മുലയൂട്ടൽ സംബന്ധിച്ച അടിസ്ഥാന വസ്തുതകൾ
നൈജീരിയയിലെ ഉണരുക! ലേഖകൻ
അനേകം അമ്മമാരെപ്പോലെ നിങ്ങളും കുഞ്ഞിനെ മുലയൂട്ടാൻ തീരുമാനിച്ചിരിക്കുന്നെങ്കിൽ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവ് സ്നേഹപൂർവം ക്രമീകരിച്ചിട്ടുള്ള ഒരു കരുതലിനെ ഉപയോഗപ്പെടുത്താനാണ് നിങ്ങൾ തീരുമാനമെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും സംഭാവന ചെയ്തുകൊണ്ട് നിങ്ങളുടെ സ്വന്തം ശരീരം ഉത്പാദിപ്പിക്കുന്ന പാൽ കുഞ്ഞിന്റെ പോഷകാവശ്യങ്ങളെല്ലാം കൃത്യമായി നിറവേററും. സാധാരണമായിരിക്കുന്ന രോഗങ്ങളിൽനിന്ന് അത് നിങ്ങളുടെ കുഞ്ഞിനു സംരക്ഷണമേകും. അതുകൊണ്ട് ഡബ്ലിയുഎച്ച്ഒ (ലോകാരോഗ്യസംഘടന) ഇപ്രകാരം പ്രസ്താവിക്കുന്നത് നല്ല കാരണത്തോടെയാണ്: “കുഞ്ഞിന് ലഭിക്കാവുന്നതിൽവെച്ച് ഏററവും നല്ല ആഹാരം [മുലപ്പാൽ] ആണ്. പശുവിൻ പാൽ, പൊടിപ്പാൽ കലക്കിയത്, ധാന്യക്കുറുക്കുകൾ എന്നിങ്ങനെ ഒരു പകര ആഹാരത്തിനും അതിന്റെ അടുത്തെത്താൻ കഴിയില്ല.”
മുലയൂട്ടൽ നിങ്ങൾക്കും പ്രയോജനങ്ങൾ കൈവരുത്തുന്നു. കുപ്പികളൊന്നും കഴുകുകയോ തിളപ്പിക്കുകയോ ചെയ്യേണ്ടിവരുന്നില്ല. കുഞ്ഞിന് ആഹാരമുണ്ടാക്കാനായി അർധരാത്രിക്കെണീററ് അടുക്കളയിലേക്ക് ഓടേണ്ടിവരുന്നുമില്ല. മുലയൂട്ടൽ ഗർഭകാലത്ത് നിങ്ങൾക്കുണ്ടായ തൂക്കം കുറയ്ക്കുകയും ഗർഭാശയത്തിന് അതിന്റെ സാധാരണ വലിപ്പം തിരിച്ചുകിട്ടുന്നതിനു സഹായിക്കുകയും ചെയ്യുന്നതിനാൽ അത് നിങ്ങൾക്ക് ശാരീരികമായും പ്രയോജനം ചെയ്യുന്നു. കുഞ്ഞുങ്ങളെ മുലയൂട്ടുന്ന സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകാൻ സാധ്യത കുറവുള്ളതായി പഠനങ്ങൾ അഭിപ്രായപ്പെടുന്നു.
“വാസ്തവത്തിൽ എല്ലാ അമ്മമാർക്കും കുഞ്ഞുങ്ങളെ മുലയൂട്ടാൻ കഴിയും,” ഐക്യരാഷ്ട്ര ശിശുക്ഷേമനിധി ഉറപ്പുനൽകുന്നു. അതുകൊണ്ട് സാധ്യതയനുസരിച്ച് നിങ്ങൾക്കും കഴിയും. എങ്കിലും മുലയൂട്ടൽ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. പ്രത്യേകിച്ച് ഇതു നിങ്ങളുടെ ആദ്യത്തെ ശ്രമമാണെങ്കിൽ. മുലയൂട്ടൽ പ്രക്രിയ പ്രകൃത്യായുള്ളതാണെങ്കിലും അതിനുള്ള സഹജവാസനയില്ലെന്നുള്ളതാണ് ഇതിന്റെ കാരണം; അത് നിങ്ങൾ പഠിച്ചെടുക്കേണ്ട ഒരു വൈദഗ്ധ്യമാണ്. അത് നിങ്ങൾക്കും കുട്ടിക്കും സൗകര്യപ്രദവും ആസ്വാദ്യവുമായ ഒരു ചര്യയായിത്തീരുന്നതിന് പല ദിവസങ്ങൾ അല്ലെങ്കിൽ ഏതാനും ആഴ്ചകൾ പോലും എടുക്കുന്നുവെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം.
