ബൈബിളിന്റെ വീക്ഷണം
ബൈബിൾ ചിന്താസ്വാതന്ത്ര്യത്തെ നിരുത്സാഹപ്പെടുത്തുന്നുവോ?
ജർമൻ ഉദ്യോഗസ്ഥൻമാർ തീക്കുണ്ഡത്തിലേക്കു വലിച്ചെറിഞ്ഞ അമൂല്യ ഗ്രന്ഥങ്ങൾ തിന്നുതീർത്തുകൊണ്ട് തീനാളങ്ങൾ ആകാശത്തേക്കുയർന്നു. ജർമനിയിൽനിന്നുള്ള ഒരു രംഗമോ? അതേ, എന്നാൽ അത് വേണമെങ്കിൽ 1199-ലെ ഒരു രംഗവുമാകാമായിരുന്നു. ജർമൻഭാഷയിലുള്ള എല്ലാ ബൈബിളും ചുട്ടെരിക്കാൻ ഒരു റോമൻ കത്തോലിക്കാ ആർച്ചുബിഷപ്പ് കൽപ്പന പുറപ്പെടുവിച്ചത് അന്നായിരുന്നു.
വാസ്തവത്തിൽ, പുസ്തകം കത്തിക്കൽ—ചിന്താസ്വാതന്ത്ര്യത്തിന്റെയും സംസാരസ്വാതന്ത്ര്യത്തിന്റെയും മേലുള്ള അടിച്ചമർത്തലിന്റെ ഒരു സാർവത്രിക പ്രതീകം—അനേകം രാജ്യങ്ങളിൽ അനേകം നൂററാണ്ടുകളിൽ നടന്നിട്ടുണ്ട്. മിക്കപ്പോഴും ഇത് ഇളക്കിവിട്ടിട്ടുള്ളത് സാമാന്യ ജനത്തിൻമേൽ ചിന്താസ്വാതന്ത്ര്യത്തിനുള്ള ഫലത്തെ ഭയപ്പെട്ടിരുന്ന മതനേതാക്കൻമാരാണ്.
തുറന്നരീതിയിലുള്ള യുക്തിപരമായ അന്വേഷണത്തിനെതിരെ ബൈബിൾ കർക്കശമായ നിയന്ത്രണങ്ങൾ വയ്ക്കുന്നുവെന്ന് ഇന്നു പലരും ചിന്തിക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ യഥാർഥത്തിൽ ബൈബിൾ അത്തരം നിയന്ത്രണങ്ങൾ വയ്ക്കുന്നുണ്ടോ? ചിന്താസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നുവോ?
‘പൂർണമനസ്സോടെ യഹോവയെ സ്നേഹിക്കുക’
മനസ്സിന്റെ ഉപയോഗത്തെ ബൈബിൾ നിരുത്സാഹപ്പെടുത്തുന്നില്ല. വാസ്തവത്തിൽ, ‘നമ്മുടെ പൂർണമനസ്സോടെ യഹോവയെ സ്നേഹിക്കാൻ’ നമ്മേ ഓരോരുത്തരെയും യേശു പ്രോത്സാഹിപ്പിച്ചു. (മർക്കോസ് 12:30, NW) ആനുകാലിക സംഭവങ്ങൾ (ലൂക്കൊസ് 13:1-5), ജീവശാസ്ത്രം (മത്തായി 6:26, 28; മർക്കൊസ് 7:18, 19), കൃഷി (മത്തായി 13:31, 32), മനുഷ്യപ്രകൃതി (മത്തായി 5:28; 6:22-24) എന്നിവയിൽ വലിയ താത്പര്യം യേശുവിനുണ്ടായിരുന്നുവെന്ന് അവന്റെ ശുശ്രൂഷ പ്രകടമാക്കുന്നു. ദൈവവചനത്തിലെ തത്ത്വങ്ങളും തന്റെ ശ്രോതാക്കളുടെ പശ്ചാത്തലവും ചിന്താരീതിയും അവൻ വ്യക്തമായി മനസ്സിലാക്കിയെന്ന് അവന്റെ ദൃഷ്ടാന്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ ബൈബിളിനെയും തന്റെ ശ്രോതാക്കളെയും ഒരേ തട്ടിൽ കൊണ്ടുവരാൻ അവൻ ശ്രദ്ധാപൂർവം ചിന്തിച്ചിരുന്നുവെന്നും അവ സൂചിപ്പിക്കുന്നു.
