ലോകം അവസാനിക്കുമെന്ന് അനേകർ വിശ്വസിക്കുന്നതിന്റെ കാരണം
അനേകരും ഇന്നു പെട്ടെന്നുതന്നെ അംഗീകരിക്കുന്നതുപോലെ, ലോകം വാസ്തവത്തിൽ നിരാശാജനകമായ ഒരു സ്ഥിതിവിശേഷത്തിലാണ്. “നമ്മുടെ ഭാവി മെച്ചപ്പെടാനുള്ള സാധ്യതകളെക്കുറിച്ചു തങ്ങൾ എന്തു കരുതുന്നുവെന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരോടു ഞാൻ ചോദിച്ചിട്ടുണ്ട്. അവരിൽ മിക്കവരും അശുഭകരമായ ഒരു വീക്ഷണം പുലർത്തുന്നവരാണ്. . . . ലോകരംഗത്തെ സംഭവങ്ങളെ വർണിക്കാൻ ‘അർമഗെദോൻ,’ ‘അപ്പോക്കലിപ്സ്’ തുടങ്ങിയ വാക്കുകൾ തുടർച്ചയായി ഉപയോഗിക്കുന്നുണ്ട്” എന്ന് സുവിശേഷകനായ ബില്ലി ഗ്രഹാം എഴുതി.
ഇന്നത്തെ സ്ഥിതിവിശേഷത്തെ വർണിക്കാൻ “അർമഗെദോൻ,” “അപ്പോക്കലിപ്സ്” എന്നീ പദങ്ങൾ കൂടെക്കൂടെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? അവയുടെ പ്രാധാന്യം എന്താണ്?
ബൈബിൾപരമായ ഉറവുകൾ
‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ’ത്തെക്കുറിച്ചു ബൈബിൾ സംസാരിക്കുകയും ആ യുദ്ധത്തെ “എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ” അഥവാ അർമഗെദോൻ “എന്നു പേരുള്ള” സ്ഥലവുമായി അതു ബന്ധപ്പെടുത്തുകയും ചെയ്യുന്നു. (വെളിപ്പാടു 16:14-16) വെബ്സ്റ്റേഴ്സ് ന്യൂ കൊളീജിയേറ്റ് ഡിക്ഷ്ണറി അർമഗെദോനെ ഇങ്ങനെ നിർവചിക്കുന്നു: “നൻമയുടെയും തിൻമയുടെയും ശക്തികൾ തമ്മിലുള്ള അവസാനത്തേതും ആത്യന്തികവുമായ യുദ്ധം.”
“വെളിപാട്” അല്ലെങ്കിൽ “മറനീക്കൽ” എന്നർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നാണ് “അപ്പോക്കലിപ്സ്” വരുന്നതെങ്കിലും, അതു മറ്റൊരു അർഥം കൈവരിച്ചിരിക്കുന്നു. ബൈബിൾ പുസ്തകമായ വെളിപാട് അഥവാ അപ്പോക്കലിപ്സ് ദൈവത്താലുള്ള ദുഷ്ടൻമാരുടെ നാശത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ആയിരംവർഷ വാഴ്ചയെയും എടുത്തുകാട്ടുന്നു. (വെളിപ്പാടു 19:11-16; 20:6) അങ്ങനെ, “ഭരണം നടത്തുന്ന തിൻമയുടെ ശക്തികളെ ദൈവം നശിപ്പിക്കുകയും ഒരു മിശിഹൈക രാജ്യത്തിലെ ജീവനിലേക്കു നീതിമാൻമാരെ ഉയർത്തുകയും ചെയ്യുന്ന സത്വരമായ ഒരു പ്രാപഞ്ചിക വിപത്ത്” എന്ന് വെബ്സ്റ്റേഴ്സ് ന്യൂ കൊളീജിയേറ്റ് ഡിക്ഷ്ണറി ‘അപ്പോക്കലിപ്സി’നെ നിർവചിക്കുന്നു.
ഇന്ന് ആളുകൾ ലോകത്തെയും അതിന്റെ സ്ഥിതിവിശേഷത്തെയും കുറിച്ചു സംസാരിക്കുമ്പോൾ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യത്താൽ അവർ സ്വാധീനിക്കപ്പെടുന്നു എന്നതു സുവ്യക്തം. ലോകാവസാനത്തെ സംബന്ധിച്ചു ബൈബിൾ വാസ്തവത്തിൽ എന്താണു പറയുന്നത്?
