നിങ്ങളുടെ ശരീരത്തിന് ഉറക്കം ആവശ്യമായിരിക്കുന്നതിന്റെ കാരണം
“ഞാനെന്തു ചെയ്താൽ രാത്രിയിൽ എനിക്കു നല്ലൊരു ഉറക്കം ലഭിക്കും!” ഇന്ന് ഈ പരാതി സാധാരണമാണ്. പല ആളുകളും രാപകലില്ലാതെ അധ്വാനിക്കുന്നു, ആധുനിക ജീവിതത്തിന്റെ ദൈനംദിന സമ്മർദവും പിരിമുറുക്കവും ആളുകൾക്കു ദ്രോഹംചെയ്യുന്നു.
ഡോക്ടർമാർ, പൊലീസ് ഓഫീസർമാർ, അഗ്നിശമനപ്രവർത്തകർ, ട്രക്ക് ഡ്രൈവർമാർ, മാറിക്കൊണ്ടിരിക്കുന്ന ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ജോലിക്കാർ, കൊച്ചുകുട്ടികളുള്ള അമ്മമാർ എന്നിവരും മറ്റുപലരും തങ്ങളുടെ ശരീരത്തിനു വേണ്ടത്ര ഉറക്കം ലഭിക്കാത്തവരിൽപെടുന്നു. ഉറക്കത്തിന്റെ അഭാവം നിമിത്തം ഭഗ്നാശരായ ലക്ഷക്കണക്കിനാളുകൾ നവോൻമേഷപ്രദമായ ഗാഢനിദ്ര ലഭിക്കുന്ന വിധം അറിയാൻ അതീവ താത്പര്യമുള്ളവരാണ്.
ഉറക്കത്തിന്റെ പങ്ക്
ഉറക്കം, അല്ലെങ്കിൽ കുറച്ചു സമയത്തെ വിശ്രമം ജീവനുള്ള സൃഷ്ടികൾക്കിടയിൽ സാർവത്രികമാണെന്നു തോന്നുന്നു. പട്ടി, പൂച്ച, പക്ഷി തുടങ്ങിയ ഓമന മൃഗങ്ങളെ നിങ്ങൾ വളർത്തിയിട്ടുണ്ടെങ്കിൽ പട്ടിയും പൂച്ചയും ദിവസവും ചുരുണ്ടുകൂടിക്കിടന്ന് ഉറങ്ങുന്നതും പക്ഷികൾ ശാന്തരായി ഇരുട്ടു മൂടുമ്പോൾ ഉറങ്ങുന്നതും നിങ്ങൾ തീർച്ചയായും നിരീക്ഷിച്ചിട്ടുണ്ടായിരിക്കും. മിക്കവാറും എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രാണികൾക്കും ഉറക്കത്തിന്റെ അല്ലെങ്കിൽ കുറഞ്ഞത് ചില ഘട്ടങ്ങളിൽ പ്രവർത്തനം മന്ദീഭവിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട്. മനുഷ്യർക്കാണെങ്കിൽ, ഉറക്കം അനുപേക്ഷണീയമാണ്.
ഉറക്കം കേവലം ഒരു വിശ്രമഘട്ടമാണെന്ന് ചില ആളുകൾ വിചാരിക്കുന്നു. എന്നാൽ അതിൽ അതിലധികമുൾപ്പെട്ടിരിക്കുന്നു. “ഉറക്കം എന്നു പറയുന്നത് യഥാർഥത്തിൽ പേശികൾ മുറുകുകയും അയയുകയും ചെയ്യുന്നതും നാഡിമിടിപ്പും രക്തസമ്മർദവും കൂടുകയും കുറയുകയും ചെയ്യുന്നതും മനസ്സ് സ്വന്തം ചലച്ചിത്രങ്ങൾ ഗംഭീരമായി ഉത്പാദിപ്പിക്കുന്നതുമായ ഒരു സങ്കീർണ പ്രക്രിയയാണ്” എന്ന് ദ ടൊറൊന്റോ സ്റ്റാർ പറയുന്നു. “ഒരാൾ ഉറങ്ങുമ്പോൾ പ്രവർത്തനങ്ങളെല്ലാം മന്ദീഭവിക്കുകയും പേശികൾ അയയുകയും ചെയ്യുന്നു. ഹൃദയസ്പന്ദനവും ശ്വാസോച്ഛ്വാസ നിരക്കും കുറയുന്നു” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു.