കുഞ്ഞു ജനിക്കുന്നതിനു മുമ്പ്
ഇതിനു മുമ്പൊരിക്കലും നിങ്ങൾ ഒരു കുഞ്ഞിനെ വിജയകരമായി മുലയൂട്ടിയിട്ടില്ലെങ്കിൽ അങ്ങനെ ചെയ്തിട്ടുള്ള അമ്മമാരോട് ഇതേപ്പററി സംസാരിക്കുക. പ്രശ്നങ്ങൾ ഒഴിവാക്കാനോ തരണംചെയ്യാനോ അവർക്ക് നിങ്ങളെ സഹായിക്കാനാവും. കുഞ്ഞിനെ വിജയകരമായി മുലയൂട്ടാനുള്ള നിങ്ങളുടെ പ്രാപ്തി സംബന്ധിച്ച ശുഭാപ്തിവിശ്വാസം വർധിപ്പിക്കാനും അവർക്കു കഴിയും.
ഗർഭകാലത്തും അതിനുശേഷവും നിങ്ങൾക്ക് ആവശ്യമായ വിശ്രമം കിട്ടേണ്ടത് പ്രധാനമാണ്. കൂടാതെ, നിങ്ങൾ മതിയായ അളവിൽ ആഹാരം കഴിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക. ലോകാരോഗ്യ സംഘടനയുടെ മുലയൂട്ടൽ (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ഇപ്രകാരം പ്രസ്താവിക്കുന്നു: “ഗർഭധാരണത്തിനു മുമ്പോ ഗർഭകാലത്തോ ഉള്ള പോഷകാഹാരക്കുറവ് ഗർഭസ്ഥശിശുവിന്റെ മോശമായ വളർച്ചയ്ക്ക് ഇടയാക്കിയേക്കാം. ഈ പോഷകാഹാരക്കുറവുകൊണ്ടു തന്നെ മാതാവിന് മതിയായ കൊഴുപ്പ് സംഭരിച്ചുവെക്കാൻ കഴിയുന്നില്ല. അതിന്റെ ഫലമായി പിന്നീട് ആവശ്യമായ പാൽ ഉത്പാദിപ്പിക്കാൻ കഴിയാതെവരുന്നു. അതുകൊണ്ട് ഗർഭകാലത്തും മുലയൂട്ടൽ കാലയളവിലും മാതാവ് വൈവിധ്യമാർന്ന ആഹാരപദാർഥങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു സമീകൃത ആഹാരം കഴിക്കേണ്ടതുണ്ട്.”
സ്തനങ്ങളുടെ പരിചരണവും പ്രധാനമാണ്. ഗർഭകാലത്തിന്റെ അവസാന മാസങ്ങളിൽ, കുളിക്കുന്ന സമയത്ത് സ്തനങ്ങൾ കഴുകുക. എന്നാൽ സോപ്പ് ഉപയോഗിക്കരുത്. ഈ സമയത്ത് മുലക്കണ്ണിലുള്ള (മുലഞ്ഞെട്ടിനു ചുററുമുള്ള കറുത്ത ഭാഗം) ഗ്രന്ഥികൾ ഒരു ബാക്ടീരിയാ വിരുദ്ധ ദ്രാവകം സ്രവിക്കുന്നു. അത് മുലഞ്ഞെട്ടുകളെ നനവുള്ളതാക്കി നിർത്തുകയും അണുബാധയിൽനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ സോപ്പ് ആ ദ്രാവകത്തെ നീക്കംചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്ത് മുലഞ്ഞെട്ടുകളെ ഉണക്കുന്നു. സ്തനങ്ങൾ ഉണങ്ങുകയോ ചൊറിയുകയോ ചെയ്യുന്നെങ്കിൽ മയപ്പെടുത്തുന്ന ഒരു ലേപനമോ ലോഷനോ നിങ്ങൾ ഉപയോഗിച്ചേക്കാം. എന്നാൽ അത് മുലഞ്ഞെട്ടുകളിലോ മുലക്കണ്ണിലോ പററാതിരിക്കാൻ ശ്രദ്ധിക്കുക.
