കമ്മ്യുണിസ്ററ് നിരോധനത്തിൻ കീഴിൽ 40 വർഷത്തിലധികം
യാർമിള ഹേയ്ലോവ പറഞ്ഞപ്രകാരം
സമയം: 1952 ഫെബ്രുവരി 4-ാം തീയതി അർധരാത്രിക്കുശേഷം. സ്ഥലം: ചെക്കോസ്ലോവാക്യയിലെ പ്രാഗിലുള്ള ഞങ്ങളുടെ പാർപ്പിടം. ഡോർബെൽ നിർത്താതെ അടിക്കുന്നതു കേട്ടാണു ഞങ്ങൾ ഉണർന്നത്. അപ്പോൾ പൊലീസ് അകത്തേക്കു പാഞ്ഞുകയറി.
പൊലീസുകാർ മാതാവിനെയും പിതാവിനെയും എന്റെ സഹോദരനായ പേവലിനെയും എന്നെയും വ്യത്യസ്ത മുറികളിലാക്കി ഓരോരുത്തരുടെ അടുത്തും ഓരോ ഗാർഡിനെയും നിർത്തി. എന്നിട്ട് എല്ലാടവും അരിച്ചുപെറുക്കി പരിശോധിക്കാൻ തുടങ്ങി. ഏതാണ്ട് 12 മണിക്കൂർ കഴിഞ്ഞിട്ടും അവരുടെ തിരച്ചിൽ തീർന്നില്ല. കണ്ടെത്തിയ സാഹിത്യങ്ങളുടെയെല്ലാം ഒരു പട്ടിക ഉണ്ടാക്കിയശേഷം, അവർ അതു പെട്ടികളിൽ പായ്ക്കു ചെയ്തു.
അതിനുശേഷം, ഒരു കാറിൽ കയറാൻ എന്നോടാവശ്യപ്പെട്ടു, കറുത്ത കണ്ണട എന്നെ ധരിപ്പിച്ചു. അതു വിചിത്രമായി തോന്നി, അവർ എന്നെ എവിടേക്കാണു കൊണ്ടുപോകുന്നതെന്നു കാണാൻ കണ്ണട അൽപ്പമൊന്നു മാററാൻ എനിക്കു കഴിഞ്ഞു. തെരുവുകൾ പരിചിതമായിരുന്നു. ഞങ്ങളുടെ ലക്ഷ്യസ്ഥാനം സ്റേറററ് സുരക്ഷാവിഭാഗത്തിന്റെ കുപ്രസിദ്ധമായ ആസ്ഥാനമായിരുന്നു.
അവരെന്നെ കാറിൽനിന്നു പിടിച്ചുതള്ളി. പിന്നീടു കണ്ണടകൾ നീക്കം ചെയ്തപ്പോൾ ഒരു ചെറിയ, വൃത്തികെട്ട മുറിയിലാണു ഞാനെന്നു മനസ്സിലായി. വസ്ത്രങ്ങൾ അഴിച്ചുമാററി പണിക്കിടുന്ന ഒരു ജോഡി കട്ടിയുള്ള നിക്കറും ആണുങ്ങളിടുന്ന ഒരു ഷർട്ടും ധരിക്കാൻ യൂണിഫോം ധരിച്ച ഒരു സ്ത്രീ എന്നോടു കൽപ്പിച്ചു. എന്റെ കണ്ണു മൂടാൻ വേണ്ടി തലയ്ക്കു ചുററും ഒരു തുണി കെട്ടിയിരുന്നു, അപ്പോൾ കണ്ണുകാണാൻ മേലാത്ത അവസ്ഥയിൽ ആ മുറിയിൽനിന്നു പുറത്തിറക്കി അനന്തമെന്നു തോന്നിയ ഇടനാഴികളിലൂടെ എന്നെ നടത്തിക്കൊണ്ടുപോയി.
ഒടുവിൽ, ഗാർഡ് നടത്തം നിർത്തി ഒരു ഇരുമ്പുവാതിലിന്റെ പൂട്ടഴിച്ചു, എന്നിട്ട് എന്നെ അതിലേക്ക് ഒരു തള്ളുവെച്ചുകൊടുത്തു. തുണി എന്റെ തലയിൽനിന്നു കീറിപ്പോയി, എന്റെ പിന്നിൽ വാതിൽ അടഞ്ഞു. ഞാൻ എത്തിച്ചേർന്നത് ഒരു തടവുമുറിയിലായിരുന്നു. എന്റേതുപോലുള്ള വസ്ത്രം ധരിച്ച, 40-ന് മീതെ പ്രായമുള്ള, ഒരു സ്ത്രീ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും, ഒരുതരം രസം തോന്നിയ എനിക്കു ചിരിയടക്കാൻ കഴിഞ്ഞില്ല. തടവിൽ കഴിയേണ്ടിവരുന്നതു പോലുള്ള കാര്യങ്ങളിൽ യാതൊരു അനുഭവപരിചയവും ഇല്ലാത്ത 19 വയസ്സുള്ള ഒരു യുവതി എന്നനിലയിൽ ഞാൻ നല്ല ഉത്സാഹത്തിലായിരുന്നു. പെട്ടെന്നുതന്നെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഞാനറിഞ്ഞു, ഞങ്ങളുടെ കുടുംബത്തിലെ മററാരെയും തടവിലാക്കിയില്ല എന്ന്.
മുമ്പ് ചെക്കോസ്ലോവാക്യ എന്നറിയപ്പെട്ടിരുന്നിടത്ത് അക്കാലത്ത് യഹോവയുടെ സാക്ഷിയായിരിക്കുക എന്നത് വളരെ അപകടം പിടിച്ച ഒന്നായിരുന്നു. ആ രാജ്യം കമ്മ്യുണിസ്ററ് ഭരണത്തിൻകീഴിലായിരുന്നു എന്നതു മാത്രമല്ല സാക്ഷികളെ നിരോധിക്കുകയും ചെയ്തിരുന്നു. നിരോധിക്കപ്പെട്ട ഒരു സ്ഥാപനവുമായി ഞങ്ങളുടെ കുടുംബം എങ്ങനെയാണ് ആഴത്തിൽ ഉൾപ്പെട്ടത്?
ഞങ്ങൾ സാക്ഷികളായിത്തീർന്ന വിധം
പ്രാഗിലെ ഒരു സ്വദേശിയായിരുന്ന പിതാവിന്റേതു പ്രൊട്ടസ്ററൻറ് പശ്ചാത്തലമായിരുന്നു, തന്റെ മതപരമായ വീക്ഷണങ്ങളിൽ അദ്ദേഹം വളരെ ആത്മാർഥതയുള്ളവനായിരുന്നു. വൈദ്യപഠനാർഥം മാതാവു പ്രാഗിലേക്കു വന്നപ്പോഴാണ് അദ്ദേഹം 1920-കളിൽ അവരുമായി കണ്ടുമുട്ടുന്നത്. ബെസറേബിയ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തുനിന്നായിരുന്നു അവർ വന്നത്, ആ പ്രദേശം അവരുടെ കുട്ടിക്കാലത്തു റഷ്യയുടെ ഭാഗമായിരുന്നു. ഒരു യഹൂദസ്ത്രീയായിരുന്നെങ്കിലും വിവാഹാനന്തരം അവർ തന്റെ ഭർത്താവിന്റെ സഭയിൽ ചേർന്നു. എന്നാൽ, അവർ അതിലും സംതൃപ്തി കണ്ടെത്തിയില്ല.