ശാസ്ത്രജ്ഞൻമാരും ഡോക്ടർമാരും ഗവേഷകരും ഉറക്കത്തെക്കുറിച്ച് അനേക ദശകങ്ങൾ പഠനം നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ മർമപ്രധാനമായ പങ്കിനെക്കുറിച്ചുള്ള അടിസ്ഥാന രഹസ്യങ്ങൾ അങ്ങനെതന്നെയിരിക്കുന്നു. വാസ്തവത്തിൽ ഉറക്കം എന്താണെന്നും നാം ഉറങ്ങുന്നതെന്തുകൊണ്ടെന്നും ഈ പര്യവേക്ഷകർ കണ്ടുപിടിച്ചിട്ടുപോലുമില്ല. ടൊറൊന്റോയിലുള്ള ക്യൂൻ എലിസബത്ത് ആശുപത്രിയുടെ ഉറക്ക ഗവേഷണ ലബോറട്ടറിയിലെ ഡോ. ഏലിയട്ട് ഫിലിപ്സൺ ഇപ്രകാരം പറയുന്നു: “നമ്മെ വീണ്ടും നവോൻമേഷവാൻമാരാക്കിത്തീർക്കുന്ന ഉറക്കത്തിൽ നടക്കുന്ന നിർണായകമായ ജീവശാസ്ത്ര സംഭവങ്ങൾ നമുക്ക് അറിയില്ല.”
നമ്മുടെ പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന മാറ്റങ്ങൾ ഉറക്കസമയത്ത് ശരീരത്തിൽ സംഭവിക്കുന്നു. ദിവസത്തെ പ്രവർത്തനത്തിന്റെ തേയ്മാനത്തെ നീക്കംചെയ്തുകൊണ്ട് ശരീരഭാഗങ്ങൾ അയയുകയും വിശ്രമമെടുക്കുകയും ചെയ്യുന്നു. രക്തപ്രവാഹത്തിലൂടെ സാധാരണ നടക്കാറുള്ള വൃത്തിയാക്കൽ പരിപാടി ഫലപ്രദമായി നടക്കുകയും രാസസന്തുലിതാവസ്ഥ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഉറക്കത്തെ, പിറ്റേ ദിവസത്തേക്കുവേണ്ടി കാര്യങ്ങൾ കേടുപോക്കി വൃത്തിയാക്കിവെക്കാൻ വരുന്ന രാത്രിയിലെ ജോലിസംഘത്തോട് ഉപമിക്കാവുന്നതാണ്.
ഉറക്കത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്ന് നാഡീവ്യവസ്ഥയെ ആ ദിവസത്തെ അതിന്റെ പ്രവർത്തനത്തിൽനിന്നു പൂർവസ്ഥിതിയിലാകാൻ അനുവദിക്കുകയെന്നതാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതുപോലെ, “ഉറക്കം ഊർജത്തെ ശരീരത്തിൽ പുനഃസ്ഥാപിക്കുന്നു, പ്രത്യേകിച്ചു തലച്ചോറിലും നാഡീവ്യവസ്ഥയിലും.”
എത്രമാത്രം ഉറക്കം?
മിക്ക മുതിർന്നവർക്കും എന്നും രാത്രി ഏഴോ എട്ടോ മണിക്കൂർ ഉറക്കം ആവശ്യമാണ്. ചിലർക്ക് ഇതിൽ കുറച്ചും മറ്റുചിലർക്ക് ഇതിൽ കൂടുതലും. തങ്ങൾക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രം ഉറങ്ങിയാൽ മതിയെന്നു ചിലർ പറയുന്നു. എന്നാൽ അവരിൽ ചിലർ പകൽ സമയത്ത് അൽപ്പം മയങ്ങുന്നവരായിരിക്കാം. ശിശുക്കൾക്കു മുതിർന്നവരെ അപേക്ഷിച്ച് വളരെയധികം ഉറക്കം ആവശ്യമാണ്.
