ആർ ബ്രിട്ടനിൽ സുവിശേഷം പ്രചരിപ്പിക്കും?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വാരംതോറും ഏതാണ്ട് 1,500 അംഗങ്ങൾ എന്ന നിരക്കിൽ ബ്രിട്ടനിലെ സഭകളുടെ ജീവരക്തം വററിക്കൊണ്ടിരിക്കുകയാണ്, ദ യൂകെ ക്രിസ്ററ്യൻ ഹാൻഡ്ബുക്ക് റിപ്പോർട്ടു ചെയ്യുന്നു. ചെറുപ്പക്കാർ സഭയെ ഉപേക്ഷിക്കുകയാണെന്ന് ദ ടൈംസ് പ്രഖ്യാപിക്കുന്നു, “കാരണം അതു വിരസവും ഏകാന്തവുമാണെന്ന് അവർ കണ്ടെത്തുന്നു.”
ഓരോ ആഴ്ചയിലും ഒന്ന് എന്ന കണക്കിൽ ആംഗ്ലിക്കൻ പള്ളികൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കെ, “തങ്ങളുടെ ജീവിതത്തിന് അർഥവും ഉദ്ദേശ്യവും തേടുന്ന ആയിരക്കണക്കിനാളുകളുണ്ട്” എന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചർച്ച് ടൈംസ് സമ്മതിക്കുന്നു.
ഈ പ്രതിസന്ധിയെ അഭിമുഖീകരിച്ചതിനാൽ 1990-ൽ ബ്രിട്ടനിലെ സഭകൾ ഒരു “സുവിശേഷഘോഷണ ദശക”ത്തിനു പിന്നിൽ കൈകോർത്തു. “ഖേദകരമാംവണ്ണം കുറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന സഭാംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും ലൗകികചിന്താഗതി സംബന്ധിച്ച മനോഭാവത്തിനു മാററം വരുത്താനുമുള്ള ഒരു ശ്രമത്തിൽ പരമ്പരാഗത, സ്ഥാപിത, സഭകൾ സുവിശേഷഘോഷണത്തെ തിരികെക്കൊണ്ടുവരുന്ന ഒരു ദശകമായിരിക്കാം” ’90-കൾ എന്ന് ദ സ്കോട്ട്സ്മാൻ പറയുകയുണ്ടായി.
വിലപ്പെട്ട ഒരു പ്രതീക്ഷ—എന്നാൽ അതു പൂവണിയുമോ? കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എന്താണു സംഭവിച്ചിരിക്കുന്നത്?
അസ്ഥിരമായ ഒരടിസ്ഥാനം
1989-ലെ തങ്ങളുടെ പൊതു വൈദിക സമിതിയിൽ “സുവിശേഷഘോഷണ ദശക”ത്തിനു വേണ്ടി ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതൻമാർ വലിയ ഉത്സാഹമൊന്നും ഉണർത്തിവിട്ടില്ല. ഉദാഹരണത്തിന്, സഭാ ഏകീകരണ ദൗത്യത്തിന്റെയും നവീകരണ കമ്മിററിയുടെയും ചെയർമാൻ ഇങ്ങനെ ഊന്നിപ്പറഞ്ഞു: “തയ്യാറെടുപ്പാണ് സർവപ്രധാനം,” എന്നാൽ ജാഗ്രതയോടെ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്തു: “ചില അവസ്ഥകളിൽ ഇതിന് ഒരു ദശകം മുഴുവനുംതന്നെ വേണ്ടിവന്നേക്കാം.”
ബിഷപ്പ് ഗാവിൻ റെയ്ഡ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അഞ്ചു വർഷത്തിനുശേഷം നാണക്കേടു വരുത്തുന്ന ഒരു ദൗത്യമായിരിക്കും ഇത്.”
