ക്യാപ്ററൻ ജെയിംസ് കുക്ക്—പസിഫിക്കിലെ നിർഭയനായ പര്യവേക്ഷകൻ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഹവായി, പസിഫിക് ദ്വീപുകൾ എന്നിവിടങ്ങളിലൊഴികെ ക്യാപ്ററൻ ജെയിംസ് കുക്ക് എന്ന പേര് മിക്കവർക്കും അജ്ഞാതമാണ്. എന്നാൽ, മേൽപ്പറഞ്ഞ രാജ്യങ്ങളിൽ ഓരോ സ്കൂൾക്കുട്ടിക്കും ക്യാപ്ററൻ കുക്കിനെക്കുറിച്ച് അറിയാം—അമേരിക്കയിലെ കുട്ടികൾ ക്രിസ്ററഫർ കൊളംബസിനെപ്പററി പഠിക്കുന്നതുപോലെതന്നെ.
എന്നാൽ ഈ നാവിക പര്യവേക്ഷകനെക്കുറിച്ച് ഏററവും നന്നായി അറിയാവുന്നത്—തെക്കൻ പസിഫിക്കിന്റെ ദ്വീപ ഭൂഖണ്ഡമായ—ഓസ്ട്രേലിയയിലും പിന്നെ ന്യൂസിലൻഡിലുമാണെന്നുള്ളതിനു സംശയമില്ല. എന്തുകൊണ്ടെന്നാൽ ക്യാപ്ററൻ കുക്ക് എന്ന പേര് അവിടെ എല്ലായിടത്തും കാണാം. ഇനിയും, 1974-ൽ രാജ്യത്തിന്റെ ദേശീയ ഗാനമായിത്തീർന്ന “ഉയരുക ഓസ്ട്രേലിയ സുന്ദരി” എന്ന ഗാനത്തിന്റെ മൂല പാഠം അക്ഷരാർഥത്തിൽ ആ ധീരനായ കപ്പിത്താനുള്ള സ്തുതിയാണു പാടുന്നത്.
ജെയിംസ് കുക്ക് എന്ന മനുഷ്യൻ
1728 ഒക്ടോബറിൽ ഇംഗ്ലണ്ടിലെ യോർക്ക്ഷൈറിൽ ജനിച്ച ഒരു ഗ്രാമീണ പയ്യനായിരുന്നു ജെയിംസ് കുക്ക്. അദ്ദേഹത്തിന്റെ പ്രാരംഭ ജീവിതത്തെക്കുറിച്ച് ഒന്നും വ്യക്തമല്ലെങ്കിലും എയ്ററൻ ഗ്രാമ സ്കൂളിൽനിന്ന് അദ്ദേഹത്തിനു കുറച്ചു വിദ്യാഭ്യാസം ലഭിച്ചതായി കാണുന്നു. ആ സ്കൂൾ ഇപ്പോഴുമുണ്ട്. പിന്നീട് അദ്ദേഹം സ്റെറയ്ത്സ് മത്സ്യബന്ധന തുറമുഖത്ത് ഒരു പലചരക്കുവ്യാപാരിയുടെ കീഴിൽ തൊഴിൽപരിശീലനം നേടി. കടലമ്മയുമായി പരിചയപ്പെട്ട അദ്ദേഹം തന്റെ ജീവിതവൃത്തി മാററി കൽക്കരി വ്യാപാരം തിരഞ്ഞെടുത്തു. അങ്ങനെ കടൽക്കാററു സ്പർശമേററു കിടക്കുന്ന വടക്കൻ സമുദ്രത്തിന്റെ തീരങ്ങൾക്കു സമീപേ ജോലിനോക്കിയ അദ്ദേഹം കപ്പലുകൾ കൈകാര്യം ചെയ്യാനും പഠിച്ചു.