രണ്ടാം ലോകമഹായുദ്ധകാലത്തു പിതാവു തടവിലാക്കപ്പെട്ടു, മാതാവു കൂട്ടക്കൊലയിൽനിന്നു കഷ്ടിച്ചു രക്ഷപെട്ടു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവ ദുഷ്കരമായ വർഷങ്ങളായിരുന്നുവെങ്കിലും ഞങ്ങളെല്ലാവരും അതിജീവിച്ചു. യുദ്ധം അവസാനിച്ചു രണ്ടു വർഷം കഴിഞ്ഞ് 1947-ന്റെ മധ്യത്തിൽ പിതാവിന്റെ സഹോദരിമാരിൽ ഒരുവൾ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി വീക്ഷാഗോപുരത്തിന് വരിസംഖ്യ അയച്ചു, അവൾ നേരത്തെതന്നെ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നിരുന്നു. അതു വായിക്കാൻ തുടങ്ങിയത് അമ്മയാണ്, താൻ തേടിക്കൊണ്ടിരുന്ന സത്യമെന്ന നിലയിൽ അവർ ആ സന്ദേശത്തെ പെട്ടെന്നുതന്നെ പുൽകുകയും ചെയ്തു.
ശേഷിച്ച ഞങ്ങളോട് ആദ്യമൊന്നും അവർ ഒരു കാര്യവും പറഞ്ഞില്ല, എന്നാൽ പ്രാഗിൽ എവിടെയാണു യോഗങ്ങൾ നടത്തിയിരുന്നതെന്ന് അവർ മനസ്സിലാക്കി അവയിൽ സംബന്ധിക്കാൻ തുടങ്ങി. ഏതാനും മാസങ്ങൾക്കുള്ളിൽ, 1948-ലെ വസന്തകാലത്തു സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ച് അവർ സ്നാപനമേററു. അതിനുശേഷം, തന്നോടൊപ്പം യോഗങ്ങളിൽ സംബന്ധിക്കാൻ അവർ ഞങ്ങളെ ക്ഷണിച്ചു. മടിച്ചുമടിച്ചാണെങ്കിലും, പിതാവ് അതിനു സമ്മതിച്ചു.
പ്രാഗിന്റെ മധ്യഭാഗത്തുള്ള ഒരു ചെറിയ ഹാളിലായിരുന്നു യോഗങ്ങൾ നടത്തിയിരുന്നത്, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അവിടെ പോകാൻ തുടങ്ങി. പിതാവിനും എനിക്കും ആകാംക്ഷയും സംശയവും കലർന്ന സമ്മിശ്രവികാരങ്ങളാണു തോന്നിയത്. ഞങ്ങൾക്കു പരിചയപ്പെടുത്തിത്തരാൻ മാതാവിന് ഇതിനോടകംതന്നെ പുതിയ സ്നേഹിതർ ഉണ്ടെന്നു കണ്ടതിൽ ഞങ്ങൾ അതിശയിച്ചുപോയി. തങ്ങളുടെ സാഹോദര്യത്തെ അവർ എത്രമാത്രം വിലമതിക്കുന്നു എന്നു കണ്ടപ്പോൾ അവരുടെ ഉത്സാഹവും ന്യായയുക്തതയും എന്നിൽ മതിപ്പുളവാക്കി.
ഞങ്ങളുടെ അനുകൂലമായ പ്രതികരണം കണ്ടപ്പോൾ, വിശദമായ ചർച്ചകൾക്കു വേണ്ടി സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കാൻ മാതാവു നിർദേശിച്ചു. അമർത്ത്യദേഹിയും ത്രിത്വവും ഇല്ലെന്നു ഞങ്ങളുടെ ബൈബിളിൽനിന്ന് അവർ ഞങ്ങളെ കാട്ടിത്തന്നപ്പോൾ പിതാവിനും എനിക്കും എന്തൊരു അമ്പരപ്പാണുണ്ടായത്! അതേ, ദൈവനാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ രാജ്യം വരാനും പ്രാർഥിക്കുന്നതിന്റെ അർഥം വാസ്തവത്തിൽ എന്തെന്നു മനസ്സിലാക്കിയപ്പോൾ അതു കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു.
ഏതാനും ആഴ്ചകൾ കഴിഞ്ഞു പിതാവ് അദ്ദേഹത്തിന്റെ സഭയിലെ പല പുരോഹിതൻമാരെയും ഞങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയിട്ട് ഇങ്ങനെ പറഞ്ഞു: “സഹോദരൻമാരേ, ചില തിരുവെഴുത്താശയങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ ഞാനാഗ്രഹിക്കുന്നു.” അതു പറഞ്ഞിട്ട് അദ്ദേഹം പടിപടിയായി സഭയുടെ അടിസ്ഥാനോപദേശങ്ങൾ അവതരിപ്പിക്കുകയും അവ ബൈബിളുമായി എങ്ങനെ വിയോജിക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ശരിയാണെന്നു പുരോഹിതൻമാർ സമ്മതിച്ചു. എന്നിട്ടു പിതാവ് ഇങ്ങനെ അവസാനിപ്പിച്ചു: “ഞാൻ എന്റെ കുടുംബത്തെ പ്രതിനിധീകരിച്ചാണു സംസാരിക്കുന്നത്, ഈ സഭയിൽനിന്നു വിട്ടുപോരാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു.”
പ്രസംഗപ്രവർത്തനം നിരോധിക്കപ്പെടുന്നു
ഞാനും പിതാവും യോഗങ്ങളിൽ ഹാജരായിത്തുടങ്ങുന്നതിനു തൊട്ടു മുമ്പ്, 1948 ഫെബ്രുവരിയിൽ, കമ്മ്യുണിസ്ററ് പാർട്ടി രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സഹവിദ്യാർഥികൾ തങ്ങളുടെ പ്രൊഫസർമാരോട് എതിർത്തു സംസാരിക്കുന്നതും അധ്യാപകർ കുട്ടികളുടെ മാതാപിതാക്കളെ ഭയപ്പെടുന്നതും ഞാൻ നിരീക്ഷിച്ചു. ഓരോ വ്യക്തിയും മററുള്ളവരിൽനിന്ന് അകലാൻ തുടങ്ങി. എന്നിരുന്നാലും, ആദ്യമൊക്കെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം ഏറെക്കുറെ അഭംഗുരം തുടർന്നുകൊണ്ടിരുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, 1948-ന്റെ ഒരു പ്രത്യേകത യഹോവയുടെ സാക്ഷികളുടെ പ്രാഗിലെ കൺവെൻഷനായിരുന്നു. സെപ്ററംബർ 10 മുതൽ 12 വരെ, 2,800-ലധികം പേർ സന്നിഹിതരായിരുന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞ്, 1948 നവംബർ 29-ന്, രഹസ്യപ്പൊലീസ് ബ്രാഞ്ച് ഓഫീസിൽ കടന്നുകയറി അതു പൂട്ടി മുദ്രവെച്ചു. തുടർന്നുവന്ന ഏപ്രിലിൽ ഞങ്ങളുടെ പ്രവർത്തനത്തിൻമേൽ ഒരു ഔദ്യോഗിക നിരോധനം ചുമത്തപ്പെട്ടു.