ഗർഭകാലത്ത് അമ്മമാർ ശക്തിയായി തിരുമ്മി തിരുമ്മി മുലഞ്ഞെട്ടുകളെ “ദൃഢപ്പെടുത്തണം” എന്ന് മുമ്പൊക്കെ ഡോക്ടർമാർ ശുപാർശചെയ്തിരുന്നു. ഇത് മുലയൂട്ടുന്ന സമയത്ത് മുലഞ്ഞെട്ട് പൊട്ടുന്നതു തടയുന്നതായി കരുതപ്പെട്ടിരുന്നെങ്കിലും അത്തരം വ്യായാമങ്ങൾ അത്ര പ്രയോജനകരമല്ലെന്ന് പഠനങ്ങൾ കാണിക്കുന്നു. മുലകൊടുക്കുമ്പോൾ കുഞ്ഞിനെ ശരിയായ വിധത്തിൽ പിടിക്കാത്തതുകൊണ്ടാണ് സാധാരണമായി മുലഞ്ഞെട്ട് പൊട്ടുന്നത്.
മുലയുടെ വലിപ്പമോ ആകൃതിയോ ഒന്നും വിജയകരമായി മുലയൂട്ടുന്നതിലെ ഘടകങ്ങളല്ല. എന്നാൽ വളഞ്ഞതോ പരന്നതോ ആയ മുലഞ്ഞെട്ടിൽ കുഞ്ഞിനു പിടുത്തം കിട്ടില്ല. മുലഞ്ഞെട്ടുകൾ പുറത്തേക്കു വരുമോ എന്നറിയാൻ ഓരോ മുലഞ്ഞെട്ടിനും തൊട്ടുപിന്നിലായി തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് മൃദുവായി അമർത്തുക. അങ്ങനെ നിങ്ങൾക്ക് സ്വയം പരിശോധിക്കാൻ കഴിയും. പുറത്തേക്കു വരുന്നില്ലെങ്കിൽ നിങ്ങളുടെ ഡോക്ടറോടു സംസാരിക്കുക. അദ്ദേഹം ഒരു സ്തന ഉറ ശുപാർശചെയ്തേക്കാം. ഗർഭകാലത്തോ മുലയൂട്ടാത്ത സമയങ്ങളിലോ ധരിക്കുന്നതിനുള്ള ഒരു ലഘു ഉപകരണമാണിത്. പരന്നതോ അകത്തേക്കു വളഞ്ഞിരിക്കുന്നതോ ആയ മുലഞ്ഞെട്ടുകളുടെ ആകൃതി മെച്ചപ്പെടുത്താൻ ഈ ഉറകൾ പലപ്പോഴും സഹായിക്കുന്നു.
ആദ്യ ദിവസങ്ങൾ
ജനനത്തിനുശേഷം ഒരു മണിക്കൂറിനുള്ളിൽ നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടി തുടങ്ങിയാൽ അതു നന്നായിരിക്കും. പ്രസവത്തിന്റെ വിഷമങ്ങളെല്ലാം കഴിഞ്ഞയുടനെ അഭിവാദ്യം ചെയ്യാൻ പററാത്തവിധം അമ്മയും കുഞ്ഞും വളരെ ക്ഷീണിതരായിരിക്കും എന്ന് ചിലർ വിചാരിച്ചേക്കാം. എന്നാൽ ആ സമയമാകുമ്പോഴേക്കും സാധാരണമായി അമ്മ ആരോഗ്യം വീണ്ടെടുത്തിരിക്കും. കുഞ്ഞാണെങ്കിൽ ഗർഭാശയത്തിനു പുറത്തെ ജീവിതവുമായി പൊരുത്തപ്പെട്ടുവരാൻ ഏതാനും നിമിഷം എടുത്തശേഷം മുലയൊന്നു നുകർന്നാൽ കൊള്ളാമെന്ന് ഉൽക്കടമായി ആഗ്രഹിക്കുന്നുമുണ്ടാവും.