പിന്നീടുള്ള നാവികപര്യടനങ്ങൾക്കു കുക്കിനെ സജ്ജനാക്കിയത് കൽക്കരി കപ്പലുകൾ മാത്രമായിരുന്നില്ല. കരയിൽ ആയിരുന്നപ്പോൾ അദ്ദേഹം ഗണിത പഠനം തുടരുകയും ഒടുവിൽ 1755-ൽ ബ്രിട്ടീഷ് നാവികസേനയിൽ പേർ ചാർത്തുകയും ചെയ്തു. ക്രിയാത്മകമായ കുറെ നാവിക സേവനം അദ്ദേഹം നടത്തിയെങ്കിലും ന്യൂഫൗണ്ട്ലൻഡ്, നോവ സ്കോട്ടിയ, ലാബ്രഡോർ എന്നീ രാജ്യങ്ങളുടെ ഭൂപടങ്ങൾ, ചാർട്ടുകൾ എന്നിവയ്ക്കാണ് അദ്ദേഹത്തിനു ഖ്യാതി ലഭിച്ചത്.
1769-ലെ ലോകരംഗം
കോളനീപരവും വ്യാപാരപരവുമായ ഏററവും വലിയ ലോകശക്തിയെന്ന നിലയിൽ ഗ്രേററ് ബ്രിട്ടൻ 1763-ൽ ഉയർച്ച നേടി. 200 വർഷത്തെ ഒററയൊററയായ യുദ്ധങ്ങൾക്കുശേഷം അവൾ സ്പെയിനിനെയും ഹോളണ്ടിനെയും ഫ്രാൻസിനെയും തോൽപ്പിച്ചു. അവസാനത്തെ എതിരാളിയായ ഫ്രാൻസ് തോററു തുന്നംപാടി. ഇത് നാടകീയമായ ഒരു കാലഘട്ടമായിരുന്നു. ശാസ്ത്രീയ നേട്ടം അന്ധവിശ്വാസത്തെ വേഗത്തിൽ കീഴടക്കുകയും ലോകവ്യാപകമായി അറിവിനുവേണ്ടി ദാഹം ഉളവാക്കുകയും ആയിരുന്നു. നാവികയാത്രാ രീതികളും വൻതോതിൽ പുരോഗമിച്ചിരുന്നു. പസിഫിക്കിലേക്കുള്ള ഒരു പര്യടനത്തെ നയിക്കാൻ ഒരു സമുദ്രസഞ്ചാര ശാസ്ത്രജ്ഞന്റെ സേവനങ്ങൾക്കുവേണ്ടി ബ്രിട്ടീഷ് നാവികസേനയും ശാസ്ത്രീയ മേഖലകളും അടിയന്തിരമായി അന്വേഷണം നടത്തുകയായിരുന്നു. വെല്ലുവിളിപരമായ ഈ സ്ഥാനത്തേക്കു ജെയിംസ് കുക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കുക്കിന്റെ നാവികപര്യടനങ്ങൾ ആരംഭിക്കുന്നു
1768-71-ലെ ആദ്യത്തെ നാവികപര്യടനത്തിൽ കുക്കിന് “ഇതുവരെ അജ്ഞാതമായ രാജ്യങ്ങൾ കണ്ടുപിടിക്കാനും, നേരത്തെ കണ്ടുപിടിച്ചതെങ്കിലും പര്യവേക്ഷണം പൂർത്തിയായിട്ടില്ലാത്ത വിദൂര ഭാഗങ്ങളെക്കുറിച്ച് അറിവു സമ്പാദിക്കാനും” നിർദേശങ്ങൾ ലഭിച്ചു. “തെക്കെവിടെയോ വിസ്തൃതമായ ഒരു ഭൂഖണ്ഡമോ ദേശമോ ഉണ്ടെന്നു സങ്കൽപ്പിക്കുക ന്യായമാ”ണെന്നും അതുകൊണ്ട് “ആ ഭൂഖണ്ഡം കണ്ടുപിടിക്കാനായി തെക്കോട്ടു യാത്രചെയ്യണമെന്നും” അദ്ദേഹത്തോടു കൂടുതലായി നിർദേശിച്ചു. എന്നിരുന്നാലും, ഭൂമിക്കും സൂര്യനും ഇടയിലുള്ള ദൂരം കൃത്യമായി നിർണയിക്കാമെന്ന പ്രതീക്ഷയിൽ സൂര്യന്റെ മുഖത്തിനു കുറുകെയുള്ള ശുക്രന്റെ കടന്നുപോക്കു നിരീക്ഷിക്കുക എന്നതായിരുന്നു ആദ്യത്തെ ജോലി. ഇതു തഹീതിയിൽവെച്ചു ചെയ്യണമായിരുന്നു.
