കടം വരുത്തിവെക്കുന്നതു നല്ലതാണോ?
“പണം ഉണ്ടാകുന്നതിനു മുമ്പ് ഒരിക്കലും അതു ചെലവാക്കരുത്.” അനേകരെ സംബന്ധിച്ചിടത്തോളം കടത്തിലാകുന്നത് ഒരു ശീലമായി മാറിയിരിക്കുന്നതിനാൽ, മുൻ യു.എസ്. പ്രസിഡൻറ് തോമസ് ജെഫേഴ്സൺ നൽകിയ ഈ ബുദ്ധ്യുപദേശം പഴഞ്ചനാണെന്നു തോന്നുന്നുണ്ടോ?
പല നാടുകളിലും വിലയോടു താരതമ്യം ചെയ്യുമ്പോൾ വരുമാനം കുറവാണ്, പണപ്പെരുപ്പം സമ്പാദ്യത്തെ തിന്നുകളയുന്നു. മാത്രമോ, സാമ്പത്തിക കാലാവസ്ഥ മൂല്യങ്ങൾ സംബന്ധിച്ച ആളുകളുടെ ബോധത്തെയും ബാധിക്കാറുണ്ട്. എന്നിരുന്നാലും, സത്യസന്ധത പ്രധാനപ്പെട്ടതാണ്. നികുതി വെട്ടിപ്പും കടം കൊടുത്തുതീർക്കാതിരിക്കലും പോലുള്ള കാര്യങ്ങൾ വളരെ സാധാരണമായിരിക്കുന്നതുകൊണ്ട്, നല്ലൊരു മനസ്സാക്ഷി നിലനിർത്തുക തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ്. അപ്പോൾ, ആളുകളുടെ പ്രധാന സംസാരവിഷയം സാമ്പത്തികരംഗമായിരിക്കുന്നതുകൊണ്ട് അതിശയിക്കാനില്ല. സങ്കീർണമായ സാമ്പത്തിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കവേ, പത്രങ്ങളിലും മാസികകളിലും ടെലിവിഷനിലും പണം സ്വരൂപിക്കുന്നതിനെയും പണമുണ്ടാക്കുന്നതിനെയും കുറിച്ചുള്ള കഥകൾ പെരുകുകയാണ്. അതേസമയംതന്നെ, നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ചെലവുകൾ വഹിക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച ഉത്കണ്ഠ നിങ്ങൾക്കുണ്ട്.—1 തിമൊഥെയൊസ് 5:8.
താരതമ്യേന കുറച്ചു പേരേ സാമ്പത്തിക സ്ഥിരത ആസ്വദിക്കുന്നുള്ളൂ എന്നതുകൊണ്ട്, നിങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? ഒരു സംഗതി, മനസ്സിൽ സൂക്ഷിക്കേണ്ട മർമപ്രധാനമായ ഒരു കാര്യമുണ്ടെന്നതാണ്.
വളരെയധികം കടം ഒഴിവാക്കുക
ചിലർ കടത്തിലാകുന്നത് എന്തുകൊണ്ടാണ്? രോഗം പോലെ മോശമായ ഒരു സാഹചര്യംകൊണ്ടല്ല പലപ്പോഴും കടം വാങ്ങുന്നത്. ചില ഭൗതിക വസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹം വളരെ ശക്തമായിരിക്കാം. നേരേമറിച്ച്, കടം വാങ്ങാനുള്ള പ്രലോഭനം അതിൽത്തന്നെ മോശമായിരിക്കുന്നില്ല. വാസ്തവത്തിൽ, വാടക കൊടുക്കുന്നതിനെക്കാൾ ഒരു വീടിന് ഈട് കൊടുക്കുന്നത് നല്ലതായിരിക്കാം, അല്ലെങ്കിൽ ഒരു കാർ വാങ്ങുന്നത് ആവശ്യമായിരിക്കാം. തന്റെ കുടുംബം സന്തുഷ്ടമായിരിക്കാൻ ആഹാരം തേടുന്നവൻ ആഗ്രഹിക്കുന്നു. ഒരു ഭർത്താവും പിതാവും എന്നനിലയിൽ വിജയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. മറ്റുള്ളവർക്കുള്ള പല ഭൗതിക സംഗതികൾ ആസ്വദിക്കാനുള്ള അവകാശം തങ്ങളുടെ കുടുംബത്തിനുമുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയേക്കാം.