തങ്ങളുടെ “ന്യായബോധത്തിന്റെ ശക്തി”യാൽ ദൈവത്തിനു സേവനമർപ്പിക്കാൻ പൗലോസ് എല്ലാ ക്രിസ്ത്യാനികളോടും അഭ്യർഥിച്ചു. (റോമർ 12:1, NW) വഴിതെററിക്കുന്ന ‘നിശ്വസ്തമൊഴികൾ ന്യായബോധത്തിൽനിന്ന് അവരെ കുലുക്കിക്കളയാൻ’ അനുവദിക്കാതിരിക്കുന്നതിനു പൗലോസ് തെസലോനിക്യരെ പ്രോത്സാഹിപ്പിച്ചു. (2 തെസലോനിക്യർ 2:2, NW) അദ്ദേഹത്തിന് ഗ്രീക്കുഭാഷയെയും ഗ്രീക്കു കാവ്യത്തെയും (പ്രവൃത്തികൾ 17:28; തീത്തൊസ് 1:12) സൈനികോപകരണങ്ങളെയും നടപടിക്രമങ്ങളെയും (എഫെസ്യർ 6:14-17; 2 കൊരിന്ത്യർ 2:14-16) കുറിച്ചുള്ള അറിവുണ്ടായിരുന്നു. പ്രാദേശിക ആചാരരീതികൾ അദ്ദേഹം ശരിക്കും നിരീക്ഷണവിധേയമാക്കിയിരുന്നു.—പ്രവൃത്തികൾ 17:22, 23.
യേശുവും പൗലോസും വളരെയധികം ചിന്താസ്വാതന്ത്ര്യം ആസ്വദിച്ചിരുന്നു. ആയതിനാൽ ശരിയും തെററും സംബന്ധിച്ച കാര്യത്തിൽ അവർ സമ്പൂർണ അധികാരികളായി സ്വയം കരുതിയില്ല. സ്വന്തം ന്യായവാദത്തെ അനുകൂലിച്ചുകൊണ്ട് ബൈബിളിനെ തള്ളിക്കളയുന്നതിനു പകരം യേശു തിരുവെഴുത്തുകളിൽനിന്നു കൂടെക്കൂടെ ഉദ്ധരിച്ചു. യേശുവിന്റെ കാര്യത്തിൽ ദൈവേഷ്ടമായിരുന്ന അവന്റെ ബലിമരണത്തിൽനിന്നു വ്യത്യസ്തമായ ഒരു ഗതിയെക്കുറിച്ചു പരിചിന്തിക്കാൻ പത്രോസ് പ്രോത്സാഹിപ്പിച്ചപ്പോഴുള്ള അവന്റെ പെട്ടെന്നുള്ള നിശിതമായ മറുപടി അത്തരമൊരു മാർഗത്തിൽ അവൻ ചിന്തിക്കുകപോലും ചെയ്യുമായിരുന്നില്ലെന്നു പ്രകടമാക്കുന്നു. (മത്തായി 16:22, 23) സമാനമായി പൗലോസ് കൊരിന്ത്യരോട് ഇപ്രകാരം പറഞ്ഞു: “ഞാൻ നിങ്ങളുടെ അടുത്തു വന്നപ്പോൾ പ്രഭാഷണത്തിന്റെയോ തത്ത്വചിന്തയുടെയോ ഏതെങ്കിലും തരത്തിലുള്ള പ്രകടനവുമായിട്ടല്ല വന്നത്, പിന്നെയോ ദൈവം ഉറപ്പുനൽകിയിരുന്നതിനെക്കുറിച്ചു നിങ്ങളോടു സംസാരിക്കാനാണു വന്നത്.” (1 കൊരിന്ത്യർ 2:1, ദ ജറൂസലേം ബൈബിൾ) യേശുവിനെപ്പോലെതന്നെ, അദ്ദേഹത്തിന്റെ ന്യായവാദം തികച്ചും തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെട്ടിരുന്നു.—പ്രവൃത്തികൾ 17:2.