ആദ്യത്തെ നാവികപര്യടനത്തിനു മൂന്നു വർഷം തികയാൻ 43 ദിവസത്തിന്റെ കുറവുണ്ടായിരുന്നു. ലഭിച്ച നിർദേശങ്ങളും അതിലധികവും കുക്ക് അനുസരിച്ചു. ആദ്യത്തെ ഈ നാവികപര്യടനത്തിലായിരുന്നു ബോട്ടണി ഉൾക്കടലിലെ അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രവേശനം. അന്നുവരെ അതു കണ്ടെത്തിയിരുന്നില്ല, മനോഹരമായ സിഡ്നി തുറമുഖത്തിന് ഏതാനും കിലോമീററർ മാത്രം തെക്കായിരുന്നു ബോട്ടണി ഉൾക്കടൽ. കൂടാതെ അദ്ദേഹം ന്യൂസിലൻഡിലെ ഇരുദ്വീപുകളും കപ്പൽമാർഗം ചുററിസഞ്ചരിച്ചു പൂർത്തിയാക്കി. ഓസ്ട്രേലിയയുടെ കിഴക്കേ തീരത്തിന്റെ ഭൂപടം നിർമിച്ച ആദ്യത്തെ യൂറോപ്യനും അദ്ദേഹമായിരുന്നു. എന്നാൽ സങ്കൽപ്പത്തിലെ ആ വലിയ തെക്കൻ ഭൂഖണ്ഡം അദ്ദേഹം കണ്ടെത്തിയില്ല.
വിജയകരമായ രണ്ടാമത്തെ നാവികപര്യടനം
1772-75-ലെ രണ്ടാമത്തെ പര്യവേക്ഷണത്തിൽ റെസലൂഷൻ എന്നും അഡ്വെഞ്ചർ എന്നും പേരുള്ള രണ്ടു കപ്പലുകൾ ഉപയോഗിക്കാൻ കുക്ക് നിയുക്തനാക്കപ്പെട്ടു. ഈ നാവികപര്യടനം തെക്കൻ പസിഫിക്കിന്റെ ശൂന്യതയെ ചുററി അൻറാർട്ടിക്കിൽ നടത്തിയ കപ്പൽമാർഗമുള്ള മറെറാരു വിജയകരമായ ചുററിസഞ്ചാരമായിത്തീർന്നു. എന്നാൽ ഒരു തെക്കൻ ഭൂഖണ്ഡം പിടികിട്ടാതെ കിടപ്പില്ല എന്ന് മാസങ്ങളോളം നീണ്ടുനിന്ന കോച്ചുന്ന തണുപ്പും ശരീരം തുളച്ചുകയറുന്ന കാററും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ക്ഷീണിച്ചവശരായ അദ്ദേഹത്തിന്റെ നാവികജോലിക്കാരാണെങ്കിൽ മഞ്ഞുറഞ്ഞ കടലുകളോടു വിടപറഞ്ഞ് തഹീതിയിലേക്കു മടങ്ങാൻ സന്തോഷമുള്ളവരുമായിരുന്നു.
കുക്കിന്റെ രണ്ടാമത്തെ നാവികപര്യടനം ഒരു പൂർണ വിജയമായിരുന്നു, ചരിത്രാഖ്യാനങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. മാരകമായ ഫലം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ അലൻ മോർഹഡ് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “1775 ജൂലൈ അവസാനം അവർ പ്ലൈമത്തിൽ നങ്കൂരമിട്ടു. അവർ യാത്രയാരംഭിച്ചിട്ട് മൂന്നു വർഷവും പതിനെട്ടു ദിവസവും പിന്നിട്ടിരുന്നു. 20,000 ലീഗുകളിലധികം [60,000 നാവിക മൈലുകൾ] അവർ കപ്പലോടിച്ചിരുന്നു. അതായത്, ഭൂമിയുടെ ചുററളവിന്റെ മൂന്നിരട്ടി. എന്നാൽ കുക്കിന് നാലാളുകളെ മാത്രമേ നഷ്ടമായുള്ളൂ . . . ഈ നാവികപര്യടനം അദ്ദേഹത്തെ എല്ലാക്കാലത്തെയും അതിമഹാൻമാരായ നാവികരിൽ ഒരാളാക്കി.”