ഇഷ്ടപ്പെടുന്നതും എന്നാൽ അവശ്യമല്ലാത്തതുമായ ഒരു സാധനം വാങ്ങാനുള്ള പണം കടം വാങ്ങാനുള്ള പ്രലോഭനമുണ്ടായേക്കാമെന്നതു സമ്മതിക്കുന്നു. സാധനങ്ങൾ സ്വരൂപിക്കുന്നത് ഒരുവന് മനോസുഖമുണ്ടാക്കുന്നു, ഇല്ലേ? മനോഹരമായ വസ്ത്രം, ഒരു ജോടി പുതിയ ഷൂസ്, അല്ലെങ്കിൽ ഒരു പുതിയ കാർ പോലുള്ള ഒന്ന് ആസ്വദിക്കാത്തത് ആരാണ്? ആകർഷകമായ ഒരു വീടുണ്ടായിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ, സൂക്ഷിക്കുക! ബിസിനസ്സുകാർ വളരെ അനുനയസ്വഭാവമുള്ളവരാണ്, ആവശ്യമില്ലാത്തതും വഹിക്കാൻ കഴിയാത്തതുമായ സാധനങ്ങൾ അവർ ആളുകൾക്കു വിറ്റ് ധാരാളം പണമുണ്ടാക്കുന്നു.
നിരന്തരം കടം കൊടുത്തുതീർക്കുന്നതും കുടുംബബന്ധങ്ങളുടെമേൽ സമ്മർദത്തിന് ഇടയാക്കിയേക്കാമെന്ന് ഓർത്തിരിക്കുക. പരിണതഫലമായി വിയോജിപ്പോ നീരസമോ ഉണ്ടായേക്കാം. “വായ്പ വാങ്ങുന്നതിലും കടത്തിലും അടിസ്ഥാനപ്പെടുന്ന ഉടനെ ഗൃഹജീവിതത്തിന്റെ സ്വാതന്ത്യവും മനോഹാരിതയും അവസാനിക്കുന്നു” എന്നു നാടകകൃത്തായ ഹെൻട്രിക് ശരിയായിത്തന്നെ പറഞ്ഞു. യഥാസമയത്തു കടം വീട്ടുന്നില്ലെങ്കിൽ, നിങ്ങളുടെ സത്പേരിനു കളങ്കം നേരിട്ടേക്കാം. പലിശ സഹിതം കൊടുത്തുതീർക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ് കടം വാങ്ങിയ പണം ചെലവാക്കാൻ, അതുകൊണ്ട് കടം വാങ്ങിയ തുക തങ്ങൾ പ്രതീക്ഷിച്ച സന്തോഷം കൈവരുത്തുന്നില്ലെന്നു പലരും കണ്ടെത്തുന്നു.
സാധാരണ, ഗവൺമെൻറുകൾ കൂടുതൽക്കൂടുതൽ കടം വാങ്ങുന്നു, അങ്ങനെ കൊടുത്തുതീർക്കാനുള്ള പലിശ അവർ വർധിപ്പിക്കുകയും ചെയ്യുന്നു. അതു സാധാരണമായിരിക്കാമെങ്കിലും, കടത്താൽ ഭാരപ്പെട്ട രാഷ്ട്രങ്ങളെ എന്തിന് അനുകരിക്കണം? വളരെയധികം കടം ആളുകൾക്കു സമ്പത്തുണ്ടാക്കുന്നതിനുപകരം ദാരിദ്ര്യവും അരക്ഷിതാവസ്ഥയും വർധിപ്പിച്ചേക്കാം. ഒരു ഡാനീഷ് ചൊല്ല് പറയുന്നതുപോലെ, “തിന്നുപോയ അപ്പത്തിന്റെ വില കൊടുക്കുക ദുഷ്കരമാണ്.”
