യൂറോപ്പിൽ ഓർക്കിഡുകൾ തേടി
നെതർലൻഡ്സിലെ ഉണരുക! ലേഖകൻ
ഓർക്കിഡുകൾ എല്ലായിടത്തുമുള്ള ആളുകളെ ആകർഷിക്കുന്നു. ഈ ചെടികൾ അപൂർവമായ ചാരുതയുടെയും വർണഭംഗിയാർന്ന പകിട്ടിന്റെയും പര്യായമാണ്. കടന്നുചെല്ലാനാകാത്ത ഉഷ്ണമേഖലാ വനങ്ങളിൽ അവ കാണുന്നത് അവയെ ചുററിപ്പററിയുള്ള നിഗൂഢത വർധിപ്പിക്കുകയാണു ചെയ്യുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രമല്ല ഓർക്കിഡുകൾ കാണുന്നതെന്ന് അറിയാവുന്നവർ ചുരുങ്ങും, യൂറോപ്പ് പോലെ നമ്മുടെ ഗ്രഹത്തിലെ കൂടുതൽ മിതോഷ്ണമായ പ്രദേശങ്ങളിലും അവ കാണപ്പെടുന്നു.
ഓർക്കിഡ് ഇനങ്ങൾ പലതരം പ്രദേശങ്ങളിൽ കാണാൻ കഴിയും, ആർട്ടിക് ഐസ്ലാൻഡ് മുതൽ ഉപോഷ്ണമേഖലാ പ്രദേശമായ ഗ്രീസ് വരെ. യൂറോപ്പിൽ മൊത്തം ഏതാണ്ട് 350 ഇനം ഓർക്കിഡുകൾ അറിവായിട്ടുണ്ട്. അനേകം ഉഷ്ണമേഖലാ ഇനങ്ങളിൽനിന്നു വ്യത്യസ്തമായി യൂറോപ്പിലുള്ള ഇനങ്ങൾ മണ്ണിൽ വളരുന്നവയാണ്, അവയുടെ വേരുപടലം മണ്ണിലാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഓർക്കിഡുകൾ മുഖ്യമായും പരാദസസ്യങ്ങളാണ്, അവയുടെ വേരുപടലം വൃക്ഷങ്ങളിലാണ്. ഉഷ്ണമേഖലാ പ്രദേശത്തെ അനേകം ഓർക്കിഡ് ഇനങ്ങൾ വലിപ്പമുള്ള, നിറപ്പകിട്ടാർന്ന, പുഷ്പങ്ങൾ ഉത്പാദിപ്പിക്കുമ്പോൾ യൂറോപ്പിലെ ഓർക്കിഡ് പുഷ്പങ്ങൾ താരതമ്യേന വലിപ്പം കുറഞ്ഞവയാണ്.
യൂറോപ്പിൽ ഓർക്കിഡുകൾ തേടി പുറപ്പെടുന്നത് ഒരു നല്ല നേരമ്പോക്കാണ്, കാരണം അനേകം ഇനങ്ങളും വളരുന്നതു മനോജ്ഞമായ ചുററുപാടുകളിലാണ്. ഓർക്കിഡുകൾ മിക്കപ്പോഴും വ്യതിരിക്തമായ പാരിസ്ഥിതിക അവസ്ഥകളുടെ അസ്തിത്വത്തെ വിളിച്ചറിയിക്കുന്നു. പല ഇനങ്ങളും അവ വളരുന്ന പാരിസ്ഥിതിക ചുററുപാടു സംബന്ധിച്ചു വളരെ പ്രത്യേകതയുള്ളതാണ്. അവയ്ക്കിണങ്ങുന്ന ചുററുപാടുകളിലേ അവ കാണാറുള്ളുതാനും. ഉദാഹരണത്തിന്, ഡാക്ററിലോർഹിസ ഇൻകാർനാററ പോലുള്ള ചതുപ്പുനില ഓർക്കിഡുകൾ അടിമണ്ണിലെ വെള്ളത്തിൽ വേണ്ടത്ര ചുണ്ണാമ്പുള്ള സ്ഥലങ്ങളിൽ മാത്രമേ വളരുകയുള്ളൂ. ചില ഇനങ്ങൾ മററു ചിലതിനെക്കാൾ അപൂർവമായി മാത്രം കാണുന്നതിന്റെ കാരണമിതാണ്. വളരുന്നതിനു പ്രത്യേക ചുററുപാടുകൾ ആവശ്യമുള്ള ഒരു ഓർക്കിഡ് ഇനം അത്രത്തോളം പ്രത്യേകതകളില്ലാത്ത അവസ്ഥകളിൽ വളരുന്ന ഒന്നിനെക്കാൾ ചുരുങ്ങിയ സ്ഥലങ്ങളിലേ കാണുകയുള്ളൂ.