ഒരുവന്റെ മാനസികപ്രാപ്തികളെ പൂർണമായി ഉപയോഗിക്കാൻ ബൈബിൾ പ്രോത്സാഹനം നൽകുന്നുണ്ട്. എന്നാൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാനല്ല. എന്നിരുന്നാലും, നമ്മുടെ ചിന്തയെ ദൈവത്തിന്റെ ചിന്തയോടു യോജിപ്പിൽ നിർത്തുന്നതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് ഓരോ ക്രിസ്ത്യാനിയുടെയും മേലാണ്, അല്ലാതെ സഭയുടെമേലല്ല. ധാരാളം എഫേസ്യർ ആത്മവിദ്യാചാരത്തെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്ത്യാനികളായിത്തീർന്നപ്പോൾ അവരുടെ പുസ്തകങ്ങൾ കത്തിച്ചുകളയുന്നതിന്റെ ഉത്തരവാദിത്വം പൗലോസ് ഏറെറടുത്തില്ല. മറിച്ച്, “മന്ത്രവാദം നടത്തിയിരുന്ന അനേകർ തങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ ചുട്ടുകരിച്ചു.” (പ്രവൃത്തികൾ 19:19, ഓശാന ബൈബിൾ) തങ്ങളുടെ ഗ്രന്ഥങ്ങൾ ചുട്ടെരിക്കേണ്ടതിന്റെ ആവശ്യം ഈ ക്രിസ്ത്യാനികൾക്ക് എന്തുകൊണ്ടാണു തോന്നിയത്?
ആദ്യത്തെ ഉപരോധമാർഗം
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. വിജയപ്രദമായ ഒരു സൈനിക ഉപരോധത്തിൽ അനേകം തരത്തിലുള്ള ഉപരോധ മാർഗങ്ങളുണ്ട്. ഇവയിൽ ഏതെങ്കിലുമൊന്ന് അപ്രധാനമാണെന്നും പോരാടിനോക്കാതെ ഉപേക്ഷിച്ചുകളയാമെന്നും വിജയപ്രദനായ ഒരു ജനറലും വിചാരിക്കുകയില്ല. അതുപോലെതന്നെ പാപത്തിനെതിരെയുള്ള ഒരു ക്രിസ്ത്യാനിയുടെ പോരാട്ടത്തിൽ അനവധി ഉപരോധമാർഗങ്ങളുണ്ട്.
“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു” എന്ന് യാക്കോബ് 1:14, 15 പ്രസ്താവിക്കുന്നു. പാപത്തിലേക്കുള്ള ആദ്യ പടി മനസ്സിൽ തെററായ ആഗ്രഹം നട്ടുവളർത്തുന്നതാണ്. അതുകൊണ്ട് ഒന്നാമത്തെ ഉപരോധമാർഗം ആഗ്രഹം നട്ടുവളർത്തുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കുക, അതായത് ഒരുവന്റെ ചിന്തയെ നിയന്ത്രിക്കുക എന്നതാണ്.
ചിന്തകളും പ്രവർത്തനങ്ങളും തമ്മിൽ ഈ ബന്ധമുള്ളതുകൊണ്ടാണു ബൈബിൾ നമുക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നത്: “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” (കൊലൊസ്സ്യർ 3:2) അധാർമികത, ആത്മവിദ്യ, അല്ലെങ്കിൽ വിശ്വാസത്യാഗം എന്നിവയുടെമേൽ മാനസികമായി വ്യാപരിക്കാൻ ക്രിസ്ത്യാനികൾ വിസമ്മതിക്കുമ്പോൾ അവർ ഈ തീരുമാനമെടുക്കുന്നത് ആ ആശയങ്ങൾ ബൈബിൾ സത്യങ്ങളെക്കാൾ ശ്രേഷ്ഠമെന്നു തെളിയും എന്നു ഭയപ്പെടുന്നതുകൊണ്ടല്ല, പിന്നെയോ പാപപൂർണമായ ഒരു ഗതിയിലേക്കു തങ്ങളെ വശീകരിച്ചുകളയാൻ യാതൊന്നിനെയും അനുവദിക്കാൻ അവർ ആഗ്രഹിക്കാത്തതുകൊണ്ടാണ്.