പ്രത്യേകിച്ച് ആളുകൾക്കു പ്രായമാകുമ്പോൾ തങ്ങൾ രാത്രിയിൽ പല തവണ ഉണരുന്നതായി അവർ കണ്ടെത്തിയേക്കാം. ഇത് ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ ആരംഭിക്കുന്നതിന്റെ സൂചനയാണെന്നു ചിലർ വിചാരിച്ചേക്കാം. പ്രായമായവർക്കു തങ്ങൾ ചെറുപ്പമായിരുന്നപ്പോൾ ഉണ്ടായിരുന്ന ഉറക്കത്തിന്റെ അതേ ഗുണനിലവാരം ലഭിക്കുകയില്ലായിരിക്കാമെങ്കിലും രാത്രിയിൽ ഏതാനും തവണ ഉണരുന്നത് ഉത്കണ്ഠയ്ക്കുള്ള കാരണമല്ലെന്ന് പരീക്ഷണങ്ങൾ പ്രകടമാക്കിയിരിക്കുന്നു. സാധാരണമായി, ഇത്തരക്കാർ മിക്കവരും ഇടയ്ക്കിടെ ഉറക്കം തെളിയുന്ന സമയം കുറവാണ്, ഒരുപക്ഷേ ഏതാനും മിനിറ്റുകൾ മാത്രം.
പ്രായമെത്രയായാലും ശരി, എല്ലാ രാത്രിയിലും ഒരേപോലെ ഗാഢനിദ്ര ഉണ്ടായിരിക്കാൻ ആരും പ്രതീക്ഷിക്കരുത്. ഗാഢനിദ്രയും ലഘുനിദ്രയും മാറിമാറി നടക്കുന്ന ഒരു പ്രവർത്തനമാണ് ഉറക്കം. ഒരു രാത്രിയിൽത്തന്നെ ഒരാളിൽ ഇവ അനേകതവണ മാറിമാറി സംഭവിക്കുന്നു.
ഉറക്കത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന അപകടങ്ങൾ
“തീരെ കുറച്ചുമാത്രം ഉറക്കം ലഭിക്കുന്ന ആളുകളുടെ എണ്ണത്തെപ്പറ്റി ഗവേഷകർ കൂടുതൽ ഉത്കണ്ഠാകുലരായിത്തീർന്നുകൊണ്ടിരിക്കുകയാണ്. സ്ഥിരമായ ഉറക്കക്കുറവിന് നമുക്കുതന്നെയും നമ്മുടെ ചുറ്റുമുള്ളവർക്കും ഉപദ്രവകരമായ ഫലങ്ങൾ ഉളവാക്കാൻ കഴിയും എന്ന് അവർ മുന്നറിയിപ്പു നൽകുന്നു,” ദ ടൊറൊന്റോ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു.
ദി വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം വിവരിക്കുന്നു: “ഉറക്കം കിട്ടാത്ത ആളുകൾക്ക് ഊർജം നഷ്ടമാകുകയും അവർ വേഗം കുപിതരായിത്തീരുകയും ചെയ്യുന്നു. രണ്ടു ദിവസം ഉറക്കം കിട്ടാതെവരുമ്പോൾ ദീർഘനേരത്തെ ശ്രദ്ധാകേന്ദ്രീകരണം ബുദ്ധിമുട്ടുള്ളതായിത്തീരുന്നതായി കണ്ടെത്തുന്നു. . . . അനേകം തെറ്റുകൾ വരുത്തിക്കൂട്ടുന്നു, പ്രത്യേകിച്ചു പതിവു ജോലികളിൽ. ഇടയ്ക്കിടെ ശ്രദ്ധ പതറുകയും ചെയ്യുന്നു. . . . മൂന്നു ദിവസത്തിൽ കൂടുതൽ ഉറങ്ങാതിരിക്കുന്നവർക്ക് വ്യക്തമായി ചിന്തിക്കാനും കാണാനും കേൾക്കാനും വലിയ ബുദ്ധിമുട്ടാണ്. ചിലർക്ക് ഇടവിട്ടിടവിട്ട് മതിഭ്രമം ഉണ്ടാകുകയും അപ്പോൾ അവർ യഥാർഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുകയും ചെയ്യുന്നു.”