പതറാത്ത ആംഗ്ലിക്കൻ സഭക്കാർ താമസിയാതെതന്നെ റോമൻ കത്തോലിക്കരുമായി ഒരു ഏകീകൃത നയം രൂപീകരിച്ചു. കത്തോലിക്കർ 1988-ൽ അവരുടേതായ “സുവിശേഷഘോഷണ ദശകം” ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. മറെറല്ലാ വിഭാഗങ്ങൾക്കും ചില ആശങ്കകൾ ഉണ്ടായിരുന്നു. “സുവിശേഷഘോഷണ ദശകം സംബന്ധിച്ച് എനിക്ക് അസ്വസ്ഥത തോന്നുന്നതായി ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. അതു ഗംഭീരമായ ഒരു ശീർഷകമാണ്, എന്നാൽ എന്താണതിന്റെ അർഥം?” എന്ന് ലണ്ടനിലെ സിററി റോഡിലുള്ള പ്രസിദ്ധമായ വെസ്ലീസ് ചാപ്പലിലെ പുരോഹിതനായ പോൾ ഹ്യൂം ചോദിക്കുകയുണ്ടായി. “നാം ഇപ്പോൾതന്നെ ചെയ്യുന്നില്ലാത്ത എന്തു ചെയ്യാനാണു നാം ഉദ്ദേശിക്കുന്നത്?”
ലാക്കുകൾ തീരുമാനിക്കൽ
സുവിശേഷിക്കുക എന്നാൽ ശ്രദ്ധിക്കുന്നവരെ ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്യാൻ വേണ്ടി സുവിശേഷം അഥവാ സുവാർത്ത പ്രസംഗിക്കുക എന്നാണ്—പല സഭാനേതാക്കൻമാരും സംഭവിച്ചുകാണാൻ ആഗ്രഹിക്കുന്നതിൽനിന്നു തികച്ചും വ്യത്യസ്തമാണിത്. “ആളുകളെ ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്യിക്കുക എന്നതു ഞങ്ങളുടെ ജോലിയല്ല, അതു ദൈവത്തിന്റെ ജോലിയാണ്,” ഏകീകൃത നവോത്ഥാന സഭയിലെ ഡോ. നൂബിജൻ പ്രഖ്യാപിക്കുകയുണ്ടായി. അസാധാരണമായ അത്തരം ഒരു പ്രസ്താവനയ്ക്ക് എന്താണു കാരണം? ക്രൈസ്തവേതര, വംശീയ, മതങ്ങളുമായി ബ്രിട്ടനിലെ ബഹുവർഗ സമൂഹത്തിന്റെ വർധിച്ചുവരുന്ന മുറുമുറുപ്പ്. പിൻവരുന്ന കാര്യം ശ്രദ്ധിക്കുക:
ആംഗ്ലിക്കൻ സഭാ നേതാവായ നീൽ റിച്ചാർഡ്സൺ പറഞ്ഞു: “സുവിശേഷഘോഷണ ദശകം മററു ദശകങ്ങളെപ്പോലെ പരാജയപ്പെട്ടേക്കാം, എന്നാൽ അത് ഇഴഞ്ഞുനീങ്ങുമ്പോൾതന്നെ സഭകൾ മാത്രമല്ല എല്ലാവരുംതന്നെ നേരിടുന്ന വലിയ പ്രശ്നത്തിൽനിന്ന്, നമ്മുടെ നഗരങ്ങളിലെല്ലാമുള്ള മതങ്ങൾ ഒരുപക്ഷേ സ്ഫോടനാത്മകമായി കൂട്ടിമുട്ടുന്നതിൽനിന്ന്, ശ്രദ്ധയകററുന്ന ഒരു ഘടകമാണ്.” പ്രശ്നത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ഇങ്ങനെ തുടർന്നു: “മതസമൂഹത്തിലെ വിഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ആരും മതംമാററം നടത്താൻ ശ്രമിക്കാത്തവണ്ണം ഉറച്ച വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കണം.”
‘സ്ഫോടനാത്മക’ സാധ്യതയുള്ള അവസ്ഥയെ ശരിക്കും മനസ്സിൽ പിടിച്ചുകൊണ്ട് “സുവിശേഷഘോഷണ ദശകം വിലക്ഷണമായ ഒരു ശീർഷക”മാണെന്നു കാൻറർബറിയിലെ ആർച്ചുബിഷപ്പായ ജോർജ് കെയ്റി പ്രഖ്യാപിച്ചു, കാരണം “ദൃഢചിത്തരായ സുവിശേഷകർ” ലക്ഷ്യംവെച്ചതു തങ്ങളെയായിരുന്നുവെന്നു മുസ്ലീം, യഹൂദ നേതാക്കൻമാർ കരുതി. “ചിലർ പറയുന്നതുപോലെ, സഭ ചെയ്യേണ്ട പ്രഥമ ജോലി സുവിശേഷഘോഷണമാണെന്നു പറയുന്നത് അബദ്ധമാണ്,” അദ്ദേഹം പിന്നീടു പറഞ്ഞു.
