മുൻകൂട്ടി പറഞ്ഞിരിക്കുന്ന ലോകാവസാനം സമീപമോ?
“ന്യൂക്ലിയർ യുഗത്തിന്റെ പിറവിയോടെ അപ്പോക്കലിപ്സിനോടു ബന്ധപ്പെട്ട സ്വപ്നങ്ങൾ സദാ അലട്ടുന്ന സംഭവമായിത്തീർന്നു. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമ ചുട്ടുചാമ്പലാക്കപ്പെട്ടശേഷം എല്ലാവർക്കും ഒരു സംഗതി വ്യക്തമായിരുന്നു: ഇനി ലോകത്തിനു വാസ്തവത്തിൽ അവസാനിക്കാൻ കഴിയും!” എന്ന് 1994 ഫെബ്രുവരി 6-ലെ ഡെട്രോയിറ്റ് ഫ്രീ പ്രസ്സ് മാഗസിൻ അഭിപ്രായപ്പെട്ടു.
ന്യൂയോർക്കിലെ മനശ്ശാസ്ത്ര വിശകലനകർത്താവും ചരിത്ര പ്രൊഫസ്സറുമായ ചാൾസ് ബി. സ്ട്രോസിയർ കഴിഞ്ഞ ഡിസംബറിൽ ഇങ്ങനെ പറഞ്ഞു: “സകലതും വലിയൊരു സ്ഫോടനത്തോടെയോ നിശബ്ദമായോ അല്ലെങ്കിൽ എയ്ഡ്സിന്റെ കഠോര വേദനയോടെയോ ഒടുങ്ങിത്തീരാൻ കഴിയുമെന്നു നമ്മോടു പറയാൻ കവികളുടെ ആവശ്യം മേലാലില്ല.” വാസ്തവത്തിൽ, അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മനുഷ്യവർഗത്തിന്റെ അവസാനത്തെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ സജീവമായ ഭാവന ഇപ്പോൾ ആവശ്യമാണ്.”
ലോകം അവസാനിക്കുമെന്ന് യേശുക്രിസ്തു പഠിപ്പിച്ചതുകൊണ്ട്, ആ അന്ത്യം യഥാർഥത്തിൽ ആസന്നമാണോയെന്ന് അവന്റെ പഠിപ്പിക്കലുകളിൽനിന്നു നമുക്കു നിർണയിക്കാൻ കഴിയുമോ?
അവസാനം—എപ്പോൾ?
ഈ ലോകം അഥവാ വ്യവസ്ഥിതി എപ്പോൾ അവസാനിക്കുമെന്നതു തിരിച്ചറിയാനുള്ള ഒരു “അടയാളം” യേശുവിന്റെ ശിഷ്യൻമാർ അവനോടു ചോദിച്ചു. “അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു എന്നും പറഞ്ഞുതരേണം” എന്ന് അവർ ആരാഞ്ഞു. (മത്തായി 24:3) ഈ ചോദ്യത്തിന് ഉത്തരമായി യേശു നൽകിയ “അടയാളം” നിങ്ങൾക്കു പരിശോധിക്കാൻ കഴിയും. ബൈബിളിൽ മത്തായി 24, മർക്കൊസ് 13, ലൂക്കൊസ് 21 എന്നീ അധ്യായങ്ങളിലാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. ആ അടയാളത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുഖ്യ സംഭവങ്ങളിൽ ചിലതാണു പിൻവരുന്നവ:
വൻ യുദ്ധങ്ങൾ: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും.” (മത്തായി 24:7) അടയാളത്തിന്റെ ഈ ഭാഗം നിവൃത്തിയേറിയതു നാം തീർച്ചയായും കണ്ടുകഴിഞ്ഞു. “ആദ്യത്തെ ‘സമഗ്ര’ യുദ്ധം [1914-ൽ തുടങ്ങിയ] ഒന്നാം ലോകമഹായുദ്ധമായിരുന്നു” എന്ന് ഒരു ചരിത്രകാരൻ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, രണ്ടാം ലോകമഹായുദ്ധം അതിലും പല മടങ്ങു വിനാശകരമായിരുന്നു, അത് ഏതാണ്ട് അഞ്ചു കോടി ആളുകളുടെ ജീവൻ കവർന്നെടുക്കുകയുണ്ടായി. യുദ്ധം ഭൂമിയിൽ തുടർന്നും സംഹാരതാണ്ടവമാടുന്നു.