‘സകലവും തുറന്നു കിടക്കുന്നു’
യഹോവയോടുള്ള സ്നേഹവും നമ്മുടെ ചിന്തകളെ കാണാനുള്ള അവന്റെ പ്രാപ്തിയോടുള്ള ആദരവുമാണ് നമ്മുടെ ചിന്തയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാനമായ മറെറാരു കാരണം. ചെളിയോ പൊടിയോ അലർജിയുള്ള ഒരു പ്രിയ സ്നേഹിതനോ അടുത്ത ബന്ധുവോ നിങ്ങൾക്കുള്ളതായി സങ്കൽപ്പിക്കുക. അദ്ദേഹത്തെ ക്ഷണിക്കണമെങ്കിൽ നിങ്ങളുടെ ഭവനത്തിൽ കൂടുതൽ ശുചീകരണം വരുത്തേണ്ടതുണ്ട് എന്നു വിചാരിച്ച് നിങ്ങൾ ആ സ്നേഹിതനെ ക്ഷണിക്കാതിരിക്കുമോ? വസ്തുക്കൾ വൃത്തിയുള്ളതാക്കാൻ ആവശ്യമായിരിക്കുന്ന കൂടുതൽ ശ്രമം നടത്താൻ സ്നേഹം നിങ്ങളെ പ്രേരിപ്പിക്കുകയില്ലേ? നമ്മുടെ ആന്തരിക ചിന്തകളോടുള്ള യഹോവയുടെ പ്രതികരണസ്വഭാവം സങ്കീർത്തനം 44:21-ൽ പ്രകടമാക്കിയിരിക്കുന്നു: “അവൻ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.” ആ ചിന്തകൾക്കു നാം കണക്കു ബോധിപ്പിക്കേണ്ടവരാണെന്നു പൗലോസ് പറഞ്ഞു: “അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.”—എബ്രായർ 4:13; സങ്കീർത്തനം 10:4; സദൃശവാക്യങ്ങൾ 6:16, 18.
മനുഷ്യൻ തന്റെ ചിന്തകളുടെ കാര്യത്തിൽ ദൈവത്തോട് ഉത്തരവാദിത്വമുള്ളവനാണെന്ന് ഇയ്യോബ് അംഗീകരിച്ചു. ‘ഇയ്യോബ് പക്ഷെ എന്റെ പുത്രൻമാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ഹോമയാഗങ്ങളെ കഴിച്ചു.’ (ഇയ്യോബ് 1:5) തെററായ ഒരു ഗതിയെക്കുറിച്ചു ബോധപൂർവം ചിന്തിക്കുന്നതിനെ യഹോവ ഒരു പാപമായി വീക്ഷിച്ചേക്കാം.—താരതമ്യം ചെയ്യുക: പുറപ്പാടു 20:17.
യഥാർഥ ചിന്താസ്വാതന്ത്ര്യം
“ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചട”ക്കുന്നതിനെ ഒരു ലാക്കാക്കി വെക്കാൻ ബൈബിൾ ഓരോ ക്രിസ്ത്യാനിയെയും പ്രോത്സാഹിപ്പിക്കുന്നു. (2 കൊരിന്ത്യർ 10:5) ഇത് ആർജിക്കുന്നത് മതനേതാക്കൻമാർ വയ്ക്കുന്ന നിയന്ത്രണങ്ങളാലല്ല, പിന്നെയോ ആത്മനിയന്ത്രണം നട്ടുവളർത്തുന്നതിലൂടെയും യഹോവയോടും അവനെയും അവന്റെ തത്ത്വങ്ങളെയും സംബന്ധിച്ച ഗ്രാഹ്യത്തോടുമുള്ള സ്നേഹത്തിലൂടെയുമാണ്. ഈ ലക്ഷ്യം നേടുന്നതോടൊപ്പം യഥാർഥ ചിന്താസ്വാതന്ത്ര്യവും ലഭിക്കുന്നു. അതു ദൈവിക നിലവാരങ്ങളാൽ മാത്രമേ നിയന്ത്രിക്കപ്പെടുന്നുള്ളൂ. നാം ചിന്തകളിൽപ്പോലും യഹോവയെ പ്രസാദിപ്പിക്കുകയാണെന്ന് അറിയുന്നതിന്റെ സന്തോഷം ആ സ്വാതന്ത്ര്യത്തെ പരിപുഷ്ടിപ്പെടുത്തും.
[20-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ബിൽഡർസാൽ ഡോയ്ച്ചർ ജെഷിക്ററ് എന്ന പുസ്തകത്തിൽനിന്ന്