നാം യൂറോപ്പിനു കുറുകെ, നെതർലൻഡ്സിൽനിന്നു തെക്കൻ ഇററലിയിലേക്ക്, ഒരു സാങ്കൽപ്പിക യാത്ര നടത്തുകയാണെങ്കിൽ നാം സഞ്ചരിക്കുന്ന മിക്ക പ്രദേശങ്ങളിലും ഓർക്കിഡുകൾ കാണാം. നമുക്കു നെതർലൻഡ്സിൽ തുടങ്ങാം. പശ്ചിമ യൂറോപ്പിലെ താഴ്ന്നു കിടക്കുന്ന ഈ രാജ്യത്തു വിശാലമായ ചതുപ്പുനിലങ്ങളും മണൽക്കൂനകൾക്കിടയിലെ ഈർപ്പമുള്ള താഴ്ന്ന തലങ്ങളും പുൽപ്പുറങ്ങളും ഇപ്പോഴും കാണാം. മേയ്, ജൂൺ മാസങ്ങളിൽ ഈ സ്ഥലത്തെ ചില ഭാഗങ്ങൾ ഡാക്ററിലോർഹിസ എന്ന ഇനത്തിൽപ്പെട്ട ഓർക്കിഡ് മൂലം റോസ്, വയലററ് നിറങ്ങൾ അണിയുന്നു. ചേതോഹരമായ, പ്രൗഢിയേറിയ, ഒരിനമാണ് ഡാക്ററിലോർഹിസ പ്രേയിററർമിസ്സ. ഒരു മീററർ വരെ ഉയരത്തിൽ എത്താൻ കഴിയുന്ന ഈ ചെടിയിൽ 60 പൂക്കൾ വരെ കണ്ടേക്കാം. കാണപ്പുല്ല് വളരുന്ന വിശാലമായ സ്ഥലങ്ങളുടെയും ഹെതർച്ചെടി വളരുന്ന വയലുകളുടെയും ഭാഗങ്ങളിൽ ഓർക്കിഡുകൾ വളരാറുണ്ട്. മുഖ്യമായി ജലാംശമുള്ള, ഹെതർച്ചെടി വളരുന്ന, വയലുകളിൽ ഡാക്ററിലോർഹിസ മാക്ക്യുലാററ ധാരാളമായി കാണാവുന്നതാണ്. ഹമ്മാർബിയ പാലുഡോസായുടെ പച്ചനിറത്തിലുള്ള ചെറിയ പൂക്കൾ കണ്ടുപിടിക്കുന്നതിനു കാണപ്പുല്ല് വളരുന്ന പാഴ്നിലങ്ങളിൽ നാം സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ട്. കടന്നുചെല്ലാൻ തികച്ചും ദുഷ്കരമായ പ്രദേശങ്ങളിലാണ് ഈ ചെറിയ ഓർക്കിഡ് വളരുന്നത്.
കുറേക്കൂടെ യാത്ര ചെയ്യുമ്പോൾ ജർമനിയിലെ മധ്യപർവതനിരകളിൽ നാം എത്തിച്ചേരുന്നു. പലതരത്തിലുള്ള ഇലകൊഴിയുംവൃക്ഷങ്ങളുടെ നടുവിൽ ഇവിടെ, എപ്പിപാക്ററിസ് ഇനത്തിൽപ്പെട്ട അനേകം ഓർക്കിഡുകൾ കാണാം. ഇവയിൽ ചിലത് ഉൾവനങ്ങളിൽ തണൽ വളരെയുള്ളിടങ്ങളിൽ വളരുമ്പോൾ എപ്പിപാക്ററിസ് മ്യൂളെറി പോലുള്ള മററു ചില ഇനങ്ങൾ വനത്തിന്റെ അരികിലായാണു കൂടുതലും വളരുന്നത്. വേനൽക്കാലത്തിന്റെയും ശരത്കാലത്തിന്റെയും അവസാനം എപ്പിപാക്ററിസ് ഇനം പുഷ്പിക്കുന്നതോടെ യൂറോപ്പിലെ ഓർക്കിഡ് സീസൺ അവസാനിക്കും. ചുണ്ണാമ്പുകല്ലുകൾ സമ്പന്നമായുള്ള കുന്നിൻചെരിവുകളിൽ പ്രത്യേക തരത്തിലുള്ള വരണ്ട പുൽപ്പുറം, ചുണ്ണാമ്പുകൽ പുൽപ്പുറം, സ്ഥിതിചെയ്യുന്നു. അവിടെ ഓർക്കിഡുകൾ ധാരാളമായുണ്ട്. മേയ്, ജൂൺ മാസങ്ങളിൽ നമുക്ക് ഇവിടെ ഡസ്സൻ കണക്കിന് ഇനങ്ങൾ കാണാം, അവയിൽ ഉജ്ജ്വലമായവ ഓർക്കിസ് മിലിറററീസ്, ഓർക്കിസ് അസ്ററുലാററ എന്നിവയാണ്.