നേരേമറിച്ച്, മുസ്ലീങ്ങളെയും മററുള്ളവരെയും ക്രിസ്തീയ ആട്ടിൻത്തൊഴുത്തിലേക്കു കൂട്ടിവരുത്തിക്കൊണ്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ “ഇംഗ്ലണ്ടിലെ ചർച്ച് ഓഫ് ഗോഡ് ആക്കി മാററുക” എന്നതാണ് അടിസ്ഥാന ആവശ്യം എന്നു മൈക്കിൾ മാർഷൽ എന്ന ബിഷപ്പ് തറപ്പിച്ചുപറയുന്നു. “ഇസ്ലാംമതത്തെ ക്രിസ്തുവിലേക്കു നേടുക എന്ന ആഹ്വാനം അജണ്ടയിലെ ഒരു ഭാഗമാണ്,” എന്നദ്ദേഹം പ്രഖ്യാപിച്ചു. അത്തരമൊരു സമീപനത്തിൽ “അവശ്യം ഏററുമുട്ടലിന്റെ ഒരു പതിററാണ്ട് ഉൾപ്പെടും” എന്നദ്ദേഹം മുന്നറിയിപ്പു മുഴക്കുകയും ചെയ്തു.
യഹൂദരെ സംബന്ധിച്ചോ? “യഥാർഥ സുവിശേഷഘോഷണത്തിൽ യഹൂദരെയും ഉൾപ്പെടുത്തണം” എന്ന തലക്കെട്ട് ചർച്ച് ടൈംസിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ലിവർപൂളിലെ ബിഷപ്പായ ഡേവിഡ് ഷെപ്പാർഡ് ശക്തമായി വിയോജിച്ചു. “സുവിശേഷഘോഷണ ദശകത്തിന്റെ പ്രഥമ ലക്ഷ്യം വിശ്വാസത്തെ തള്ളിക്കളഞ്ഞവർ അല്ലെങ്കിൽ ദൈവത്തിൽ വിശ്വസിക്കുക എന്നാൽ എന്തെന്ന് ഒരിക്കലും അറിഞ്ഞിട്ടില്ലാത്തവർ ആയിരിക്കണം,” അദ്ദേഹം പറഞ്ഞു. അതു സാധ്യമാണോ? ദ ഗാർഡിയന്റെ “സുവിശേഷഘോഷണത്തിന്റെ ഫലം കുറയുന്നു” എന്ന ശീർഷകത്തിനു കീഴിൽ എഴുതവേ നീൽ റിച്ചാർഡ്സൺ ഇങ്ങനെ തറപ്പിച്ചുപറയുന്നു: “[ബ്രിട്ടനിലെ] ഏതൊരാൾക്കും ക്രിസ്ത്യാനിത്വത്തിന്റെ അവകാശവാദങ്ങളെ വിലയിരുത്തിനോക്കാൻ വേണ്ടത്ര അവസരം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. അതു തങ്ങൾക്കു പററിയതല്ല എന്നു ഭൂരിപക്ഷം പേരും തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു എന്നതു സ്പഷ്ടം.”
നാനാതരം വിശ്വാസങ്ങളും വംശീയസംസ്കാരങ്ങളുമുള്ള അത്തരമൊരു മതേതര സമൂഹത്തിൽ സുവിശേഷഘോഷണം നടത്താൻ ബ്രിട്ടനിലെ സഭകൾ സജ്ജമാണോ?