ഭക്ഷ്യക്ഷാമങ്ങൾ: “ക്ഷാമവും . . . ഉണ്ടാകും.” (മത്തായി 24:7) ഒന്നാം ലോകമഹായുദ്ധത്തെത്തുടർന്നു കടുത്ത ക്ഷാമമുണ്ടായി. അന്നുമുതൽ ക്ഷാമം ഭൂമിയുടെ പല ഭാഗങ്ങളിൽ തേരോട്ടം നടത്തുന്നതിൽ തുടർന്നിരിക്കുന്നു. സമ്പന്ന രാഷ്ട്രങ്ങളിൽപ്പോലും ദാരിദ്ര്യവും വികലപോഷണവും വ്യാപകമാണ്.
വൻ ഭൂകമ്പങ്ങൾ: “വലിയ ഭൂകമ്പവും . . . ഉണ്ടാകും.” (ലൂക്കൊസ് 21:11) പ്രമുഖമായ ഏതാനും ചിലതു മാത്രം പരിചിന്തിക്കുക: 1920, ചൈന, 2,00,000 പേർ മരിച്ചു; 1923, ജപ്പാൻ, 1,43,000 പേർ മരിച്ചു; 1970, പെറു, 66,800 പേർ മരിച്ചു; 1976, ചൈന, മരിച്ചവർ 2,40,000 (8,00,000 എന്നു ചിലർ പറയുന്നു). ഭൂകമ്പരോധക എഞ്ചിനിയറിങിലെ ഒരു വിദഗ്ധൻ 1976-ൽ ചൈനയിൽ ഉണ്ടായ ഭൂകമ്പത്തെ “മാനവചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പ അത്യാഹിതം” എന്നാണു വിളിച്ചത്.
രോഗം: “മഹാവ്യാധികളും . . . ഉണ്ടാകും.” (ലൂക്കൊസ് 21:11) ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് ഉടനെതന്നെ സ്പാനിഷ് ഫ്ളൂവിനാൽ ഏതാണ്ട് 2.1 കോടി ആളുകൾ മരിച്ചു. സയൻസ് ഡയജസ്റ്റ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “മുഴു ചരിത്രത്തിലും മരണം ഒരിക്കലും ഇത്ര തീവ്രമായി വേഗത്തിൽ സന്ദർശനം നടത്തിയിട്ടില്ല.” അന്നുമുതൽ ഹൃദ്രോഗം, കാൻസർ, എയ്ഡ്സ് തുങ്ങിയവയും മറ്റു പലതരം രോഗങ്ങളും കോടിക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടുണ്ട്.
കുറ്റകൃത്യം: “നിയമരാഹിത്യത്തിന്റെ വർധനവ്.” (മത്തായി 24:12, NW) പല രാജ്യങ്ങളിലും കുറ്റകൃത്യം നിയന്ത്രണാതീതമാണ്. കൊലപാതകം, കവർച്ച, ബലാൽസംഗം, ഭീകരപ്രവർത്തനം, അഴിമതി—ദിവസവും നാം അത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചു കേൾക്കുകയോ നാംതന്നെ അവ അനുഭവിക്കുകയോ ചെയ്യുന്നു.
അന്ത്യനാളുകളിൽ ഉണ്ടായിരിക്കുന്ന അവസ്ഥകളെക്കുറിച്ചു മറ്റു ബൈബിൾ പ്രവചനങ്ങളും മുൻകൂട്ടി പറഞ്ഞു. ഉദാഹരണത്തിന്, വെളിപ്പാടു പുസ്തകത്തിൽ നാലു കുതിരക്കാരുടെ സവാരിയെക്കുറിച്ചുള്ള ദർശനമുണ്ട്. (വെളിപ്പാടു 6:1-8) ആദ്യത്തെ കുതിരക്കാരൻ ചിത്രീകരിക്കുന്നതു ജയിച്ചടക്കുന്ന രാജാവെന്നനിലയിൽ യേശുവിനെത്തന്നെയാണ്. മറ്റുള്ള സവാരിക്കാരും അവരുടെ കുതിരകളും ചിത്രീകരിക്കുന്നതു യേശുവിന്റെ ഭരണത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്ന സംഭവങ്ങളെയാണ്: യുദ്ധം, ക്ഷാമം, വിവിധ സംഗതികൾ നിമിത്തമുള്ള അകാല മരണം.