ജർമനിയുടെ തെക്കൻ ഭാഗത്തുള്ള ആൽപ്സ് പർവതനിരകളിൽ നാം എത്തിച്ചേരുന്നു. ആൽപ്സ് പർവതപ്രദേശത്തെ പുൽത്തകിടികൾ പൂക്കളുടെ സമൃദ്ധിക്കു പേരുകേട്ടവയാണ്. പലപ്പോഴും ഈ ചുററുപാടിനു നിദാനം ഓർക്കിഡുകളാണ്. ഇററലിയിലെ ഡോളമൈററ്സിലേതുപോലുള്ള ചില ആൽപ്സ് പുൽത്തകിടികളെ ഓർക്കിഡുകൾ ജൂലൈ മാസത്തിൽ പർപ്പിൾ വർണത്തിൽ പട്ടുടയാട അണിയിക്കുന്നു. വൈവിധ്യമാർന്ന ഇനം നിറങ്ങളിൽ നൈഗ്രിറെറല്ല നൈഗ്ര ഇവിടെ ധാരാളമുണ്ട്. നൈഗ്രിറെറല്ല തീവ്രതയുള്ള വനില ഗന്ധം പുറപ്പെടുവിക്കുന്നു, വനില ലഭിക്കുന്നത് ഉഷ്ണമേഖലാ പ്രദേശത്തെ ഒരു ഓർക്കിഡിന്റെ ഫലത്തിൽനിന്നാണെന്ന് അത് നമ്മേ അനുസ്മരിപ്പിച്ചേക്കാം.
മൂവായിരത്തിലധികം മീററർ ഉയരത്തിൽപ്പോലും ഓർക്കിഡുകൾ കാണാം. സാധ്യതയനുസരിച്ച് ചാമോർക്കിസ് ആൽപൈന എന്ന ലോകത്തിലെ ഏററവും ചെറിയ ഓർക്കിഡ് അത്രയും ഉയരത്തിൽ കണ്ടെത്തുക സാധ്യമാണ്. ഈ ഇനം പൂക്കളുടെ കുറുകെയുള്ള നീളം അഞ്ചു മില്ലിമീറററിലും കുറവാണ്. ഈ പുഷ്പങ്ങളുടെ നിറം പച്ചയായതുകൊണ്ട് ഇവ അധികം ശ്രദ്ധ പിടിച്ചുപററാറില്ല. എന്നിരുന്നാലും, ഈ ഇനത്തിന് ആൽപ്സ് പർവതപ്രദേശത്തെ പരിസ്ഥിതിയിൽ അതിന്റേതായ പ്രത്യേക സ്ഥാനമുണ്ട്.
ആൽപ്സ് പർവതനിരയ്ക്കും അപ്പുറത്തേക്കു സഞ്ചരിച്ചുകഴിയുമ്പോൾ നാം യൂറോപ്പിലെ മെഡിറററേനിയൻ പ്രദേശത്തെത്തുന്നു. യൂറോപ്പിൽ മറെറവിടെ ഉള്ളതിനെക്കാളും ഓർക്കിഡ് ഇനങ്ങൾ നമുക്കിവിടെ കാണാം, അവയുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ഇവിടെ വളരുന്ന, ചൂട് ഇഷ്ടപ്പെടുന്ന, ഇനങ്ങൾ വസന്തകാലാരംഭത്തിൽ മാത്രമേ പൂക്കുകയുള്ളൂ. വരണ്ട വേനൽക്കാലത്ത് ഓർക്കിഡ് ഉൾപ്പെടെയുള്ള എല്ലാ സസ്യങ്ങളും വരണ്ടുണങ്ങുന്നു, ഫലത്തിൽ പുഷ്പിക്കുന്ന ഒരു ചെടിയും അപ്പോൾ കാണാൻ കഴിയില്ല. വീണ്ടും ഹരിതസസ്യങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നതു ശരത്കാലത്തിന്റെ ആരംഭത്തിലുള്ള മഴയ്ക്കു ശേഷം മാത്രമാണ്.