വെല്ലുവിളി
മുൻ ആർച്ചുബിഷപ്പായ ഡോ. റൂണിസ് ഇങ്ങനെ പ്രഖ്യാപിച്ചു: “സുവിശേഷഘോഷണത്തിലെ നമ്മുടെ ഉദ്യോഗസ്ഥൻമാർ ബിഷപ്പുമാരും പുരോഹിതൻമാരുമാണ്, നമ്മുടെ മിഷനറിമാർ അയ്മേനികളും.” സുവിശേഷഘോഷണത്തിൽ പരിചയസമ്പന്നനായ ഗിൽബർട്ട് ഡബ്ലിയു. കെർബി ഇങ്ങനെ പറഞ്ഞു: “ഓരോ ക്രിസ്ത്യാനിയും മറെറാരുവനോടു വിശ്വാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ വിശദീകരിച്ചുകൊടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്തായിരിക്കണം. മറെറാരുവനെ ക്രിസ്തുവിലേക്കു നയിക്കുന്നതെങ്ങനെയെന്ന് ഓരോ ക്രിസ്ത്യാനിയും പഠിപ്പിക്കപ്പെടണം. . . . പ്രബുദ്ധമായ ഒരു സഭാംഗത്വമായിരിക്കണം നമ്മുടെ ലക്ഷ്യം. . . . സുവിശേഷഘോഷണം നടത്തുന്നത് എങ്ങനെയെന്നു കാട്ടിക്കൊടുക്കാതെ ആളുകളോട് അതു ചെയ്യാൻ പറയുന്നതിൽ ഫലമില്ല.” മററു വാക്കുകളിൽ പറഞ്ഞാൽ, എങ്ങനെ സുവിശേഷഘോഷണം നടത്തണമെന്നു സഭാംഗങ്ങൾക്കു കാട്ടിക്കൊടുക്കുന്നതിൽ ബിഷപ്പുമാരും വൈദികരും നേതൃത്വമെടുക്കണം.
ബിബിസിയുടെ “പ്രീസ്ററ്ലാൻഡ് മെമ്മോറിയൽ ലക്ച്ചറി”ന്റെ ഉദ്ഘാടനപ്രസംഗത്തിൽ തുറന്നു സംസാരിക്കവേ റേഡിയോ പ്രക്ഷേപകനായ ബ്രയൻ റെഡ്ഹെഡ് ഇങ്ങനെ പറഞ്ഞു: “മതത്തോടു വിരക്തിയുള്ളവരുടെ ശ്രദ്ധ പിടിച്ചുപററാനുള്ള ശക്തി തങ്ങൾക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്ന വസ്തുതയെ തലകൾ ശിരോവേഷ്ടനത്തിൽ ഒളിപ്പിക്കുന്നവർ അഭിമുഖീകരിക്കണം . . . മതപ്രസംഗമെന്ന കലയിൽ അവർ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.” ഇത് എവിടെയാണു ചെയ്യേണ്ടത്?
പിൽക്കാലത്ത് ഇംഗ്ലണ്ടിന്റെ ബിഷപ്പായിത്തീർന്ന വില്യം വാൻഡിന് ഈ നൂററാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലണ്ടിലെ ലാങ്കസ്റററിൽ വെച്ചു തന്റെ ആദ്യകാല പരിശീലനം ലഭിച്ചു. ആ കാലത്ത് ഇടയസന്ദർശനങ്ങൾ സാധാരണമായിരുന്നു. “ഒരൊററ അപരാഹ്നത്തിൽ ഞാൻ മുട്ടിവിളിച്ച വീടുകളുടെ ഏററവും കൂടിയ എണ്ണം നാൽപ്പതായിരുന്നെന്നു ഞാൻ വിചാരിക്കുന്നു” എന്ന് അദ്ദേഹം പിന്നീടെഴുതി. “പള്ളിയിൽ ഒരിക്കലും വരാത്തതായി തോന്നിയ ന്യൂനപക്ഷം വരുന്ന ആളുകളുടെ ആവശ്യങ്ങൾ സംബന്ധിച്ച് ആ വികാരി ബോധവാനുമായിരുന്നു. ഒരു ‘വമ്പിച്ച നേട്ടം’ എന്ന് ഇപ്പോൾ വിളിക്കാൻ കഴിയുന്നത്, ഈ വിരക്ഷിക്കും നിസംഗതയ്ക്കുമെതിരെ നേടിയെടുക്കാൻ അദ്ദേഹം ആകാംക്ഷയുള്ളവനായിരുന്നു.”