ഇനിയും മറ്റു ചില ബൈബിൾ പ്രവചനങ്ങൾ “ഈ ലോകത്തിന്റെ അന്ത്യയുഗ”ത്തിൽ പ്രബലമായിരിക്കുന്ന മനോഭാവങ്ങളെയും സ്ഥിതിവിശേഷങ്ങളെയും വർണിക്കുന്നു. യേശുവിന്റെ ഒരു അപ്പോസ്തലൻ എഴുതിയത് എന്താണെന്നു പരിചിന്തിക്കുക. നിങ്ങൾ ഈ പ്രവചനം വായിക്കുമ്പോൾ സ്വയം ചോദിക്കുക: ഇത് ഇന്നത്തെ പ്രക്ഷുബ്ധമായ കാലങ്ങളെ കൃത്യമായി വർണിക്കുന്നില്ലേ?
“ഈ ലോകത്തിന്റെ അന്ത്യയുഗം കുഴപ്പങ്ങളുടെ ഒരു കാലമായിരിക്കും” എന്ന് അപ്പോസ്തലൻ എഴുതി. “മനുഷ്യർ പണത്തെയും തങ്ങളെത്തന്നെയുമല്ലാതെ ഒന്നിനെയും സ്നേഹിക്കുകയില്ല; അവർ ഗർവിഷ്ഠരും അഹങ്കാരികളും ദ്രോഹികളുമായിരിക്കും; മാതാപിതാക്കളോട് ആദരവുണ്ടായിരിക്കില്ല, നന്ദിയോ ദയയോ സ്വാഭാവിക പ്രിയമോ ഉണ്ടായിരിക്കില്ല; അടങ്ങാത്ത പകയുള്ളവരും അലിവു കാട്ടാത്തവരും അപവാദത്താൽ വിശ്വാസയോഗ്യത നഷ്ടപ്പെട്ടവരും മിതത്ത്വമില്ലാത്തവരും ഉഗ്രന്മാരും സകല നന്മകളോടും അപരിചിതരും വഞ്ചകരും സാഹസപ്രിയരും സ്വപ്രാധാന്യത്താൽ ചീർത്തവരും ആയിരിക്കും. അവർ ദൈവത്തിന്റെ സ്ഥാനത്ത് ഉല്ലാസത്തെ പ്രതിഷ്ഠിക്കുന്നവരും മതത്തിന്റെ ബാഹ്യമായ ഒരു രൂപം നിലനിർത്തുന്നവരും എന്നാൽ യാഥാർഥ്യത്തെ ത്യജിക്കുന്നവരുമായ മനുഷ്യർ ആയിരിക്കും.”—2 തിമോത്തി 3:1-5, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ലോകാവസാനത്തെ സംബന്ധിച്ച മറ്റൊരു പ്രധാനപ്പെട്ട പ്രവചനം, ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നു വാഗ്ദത്തം ചെയ്യുന്ന പ്രവചനമാണ്. (വെളിപ്പാടു 11:18) മുൻതലമുറകളിലെ മനുഷ്യർക്കു ഭൂമിയെ നശിപ്പിക്കാനുള്ള സാങ്കേതിക കഴിവ് ഉണ്ടായിരുന്നില്ല, എന്നാൽ ഇപ്പോൾ അവർക്കുണ്ട്. ഇന്നു പരിസ്ഥിതിയെ മലീമസമാക്കുന്നതിൽ പുതിയ സാങ്കേതികവിദ്യകൾ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. “ഉന്നത ശാസ്ത്രജ്ഞൻമാർ ഭൂമിയുടെ നാശത്തെക്കുറിച്ചു മുന്നറിയിപ്പു മുഴക്കുന്നു” എന്നതുപോലുള്ള തലക്കെട്ടുകൾ 1992 നവംബറിൽ പത്രങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.
