തൊട്ടു മുന്നിൽ—ഏററവും മെച്ചമായ കാലം!
ബൈബിൾ പറയുന്നതനുസരിച്ച് മനുഷ്യവർഗം ഭൂവ്യാപകമായ ഒരു പറുദീസയിൽ എന്നേക്കും ജീവിക്കണമെന്നതായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം. (ഉല്പത്തി 1:28; 2:8, 9) സ്പഷ്ടമായും, നാം ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിൽനിന്നും അകന്നുപോയിരിക്കുന്നു. എന്താണു സംഭവിച്ചത്?
തങ്ങൾക്കും തങ്ങളുടെ സന്താനങ്ങൾക്കും അപൂർണതയും മരണവും വരുത്തിവെച്ചുകൊണ്ട് ആദ്യത്തെ മാനുഷ ജോടി ദൈവത്തോട് അനുസരണക്കേടു കാണിച്ചു. (ഉല്പത്തി 2:16, 17; 3:6, 7, 17-19; റോമർ 6:23) ബൈബിൾ ഇപ്രകാരം വിശദമാക്കുന്നു: “ഒരു മനുഷ്യനിലൂടെ പാപം ലോകത്തിലേക്കു കടന്നു, പാപത്തോടൊപ്പം മരണവും. അങ്ങനെ എല്ലാവരും പാപം ചെയ്തിരിക്കുന്നതിനാൽ മരണം മുഴു മനുഷ്യ വർഗത്തിലേക്കും വ്യാപിച്ചിരിക്കുന്നു.”—റോമർ 5:12, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
അവസ്ഥ ഇങ്ങനെയായിരുന്നിട്ടും, ദൈവത്തിന്റെ ഉദ്ദേശ്യത്തിന് ഒരു മാററവുമില്ല. “എന്റെ വചനം ഭൂമിയെ നനെപ്പാൻ ആകാശത്തുനിന്നു താഴേക്കു വരുന്ന മഞ്ഞും മഴയും പോലെയാണ്. അവ വിളകൾ വളരുമാറാക്കുകയും നടുന്നതിന് വിത്തും തിന്നാൻ ആഹാരവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. അങ്ങനെതന്നെയായിരിക്കും ഞാൻ സംസാരിക്കുന്ന വചനവും . . . ഞാൻ ഏൽപ്പിക്കുന്നതെല്ലാം അതു ചെയ്യും.” (യെശയ്യാവ് 55:10, 11, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.) നമുക്കുവേണ്ടി എന്തു ചെയ്യുമെന്നാണ് ദൈവം വാഗ്ദാനം ചെയ്യുന്നത്?
ദൈവരാജ്യത്തിൻ കീഴിലെ അനുഗ്രഹങ്ങൾ
നിത്യജീവൻ
“നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
“ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.”—വെളിപ്പാടു 21:5.
സുരക്ഷിതത്വം
“കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.”—സങ്കീർത്തനം 37:10.
സംതൃപ്തിദായകമായ ജോലി
“ആളുകൾ വീടുകൾ പണിതു പാർക്കും—മററാരെങ്കിലും അവ ഉപയോഗിക്കുകയില്ല. അവർ മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും വീഞ്ഞ് ആസ്വദിക്കുകയും ചെയ്യും—മററാരും അതിൽനിന്നു കുടിക്കുകയില്ല. വൃക്ഷങ്ങളെപ്പോലെ എന്റെ ജനം ദീർഘനാൾ വസിക്കും. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കാര്യങ്ങൾ അവർ പൂർണമായി ആസ്വദിക്കും.”—യെശയ്യാവ് 65:21, 22, റ്റിഇവി.
ആരോഗ്യം
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.”—യെശയ്യാവു 33:24.
വൈകല്യങ്ങളില്ല
“അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും.”—യെശയ്യാവു 35:5, 6.
ധാരാളം ആഹാരം
“ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
സമാധാനം
“വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.”—സങ്കീർത്തനം 46:8, 9.
നിങ്ങൾ ചെയ്യേണ്ടത്
ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ഈ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന് നിങ്ങൾ എന്തു ചെയ്യണം? യോഹന്നാൻ 17:3-ൽ ബൈബിൾ ഇപ്രകാരം ഉത്തരം നൽകുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അതേ, ദൈവത്തെക്കുറിച്ച്—അവന്റെ നാമത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും—പഠിക്കുന്നതിനാൽ നമുക്ക് മാർഗദർശനം ലഭിക്കുന്നു. കൂടാതെ, യേശുവിനെക്കുറിച്ച്—ഭൂമിയിലെ അവന്റെ ജീവിതത്തെക്കുറിച്ചും നമ്മുടെ പാപങ്ങൾക്കുവേണ്ടിയുള്ള അവന്റെ മറുവിലയാഗത്തെക്കുറിച്ചും ദൈവരാജ്യത്തിന്റെ ഭരണാധികാരിയായുള്ള അവന്റെ സ്ഥാനത്തെക്കുറിച്ചും—പഠിക്കുന്നതിനാൽ ദൈവോദ്ദേശ്യം നിവൃത്തിയേറും എന്ന ശുഭാപ്തിവിശ്വാസം നമുക്കുണ്ടായിരിക്കാൻ കഴിയും.
അപരിചിതമായ ഒരു പ്രദേശത്ത് ചെന്നുപെട്ടിരിക്കുന്ന യാത്രികനെപ്പോലെ മനുഷ്യന് തന്റെ കാലടികളെ നയിക്കാൻ കഴിയില്ലെന്ന് ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതിലൂടെ സംശയാതീതമായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. (യിരെമ്യാവു 10:23) വാസ്തവത്തിൽ, സ്വേച്ഛാധിപത്യങ്ങൾമുതൽ ജനാധിപത്യങ്ങൾവരെ അസംഖ്യം ഗവൺമെൻറുകളിലൂടെ മനുഷ്യൻ സങ്കൽപ്പിക്കാവുന്ന എല്ലാ മാർഗങ്ങളും പരീക്ഷിച്ചിരിക്കുന്നു. എന്നിട്ടും അവന്റെ വിജയം അങ്ങേയററം പരിമിതപ്പെട്ടിരിക്കുന്നു.
“നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന ലക്ഷങ്ങളുടെ പ്രാർഥനക്ക് ദൈവരാജ്യം ഉത്തരം നൽകുമെന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും. (മത്തായി 6:10) ദൈവരാജ്യം പെട്ടെന്നുതന്നെ എല്ലാ മാനുഷിക ഗവൺമെൻറുകളെയും മാററിസ്ഥാപിക്കുമ്പോൾ അതിന്റെ അനുഗ്രഹങ്ങൾ ഭൂമിയിൽ ആസ്വദിക്കപ്പെടും. ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
അത് എന്തോരു മഹത്തായ സമയമായിരിക്കും! ബൈബിളിനെക്കുറിച്ചുള്ള അറിവിന് തീർച്ചയായും നമ്മിൽ പ്രത്യാശ നിറയ്ക്കാൻ കഴിയും. അതേ, ഇവ ഉപദ്രവകരമായ സമയങ്ങളാണ്—ഇനിയും മോശമായിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ അത് നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിലാണു ജീവിക്കുന്നതെന്ന് തെളിയിക്കുകയേ ചെയ്യുന്നുള്ളൂ. പെട്ടെന്നുതന്നെ അത്യന്തം മോശമായ ഈ സമയങ്ങൾക്കു പകരം ദൈവരാജ്യത്തിൻ കീഴിലെ ഏററവും മെച്ചമായ സമയങ്ങൾ ആഗതമാകും!