പഠനവിധേയനാക്കപ്പെട്ട ഒരു വ്യക്തിക്ക് നാലു ദിവസം നിദ്രാവിഹീനത്വം അനുഭവപ്പെട്ടപ്പോൾ പതിവു ജോലികളിൽ കുറച്ചു മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളൂവെന്നു പരിശോധനകൾ കണ്ടെത്തിയിരിക്കുന്നു. ശ്രദ്ധയോ തീരെ കുറഞ്ഞ അളവിലുള്ള മാനസിക ജാഗ്രതപോലുമോ ആവശ്യമുള്ള ജോലികൾ അസഹ്യമായി തോന്നുന്നു. എന്നാൽ ഏറ്റവും മോശമായ ഘടകങ്ങൾ ശ്രദ്ധാനഷ്ടവും മാനസിക ജാഗ്രതയുമല്ല. നാലര ദിവസം കഴിയുമ്പോൾ ചിത്തവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടമാകുകയും വ്യക്തിയുടെ ദൃശ്യലോകം തികച്ചും വിചിത്രമായിത്തീരുകയും ചെയ്യുന്നു.
ഉറക്കക്കുറവിന് ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിക്കാൻ കഴിയും. ഉറക്കംതൂങ്ങി കാറോടിച്ചിട്ട് അത്യാപത്തിൽ ചെന്നുപെട്ടിരിക്കുന്നവർ ഒന്നും രണ്ടുമൊന്നുമല്ല. ഉറക്കത്തിന്റെ തുടർച്ചയായ അഭാവം ഒരാളെ കൂടുതൽ ശുണ്ഠിക്കാരനും ഇണങ്ങിപ്പോകാൻ വിഷമമുള്ളവനുമാക്കിത്തീർക്കുന്നതുകൊണ്ട് ഉറക്കമില്ലായ്മക്കു കുടുംബപരവും ദാമ്പത്യപരവുമായ പ്രശ്നങ്ങളിലേക്കും നയിക്കാൻ കഴിയും. രാത്രിയിൽ നല്ലൊരു ഉറക്കം ലഭിക്കുന്നതു ചിലർ വിചാരിക്കുന്നതിനെക്കാൾ പ്രധാനമാണ്.
രാത്രിയിൽ നല്ലൊരു ഉറക്കം ലഭിക്കൽ
ടൊറൊന്റോ തലസ്ഥാന നഗരിയിലെ ഉറക്ക ക്രമക്കേടുകളുടെ കേന്ദ്രത്തിലെ ഉറക്കം സംബന്ധിച്ച വിദഗ്ധൻ ഡോ. ജെഫ്റി ജെ. ലിപ്സിറ്റ്സ് രാത്രിയിൽ നല്ലൊരു ഉറക്കം ലഭിക്കുന്നതിനു പിൻവരുന്ന കാര്യങ്ങൾ നിർദേശിക്കുന്നു. സുരക്ഷിതവും ശാന്തവും ഇരുട്ടുള്ളതുമായ ചുറ്റുപാടുകളിൽ സുഖപ്രദമായ കിടക്കയിൽ ഉറങ്ങുക. തലേ രാത്രി ശരിയായി ഉറങ്ങിയില്ലെങ്കിൽപ്പോലും പിറ്റേന്നു പകൽ അധികനേരം മയങ്ങരുത്; ഉണർന്നിരുന്ന് നിങ്ങൾ സാധാരണ കിടക്കാറുള്ള സമയത്തുമാത്രം കിടക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിനുമുമ്പ് കഫീൻ ഒഴിവാക്കുക. വായിക്കുന്നതിനോ ടിവി കാണുന്നതിനോ കിടക്ക ഉപയോഗിക്കാതിരിക്കുക. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ശക്തമായ വ്യായാമവും വിസ്തരിച്ചുള്ള ഊണും ഒഴിവാക്കുക. എന്നും ഒരു നിശ്ചിത സമയം ഉറങ്ങുക. എന്തുകൊണ്ടെന്നാൽ ഉറങ്ങിയെഴുന്നേൽക്കലിന്റെ ഒരു സ്ഥിരമായ ക്രമം ആർജിക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു.
ശാന്തമായ മനസ്സോടെ കിടക്കുന്നത് ഒരു പതിവാക്കുക. നിങ്ങളെ ആവേശഭരിതരാക്കാനോ നിങ്ങൾ കൂടുതൽ നേരം ഉണർന്നിരിക്കാനോ ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്, ആവേശകരമായ ചലച്ചിത്രങ്ങളും ടിവി പരിപാടികളും വായനാ സാമഗ്രികളും ഒഴിവാക്കുക. കിടക്കാൻപോകുന്നതിനു തൊട്ടുമുമ്പ് പ്രവർത്തനവ്യഗ്രമാക്കുന്ന ചർച്ചകൾ ഉണ്ടായിരിക്കുന്നതും ഉറക്കം വരാതിരിക്കാൻ ഇടയാക്കിയേക്കാം.
