മണലിലൂടെ നടക്കൽ—മെച്ചമായ ആരോഗ്യത്തിലേക്കുള്ള ചുവടുകൾ
ഹവായിയിലെ “ഉണരുക!” ലേഖകൻ
ചുറുചുറുക്കോടെയുള്ള നടപ്പ് അതിവിശിഷ്ട വ്യായാമരൂപങ്ങളിലൊന്ന് എന്നു വിളിക്കപ്പെട്ടിട്ടുണ്ട്. ചുറുചുറുക്കോടെയുള്ള നടപ്പ്, മററു പ്രയോജനങ്ങളുടെ കൂട്ടത്തിൽ, ഹൃദയം രക്തം പമ്പുചെയ്യുന്നതിന്റെ അളവു വർദ്ധിപ്പിക്കുന്നതായും രക്തസമ്മർദം കുറയ്ക്കുന്നതായും രക്തചംക്രമണവും ത്വക്കിന്റെ ദൃഢതയും മെച്ചപ്പെടുത്തുന്നതായും അസ്ഥികളെയും മാംസപേശികളെയും ബലപ്പെടുത്തുന്നതായും പറയപ്പെടുന്നു.
എന്നിരുന്നാലും, ചുറുചുറുക്കോടെയുള്ള നടപ്പു പരീക്ഷിച്ചുനോക്കിയിട്ടുള്ള ഏതൊരാൾക്കും അറിയാവുന്നതുപോലെ, അതു പാദങ്ങളിൽ ഹാനികരമായ ഫലങ്ങളും—വടുക്കൾ, ആണികൾ, പൊള്ളലുകൾ എന്നിവയും അതിലും ഗുരുതരമായ പാദപരുക്കുകൾപോലും—ഉളവാക്കുന്നു. ഇവ മിക്കപ്പോഴും ചേരുകയില്ലാത്ത വ്യായാമ ഷൂസുകൾ ധരിക്കുന്നതിന്റെ ഫലമാണ്. നിങ്ങളുടെ കാലിൽ എന്നെങ്കിലും വ്രണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് എത്ര അസുഖകരം, വേദനാജനകം പോലും, ആണെന്നു നിങ്ങൾക്കറിയാം. യഥാർഥത്തിൽ, നിങ്ങളുടെ പാദങ്ങളുടെ അവസ്ഥക്കു നിങ്ങളുടെ മുഴു അസ്ഥിപഞ്ജരവ്യൂഹത്തിന്റെയും ആരോഗ്യത്തെ ബാധിക്കാൻ കഴിയും.
ഇരുലോകങ്ങളിലെയും ഏററവും നല്ല വശങ്ങൾ
നിങ്ങൾ കഷ്ടപ്പെടേണ്ടതില്ലായിരിക്കാം. “ഷൂസ് ധരിക്കാത്ത ആളുകൾക്കു ഷൂസ് ധരിക്കുന്ന ജനസമുദായങ്ങളെക്കാൾ ആരോഗ്യമുള്ള പാദങ്ങളുണ്ടെന്നും അവർക്കു പാദ വൈരൂപ്യങ്ങൾ കുറവാണെന്നും കൂടുതൽ ചലനപ്രാപ്തി ഉണ്ടെന്നും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഷൂസ് ധരിക്കാത്ത ആളുകളെക്കുറിച്ചുള്ള പഠനങ്ങൾ നിഗമനംചെയ്യുന്നു” എന്ന് ഒരു അസ്ഥിരോഗവിദഗ്ധൻ റിപ്പോർട്ടുചെയ്യുന്നു. അതുകൊണ്ടു നഗ്നപാദരായി നടന്നുകൊണ്ട് എവിടെയെങ്കിലും വ്യായാമം നടത്താമെങ്കിൽ നിങ്ങൾക്ക് ഇരു ലോകക്കാരുടെയും നല്ല വശങ്ങൾ അനുഭവിക്കാൻ കഴിയുമെന്നു തോന്നുന്നു. യഥാർഥത്തിൽ, അത് അനേകർക്കു ചെയ്യാൻ കഴിയും—ഒരു ശുദ്ധിയുള്ള കടൽപ്പുറത്തെ ഉണങ്ങിയ മണലിൻമേലോ മണൽതിട്ടമേലോ നടന്നുകൊണ്ടുതന്നെ.
