ഓസ്ട്രേലിയയിലെ വനപുഷ്പ പ്രദർശനം
ഓസ്ട്രേലിയയിലെ “ഉണരുക!” ലേഖകൻ
ഓരോ വർഷവും, ദക്ഷിണാർദ്ധ ഗോളത്തിലെ വസന്തകാലമായ ഓഗസ്ററു മുതൽ നവംബർവരെ ആയിരക്കണക്കിനു സന്ദർശകരും സസ്യശാസ്ത്രജ്ഞരും മററു ശാസ്ത്രജ്ഞരും പശ്ചിമാസ്ട്രേലിയാ സംസ്ഥാനത്തു തടിച്ചുകൂടുന്നു. ബസ്സുകളിൽ പര്യടനസംഘങ്ങൾ തെക്കുപടിഞ്ഞാറിന്റെയും വടക്കിന്റെയും കേന്ദ്രത്തിലേക്കു പോകുന്നു. കാഴ്ചക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക തീവണ്ടികൾ ഉൾപ്രദേശത്തേക്കു സാവധാനത്തിൽ സഞ്ചരിക്കുന്നു. ധാരാളം തദ്ദേശവാസികളും നാട്ടിൻപുറങ്ങളിലേക്കു നീങ്ങുന്നു. വിനോദസഞ്ചാരികളുടെ ഇത്ര വലിയ ഒഴുക്കിനിടയാക്കുന്നത് എന്താണ്? എന്തിന്, അത് ഓസ്ട്രേലിയയിൽ വനപുഷ്പങ്ങളുടെ കാലമാണ്—സത്യത്തിൽ ഒരു വനപുഷ്പ പ്രദർശനം!
ഇവിടെ പ്രാകൃതിക പശ്ചാത്തലത്തിൽ ലോകത്തിലെ ഏററവും സമ്പന്നമായ സ്വാഭാവിക പുഷ്പപ്രദർശനങ്ങളിലൊന്നു കാണാൻ കഴിയും. മൂന്നു മാസക്കാലം സംസ്ഥാനത്തിന്റെ വിപുലമായ ഭാഗങ്ങൾ നാടൻ വനപുഷ്പങ്ങളാൽ ജ്വലിക്കുകയാണ്. യഥാർഥത്തിൽ, “ലോകത്തിലെ ഏററവും വലിയ വനപുഷ്പപ്രദർശനങ്ങളിലൊന്ന്” എന്ന് എഴുതി മാദ്ധ്യമങ്ങളിൽ അതു പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ പ്രദർശനത്തിന്റെ പശ്ചാത്തലം മററ് ഏതു രാജ്യത്തേതിലുംനിന്നു വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
പുഷ്പങ്ങൾ, അനുപമവും വിവിധവും
ഒരു കാരണം, സമുദ്രങ്ങളും കടലുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തെ മററു ഭൂഖണ്ഡങ്ങളുമായുള്ള സമ്പർക്കത്തിൽനിന്ന് ഒററപ്പെടുത്തിയിരിക്കുന്നു എന്നതാണ്. ഈ വലിയ ദ്വീപഭൂഖണ്ഡത്തിനു ലോകത്തിലെ ഏററവും വൈവിധ്യമാർന്ന മനോഹരമായ പുഷ്പസഞ്ചയമുണ്ടെന്ന് അനേകം സസ്യശാസ്ത്രജ്ഞൻമാർക്കു ബോധ്യമുള്ളത് അതിന്റെ അനുപമമായ പശ്ചാത്തലം നിമിത്തമായിരിക്കാം. ഈ അനുപമമായ വൈവിധ്യം പശ്ചിമാസ്ട്രേലിയായിലേതിനെക്കാൾ മറെറാരിടത്തും ദൃശ്യമായിരിക്കുന്നില്ല, വസന്തത്തിൽ ഈ നാട് ഹരം പകരുന്ന പുഷ്പങ്ങളുടെ വർണരാജിയാൽ സജീവമാകുകയാണ്.