ഈ നടപടികളൊന്നും ഞങ്ങളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയില്ല, 1949 സെപ്ററംബറിൽ പ്രാഗിനു വെളിയിൽ ഒരു വനത്തിൽവെച്ചു നടന്ന ഒരു പ്രത്യേക പരിപാടിയിൽ ഞങ്ങൾ സംബന്ധിക്കുകയുണ്ടായി. ഒരാഴ്ച കഴിഞ്ഞ് ഞാനും പിതാവും സ്നാപനമേററു. പ്രസംഗവേലയിൽ ജാഗ്രത പാലിക്കാൻ ശ്രമിച്ചിട്ടും, തുടക്കത്തിൽ വിവരിച്ചതുപോലെ 1952 ഫെബ്രുവരിയിൽ ഞാൻ അറസ്ററു ചെയ്യപ്പെട്ടു.
ആവർത്തിച്ചുള്ള ചോദ്യം ചെയ്യൽ
ഏതാനും തവണ ചോദ്യം ചെയ്തശേഷം, ദീർഘകാലത്തേക്കു തടവിലായിരിക്കേണ്ടിവരുമെന്നു ഞാൻ നിഗമനം ചെയ്തു. തന്റെ സമയം വിനിയോഗിക്കാൻ യാതൊന്നുമില്ലാതെ ഒരു വ്യക്തിയെ എത്ര ദീർഘകാലം തടവിലാക്കുന്നുവോ അത്രയും സഹകരിക്കാൻ അദ്ദേഹം മനസ്സുള്ളവനായിത്തീരുമെന്നു ചോദ്യംചെയ്യുന്നവർ ചിന്തിച്ചിരുന്നതായി തോന്നി. എന്നാൽ, എന്റെ മാതാപിതാക്കളുടെ ഉദ്ബോധനം മനസ്സിലേക്കു വന്നുകൊണ്ടിരുന്നു, പിടിച്ചുനിൽക്കാൻ അതെന്നെ സഹായിച്ചു. ‘എന്റെ നാളുകളെ എണ്ണുവാൻ,’ അതായത് അവ കണക്കുകൂട്ടി അല്ലെങ്കിൽ അവയുടെ മൂല്യം കണക്കാക്കി ‘ജ്ഞാനമുള്ള ഹൃദയം പ്രാപിക്കാൻ’ തക്കവണ്ണം പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ മിക്കപ്പോഴും സങ്കീർത്തനം 90:12 ഉദ്ധരിക്കുമായിരുന്നു.
അതുകൊണ്ട്, ഞാൻ നേരത്തെ ഓർമയിൽ സൂക്ഷിച്ചിരുന്ന മുഴു സങ്കീർത്തനങ്ങളും മററു ബൈബിൾ ഭാഗങ്ങളും പുനരവലോകനം ചെയ്യാൻ തുടങ്ങി. തടവിലാക്കപ്പെടുന്നതിനു മുമ്പ് പഠിച്ച വീക്ഷാഗോപുര ലേഖനങ്ങളെക്കുറിച്ചും ഞാൻ ധ്യാനിച്ചു, മാത്രമല്ല ഞാൻ തനിച്ച് രാജ്യഗീതങ്ങൾ പാടുകയും ചെയ്തു. കൂടാതെ, തടവിൽ കിടന്ന ആദ്യ മാസങ്ങളിൽ സംസാരിക്കാൻ എനിക്കു സഹതടവുകാരുണ്ടായിരുന്നു. അതു കൂടാതെ, സ്കൂൾക്ലാസ്സുകളിൽവെച്ചു പഠിച്ച കാര്യങ്ങളും എനിക്ക് ഓർക്കാനുണ്ടായിരുന്നു, കാരണം ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ഞാൻ എന്റെ അവസാനവർഷ പരീക്ഷകൾ പാസ്സായത്.
വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന ഒരുവൻ എന്റെ ബൈബിളധ്യയനങ്ങളിലൊന്നിൽ സംബന്ധിച്ചിരുന്നെന്നും എന്റെ പ്രസംഗപ്രവർത്തനങ്ങളെക്കുറിച്ചു റിപ്പോർട്ടു ചെയ്തുവെന്നും ചോദ്യം ചെയ്യലുകൾ എനിക്കു വ്യക്തമാക്കിത്തന്നു. ഞങ്ങളുടെ വീട്ടിൽവെച്ചു പിടിച്ചെടുത്ത, ടൈപ്പു ചെയ്ത, ബൈബിൾ പ്രസിദ്ധീകരണങ്ങളുടെ കോപ്പികൾക്കും ഉത്തരവാദി ഞാനാണെന്നായിരുന്നു അധികാരികൾ നിഗമനം ചെയ്തത്. വാസ്തവത്തിൽ, 15 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എന്റെ സഹോദരനായിരുന്നു അതു ടൈപ്പു ചെയ്തത്.
ഞാൻ ആരെയും ഒററിക്കൊടുക്കാൻ പോകുന്നില്ലെന്നു കുറെ കഴിഞ്ഞപ്പോൾ ചോദ്യം ചെയ്യുന്നവർക്കു മനസ്സിലായി, അതുകൊണ്ട് എന്റെ വിശ്വാസങ്ങളിൽനിന്ന് എന്നെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളായി പിന്നെ. യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായി പ്രവർത്തിച്ചിരുന്നതായി എനിക്കറിയാമായിരുന്ന ഒരു മനുഷ്യനെ അവർ എൻറടുത്തു കൊണ്ടുവരികപോലും ചെയ്തു. അയാൾ ഒരു തടവുകാരനായിരുന്നെങ്കിലും, ജയിലിലാക്കപ്പെട്ട മററു സാക്ഷികളെക്കൊണ്ട് അവരുടെ വിശ്വാസം തള്ളിപ്പറയിക്കാനുള്ള ഒരു ശ്രമത്തിൽ അയാൾ കമ്മ്യുണിസ്ററുകാരോട് അപ്പോൾ സഹകരിച്ചുകൊണ്ടിരുന്നു. അയാൾ എന്തൊരു ദയനീയ ജീവിയായിരുന്നു! വർഷങ്ങൾ കഴിഞ്ഞ് മോചിപ്പിക്കപ്പെട്ടശേഷം അയാൾ മദ്യപിച്ചു മരിക്കുകയാണു ചെയ്തത്.