ഓർക്കിഡുകൾ ഈ വർഷപാതത്തോടു പ്രതികരിക്കുന്നു. ആ സമയത്ത് അനേകം ഓർക്കിഡ് ഇനങ്ങൾക്ക് ഇലകൾ തളിർത്തുതുടങ്ങുകയും ഇലകൾ തിങ്ങിവളരുന്ന ആകൃതി കൈവരിച്ച് അവ ശൈത്യകാലത്തെ അതിജീവിക്കുകയും ചെയ്യുന്നു. വസന്തകാലാരംഭം വരെ അവ അവയുടെ മനോജ്ഞമായ പുഷ്പങ്ങളെ പ്രദർശിപ്പിക്കാറില്ല. ഓഫ്രിസ് വർഗത്തിൽപ്പെട്ട ഇനങ്ങൾ മെഡിറററേനിയൻ പ്രദേശത്തു സാധാരണമാണ്. പരാഗണത്തിനു വേണ്ടി ഈ വർഗങ്ങളിൽ പലതിനും ആൺപ്രാണികളെ ആശ്രയിക്കേണ്ടിവരുന്നു, പ്രാണിയോടു സമാനതയുള്ള ഈ പുഷ്പം ഇണ ചേരാൻ സന്നദ്ധയായ ഒരു പങ്കാളിയാണെന്ന് ആൺപ്രാണികൾ തെററിദ്ധരിക്കുന്നു. ഈ ഇനങ്ങളിൽ പലതിനും പേരിട്ടിരിക്കുന്നത് അവയോടു സമാനതയുള്ള പ്രാണികളുടെ പേരുകളാണ്, അതുപോലുള്ളവയാണ് സ്പൈഡർ ഓർക്കിഡ്, ഫ്ളൈ ഓർക്കിഡ്, ബംബിൾബീ ഓർക്കിഡ് (ഓഫ്രിസ് സ്ഫെഗോഡിസ്, ഇൻസെക്ററിഫെറ, ബോംബിലിഫ്ളോറ) തുടങ്ങിയവ. ഈ കൃത്രിമ പ്രജനനത്തെത്തുടർന്നു പ്രാണി പരാഗരേണുക്കൾ അതേ ഇനത്തിൽപ്പെട്ട മറെറാരു പുഷ്പത്തിൽ അറിയാതെതന്നെ കൊണ്ടെത്തിക്കുന്നു. പരാഗണം നടക്കുന്നു, അങ്ങനെ വിത്തുത്പാദനം തുടങ്ങുന്നു. ഈ പരാഗണരീതി അമ്പരപ്പിക്കുംവിധം കൃത്യതയുള്ളതാണ്.
ചില ഓഫ്രിസ് ഇനങ്ങളുടെ കൂട്ടത്തിൽ വ്യതിരിക്തമായ വർഗങ്ങൾ അറിയപ്പെടുന്നുണ്ട്. ഓരോന്നും പരാഗണം നടത്തപ്പെടുന്നത് ഒരു പ്രത്യേക പ്രാണിവർഗത്താലാണ്. ഒരു വർഗത്തിൽപ്പെട്ട പരാഗണ-പ്രാണികൾ ഒരേപോലെ തോന്നുന്നതും എന്നാൽ മറെറാരു വർഗത്തിൽപ്പെട്ടതുമായ പുഷ്പങ്ങളിൽ ചെന്നിരിക്കുമ്പോൾ ആ പുഷ്പങ്ങളിൽ പരാഗണം നടത്താൻ അവ വിസമ്മതിക്കുന്നു. ചിലപ്പോൾ “അത്യാഹിതങ്ങൾ” സംഭവിക്കാറുണ്ട്, മറെറാരു വർഗം അബദ്ധവശാൽ പരാഗണം ചെയ്യപ്പെടുന്നു, പരിണതഫലം സങ്കരയിനങ്ങളാണ്. ചിലപ്പോൾ, ഈ സങ്കരയിനങ്ങൾ ഉത്പാദനക്ഷമതയുള്ള വിത്ത് ഉത്പാദിപ്പിക്കാൻ കഴിവുള്ളവയാണ്. അതു വളരെയധികം സന്തതികളെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്നു.
