ഒരു മെച്ചമായ ഗ്രാഹ്യം സമ്പാദിക്കൽ
“ഒരു സ്ത്രീയുടെ ജീവിതത്തിലെ അത്ര സുഖകരമായ ഒരു കാലഘട്ടമാണ് അതെന്ന് ഞാൻ പറയുകയില്ല. എന്നാൽ നിങ്ങൾക്ക് അതിൽനിന്നു പഠിക്കാൻ കഴിയുമെന്നു ഞാൻ വിചാരിക്കുന്നു. എന്റെ പരിമിതികൾ പരിഗണിക്കേണ്ടതെങ്ങനെയെന്ന് ഞാൻ പഠിച്ചിരിക്കുന്നു. എന്റെ ശരീരത്തിന് അൽപ്പം കൂടുതൽ ശ്രദ്ധയോ വിശ്രമമോ ആവശ്യമാണെങ്കിൽ ഞാൻ അതു ശ്രദ്ധിക്കുകയും അതിനു കൊടുക്കേണ്ട പരിഗണന ഞാൻ കൊടുക്കുകയും ചെയ്യുന്നു,” ആർത്തവവിരാമം കഴിഞ്ഞ ഒരു സ്ത്രീ സമ്മതിച്ചുപറഞ്ഞു.
ആർത്തവവിരാമം സംബന്ധിച്ച ഏററവും മോശമായ സംഗതി “എന്തു പ്രതീക്ഷിക്കാമെന്ന് അറിയാൻ പാടില്ലെന്നുള്ളതായിരുന്നു”വെന്ന് കനേഡിയൻ ഫാമിലി ഫിസിഷ്യൻ എന്ന മാഗസിനിൽ റിപ്പോർട്ടു ചെയ്യപ്പെട്ട സ്ത്രീകളുടെ ഒരു സർവേ വെളിപ്പെടുത്തി. എന്നിരുന്നാലും, ആർത്തവവിരാമത്തെ ഒരു സ്വാഭാവിക പരിവർത്തനമായി മനസ്സിലാക്കാൻ കഴിഞ്ഞ സ്ത്രീകൾക്ക് “ഉത്കണ്ഠയും വിഷാദവും ശുണ്ഠിയും കുറവാണ്” അനുഭവപ്പെട്ടത്, അവർ “തങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രതീക്ഷയുള്ളവരായിരിക്കുകയും ചെയ്തു.”
അതായിരിക്കുന്നത്
വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയേററ് ഡിക്ഷ്ണറി ആർത്തവവിരാമത്തെ ഈ രീതിയിൽ നിർവചിക്കുന്നു: “സാധാരണ[മായി] 45-ഉം 50-ഉം വയസ്സിനിടയ്ക്കു നടക്കുന്ന ആർത്തവത്തിന്റെ സ്വാഭാവികമായ വിരാമകാലം.” ആർത്തവത്തിന്റെ അന്തിമ വിരാമം എന്നും ആർത്തവവിരാമത്തെ പൊതുവേ വിളിക്കുന്നു.
ചില സ്ത്രീകൾക്ക് ആർത്തവവിരാമം പെട്ടെന്നാണു സംഭവിക്കുന്നത്; ഒരു ആർത്തവ കാലഘട്ടം അവസാനിക്കുകയും മറെറാന്ന് മേലാൽ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു. മററു ചിലർക്കാണെങ്കിൽ ആർത്തവം മുറതെററിവരുന്നു. അതായത് മൂന്നാഴ്ചമുതൽ പല മാസങ്ങൾവരെ ഇടവിട്ടുവരുന്നു. ആർത്തവം സംഭവിക്കാതെ ഒരു മുഴു വർഷം കടന്നുപോകുമ്പോൾ തന്റെ അവസാനത്തെ ആർത്തവത്തിന്റെ സമയത്ത് ആർത്തവവിരാമം സംഭവിച്ചുവെന്ന് ഒരു സ്ത്രീക്ക് ഉറപ്പോടെ നിഗമനം ചെയ്യാൻ കഴിയും.