ഇന്നു ബ്രിട്ടനിൽ അത്തരം വ്യക്തിപരമായ ഒരു സന്ദർശനം നടത്തുന്ന ഏതെങ്കിലും ഒരു പുരോഹിതൻ ഉണ്ടെങ്കിൽ അതു തീർച്ചയായും ഒരു അസാധാരണ സംഗതിയായിരിക്കും! യേശുവും അവന്റെ ശിഷ്യൻമാരും ചെയ്തതുപോലെ വീടുകളിൽച്ചെന്ന് ആളുകളോടു സുവിശേഷഘോഷണം നടത്തുന്നതിനു പകരമായി യാതൊന്നുമില്ലെന്നു ബ്രിട്ടനിലെ സഭകൾ ഇപ്പോൾ മനസ്സിലാക്കുകയാണ്, എന്നാൽ വൈകിപ്പോയിരിക്കുന്നു.
“യഥാർഥത്തിൽ അർപ്പിതനായ ഒരു മനുഷ്യനു മാത്രമേ മററുള്ളവരെ ദൈവത്തിലേക്കു നേടാൻ കഴിയുകയുള്ളൂ,” സുവിശേഷഘോഷണവും അയ്മേനി വർഗവും (ഇംഗ്ലീഷ്). “നമ്മുടെ തലമുറയിൽ സഭ അതിന്റെ ഉദ്ദേശ്യം നിവർത്തിക്കണമെങ്കിൽ ഏതെങ്കിലും വിധത്തിൽ ഓരോ ക്രിസ്ത്യാനിയും അനുസരിക്കേണ്ട കൽപ്പനയാണ് . . . ‘സുവിശേഷകന്റെ പ്രവൃത്തിചെയ്ക’ [2 തിമൊഥെയൊസ് 4:5] എന്നത്.”
“സുവാർത്ത”—അതിന്റെ ഉറവ്
മെഥഡിസ്ററ് സഭയുടെ ഡിവിഷൻ ഓഫ് മിനിസ്ട്രീസിന്റെ ജനറൽ സെക്രട്ടറിയായ ജോൺ ടെയ്ലർ “സുവാർത്ത പങ്കുവയ്ക്കാനുള്ള നമ്മുടെ കടമ”യെക്കുറിച്ച് ലണ്ടനിലെ ദ ടൈംസിന് എഴുതി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് സഭയുടെ സ്വന്തം അംഗങ്ങളെ പരിപോഷിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള പുതിയതും കൂടുതൽ ഫലപ്രദവുമായ മാർഗങ്ങൾ സഭ കണ്ടെത്തണം. സഭയിൽ പോലും ക്രിസ്തീയ തിരുവെഴുത്തുകൾ സംബന്ധിച്ചു വലിയ അജ്ഞതയുണ്ട്.” ഈ അജ്ഞത അതിന്റെ അംഗങ്ങളെ എന്തിലേക്കാണു നയിച്ചിരിക്കുന്നത്?
“ക്രിസ്തീയ ശിഷ്യത്വം പ്രത്യേക തരത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനം ആവശ്യപ്പെടുന്നുവെന്ന് . . . മുന്തിയ സുവിശേഷകരായ അനേകം ചെറുപ്പക്കാർ തീർത്തുപറയുന്നു,” മറെറാരു സുവിശേഷമോ?—ലൗകിക രാഷ്ട്രീയത്തിൽ ആംഗ്ലിക്കൻ സഭയുടെ വർധിച്ചുവരുന്ന ഉൾപ്പെടലിന്റെ രേഖയിൽ (ഇംഗ്ലീഷ്) റെയ്ച്ചൽ ററിങ്കൽ വിശദീകരിക്കുന്നു. രാഷ്ട്രീയ മാർഗത്തിലൂടെ സമാധാനവും നീതിയും “സാമൂഹിക നീതി”യും സ്ഥാപിക്കപ്പെടുമ്പോൾ ദൈവരാജ്യം ഭൂമിയിലേക്കു വ്യാപിപ്പിക്കപ്പെടുമെന്ന് ഈ “രാജ്യദൈവശാസ്ത്രം” പ്രസ്താവിക്കുന്നു, അങ്ങനെയാണ് അതിനു പേരിട്ടിരിക്കുന്നത്. അതു തീർച്ചയായും “വിമോചന ദൈവശാസ്ത്ര”മാണ് അല്ലെങ്കിൽ, ആധുനിക രൂപത്തിലുള്ള, പഴയ “ക്രിസ്തീയ സാമൂഹിക ചിന്താഗതി.”