ഏകാന്തതടവ്
ഏഴു മാസം കഴിഞ്ഞപ്പോൾ എന്നെ മറെറാരു ജയിലിലേക്കു മാററി ഏകാന്തതടവിൽ പാർപ്പിച്ചു. തികച്ചും ഒററയ്ക്കായപ്പോൾ, എന്റെ സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ ഞാൻതന്നെയായിരുന്നു പൂർണ ഉത്തരവാദി. ആവശ്യപ്പെട്ടതനുസരിച്ച് പുസ്തകങ്ങൾ ലഭിച്ചിരുന്നു, എന്നാൽ ആത്മീയ വിവരങ്ങൾ അടങ്ങിയ യാതൊന്നും ലഭിച്ചില്ല. അതുകൊണ്ട്, വായനയ്ക്കും അതുപോലെതന്നെ ആത്മീയ കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനുമുള്ള സമയം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പ്രവർത്തനപട്ടിക ഞാൻ തയ്യാറാക്കി.
അപ്പോഴത്തെ എന്റെ പ്രാർഥനകളിൽ ഞാൻ യഹോവയോട് എത്രയധികം അടുത്തായിരുന്നോ അത്രയധികം അടുപ്പം മുമ്പൊരിക്കലും എനിക്കു തോന്നിയിട്ടില്ല എന്നു ഞാൻ പറഞ്ഞേ മതിയാവൂ. നമ്മുടെ ലോകവ്യാപക സാഹോദര്യത്തെക്കുറിച്ചുള്ള ചിന്ത മുമ്പൊരിക്കലും അത്ര വിലപ്പെട്ടതായിരുന്നിട്ടില്ല. ഓരോ ദിവസവും ആ പ്രത്യേക സമയത്തു ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സുവാർത്ത എങ്ങനെ വ്യാപിക്കുന്നു എന്നതു സംബന്ധിച്ചു ഞാൻ സങ്കൽപ്പിക്കാൻ ശ്രമിച്ചു. ആളുകൾക്കു ബൈബിൾ അവതരണങ്ങൾ നൽകിക്കൊണ്ട് ആ പ്രവർത്തനത്തിൽ ഞാൻതന്നെ പങ്കുപററുന്നതായി സങ്കൽപ്പിക്കുമായിരുന്നു.
എന്നാൽ, ആ ശാന്തമായ അന്തരീക്ഷത്തിൽ, ഞാൻ ക്രമേണ ഒരു കെണിയിൽ വീണുപോയി. സദാ വായനാപ്രിയവും പുറംലോകത്തുനിന്നുള്ള വിവരങ്ങളോടുള്ള വലിയ ആഗ്രഹവും ഉണ്ടായിരുന്നതിനാൽ ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തെ അവഗണിച്ചുകൊണ്ട് ഒരു പ്രത്യേക പുസ്തകത്തിന്റെ വായനയിൽ ഞാൻ ചിലപ്പോൾ മുഴുകിപ്പോകുമായിരുന്നു. അങ്ങനെ സംഭവിച്ചശേഷമെല്ലാം എനിക്ക് അനുതാപം തോന്നിയിരുന്നു.
അങ്ങനെ, ഒരു ദിവസം രാവിലെ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എന്നെ കൊണ്ടുപോയി. പ്രത്യേകമായി ഒന്നും പറഞ്ഞില്ല—മുൻ ചോദ്യം ചെയ്യലുകളുടെ ഫലങ്ങളെക്കുറിച്ചു മാത്രം പറഞ്ഞു. എന്റെ കേസിന്റെ വാദത്തിനായി തീയതിയൊന്നും നിശ്ചയിക്കാതിരുന്നതിൽ എനിക്കു നിരാശ തോന്നി. അര മണിക്കൂറോ മറേറാ കഴിഞ്ഞപ്പോൾ, ഞാൻ സെല്ലിൽ മടങ്ങിയെത്തി. അവിടെവെച്ച് സമനില നഷ്ടപ്പെട്ട ഞാൻ കരയാൻ തുടങ്ങി. കാരണമെന്തായിരുന്നു? സുദീർഘമായ ആഴ്ചകളിൽ ഒററയ്ക്കു കഴിയേണ്ടിവന്നത് എന്നിൽ മോശമായ ഫലങ്ങൾ ഉളവാക്കിത്തുടങ്ങിയിരുന്നോ?
ഞാൻ എന്റെ പ്രശ്നം വിശകലനം ചെയ്തു പെട്ടെന്നുതന്നെ കാരണം തിരിച്ചറിഞ്ഞു. തലേദിവസം വായനയിൽ ഞാൻ വളരെയധികം മുഴുകിപ്പോയിരുന്നതിനാൽ ആത്മീയ പ്രവർത്തനങ്ങളുടെ പട്ടിക അനുസരിച്ചു പോകാൻ ഒരിക്കൽ കൂടി ഞാൻ പരാജയപ്പെട്ടു. അതുകൊണ്ട് ചോദ്യം ചെയ്യലിനായി എന്നെ കൊണ്ടുപോയപ്പോൾ, ഉചിതമായ, പ്രാർഥനാപുരസ്സരമായ ഒരു മാനസിക ചട്ടക്കൂടിലായിരുന്നില്ല ഞാൻ. ഉടൻതന്നെ ഞാൻ ഹൃദയം യഹോവയുടെമേൽ ചൊരിഞ്ഞു, ആത്മീയ കാര്യങ്ങൾ ഒരിക്കലും അവഗണിക്കാതിരിക്കാൻ ദൃഢതീരുമാനം കൈക്കൊള്ളുകയും ചെയ്തു.
ആ അനുഭവത്തിനുശേഷം വായന പാടേ നിർത്താൻ ഞാൻ തീരുമാനിച്ചു. അപ്പോൾ എനിക്കു നല്ലൊരാശയം മനസ്സിലുദിച്ചു, അതായത് ജർമൻ വായിക്കാൻ എന്നെത്തന്നെ നിർബന്ധിക്കുക. രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ അധിനിവേശസമയത്തു ഞങ്ങൾക്കു സ്കൂളിൽ ജർമൻ പഠിക്കേണ്ടിയിരുന്നു. എന്നാൽ പ്രാഗിനെ അവർ കൈവശപ്പെടുത്തിയപ്പോൾ കാട്ടിക്കൂട്ടിയ കൊടിയ കാര്യങ്ങൾ നിമിത്തം ആ ഭാഷ ഉൾപ്പെടെ ജർമനിയെ സംബന്ധിച്ച സകല കാര്യങ്ങളും മറക്കാൻ ഞാനാഗ്രഹിച്ചു. അതുകൊണ്ട് ജർമൻ വീണ്ടും പഠിച്ചുകൊണ്ട് എന്നോടുതന്നെ കർക്കശം കാട്ടാൻ ഞാനപ്പോൾ ദൃഢനിശ്ചയം ചെയ്തു. എന്നിരുന്നാലും, ഒരു ശിക്ഷയെന്നു തോന്നിയ ആ സംഗതി അനുഗ്രഹമായി മാറി. ഞാൻ വിശദീകരിക്കാം.