മൂന്നാമത്തെ നാവികപര്യടനം അനർഥം കൈവരുത്തുന്നു
കാനഡയുടെ പസിഫിക് തീരമൊന്നു നിരീക്ഷിക്കാനും പസിഫിക്കിനെയും ആർട്ടിക് സമുദ്രം വഴി അററ്ലാൻറിക്കിനെയും ബന്ധിപ്പിക്കുന്നതായി കരുതുന്ന വടക്കുപടിഞ്ഞാറൻ പാതയ്ക്കുവേണ്ടി തിരച്ചിൽ നടത്താനും വേണ്ടിയുള്ളതായിരുന്നു മൂന്നാമത്തെ നാവികപര്യടനം. അത് ക്യാപ്ററൻ കുക്കിന്റെ അവസാനത്തെ നാവികപര്യടനമായിത്തീർന്നു. 1776 ജൂലൈ 12-ന് ഇംഗ്ലണ്ടിൽനിന്ന് അററകുററം തീർത്ത റെസലൂഷനിൽ യാത്രതിരിച്ച അദ്ദേഹം 1778 ജനുവരി 18-ന് ഹവായി ദ്വീപുകൾ എന്ന് ഇപ്പോൾ അറിയുന്നിടത്ത് എത്തി. ഡിസ്കവറി എന്നു പേരുള്ള കപ്പലും അദ്ദേഹം കൊണ്ടുപോയിരുന്നു. അവിടെ അദ്ദേഹത്തിനും ആൾക്കാർക്കും ആതിഥ്യപൂർവകമായ സ്വീകരണം ലഭിച്ചു. മനോഹരമായ ആ ദ്വീപുകളിൽനിന്ന് അവർ ഭക്ഷണസാമഗ്രികൾ വീണ്ടും നിറെച്ചു. എന്നിട്ട് ആ വർഷത്തെ വടക്കൻ വേനൽക്കാലം അവർ അററ്ലാൻറിക്കിലേക്കുള്ള പാത കണ്ടുപിടിക്കാനായി ചെലവഴിച്ചു, പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല. പിന്നെ അവർ ഹവായിയിൽ ശൈത്യകാലം ചെലവഴിക്കാൻ മടങ്ങി.
ഈ സമയത്ത് കുക്കിന്റെ സ്വഭാവത്തിൽ കാണപ്പെട്ട മാററത്തിന്റെ കാരണത്തെക്കുറിച്ചു ചരിത്രകാരൻമാർക്കു നിശ്ചയമില്ല. മടങ്ങിവന്നപ്പോൾ ഹവായിക്കാരോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ സംബന്ധിച്ച് അജ്ഞാതമായ ചില കാര്യങ്ങളുണ്ട്. ഈ സമയത്ത് അദ്ദേഹം അവരെ ക്രൂരമായി ചൂഷണം ചെയ്തു തുടങ്ങിയെന്നു ചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹം അവരുടെ ആരാധനാവൃത്തികളെ അതിലംഘിച്ചിരിക്കുമോ എന്ന് മററുചിലർ സംശയിക്കുന്നു. കാര്യത്തിന്റെ യഥാർഥ സത്യാവസ്ഥ എന്തായിരുന്നാലും 1779 ഫെബ്രുവരി 14-ന് ഇവിടെവെച്ചാണ് അദ്ദേഹം മരണമടഞ്ഞത്.
അദ്ദേഹത്തിന്റെ മരണം എപ്രകാരമായിരുന്നു? പര്യവേക്ഷകർ ജനുവരി 17-ാം തീയതി കെയാലകെക്കൂവ ഉൾക്കടലിലേക്കു മടങ്ങിയെത്തിയപ്പോൾ 10,000 ഹവായിക്കാർ അവരെ അഭിവാദ്യം ചെയ്തു. അന്ന് ദ്വീപുവാസികൾ അവരുടെ ദേശീയദേവനായ ലോണോക്ക് മാകാഹിക്കി ഉത്സവം ആഘോഷിക്കുകയായിരുന്നു. ലോണോ ദേവനായി സങ്കൽപ്പിച്ച് കുക്കിനുവേണ്ടി ആഘോഷം നടത്തിയെന്നാണു തോന്നുന്നത്. അങ്ങനെ അദ്ദേഹത്തിനും ആളുകൾക്കും ഒരിക്കൽക്കൂടി അസാധാരണമായ ദയയും ആതിഥ്യവും ലഭിച്ചു. മൂന്നാഴ്ചയ്ക്കുശേഷം ഫെബ്രുവരി 4-ന് അവർ നങ്കൂരം വലിച്ച് യാത്രപുറപ്പെട്ടു. എന്നാൽ വെറും നാലു ദിവസം കഴിഞ്ഞപ്പോൾ അവർ ഒരു വൻ കൊടുങ്കാററിലകപ്പെട്ടു. റെസലൂഷന് ഒരു പാമരം നഷ്ടമായി. കുക്ക് ഹവായിയിലേക്കു മടങ്ങി.