അത് എപ്പോൾ എന്തുകൊണ്ടു സംഭവിക്കുന്നു
പാരമ്പര്യമനുസരിച്ചു കിട്ടിയ ചായ്വുകൾ, രോഗം, സമ്മർദം, മരുന്നുകൾ, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇതിന്റെ സംഭവ സമയത്തെ സ്വാധീനിക്കാൻ കഴിയും. വടക്കേ അമേരിക്കയിൽ ആർത്തവവിരാമം സംഭവിക്കുന്ന ശരാശരി പ്രായം 51 ആണ്. ഇതു നടക്കുന്ന കാലഘട്ടം പൊതുവേ 40-കളുടെ ആരംഭത്തിൽനിന്ന് 50-കളുടെ മധ്യംവരെ വ്യത്യാസപ്പെടുന്നു. അപൂർവമായി അതിനു മുമ്പും താമസിച്ചും ഉണ്ടാകാം. പുകവലിക്കുന്ന സ്ത്രീകൾക്ക് ആർത്തവവിരാമം നേരത്തെയും തൂക്കം കൂടുതലുള്ള സ്ത്രീകൾക്ക് ആർത്തവവിരാമം താമസിച്ചും സംഭവിക്കാൻ പ്രവണതയുള്ളതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.
ജനനസമയത്ത് ഒരു സ്ത്രീയുടെ അണ്ഡാശയങ്ങളിൽ അവളുടെ ജീവിതകാലം മുഴുവൻ ഉണ്ടായിരിക്കുന്ന മുഴു അണ്ഡങ്ങളും കാണും, അനേക ലക്ഷങ്ങൾ. ഓരോ ആർത്തവ ചക്രത്തിലും 20 മുതൽ 1,000 വരെ അണ്ഡങ്ങൾ പക്വമാകുന്നു. അവയിൽ ഒരെണ്ണമോ ചിലപ്പോൾ ഒന്നിലധികമോ അണ്ഡാശയത്തിൽനിന്നു പുറത്തുവരികയും ബീജസങ്കലനത്തിനു ലഭ്യമാകുകയും ചെയ്യുന്നു. പക്വമായ മററ് അണ്ഡങ്ങൾ നശിച്ചുപോകുന്നു. കൂടാതെ, അണ്ഡം പക്വമാകുന്ന ആ പ്രക്രിയയോടൊപ്പം ഈസ്ട്രജൻ, പ്രോജസ്റററോൺ എന്നീ ഹോർമോണുകളുടെ അളവും ക്രമമായി കൂടുകയും കുറയുകയും ചെയ്യുന്നു.
ഒരു സ്ത്രീ 30-കളുടെ അവസാനം കടക്കുന്നതോടുകൂടി ഈസ്ട്രജന്റെയും പ്രോജസ്റററോണിന്റെയും അളവുകൾ ക്രമേണയോ പെട്ടെന്നോ കുറഞ്ഞു തുടങ്ങുന്നു. എല്ലാ ആർത്തവ ചക്രത്തിലും മേലാൽ അണ്ഡം പുറത്തുവന്നില്ലെന്നും വരാം. ആർത്തവഘട്ടങ്ങൾ അത്ര ക്രമമല്ലാത്തതായിത്തീരുന്നു; അപ്പോൾ സാധാരണമായി നീണ്ട ഇടവേളകൾക്കു ശേഷമേ അതു സംഭവിക്കൂ. ആർത്തവപ്രവാഹത്തിന്റെ രീതി മാറുന്നു, അളവുകുറയുന്നു അല്ലെങ്കിൽ കൂടുന്നു. ഒടുവിൽ ഒരു അണ്ഡവും പുറത്തുവരാതാകുന്നു, ആർത്തവഘട്ടം നിലയ്ക്കുന്നു.
ഹോർമോൺ അളവുകളിലും അണ്ഡാശയത്തിന്റെ പ്രവർത്തനത്തിലുമുള്ള മാററങ്ങളുടെ പരമകാഷ്ഠയാണ് അന്തിമ ആർത്തവം. ഈ പ്രക്രിയയ്ക്ക് പത്തു വർഷംവരെ എടുത്തേക്കാം. എന്നിരുന്നാലും, ആർത്തവവിരാമത്തിനു ശേഷം 10 മുതൽ 20 വരെ വർഷങ്ങളോളം അണ്ഡാശയങ്ങൾ ചെറിയ അളവിൽ ഈസ്ട്രജൻ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. കൂടാതെ, അധിവൃക്ക ഗ്രന്ഥികളും (adrenal glands) കൊഴുപ്പു കോശങ്ങളും ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു.
