ചെങ്കടൽ വിസ്മയങ്ങൾ തിരമാലകൾക്കടിയിൽ
സൗന്ദര്യം തൊലിപ്പുറമേ മാത്രമുള്ളതാണെന്ന് ആളുകൾ പറയാറുണ്ട്. എന്നാൽ യഥാർഥ സൗന്ദര്യം മിക്കപ്പോഴും ഉപരിതലത്തിന് അടിയിലാണു സ്ഥിതിചെയ്യുന്നത്—ഇതു ബാധകമാകുന്നത് മനുഷ്യർക്കു മാത്രമല്ല. ചെങ്കടലിന്റെ കാര്യത്തിൽ ഇതു സത്യമാണെന്നു ഞാൻ കണ്ടെത്തി. ഈ ജലപ്പരപ്പിനടിയിലേക്ക് ഊളിയിട്ടുനോക്കുന്ന ഭാഗ്യവാനായ ഒരു നീന്തൽക്കാരനെ കാത്തിരിക്കുന്ന അവിശ്വസനീയ മനോഹാരിതയുടെ ഒരു സൂചനപോലും തരിശായ അതിന്റെ തീരപ്രദേശത്ത് എനിക്കു കാണാൻ കഴിഞ്ഞില്ല.
പവിഴപ്പുററിന്റെ വിസ്മയങ്ങളിലേക്ക് ഊളിയിട്ടുചെന്നു പരിശോധിച്ചറിയുന്നതിനു ലോകത്തിലെ അത്യന്തം രസകരമായ സ്ഥലങ്ങളിലൊന്ന് എന്ന പേര് ചെങ്കടലിനുണ്ട്. അതുകൊണ്ട് അതിന്റെ പ്രശസ്തിയെ ന്യായീകരിക്കാൻ കഴിയുമോ എന്നറിയുന്നതിനു നേരിട്ടു കാണാൻ എനിക്ക് ആകാംക്ഷയായി.
സമുദ്രത്തിനടിയിലെ ലോകം ഞാൻ കണ്ടതിൽപ്പിന്നെ അതിനെക്കുറിച്ചു കൂടുതൽ നന്നായി മനസ്സിലാക്കാനുള്ള ആഗ്രഹമായി. ചെങ്കടലിലെ സമുദ്രജീവജാലങ്ങളെക്കുറിച്ചു വളരെ നന്നായി അറിയാവുന്ന ആരൺ മീറോസ് എന്ന സമുദ്രജീവശാസ്ത്രജ്ഞൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി.
ചെങ്കടലിലെ വെള്ളം ഇത്ര ഉത്പന്നസമൃദ്ധമായിരിക്കുന്നത് എന്തുകൊണ്ടാണ്?
“ചെങ്കടൽ ഇന്ത്യൻ മഹാസമുദ്രത്തിലെ ധാരാളം മത്സ്യങ്ങളെ ശേഖരിക്കുന്ന ഒരു വലിയ കുപ്പിക്കഴുത്തുപോലെ തോന്നിക്കുകയും വർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, അസാധാരണമായ ഒന്ന്, ഇവിടെ സമൃദ്ധമായി പവിഴപ്പുററുകൾ ഉണ്ട് എന്നതാണ്. ഇവിടത്തെ പാറക്കെട്ടുകളിൽ ഒരു ചതുരശ്ര മീററർ സ്ഥലത്ത് 20 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പവിഴങ്ങൾ വളരുന്നതായി മിക്കപ്പോഴും കാണാറുണ്ട്. പവിഴപ്പുററ് നന്നായി വളരാൻ കാരണം വെള്ളത്തിന്റെ അനുയോജ്യമായ താപനിലയാണ്, വർഷത്തിൽ ഏതാനും ഡിഗ്രികൾ മാത്രമേ അതിനു മാററം വരാറുള്ളൂ. മാത്രമല്ല, അവിടെ മഴ കുറവാണ്. അതിന്റെ ഫലമായി സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന പദാർഥങ്ങൾ വളരെ കുറവാണ്. ഫലത്തിൽ, അതു മലിനവസ്തുക്കളുടെ അളവു കുറയ്ക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ 15 വർഷമായി ഇവിടത്തെ അവസ്ഥ വളരെ മോശമായിരിക്കുന്നു എന്നു പറയുന്നതിൽ എനിക്കു ഖേദമുണ്ട്.”
ഈ സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതിലെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
“താരതമ്യേന ഊനം തട്ടാത്ത ഒരു ആവാസവ്യവസ്ഥയുടെ കാര്യത്തിൽ ഏററവും വലിയ പ്രശ്നം മലിനീകരണമാണ്. ചെങ്കടലിനെ മലിനമാക്കുന്ന ഉറവിടങ്ങൾ ഇവയാണ്: ഫോസ്ഫേററുകൾ, മീൻവളർത്തൽകേന്ദ്രങ്ങൾ, തീരപ്രദേശ പട്ടണങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മലിനജലം. ഡൈവ് ചെയ്യാനുള്ള സ്ഥലങ്ങൾ ഏറിവരുന്നതും പ്രശ്നങ്ങൾ ഉളവാക്കിയേക്കാം. ശ്രദ്ധയില്ലാതെ ഡൈവ് ചെയ്യുന്നവർ ലോലമായ പവിഴപ്പുററിനെ നശിപ്പിച്ചേക്കാം.”
നിങ്ങൾ അനേക വർഷങ്ങളായി ചെങ്കടലിലെ പവിഴപ്പുററിനെക്കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങൾ പഠിച്ച ചില കാര്യങ്ങൾ എന്തൊക്കെയാണ്?
“മത്സ്യങ്ങൾക്കു പ്രത്യേക ഭക്ഷണസമയങ്ങളുണ്ടെന്നു ഞങ്ങൾ കണ്ടെത്തി. ചില മത്സ്യങ്ങൾ രാവിലെ ഏഴു മണിമുതൽ മൂന്നു മണിക്കൂറോളം തീററ തിന്നുനടക്കും. എന്നിട്ട് ഒരിടവേളയ്ക്കുശേഷം ഉച്ചകഴിഞ്ഞ് വീണ്ടും മൂന്നു മണിക്കൂറോളം തിന്നും. ചില മത്സ്യങ്ങൾ രാത്രിയിൽ മാത്രമേ തീററ തേടൂ. ഈ സമയപ്പട്ടികകൾ വളരെ പ്രധാനപ്പെട്ടതാണ്. ചെറുതരം മത്സ്യങ്ങൾക്കു പകൽ മുഴുവനും ഇരപിടിയൻമാരിൽനിന്നു സമ്മർദം നേരിടുകയാണെങ്കിൽ തീററ തേടാൻ വളരെ പ്രയാസമായിരിക്കും. മനുഷ്യരെപ്പോലെതന്നെ മത്സ്യങ്ങളും കിട്ടുന്നതെന്തും തിന്നാറില്ല. ഉദാഹരണത്തിന്, നീലപ്പുള്ളികളുള്ള ഗ്രൂപ്പർ മത്സ്യത്തിന് ബാസ്ലെററ് മത്സ്യത്തെയാണിഷ്ടം. ബാസ്ലെററ് ചെങ്കടലിൽ സമൃദ്ധമായുണ്ടുതാനും. ഞങ്ങളുടെ അക്വേറിയത്തിലെ നമ്മുടെ മത്സ്യങ്ങൾക്കും ഇഷ്ടഭോജ്യങ്ങളുണ്ട്—ചിലതിന് അയലയാണിഷ്ടം, മററു ചിലതിനു മത്തിയും.
“മത്സ്യത്തിനു മനുഷ്യരെല്ലാം ഒരുപോലെയാണെന്നു നിങ്ങൾ കരുതിയേക്കാം, എന്നാൽ വാസ്തവമതല്ല. മത്സ്യവും നട്ടെല്ലില്ലാത്ത ചില ജീവികൾ പോലും ആളുകളെ തിരിച്ചറിയാൻ പഠിക്കുന്നു. ഒരു ജോലിക്കാരൻ ഒരിക്കൽ ഒരു നീരാളിയെ കളിതമാശയായിട്ടു തല്ലിയത് ഞാനോർക്കുന്നു. അവനതിഷ്ടമായില്ല, അയാളിൽനിന്ന് അവൻ പിന്നീടൊരിക്കലും തീററി വാങ്ങിയതുമില്ല. ശാന്തരായ ആളുകൾ മത്സ്യത്തോടു വളരെ ഇണങ്ങിപ്പോകുന്നതായും എന്നാൽ അക്രമസ്വഭാവമുള്ളവരും ക്ഷമയില്ലാത്തവരുമായ വ്യക്തികൾ അവയിൽ ഭയം ജനിപ്പിക്കുന്നതായും ഞങ്ങൾ കണ്ടെത്തി.”
ആദ്യമായി ഡൈവ് ചെയ്യുന്ന ഒരുവനിൽ മതിപ്പുളവാക്കുന്നത് അവിശ്വസനീയമാംവിധം വൈവിധ്യമാർന്ന മനോഹാരിതയും നിറവുമാണ്.
“തീർച്ചയായും നിറങ്ങളുള്ള മത്സ്യങ്ങൾ മതിപ്പുളവാക്കുന്നവയാണ്. നാം ട്രാഫിക് ലൈററുകൾ ഉപയോഗിക്കുന്ന ഏതാണ്ടതുപോലെതന്നെ ചിലതരം മത്സ്യങ്ങൾ തങ്ങളുടെ നിറങ്ങൾ സിഗ്നലുകളായി ഉപയോഗിക്കുന്നു എന്ന കാര്യം പലരും മനസ്സിലാക്കാറില്ല. ഉദാഹരണത്തിന്, ചെമപ്പ് ഗ്രൂപ്പർ തന്റെ പ്രദേശം കാവൽ ചെയ്യുന്നതിനു പകരം വേട്ടയാടുമ്പോൾ അതിന്റെ നിറം കടുംചുവപ്പായിത്തീരുകയാണു ചെയ്യുന്നത്. ഗ്രൂപ്പർ മത്സ്യം ഇരയാക്കുന്ന ക്ലൗൺ മത്സ്യത്തിന് ഗ്രൂപ്പറിന്റെ നിറം നോക്കി അതു ‘ഡ്യൂട്ടിയിലല്ലാത്തത്’ എപ്പോഴെന്നു പറയാൻ കഴിയും. ഈ സുരക്ഷിതമായ കാലയളവുകളിൽ ക്ലൗൺ മത്സ്യം തന്റെ പ്രദേശത്തേക്ക് ആക്രമിച്ചുകയറുന്ന ഗ്രൂപ്പർ മത്സ്യത്തെ ധൈര്യമായി ഓടിച്ചകററുന്നു.”
തീർച്ചയായും, ദൈവത്തിന്റെ സൃഷ്ടിയുടെ അനിതരസാധാരണമായ മനോഹാരിത പല അപ്രതീക്ഷിത സ്ഥലങ്ങളിലും കണ്ടെത്താനാകും. ഈ സൗന്ദര്യത്തിന്റെ തീരെ ചെറിയ ഒരു മാതൃക പര്യവേക്ഷണം ചെയ്യുകവഴി എന്റെ ജീവിതം ധന്യമായിരിക്കുന്നു. തിരമാലകൾക്കടിയിലെ മേഖലയിലേക്കുള്ള ഹ്രസ്വ സന്ദർശനം, നമ്മുടെ ഗ്രഹം ഒളിപ്പിച്ചിരിക്കുന്ന പ്രകൃതിസമ്പത്തുകളോടുള്ള എന്റെ വിലമതിപ്പിന്റെ ആഴം കൂട്ടുകതന്നെ ചെയ്തു.—സംഭാവന ചെയ്യപ്പെട്ടത്.
[26-ാം പേജിലെ ചിത്രം]
ഒരു ലയൺമത്സ്യം ഇരപിടിയൻമാരെ പേടിക്കാതെ ഉല്ലാസത്തോടെ ഒഴുകിനടക്കുന്നു. അവ അകലം സൂക്ഷിച്ചാണു നടക്കുന്നത്, കാരണം അവന്റെ മുള്ളുള്ള ചിറകുകളിൽ വിഷസഞ്ചിയുണ്ട്
[26-ാം പേജിലെ ചിത്രം]
ഒരു വലിയ കടൽച്ചൊറിയുടെ സ്പർശിനികൾക്കിടയിലുള്ള തന്റെ ഭവനം വിട്ട് ക്ലൗൺ മത്സ്യം അകലേക്കു പോകാറില്ല. കടൽച്ചൊറി ക്ലൗൺ മത്സ്യത്തെ പിടിക്കില്ല, കാരണം തന്റെ ആതിഥേയനെ വൃത്തിയുള്ളതായി നിലനിർത്താൻ ക്ലൗൺ സഹായിക്കുന്നു
[26-ാം പേജിലെ ചിത്രം]
ബട്ടർഫ്ളൈ മത്സ്യം വൈവിധ്യമാർന്ന നിറങ്ങളിലുണ്ട്. അങ്ങുമിങ്ങും ആടുന്ന അവയുടെ നേർത്ത ശരീരങ്ങൾ ഒരു ചിത്രശലഭത്തെയാണ് അനുസ്മരിപ്പിക്കുന്നത്
[26-ാം പേജിലെ ചിത്രം]
കടുംനിറത്തിൽ വരകളുള്ള, തിളങ്ങുന്ന മഞ്ഞ ലിപ്സ്ററിക്കുണ്ടെന്നു തോന്നിക്കുന്ന പിക്കാസോ മത്സ്യം, ഒരു യഥാർഥ കലാകാരന്റെ ശിൽപ്പവസ്തുവിനെ എന്റെ മനസ്സിലേക്കു കൊണ്ടുവന്നു
[26-ാം പേജിലെ ചിത്രം]
എംപറർ ഏയ്ഞ്ചൽമത്സ്യത്തിനു ബഹുവർണത്തിലുള്ള ഒരു കോട്ടുണ്ട്, വളർന്നുവരുമ്പോൾ അതിന്റെ നിറവും ഡിസൈനും മാറുന്നു