അത്തരം ചിന്താഗതി, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. . . . എന്റെ രാജ്യം ഈ ഉറവിൽനിന്ന് ഉള്ളതല്ല” എന്ന യേശുവിന്റെ പ്രസ്താവനയോട് എങ്ങനെ പൊരുത്തപ്പെടും? (യോഹന്നാൻ 18:36, NW) അല്ലെങ്കിൽ യേശുവിനും മുമ്പ് ജീവിച്ചിരുന്ന ഒരു പ്രവാചകന്റെ, “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും” എന്ന വാക്കുകളോട് അതെങ്ങനെ പൊരുത്തപ്പെടും?—ദാനീയേൽ 2:44.
ഈ രാജ്യം സ്ഥാപിക്കപ്പെടുന്നതു ദൈവത്തിന്റെ കരങ്ങളാലാണ്—മമനുഷ്യന്റെ കരങ്ങളാലല്ല—എന്നതു ശ്രദ്ധിക്കുക. യുദ്ധത്തിൽനിന്നും അനീതിയിൽനിന്നും മരണത്തിൽനിന്നു തന്നെയുമുള്ള വിടുതൽ യഹോവയിൽനിന്ന് അവന്റെ നിയുക്ത രാജാവായ യേശുക്രിസ്തുവിലൂടെയാണു വരുന്നത്—അല്ലാതെ മനുഷ്യനിൽനിന്നല്ല. അതാണു വാസ്തവത്തിൽ പ്രഘോഷിക്കപ്പെടേണ്ട സുവാർത്ത!—വെളിപ്പാടു 21:3, 4.
ഇന്നു ബ്രിട്ടനിൽ തന്നെ 1,30,000-ത്തോളം വരുന്ന യഹോവയുടെ സാക്ഷികൾ ആ ബോധ്യമുള്ളവരാണ്. എല്ലാ ദേശീയ സംഘങ്ങളിൽനിന്നും മതവിശ്വാസങ്ങളിൽനിന്നും വന്നിരിക്കുന്ന അവർ ക്രിസ്ത്യാനികളെന്ന നിലയിൽ ഒററക്കെട്ടായി നിലകൊള്ളുന്നു. കേൾക്കാൻ മനസ്സുള്ള ആരുമായും സുവാർത്ത പങ്കുവയ്ക്കാൻ ആകാംക്ഷയുള്ള, നല്ല പരിശീലനം സിദ്ധിച്ച, സുവിശേഷകരാണവർ. ആ ഉദ്ദേശ്യപ്രാപ്തിക്കു വേണ്ടി ലഭ്യമായ ഏതു മാർഗവും അവർ ഉപയോഗപ്പെടുത്തുന്നു, അവരുടെ ഫലപ്രദമായ ശുശ്രൂഷയിൽനിന്നു പ്രയോജനമനുഭവിക്കുന്നവർ അനവധിയാണ്.
[23-ാം പേജിലെ ചതുരം]
ബ്രിട്ടനിലെ സുവിശേഷകർ
പിൻവരുന്ന ഉദ്ധരണി എടുത്തിട്ടുള്ളത് കാത്തലിക് ഹെറാൾഡ് എന്ന ബ്രിട്ടീഷ് റോമൻ കത്തോലിക്കാ പ്രതിവാര പത്രത്തിൽനിന്നാണ്, ഒക്ടോബർ 22, 1993, പേജ് 8.
“സുവിശേഷഘോഷണത്തിന്റെ ദശകത്തിന് എന്തു സംഭവിച്ചു? അല്ല, എന്തു സംഭവിച്ചു! രണ്ടു വർഷം മുമ്പ് കുറെ കാലത്തേക്ക് അതൊരു വിഷയമായിരുന്നല്ലോ, അതേക്കുറിച്ചുള്ള വിവരം പത്രത്തിൽ വരാത്ത ഒരാഴ്ച പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നോ? ഒരക്ഷരം പോലും കേൾക്കാനില്ലല്ലോ. . . .
“ചുററുമുള്ള ഗ്രാമങ്ങളിൽ സുവിശേഷിക്കാൻ ശിഷ്യൻമാരെ അയച്ചപ്പോൾ യേശു നൽകിയ ആ അടിയന്തിരത എവിടെ? അല്ലെങ്കിൽ ‘ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! (1 കൊ 9:16)’ എന്നു പറഞ്ഞപ്പോൾ വി പൗലോസ് നൽകിയ അടിയന്തിരതയോ?