യഥാർഥ പ്രവചനത്തെ തിരിച്ചറിയുക
ഇതു സംബന്ധിച്ചു യാതൊരു സംശയവും അവശേഷിക്കുന്നില്ല. “അന്ത്യയുഗ”ത്തിൽ അഥവാ “വ്യവസ്ഥിതിയുടെ സമാപന”കാലത്തു നടക്കുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിവൃത്തിയിലേക്കു നീങ്ങുന്ന യഥാർഥ പ്രവചനം നാം കാണുന്നു, നാം അതിനു ചെവി കൊടുക്കുന്നതു മർമപ്രധാനമാണ്. നോഹയുടെ നാളുകളിലെ അവസ്ഥയെ വർണിച്ചുകൊണ്ടു യേശു ഇതു പ്രകടമാക്കി, ആ കാലത്തെ ലോകം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് അവൻ ഒരു “നീതിപ്രസംഗി”യായിരുന്നു.—2 പത്രൊസ് 2:5.
യേശു ഇങ്ങനെ വിശദീകരിച്ചു: “ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല.” (മത്തായി 24:38, 39) യഥാർഥ പ്രവചനം അവഗണിക്കപ്പെടുമ്പോൾ പരിണതഫലങ്ങൾ വിപത്കരമാണ്.
ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, ‘ഉവ്വ്, ഈ ബൈബിൾ പ്രവചനങ്ങളിലൊക്കെ എനിക്കു വിശ്വാസമുണ്ട്; ഏതെങ്കിലും ഒരു നാൾ അന്ത്യം വരും, എന്നാൽ അതു കുറെ അകലെയായിരിക്കും.’ എന്നുവരികിലും, നിങ്ങൾക്ക് ഉറപ്പുണ്ടോ? നിങ്ങൾ മുന്നറിയിപ്പ് ഇപ്പോൾ ചെവിക്കൊള്ളേണ്ടതല്ലേ?
ചെവിക്കൊള്ളേണ്ട മുന്നറിയിപ്പുകൾ
ചില മുന്നറിയിപ്പുകൾ അടിസ്ഥാനമില്ലാത്തവയാണെന്നതു സ്പഷ്ടം, അവയ്ക്കു ചെവി കൊടുക്കുന്നതു മടയത്തരമായിരിക്കുകയും ചെയ്യും. എന്നാൽ മറ്റുള്ളവ അങ്ങനെയല്ല. സമൂഹത്തിലെ ഉന്നതൻമാരുൾപ്പെടെ പലരും മുന്നറിയിപ്പിനെ കേവലം തുച്ഛീകരിക്കുന്നതുകൊണ്ട് അത് അവഗണിക്കാൻ യാതൊരു കാരണവുമില്ല. ഈ ദൃഷ്ടാന്തം പരിചിന്തിക്കുക.
1902 മാർച്ചിലായിരുന്നു അത്. മാർട്ടിനിക്ക് എന്ന മനോഹരമായ കരീബിയൻ ദ്വീപിൽ പീലീ എന്ന അഗ്നിപർവതം സജീവമായി. ഏപ്രിൽ ആയപ്പോഴേക്കും അതു പുകയും ചാരവും പാറക്കഷണങ്ങളും പുറത്തേക്കു തുപ്പി, ഒപ്പം ഉഗ്രമായ തീജ്വാലകളും. എട്ടു കിലോമീറ്റർ അകലെയുള്ള സെൻറ് പിയറി നഗരത്തിലെ ആളുകൾ പരിഭ്രാന്തരായി. ഒരു നിവാസി എഴുതി: “നഗരം ചാരംകൊണ്ടു മൂടപ്പെട്ടു. ശക്തമായ ജ്വാലകളിൽനിന്നു രക്ഷ നേടാൻ പല ആളുകൾക്കും നനഞ്ഞ തൂവാലകൾ ധരിക്കേണ്ടിവന്നു.”
മേയ് ആരംഭത്തിൽ അഗ്നിപർവതം കൂടുതൽ സജീവമായി. ഒരു പ്രാദേശിക പത്രം ഇങ്ങനെ പറഞ്ഞു: “ചാരമഴ ഒരിക്കലും അവസാനിക്കുന്നില്ല . . . വാഹനങ്ങൾ പോകുന്ന ശബ്ദം തെരുവുകളിൽ കേൾക്കാനില്ല. ചക്രങ്ങൾ പൂഴ്ന്നു പോയിരിക്കയാണ്.” ചൂട് ശ്വാസം മുട്ടിക്കുന്നതായിരുന്നു.