ജ്ഞാനപൂർവം പണം ചെലവാക്കാൻ പഠിക്കുമ്പോൾ, കടഭാരം നിമിത്തമുള്ള സമ്മർദം വളരെയധികം കുറയുന്നു എന്നത് സന്തോഷകരമാണ്. അതുകൊണ്ട്, കടം വാങ്ങാനുള്ള സമ്മർദം ഒഴിവാക്കാൻ നിങ്ങളുടെ ഷോപ്പിങ് ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുന്നതിന് സമയമെടുക്കുക. കടുത്ത നാണയപ്പെരുപ്പമുള്ള രാജ്യങ്ങളിൽപോലും പണം സ്വരൂപിക്കാനുള്ള മാർഗങ്ങളുണ്ട്—സാധനങ്ങൾ വാങ്ങുമ്പോൾ വിലപേശുക, അവശ്യ സാധനങ്ങൾ മാത്രം വാങ്ങുക. അതു നിങ്ങൾക്കുള്ള വിഭവങ്ങൾക്കൊണ്ടു ജീവിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു, കാത്തിരിക്കാൻ മനസ്സൊരുക്കം കാണിക്കുന്നതിനാലോ അതില്ലാതെ കഴിയുന്നതിനാലോ തന്നെ.
നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ഞാൻ കടത്തിലാകുന്നത് എന്റെ കുടുംബത്തിന്റെമേൽ പ്രയാസം വരുത്തിവെക്കുമോ? കടമെടുത്തതു കൊടുത്തുതീർക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്റെ സത്പേരിന് എന്തു സംഭവിക്കും? വീണ്ടും ആശ്രയയോഗ്യത നേടിയെടുക്കാൻ വളരെ കാലം വേണ്ടിവന്നേക്കാം! ഈ സംഗതിയിൽ പ്രായോഗികവും ഈടുറ്റതുമായ ബുദ്ധ്യുപദേശം ലഭ്യമാണ്. കടം എന്ന കാര്യം കൈകാര്യം ചെയ്യാൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബൈബിളിനു സഹായിക്കാൻ കഴിയുമോ എന്ന് എന്തുകൊണ്ട് പരിശോധിച്ചുകൂടാ?
ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
ഏറ്റവും പ്രധാനമായി, യഹോവയിലുള്ള സമ്പൂർണ ആശ്രയം നട്ടുവളർത്താൻ ബൈബിളിനു നമ്മെയെല്ലാവരെയും സഹായിക്കാൻ കഴിയും. തീർച്ചയായും, ഈ “ദുർഘടസമയങ്ങ”ളിൽ നമുക്കു സഹായം ആവശ്യമാണ്. (2 തിമൊഥെയൊസ് 3:1) നമ്മോട് ഇങ്ങനെ ഉദ്ബോധിപ്പിച്ചിരിക്കുന്നു: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ. ആകയാൽ “കർത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈര്യത്തോടെ പറയാം.’ (എബ്രായർ 13:5, 6) നമ്മുടെ ദാതാവായ ദൈവത്തിലുള്ള ശക്തമായ വിശ്വാസം വളർത്തിയെടുക്കുന്നത് എത്രയോ മർമപ്രധാനമാണ്!
