. കത്തുകൾ എഴുതിക്കൊണ്ട് സാക്ഷ്യം നൽകാൻ കുറെ നാളത്തേക്ക് എനിക്കു വീണ്ടും കഴിഞ്ഞു. ഇത് എനിക്ക് ഒരളവുവരെ സന്തോഷം കൈവരുത്തി. കഷ്ടകരമെന്നു പറയട്ടെ, എന്റെ അവസ്ഥ കൂടുതൽ മോശമായിത്തീരുകയും ശുശ്രൂഷയുടെ ഈ വശത്ത് പങ്കെടുക്കുന്നതിന് എനിക്കു മേലാൽ കഴിയാതാവുകയും ചെയ്തിരിക്കുന്നു.
1982 മുതൽ എനിക്ക് ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ശാരീരികമായി പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കൺവെൻഷൻ സമയത്തെ ആ പ്രത്യേക മാനസികനിലയിലെത്താൻ ഞാൻ ശ്രമിക്കുന്നു. ഒരു ക്രിസ്തീയ സഹോദരി ഒരു ലാപ്പൽ കാർഡു കൊണ്ടുവന്ന് എന്റെ ഉടുപ്പിൽ കുത്തും. കൂടാതെ, ഫിലദെൽഫിയയിലെ വെറ്റെറൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ബേസ്ബോൾ കളിക്കായി ഞാൻ ടിവി ഓൺ ചെയ്ത് അവിടത്തെ കൺവെൻഷനുകളിൽ ഞാൻ പതിവായി ഇരിക്കാറുണ്ടായിരുന്ന സ്ഥലത്തെക്കുറിച്ച് ഓർക്കും. സാധാരണമായി, എനിക്ക് കൺവെൻഷൻ പരിപാടി മുഴുവനും കേൾക്കാൻ തക്കവണ്ണം ആരെങ്കിലും അത് റെക്കോർഡു ചെയ്യുന്നു.
ഉപേക്ഷിച്ചുകളയുന്നില്ല
ശുശ്രൂഷയിൽ, മുമ്പു ചെയ്തിരുന്നതുപോലെ എനിക്കു ചെയ്യാൻ കഴിയുന്നില്ലെങ്കിലും ആളുകളോട് ബൈബിൾ സത്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോഴും ബോധവതിയാണ്. പയനിയറിങ് ചെയ്യാനും അനേകം താത്പര്യക്കാരെ ബൈബിൾ പഠിക്കാൻ സഹായിക്കാനും കഴിഞ്ഞത് ആനന്ദത്തിന്റെ ഉറവിടമായിരുന്നിട്ടുണ്ട്. കഴിഞ്ഞ 22 വർഷത്തെ ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമായിരുന്നില്ലെങ്കിലും തടസ്സം കൂടാതെ യഹോവയെ സേവിക്കുന്നതിനു ലഭിച്ച സ്വാതന്ത്ര്യം ഞാൻ ആസ്വദിച്ചു, വീട്ടിലായിരുന്നെങ്കിൽ എനിക്കങ്ങനെ ചെയ്യാനാവുമായിരുന്നില്ല.
എന്റെ സ്വന്തം വ്യക്തിത്വം ക്രമപ്പെടുത്തുന്നതിനുവേണ്ടി ഉത്സാഹപൂർവം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യവും ഞാൻ കണ്ടു. എന്നെ സഹായിക്കാൻ സ്വമേധയാ വന്ന ആളുകൾക്ക് നിർദേശം കൊടുക്കുമ്പോൾ ചിലപ്പോൾ എന്റെ സംസാരം അത്ര മൃദുവായിരുന്നിട്ടില്ല. (കൊലൊസ്സ്യർ 4:6) ഈ മേഖലയിൽ മെച്ചപ്പെടുന്നതിനുള്ള സഹായത്തിനായി ഞാൻ യഹോവയോട് തുടർച്ചയായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി സ്നേഹത്തോടെ എന്നെ സഹിച്ചുപോന്നിട്ടുള്ളവർ പ്രകടമാക്കിയ സഹിഷ്ണുതയോടുകൂടിയതും ക്ഷമാപൂർവകവുമായ ആത്മാവിന് ഞാൻ യഥാർഥത്തിൽ നന്ദിയുള്ളവളാണ്. അവരുടെ സ്നേഹപൂർവകമായ സഹായം ഒരു അനുഗ്രഹമാണ്. അതിന് ഞാൻ അവർക്കും യഹോവയ്ക്കും നന്ദികൊടുക്കുന്നു.
വർഷങ്ങളായി എനിക്ക് യോഗങ്ങളിൽ ശാരീരികമായി പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിലും—ഒരു പ്രാവശ്യം ആശുപത്രിയിൽ പോകുന്നതിനല്ലാതെ ഞാൻ എന്റെ മുറിയിൽനിന്ന് ഈ വർഷങ്ങളത്രയും പുറത്തിറങ്ങിയിട്ടില്ല—ഞാൻ ആനന്ദവതിയും സന്തുഷ്ടയുമാണ്. പക്ഷേ ചിലപ്പോൾ ഞാൻ വിഷാദമഗ്നയായിത്തീരുന്നു എന്ന് ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു, എന്നാൽ അതിൽനിന്നു മോചനംനേടാൻ യഹോവ എന്നെ സഹായിക്കുന്നു. രാജ്യഹാളുമായി ബന്ധിപ്പിച്ച ഒരു ടെലഫോണിലൂടെ യോഗങ്ങൾ ശ്രദ്ധിക്കുന്നത് ഇപ്പോൾ ഞാൻ ആസ്വദിക്കുന്നു. പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കുന്നതിനാലും അവനിൽ വിശ്വാസം അർപ്പിക്കുന്നതിനാലും ഞാൻ ഒറ്റയ്ക്കാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. അതേ, ഞാൻ യഹോവയുടെ പരിപാലനത്തിൽനിന്ന് പ്രയോജനമനുഭവിച്ചിരിക്കുന്നുവെന്ന് എനിക്ക് സത്യമായും പറയാൻ കഴിയും.—സെലെസ്റ്റ് ജോൺസ് പറഞ്ഞപ്രകാരം.
[24-ാം പേജിലെ ചിത്രം]
ഞാൻ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന ഈ ഭാഗത്തെ പറുദീസാ മൂല എന്നു വിളിച്ചിരുന്നു