ഏതാനും പുസ്തകങ്ങളുടെ ജർമൻ, ചെക്ക് ഭാഷകളിലുള്ള പതിപ്പുകൾ സ്വന്തമാക്കാൻ കഴിഞ്ഞ ഞാൻ ജർമൻ ചെക്കിലേക്കും ചെക്ക് ജർമനിലേക്കും പരിഭാഷപ്പെടുത്താൻ സ്വയം പരിശീലിക്കാൻ തുടങ്ങി. ഈ പ്രവർത്തനം ഏകാന്തതടവിന്റെ ദോഷഫലങ്ങൾക്കുള്ള ഒരു മറുമരുന്നാണെന്നു തെളിയുക മാത്രമല്ല ചെയ്തത്, അതു പിന്നീട് നല്ലൊരു ഉദ്ദേശ്യത്തിന് ഉതകുകയും ചെയ്തു.
മോചനവും തുടർന്നുള്ള പ്രസംഗവും
എട്ടു മാസം ഏകാന്തതടവിൽ കഴിഞ്ഞശേഷം ഒടുവിൽ എന്റെ കേസ് വിചാരണയ്ക്കായി എടുക്കപ്പെട്ടു. കുടില പ്രവർത്തനത്തിനു ഞാൻ കുററം ചുമത്തപ്പെടുകയും രണ്ടു വർഷത്തെ ജയിൽവാസത്തിന് എന്നെ വിധിക്കുകയും ചെയ്തു. അതിനോടകംതന്നെ 15 മാസം ജയിലിൽ ചെലവഴിച്ചിരുന്നതിനാലും പുതിയ പ്രസിഡൻറിന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതിനാലും ഞാൻ മോചിപ്പിക്കപ്പെട്ടു.
എന്നെക്കുറിച്ചുള്ള ഉത്കണ്ഠകളിൽനിന്ന് എന്റെ കുടുംബം വിമുക്തമായിരിക്കണമേയെന്നു തടവിൽവെച്ചു ഞാൻ പ്രാർഥിച്ചിരുന്നു, വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ആ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയിരുന്നതായി ഞാൻ കണ്ടെത്തി. പിതാവ് ഒരു മെഡിക്കൽ ഡോക്ടറായിരുന്നു, തന്റെ രോഗികളിൽ പലരെയും ബൈബിൾ പഠിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. തത്ഫലമായി, മാതാവു വാരന്തോറും ഏതാണ്ട് 15 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു! മാത്രമല്ല, പിതാവ് വീക്ഷാഗോപുരം മാസികയുടെ ഒരു കൂട്ട അധ്യയനം നടത്തിക്കൊണ്ടിരുന്നു. ജർമനിൽനിന്നു ചെക്കിലേക്ക് അദ്ദേഹം വാച്ച് ടവർ സൊസൈററിയുടെ ചില സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുകകൂടി ചെയ്തു, കയ്യെഴുത്തു കോപ്പികൾ ടൈപ്പു ചെയ്തത് എന്റെ സഹോദരനായിരുന്നു. അതുകൊണ്ട് ഞാൻ ഉടൻതന്നെ ആത്മീയ പ്രവർത്തനത്തിൽ വ്യാപൃതയായി, താമസിയാതെ ബൈബിളധ്യയനങ്ങൾ നടത്താനും തുടങ്ങി.
ഒരു പുതിയ നിയമനം
1954 നവംബറിലെ മഴയുള്ള ഒരു അപരാഹ്നം. വാതിൽക്കൽ ബെല്ലടിച്ചു. അവിടെ നിന്നിരുന്നതു പ്രസംഗപ്രവർത്തനത്തിൽ നേതൃത്വമെടുക്കുന്നവരിൽ ഒരാളായ കോൺസ്ററാചിൻ പൗകെർട്ട് ആയിരുന്നു, കടും ചാരവർണത്തിലുള്ള അദ്ദേഹത്തിന്റെ മഴക്കോട്ടിൽനിന്നു വെള്ളം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. സാധാരണമായി, അദ്ദേഹം സംസാരിക്കാൻ ആഗ്രഹിച്ചിരുന്നത് പിതാവിനോടോ എന്റെ സഹോദരനായ പേവലിനോടോ ആണ്, എന്നാൽ ഇത്തവണ അദ്ദേഹം എന്നോടു ചോദിച്ചു: “എന്റെ കൂടെ അൽപ്പം നടക്കാൻ വരുന്നോ?”
കുറെ സമയത്തേക്ക് ഒന്നും മിണ്ടാതെ ഞങ്ങൾ നടന്നു, ഏതാനും കാൽനടയാത്രക്കാർ കടന്നുപോകുന്നുണ്ടായിരുന്നു. തെരുവുവിളക്കുകളുടെ മങ്ങിയ വെളിച്ചം കറുത്ത കല്ലുപാകിയ പാതയുടെ ഉപരിതലത്തിൽ തട്ടി നേരിയ തോതിൽ പ്രതിഫലിച്ചുകൊണ്ടിരുന്നു. കോൺസ്ററാചിൻ തിരിഞ്ഞു നോക്കി; ഞങ്ങൾക്കു പിന്നിൽ ആ തെരുവു വിജനമായിരുന്നു. “ഒരു ജോലി ചെയ്തു നിങ്ങൾക്കു സഹായിക്കാമോ?” അദ്ദേഹം പെട്ടെന്നു ചോദിച്ചു. അമ്പരന്നുപോയ ഞാൻ സമ്മതഭാവത്തിൽ തലയാട്ടി. “നമുക്കു കുറെ പരിഭാഷ ചെയ്യാനുണ്ട്,” അദ്ദേഹം തുടർന്നു. “ജോലി ചെയ്യാൻ ഒരിടം നിങ്ങൾ കണ്ടെത്തണം, വീട്ടിലായിരിക്കരുത്, പൊലീസിനറിയാവുന്ന ആരുടെയടുത്തുമായിരിക്കരുത്.”