ഉപജീവനത്തിനുള്ള വക എങ്ങനെയുണ്ടാക്കാമെന്നു ബൈബിൾ ഓരോ വ്യക്തിയോടും പറയുന്നില്ലെങ്കിലും, അതു തീർച്ചയായും ഈടുറ്റ മാർഗനിർദേശം പ്രദാനം ചെയ്യുന്നുണ്ട്. ആദ്യം തങ്ങളുടെ ആത്മീയതയ്ക്കു വേണ്ടി കരുതാൻ യേശുക്രിസ്തു തന്റെ ശ്രോതാക്കളെ പ്രോത്സാഹിപ്പിച്ചു: “തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:3, NW) ലാക്കുകൾ വെക്കാനും നമ്മോടു പറയപ്പെട്ടിരിക്കുന്നു: “ഞങ്ങൾ നിഷ്കർഷിച്ചതുപോലെ, നിങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിച്ചു നിങ്ങളുടെ കൈകൾകൊണ്ടുതന്നെ വേല ചെയ്തു സമാധാനമായി ജീവിക്കാൻ പരിശ്രമിക്കുക. ഇങ്ങനെ ചെയ്താൽ, നിങ്ങൾ പുറമേയുള്ളവരുടെ ബഹുമാനം നേടും; പരാശ്രയം വേണ്ടിവരില്ല.” (1 തെസലോനീക്കർ 4:11, 12, ഓശാന ബൈബിൾ) സമാധാനപരമായി ജീവിക്കാനും ഒരു പരിധിവരെ ശാന്തത ആസ്വദിക്കാനും നമ്മുടെ പരിധികൾക്കുള്ളിൽ ജീവിക്കേണ്ടത് ആവശ്യമല്ലേ?
നമ്മുടെ ചിന്തയെ പൊരുത്തപ്പെടുത്താൻ ദൈവവചനത്തിനു നമ്മെ സഹായിക്കാൻ കഴിയും. “ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ” എന്നു ദൈവത്തോടു അപേക്ഷിച്ചപ്പോൾ സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ സമനിലയുള്ള ഒരു വീക്ഷണം പ്രകടമാക്കി. (സദൃശവാക്യങ്ങൾ 30:8, 9) അതുകൊണ്ട് താത്കാലികമായി കുറച്ചു സാധനങ്ങൾകൊണ്ടു മാത്രം കഴിയേണ്ടിവരുന്നെങ്കിൽ ലജ്ജിക്കേണ്ടതില്ല. പലരും കരുതുന്നതുപോലെ, നിങ്ങളുടെ സന്തുഷ്ടി ആശ്രയിച്ചിരിക്കുന്നതു ഭൗതിക വസ്തുക്കളിലോ തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിലോ ഭൗതിക സ്വത്തുക്കൾ സംബന്ധിച്ച് അനാവശ്യമായി ഉത്കണ്ഠപ്പെടുന്നതിലോ അല്ല.—മത്തായി 6:31-33.
മാത്രമല്ല, നല്ല ശീലങ്ങൾ നട്ടുവളർത്താൻ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്കു വഹിക്കാൻ കഴിയുന്ന കാര്യങ്ങളിൽ സംതൃപ്തി കണ്ടെത്തിക്കൊണ്ട് പിശുക്കനായിരിക്കാതെ, മിതവ്യയശീലമുള്ളവരായിരിക്കാൻ പഠിക്കുക. നിങ്ങൾ ഒരു യുവവ്യക്തിയാണെങ്കിൽ, മുതിർന്നവർ വർഷങ്ങളിലെ അധ്വാനംകൊണ്ട് ആർജിക്കുന്ന കാര്യങ്ങൾ നിമിഷനേരംകൊണ്ട് ലഭിക്കാമെന്നു പ്രതീക്ഷിക്കരുത്. ഭൗതികത്വചിന്താഗതിക്ക് അടിമയാകുന്നത് ഒഴിവാക്കുക. “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം [“പണസ്നേഹം,” NW] സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ബൈബിൾ പണത്തെക്കുറിച്ചല്ല, പണസ്നേഹത്തെക്കുറിച്ചാണു നമുക്ക് ഉചിതമായി മുന്നറിയിപ്പു നൽകുന്നത്. (1 തിമൊഥെയൊസ് 6:9, 10) നിങ്ങൾക്കു വാസ്തവത്തിൽ ആവശ്യമുള്ളതും നിങ്ങൾ കേവലം ആഗ്രഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നത് എത്ര അടിയന്തിരമാണ്!