ജീവിതത്തിലെ കാര്യമായ മാററങ്ങൾ
ഈസ്ട്രജന്റെ അളവു താഴുമ്പോൾ ഈസ്ട്രജനോടു സംവേദകത്വമുള്ള അല്ലെങ്കിൽ ആശ്രയത്വമുള്ള കലകളെ അതു ബാധിക്കുന്നു. ശരീരോഷ്മാവിനെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗത്ത് ഹോർമോൺ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് പുകച്ചിൽ അനുഭവപ്പെടുന്നത് എന്നു കരുതുന്നു. യഥാർഥ പ്രവർത്തനം എന്താണെന്ന് അറിയാൻപാടില്ല. എന്നാൽ അത് ഇങ്ങനെയാണെന്നു തോന്നുന്നു: ശരീരത്തിന്റെ ഉഷ്ണസ്ഥായി (thermostat) താഴ്ത്തി ക്രമീകരിക്കപ്പെടുന്നു. അതിന്റെ ഫലമായി മുൻപു സുഖകരമായി തോന്നിയിരുന്ന താപനിലകൾ പെട്ടെന്ന് വളരെ ചൂടുള്ളതായി അനുഭവപ്പെടുന്നു. അപ്പോൾ തണുക്കാനായി ശരീരം ത്വക്കിലൂടെ ജലം പുറപ്പെടുവിക്കാനും വിയർക്കാനും തുടങ്ങുന്നു.
നിശബ്ദമായ പരിവർത്തനം—ആർത്തവവിരാമം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഗെയിൽ ഷീഹി ഇപ്രകാരം പറയുന്നു: “പുകച്ചിൽ അനുഭവപ്പെടുന്ന സ്ത്രീകളിൽ പകുതിപ്പേർക്കും സാധാരണരീതിയിൽ ആർത്തവം നടക്കുമ്പോൾത്തന്നെ, അതായത് നാൽപ്പതാമത്തെ വയസ്സു മുതൽത്തന്നെ അതനുഭവപ്പെട്ടു തുടങ്ങും. മിക്ക സ്ത്രീകൾക്കും രണ്ടു വർഷത്തേക്കു ശരീരം മുഴുവൻ ചൂട് അനുഭവപ്പെടുന്നതായി പഠനങ്ങൾ കാണിക്കുന്നു. സ്ത്രീകളിൽ കാൽ ഭാഗത്തിന് അത് അഞ്ചു വർഷത്തേക്ക് അനുഭവപ്പെടുന്നു. 10 ശതമാനത്തിനാണെങ്കിൽ ജീവിതത്തിന്റെ ശേഷിച്ചകാലം മുഴുവൻ അതനുഭവപ്പെടുന്നു.”
ഈസ്ട്രജന്റെ അളവു കുറയുന്നതുകൊണ്ട് സ്ത്രീജീവിതത്തിലെ ഈ സമയത്തു യോനിയിലെ കലകൾ നേർത്തതും ഈർപ്പം കുറഞ്ഞതുമായിത്തീരുന്നു. സ്ത്രീകൾക്ക് അനുഭവപ്പെടുന്ന മററു ലക്ഷണങ്ങളിൽ “രാത്രിയിൽ വിയർക്കൽ, ഉറക്കക്കുറവ്, മലമൂത്രാദികൾ പിടിച്ചുനിർത്താനുള്ള കഴിവുകുറവ്, പെട്ടെന്നുള്ള വയറു ചാടൽ, ഹൃദയമിടിപ്പ്, കാരണമില്ലാതെയുള്ള കരച്ചിൽ, കോപിച്ചു പൊട്ടിത്തെറിക്കൽ, കൊടിഞ്ഞി, ത്വക്കു ചൊറിയുകയും ത്വക്കിലൂടെ ഇഴയുന്നതുപോലെ തോന്നുകയും ചെയ്യൽ, ഓർമക്കുറവ്” എന്നിവ ഉൾപ്പെടുന്നെന്ന് ഗെയിൽ ഷീഹി പറയുന്നു.