കുക്കിനെ അത്ഭുതപ്പെടുത്തുമാറ്, ഇത്തവണ സ്വീകരണം ശത്രുതാഭാവത്തോടെ ആയിരുന്നു. ഇപ്പോൾ ഹവായിക്കാർ കാര്യങ്ങളെക്കുറിച്ചു കൂടുതൽ യുക്തിയാനുസൃതം ചിന്തിച്ചിരിക്കുമെന്നും കുക്കും ആളുകളും തങ്ങളെ ചൂഷണം ചെയ്യുകയായിരുന്നെന്ന് നിഗമനം ചെയ്തിരിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. കുക്കിന്റെ മടങ്ങിവരവ് ഒരു “ദേവൻ” എന്ന അദ്ദേഹത്തിന്റെ സ്ഥാനത്തിനു ചേരുന്നതല്ലായിരുന്നെന്നു മററുചിലർ അഭിപ്രായപ്പെടുന്നു. കാരണമെന്തായാലും, കുക്കിന്റെ കുഴഞ്ഞുപോയ ആളുകൾ ദൗർഭാഗ്യവശാൽ അക്രമാസക്തരായി പ്രതികരിച്ചു. ഇത് ഡിസ്കവറിയിൽനിന്ന് ഒരു ബോട്ട് മോഷണം പോകാൻ ഇടയാക്കി. പ്രമാണിയായ കാലാനിയോപൂവിനെ ജാമ്യത്തടവുകാരനായി വെച്ചുകൊണ്ട് കുക്ക് കപ്പൽ വീണ്ടെടുക്കാൻ ശ്രമിച്ചു. അതിനെ തുടർന്ന് ഏററുമുട്ടൽ നടന്നു. കുക്കിനെ കുത്തി മുറിവേൽപ്പിക്കുകയും തീരത്തുവെച്ച് തല്ലി കൊല്ലുകയും ചെയ്തു.
റെസലൂഷനിലെ നാവിക പരിശീലനം തേടുന്ന ജോലിക്കാരനായ ജോർജ് ഗിൽബെർട്ടിന്റെ ഡയറി കുക്കിന്റെ ജീവിതത്തിലെ അന്ത്യ നിമിഷങ്ങളുടെ ചിത്രം വിശദമായി വർണിക്കുന്നു. “ക്യാപ്ററൻ കുക്ക് വെള്ളത്തിനരികിലേക്കു ചെന്ന് വെടിവെപ്പു നിർത്താൻ കൈവീശി കാണിച്ചു. അപ്പോൾ പ്രമാണികളിൽ കൂടുതൽ ധൈര്യമുള്ള ഒരാൾ ചാടി പുറകിൽ വന്ന് അദ്ദേഹത്തിന്റെ തോളുകൾക്കു നടുവിലായി ഇരുമ്പു കഠാരകൊണ്ടു കുത്തി. അപ്പോൾത്തന്നെ മറെറാരാൾ വന്ന് വടികൊണ്ട് അദ്ദേഹത്തിന്റെ തലയ്ക്കടിച്ചു. അദ്ദേഹം അടിയേററു വെള്ളത്തിൽ വീണപ്പോൾ പെട്ടെന്ന് അവർ വെള്ളത്തിലേക്കു ചാടി ഏതാനും മിനിററു നേരം അദ്ദേഹത്തെ വെള്ളത്തിൽ മുക്കിപ്പിടിച്ചു. അതിനുശേഷം പെട്ടെന്നു മരിച്ചുവെന്ന് ഉറപ്പുവരുത്താനായി അദ്ദേഹത്തെ പാറയുടെ മുകളിലേക്കു വലിച്ചുകയററി അതിൽ പലപ്രാവശ്യം തലയിടിപ്പിച്ചു.”
മാററംവന്ന ഒരു വ്യക്തിത്വം വെളിപ്പെടുന്നു
മൂന്നാമത്തെ നാവികപര്യടനത്തിൽവെച്ച് കുക്കിന്റെ പെരുമാററ രീതിക്കു മാററംവന്നു തുടങ്ങിയതായി കാണുന്നു. തെക്കൻ സമുദ്രങ്ങളിലേക്കുള്ള മുമ്പത്തെ രണ്ടു യാത്രകളിൽ പ്രകടിപ്പിച്ചിരുന്ന ശാന്തതയും നിയന്ത്രണവുമൊന്നും അദ്ദേഹം മേലാൽ പ്രകടമാക്കിയില്ല. മൂന്നാമത്തെ നാവികപര്യടനത്തിൽ അദ്ദേഹം തന്റെ ആളുകളിൽ 37 ശതമാനത്തെ, അതായത് ആദ്യത്തെ നാവികപര്യടനത്തിൽ ചെയ്തതിന്റെ ഇരട്ടിയോളം പേരെ, ചാട്ടകൊണ്ടു പ്രഹരിച്ചു. ഇത്തവണ പോളിനേഷ്യൻ ദ്വീപുവാസികളോടുള്ള അദ്ദേഹത്തിന്റെ പെരുമാററവും അത്ര മനുഷ്യത്വപരമായിരുന്നില്ല. ഉദാഹരണത്തിന്, ചിനയുണ്ടായിരുന്ന ഒരു ആടിനെ മോഷ്ടിച്ചതിന് അദ്ദേഹം തഹീതിയൻ ദ്വീപായ ഇമെയോയിലുള്ള വീടുകൾ തീവെക്കാനും ചിറേറാടങ്ങൾ നശിപ്പിക്കാനും മനഃപൂർവം ഉത്തരവിട്ടു. ചെറിയ കളവുകൾ നടത്തിയ ദ്വീപുവാസികളുടെ കാതുവെട്ടാൻപോലും അദ്ദേഹം മുതിർന്നു. അദ്ദേഹം രോഗിയോ ക്ഷീണിതനോ ആയിരുന്നോ, അതോ വെറുതേ ക്രൂരനാവുകയായിരുന്നോ?
നാവികപര്യടനങ്ങളുടെ സമ്മാനം
“വാക്കിന്റെ അടിസ്ഥാനപരമായ ഒരർഥത്തിലും കുക്ക് പുതിയ ദേശങ്ങളുടെ കണ്ടുപിടിത്തക്കാരൻ ആയിരുന്നില്ല” എന്ന് ക്യാപ്ററൻ ജെയിംസ് കുക്കും അദ്ദേഹത്തിന്റെ കാലവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസ്സർ ബെർനാർഡ് സ്മിത്ത് അഭിപ്രായപ്പെടുന്നു. കുക്ക് കണ്ടെത്തിയ പ്രദേശങ്ങളിൽ മിക്കതിലും ആളുകൾ അതിനോടകം അധിവസിച്ചിരുന്നതിനാൽ ഇത് സത്യമായിരിക്കാം. എന്നിരുന്നാലും, ഗ്രെൻഫെൽ പ്രൈസ് ഇപ്രകാരം പ്രസ്താവിക്കുന്നു: “ഓസ്ട്രേലിയയുടെ നീണ്ട കിഴക്കൻ തീരം കണ്ടുപിടിച്ചുകൊണ്ടും ന്യൂസിലൻഡിന്റെ രൂപരേഖ ഉണ്ടാക്കിക്കൊണ്ടും വടക്കേ അമേരിക്കയുടെ നീണ്ട തീരഭാഗങ്ങൾ പരിശോധിച്ചുകൊണ്ടും പസിഫിക്കിന്റെ അതിർത്തി ഭൂപടം പൂർത്തിയാക്കിയതും ഹവായിയും ന്യൂ കലെഡൊണിയയും പോലെയുള്ള തികച്ചും പുതിയ ദ്വീപുകളുടെ കണ്ടുപിടിത്തവും മുമ്പു കണ്ടെത്തിയതെങ്കിലും മററു ദ്വീപ സമൂഹങ്ങളുടെ വീണ്ടുമുള്ള കണ്ടുപിടിത്തവും സ്ഥാനനിർണയവും ഒക്കെ ഭൂമിശാസ്ത്രപരമായ അറിവിലേക്കുള്ള അദ്ദേഹത്തിന്റെ മുന്തിയ സംഭാവനകളായിരുന്നു. ആർട്ടിക്കിലെ കടലിടുക്കു സംബന്ധിച്ച ബെറിങ്ങിന്റെ കണ്ടുപിടിത്തത്തെ സ്ഥിരീകരിച്ചതുകൂടാതെ വാസ്തവത്തിൽ അൻറാർട്ടിക്ക ഭൂഖണ്ഡം . . . കണ്ടുപിടിച്ച നാവികനാണ് കുക്ക്.” പസിഫിക് ചക്രവാളത്തിൽനിന്ന് അദ്ദേഹത്തിന്റെ പാമര ശൃംഗം അപ്രത്യക്ഷമായി വളരെനാൾ കഴിഞ്ഞിട്ടും കുക്കിന്റെ ചാർട്ടുകളും ഭൂപടങ്ങളും ഉപയോഗപ്രദമായിരുന്നു.
