ഇററലിയിലെ ബിഷപ്പുമാർ എന്തിന് ഉത്കണ്ഠപ്പെടുന്നു?
ഇററലിയിലെ ഉണരുക! ലേഖകൻ
ഇററാലിയൻ ബിഷപ്പുമാരുടെ 1993 നവംബറിലെ കോൺഫറൻസ് യഹോവയുടെ സാക്ഷികളെക്കുറിച്ചു മോശമായ പല കാര്യങ്ങൾ അഭിപ്രായപ്പെടുകയുണ്ടായി. അവർ ക്രിസ്ത്യാനികളല്ലെന്നും വീടുതോറുമുള്ള അവരുടെ പ്രസംഗപ്രവർത്തനം “സംസ്കാരശൂന്യമായ മതപരിവർത്തന”മാണെന്നും ആരോപിക്കപ്പെട്ടു.
എന്നിരുന്നാലും, എല്ലാ മത അധികാരികളും അതിനോടു യോജിക്കുന്നില്ല. ഉദാഹരണത്തിന്, മിലാൻ സ്റേറററ് യൂണിവേഴ്സിററിയിലെ ക്രിസ്തീയ ചരിത്ര പ്രൊഫസർ ആററിലിയോ ആഗ്നോലെറേറാ, യഹോവയുടെ സാക്ഷികൾ “ക്രിസ്തീയവിരുദ്ധമായി യാതൊന്നുമില്ലാത്ത, ബലിഷ്ഠമായ, ഗൗരവസ്വഭാവമുള്ള, ബൈബിളധിഷ്ഠിതമായ, തികച്ചും നിയമപരമായ ഒരു സ്ഥാപന”മാണെന്നു വർണിച്ചു.
അവരുടെ “സംസ്കാരശൂന്യമായ മതപരിവർത്തനം” സംബന്ധിച്ചോ? പ്രൊഫസർ ആററിലിയോ ഉണരുക!യോടു പറഞ്ഞു: “‘സംസ്കാരശൂന്യമായ’ എന്ന പദപ്രയോഗം തികച്ചും അസ്വീകാര്യമാണ്. അങ്ങനെ പറഞ്ഞാൽ അതിന്റെ അർഥം യേശുക്രിസ്തു നടത്തിയ മതപരിവർത്തനവും ‘സംസ്കാരശൂന്യ’മെന്നുവരും.”
യഹോവയുടെ സാക്ഷികൾക്കെതിരെ ബിഷപ്പുമാർ അത്തരം മുൻവിധി കാട്ടുന്നത് എന്തുകൊണ്ടാണ്? “ഇന്ന് ഇററലിയിലെ യഹോവയുടെ സാക്ഷികളുടെ എണ്ണവും വിജയവും നിമിത്തമാണ്” അവരുടെ എതിർപ്പ് എന്ന് പ്രൊഫസർ ആഗ്നോലിറേറാ കരുതുന്നു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു, ഈ വളർച്ച “കത്തോലിക്കാ മതത്തിന്റെ പ്രതിസന്ധി ഉള്ളപ്പോൾത്തന്നെയാണ്.”
സുവിശേഷം പ്രസംഗിക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുന്നവരെ അപമാനിക്കാനും എതിർക്കാനും ഇന്നു പുരോഹിതവർഗം തുനിയുന്നു. (മത്തായി 28:19, 20; താരതമ്യം ചെയ്യുക: മത്തായി 5:11, 12.) എതിർപ്പ് ഉണ്ടായിരുന്നിട്ടും ഇററലിയിലെ ഏററവും വലിയ രണ്ടാമത്തെ മതം യഹോവയുടെ സാക്ഷികൾ ആണെന്ന് ലാ സ്ററാമ്പ എന്ന പത്രം പറയുന്നു. അവിടെ ഇപ്പോൾ അവരുടെ സംഖ്യ 2,00,000-ത്തിലധികം വരും, അത് വർധിച്ചുകൊണ്ടുമിരിക്കുന്നു.
അതിനു വിപരീതമായി സമീപ വർഷങ്ങളിൽ കത്തോലിക്കാ പള്ളിയിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണു ചെയ്തിട്ടുള്ളത്. അതുകൊണ്ട് 1994-ന്റെ തുടക്കത്തിൽ ജോൺ പോൾ II-ാമൻ ഇററലിയിലെ കത്തോലിക്കരെ സജീവ സുവിശേഷകരായിത്തീരാൻ പ്രോത്സാഹിപ്പിച്ചു, വീടുതോറും പോയി പ്രസംഗിക്കാൻതന്നെ—യഹോവയുടെ സാക്ഷികൾ ചെയ്യുന്നതുപോലെ!a
[അടിക്കുറിപ്പുകൾ]
a 15-ാം പേജ് കാണുക.