പുതിയ അമ്മമാരുടെ പക്കൽ അവരുടെ നവജാതർക്കു കൊടുക്കാനായി കൊളസ്ട്രം എന്നു പറയുന്ന മഞ്ഞകലർന്നതോ തെളിഞ്ഞതോ ആയ ഒരു പദാർഥമുണ്ട്. ഈ “സുവർണ ദ്രാവകം” കുഞ്ഞിന് ഏററവും പ്രയോജനകരമാണ്. ഉപദ്രവകാരിയായ ബാക്ടീരിയയോടു പൊരുതുന്ന ഘടകങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. അതിൽ മാംസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. പഞ്ചസാരയും കൊഴുപ്പും ആണെങ്കിൽ കുറഞ്ഞ അളവിലും. അങ്ങനെ ജീവിതത്തിന്റെ ആദ്യത്തെ ഏതാനും ദിവസങ്ങളിലേക്ക് ഏററവും പററിയ ആഹാരമാണ് അത്. വൈദ്യസംബന്ധമായ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ കുഞ്ഞിന് മറെറാരു ആഹാരമോ പാനീയമോ വേണ്ടിവരില്ല. ഇതിന്റെകൂടെ കുപ്പിപ്പാൽ കൂടി കൊടുത്താൽ മുലപ്പാലിനോട് കുട്ടി മടുപ്പുകാണിക്കും. എന്തുകൊണ്ടെന്നാൽ കുപ്പിയിൽനിന്നു വലിച്ചുകുടിക്കാൻ കുറേക്കൂടെ എളുപ്പമാണല്ലോ.
സാധാരണമായി പ്രസവാനന്തരം രണ്ടുമുതൽ അഞ്ചുവരെ ദിവസങ്ങളാകുമ്പോൾ അമ്മമാർ കൊളസ്ട്രം കൂടാതെയുള്ള പാൽ ഉത്പാദിപ്പിക്കാൻ തുടങ്ങും. സ്തനങ്ങളിലേക്കുള്ള ഈ സമയത്തെ വർധിച്ച രക്തപ്രവാഹം അവയെ വലിപ്പവും മൃദുത്വവും ഉള്ളതാക്കിത്തീർക്കുന്നു. ഇത് സാധാരണമാണ്. മുലയൂട്ടൽ സാധാരണമായി ഈ അസ്വാസ്ഥ്യത്തെ ലഘൂകരിച്ചുകൊള്ളും. എന്നിരുന്നാലും, ചിലപ്പോൾ വീർത്ത സ്തനങ്ങൾ മുലഞ്ഞെട്ട് പതിഞ്ഞുപോകാൻ ഇടയാക്കുന്നു. ഇത് കുഞ്ഞിന് മുല നുകരാൻ വിഷമം ഉണ്ടാക്കുന്നതിനാൽ കുറച്ചു പാൽ കൈകൊണ്ടു പിഴിഞ്ഞുകളയേണ്ടിവന്നേക്കാം. കടഭാഗത്തു തുടങ്ങി മുലഞ്ഞെട്ടുവരെ ഓരോ സ്തനവും രണ്ടു കൈകൊണ്ടും തിരുമ്മി നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും.
കുഞ്ഞിന് എത്രമാത്രം മുലപ്പാൽ കിട്ടുന്നുണ്ടെന്ന് നിങ്ങൾക്ക് അളക്കാൻ കഴിയില്ല. എന്നാൽ വിഷമിക്കേണ്ട. കുഞ്ഞിന് ആവശ്യമുള്ളതെല്ലാം പ്രദാനം ചെയ്യുന്നതിന് നിങ്ങളുടെ ശരീരം സജ്ജമാണ്. ഇരട്ടക്കുട്ടികളാണെങ്കിലും! നിങ്ങൾ എത്രമാത്രം മുലയൂട്ടുന്നുവോ അത്രമാത്രം നിങ്ങൾ പാൽ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും. പാൽപ്പൊടി കലക്കിയതോ പശുവിൻ പാലോ പോലുള്ള മററു പാനീയങ്ങൾ മുലപ്പാലിനു പുറമേ കുപ്പിയിൽ കൊടുക്കരുത് എന്നു പറയുന്നതിന്റെ ഒരു കാരണം ഇതാണ്. അതൊക്കെ കൊടുത്താൽ കുഞ്ഞ് നിങ്ങളിൽനിന്നു കുറച്ചുമാത്രമേ എടുക്കുകയുള്ളൂ. ഫലമോ, നിങ്ങൾ ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവു കുറയുന്നു.
