ഞങ്ങളുടെ വായനക്കാരിൽ നിന്ന്
ഉണരുക! മെച്ചപ്പെട്ടു ഞാൻ ഈയിടെ എന്റെ വാതിൽക്കൽ 1994 ഏപ്രിൽ 8-ലെ ഉണരുക!യുടെ ഒരു പ്രതി കണ്ടെത്തി. ഓ! എന്തു സംഭവിച്ചിരിക്കുന്നു? നിങ്ങൾ കാലോചിതവും വിജ്ഞാനപ്രദവുമായ “’90-കൾക്കു പറ്റിയ” ഒരു പ്രസിദ്ധീകരണം ഉത്പാദിപ്പിച്ചിരിക്കുന്നു. ആ മാററം ഞെട്ടിക്കുന്നതായി ഞാൻ കണ്ടെത്തി, ആദ്യമായി ഞാൻ ലേഖനങ്ങൾ വായിച്ചു. (‘ഓ, അവ വീണ്ടും കിടക്കുന്നു’ എന്നു ചിന്തിച്ചുകൊണ്ട് ഞാൻ സാധാരണ അത് ദൂരെ എറിയുമായിരുന്നു.) എല്ലാവർക്കും വേണ്ടി എന്തെങ്കിലും ഉണ്ടായിരുന്നു. കാൻസറിനെപ്പറ്റിയും “കാനഡയിലെ ഗാംഭീര്യമേറിയ ‘ചലിക്കുന്ന പാത’”യെപ്പറ്റിയുമുള്ള ലേഖനങ്ങൾ ഞാൻ പ്രത്യേകിച്ച് ആസ്വദിച്ചു. നിങ്ങൾ ശരിയായ പാതയിലാണ്. നല്ല വേല തുടരുക, വായിക്കുന്നതിനുമുമ്പ് പ്രതികളൊന്നും വലിച്ചെറിയുകയില്ലെന്ന് ഞാൻ ഉറപ്പുതരുന്നു.”
ഡി. ജി., ഐക്യനാടുകൾ
ഭൂമിശാസ്ത്രപരമായ കുഴപ്പം “പടിഞ്ഞാറോട്ടു യൂറോപ്പിലേക്കു നീങ്ങുന്നു” എന്ന ശീർഷകത്തിൽ മിഷനറിമാരെക്കുറിച്ചുള്ള ലേഖനങ്ങളിൽ 1994 ഒക്ടോബർ 22-ലെ (ഇംഗ്ലീഷ്) നിങ്ങളുടെ ലക്കത്തിൽ, ബോണിഫെസ് ജിസ്മാറിൽ, ജർമനിയിലെ ഗോട്ടിംഗനു സമീപം “തോറിലെ വിശുദ്ധ ഓക്കുമരം വെട്ടിയിടാൻ മുതിർന്ന”തായി നിങ്ങൾ പ്രസ്താവിക്കുന്നു. എന്റെ അറിവനുസരിച്ച്, ജിസ്മാർ ഗോട്ടിംഗനു സമീപമല്ല, പിന്നെയോ ഫ്രിറ്റ്സ്ലാറിനു സമീപമാണ്.
എ. എൽ., ജർമനി
നിങ്ങൾ പറഞ്ഞതു ശരിയാണ്. ജിസ്മാർ എന്ന പേരിൽ രണ്ടു സ്ഥലങ്ങൾ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്, ഞങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടായി. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.—പത്രാധിപർ
മതവും യുദ്ധവും നിങ്ങളുടെ 1994 ഒക്ടോബർ 22 ലക്കത്തിലെ “മതം യുദ്ധത്തിൽ പക്ഷംപിടിക്കുമ്പോൾ” എന്ന പരമ്പര യുദ്ധത്തെ ഉടൻതന്നെ കുററം വിധിക്കുന്നതിൽ കത്തോലിക്കാ നായകൻമാരുടെ ഭാഗത്തുണ്ടായ പരാജയമായി നിങ്ങൾ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങൾ ചർച്ചചെയ്തു. എന്നാൽ ചരിത്രം മറുവശം വെളിപ്പെടുത്തുന്നു. ജർമൻ യഹൂദൻമാരെ ഹിറ്റ്ലർ പീഡിപ്പിക്കാൻ തുടങ്ങിയപ്പോൾ മ്യൂണിക്കിലെ കർദിനാൾ ഫോൾ ഹാബെർ യഹൂദൻമാർക്കുവേണ്ടി വാദിച്ചുകൊണ്ട് പ്രസംഗിച്ചു. “ആര്യന്മാരും” യഹൂദന്മാരും തമ്മിലുള്ള മിശ്രവിവാഹത്തെ വിലക്കിയ നാസി നിയമങ്ങളെ മറ്റു വീരപുരോഹിതന്മാർ ഉടൻ കുററംവിധിച്ചു. യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം ഹിറ്റ്ലർ കത്തോലിക്കാ സ്കൂളുകൾ അടച്ചുപൂട്ടി, കത്തോലിക്കാ പ്രസിദ്ധീകരണങ്ങളെ അടിച്ചമർത്തി, പോളണ്ടിൽ എല്ലാ കോൺവെൻറുകളും സന്ന്യാസിമഠങ്ങളും സെമിനാരികളും അടച്ചുപൂട്ടി.
