പുരോഹിതൻ സാക്ഷികളുടെ സദ്ഗുണങ്ങൾ അംഗീകരിക്കുന്നു
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറെറാന്നിൽ ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള യഹോവയുടെ സാക്ഷികളുടെ കൊണ്ടോബലൻ രാജ്യഹാൾ അഗ്നിക്കിരയായി. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ആ പ്രദേശത്തെ ഒരു ആംഗ്ലിക്കൻ പുരോഹിതൻ തന്റെ ഇടവക കത്തിലൂടെ “ഈ ആരാധനാസ്ഥലം നഷ്ടപ്പെട്ടതിൽ” അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കത്ത് ഇപ്രകാരം തുടർന്നു:
“നമ്മുടെയും അവരുടെയും ആചാരങ്ങൾ തമ്മിൽ സ്പഷ്ടമായ വ്യത്യാസങ്ങളുണ്ടെങ്കിലും അവരുടെ വിശ്വാസത്തിന്റെ നല്ലതെന്ന് എനിക്കു തോന്നുന്ന ആചാര വശങ്ങൾ സംബന്ധിച്ച് അനേക വർഷങ്ങളായി എനിക്കു പൂർണ മതിപ്പു തോന്നിയിട്ടുണ്ട്.” ഈ ക്രിയാത്മക വശങ്ങളിൽ ചിലത് ഏവയാണ്?
ഒന്ന്: “വിശ്വാസത്തിന്റെ പഠിപ്പിക്കൽ സംബന്ധിച്ച് അവർ വളരെ ചിന്തയുള്ളവരാണ്. ഈ ഉദ്ദേശ്യത്തിനായി അവർ ഓരോ വാരത്തിലും രണ്ടോ മൂന്നോ പ്രാവശ്യം കൂടിവരുന്നു.” ഇത് സത്യമാണ്—യഹോവയുടെ സാക്ഷികൾ വായിക്കുകയും പഠിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഒരു മതമാണ്. അവർക്കു വാരംതോറും മൂന്നു മീററിംഗുകൾ ഉണ്ട്.
പുരോഹിതന്റെ രണ്ടാമത്തെ ആശയം ഇതായിരുന്നു: “അവർ . . . ആളുകളുടെ ഭവനങ്ങളിൽ സുവിശേഷ സന്ദർശനങ്ങൾ പതിവായി നടത്തുന്നു. . . . തങ്ങൾക്ക് ഒരു മതവുമില്ലെന്നു പറയുന്നവരുടെ സംഘമാണ് ഓസ്ട്രേലിയയിലെ മൂന്നാമത്തെ ഏററവും വലിയ വിഭാഗമെന്ന് (38,41,000 പേർ) നാം അറിയാൻ അവർ ഇഷ്ടപ്പെടുന്നു. വിശ്വാസം തങ്ങളിൽത്തന്നെ ഒതുക്കിവയ്ക്കുന്നതിൽ യഹോവയുടെ സാക്ഷികൾ തൃപ്തി കണ്ടെത്തുന്നില്ല. പകരം മററാളുകളുമായി അതു പങ്കുവെയ്ക്കാൻ അവർ ആഗ്രഹിക്കുന്നു.” സുവാർത്ത പ്രസംഗിച്ചുകൊണ്ട് മത്തായി 24:14-നോടും മർക്കൊസ് 13:10-നോടും പ്രതികരിക്കേണ്ടതാണെന്നു യഹോവയുടെ സാക്ഷികൾ മനസ്സിലാക്കുന്നു.
മൂന്നാമത്തെ ആശയം: “അവർ തെരുവു കടകളാലും മററു ഫണ്ടു വർധന ശ്രമങ്ങളാലും സമുദായം വഴി ഫണ്ടു വർധിപ്പിക്കുന്നതായി കാണുന്നില്ല. അവരുടെ ധനം [അവരുടെ] സമുദായത്തിനുള്ളിൽനിന്നു തന്നെയാണു വരുന്നത്.” ‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു സൗജന്യമായി കൊടുക്കുവിൻ’ എന്നും “വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം” എന്നും ബൈബിൾ പറയുന്നു. അതുകൊണ്ട് അവർ പണം പിരിക്കുന്നില്ല. സംഭാവനപ്പെട്ടികൾ അവരുടെ ഹാളുകളിൽ വിവേകപൂർവം സ്ഥാപിച്ചിട്ടുണ്ട്.—മത്തായി 10:8; പ്രവൃത്തികൾ 20:35.
അദ്ദേഹം പരാമർശിച്ച അവസാനത്തെ ശ്ലാഘ്യവശം ഏതായിരുന്നു? “അവർ കുറഞ്ഞ സമയവും പണവും കൊണ്ട് തങ്ങളുടെ ആരാധനാസ്ഥലങ്ങൾ പണിതെടുക്കുന്നു. . . . ഗും ബെൻഡ് ലേയ്ക്ക് റോഡിലേക്കു ചെന്നാൽ . . . ആ പ്രദേശത്തെ യഹോവയുടെ സാക്ഷികൾ . . . ഒരു പുതിയ രാജ്യഹാൾ നിർമിക്കുന്നതു കാണാം. അതിനു മൂന്നു ദിവസത്തെ പണിവരുമെന്നാണ് അവർ കണക്കാക്കുന്നത്.” എന്നിട്ട് തന്റെ ഇടവകക്കാർക്ക് അദ്ദേഹം എന്തു ബുദ്ധ്യുപദേശമാണു കൊടുത്തത്?
“മുകളിൽ നിർദേശിച്ച നാല് ആശയങ്ങളും വായിച്ച് നിങ്ങളുടെ വിശ്വാസം ദൃശ്യമാംവിധം ആചരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ അവയ്ക്കു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നു ചോദിക്കാൻ ഞാൻ നിർദേശിക്കുകയാണ്. . . . പരാമർശിച്ച ഈ നാലാശയങ്ങൾ വെച്ചുനോക്കിയാൽ യഹോവയുടെ സാക്ഷികളോടുള്ള താരതമ്യത്തിൽ ഒരു ശരാശരി ആംഗ്ലിക്കനും മററു ക്രിസ്തീയ ഇടവകക്കാരും ആത്മീയരായി മരിച്ചവരെന്നു വരും എന്നാണ് എന്റെ അഭിപ്രായം.”
നിങ്ങൾ ഒരു രാജ്യഹാൾ സന്ദർശിച്ച് യഹോവയുടെ സാക്ഷികളുടെ ആരാധനാവിധവും അവരുടെ വിശ്വാസവും നേരിൽ കണ്ടു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഏററവും അടുത്തുള്ള രാജ്യഹാളിലേക്കു ദയവായി ചെല്ലുക. അല്ലെങ്കിൽ നിങ്ങളുടെ ഏററവും സമീപത്തുള്ള ഹാളിന്റെ അഡ്രസ്സിനുവേണ്ടി ഞങ്ങൾക്ക് എഴുതുക.
[31-ാം പേജിലെ ചിത്രം]
ന്യൂ സൗത്ത് വെയ്ൽസിലെ കൊണ്ടോബലനിലുള്ള രാജ്യഹാൾ