വിഷാദഘട്ടങ്ങൾ
ഈസ്ട്രജന്റെ അളവു കുറഞ്ഞാൽ വിഷാദമുണ്ടാകുമോ? ഇത് വളരെയധികം തർക്കത്തിനു വിഷയീഭവിച്ചിട്ടുള്ള പ്രശ്നമാണ്. ആർത്തവ ഘട്ടങ്ങൾക്കു മുൻപ് പെട്ടെന്നു ഭാവമാററങ്ങൾ ഉണ്ടാകാറുണ്ടായിരുന്നവരും രാത്രിയിൽ വിയർക്കുന്നതിന്റെ ഫലമായി ഉറക്കമില്ലായ്മ അനുഭവിക്കുന്നവരുമായ ചില സ്ത്രീകൾക്ക് അത് ഉണ്ടാകുമെന്നതാണ് ഉത്തരം. ഈ വിഭാഗത്തിലുള്ള സ്ത്രീകൾ ഹോർമോൺ വ്യതിയാനങ്ങളുടെ വൈകാരിക ഫലങ്ങളോടു വളരെയധികം സംവേദകത്വമുള്ളവരായി കാണപ്പെടുന്നു. ഗെയ്ൽ ഷീഹി പറയുന്നതനുസരിച്ച് “ആർത്തവവിരാമം കഴിഞ്ഞുള്ള കാലഘട്ടത്തിലെത്തുമ്പോൾ” സാധാരണമായി ഈ സ്ത്രീകൾക്ക് “വലിയ ആശ്വാസം അനുഭവപ്പെടു”കയും ഹോർമോൺ അളവുകൾ സ്ഥിരപ്പെടുകയും ചെയ്യുന്നു.
റേഡിയേഷൻ, കീമോതെറാപ്പി, അണ്ഡാശയങ്ങൾ രണ്ടും ശസ്ത്രക്രിയ വഴി നീക്കം ചെയ്യൽ എന്നിവയുടെ ഫലമായി പൊടുന്നനെ ആർത്തവവിരാമം സംഭവിക്കുന്നവർക്കു കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഈ നടപടികൾ ഈസ്ട്രജൻ അളവ് പെട്ടെന്നു കുറയാനും അങ്ങനെ ആർത്തവവിരാമ ലക്ഷണങ്ങൾ അരങ്ങേറാനും ഇടയാക്കുന്നു. സ്ത്രീയുടെ ആരോഗ്യമനുസരിച്ച് ഈ കേസുകളിൽ ഈസ്ട്രജൻ പകര ചികിത്സ നിർദേശിക്കപ്പെട്ടേക്കാം.
അനുഭവപ്പെടുന്ന ലക്ഷണങ്ങളുടെ കാഠിന്യവും രീതിയും സ്ത്രീകളിൽ ഗണ്യമായി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു, പരസ്പര ബന്ധമുള്ള സ്ത്രീകളിൽപ്പോലും. ഇത് ഓരോ സ്ത്രീയിലും ഹോർമോൺ അളവുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ടും വ്യത്യസ്ത നിരക്കുകളിൽ കുറയുന്നതുകൊണ്ടുമാണ്. കൂടാതെ, ആർത്തവവിരാമത്തോട് അടുക്കുമ്പോൾ സ്ത്രീകൾക്കു മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങളും സമ്മർദങ്ങളും പൊരുത്തപ്പെട്ടുപോകാനുള്ള കഴിവുകളും പ്രതീക്ഷകളും ഒക്കെ ഉണ്ടാകുന്നു.
ആർത്തവവിരാമം പലപ്പോഴും പ്രായമായ മാതാപിതാക്കൾക്കുവേണ്ടി കരുതുക, ജോലിയിൽ ഏർപ്പെടുക, കുട്ടികൾ വളർന്ന് വീടു വിടുന്നതു കാണുക എന്നിങ്ങനെ സ്ത്രീജീവിതത്തിലെ മററു സമ്മർദപൂർണമായ സാഹചര്യങ്ങൾക്കും മധ്യായുസ്സിൽ വരുത്തേണ്ട മററു ക്രമീകരണങ്ങൾക്കുമിടയിലാണു സംഭവിക്കുന്നത്. ഈ സമ്മർദങ്ങൾ ഓർമ നഷ്ടം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, ശുണ്ഠി, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങൾക്ക് ഇടയാക്കിയേക്കാം. എന്നാൽ അവ ആർത്തവവിരാമം നിമിത്തമാണെന്നു തെററിദ്ധരിക്കപ്പെടുകയും ചെയ്തേക്കാം.