മേയ് 5-ന് അഗ്നിപർവതം തിളച്ചുമറിയുന്ന ഒരു ദ്രാവകം പുറത്തുവിട്ടു, ഒഴുകിപ്പോന്ന പാതയിൽ അത് ഡസ്സൻ കണക്കിനാളുകളെ കൊന്നൊടുക്കി. എന്നാൽ നഗരത്തിലെ നേതാക്കൻമാർ എന്താണു പറഞ്ഞത്?
കരിമ്പിൻ കൊയ്ത്ത് അടുത്തുവരികയായിരുന്നു, വലിയ അപകടമൊന്നുമില്ലെന്നു ബിസിനസ്സുകാർ ആളുകൾക്ക് ഉറപ്പു കൊടുത്തു. ആളുകൾ അവിടം വിട്ടു പോകാൻ, മേയ് 10-ന് നടക്കാനിരുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധ പതിപ്പിച്ച രാഷ്ട്രീയ നേതാക്കൻമാരും ആഗ്രഹിച്ചില്ല. അതുകൊണ്ട് ആളുകളുടെ ഭയപ്പാടുകളെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചു. മാത്രമല്ല, ബിസിനസ്സിനോടും രാഷ്ട്രീയ സംഘങ്ങളോടും സഹകരിച്ചു പ്രവർത്തിച്ച പുരോഹിതൻമാർ, അവിടം വിട്ടു പോകരുതെന്ന് ഇടവകക്കാരെ നിർബന്ധിച്ചു.
അപ്പോൾ അതു സംഭവിച്ചു. മേയ് 8 രാവിലെ 8 മണിക്ക് അൽപ്പം മുമ്പ് പീലീ പർവതം ഉഗ്രമായ ഹുങ്കാരത്തോടെ പൊട്ടിത്തെറിച്ചു. ഭീമമായ, വളരെയധികം ചൂടുപിടിച്ച കാർമേഘങ്ങൾ അവിശ്വസനീയമായ വേഗതയോടെ സെൻറ് പിയറിനു നേരെ ചീറിയടുത്തു. ചൂടു വാതകം പെട്ടെന്നുതന്നെ ആയിരക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുത്തു. ഫലത്തിൽ സെൻറ് പിയറിലുള്ള എല്ലാവരും മരിച്ചു—ഏതാണ്ട് 30,000-മോ അതിൽക്കൂടുതലോ ആളുകൾ. അതിജീവിച്ച ഒരേ ഒരു വ്യക്തി ഒരു തടവറയുടെ അടിയിലെ ഇരുട്ടറയിലായിരുന്ന ഒരു തടവുകാരനായിരുന്നു.
ഇന്നത്തെ സ്ഥിതിവിശേഷം
സമാനമായി ഇന്ന്, ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയിലേക്കു നീങ്ങുകയാണെന്നുള്ള തെളിവിനെ തുച്ഛീകരിക്കുന്ന അനേകരുണ്ട്. ഈ വ്യവസ്ഥിതിയുടെ അവസാനം ആസന്നമാണെന്ന് ന്യായബോധമുള്ള ഏതൊരു വ്യക്തിയെയും ബോധ്യപ്പെടുത്തേണ്ട തെളിവിനു ചെവി കൊടുക്കാൻ അവർ കൂട്ടാക്കുന്നില്ല. എന്നിരുന്നാലും, ബൈബിൾ അവരുടെ മനോഭാവത്തെക്കുറിച്ചു പോലും മുൻകൂട്ടി പറയുകയുണ്ടായി, ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട്: “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ? പിതാക്കൻമാർ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നേ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാൽ അറിഞ്ഞുകൊൾവിൻ.”—2 പത്രൊസ് 3:3, 4.
എന്നാൽ ഇന്നത്തെ പരിഹാസികൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. കാര്യങ്ങൾക്കു മാറ്റം വന്നിരിക്കുന്നു എന്നതാണു വസ്തുത. ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. അന്ത്യം ആസന്നമാണെന്നതിന്റെ തെളിവ് വളരെയധികമാണ്.
ജീവരക്ഷാകരമായ നടപടിക്കു നിങ്ങൾ താമസം വരുത്തരുത്. എന്നാൽ നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ട്?
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. National Archives photo
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO/E. Hooper
[11-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO photo by W. Cutting