“ഒരു തിരുമ്മിന്റെ ഫലത്തോടെയുള്ള നല്ല വ്യായാമമാണു മണൽനിറഞ്ഞ ഒരു കടൽപ്പുറത്ത്, വിശേഷിച്ചു മണലിനു ചെറുചൂടുള്ളപ്പോൾ, നഗ്നപാദരായി നടക്കുന്നത്” എന്നു സന്ധിവാതക്കാരുടെ വ്യായാമപുസ്തകം (ഇംഗ്ലീഷ്) പറയുന്നു. “ഇളകിയ, ഉണങ്ങിയ മണലിൻമേൽ നടക്കുന്നത്, നിരപ്പല്ലാത്ത ഉപരിതലത്തിനൊപ്പിച്ചു പാദം വെക്കുമ്പോൾ പാദത്തിലെ ഓരോ ഒററപ്പെട്ട മാംസപേശിക്കും വ്യായാമം കൊടുക്കുന്നു.” അതിനു പുറമേ, മണലിൻമേലുള്ള നടപ്പു പുല്ലിൻമേലോ നടപ്പാതയിലോ നടക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി ഊർജം ചെലവഴിക്കുന്നു. യഥാർഥത്തിൽ, ഉണങ്ങിയ മണലിൻമേൽ ഓടിനോക്കുക, അതിനാവശ്യമായ ശ്രമം നിങ്ങൾ പെട്ടെന്നുതന്നെ ഗൗനിക്കും! “തീർച്ചയായും, ഒരു കടൽപ്പുറത്തുകൂടെയുള്ള ചുറുചുറുക്കായ നടപ്പ് ഊർജകലോറി ഉപയുക്തമാക്കാനുള്ള അല്ലെങ്കിൽ ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള പരിപാടികളിൽ വിശിഷ്ടമായ ഒരു വ്യായാമ ആയാസം പ്രദാനംചെയ്യും” എന്നു വ്യായാമ ശരീരശാസ്ത്രം—ഊർജം, പോഷണം, മാനുഷ സിദ്ധി (ഇംഗ്ലീഷ്) എന്ന പുസ്തകം നിഗമനംചെയ്യുന്നു.
അങ്ങനെ, മണലിൻമേൽ നഗ്നപാദരായുള്ള നടപ്പ് ആരോഗ്യാവഹമായ ഒരു വ്യായാമചര്യയുടെ പ്രയോജനങ്ങൾ നൽകുന്നുവെന്നു മാത്രമല്ല, പാദത്തിലെയും കാൽസന്ധികളിലെയും തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു. ചെറിയ തോതിൽ സന്ധിവാതമുള്ളവർക്ക്, വ്യായാമത്താലുള്ള വേദന അതു കുറയ്ക്കുന്നു.
ഒരു മുന്നറിയിപ്പിൻവാക്ക്
എന്നിരുന്നാലും, ഏററവും അടുത്ത കടൽപ്പുറത്തേക്കോ മണൽത്തിട്ടകളിലേക്കോ നിങ്ങൾ പായുന്നതിനുമുമ്പ് ഈ മുന്നറിയിപ്പിൻകുറിപ്പുകൾ മനസ്സിൽപിടിക്കുക. നിങ്ങൾ നഗ്നപാദരായി നടക്കുന്ന മണൽ നല്ല ശുദ്ധിയുള്ളതും കൂർത്ത വസ്തുക്കൾ ഇല്ലാത്തതുമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങൾക്കു പ്രമേഹമോ ഹൃദ്രോഗമോ പോലെ ഗൗരവമുള്ള ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ, പുതിയ രൂപത്തിലുള്ള ഏതെങ്കിലും വ്യായാമ മുറ സ്വീകരിക്കുന്നതിനുമുമ്പു നിങ്ങൾ ഡോക്ടറോട് ആലോചന കഴിക്കണം. ഏതു വ്യായാമപരിപാടിയുടെയും കാര്യത്തിലെന്നപോലെ, മണലിലൂടെയുള്ള നടപ്പു മന്ദഗതിയിലോ മിതമായ ഗതിവേഗത്തിലോ തുടങ്ങുക, അനന്തരം പല ആഴ്ചകൾകൊണ്ടു നിങ്ങളുടെ വേഗം ക്രമേണ കൂട്ടുക. ഇതു നിങ്ങളെ കൂടുതൽ സുരക്ഷിതവും ആസ്വാദ്യവുമായ ഒരു വ്യായാമചര്യയിലേക്കു നയിക്കാനിടയുണ്ട്.
ചെരിപ്പിടാതെ മണലിലൂടെയുള്ള നടപ്പു തമാശയല്ല; അതു നിങ്ങൾക്കും നിങ്ങളുടെ പാദങ്ങൾക്കും മെച്ചമായ ആരോഗ്യത്തിലേക്കുള്ള ചുവടുകളുടെ തുടക്കമായിരുന്നേക്കാം. കടൽപ്പുറത്തോ ആഴമില്ലാത്ത വെള്ളത്തിലോ നിങ്ങൾ കക്കാകൾ, ചെറുമത്സ്യങ്ങൾ, ചെറിയ സന്യാസിഞണ്ടുകൾ, എല്ലാത്തരം പക്ഷികളും പ്രാണികളും, എന്നിങ്ങനെ വേറെ എന്തെല്ലാം കണ്ടെത്തിയേക്കുമെന്ന് ആരറിയുന്നു. അതുകൊണ്ട്, നിങ്ങളുടെ ഇന്ദ്രിയങ്ങളെ ജാഗരൂകമാക്കി നിർത്തുക, നിങ്ങളുടെ നടപ്പ് ആസ്വദിക്കുക!