എന്നിരുന്നാലും, നിങ്ങളുടെ വരുമാനം തീരെ താഴ്ന്നതാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? നിരാശരാകാതെ അവശ്യവസ്തുക്കളുടെ അഭാവത്തെ നേരിടുക എളുപ്പമല്ല എന്നതു സത്യം തന്നെ. എന്നുവരികിലും, നിങ്ങൾക്കു ഭാരിച്ച ചുമടുകളും സാമ്പത്തിക നഷ്ടം പോലും വരുത്തിവെക്കുന്ന അവശ്യ സംഗതികളല്ലാത്ത കാര്യങ്ങൾ ഇല്ലാതെതന്നെ ജീവിക്കുന്നതിന് മനസ്സൊരുക്കമുള്ളവരായിരിക്കുക. ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുക, ചെലവു ചുരുക്കുക. അനുഭവപരിചയമുള്ള ഒരു സ്നേഹിതനോടു സംസാരിക്കുകവഴി നിങ്ങൾക്കു പ്രായോഗിക നിർദേശങ്ങൾ ലഭിച്ചേക്കാം. ഒരു പുതിയ ജോലി പഠിക്കുന്നതു സഹായപ്രദമായിരിക്കുമോ? ഓർക്കുക: സാഹചര്യങ്ങൾ എന്തായിരുന്നാൽത്തന്നെയും, ബൈബിൾ തത്ത്വങ്ങൾ പിൻപറ്റൽ, ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കൽ, യഹോവയിൽ പൂർണമായി ആശ്രയിക്കൽ തുടങ്ങിയ കാര്യങ്ങൾ ജീവത്പ്രധാനമാണ്.—ഫിലിപ്പിയർ 4:11-13.
അതേ, കടത്തിൽ മുങ്ങുന്നത് നല്ലതല്ല. “കടമുള്ള മനുഷ്യൻ വലയിൽ കുടുങ്ങുന്നു” എന്നു പറയാറുണ്ട്. കടഭാരം കുടുംബജീവിതത്തിനും ആരോഗ്യത്തിനും ആത്മീയതയ്ക്കും അപകടകരമായിത്തീർന്നേക്കാം. ഋണബാധ്യത കടം വാങ്ങുന്ന ഒരുവനെ ഏറെ ദരിദ്രനാക്കുക പോലും ചെയ്തേക്കാം. സദൃശവാക്യങ്ങൾ 22:7 ഇങ്ങനെ പറയുന്നു: “ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ.” അതുകൊണ്ട് അനാവശ്യമായ കടം ഒഴിവാക്കുക. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്കു ശുപാർശ ചെയ്തതിൽ അടങ്ങിയിരിക്കുന്ന തത്ത്വത്തിൽനിന്നു നമുക്ക് ഇപ്പോഴും പ്രയോജനം നേടാൻ കഴിയും: “അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.”—റോമർ 13:8.
നിങ്ങളുടെ രാജ്യത്തെ സാമ്പത്തികാവസ്ഥ ഗണ്യമാക്കാതെ ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് ഉറപ്പോടെ നോക്കുക. കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും എന്നനിലയിൽ മനുഷ്യവർഗം മേലാൽ വിഭജിതമായിരിക്കില്ല. ദൈവരാജ്യത്തിൻ കീഴിൽ ആരും ദരിദ്രരായിരിക്കില്ല. യഹോവയുടെ വാഗ്ദത്തം സത്യമായി ഭവിക്കും: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും. ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.” (സങ്കീർത്തനം 72:12, 13) കേവലം അതിജീവിക്കാനായി പാടുപെടുന്നതിനുപകരം, ഭൂമിയിലെ നിവാസികൾ ‘സമാധാനസമൃദ്ധിയിൽ ആനന്ദിക്കും.’—സങ്കീർത്തനം 37:11.
[12-ാം പേജിലെ ചിത്രം]
തോമസ് ജെഫേഴ്സൺ
[കടപ്പാട്]
Painting by Gilbert Stuart. Courtesy Bowdoin College Museum of Art/Dictionary of American Portraits/Dover
[13-ാം പേജിലെ ചിത്രം]
ഭാരിച്ച കടം വരുത്തിവെച്ചാൽ, അതിനു നിങ്ങളുടെ വിവാഹജീവിതത്തിൽ സമ്മർദത്തിന് ഇടയാക്കാൻ കഴിയും