ഏതാനും ദിവസങ്ങൾക്കുശേഷം, ഒരു വൃദ്ധ ദമ്പതികളുടെ കൊച്ചു ഫ്ളാററിൽ മേശയ്ക്കരികെ ഞാനിരുന്നു. അവരെ എനിക്ക് ഒട്ടും പരിചയമില്ലായിരുന്നു. അവർ പിതാവിന്റെ രോഗികളായിരുന്നു, അവരുമൊത്തു ബൈബിളധ്യയനം തുടങ്ങിയിട്ട് ഏറെ നാളായിരുന്നില്ല. ഞങ്ങൾ അപ്പോൾ നമ്മുടെ സാഹിത്യങ്ങൾ ജർമനിൽനിന്ന് ചെക്കിലേക്കു പരിഭാഷപ്പെടുത്തിയപ്പോൾ തടവിൽവെച്ചു ഞാൻ ജർമൻ പഠിച്ചതു മൂല്യമുള്ളതായി എനിക്കു തോന്നി.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ, പൗകെർട്ട് സഹോദരൻ ഉൾപ്പെടെ വേലയിൽ നേതൃത്വം വഹിക്കുന്ന സഹോദരൻമാർ തടവിലാക്കപ്പെട്ടു. എന്നാലും, ഞങ്ങളുടെ പ്രസംഗപ്രവർത്തനം നിലച്ചില്ല. ഞാനും അമ്മയും ഉൾപ്പെടെ, സ്ത്രീകൾ ബൈബിൾ അധ്യയനകൂട്ടങ്ങളുടെയും ക്രിസ്തീയ ശുശ്രൂഷയുടെയും ചുമതല വഹിക്കുന്നതിനു സഹായിച്ചു. എന്റെ സഹോദരനായ പേവൽ അപ്പോഴും ഒരു കൗമാരപ്രായക്കാരനായിരുന്നെങ്കിലും, രാജ്യത്തെ ചെക്ക് സംസാരിക്കുന്ന ഭാഗത്തുടനീളം സാഹിത്യങ്ങളും സ്ഥാപനപരമായ നിർദേശങ്ങളും വിതരണം ചെയ്യുന്നതിൽ ഒരു സന്ദേശവാഹകനായി വർത്തിച്ചു.
വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ
1952-ൽ അറസ്ററു ചെയ്യപ്പെട്ട് 15 വർഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു സാക്ഷിയായ യാറോസ്ലാവ് ഹേയ്ല 1957-ന്റെ അവസാനമായപ്പോഴേക്കും വൈദ്യചികിത്സയ്ക്കായി താത്കാലികമായി തടവിൽനിന്നു മോചിപ്പിക്കപ്പെട്ടു. പേവൽ ഉടൻതന്നെ അദ്ദേഹവുമായി ബന്ധപ്പെട്ടു, സഹോദരങ്ങളെ സഹായിക്കുന്ന പ്രവർത്തനത്തിൽ യാറോസ്ലാവ് വീണ്ടും മുഴുകി. ഭാഷകൾ നന്നായി അറിയാമായിരുന്നതുകൊണ്ട്, പരിഭാഷാജോലിയിൽ അധികവും അദ്ദേഹം ചെയ്യാൻ തുടങ്ങി.
1958-ന്റെ മധ്യം. ഒരു വൈകുന്നേരം യാറോസ്ലാവ് പേവലിനെയും എന്നെയും ഒന്നു നടക്കാനായി വിളിച്ചു. ഞങ്ങളുടെ അപ്പാർട്ടുമെൻറിൽ മൈക്രോഫോൺ രഹസ്യമായി പിടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ സ്ഥാപനപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഇതു പതിവുള്ളതായിരുന്നു. എന്നാൽ, പേവലിനോടു സ്വകാര്യമായി സംസാരിച്ചശേഷം അവനോട് ഒരു പാർക്ക് ബെഞ്ചിൽ ഇരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, എന്നിട്ട് ഞങ്ങൾ രണ്ടു പേരും മുന്നോട്ടു നടന്നു. എന്റെ ജോലികളെക്കുറിച്ചു ഹ്രസ്വമായൊന്നു ചർച്ചചെയ്തശേഷം, ക്ഷയിച്ച ആരോഗ്യവും അനിശ്ചിതമായ ഭാവിയും ഉണ്ടായിരുന്നിട്ടുകൂടി, തന്നെ വിവാഹം ചെയ്യാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു.
ഞാൻ വളരെ ആദരിച്ചിരുന്ന ഒരു വ്യക്തിയിൽനിന്ന് ആത്മാർഥവും നേരിട്ടുള്ളതുമായ ഒരു വിവാഹാലോചന വന്നപ്പോൾ ഞാൻ അമ്പരന്നുപോകുകയാണു ചെയ്തത്, യാതൊരു വൈമുഖ്യവും കൂടാതെ ഞാനതു സ്വീകരിക്കുകയും ചെയ്തു. ഞങ്ങളുടെ വിവാഹനിശ്ചയം യാറോസ്ലാവിന്റെ അമ്മയുമായി എന്നെ അടുത്ത ബന്ധത്തിൽ കൊണ്ടുവന്നു, അവർ ഒരു അഭിഷിക്ത ക്രിസ്ത്യാനിയായിരുന്നു. 1920-കളുടെ അവസാനം അവരും ഭർത്താവും പ്രാഗിലെ ആദ്യ സാക്ഷികളുടെ കൂട്ടത്തിൽ പെട്ടവരായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അവരെ രണ്ടു പേരെയും നാസികൾ തടവിലാക്കിയിരുന്നു, 1954-ൽ ഒരു കമ്മ്യുണിസ്ററ് ജയിലിൽവെച്ച് അവരുടെ ഭർത്താവു മരണമടഞ്ഞു.
ഞങ്ങൾ വിവാഹിതരാകുന്നതിനു മുമ്പ് യാരയെ, അങ്ങനെയാണ് ഞങ്ങൾ അദ്ദേഹത്തെ വിളിച്ചിരുന്നത്, അധികാരികൾ വിളിപ്പിച്ചു. ഒന്നുകിൽ തന്റെ പഴകിയ ശ്വാസകോശവീക്കം (pleurisy) നിമിത്തം ഓപ്പറേഷനു വിധേയമാകണം—അന്നു രക്തപ്പകർച്ചയ്ക്കു സമ്മതിക്കുന്നത് അതിൽ ഉൾപ്പെട്ടിരുന്നു—അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിധിയുടെ ശേഷിച്ച കാലം ജയിലിൽ കിടക്കണം. അദ്ദേഹം ഓപ്പറേഷനു വിസമ്മതിച്ചു, അതിന്റെ അർഥം പിന്നെയും ഒരു പത്തു വർഷം കൂടി അദ്ദേഹം ജയിലിൽ കിടക്കണമെന്നായിരുന്നു. അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു.
പരിശോധനയുടെയും ധീരതയുടെയും ഒരു സമയം
1959-ന്റെ പ്രാരംഭത്തിൽ യാരയെ ജയിലിലേക്കു കൊണ്ടുപോയി. അതിനുശേഷം പെട്ടെന്നുതന്നെ, അദ്ദേഹം നല്ല സന്തോഷത്തിലാണെന്നു കാണിക്കുന്ന ഒരു കത്തു ഞങ്ങൾക്കു ലഭിച്ചു. അടുത്ത കത്തു ലഭിച്ചത് സുദീർഘമായ ഒരു കാലഘട്ടത്തിനുശേഷമായിരുന്നു, എന്നാൽ ലഭിച്ചപ്പോഴോ, അതു ഞങ്ങൾക്കേററ ഒരു പ്രഹരവും. യാര മാനസികവും വൈകാരികവുമായി തകർച്ച അനുഭവിക്കുന്നതുപോലെ ആ കത്തു ഖേദവും ദുഃഖവും ഭയവും പ്രകടമാക്കി. “ഇതു മററാരെങ്കിലും എഴുതിയതായിരിക്കണം,” അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ കൈപ്പടയിലായിരുന്നു അത് എഴുതിയിരുന്നത്!
