ഹെയ്ററിയിലെ ശിൽപ്പാലങ്കൃത ഭവനങ്ങൾ
ഹെയ്ററിയിലെ ഉണരുക! ലേഖകൻ
ഹെയ്ററിയിലെ വശ്യസുന്ദരങ്ങളായ ശിൽപ്പാലങ്കൃത ഭവനങ്ങൾ യക്ഷിക്കഥയിൽനിന്നു പൊട്ടിമുളച്ചതൊന്നുമല്ല. അവ യഥാർഥങ്ങളാണ്. എന്നാൽ മറേറതോ യുഗത്തിന്റെ പ്രത്യേകതയെന്നു തോന്നിക്കുന്ന അലങ്കാരവും അസാധാരണമായ സൗന്ദര്യവും പച്ച, മഞ്ഞ, ചുമപ്പ്, നീല, മെറൂൺ എന്നീ നിറച്ചാർത്തുകളോടുകൂടിയ ഈ ഭവനങ്ങൾക്ക് ഒരു കഥപ്പുസ്തകത്തിന്റെ പരിവേഷം നൽകുന്നു.
ശിൽപ്പശൈലിയും ബലിഷ്ഠമായ ബാഹ്യഘടനയും അവയ്ക്ക് വിശിഷ്ടമായ ഒരു ആകാരം നൽകുന്നു. തടികൊണ്ടോ ഇഷ്ടികകൊണ്ടോ അല്ലെങ്കിൽ രണ്ടും ചേർത്തോ ഉള്ളതാണ് അതിന്റെ ബാഹ്യഘടന. ചില കെട്ടിടങ്ങൾക്ക് മൂടിയുള്ളതും തടിക്കാലുകളിൽ തള്ളിനിർത്തിയിരിക്കുന്നതുമായ ബാൽക്കണികളിലേക്കു തുറക്കുന്ന വലിയ ജനലുകളുണ്ട്. ചില ഭാഗങ്ങളിൽ പൂത്തൊടികളിലേക്കുള്ള വലിയ ഇടനാഴികൾ ഇരുമ്പു വിജാഗിരികളോടു കൂടിയ കോൺക്രീററുകൊണ്ടും തടികൊണ്ടുമുള്ള തൂണുകളാൽ അലങ്കൃതമാണ്. സുന്ദരമായ ലേസാകൃതിയിലുള്ള തടിപ്പണികൊണ്ട് എല്ലാടവും അലങ്കൃതമാണ്. കാളക്കണ്ണാകൃതിയുള്ള ജനലുകളും കാററാടികളും താഴികക്കുടങ്ങളും അതിന് ഒരു മായാലോകത്തിന്റെ പ്രതീതി നൽകുന്നു.
1990-കളുടെ ആരംഭദശയിൽ ശിൽപ്പാലങ്കൃത ഭവനങ്ങൾ ഈ വെസ്ററ് ഇൻഡീസ് നാട്ടിലെ ഇടത്തരക്കാരുടെ സമൂഹത്തിൽ പ്രസിദ്ധിയാർജിച്ചിരുന്നു. മഞ്ഞ ഇഷ്ടിക, ആസ്ബസ്റേറാസ് ഷീററ്, കീല് ഉത്പാദിപ്പിക്കുന്ന ഒരുതരം അമേരിക്കൻ പൈൻ എന്നിവയുടെ ഇറക്കുമതിച്ചെലവ് സാധാരണക്കാർക്ക് താങ്ങാൻ പററുന്നതായിരുന്നില്ല. ഇന്ന് ഇവ പോർട്ട്-ഔ-പ്രിൻസിലേക്കും മററു നഗരങ്ങളിലേക്കും കാഴ്ചക്കാരെ ആകർഷിക്കുന്ന ചരിത്രപരമായ ദൃശ്യരൂപങ്ങളായിത്തീർന്നിരിക്കുന്നു. ഈ ഭവനങ്ങളുടെ കാർപെൻറർ ഗോഥിക് എന്നു പറയുന്ന അതിസുന്ദരമായ ദാരുകർമങ്ങൾ സന്ദർശകർ വളരെയധികം പ്രിയപ്പെടുന്നു. തടികടയൽ യന്ത്രത്തിന്റെ നിർമിതിയോടെ അമേരിക്കാകളിൽ വികാസം പ്രാപിച്ച തൊങ്ങൽ ആകൃതിയിലുള്ള ശിൽപ്പാലങ്കൃത ശൈലിയാണ് ഇതു സാധ്യമാക്കിത്തീർത്തത്.