“പൂർണ വളർച്ചയെത്തി ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് വിചാരിക്കുന്നതുപോലെ അത്ര നിസ്സഹായാവസ്ഥയിലൊന്നുമല്ല. തങ്ങൾക്കും മാതാവിന്റെ ശരീരത്തിനും അനുയോജ്യമായ വിധത്തിൽ തങ്ങളുടെ ആഹാരം ക്രമപ്പെടുത്താൻ അവർക്കു കഴിയും. എന്നാൽ അതു ചെയ്യാൻ മററാളുകൾ അവരെ അനുവദിക്കണം,” ദ പൊളിററിക്സ് ഓഫ് ബ്രെസ്ററ്ഫീഡിങ് എന്ന പുസ്തകത്തിൽ ഗബ്രീയെൽ പാമെർ എഴുതുന്നു. ആവശ്യപ്പെടലിന്റെയും കൊടുക്കലിന്റെയും തത്ത്വമാണ് ഇവിടെ മുഖ്യം. അതായത്, കുഞ്ഞ് ആഹാരം ആവശ്യപ്പെടുമ്പോൾ (സാധാരണമായി കരഞ്ഞുകൊണ്ട്), നിങ്ങൾ അത് കൊടുക്കുക. ആദ്യമൊക്കെ രണ്ടുമൂന്നു മണിക്കൂർ ഇടവിട്ട് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഓരോ പ്രാവശ്യം മുലകൊടുക്കുമ്പോഴും നിങ്ങൾ രണ്ടു മുലയും കുടിപ്പിക്കണം. മിക്ക കുഞ്ഞുങ്ങളും മുലകുടിക്കാൻ 20 മുതൽ 40 വരെ മിനിററുകൾ എടുക്കുന്നു. എങ്കിലും ചില കുഞ്ഞുങ്ങൾ സ്വന്തം സൗകര്യാനുസരണം സാവകാശം ഇടവിട്ടിടവിട്ടായിരിക്കും കുടിക്കുക. അത്തരം പതിഞ്ഞമട്ടുകാർ ഒന്നു കുടിച്ചു കഴിയാൻ 60 മിനിററുവരെ എടുത്തേക്കാം. 24 മണിക്കൂറിനുള്ളിൽ കുഞ്ഞ് കുറഞ്ഞത് എട്ടു തവണ മുലകുടിക്കുകയും അവൻ പാൽ ഇറക്കുന്ന ശബ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുകയും അഞ്ചാമത്തെ ദിവസം കഴിഞ്ഞുവരുന്ന ഓരോ ദിവസവും എട്ടോ അതിലധികമോ പ്രാവശ്യം വിസർജിക്കുകയും ചെയ്യുന്നുവെങ്കിൽ സാധാരണമായി നിങ്ങളുടെ കുഞ്ഞിന് മതിയായ ആഹാരം ലഭിക്കുന്നുണ്ട്.
മുലകൊടുക്കുന്നതിൽ നിങ്ങൾ ആർജിച്ചിരിക്കേണ്ട ഏററവും വലിയ വൈദഗ്ധ്യം കുഞ്ഞിനെ ശരിയായി പിടിക്കേണ്ട വിധം സംബന്ധിച്ചുള്ളതാണ്. ശരിയായ രീതിയിൽ പിടിച്ചില്ലെങ്കിൽ കുഞ്ഞിന് മതിയായ പാൽ ലഭിക്കുകയില്ല. ചില കുഞ്ഞുങ്ങൾ മുലകുടിക്കാൻ വിസമ്മതം കാട്ടുകപോലും ചെയ്യും.
ശരിയായ രീതിയിൽ പിടിച്ചില്ലെങ്കിൽ മറെറാരു സാധാരണ പ്രശ്നം കൂടിയുണ്ട്, മുലഞ്ഞെട്ടുകൾ പൊട്ടുകയോ മുറിയുകയോ ചെയ്യുന്നത്. മുലയൂട്ടലിന്റെ മൂല ഗ്രന്ഥം (ഇംഗ്ലീഷ്) ഇപ്രകാരം പറയുന്നു: “മുലഞ്ഞെട്ട് പല കാരണങ്ങൾകൊണ്ടു പൊട്ടാം. എന്നാൽ കുഞ്ഞിന് എത്രമാത്രം നന്നായി അതിൽ ‘പിടികിട്ടുന്നു’ എന്നതാണ് പ്രധാനപ്പെട്ട ഒരു സംഗതി. ക്രമത്തിൽ അത് മുലയോടുള്ള താരതമ്യത്തിൽ കുഞ്ഞിന്റെ തല ഏതു നിലയിൽ ആണെന്നതിനെയും ഗണ്യമായ അളവിൽ ആശ്രയിച്ചിരിക്കുന്നു. കുഞ്ഞിന് (മുകളിലേക്കോ താഴേക്കോ വശത്തേക്കോ നോക്കേണ്ടിവരാതെ) മുലഞ്ഞെട്ട് ഒരു വശത്തേക്കു വലിക്കേണ്ടിവരാതെ തല മുലഞ്ഞെട്ടിനു നേരേ വരത്തക്കവിധം കുഞ്ഞിനെ ചേർത്തു പിടിച്ചിരിക്കുന്നെങ്കിൽ നിങ്ങൾ ശരിയായാണ് പിടിച്ചിരിക്കുന്നത്.”
മാതൃകാപരമായി പറഞ്ഞാൽ, ശിശുവിന്റെ ചുണ്ടുകൾ മുലഞ്ഞെട്ടിനു 3 സെൻറിമീററർ പിന്നിലായി ചേർത്തു പിടിച്ചിരിക്കണം. കുഞ്ഞിന്റെ മുഴു ശരീരവും നിങ്ങളിലേക്കു തിരിഞ്ഞിരിക്കുകയും അസ്വാസ്ഥ്യമൊന്നും കാണിക്കാതെ സന്തോഷത്തോടെ അവൻ വളരെസമയം പാൽ കുടിക്കുകയും നിങ്ങൾക്കു മുലഞ്ഞെട്ടിൽ വേദന അനുഭവപ്പെടാതിരിക്കുകയും ചെയ്താൽ നിങ്ങൾ കുഞ്ഞിനെ ശരിയായ രീതിയിലാണു പിടിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കാം.
മുലകുടി മാറേറണ്ടതെപ്പോൾ
ആദ്യത്തെ ഏതാനും ആഴ്ചകൾ കഴിയുന്നതോടെ നിങ്ങളും കുഞ്ഞും പരസ്പരം അറിഞ്ഞുതുടങ്ങിയിരിക്കും. അപ്പോഴേക്കും സാധ്യതയനുസരിച്ച് നിങ്ങൾ സൗകര്യപ്രദവും ആസ്വാദ്യവുമായ ഒരു ചര്യ സ്ഥാപിച്ചു കഴിഞ്ഞിരിക്കുകയും ചെയ്യും. പിന്നെവരുന്ന നാലുമുതൽ ആറുവരെ മാസങ്ങളിലേക്ക് നിങ്ങളുടെ കുഞ്ഞിന് മുലപ്പാലല്ലാതെ ഒരു ആഹാരമോ പാനീയമോ വേണ്ടിവരില്ല. അതു കഴിയുമ്പോൾ പച്ചക്കറികൾ വേവിച്ചുടച്ചത്, ധാന്യങ്ങൾ, പഴങ്ങൾ തുടങ്ങിയ മററാഹാരങ്ങൾ സാവധാനം കൊടുത്തു തുടങ്ങണം. എങ്കിലും ഒൻപതോ പത്തോ മാസം പ്രായമാകുന്നതുവരെ കുഞ്ഞിന് പോഷകം ലഭിക്കേണ്ടത് മുഖ്യമായും നിങ്ങളുടെ പാലിൽനിന്നാണ്; അതുകൊണ്ട് ഖരരൂപത്തിലുള്ള ആഹാരങ്ങൾ കൊടുക്കുന്നതിനു മുമ്പ് എല്ലായ്പോഴും നിങ്ങൾ കുഞ്ഞിനെ മുലയൂട്ടുന്നതു നല്ലതാണ്.
മുലയൂട്ടൽ എത്രനാൾ തുടരണം? സാധ്യമാകുന്നിടത്തോളം എന്ന് ഡബ്ലിയുഎച്ച്ഒ ശുപാർശചെയ്യുന്നു. പല അമ്മമാരും പ്രായം നോക്കാതെ കുഞ്ഞിന്റെ ക്ഷേമത്തിനായി രണ്ടു വയസ്സുവരെ മുലയൂട്ടൽ തുടരുന്നു. മതറിങ് യുവർ നേഴ്സിങ് റേറാഡ്ലർ എന്ന പുസ്തകം ഇപ്രകാരം പ്രസ്താവിക്കുന്നു: “മുലകുടി തുടർന്നുകൊണ്ടുപോകാനുള്ള കുട്ടികളുടെ ആഗ്രഹം മനസ്സിലാക്കാൻ വിഷമമില്ല—മുലകുടിക്കുമ്പോഴുള്ള അവരുടെ സന്തോഷവും അത് നിർത്തുമ്പോഴുള്ള അവരുടെ സങ്കടവും കണ്ടാൽ മതിയല്ലോ. മുലയൂട്ടൽ തുടർന്നുകൊണ്ടുപോകാനുള്ള നിസ്സാരമായ എന്നാൽ നിർബന്ധിതമായ കാരണം കുട്ടിയെ സന്തോഷിപ്പിക്കുക എന്നതാണ്.”
സ്നേഹവാനായ ഒരു സ്രഷ്ടാവിന്റെ തെളിവ്
ഒരുപക്ഷേ മററു കുടുംബാംഗങ്ങളെല്ലാം ഉറങ്ങുമ്പോൾ രാത്രിയിൽ വളരെ വൈകി നിങ്ങൾ കുഞ്ഞിനെ മുലയൂട്ടുകയായിരിക്കാം. അപ്പോൾ ഈ ക്രമീകരണത്തിന്റെ സ്രഷ്ടാവിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. ഇതു സാധ്യമാക്കിത്തീർക്കുന്ന സങ്കീർണമായ ശാരീരിക പ്രക്രിയകൾ നിങ്ങൾക്ക് അറിയാൻ പാടില്ലെങ്കിലും മുലയൂട്ടൽ എന്ന അത്ഭുതം നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനത്തെയും സ്നേഹത്തെയും പററി മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും.
ഒന്നു ചിന്തിച്ചുനോക്കൂ—അമ്മയുടെ പാലുപോലെ കുഞ്ഞുങ്ങൾക്കു ഗുണം ചെയ്യുന്ന ആഹാരം വേറൊന്നില്ല. ജീവിതത്തിന്റെ ആദ്യത്തെ മാസങ്ങളിൽ ആഹാരത്തിനും പാനീയത്തിനും വേണ്ടിയുള്ള കുഞ്ഞിന്റെ എല്ലാ ആവശ്യങ്ങളും അതു പൂർണമായി നിറവേററുന്നു. അതേസമയം, രോഗത്തിനെതിരെ സംരക്ഷണം നൽകുന്ന ഒരു അത്ഭുത മരുന്നുകൂടിയാണ് അത്. അത് സുരക്ഷിതമാണ്, ശുചിത്വമുള്ളതാണ്, തയ്യാറാക്കലിന്റെ ആവശ്യമില്ല, ചെലവൊന്നും വരുന്നുമില്ല. അത് ലോകത്തിൽ എവിടെയും ലഭ്യമാണ്. കുഞ്ഞു വലുതാകുന്നതനുസരിച്ച് അതിന്റെ ഉത്പാദനവും വർധിക്കുന്നു.
ഇനി, മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ആഹ്ലാദം പകരുന്ന ഒരു അനുഭവമാണെന്നുള്ള വസ്തുത മറക്കാതിരിക്കുക. ആഹാരത്തിന്റെ കൊടുക്കലും അധര സമ്പർക്കവും ചർമ സ്പർശവും ശാരീരികമായ ചൂടും അമ്മയ്ക്കും കുഞ്ഞിനും ഇടയിൽ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ഒരു ഉററബന്ധം വളർത്തിയെടുക്കുന്നു.