ജെ. എൽ., ഐക്യനാടുകൾ
ലേഖനങ്ങൾ നിഷ്പക്ഷവും പ്രശസ്തവുമായ ഉറവുകളെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. ഉദാഹരണത്തിന് “ജർമ്മൻ കത്തോലിക്കരും ഹിറ്റ്ലറുടെ യുദ്ധങ്ങളും” എന്ന പുസ്തകം ഒരു കത്തോലിക്കാ പ്രൊഫസറായ ഗോർഡൻ സി. റ്റ്സാൻ എഴുതിയതായിരുന്നു. തുറന്നുപറഞ്ഞാൽ, ആദ്യഘട്ടത്തിലെങ്കിലും കത്തോലിക്കാ പുരോഹിത ശ്രേഷ്ഠർ നാസി പാർട്ടിക്ക് സകലവിധപിന്തുണയും നൽകിയതിന്റെ തെളിവ് വളരെയധികമാണ്. നാസികൾക്കെതിരെ നിലകൊണ്ട ചില ഒറ്റപ്പെട്ട കത്തോലിക്കാ പുരോഹിതൻമാർ ഉണ്ടായിരുന്നില്ലെന്ന് ഇത് അർഥമാക്കുന്നില്ല. എന്നാൽ ഇതു വളരെ വിരളമായിരുന്നു.—പത്രാധിപർ
മുലയൂട്ടൽ “മുലയൂട്ടൽ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ” എന്ന നിങ്ങളുടെ ലേഖനം (ആഗസ്റ്റ് 22, 1994) ആ വിഷയം സംബന്ധിച്ച നിങ്ങളുടെ മുൻ ലേഖനങ്ങളെ അപേക്ഷിച്ച് വിശദമായിരുന്നു. മിക്കപ്പോഴും, മുലയൂട്ടലിൽ വിജയിക്കാൻ പിതാക്കൻമാർ തങ്ങളുടെ ഭാര്യമാരെ സഹായിക്കാറില്ല. എന്നാൽ മുലയൂട്ടൽ ഒരു വിജയമാക്കാൻ സഹായിക്കുന്നതിന് പിതാക്കൻമാർക്കും മറ്റുകുടുംബാംഗങ്ങൾക്കും എന്തുചെയ്യാൻ കഴിയുമെന്ന് നിങ്ങളുടെ ലേഖനം വ്യക്തമായി അവരോടു പറയുകയുണ്ടായി.
ഡി. ഡി., ഐക്യനാടുകൾ
എന്റെ രണ്ടു മക്കളേയും മുലയൂട്ടുന്നതിന്റെ അപൂർവ അനുഭവം എനിക്കുണ്ടായിരുന്നു. നോവുപോലെ പ്രാഥമികപ്രശ്നങ്ങൾ ഉണ്ടായി, എന്നാൽ എന്റെ സഹോദരിയിൽനിന്നുള്ള പ്രോത്സാഹനവും ഡോക്ടറിൽനിന്നുള്ള ഉപദേശവുംകൊണ്ട് ഞാൻ പ്രയാസത്തെ തരണംചെയ്തു. തന്റെ ശിശുവിനെ മുലയൂട്ടാൻ കഴിയുന്ന ഓരോ അമ്മയെയും ഞാൻ പ്രോത്സാഹിപ്പിക്കും, കാരണം അമ്മയും കുട്ടിയും തമ്മിലുള്ള അഗാധമായ ബന്ധം ഒരാൾ ഒരിക്കലും മറക്കാത്ത വിസ്മയകരമായ ഒരനുഭവമാണ്.
യൂ. ബി., ജർമനി
നിഗൂഢ രോഗം അഞ്ചാമത്തെ വയസ്സുമുതൽ നിങ്ങളുടെ മാസികകളുടെ വായനക്കാരനായിരുന്ന ഞാൻ “ഗ്വാമിലെ നിഗൂഢ രോഗങ്ങൾ” എന്ന ലേഖനം യഥാർഥത്തിൽ വിലമതിച്ചു. (ആഗസ്റ്റ് 8, 1994) 1972-ലെ തന്റെ മരണംവരെ ഒരു വിശ്വസ്ത ദൈവദാസിയായിരുന്ന എന്റെ അമ്മ ഈ രോഗത്തിന് അടിമയായിരുന്നു. നിങ്ങൾ നൽകിയ വിവരങ്ങൾക്കും പൂർണവിശദീകരണത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാസികയുടെ മൂല്യം കാണിക്കാൻ ഞാൻ ഈ ലക്കം എന്റെ കുടുംബത്തെയും സ്നേഹിതരെയും പരിചയപ്പെടുത്തുകയുണ്ടായി.
ഡബ്ലിയു. എ., ഐക്യനാടുകൾ