മെഡിറററേനിയൻ പ്രദേശത്തു സഹജമായുള്ള മറെറാരിനം ടംഗ് ഓർക്കിഡ് (സെറാപിയാസ്) ആണ്. ഈ ഇനം പരാഗണം ചെയ്യപ്പെടുന്നത്, അതിന്റെ പൂവിനുള്ളിലെ ട്യൂബ് പോലുള്ള ഒരറയിൽ രാത്രികാലം ചെലവഴിക്കുന്ന പ്രാണികളാലാണ്. പ്രാണി ഉണരുന്ന സമയമാകുമ്പോഴേക്കും പരാഗരേണുക്കൾ അതിന്റെ ദേഹത്തോടു പററിപ്പിടിച്ചിരിക്കും, അങ്ങനെ അടുത്ത രാത്രിയിൽ മറെറാരു പുഷ്പം പരാഗണം ചെയ്യപ്പെടും.
യൂറോപ്പിനു കുറുകെ ഞങ്ങൾ യാത്ര ചെയ്തപ്പോൾ, ഓർക്കിഡുകൾ നിറഞ്ഞ മനോജ്ഞമായ അനേകം പ്രകൃതിമേഖലകൾ കണ്ടു. എന്നാൽ, പലതും ഇപ്പോൾ പോയ്മറഞ്ഞിരിക്കുന്നു. വ്യവസായവത്കൃതമായ, ആളുകൾ തിങ്ങിപ്പാർക്കുന്ന, കാർഷിക പുരോഗതി കൈവരിച്ച, യൂറോപ്പിൽ ഫലത്തിൽ യാതൊരു പ്രദേശവും ഭീഷണി ഉയർത്തുന്ന അനേകം ഘടകങ്ങളിൽനിന്നു സുരക്ഷിതമല്ല. അമ്ലമഴ, വരൾച്ച, കൃഷിയിടങ്ങളിൽ പരമാവധി കൃഷിചെയ്യൽ, വിനോദസഞ്ചാരം, നഗരവത്കരണം, ഇവയെല്ലാം ഓർക്കിഡുകൾക്കു ഹാനി വരുത്തിവെക്കുന്നു. അനേകം ഓർക്കിഡ് ഇനങ്ങൾ വിരളമായിത്തീർന്നിരിക്കുകയാണ്. പല രാജ്യങ്ങളിലും ചിലതരം ഓർക്കിഡ് ഇനങ്ങളെ നിയമപരമായി സംരക്ഷിക്കുന്നുണ്ട്.
എന്നിരുന്നാലും, എന്തെങ്കിലും നിയമവിരുദ്ധമാണെന്നു വെറുതെ പ്രഖ്യാപിക്കുന്നതു മാത്രം വലിയ പ്രയോജനം ചെയ്യില്ല. മനുഷ്യൻ സൃഷ്ടിയോട് ആദരവോടെ പെരുമാറണം. സ്രഷ്ടാവിനോടും സൃഷ്ടിയോടും ആദരവില്ലാത്ത ഇപ്പോഴത്തെ ഈ അപൂർണ വ്യവസ്ഥിതിയിൽ പ്രകൃതി തഴച്ചുവളരും എന്നു നാം പ്രതീക്ഷിക്കുന്നില്ല. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി വരുന്നതുവരെ നീതിമാൻമാർക്കു പ്രകൃതിയുടെ ആനുരൂപ്യം ആസ്വദിക്കുക സാധ്യമായിരിക്കുകയില്ല. (യെശയ്യാവു 35:1) പുതിയ വ്യവസ്ഥിതി വരുമ്പോഴായിരിക്കും അനേകതരം ഓർക്കിഡുകൾ അവ ആയിരിക്കുന്ന അതേ വിധത്തിൽ വിലമതിക്കപ്പെടുന്നത്.
[8,9 പേജിലെ ചിത്രങ്ങൾ]
ഈ രണ്ടു പേജുകളിൽ കാണുന്ന ഓർക്കിഡുകൾ (1) ഇററലി, (2) നെതർലൻഡ്സ്, (3) ആൽപ്സ് പുൽത്തകിടികൾ, (4) ചുണ്ണാമ്പുകൽ പുൽപ്പുറങ്ങൾ, (5) ഹെതർച്ചെടി വളരുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവയാണ്. (6) ബട്ടർഫ്ളൈ ഓർക്കിഡ്