ഈ അത്ഭുത ക്രമീകരണത്തിന്റെ സ്രഷ്ടാവ് വാസ്തവമായും വൻ സ്തുതിക്കർഹനാണ്. സങ്കീർത്തനക്കാരനായ ദാവീദിന്റെ ഈ വാക്കുകൾ നിങ്ങൾ ഏററുപാടുമെന്നതിനു സംശയമില്ല: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു [യഹോവ] സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു.”—സങ്കീർത്തനം 139:14.
[12-ാം പേജിലെ ചതുരം]
ഭർത്താക്കൻമാരേ, പിന്തുണ കൊടുക്കുക
• നിങ്ങളുടെ ഭാര്യ മുലയൂട്ടുന്നത് നിങ്ങൾക്കു സമ്മതമാണെന്ന് അവൾ അറിയട്ടെ. അവളെ ധൈര്യപ്പെടുത്തുകയും സ്നേഹപൂർവം പിന്തുണയ്ക്കുകയും ചെയ്യുക.
• ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും സമീകൃതാഹാരം കഴിക്കാൻ നിങ്ങളുടെ ഭാര്യയെ സഹായിക്കുക.
• അവൾക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അവൾ ക്ഷീണിച്ചുതളരുന്നെങ്കിൽ മതിയായ പാൽ ഉത്പാദിപ്പിക്കാൻ വിഷമം നേരിടും. മററു കുട്ടികളുടെ കാര്യങ്ങൾ നോക്കിക്കൊണ്ടും വീട്ടുജോലികളിൽ പങ്കെടുത്തുകൊണ്ടും നിങ്ങൾക്ക് അവളുടെ ഭാരം ഒന്നു കുറയ്ക്കാൻ കഴിയുമോ?
• നിങ്ങളുടെ ഭാര്യ വിശ്രമമെടുത്ത് സന്തോഷമുള്ളവളായി കഴിയുന്നെങ്കിൽ അവൾ നന്നായി പാൽ ഉത്പാദിപ്പിക്കും. നിങ്ങൾ അവളെ കഴിയുന്നത്രയും സന്തോഷമുള്ളവളാക്കിത്തീർക്കുക. അവളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കുകയും അവ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുക.
[13-ാം പേജിലെ ചതുരം]
മുലയോ കുപ്പിയോ
“മുലപ്പാൽ കൂടുതൽ പോഷകപ്രദവും ശുചിത്വമുള്ളതും ആണ്. അത് സാധാരണ ഉണ്ടാകാനിടയുള്ള രോഗങ്ങൾക്കെതിരെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശക്തി നൽകുന്നു. അമ്മയ്ക്ക് സ്തനാർബുദവും അണ്ഡാശയ കാൻസറും വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശിശു ഫോർമുലകൾ ചെലവേറിയവയാണെന്നു മാത്രമല്ല, അവ പലപ്പോഴും അശുദ്ധ ജലം ഉപയോഗിച്ച് നേർപ്പിക്കുകയും തിളപ്പിക്കാത്ത കുപ്പികളിൽ ഒഴിച്ച് കുഞ്ഞുങ്ങൾക്കു കൊടുക്കുകയും ചെയ്യുന്നു. ആദ്യത്തെ നാലുമുതൽ ആറുവരെയുള്ള മാസങ്ങളിൽ മുലപ്പാൽ മാത്രം കൊടുക്കുന്ന ആ രീതിയിലേക്കു ലോകത്തിലെ അമ്മമാർ തിരിച്ചുപോകുന്നെങ്കിൽ ഓരോ വർഷവും 10 ലക്ഷം കുരുന്നു ജീവൻ രക്ഷപ്പെടുത്താനാവുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ദരിദ്ര സമൂഹങ്ങളിൽ മുലപ്പാലും കുപ്പിപ്പാലും തമ്മിലുള്ള വ്യത്യാസം അത്രമാത്രം ജീവൽപ്രധാനമാണ്.”—ഐക്യരാഷ്ട്ര ശിശുക്ഷേമനിധിയുടെ ഒരു പ്രസിദ്ധീകരണമായ ലോകത്തിലെ കുട്ടികളുടെ അവസ്ഥ 1993 (ഇംഗ്ലീഷ്).