ബൈബിളും ലോകാവസാനവും
ബൈബിൾ ലോകാവസാനത്തെക്കുറിച്ചു വ്യക്തമായി മുൻകൂട്ടി പറയുന്നു. യേശുക്രിസ്തുവും അവന്റെ ശിഷ്യന്മാരും അന്ത്യകാലത്തെക്കുറിച്ചു സംസാരിക്കുകയുണ്ടായി. (മത്തായി 13:39, 40, 49; 24:3; 2 തിമൊഥെയൊസ് 3:1; 2 പത്രൊസ് 3:3; ജയിംസ് രാജാവിന്റെ ഭാഷാന്തരം) എന്നാൽ, ഭൂമി നശിപ്പിക്കപ്പെടുമെന്ന് അവർ അർഥമാക്കിയില്ല. അക്ഷരീയ ഭൂമിയെ സംബന്ധിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “അത് അനിശ്ചിത കാലത്തോളമോ എന്നേക്കുമോ ഇളകാനിടയാക്കപ്പെടുകയില്ല.” (സങ്കീർത്തനം 104:5) “ലോകാവസാനം” എന്ന പദപ്രയോഗത്തിന്റെ അർഥം കേവലം “വ്യവസ്ഥിതിയുടെ സമാപനം” എന്നാണ്.—പുതിയലോക ഭാഷാന്തരം.
അപ്പോസ്തലനായ പത്രോസ് നോഹയുടെ നാളിലെ പ്രളയത്തിനു മുമ്പുള്ള ലോകത്തെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “[ഭക്തികെട്ട ആളുകൾ അടങ്ങിയ] അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു.” നമ്മുടെ ഇന്നത്തെ ലോകത്തെ ‘ന്യായവിധിക്കും ഭക്തികെട്ട മനുഷ്യരുടെ നാശത്തിനു’മായി സൂക്ഷിച്ചിരിക്കുന്നുവെന്നും പത്രോസ് തുടർന്നു പറയുകയുണ്ടായി. (2 പത്രൊസ് 3:5-7) അപ്പോസ്തലനായ യോഹന്നാനും ഇങ്ങനെ എഴുതി: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
ഈ ലോകത്തിന്റെ അവസാനസമയത്ത്, ഭക്തികെട്ട അതിന്റെ അദൃശ്യ ഭരണാധിപനും നീക്കം ചെയ്യപ്പെടും. (വെളിപ്പാടു 20:1-3) ഈ ദുഷ്ട ഭരണാധിപനെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഈ ലോകത്തിന്റെ ദൈവം വിശ്വസിക്കാത്തവരുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്നു.” അവനെ സംബന്ധിച്ച് യേശു പറഞ്ഞു: “ഇപ്പോൾ ഈ ലോകത്തിന്റെ രാജാവ് [പിശാചായ സാത്താൻ] പുറത്തു തള്ളപ്പെടും.”—2 കൊരിന്ത്യർ 4:4; യോഹന്നാൻ 12:31; KJ.
ഈ ലോകത്തെയും അതിന്റെ ദുഷ്ട ഭരണാധിപനെയും നീക്കം ചെയ്യുന്നത് ഒരനുഗ്രഹമായിരിക്കില്ലേ? ദൈവത്തിന്റെ രാജ്യം വരാനും അവന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടാനും അപേക്ഷിക്കുകവഴി, അതു സംഭവിച്ചുകാണാൻ ക്രിസ്ത്യാനികൾ ദീർഘനാളായി പ്രാർഥിച്ചിട്ടുണ്ട്. ഭൂമിയിൽനിന്നു സകല ദുഷ്ടതയും നീക്കാനുള്ള പിതാവിന്റെ കൽപ്പനയോടുള്ള അനുസരണത്തിൽ യേശുക്രിസ്തു നടപടിയെടുക്കുന്നതിനു വേണ്ടി അവർ പ്രാർഥിക്കുകയാണ്!—സങ്കീർത്തനം 110:1, 2; സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44; മത്തായി 6:9, 10.
എന്നിരുന്നാലും, അത് ഒരു ചോദ്യം ഉന്നയിക്കുന്നു: ലോകാവസാനത്തെ സംബന്ധിച്ച വ്യാജമോ തെറ്റുപറ്റിയതോ ആയ ഭാവികഥനങ്ങൾ, യഥാർഥ ബൈബിൾ പ്രവചനങ്ങളെ തെറ്റിദ്ധരിച്ചതിന്റെ അഥവാ തെറ്റായി ബാധകമാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ സംഭവത്തിനുള്ള ഒരു തീയതി ആളുകൾ മുൻകൂട്ടി പറഞ്ഞതിന്റെ ഫലമായിരിക്കുമോ? നമുക്കു നോക്കാം.