“സുവിശേഷഘോഷണം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല, മറിച്ച് ക്രിസ്തുതന്നെ ‘പോയി, സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുവിൻ’ [മത്തായി 28:20] എന്നും പറഞ്ഞ് നൽകിയ ഒരു കൽപ്പനയാണെന്നു പല കത്തോലിക്കരും മനസ്സിലാക്കുന്നില്ലെന്ന പ്രശ്നവുമുണ്ട്. . . .
“സന്ദേഹവാദികളെ നേരിടാൻ തക്കവണ്ണം തങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിൽ വേണ്ടത്ര പരിചയമുള്ള എത്ര കത്തോലിക്കരുണ്ട്? . . . ദൈവപുത്രൻ ഭൂമിയിൽ വന്നിട്ടും അവൻ പറഞ്ഞതു പഠിക്കാൻ നമ്മൾ കുറച്ചുപേരേ മിനക്കെടുന്നുള്ളൂ എന്നത് എത്രയോ അസാധാരണമാണ്. . . .
“ഞാനിപ്പോൾ [യഹോവയുടെ] സാക്ഷികൾക്കു വേണ്ടി വാദിക്കുകയല്ല. . . . എന്നാൽ അതിന്റെ മറുവശം കൂടി അൽപ്പം ചിന്തിച്ചുനോക്കൂ. ദൈവത്തിന്റെ സമ്പൂർണ നിലവാരങ്ങളിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ അവരുടെ ധാർമിക നിലപാടു ചോദ്യം ചെയ്യപ്പെടാൻ കഴിയാത്തതാണ്. ഇപ്പോൾ പറഞ്ഞ കാര്യത്തെക്കുറിച്ച് ഇനിയും പറയുകയാണെങ്കിൽ, ഉപദേശങ്ങളെക്കുറിച്ചു പഠിക്കുന്നതിനും ക്രമമായ ബൈബിൾ പഠനത്തിനും പ്രായോഗികമായ ക്രിസ്തീയ അനുദിന ജീവിതത്തിനും വേണ്ടി മിക്കപ്പോഴും മററാരുടെയെങ്കിലും വീടുകളിൽവെച്ചു വാരത്തിൽ മൂന്നു സായാഹ്നങ്ങൾക്കു തുല്യമായ ഒന്ന് ഓരോ സാക്ഷിയും അർപ്പിച്ചു.
“അതു മാത്രമല്ല, തന്റെ ബോധ്യത്താലുള്ള പ്രവർത്തനഗതിയാൽ, താൻ അവശ്യം ഒരു മിഷനറിയാണെന്ന് ഓരോ സാക്ഷിയും പഠിപ്പിക്കപ്പെടുക കൂടി ചെയ്യുന്നു. തന്റെ സന്ദേശം അവതരിപ്പിക്കാനാവശ്യമായ അവശ്യരീതികളും അവൻ പഠിപ്പിക്കപ്പെടുന്നു. വീട്ടുവാതിലിൽ മുട്ടുന്നതും ഈരണ്ടു പേരായി പോകുന്നതും അവന്റെ ജീവിതത്തിന്റെ കേന്ദ്രഭാഗം തന്നെയാണ്. ദരിദ്രരെയും സഹായമാവശ്യമുള്ളവരെയും കരുതുന്നതിലും സാക്ഷികൾ തീക്ഷ്ണതയുള്ളവരാണ്.
“ചുരുക്കിപ്പറഞ്ഞാൽ, . . . പ്രവൃത്തികളുടെ പുസ്തകത്തിൽ വരച്ചുകാട്ടപ്പെട്ടിരിക്കുന്ന ആദിമ സഭയെ ഓർക്കാതിരിക്കുക പ്രയാസമാണ്. അന്തിമഫലത്താലാണല്ലോ വിജയം അളക്കപ്പെടുന്നത്. പൊട്ടിത്തെറിക്കുന്നതു പോലെയാണ് അവരുടെ വളർച്ച. സമ്പൂർണ പ്രഘോഷണത്തിനു ഫലം കിട്ടുകതന്നെ ചെയ്യും!”