അദ്ദേഹത്തിന്റെ മാതാവും ഞാനും അദ്ദേഹത്തിനെഴുതി ദൈവത്തിലെ ഞങ്ങളുടെ ആശ്രയം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പല ആഴ്ചകൾക്കുശേഷം മറെറാരു കത്തു ലഭിച്ചു, അതു കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു. “ഈ എഴുത്ത് അവൻ എഴുതിയതായിരിക്കില്ല,” അദ്ദേഹത്തിന്റെ അമ്മ വീണ്ടും പറഞ്ഞു. എന്നാൽ കൈപ്പട തീർച്ചയായും അദ്ദേഹത്തിന്റെ സ്റൈറലിൽ തന്നെയായിരുന്നു, അദ്ദേഹത്തിന്റെ സഹജമായ പ്രയോഗങ്ങളും അതിലുണ്ടായിരുന്നു. പിന്നെ എഴുത്തൊന്നും കിട്ടിയില്ല, സന്ദർശനത്തിനും അനുമതി ലഭിച്ചില്ല.
സമാനമായി, ഞങ്ങളിൽനിന്ന് എന്നു കരുതപ്പെടുന്ന അസ്വസ്ഥമാക്കുന്നതരം കത്തുകളാണു യാരയ്ക്കും ലഭിച്ചത്. വാർധക്യകാലത്തു തന്നെ ഒററയ്ക്കിട്ടിട്ടു പോയതിന് അദ്ദേഹത്തിന്റെ അമ്മയുടെ കത്ത് അദ്ദേഹത്തെ കുററപ്പെടുത്തുകയുണ്ടായി, ദീർഘകാലം അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കേണ്ടിവരുന്നതിൽ എനിക്കുള്ള അസ്വസ്ഥതയാണ് എന്റെ കത്തു പ്രകടമാക്കിയത്. ഈ കത്തുകളും ഞങ്ങളുടെ കൈപ്പടയോടും എഴുതുന്ന ശൈലിയോടും പൂർണമായി യോജിച്ചിരുന്നു. ആദ്യം അദ്ദേഹത്തിനും അസ്വസ്ഥത തോന്നി, എന്നാൽ പിന്നീട് ആ കത്തുകൾ ഞങ്ങളെഴുതിയതായിരിക്കാൻ ഇടയില്ലെന്ന് അദ്ദേഹത്തിനു ബോധ്യം വന്നു.
ഒരു ദിവസം ഒരാൾ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട് ഒരു ചെറിയ പായ്ക്കററ് എന്റെ കൈവശം തന്നിട്ട് ധൃതിയിൽ നടന്നുപോയി. അതിനുള്ളിൽ ഡസൻകണക്കിനു സിഗരററു പേപ്പർ ഷീറ്റുകളുണ്ടായിരുന്നു, അവയിൽ സാധ്യതയനുസരിച്ചു കൈകൊണ്ട് എഴുതാവുന്നതിൽവെച്ച് ഏററവും ചെറിയ അക്ഷരങ്ങൾ കോറിയിരുന്നു. ഞങ്ങൾ എഴുതിയതെന്നു കരുതപ്പെട്ടിരുന്ന എഴുത്തുകൾ യാര പകർത്തിയെഴുതിയിരുന്നു, ഒപ്പം സെൻസർ ചെയ്യാത്ത അദ്ദേഹത്തിന്റെ ധാരാളം എഴുത്തുകളും. സ്വതന്ത്രമാക്കപ്പെട്ട സാക്ഷിയല്ലാത്ത ഒരു തടവുകാരൻ കടത്തിക്കൊണ്ടുപോന്ന ഈ കത്തുകൾ ലഭിച്ചശേഷം ഞങ്ങൾക്ക് എത്രയധികം ആശ്വാസം തോന്നിയെന്നോ, ഞങ്ങൾ യഹോവയോട് എത്ര നന്ദിയുള്ളവരുമായിരുന്നെന്നോ! ഞങ്ങളുടെ നിർമലത തകർക്കാൻ ഈ പൈശാചിക ഉദ്യമം ആര്, എങ്ങനെ തയ്യാറാക്കി എന്നു ഞങ്ങൾക്ക് ഇന്നുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
പിന്നീട്, മകനെ സന്ദർശിക്കാൻ യാരയുടെ അമ്മയ്ക്ക് അനുവാദം ലഭിച്ചു. ആ സന്ദർഭങ്ങളിൽ ഞാൻ അവരോടൊപ്പം ജയിലിന്റെ ഗേററുവരെ പോയി, ഇത്തിരിപ്പോന്ന ദുർബലയായ ആ സ്ത്രീ ധീരമായ ചെയ്തികൾ നിർവഹിക്കുന്നതു നിരീക്ഷിക്കുമായിരുന്നു. ഗാർഡുകൾ നോക്കിനിൽക്കെ, അവർ തന്റെ പുത്രന്റെ കൈകവർന്ന് സാഹിത്യത്തിന്റെ സാധ്യമായ ഏററവും ചെറിയ ഫോട്ടോകോപ്പികൾ കൈമാറുമായിരുന്നു. കണ്ടുപിടിക്കപ്പെട്ടാൽ പ്രത്യേകിച്ചും തന്റെ പുത്രനു കടുത്ത ശിക്ഷ ലഭിക്കുമെന്നറിയാമായിരുന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ചു, ആത്മീയ ആരോഗ്യം നിലനിർത്തുന്നതാണ് എപ്പോഴും മുന്തിയ പ്രാധാന്യമർഹിക്കുന്നതെന്നു മനസ്സിലാക്കിക്കൊണ്ടുതന്നെ.
പിന്നീട്, 1960-ൽ ഒരു പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടു, മിക്ക സാക്ഷികളും ജയിൽമോചിതരായി. യാര വീട്ടിലെത്തി ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ സന്തുഷ്ട നവദമ്പതികളായി മാറി.
എന്റെ ജീവിതരീതി മാററുന്നു
രാജ്യമെമ്പാടുമുള്ള സഹോദരങ്ങളുടെ താത്പര്യങ്ങളെ സേവിച്ചുകൊണ്ടുള്ള സഞ്ചാരശുശ്രൂഷയുടെ നിയമനമാണു യാരയ്ക്കു ലഭിച്ചത്. രാജ്യത്തെ ചെക്ക് സംസാരിക്കുന്ന ഭാഗത്ത് രാജ്യ ശുശ്രൂഷാ സ്കൂളിന്റെ ആദ്യ ക്ലാസ്സ് സംഘടിപ്പിക്കാൻ 1961-ൽ യാരയ്ക്കു നിയമനം ലഭിച്ചു, അതിനുശേഷം സ്കൂളിന്റെ പല ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള നിയമനവും.