ചിലരെ സംബന്ധിച്ചിടത്തോളം മിതമായ ചൂടുവെള്ളത്തിൽ (നല്ല ചൂടല്ല) കുളിക്കുന്നതോ പ്രവർത്തനവ്യഗ്രമാക്കാത്ത ലളിതമായ വിവരങ്ങൾ വായിക്കുന്നതോ സഹായകമാണ്. അതുകൊണ്ട് ചൂടുപാൽ, മോര്, അൽപ്പം വീഞ്ഞ് എന്നിവയോ ഹാപ് കായ്കൾ, പൊതിന, ശീമജമന്തി എന്നിവയിൽനിന്നുണ്ടാക്കുന്ന ഔഷധ തേയിലയോ പോലുള്ള ഉറക്കദായക വസ്തുക്കൾ സഹായകമായേക്കാം—എന്നാൽ കഫീൻ അടങ്ങിയ ചായ സഹായകമല്ല.
എന്നാൽ, ശാന്തമായ മനസ്സോടെ കിടക്കുന്നതുമാത്രം മതിയാകുകയില്ല എന്നതിനോട് പൊതുവേ എല്ലാവരും യോജിക്കുന്നു. അത്യാഗ്രഹം, അസൂയ, ശത്രുത, അതിമോഹം എന്നിവമൂലമുണ്ടാകുന്ന ഉത്കണ്ഠകളിൽനിന്നും നിരാശകളിൽനിന്നും സ്വതന്ത്രമായ, ക്രമമായ വ്യായാമം സഹിതമുള്ള ആരോഗ്യകരവും സന്തുലിതവുമായ ജീവിതം രാത്രിയിൽ നല്ലൊരു ഉറക്കം ലഭിക്കാനുള്ള പ്രാപ്തിക്കു സംഭാവന ചെയ്യുന്നു. അമിതമായ തീറ്റി, കുടി എന്നിവയിൽനിന്നും അധാർമികത നിമിത്തമുള്ള അസന്തുഷ്ടിയിൽനിന്നും സ്വതന്ത്രമായ ഒരു ജീവിതവും അതുതന്നെ ചെയ്യുന്നു.
നമ്മുടെ ആത്മീയ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നത് വിശ്രമകരമായ, ഗാഢനിദ്ര ലഭിക്കുന്നതിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. നാം ജീവിക്കുന്ന സങ്കീർണ ലോകത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനും സന്തുലിതമായ, സന്തുഷ്ടമായ ഒരു ജീവിതരീതി പിന്തുടരുന്നതിനും അതു നമ്മെ സഹായിക്കും. ഉൾക്കാഴ്ച വർധിപ്പിക്കാനും യഹോവാജ്ഞാനം മുറുകെപ്പിടിക്കാനും ദൈവത്തിന്റെ ജ്ഞാനിയായ ഒരു ദാസൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. എന്തുകൊണ്ടെന്നാൽ അത് “ആനന്ദകരവും സന്തുഷ്ടകരവുമായ ഒരു ജീവിത”ത്തിലേക്കു നയിക്കുന്നു. എന്നിട്ട് അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഉറങ്ങുമ്പോൾ നീ പേടിച്ചിരിക്കയില്ല, രാത്രിയിലെല്ലാം നീ നന്നായി ഉറങ്ങും.”—സദൃശവാക്യങ്ങൾ 3:21-24, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
[18-ാം പേജിലെ ആകർഷകവാക്യം]
തുടർച്ചയായ ഉറക്കക്കുറവിന് ദാരുണമായ പരിണതഫലങ്ങൾ ഉളവാക്കാൻ കഴിയും
[18-ാം പേജിലെ ചിത്രം]
മിക്ക മുതിർന്നവർക്കും എന്നും രാത്രി ഏഴോ എട്ടോ മണിക്കൂർ ഉറക്കം ആവശ്യമാണ്
[18-ാം പേജിലെ ചിത്രം]
മിക്ക ആളുകൾക്കും ഉറക്കം പിടിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു