ലോകത്തെ വീക്ഷിക്കൽ
വനിതാപുരോഹിതർ വേണ്ട
അഭിമുഖം നടത്തിയ കത്തോലിക്കാസഭാംഗങ്ങളുടെ മൂന്നിൽ രണ്ടിലധികം ഭാഗം പുരോഹിതരാകാൻ വനിതകളെ അനുവദിക്കണമെന്നു വിചാരിച്ചതായി ഒരു സർവേ വെളിപ്പെടുത്തിയെങ്കിലും ജോൺപോൾ II-മൻ പാപ്പാ ആ ആശയം ഉപേക്ഷിക്കാൻ കത്തോലിക്കരോടു ദൃഢമായി പറഞ്ഞിരിക്കുന്നു. ബിഷപ്പുമാർക്കുള്ള ഒരു ലേഖനത്തിൽ, പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: “വനിതകൾക്കു പൗരോഹിത്യനിയമനം കൊടുക്കാൻ സഭക്കു യാതൊരു അവകാശവുമില്ല എന്നും സഭയുടെ സകല വിശ്വസ്തരും ഈ വിധിയോടു പററിനിൽക്കണമെന്നും ഞാൻ പ്രഖ്യാപിക്കുന്നു.” “പുരുഷൻമാർക്കു മാത്രം പൗരോഹിത്യനിയമനം സംവരണംചെയ്യുന്നതുസംബന്ധിച്ച്” എന്ന അഭിധാനത്തിലുള്ള പാപ്പായുടെ ലേഖനത്തോടുകൂടെ പിൻവരുന്ന പ്രകാരം കൂട്ടിച്ചേർത്ത ഒരു ഔദ്യോഗികപ്രസ്താവന ഉണ്ടായിരുന്നു: “ഇതു തർക്കത്തിനു യഥേഷ്ടം വിധേയമാക്കാവുന്ന വിഷയമല്ലാത്തതുകൊണ്ട് അതിന് എപ്പോഴും വിശ്വസ്തരുടെ പൂർണവും നിരുപാധികവുമായ സമ്മതം ആവശ്യമാണ്, ഇതിനു വിരുദ്ധമായി പഠിപ്പിക്കുന്നതു മനഃസാക്ഷികളെ തെററിലേക്കു നയിക്കുന്നതിനു തുല്യമാണ്.” അന്നേക്കു രണ്ടു മാസംമുമ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ 32 സ്ത്രീകൾ പുരോഹിതരായി വാഴിക്കപ്പെട്ടു, ആ സഭയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാപുരോഹിതർ. ഇതുനിമിത്തം, ആംഗ്ലിക്കൻ വൈദികരിലെ 700 അംഗങ്ങൾ റോമൻ കത്തോലിക്കാ സഭയിലേക്കു പരിവർത്തനംചെയ്യാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചു, എന്നാൽ 35 പേർ മാത്രമേ രാജിവെച്ചുള്ളു. പാപ്പായുടെ ലേഖനം വിമത ആംഗ്ലിക്കൻ പുരോഹിതൻമാർക്കു റോമൻകത്തോലിക്കാസഭയിലേക്കു സ്വാഗതമുണ്ടെന്നു പറയാൻ ഭാഗികമായി ഉദ്ദേശിച്ചിട്ടുള്ളതാണെന്നു ചില വത്തിക്കാൻ ഉദ്യോഗസ്ഥൻമാർ വിശ്വസിക്കുന്നു.
“ഒരു വലിപ്പിലെ മരണം”
“വൻ നഗരങ്ങളിൽ, വീട്ടിൽ ഒരു ആയുധം ഉണ്ടായിരിക്കാനുള്ള പ്രലോഭനം വർദ്ധിക്കുകയാണ്,” “ഒരു വലിപ്പിലെ മരണം” എന്ന തലക്കെട്ടിൽ വേജാ പറയുന്നു. എന്നാൽ ഉന്നമുള്ള ഒരു ബ്രസീലിയൻ വെടിക്കാരൻ ഇങ്ങനെ അവകാശപ്പെടുന്നു: “തോക്കുകൾകൊണ്ടുള്ള അപകടങ്ങളിൽനിന്ന് ആരും ഒഴിവുള്ളവരല്ല, അവ ഒഴിവാക്കാനുള്ള ഏകമാർഗം ഒരു തോക്കു വാങ്ങാതിരിക്കുകയാണ്.” കുററപ്പുള്ളികൾ തോക്കുകളുമായി കൂടുതൽ പരിചയമുള്ളവരും മുന്നറിവില്ലായ്മയുടെ ഫലം ഉപയോഗിക്കുന്നവരുമായിരിക്കാമെന്നതുകൊണ്ട് ഒരു ഏററുമുട്ടലിൽ സ്വയം പ്രതിരോധിക്കാൻ ഉദ്ദേശിക്കുന്നയാൾക്ക് സന്തുഷ്ട പരിണതഫലം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.” ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ സൂചിപ്പിക്കുന്നു: “നിരായുധനായിരിക്കുമ്പോൾ ഒരു വ്യക്തി ആക്രമണോത്സുകതയാലല്ല, ബുദ്ധികൊണ്ട് ഒരു ഏററുമുട്ടലിൽ വിജയിക്കാൻ ശ്രമിക്കും.”
മൃഗങ്ങൾ കുറഞ്ഞുപോകുന്നു
ലോകത്തിൽ കറുത്ത കാണ്ടാമൃഗങ്ങൾ ഏററവും കൂടുതലുള്ളതു സിംബാബ്വേയിലാണെന്ന് ഒരു കാലത്ത് അതു വീമ്പിളക്കി. എന്നാൽ എണ്ണം 1980-ലെ 3,000-ൽനിന്ന് ഇപ്പോഴത്തെ ഏതാണ്ടു 300 ആയി കുറഞ്ഞുപോയിരിക്കുന്നു എന്നു ജോഹാന്നസ്ബർഗ് വർത്തമാനപത്രമായ ദി സ്ററാർ റിപ്പോർട്ടുചെയ്യുന്നു. മൃഗമോഷ്ടാക്കൾ മൃഗങ്ങളുടെ വിലയേറിയ കൊമ്പുകൾക്കായി അവയെ വേട്ടയാടുന്നതിൽ തുടരുകയാണ്. മൃഗമോഷ്ടാക്കളെ കൊല്ലാൻ ഉദ്യാന വകുപ്പുദ്യോഗസ്ഥൻമാർക്ക് അധികാരം കൊടുത്ത കർശനമായ നിയമം സമീപവർഷങ്ങളിൽ ഗവൺമെൻറു കൊണ്ടുവന്നു. കാണ്ടാമൃഗമുള്ള പ്രദേശങ്ങളിൽ ഫലകരമായി റോന്തുചുററൽ ഏർപ്പെടുത്തുന്നതിനു ദേശീയ ഉദ്യാന വന്യജീവി വകുപ്പിനു വേണ്ടത്ര പണം കൊടുക്കാൻ ഗവൺമെൻറിനു കഴിവില്ല എന്നതാണു പ്രശ്നം. മൃഗമോഷണംനിമിത്തം “സിംബാബ്വേയിലെ ആനകളുടെ സംഖ്യ കഴിഞ്ഞ പതിററാണ്ടിൽ 80,000-ത്തിൽനിന്ന് ഏതാണ്ട് 60,000 ആയി [കുറഞ്ഞുപോയിരിക്കുന്നു]” എന്നു ദി സ്ററാർ റിപ്പോർട്ടുചെയ്യുന്നു.
ലോറിഡ്രൈവർമാർ എയ്ഡ്സ് പരത്തുന്നു
ഇന്ത്യയിൽ ലോറിഡ്രൈവർമാർ എയ്ഡ്സ് വൈറസ് (എച്ച്ഐവി) പിടിപെടുന്നതിന് ഉയർന്ന സാദ്ധ്യതയുള്ള ഒരു കൂട്ടമായി പരിഗണിക്കപ്പെടുന്നു. തങ്ങളുടെ കുടുംബങ്ങളിൽനിന്നു ദീർഘകാലഘട്ടങ്ങൾ അകന്നുനിൽക്കുന്ന ആയിരക്കണക്കിനു ഡ്രൈവർമാർ ബോംബെയിലെ വേശ്യാലയങ്ങൾ കൂടെക്കൂടെ സന്ദർശിക്കുന്നു. അവിടെ പ്രവർത്തിക്കുന്ന 80,000 വേശ്യമാരുടെ 50 മുതൽ 60 വരെ ശതമാനം എച്ച്ഐവി ഉള്ളവരായിരിക്കാമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഡ്രൈവർമാർ ബോംബെയിൽനിന്നു രാജ്യത്തെല്ലാം സഞ്ചരിക്കുന്നു. ഹൈവേയ്ക്കു സമീപമുള്ള ചില ഗ്രാമങ്ങളിൽ കുടിലുകൾ നിരന്നു നിൽക്കുന്നു, അവിടെ ഗ്രാമീണരായ പെൺകുട്ടികൾ ലോറിഡ്രൈവർമാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു പണമുണ്ടാക്കുന്നു. സമീപനഗരങ്ങളിലെ ധനികരായ ചെറുപ്പക്കാരും ഇതേ സ്ഥലങ്ങളിൽ കൂടെക്കൂടെ സന്ദർശിക്കുന്നു. ടൈംസ് ഓഫ് ഇൻഡ്യയിൽ പ്രസ്താവിച്ചതുപോലെ ഇതു “കണ്ടുപിടിക്കാൻ അസാധ്യമായ വിധം വൈറസ് പടരുന്നതിനു സമ്പർക്കങ്ങളുടെ സങ്കീർണമായ പരമ്പരകൾ സ്ഥാപിക്കുന്നു.” പ്രശ്നത്തെ സമ്മിശ്രമാക്കിക്കൊണ്ട്, ഉയർന്ന താപനിലയിൽ ദീർഘനേരം വണ്ടിയോടിക്കുമ്പോൾ തങ്ങളുടെ ശരീരങ്ങളെ തണുപ്പിക്കുന്നതിനു ലൈംഗികബന്ധം അത്യാവശ്യമാണെന്ന അന്ധവിശ്വാസം അനേകം ലോറിഡ്രൈവർമാർ പുലർത്തുന്നു.
സമാധാനപ്രതിഫലങ്ങൾ എന്ത്?
“പ്രതീക്ഷിച്ച ‘സമാധാനപ്രതിഫലങ്ങൾക്ക്’ എന്തു സംഭവിച്ചിരിക്കുന്നു?” എന്നു വാലർ ആക്ച്യൂൽ എന്ന ഫ്രഞ്ച് മാസിക ചോദിച്ചു. ശീതസമര സംഘർഷങ്ങളുടെ ശമനവും, പല ഗവൺമെൻറുകളുടെ സൈനികബജററിൽ തദനുസൃതമായ കുറവും ഉണ്ടായതോടെ, മുമ്പ് ആയുധീകരണത്തിനു ചെലവഴിച്ചിരുന്ന വമ്പിച്ച സാമ്പത്തികവിഭവങ്ങൾ ഭാഗികമായെങ്കിലും ദാരിദ്ര്യത്തോടും രോഗത്തോടും പൊരുതാനുള്ള മനുഷ്യത്വപരമായ പരിപാടികൾക്കു തിരിച്ചുവിടുമെന്നുള്ള പ്രത്യാശകൾ ഉയർന്നുവന്നു. ഏററവും ഒടുവിലത്തെ യുഎൻ മാനവവികസന റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ടു കഴിഞ്ഞ ഏഴു വർഷത്തെ സൈനികചെലവുകളിലുണ്ടായ കുറവ് വർദ്ധിതമായിക്കൊണ്ടിരിക്കുന്ന ഏതാണ്ട് 93,500 കോടി ഡോളറിന്റെ “സമ്പാദ്യ”ത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും അതേസമയം മനുഷ്യത്വപരമായ പരിപാടികൾക്കുള്ള ചെലവഴിക്കലിൽ അതോടൊപ്പം വർദ്ധനവുണ്ടായിട്ടില്ലെന്നും ആ മാസിക സൂചിപ്പിക്കുന്നു. അനേകം രാജ്യങ്ങൾ ഇപ്പോഴും വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാടികൾക്കുംകൂടെ ചെലവഴിക്കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി ആയുധങ്ങൾക്കു ചെലവഴിക്കുന്നതിൽ തുടരുന്നുവെന്നു റിപ്പോർട്ടു പ്രസ്താവിച്ചു.
മതത്തിലുള്ള താത്പര്യം കുറയുന്നു
ജപ്പാൻകാർ മതത്തോട് ഏറെ വിരക്തരായിത്തീരുകയാണെന്നു യൊമ്യൂറി ഷിംബൂൺ എന്ന വർത്തമാനപത്രം നടത്തിയ ഒരു സർവേ പ്രസ്താവിക്കുന്നു. 1979 മുതൽ ഓരോ അഞ്ചു വർഷത്തിലും നടത്തുന്ന അതിന്റെ “ദേശീയ മതാവബോധ സർവേ” അനുസരിച്ച് ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കുന്നവരുടെ അനുപാതം അടുത്ത കാലത്ത് 4-ൽ 1 എന്ന ഏററവും താഴ്ന്ന നിലയിലെത്തി. മതത്തിലുള്ള ഈ താത്പര്യക്കുറവ് എന്തുകൊണ്ട്? അഭിപ്രായം പറഞ്ഞവരിൽ 47 ശതമാനം മതങ്ങൾ “പണമുണ്ടാക്കുന്നതിൽ അമിത തീക്ഷ്ണത കാട്ടുന്നു” എന്നു പരാതി പറഞ്ഞു. മററുള്ളവർ മതങ്ങളുടെ “അമിത തീക്ഷ്ണതയോടെയുള്ള പ്രസംഗ”ത്തെയും “രാഷ്ട്രീയത്തിലെ അമിതമായ ഉൾപ്പെടലിനെ”യും “ബഹുമാനം അർഹിക്കുന്ന മതനേതാക്കൻമാർ ഇല്ലാത്ത”തിനെയും കുററപ്പെടുത്തി. എന്നിരുന്നാലും, “ദൈവം അല്ലെങ്കിൽ ബുദ്ധൻ ‘സ്ഥിതിചെയ്യുന്നു’ എന്ന് 44 ശതമാനം വിചാരിച്ചു.”
ആശീർവാദം വില്ക്കാനുണ്ട്
പണത്തിന്റെ ആശങ്കാജനകമായ കുറവിനെ അഭിമുഖീകരിക്കുകയാൽ റഷ്യൻ ഓർത്തഡോക്സ് സഭയിലെ അനേകം പുരോഹിതൻമാർ ആശീർവാദം വിൽക്കുന്നതിലേക്കു തിരിഞ്ഞിരിക്കുന്നു, എങ്കിലും എല്ലാ പുരോഹിതൻമാരും ഈ ബിസിനസിന്റെ പരസ്യസ്വഭാവത്തോടു യോജിക്കുന്നില്ല. “അനേകം പള്ളികൾക്കു നവീകരണത്തിനു പണത്തിന്റെ വലിയ ആവശ്യമുണ്ട്” എന്ന് ഒരു പുരോഹിതൻ പറഞ്ഞതായി ദ മോസ്കോ ടൈംസ് ഉദ്ധരിക്കുന്നു. തന്നിമിത്തം പുരോഹിതൻമാർ കടകൾ, ബഹുശാലാഭവനങ്ങൾ, മദ്യശാലകൾ, ചൂതാട്ടസ്ഥലങ്ങൾ എന്നിവയെ ആശീർവദിക്കുന്നതിനു പണം ആവശ്യപ്പെടുന്നു. കാറുകളെയും ആശീർവദിക്കുന്നു. ഉപയോഗിച്ച കാറുകളുടെ കമ്പോളത്തിനു സമീപം പ്രവർത്തിക്കുന്ന ഒരു പുരോഹിതൻ ആശീർവാദത്തിനു കാറിന്റെ നിർമാണമേൻമ അനുസരിച്ചു 30,000 മുതൽ 50,000 വരെ റൂബിൾസ് ചാർജുചെയ്യുന്നു. ആശീർവാദത്തിൽ പ്രാർഥനകളും ധൂപാർപ്പണവും “വിശുദ്ധജലം” തളിക്കലും ഉൾപ്പെടുന്നു.
മര്യാദയില്ലാത്ത ഡ്രൈവർമാരെ കൈകാര്യംചെയ്യുന്നു
ഒരു ഡ്രൈവർ പാഞ്ഞുവന്നു നിങ്ങളുടെ മുമ്പിലോട്ടു കാർ തിരിക്കുന്നു, അല്ലെങ്കിൽ അയാളുടെ മാർഗത്തിൽനിന്നു നിങ്ങളെ മാററാൻ ഹെഡ്ലൈററുകൾ തെളിക്കുകയും കടന്നുപോകുമ്പോൾ നിന്ദ്യമായ ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നു. നിങ്ങൾ എതിർത്തു പ്രതികരിച്ചാൽ നിങ്ങൾക്കു ജീവഹാനി ഭവിച്ചേക്കാം എന്നു വിദഗ്ധർ പറയുന്നു. റീഡേഴ്സ് ഡൈജസ്ററിന്റെ ദക്ഷിണാഫ്രിക്കൻ പതിപ്പു പറയുന്നതനുസരിച്ച്, അവർ ഇനി പറയുന്നതു ശുപാർശചെയ്യുന്നു: ശാന്തവും മത്സരരഹിതവുമായ ഒരു മനോഭാവം കൈക്കൊള്ളുക. നിങ്ങളുടെ സ്വന്തം ഡ്രൈവിംഗിൽ കേന്ദ്രീകരിക്കുക, മറേറ ഡ്രൈവറുമായുള്ള ദൃഷ്ടി സമ്പർക്കം ഒഴിവാക്കുക. പിൻവീക്ഷണം നൽകുന്ന കണ്ണാടികളിൽ മൂന്നുമുതൽ പത്തുവരെ സെക്കണ്ടുകൾക്കുള്ളിൽ നോക്കിക്കൊണ്ടിരിക്കുക. വന്നെത്തുന്നതിനുമുമ്പ് അപകടം തിരിച്ചറിയുക, അതിനു കടന്നുപോകാൻ ഇടം കൊടുക്കുക. നിങ്ങളെ മറികടക്കാൻ ഡ്രൈവറെ അനുവദിച്ചുകൊണ്ടു വേഗത കുറയ്ക്കുക, അല്ലെങ്കിൽ സൂചന കൊടുത്തുകൊണ്ട് ഇടമുള്ള ഒരു പാതയിലേക്കു നീങ്ങുകയും ചെയ്യുക. “നിങ്ങൾ മര്യാദയില്ലാത്ത അടുത്ത ഡ്രൈവറോടു പ്രതികരിക്കുന്ന വിധം നിങ്ങളുടെ സുരക്ഷിതത്വത്തിനുള്ള, നിങ്ങളുടെ അതിജീവനത്തിനു പോലുമുള്ള, താക്കോലായിരിക്കാം” എന്നു പറഞ്ഞു ലേഖനം ഉപസംഹരിക്കുന്നു.
ലോകകപ്പും ദൈവവും
“[ബ്രസീലിലെ] നാലാം [ഫുട്ബോൾ] ലോകകപ്പ് നേടാനുള്ള പോരാട്ടത്തിൽ എല്ലാത്തരം മത പ്രകടനവും സാധുവാണ്” എന്ന് ജേർണൽ ഡാ ററാർഡേ റിപ്പോർട്ടുചെയ്യുന്നു. “കളിക്കു മുമ്പും കളിസമയത്തും അതിനുപിമ്പും കർമങ്ങൾ അനുഷ്ഠിക്കുന്നു.” ബ്രസീലിന്റെ ബേബിറേറാ ഇങ്ങനെ അവകാശപ്പെട്ടു: “ഈ ലോകകപ്പിൽ [ദൈവം] ബ്രസീൽകാരനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” കളിക്കുശേഷം കളിക്കാർ വിജയം ദൈവം നൽകിയതാണെന്നു പറഞ്ഞതായി മനസ്സിലാക്കിക്കൊണ്ടു കർദിനാൾ ഡോം ലൂക്കാസ് മോരേറാ നെവസ് ഇങ്ങനെ എഴുതി: “അനേകരെസംബന്ധിച്ചും ലോകകപ്പുവിജയത്തിനു വ്യക്തിപരമോ കുടുംബപരമോ സാമൂഹികമോ ആയ മൂല്യമുണ്ടായിരിക്കാം . . . : ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെയും പുനരുജ്ജീവനം; അനേകം വേദനകൾക്കിടയിൽ ആശ്വാസം; ശൂന്യമാക്കപ്പെട്ട ഒരു ദേശത്തിന്റെ കതാരിസ് [ശുദ്ധീകരണം] പോലും ഉണ്ടായിരിക്കാം. രസാവഹമായി, സോക്കർതാരമായ മൗറൂ സിൽവാ ഇങ്ങനെ പ്രസ്താവിച്ചു: “ബ്രസീൽ ടീമിലെ ചില കളിക്കാരിൽനിന്നു വ്യത്യസ്തമായി, ലോക ചാമ്പ്യൻഷിപ്പു നേടാൻ ദൈവം ഞങ്ങളെ സഹായിച്ചുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. ദൈവം പക്ഷപാതിത്വമുള്ളവനല്ല, അവന് സോക്കറിൽ അത്ര താത്പര്യവുമില്ല.”
പൊക്കം കുറഞ്ഞവർക്കു പ്രതിബന്ധം
ജർമനിയിൽ 1.5 മീറററിൽ കൂടുതൽ പൊക്കമില്ലാത്ത ആളുകൾക്കു ഹ്രസ്വകായരുടെ അസോസിയേഷനിൽ അംഗത്വത്തിനു യോഗ്യതയുണ്ട്, സൂഡററ്ഷ് സീററംഗ് റിപ്പോർട്ടുചെയ്യുന്നു. അങ്ങനെയുള്ള ഒരു അംഗമായ സാബൈൻ പോപ്പ് ഒരു മുണ്ടി എന്നോ കുറുമ്പി എന്നോ വിളിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. “ഞങ്ങൾ യഥാർഥ വ്യക്തികളാണ്, യക്ഷിക്കഥകളിലെ കഥാപാത്രങ്ങളല്ല,” അവൾ പറയുന്നു. ഉയരം കുറഞ്ഞ ആളുകളുടെ കാര്യത്തിൽ അനുദിനജീവിതം ഒരു പ്രതിബന്ധമായിത്തീരാൻ കഴിയും, കാരണം ലിഫ്ററ് ബട്ടൺസ്, ലൈററ് സ്വിച്ചുകൾ, ടിക്കററ് യന്ത്രങ്ങൾ, വാതിൽപിടികൾ എന്നിവയെല്ലാം മിക്കപ്പോഴും അവർക്ക് എത്തുകയില്ലാത്ത ഉയരത്തിലാണു വെക്കുന്നത്. കൂടാതെ, ഉയരംകുറഞ്ഞ ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേവലം ശാരീരികമല്ല. സമുദായം പൊതുവിൽ തങ്ങളുടെ പ്രാപ്തികളെ അംഗീകരിക്കുന്നില്ല എന്ന് അസോസിയേഷന്റെ ചെയർമാനായ ഹെരാൾഡ് ബേൺട് പരിതപിക്കുന്നു. “വലിപ്പക്കുറവുണ്ടെങ്കിലും പൊക്കംകുറഞ്ഞവർക്കു നല്ല വേല ചെയ്യാൻ കഴിയും,” അദ്ദേഹം വിശദീകരിക്കുന്നു.