പശ്ചിമാസ്ട്രേലിയ ആണ് ഈ ഭൂഖണ്ഡത്തിലെ ഏററവും വലിയ സംസ്ഥാനം. അതിന് 25 ലക്ഷം ചതുരശ്ര കിലോമീററർ വിസ്തീർണമുണ്ട്—പശ്ചിമ യൂറോപ്പിനോളവും യു.എസ്.എ. ടെക്സാസിന്റെ മൂന്നിരട്ടിയും. തത്ഫലമായി, അതിനു വളരെ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളും കാലാവസ്ഥയുമുണ്ട്. നല്ല ശീതകാല മഴക്കു ശേഷം മാർദവവും നേർമയുമുള്ള സ്ററർട്ടിന്റെ മരുപ്പയർ തുടങ്ങി കടലാസ്പോലെ ലോലവും സർവവ്യാപിയുമായ വാടാമലരുകൾ വരെയുള്ള വൈവിധ്യമാർന്ന ഒരു പുഷ്പപ്രദർശനം പൊട്ടിവിരിയുകയായി.
മിക്ക വനപുഷ്പങ്ങളും ഓഗസ്ററിലും സെപ്ററംബറിലുമാണു വിടരുന്നത്. പക്ഷെ, ചില ഇനങ്ങൾക്കു വളർച്ചക്കു കൂടുതൽ ചൂടാവശ്യമാണ്, തന്നിമിത്തം അവ വിടരുമ്പോൾ ഒക്ടോബറോ നവംബറോ ആവും. ഈ സംസ്ഥാനത്തു വശ്യസുന്ദരമായ 8,000 ഇനങ്ങൾ കാണപ്പെടുന്നതായി അറിയുന്നു. വൻ വൃക്ഷങ്ങളിലൊന്നായ കാരി തുടങ്ങി ഏററവും ചെറിയ പരാദസസ്യമായ പിലോസ്റൈറൽസ് വരെയുള്ള സസ്യങ്ങൾ ഉണ്ട്. വിവിധങ്ങളായ ഈ പുഷ്പങ്ങളിൽ ലോകത്തിലെ ഏക പൂർണ ഭൂഗർഭ ഓർക്കിഡായ റിസാന്തല ഗാർഡനറി ഉൾപ്പെടുന്നു. ഇനി ഏററവും ശുദ്ധമായ നീലപ്പൂക്കളിൽ ചിലതുണ്ട്, ഒന്നിന്റെ പേർ ലെച്ചെനോൾട്യാ ബൈലോബാ എന്നാണ്, മറേറത് ഡാംപിയെറാ എന്നാണ്. കൊള്ളക്കാരനായ വില്യം ഡാംപ്യറിന്റെ പേരാണ് അതിനിട്ടിരിക്കുന്നത്. കംഗാരുവിന്റെ കരിനഖം പോലെ കറുത്ത പൂക്കളുള്ള ചെടികളുമുണ്ട്. ഓരോ ദിവസവും ഓരോ പുതിയ ഇനത്തെ വീതം കണ്ടെത്തുക സാധ്യമായേക്കും എന്ന് ആവേശത്താൽ ഒരു സസ്യശാസ്ത്രജ്ഞൻ പറഞ്ഞുപോകുമാറ് പുതിയ പുതിയ ഇനങ്ങൾ തുടർച്ചയായി കണ്ടുപിടിക്കപ്പെടുന്നുണ്ട്.
വ്യാപാരവും തഴയ്ക്കുന്നു
ഈ വാർഷികപ്രദർശനത്തെ ചുററിപ്പററി ഒരു വനപുഷ്പ വ്യവസായം വളർന്നു പൂവിട്ടിരിക്കുന്നു. ഓരോ വർഷവും കുറഞ്ഞതു 14 വനപുഷ്പ ഉത്സവങ്ങൾ നടത്തപ്പെടുന്നു. വിനോദസഞ്ചാരികളെ പദയാത്രികരായി കൊണ്ടുപോകുന്നു. കാലിവളർത്തുകാർ തങ്ങളുടെ ഉൾനാടൻ പുരയിടങ്ങൾ സന്ദർശകർക്കു തുറന്നുകൊടുക്കുന്നു. ആഭരണനിർമാതാക്കൾ വനപുഷ്പ ഡിസൈനുകൾ ഉണ്ടാക്കുന്നു. താമസിയാതെ പ്രസിദ്ധപ്പെടുത്താനുള്ള പുസ്തകങ്ങൾക്കുവേണ്ടി പുഷ്പചിത്രങ്ങൾ തയ്യാറാക്കുന്ന കലാകാരൻമാർ സസ്യശാസ്ത്രപരമായ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു. ഈ വ്യവസായത്തിന്, പറിച്ചെടുത്ത പുഷ്പങ്ങൾ അന്താരാഷ്ട്ര വിപണികളിൽ വിൽക്കാനുള്ള പദ്ധതികളുമുണ്ട്. എന്നാൽ അവ പുതുമ നഷ്ടപ്പെടാതെ എങ്ങനെ സൂക്ഷിക്കാൻ കഴിയും?
വനപുഷ്പങ്ങളുടെ മൂല ഗുണവും സുഗന്ധവും നിലനിർത്താൻ ഒരു പ്രത്യേക സങ്കേതം വികസിപ്പിച്ചിട്ടുണ്ട്. അതിൽ പുഷ്പങ്ങളുടെ വിരിയലിനെയും ദ്രവിക്കലിനെയും സാവധാനത്തിലാക്കുന്ന ഒരു രഹസ്യ ലായനിയാണ് ഉപയോഗിക്കുന്നത്. ഇതു പുഷ്പങ്ങൾ വിടരുന്നതിനു തൊട്ടുമുമ്പ് അവ പറിച്ചെടുക്കാനും പിന്നീടു വിദേശത്തേക്കു കപ്പലിലയക്കാനും തൊഴിലാളികളെ അനുവദിക്കുന്നു. അവിടെ മുറിച്ചെടുത്ത മൊട്ടുകൾ വെള്ളത്തിൽ മുക്കി വിളവെടുപ്പിനു മുമ്പുപയോഗിച്ച ലായനി നിർവീര്യമാക്കുകയും അങ്ങനെ വിരിയൽ ത്വരിതപ്പെടുത്തുന്നതിനു പുഷ്പങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
വ്യാപാരത്തിനു പൂക്കാലമാണെന്നുള്ളതു സത്യമാണെങ്കിലും വനപുഷ്പകാലത്ത് എല്ലാവരും സന്തുഷ്ടരല്ല. ദൃഷ്ടാന്തത്തിന്, വൈക്കോൽ-പനിയുള്ളവർ തുമ്മലും ചീററലുമായി അസുഖത്തോടെ വേനലിലേക്കു കടക്കുമ്പോൾ കലങ്ങിയ കണ്ണകളോടെയായിരിക്കാം ഈ മാസങ്ങളെ കാണുന്നത്. പൂമ്പൊടി ചിലപ്പോഴൊക്കെ അസാധാരണ പ്രതിഭാസങ്ങളും ഉളവാക്കാറുണ്ട്. 1992-ൽ സംഭവിച്ചത് എന്തെന്നു പരിചിന്തിക്കുക. കനത്ത മഴക്കും ലഘുവായ കാലാവസ്ഥക്കും ശേഷം ചില പട്ടണങ്ങളിലെ നിവാസികളെ, തെളിഞ്ഞ മഞ്ഞനിറത്തിൽ പെയ്ത മറെറാരു മഴ വന്നു മുക്കിക്കുളിപ്പിച്ചപ്പോൾ അവർ അമ്പരന്നുപോയി. അതു കാറുകളെ മൂടുകയും വഴിയോരങ്ങളിൽ പരവതാനി വിരിക്കുകയും ഓടകൾക്ക് അരികൊരുക്കുകയും ചെയ്തു. ഈ മഞ്ഞമഴ വനപുഷ്പങ്ങളുടെ പൂമ്പൊടിയാണെന്നു പരിസ്ഥിതി പ്രാമാണികർ തിരിച്ചറിഞ്ഞു. പ്രത്യക്ഷത്തിൽ പൂമ്പൊടിമഴ മദ്ധ്യ പശ്ചിമപ്രദേശത്തു വനപുഷ്പങ്ങൾ വിരിഞ്ഞപ്പോൾ കാററടിച്ചുവന്നതാണെന്നു സ്പഷ്ടമായിരുന്നു. പക്ഷേ, ഈ പ്രയാസങ്ങൾ ഉണ്ടായിരുന്നാലും, ഈ വാർഷിക പ്രദർശനത്തിന്റെ മനോഹാരിതയും പ്രയോജനങ്ങളും അസൗകര്യങ്ങളെ കവിയുന്നുവെന്നുള്ളതിനോടു മിക്കവരും യോജിക്കും.
വനപുഷ്പവഴികളിലൂടെ ചരിക്കുക
വനപുഷ്പങ്ങളെ കണ്ടെത്താനുള്ള ഒരു പര്യടനത്തിന് ഇപ്പോൾ ഞങ്ങളോടൊപ്പം വരുക. ആദ്യത്തെ വനപുഷ്പവഴി സംസ്ഥാനതലസ്ഥാനമായ പെർത്തിനു തെക്കു സെർപൻറയ്ൻ നാഷനൽ പാർക്കിലേക്കു കൊണ്ടുപോകുന്നു. പാർക്ക് സ്ഥിതിചെയ്യുന്നതു കിഴുക്കാംതൂക്കായ ഒരു പീഠഭൂമിയിൽ അത്യന്തം പരുക്കനായ പ്രദേശത്താണ്. കുത്തനെയുള്ള ഗർത്തങ്ങളിലൂടെയും തനി കരിങ്കൽതിട്ടകളിലൂടെയും ഒഴുകുന്ന അതിലെ നദി ഒടുവിൽ 15 മീറററുള്ള ഒരു വെള്ളച്ചാട്ടത്തിലൂടെ താഴോട്ടു പതിക്കുന്നു. ജാറാവൃക്ഷങ്ങളുടെയും വാണ്ടൂ വൃക്ഷങ്ങളുടെയും ഇടയിൽ കംഗാരുകളും വാലബികളും മേയുന്നു, അതേസമയം ചൂളമടിക്കുന്ന സുവർണപ്പക്ഷികളും മനോജ്ഞമായ റെൻ കുരുവികളും പാട്ടുകാരൻപക്ഷിവർഗ്ഗത്തിൽപ്പെട്ട തോൺബില്ലുകളും കുററിക്കാടുകളിൽ സ്ക്വയർഡാൻസ് നടത്തുന്നു. പാറക്കുളങ്ങൾ സൺഡ്യൂ സസ്യങ്ങൾക്കും അഴകാർന്ന നീല ഓർക്കിഡുകൾക്കും ആതിഥ്യമരുളുന്നു. അടുത്തുതന്നെ, കടുപ്പമുള്ള വിവർണ-നീലലോഹിത ഹണീമേർട്ടിലിന്റെയും പാല്പാടനിറമുള്ള ചെറിയ ട്രൈമാലിയ സമൂഹത്തിന്റെയും ചെഞ്ചായ കാലിട്രിക്സിന്റെയും നീലവർണമായ ആൻഡർസോണിയായുടെയും ഞെട്ടിക്കുന്ന സംയോഗം സഹിതമുള്ള കണ്ടങ്ങളുടെയും ഒരു മെത്ത കിടക്കുന്നു.
നാം ഇപ്പോൾ കുറേക്കൂടെ തെക്കോട്ട് ഒരുപക്ഷേ ഏററവും ഫലദായകവും പ്രിയങ്കരവുമായ വനപുഷ്പസ്ഥാനത്തേക്കു നീങ്ങുന്നു—സ്റെറർലിംഗ് റേഞ്ച് നാഷനൽ പാർക്കിലേക്ക്. 1150 ചതുരശ്ര കിലോമീററർ വരുന്ന ഈ മേഖല ഏററവും ഉയരമുള്ള കൊടുമുടിയായ ബഫ്ള് നോളിലേക്കു കുത്തനെ ഉയരുന്നു. അതു സമുദ്ര നിരപ്പിൽനിന്ന് 1,077 മീററർ ഉയരത്തിലെത്തുന്നു. ഇവിടത്തെ കാലാവസ്ഥ ചുററുപാടുമുള്ള ഡിസ്ട്രിക്ടിൽനിന്നു വ്യത്യസ്തമാണ്. തത്ഫലമായി 1,500-ൽപരം ഇനം പൂച്ചെടികൾ ഇവിടെ സ്വാഭാവികമായി വളരുന്നു. ഇവയിൽ 60 ഇനം ഈ പ്രദേശത്തു മാത്രമുള്ളതാണ്. അടുത്തതായി, ടൂൾബ്രൂണപ് കൊടുമുടിയിലേക്കു കയറുമ്പോൾ അവിടെ നമുക്കായി മഹനീയമായ കാഴ്ചകളും വിവിധ സസ്യജാലങ്ങളും ഒരുക്കിയിരിക്കുന്നു. ഏററവും മനോഹരമായവയിൽ പെട്ടതാണു ഡാർവിനിയാസ് അല്ലെങ്കിൽ കോളാമ്പിപ്പൂക്കൾ. ഈ ഉദ്യാനത്തിൽ പത്ത് ഇനങ്ങൾ ഇക്കാലംവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ ഒന്നുമാത്രമേ സ്റെറർലിംഗ് മേഖലക്കു പുറത്തു വളരുന്നതായി അറിയപ്പെടുന്നുള്ളു. സെപ്ററംബറിലും ഒക്ടോബറിലും ഇടതൂർന്ന വനപ്രദേശങ്ങളിൽ നേർത്ത കറപ്പുനിറമുള്ള മനോഹരമായ കോളാമ്പിപ്പൂക്കൾ കാണുക എളുപ്പമാണ്. അതേസമയം കുറേക്കൂടെ ഉയർന്ന ചരിവുകളിൽ ഇളഞ്ചുവപ്പായ പർവത കോളാമ്പിപ്പൂ വളരുന്നു. നാം അപൂർവമായ ഒരു പച്ച എട്ടുകാലി ഓർക്കിഡും കാണുന്നു, പശ്ചിമ ഓസ്ട്രേലിയയിൽ 23 ഇനങ്ങൾ ഉള്ളതായി കുറിക്കൊള്ളുകയും ചെയ്യുന്നു.
നമ്മൾ അടുത്തായതിനാൽ, റേറാണ്ടിറപ്പ് നാഷനൽ പാർക്കിലേക്കു ഹ്രസ്വമായ യാത്ര നടത്തുന്നു. കുററിച്ചെടികൾ മാത്രമുള്ള തുറസ്സായ പ്രദേശം മഹനീയമായ ഒരു പ്രദർശനം കാഴ്ച വെക്കുന്നു. നാം അസാധാരണമായി ഇരുണ്ട തവിട്ടുനിറമുള്ള പുഷ്പങ്ങളോടുകൂടിയ ബാങ്ക്സിയാ പ്രീമോഴ്സാ കാണുന്നു—നോക്കൂ! ഒരു എലിയുടെ വലിപ്പമുള്ള തേൻസഞ്ചിമൃഗം ചില പുഷ്പങ്ങൾ തിന്നുന്നു. ഇവിടെ രൂക്ഷമായ ഗന്ധം പുറപ്പെടുവിച്ച് പെൺകടന്നലായി കൃത്രിമഭാവം നടിക്കുന്ന ഹാമർ ഓർക്കിഡ് പുഷ്പങ്ങളും ഉണ്ട്. അവ ആൺ തൈനിഡ് കടന്നലിനെ ആകർഷിക്കുന്നു. ഒരു ഇണയെ തേടുന്ന ഈ ആൺകടന്നൽ അതിന്റെ ഇണ ചമയുന്ന നിരവധി പുഷ്പങ്ങളിൽ പൂമ്പൊടി എത്തിക്കുന്നു. പാവം കടന്നലിന്റെ പൂവണിയാത്ത സ്നേഹം പരാഗണത്തെ സഹായിക്കുന്നു.
നമുക്കിപ്പോൾ വടക്കോട്ടു നീങ്ങാം
പെർത്തിനു തെക്കുള്ള ചില മുഖ്യ വനപുഷ്പ പ്രദേശങ്ങളിൽ ചിലതു കണ്ടുകഴിഞ്ഞ സ്ഥിതിക്ക് നാം ഇപ്പോൾ വടക്കോട്ടു വാടാമലരുകളുടെ വഴിയേ പോകുകയാണ്. ഈ പഥം നമ്മെ പല നാഷനൽ പാർക്കുകളിലേക്കു കൊണ്ടുപോകും. തീർച്ചയായും, ദൃഢതയുള്ള വാടാമലരുകൾ അതേ പേരിലുള്ള പര്യടനത്തിനുവേണ്ടി ആയിരക്കണക്കിനു പൊട്ടിവിടരുകയാണ്, മന്ദമാരുതന്റെ തലോടലേററ് അവ സമ്മതഭാവത്തിൽ തലയാട്ടുന്നു. ഒരു ഉൾനാടൻ ശവക്കോട്ടയിൽ നാം നിൽക്കുന്നു. അവിടെ പച്ചയും ചുവന്നതുമായ കംഗാരുനഖങ്ങൾ എന്ന പേർവിളിക്കുന്ന പൂവുകൾ പഴയ ശവകുടീരശിലകളെ അലങ്കരിക്കുന്നു. അടുത്തതായി, വനപ്രദേശങ്ങളിൽ മൃദുലമായ വിറകുമരമായ ബാങ്ക്സ്യയുടെ പുഷ്പങ്ങളും ക്രിസ്മസ് മോറിസണും—ശോഭയുള്ള സുവർണ മുകുളങ്ങളോടുകൂടിയ ഒരു കുററിച്ചെടിപ്പൂ—ധാരാളമുണ്ട്. കൗസ്ലിപ്പ് ഓർക്കിഡുകൾ വിടരുന്നതു നിങ്ങൾ കണ്ടിട്ടുണ്ടോ? മനോജ്ഞം! കുററിക്കാടുകളിലൂടെ നാം നടന്നുനീങ്ങുന്നു, നീല പുകച്ചെടി നമ്മെ സന്തോഷഭരിതരാക്കുന്നു.
ഈ വഴിയിൽ, പുഷ്പിക്കുന്ന 800 ഇനങ്ങൾ സമീപത്തുണ്ട്. അത്യന്തം വിസ്മയിപ്പിക്കുന്ന പല ഇനങ്ങളും വഴിയരികിൽതന്നെയുണ്ട്, ഞങ്ങളുടെ ഫോർവീൽ ഡ്രൈവ് വാഹനത്തിൽനിന്നു കാണാവുന്ന വിധത്തിൽത്തന്നെ. വഴിയരികിലെ ചില പ്രദർശനങ്ങൾ മനുഷ്യരുടെ ഇടപെടൽ ഇല്ലായിരുന്നുവെന്നു വിശ്വസിക്കുക പ്രയാസമായിരിക്കത്തക്കവണ്ണം അത്ര വർണ്ണഭംഗിയോടെ സമന്വയിക്കപ്പെട്ടിരിക്കുന്നുവെന്നു സന്ദർശകർ മിക്കപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതെ, മഞ്ഞപ്പൂക്കളോടുകൂടെ തിളങ്ങുന്ന ഇളംനീല പുഷ്പസഞ്ചയങ്ങൾ നന്നായി ആസൂത്രണം ചെയ്തപോലെ കാണപ്പെടുന്നു, ഇന്നു വിശേഷിച്ചു പ്രിയമേറിയ നീല നിറഭേദങ്ങൾക്കു കുറവില്ല.
ഇനിയിപ്പോൾ വീട്ടിലേക്കു തിരിക്കാൻ സമയമായി. ക്യാമറായിൽ ഞങ്ങൾ പകർത്തിയ സ്മരണകളിൽ ഞങ്ങൾ സന്തുഷ്ടരാണ്. അതുകൊണ്ട് ഒരു സ്മരണികയായി ഒന്നോ രണ്ടോ പൂ ഇറുക്കാനുള്ള പ്രലോഭനത്തെ ഞങ്ങൾ ചെറുക്കുകയാണ്. വനപുഷ്പങ്ങൾ, വഴിയരികിൽ വളരുന്നവ പോലും, പൊതുജനങ്ങൾ പറിക്കുന്നതു നിയമത്താൽ വിലക്കിയിരിക്കുകയാണെന്നു ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട് അടുത്ത വസന്തമഴയിൽ കുളിച്ച് അടുത്ത പ്രശംസകന് ആസ്വാദനം പകരാനായി മേലോട്ടുനോക്കിനിൽക്കുന്ന അവയുടെ മുഖങ്ങളെ വിട്ടിട്ടു ഞങ്ങൾ പോകുകയാണ്. അതെ, ഭൂമിയിലെ ഏററവും വലിയ പുഷ്പപ്രദർശനങ്ങളിലൊന്നാണു നാം ആസ്വദിച്ചിരിക്കുന്നത്. കരിയുന്ന വേനലായി ദൃശ്യം മാറുമ്പോൾ ഞങ്ങൾ അടുത്ത വർഷം പുഷ്പങ്ങളുടെ ഇതേ പ്രകടനത്തിനായി ഉല്ലാസത്തോടെ നോക്കിപ്പാർത്തിരിക്കുകയാണ്, തീർച്ചയായും വരാനുള്ള അനേകം വർഷങ്ങളിലേക്കും.
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
All photos: By Courtesy of West Australian Tourist Commission