ജീവിതത്തിലെ ഒരു ഘട്ടം
ആർത്തവവിരാമം ഒരു സ്ത്രീയുടെ ഉത്പാദനക്ഷമമായ ജീവിതത്തിന്റെ അവസാനമല്ല. അവളുടെ പ്രത്യുത്പാദനക്ഷമമായ ജീവിതത്തിന്റെ മാത്രം അവസാനമാണ്. സാധാരണമായി അവസാനത്തെ ആർത്തവഘട്ടം കഴിയുമ്പോൾ ഒരു സ്ത്രീയുടെ ഭാവങ്ങൾ മാസംതോറുമുള്ള ഹോർമോൺ പരിവൃത്തികളനുസരിച്ചു മാറാതെ കൂടുതൽ സ്ഥിരമായി നിൽക്കുന്നു.
ആർത്തവവിരാമം ഒരു വ്യക്തമായ മാററമായതുകൊണ്ട് നാം അതിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നുവെങ്കിലും അത് ഒരു സ്ത്രീ തന്റെ ജീവിതത്തിലെ പുനരുത്പാദന കാലത്തോടു വിടപറയുമ്പോഴുള്ള പരിവർത്തന പ്രക്രിയയുടെ ഒരു പ്രകടനം മാത്രമാണ്. താരുണ്യം, ഗർഭധാരണം, പ്രസവം എന്നിവയും ഹോർമോൺപരവും ശാരീരികവും വൈകാരികവുമായ മാററങ്ങൾ നടക്കുന്ന പരിവർത്തന കാലങ്ങളാണ്. അപ്പോൾ ആർത്തവവിരാമം സ്ത്രീജീവിതത്തിലെ ഹോർമോൺ പ്രേരിത മാററങ്ങളുടെ അവസാന ഘട്ടമാണെങ്കിലും അവ നടക്കുന്ന ഒരേ ഒരു സമയമല്ല.
അങ്ങനെ, ആർത്തവവിരാമം ജീവിതത്തിലെ ഒരു ഘട്ടമാണ്. “ഒരുപക്ഷേ ആളുകൾ ആർത്തവവിരാമത്തെ ഒരു വിഷമഘട്ടമോ ‘സുപ്രധാന മാററമോ’ ആയിപ്പോലും വീക്ഷിക്കുന്നത് നിർത്തി കൂടുതൽ ഉചിതമായി അതിനെ ‘മറെറാരു മാററ’മായി കാണുമെന്ന്,” ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ വിമൻസ് അസ്സോസ്സിയേഷന്റെ മുൻ എഡിററർ ഇൻ ചീഫ് എഴുതി.
സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയുടെ അവസാനം “അതിന്റെ മുൻകൂട്ടി നിശ്ചയിച്ച തുടക്കംപോലെതന്നെ സ്വാഭാവികവും അനിവാര്യവുമാണ്. ആർത്തവവിരാമം പ്രാപിക്കുന്നതു യഥാർഥത്തിൽ ശാരീരികാരോഗ്യത്തിന്റെ ഒരു അടയാളം—[അവളുടെ] ശരീരത്തിന്റെ ആന്തരിക ഘടികാരം മൂളിനീങ്ങുന്നുണ്ടെന്നുള്ളതിന്റെ ഒരു അടയാളമാണ്” എന്നു വീണ്ടും ഉറപ്പുനൽകിക്കൊണ്ട് പ്രായമാകുന്ന സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
എന്നിരുന്നാലും, പരിവർത്തനം സാധ്യമാകുന്നിടത്തോളം അനായാസമാക്കിത്തീർക്കുന്നതിന് എന്തു ചെയ്യാനാവും? ജീവിതത്തിലെ ഈ പരിവർത്തനത്തിന്റെ സമയത്ത് ഇണയ്ക്കോ കുടുംബാംഗങ്ങൾക്കോ എങ്ങനെ പിന്തുണ കൊടുക്കാൻ കഴിയും? ഈ കാര്യങ്ങൾ അടുത്ത ലേഖനം പരിചിന്തിക്കും.
[6-ാം പേജിലെ ചിത്രം]
ആർത്തവവിരാമം പലപ്പോഴും പ്രായമുള്ള മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതുൾപ്പെടെ മററു സമ്മർദപൂർണമായ സാഹചര്യങ്ങൾക്കിടയിലാണു സംഭവിക്കുന്നത്