എന്നിരുന്നാലും, ദുഃഖകരമെന്നു പറയട്ടെ, ഗുഹ്യരോഗവും വെടിവയ്പ് അക്രമങ്ങളും അൻറാർട്ടിക്ക് വന്യജീവികളുടെ വൻസംഹാരവും പസിഫിക് ദ്വീപുവാസികളിൽ നടത്തിയ ചൂഷണവുമാകുന്ന മാലിന്യകാരികൾ കുക്കിന്റെ യാത്രകളുടെ അനന്തരഫലങ്ങളായിരുന്നു. കുക്കിന്റെ അൻറാർട്ടിക്ക് കണ്ടുപിടിത്തങ്ങളെ സംബന്ധിച്ച് അലൻ മൂർഹെഡ് ഇപ്രകാരം എഴുതി: “മാർഗമധ്യേ വിപത്തു കൈവരുത്തുക എന്നുള്ളത് ഒരിക്കൽക്കൂടി കുക്കിന്റെ വിധിയായിരുന്നു. ലോകത്തിൽ നിലനിൽക്കുന്നതിൽവെച്ച് സാധ്യതയനുസരിച്ച് ഏററവും വലിയ വന്യജീവി സമൂഹത്തെ അദ്ദേഹം അപ്രതീക്ഷിതമായി കണ്ടുമുട്ടി. അവയുടെ അസ്തിത്വത്തെക്കുറിച്ച് ലോകത്തെ അറിയിച്ച ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നു. . . . തഹീതിയിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള കുക്കിന്റെ നുഴഞ്ഞുകയററം ആ നാട്ടുകാർക്കു വളരെ ഹാനികരമായിരുന്നു: അൻറാർട്ടിക്കയിലെ മൃഗങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു കൂട്ടക്കൊലയും.”
കുക്കിന്റെ സമഗ്രമായ റിപ്പോർട്ടും ചാർട്ടുകളും നോക്കിക്കണ്ട് വേട്ടക്കാരും തിമിംഗലനായാട്ടുകാരും വേട്ടയ്ക്കായി ആ പ്രദേശത്തേക്കു വന്നുതുടങ്ങി. മൂർഹെഡ് ഇപ്രകാരം തുടരുന്നു: “അവിടെ വേട്ടയാടാൻ സത്യത്തിൽ മേലാൽ ഒന്നും ഉണ്ടായിരിക്കാത്തവിധം, അതായത് എളുപ്പത്തിലും ലാഭകരമായും കൊല്ലാൻ യാതൊന്നും ഉണ്ടായിരിക്കാത്തവിധം, നായാട്ട് തുടർന്നുപോന്നു.”
[15-ാം പേജിലെ ചിത്രങ്ങൾ]
ഹവായിയിൽ കുക്കിന്റെ ക്രൂരമരണം
അദ്ദേഹം കണ്ടെത്തിയ ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ
[കടപ്പാട്]
Paintings: By courtesy of Australian International Public Affairs
[12-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Painting by John Weber/Dictionary of American Portraits/Dover. Background: The Complete Encyclopedia of Illustration/J. G. Heck