1968-ൽ ചെക്കോസ്ലോവാക്യയിൽ ഉണ്ടായ രാഷ്ട്രീയ മാററങ്ങൾ നിമിത്തം തുടർന്നുവന്ന വർഷം ഞങ്ങളിൽ പലർക്കും ജർമനിയിലെ ന്യൂറംബർഗിൽവെച്ചു നടന്ന യഹോവയുടെ സാക്ഷികളുടെ “ഭൂമിയിൽ സമാധാന” അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, രാജ്യം വിട്ടുപോകാൻ അധികാരികൾ യാരയെ അനുവദിക്കുമായിരുന്നില്ല. ആ മഹത്തായ കൺവെൻഷന്റെ സ്ലൈഡ് ചിത്രങ്ങൾ ഞങ്ങളിൽ ചിലർ എടുത്തു, ഈ ചിത്രങ്ങളിൽ വിശേഷവത്കരിക്കപ്പെട്ട വിശ്വാസത്തെ ശക്തീകരിക്കുന്ന ഒരു പരിപാടി രാജ്യത്തെമ്പാടും അവതരിപ്പിക്കുന്നതിൽ ഒരു പങ്കുവഹിക്കുന്നതിനുള്ള പദവിയും യാരയ്ക്കു ലഭിച്ചു. ആ പരിപാടികൾ വീണ്ടും വീണ്ടും കാണാൻ പലരും ആഗ്രഹിച്ചു.
യാര സഹോദരങ്ങളെ അവസാനമായി സന്ദർശിക്കുന്ന സമയം ഇതായിരിക്കുമെന്നു ഞങ്ങളിലാരും മനസ്സിലാക്കിയില്ല. 1970-ന്റെ ആരംഭത്തിൽ, അദ്ദേഹത്തിന്റെ ആരോഗ്യം അങ്ങേയററം മോശമായി. പഴകിയ വീക്കവുമായി ജീവിക്കാൻ അദ്ദേഹം ശീലിച്ചുപോന്നിരുന്നു, ഇപ്പോൾ അത് അദ്ദേഹത്തിന്റെ വൃക്കകളെ ബാധിച്ചു, വൃക്കകളുടെ പരാജയം മാരകമാണെന്നു തെളിഞ്ഞു. 48-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചു.
യഹോവയുടെ സഹായത്തോടെ പിടിച്ചുനിൽക്കുന്നു
ഞാൻ വളരെയേറെ സ്നേഹിച്ചിരുന്ന വ്യക്തിയുടെ മരണം എന്നിൽ അഗാധമായ ദുഃഖമുളവാക്കി. എന്നാൽ ദൈവസ്ഥാപനത്തിനുള്ളിൽ സത്വര സഹായം നൽകപ്പെട്ടു, എന്തുകൊണ്ടെന്നാൽ ബൈബിൾ സാഹിത്യം പരിഭാഷപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കാൻ എന്നെ അനുവദിച്ചു. ഒരു റിലേ ഓട്ടത്തിലെന്നപോലെ, എന്റെ ഭർത്താവു ചെയ്തുകൊണ്ടിരുന്ന വേല തുടർന്നു ചെയ്യാൻ അദ്ദേഹം എനിക്കു ബാററൺ കൈമാറിയതുപോലെ എനിക്കു തോന്നി.
പൂർവയൂറോപ്പിലെ ഞങ്ങൾ പലരും 40-ലധികം വർഷം കമ്മ്യുണിസ്ററ് നിരോധനത്തിൻ കീഴിലാണു യഹോവയെ സേവിച്ചത്. പിന്നീട്, 1989-ൽ ഇരുമ്പുമറയുടെ നീക്കം ചെയ്യലോടെ ജീവിതത്തിനു നാടകീയമായ മാററം സംഭവിക്കാൻ തുടങ്ങി. പ്രാഗിലെ ബൃഹത്തായ സ്ട്രാഹോവ് സ്റേറഡിയത്തിൽ യഹോവയുടെ സാക്ഷികൾ ഒരു കൺവെൻഷൻ നടത്തുന്നതിനെക്കുറിച്ചു ഞാൻ സ്വപ്നം കണ്ടിരുന്നെങ്കിലും ആ സ്വപ്നം സഫലമായിത്തീരുമെന്നു ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല. എന്നാൽ, 1991 ആഗസ്ററിൽ ഒരു അത്ഭുതകരമായ വിധത്തിൽ ആ സ്വപ്നം പൂവണിഞ്ഞു, സന്തോഷഭരിതമായ ആരാധനയിൽ 74,000 പേർ കൂടിവരികയുണ്ടായി!
1993-ൽ ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവാക്യ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിച്ചപ്പോൾ ചെക്കോസ്ലോവാക്യ എന്ന രാജ്യം യവനികയ്ക്കുള്ളിൽ മറഞ്ഞു. ചെക്ക് റിപ്പബ്ലിക്ക് 1993 സെപ്ററംബർ 1-ന് യഹോവയുടെ സാക്ഷികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയപ്പോൾ ഞങ്ങൾ എത്ര സന്തോഷപുളകിതരായെന്നോ!
നമ്മുടെ നാളുകളെ എങ്ങനെ എണ്ണണമെന്നു നമ്മെ പഠിപ്പിക്കാൻ നാം യഹോവയെ അനുവദിച്ചാൽ യഹോവയുടെ അനുഗ്രഹം നമുക്കു വേണ്ടി കാത്തിരിക്കുന്നുവെന്ന് എന്റെ ജീവിതാനുഭവങ്ങളിൽനിന്ന് എനിക്കറിയാം. (സങ്കീർത്തനം 90:12) ദൈവത്തിന്റെ വരാനിരിക്കുന്ന പുതിയ ലോകത്തിലെ എണ്ണമററ നാളുകളിൽ ഞാനും അവന്റെ സന്തുഷ്ട ദാസൻമാരിൽ ഉൾപ്പെടാൻ തക്കവണ്ണം ഈ വ്യവസ്ഥിതിയിലെ എന്റെ ശേഷിച്ച നാളുകളെ എങ്ങനെ എണ്ണണമെന്നു പഠിപ്പിക്കാൻ നിരന്തരം ദൈവത്തോടു പ്രാർഥിക്കുന്നു.
[19-ാം പേജിലെ ചിത്രം]
എന്റെ മാതാവും പിതാവും
[21-ാം പേജിലെ ചിത്രം]
നിരോധനകാലത്ത് 1949-ൽ വനത്തിൽവെച്ചുള്ള ഒരു യോഗം: 1. എന്റെ സഹോദരനായ പേവൽ, 2. മാതാവ്, 3. പിതാവ്, 4. ഞാൻ, 5. ഹേയ്ല സഹോദരൻ
[22-ാം പേജിലെ ചിത്രം]
എന്റെ ഭർത്താവായ യാരയോടൊപ്പം
[23-ാം പേജിലെ ചിത്രങ്ങൾ]
യാരയുടെ മാതാവും അവർ അദ്ദേഹത്തിന് ഒളിച്ചുകടത്തിയ സാഹിത്യ ഫോട്ടോകോപ്പിയും
[24-ാം പേജിലെ ചിത്രം]
ഇന്നു പ്രാഗിലെ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നു