ഒന്നാം നൂറ്റാണ്ടിലെ തെറ്റിദ്ധാരണകൾ
ഒന്നാം നൂറ്റാണ്ടിൽ എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. യേശു സ്വർഗത്തിലേക്കു കയറിപ്പോകാനുള്ള സമയം അടുത്തുവന്നപ്പോൾ, അവന്റെ അപ്പോസ്തലൻമാർ ആകാംക്ഷാപൂർവം ഇങ്ങനെ ചോദിച്ചു: “കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു?” രാജ്യത്തിന്റെ അനുഗ്രഹങ്ങൾ ഉടൻതന്നെ ആസ്വദിക്കാൻ അവർ ആഗ്രഹിച്ചു, എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.”—പ്രവൃത്തികൾ 1:6, 7.
തന്റെ മരണത്തിനു കേവലം മൂന്നു ദിവസം മുമ്പ് സമാനമായി യേശു ഇങ്ങനെ പറഞ്ഞിരുന്നു: “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതൻമാരും, പുത്രനും കൂടെ അറിയുന്നില്ല. ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ.” (മത്തായി 24:42, 44; മർക്കൊസ് 13:32, 33) ഏതാനും മാസങ്ങൾക്കു മുമ്പ് യേശു ഇങ്ങനെയും പ്രോത്സാഹിപ്പിച്ചിരുന്നു: “നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”—ലൂക്കൊസ് 12:40.
യേശു നൽകിയ അത്തരം മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടുകൂടി, ക്രിസ്തുവിന്റെ സാന്നിധ്യത്തിനും അതു കൈവരുത്തുന്ന അനുഗ്രഹങ്ങൾക്കും വേണ്ടി ആകാംക്ഷാഭരിതരായ ആദിമ ക്രിസ്ത്യാനികൾ രാജ്യ വാഗ്ദത്തങ്ങൾ എപ്പോൾ നിവൃത്തിയേറും എന്നതു സംബന്ധിച്ച് ഊഹാപോഹങ്ങൾ നടത്താൻ തുടങ്ങി. അതുകൊണ്ട്, അപ്പോസ്തലനായ പൗലോസ് തെസലോനിക്യയിലുണ്ടായിരുന്നവർക്ക് ഇപ്രകാരമെഴുതി: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു: കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.”—2 തെസ്സലൊനീക്യർ 2:1, 2.
ചില ആദിമ ക്രിസ്ത്യാനികൾ തെറ്റായ പ്രതീക്ഷകൾ വളർത്തിയെടുത്തിരുന്നതായി പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ‘ക്രിസ്തുവിന്റെ അടുക്കലുള്ള സമാഗമന’ത്തെ സംബന്ധിച്ച് തെസലോനിക്യയിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഏതെങ്കിലും ഒരു പ്രത്യേക തീയതി മുൻകൂട്ടി പറഞ്ഞിരിക്കാൻ സാധ്യത ഇല്ലെങ്കിലും ആ സംഭവം സമീപമാണെന്ന് അവർ വ്യക്തമായും ധരിച്ചിരുന്നു. അവരുടെ വീക്ഷണങ്ങൾ തിരുത്തേണ്ടതുണ്ടായിരുന്നു, പൗലോസിന്റെ കത്ത് അതു ചെയ്യുകതന്നെ ചെയ്തു.
മറ്റുള്ളവർക്കും തിരുത്തൽ ആവശ്യം
ഒന്നാമത്തെ ലേഖനത്തിൽ നാം ശ്രദ്ധിച്ചതുപോലെ, ഒന്നാം നൂറ്റാണ്ടിനുശേഷം, മറ്റുള്ളവരും ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി ഒരു പ്രത്യേക സമയത്തു പ്രതീക്ഷിക്കുകയുണ്ടായി. യേശുവിന്റെ ജനനംമുതലോ മരണംമുതലോ ആയിരം വർഷം തികയുമ്പോൾ ലോകാവസാനം ഉണ്ടാകുമെന്നു ചിലർ മുൻകൂട്ടി പറഞ്ഞു. അവരുടെ ഭാവികഥനങ്ങളും വ്യാജമാണെന്ന് അഥവാ തെറ്റാണെന്നു തെളിയുകയുണ്ടായി.
അത് ഈ ചോദ്യങ്ങൾ ഉയർത്തുന്നു: ബൈബിൾ വാഗ്ദത്തങ്ങളുടെ നിവൃത്തി സംബന്ധിച്ച തെറ്റിദ്ധാരണകൾ, ആ വാഗ്ദത്തങ്ങൾ അവയിൽത്തന്നെ തെറ്റാണെന്ന് അർഥമാക്കിയോ? ദൈവത്തിന്റെ വാഗ്ദത്തങ്ങൾ ആശ്രയയോഗ്യമാണോ? ഈ സംഗതി സംബന്ധിച്ച് ആധുനികകാല ക്രിസ്ത്യാനികൾ എങ്ങനെയാണു തിരുത്തൽ സ്വീകരിച്ചിരിക്കുന്നത്?