നമ്മുടെ പോക്ക് എങ്ങോട്ട്?
നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മേഖലയിൽക്കൂടി യാത്രചെയ്യുന്നതായി സങ്കൽപ്പിക്കുക. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള സമയമായി. പക്ഷേ, തെരുവു സൂചനകളും പട്ടണത്തിന്റെ പേരുകളും ഭൂദൃശ്യസവിശേഷതകളുമൊന്നും നിങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല. ‘ഞാൻ എവിടെയാണ്? ഞാൻ ശരിയായ വഴിയേ തന്നെയാണോ പോകുന്നത്?’ നിങ്ങൾ സംശയിക്കുന്നു.
സമാനമായ ഒരു വിഷമസ്ഥിതിയിലാണ് ലോകം ഇന്ന്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത അളവിൽ സമൂഹം അധഃപതിക്കുന്നത് മനുഷ്യൻ കാണുമ്പോൾ അവൻ അപരിചിതമായ ഒരു പ്രദേശത്താണ്. ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള പുരോഗതികളെല്ലാം കണ്ടാൽ നാം ഇതിനോടകം ഒരു മെച്ചപ്പെട്ട ലോകത്തിൽ ആയിരിക്കേണ്ടതായിരുന്നു എന്നു തോന്നിപ്പോകും. എഡിററർ റസൽ ബോൺ മമനുഷ്യന്റെ മഹദ്യുഗങ്ങളൽ (ഇംഗ്ലീഷ്) ഇപ്രകാരം എഴുതുന്നു: “ആഗോള സാഹോദര്യം എന്ന പഴയ ആദർശം” 20-ാം നൂററാണ്ടിൽ മാത്രമേ “പ്രവൃത്തിപഥത്തിൽ വരാൻ സാധ്യതയുള്ളൂ.”
പക്ഷേ, “ആഗോള സാഹോദര്യം” എന്ന ആ ലക്ഷ്യം സാധിച്ചിട്ടില്ല. സാമ്പത്തിക സുരക്ഷിതത്വം, മതിയായ ആഹാരം, മെച്ചപ്പെട്ട ആരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിങ്ങനെ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സവിശേഷതകൾ ഒരിടത്തും കാണാനില്ല. “പല വിധങ്ങളിലും ശാസ്ത്രീയ നേട്ടം നാശവും ക്രൂരതയുമായി കൈകോർത്തുപോയിരിക്കുന്നു” എന്ന് ചരിത്രത്തിലെ നാഴികക്കല്ലുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
അതേ, ഇന്ന് മനുഷ്യവർഗം ഉദ്ദേശിച്ചിരുന്ന മാർഗത്തിൽനിന്നു വഴിതെററി, ഈ നൂററാണ്ടിന്റെ ആരംഭത്തിൽ വിഭാവനചെയ്യപ്പെട്ടിരുന്ന സമാധാനത്തിൽനിന്നും സുരക്ഷിതത്വത്തിൽനിന്നും അകന്ന് അപരിചിതമായ പ്രദേശത്ത് ചെന്നുപെട്ടിരിക്കുകയാണ്. തൻമൂലം ഇന്നു പലരും മാർഗനിർദേശങ്ങൾ ആരായുന്നു: “നാം ഈ അവസ്ഥയിൽ ആയിത്തീർന്നതെങ്ങനെ? ഈ ലോകത്തിന്റെ പോക്ക് എങ്ങോട്ടാണ്? നാം അന്ത്യനാളുകളിലാണോ ജീവിക്കുന്നത്?”
നാം എവിടെയാണെന്ന് കണ്ടുപിടിക്കുന്നതിന്, ആദ്യം നാം നമ്മുടെ ഇപ്പോഴത്തെ സ്ഥിതിഗതികൾ നിർണയിക്കേണ്ടതുണ്ട്. ഒരു പുതിയ ലോകവ്യവസ്ഥിതിയുടെ വാതിൽക്കലാണു നാമെന്ന് ചിലർ പറയുന്നു; നാം നാശത്തിന്റെ വക്കിലാണെന്നു മററുചിലരും. നാം എവിടെയാണെന്നും എങ്ങോട്ടു പോകുന്നെന്നും കൃത്യമായി മനസ്സിലാക്കാൻ ഒരു റോഡ് മാപ്പുപോലെ ബൈബിൾ നമ്മെ സഹായിക്കുന്നു.
യാത്രചെയ്യുമ്പോൾ പ്രദേശത്തെ തിരിച്ചറിയിക്കുന്ന സൂചനകൾ നോക്കേണ്ടതു പ്രധാനമാണ്. സമാനമായി, “അന്ത്യനാളു”കൾ എന്നു വിളിക്കപ്പെടുന്ന ചരിത്രത്തിലെ ഒരു കാലഘട്ടത്തെ സ്വഭാവവത്കരിക്കുന്ന സവിശേഷതകളായ ലോകാവസ്ഥകളും മനോഭാവങ്ങളും ബൈബിൾ വിവരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5, NW) “അന്ത്യനാളു”കൾ എന്ന ഈ പദപ്രയോഗം അക്ഷരീയ ആകാശത്തിന്റെയും ഭൂമിയുടെയും അന്ത്യത്തെ പരാമർശിക്കുന്നില്ല. പകരം, ഒരു ബൈബിൾ ഭാഷാന്തരം അതിനെക്കുറിച്ചു പറയുന്നപ്രകാരം അത് “വ്യവസ്ഥിതിയുടെ സമാപനത്തെ” അഥവാ “യുഗാന്ത്യത്തെ” അർഥമാക്കുന്നു.—മത്തായി 24:3; ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
“അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമേറിയ ദുർഘട സമയങ്ങൾ ഇവിടെ ഉണ്ടായിരിക്കു”മെന്ന് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതി. (2 തിമോത്തി 3:1, NW) ഇത് ചരിത്രത്തിലെ മററു കാലഘട്ടങ്ങൾക്കും ബാധകമാകാമല്ലോ എന്നു തീർച്ചയായും തോന്നിയേക്കാം. വാസ്തവത്തിൽ, ഓരോ യുഗത്തിനും അതിന്റേതായ കഷ്ടതയുണ്ടായിരുന്നു.
അപ്പോൾപ്പിന്നെ ഈ വാക്കുകൾ നമ്മുടെ നാളിലേക്കു വിരൽചൂണ്ടുന്നു എന്നു വിശ്വസിക്കുന്നതിന് എന്തു കാരണമാണുള്ളത്?
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tom Haley/Sipa Press