ഫ്രഞ്ച് സ്വാധീനം
ശിൽപ്പാലങ്കൃത നിർമിതിയിലെ ഒരു മുന്നണിപ്രവർത്തകനായ ലെയോണിന്റെ മകനും ശിൽപ്പകലാവിദഗ്ധനുമായ പോൾ മഥൻ ഹെയ്ററിയിലെ ശിൽപ്പാലങ്കൃത ഭവനങ്ങളുടെ വികാസത്തിലെ മറെറാരു സ്വാധീനത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരിക്കൽ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു: “ഈ ശിൽപ്പാലങ്കൃത ഭവനങ്ങളുടെ ഉത്ഭവം സംബന്ധിച്ച് നിശ്ചയമില്ല. ഒരു നൂററാണ്ടിൽ താഴെ പഴക്കമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ ഇത് വളരെ വിചിത്രമായി തോന്നിയേക്കാം. കാർപെൻറർ ഗോഥിക്ക് സ്വാധീനം നമുക്ക് നിഷേധിക്കാൻ കഴിയില്ല. എന്നാൽ ഇതിനുള്ള ഉത്തേജനം എവിടന്നു കിട്ടിയെന്നു മനസ്സിലാക്കുന്നതിന് നാം ഈ ശിൽപ്പാലങ്കൃത ഭവനങ്ങളുടെ പ്രോത്സാഹകർ കൂടെക്കൂടെ സന്ദർശിച്ചുവന്നിരുന്ന സ്കൂളുകളിലേക്കും നോക്കേണ്ടതാണ്. ഹെയ്ററിയൻ ജീവിതത്തിലും സംസ്കാരത്തിലും കാലാവസ്ഥയിലും മാററങ്ങൾ വന്നിട്ടുണ്ടെങ്കിലും ഫ്രഞ്ചുകാരുടെ സ്വാധീനം തികച്ചും വ്യക്തമാണ്.”
ഫ്രാൻസിൽ പരിശീലനം നേടിയ ഹെയ്ററിയൻ ശിൽപ്പകലാവിദഗ്ധരാണ് ഈ നിർമാണരീതി ഹെയ്ററിയിലേക്കു കൊണ്ടുവന്നത്. പോൾ മഥൻ ഇപ്രകാരം പറയുകയുണ്ടായി: “തങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നതിന് അവർ എഞ്ചിനീയർമാരെയും മേസ്തിരിമാരെയും പരിശീലിപ്പിച്ചു. ആശാരിമാർക്കു പരിശീലനം നൽകുന്ന സ്കൂളുകൾ ദാരുശിൽപ്പവേലയിൽ ഉഗ്രൻ വിദഗ്ധരെത്തന്നെ വാർത്തെടുത്തു. അതുപോലെതന്നെ കലാപരമായ ഒരു ആത്മാവും അവിടെ പ്രബലമായിരുന്നു. അത് ഈ ശിൽപ്പകലാരീതിയുടെ വ്യാപനത്തെ പ്രോത്സാഹിപ്പിച്ചു. എന്നാൽ കാലം കടന്നുപോയതോടെ ഇതെല്ലാം നഷ്ടമായി. അനുകരണമേൻമ കുറഞ്ഞുവന്നു.”
ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കു പററിയവിധത്തിൽ പാർപ്പിടങ്ങളിൽ തണുപ്പുനിൽക്കത്തക്കവിധം രൂപകല്പന ചെയ്തതാണ് ഈ ശിൽപ്പകലാരീതി. ഈ കെട്ടിടങ്ങളുടെ മച്ചുകൾക്ക് ആധുനിക കെട്ടിടങ്ങളുടെ മച്ചുകൾക്കുള്ളതിന്റെ ഇരട്ടി ഉയരം വരും. ഇത് വായുസഞ്ചാരം നടക്കത്തക്കവിധം മുറിക്ക് നല്ല വ്യാപ്തി നൽകുന്നു. അതിന്റെ ഫലമായി ചൂടു കുറയുന്നു. വീതിയുള്ള വാതിലുകളും തിരശ്ചീനമായ പാളികൾകൊണ്ടുള്ള ജനൽമറ ഇട്ട ജനലുകളും ഓരോ മുറിയിലും വായു സഞ്ചാരം ഉറപ്പാക്കുന്നു. അതുപോലെ തടി ധാരാളമായി ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള തറയും ഭിത്തിയും പുറത്തുള്ള ചൂടിനെ തടുക്കാനുള്ള നല്ലൊരു ഉപാധിയാണ്. എന്നാൽ പറഞ്ഞിട്ടെന്തു കാര്യം, ഈ ഭവനങ്ങൾ ഏറെ പുതിയ ശൈലികൾക്കു വഴിമാറിക്കൊടുക്കുകയാണ്.
കാഴ്ചബംഗ്ലാവിലേക്കുള്ള വസ്തുക്കൾ
ആധുനിക എയർ-കണ്ടീഷന്റെ ആവിർഭാവം ശിൽപ്പാലങ്കൃത ഭവനങ്ങളുടെ ആകർഷണീയത കുറെ കുറച്ചിട്ടുണ്ടെന്നത് സ്പഷ്ടമാണ്. തടികൊണ്ടുള്ള പണികൾ ചിതൽ തിന്നു നശിക്കുന്നതാകയാൽ ഈടുനിൽക്കുന്ന കോൺക്രീററു കെട്ടിടങ്ങളോടാണ് ആളുകൾക്കു പ്രിയം. എന്നാൽ ചില ശിൽപ്പകലാവിദഗ്ധർ പുതിയതും ഏറെ ഈടുനിൽക്കുന്നതുമായ ഈ ഭവനങ്ങളിൽ ശിൽപ്പാലങ്കൃത ശൈലികൾ ഉൾക്കൊള്ളിക്കുന്നുണ്ട്. മററുചിലരാണെങ്കിൽ വീടിന്റെ ചട്ടക്കൂട് കൂടുതൽ ഈടുള്ളതാക്കിനിർത്തുന്നതിന് അതുമാത്രം കോൺക്രീററുകൊണ്ട് പണിത് പഴയ ശിൽപ്പാലങ്കൃത ഭവനങ്ങളെ പുതുക്കിപ്പണിയുന്നു.
ചില ശിൽപ്പാലങ്കൃത ഭവനങ്ങൾ ഇപ്പോഴും ആർഭാടപൂർവം നിലകൊള്ളുന്നുവെങ്കിലും അവയ്ക്ക് ആ പൊയ്പോയ പ്രതാപം തിരിച്ചുകിട്ടില്ല. പുരാവസ്തുശേഖരങ്ങളായി—അന്യാദൃശമായ ഹെയ്ററിയൻ ശിൽപ്പകലാവൈദഗ്ധ്യത്തിന്റെ വിദഗ്ധവും അതിഗംഭീരവുമായ സ്മരണകളായി നിലകൊള്ളാനാണ് അവ ഒടുവിൽ വിധിക്കപ്പെട്ടിരിക്കുന്നത് എന്നു തോന്നുന്നു.