ക്രാക്കറേറാവ—വീണ്ടും വന്ന വിപത്ത്
ഇൻഡോനേഷ്യയിലെ ഉണരുക! ലേഖകൻ
കരീററ ബീച്ച് എത്രയോ പ്രശാന്തം. പ്രക്ഷുബ്ധമായ ഒരു കഴിഞ്ഞകാലത്തെക്കുറിച്ചുള്ള യാതൊരു സൂചനയുമില്ല. ഇൻഡോനേഷ്യൻ ദ്വീപുകളായ ജാവയെയും സുമാട്രയെയും വേർതിരിക്കുന്ന സൂൺഡാ കടലിടുക്കിൽ സ്ഥിതിചെയ്യുന്ന ജക്കാർത്താ നഗരത്തിൽനിന്നും ഏതാണ്ട് 150 കിലോമീററർ പടിഞ്ഞാറുമാറി കിടക്കുന്ന ഈ ബീച്ച് ജാവയിലെ പ്രശാന്തമായ ഒരു സുഖവാസസ്ഥലമാണെന്നേ എങ്ങനെ നോക്കിയാലും തോന്നൂ. ജക്കാർത്തയിലെ ആൾത്തിരക്കും വാഹനഗതാഗത സ്തംഭനവും വളരെ വിദൂരത്തിലാണെന്നു തോന്നുന്നു. അന്തരീക്ഷം ശാന്തം, സ്വസ്ഥം. അവിടെയുള്ള വീടുകൾ വെള്ളത്തിനടുത്ത് ധൈര്യമായി തലയുയർത്തി നിൽക്കുന്നു.
എന്നാൽ ആ പേര്—കരീററ ബീച്ച്—പ്രക്ഷുബ്ധമായ ചരിത്രത്തിന്റെ നിഗൂഢമായ ഒരു സൂചനയാണ്. “കഥ” എന്നർഥമുള്ള ഒരു ഇൻഡോനേഷ്യൻ പദമാണ് “കരീററ.” ഈ മേഖലയിലെ മററനേകം സ്ഥലങ്ങളെയും പോലെ ഒട്ടേറെ ദുരന്തകഥകളുറങ്ങുന്ന ഒരു സ്ഥലമാണ് കരീററ. അവയെല്ലാം, ഈ മേഖലയിൽ ഉഗ്രമായ സ്ഫോടനം ഉളവാക്കി ലോകത്തിനു ചുററും അതിന്റെ പ്രഭാവം അനുഭവവേദ്യമാക്കിയ ഒരൊററ അത്യാപത്തിൽനിന്നും ഉദയം ചെയ്യുന്നതാണ്.
കരീററ ബീച്ചിൽ നിന്നുകൊണ്ട് സൂൺഡാ കടലിടുക്കിലെ ശാന്തമായ നീലജലപ്പരപ്പിനപ്പുറത്തേക്കു നോക്കിയാൽ ഒരു പററം കൊച്ചു ദ്വീപുകൾ കാണാം. അവയിലൊന്നായ അനാക്ക് ക്രാക്കററൗ (ക്രാക്കറേറാവയുടെ കുട്ടി) ദ്വീപിൽനിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്. അശുഭസൂചകമായ ആ പേര് അതിന്റെ കോപാകുലനായ ‘പിതാവാ’യ ക്രാക്കറേറാവ പർവതത്തെ ഓർമയിലേക്കു കൊണ്ടുവരുന്നു. 1883 ആഗസ്ററ് 27-ന് മുഴു ആധുനിക ചരിത്രത്തിലെയും ഏററവും വലിയ അഗ്നിപർവത സ്ഫോടനത്തിനുശേഷം ക്രാക്കറേറാവ പർവതത്തിന്റെ ഭൂരിഭാഗവും സൂൺഡാ കടലിടുക്കിലെ വെള്ളത്തിനടിയിൽ അപ്രത്യക്ഷമായി.
ഈ ദ്വീപസമൂഹം സന്ദർശിക്കാൻ ഞങ്ങൾ 17 പേരടങ്ങുന്ന ഒരു സംഘം കരീററ ബീച്ചിൽനിന്നു യാത്ര തിരിച്ചു. കടലിടുക്കിനു കുറുകെ 40 കിലോമീററർ ദൂരം യാത്ര ചെയ്യാൻ ഞങ്ങൾ ഒരു ബോട്ട് വാടകയ്ക്കെടുത്തു. ജാവാ കടൽത്തീരം മൂടൽമഞ്ഞിൽ മറഞ്ഞപ്പോൾ ക്രാക്കറേറാവയുടെ പ്രക്ഷുബ്ധമായ ഭൂതകാലത്തെക്കുറിച്ച് ഞാൻ ഓർമകൾ അയവിറക്കി.
ക്രാക്കറേറാവയുടെ പ്രക്ഷുബ്ധമായ ചരിത്രം
ഇന്നു ക്രാക്കറേറാവ നാലു ദ്വീപുകൾ ഉൾപ്പെടുന്ന ഒരു ദ്വീപസമൂഹത്തിന്റെ പേരാണ്: റക്കാററ, പാൻജാങ്, സേർററൂങ്, മധ്യഭാഗത്തുള്ള അനാക്ക് ക്രാക്കററൗ എന്നിവ. റക്കാററ ദീർഘകാലമായി അഗ്നിപർവത സ്ഫോടനങ്ങളുടെ കേന്ദ്രമായിരുന്നു. സമീപത്തുള്ള കടലിൽനിന്നു നൂററാണ്ടുകൾക്കു മുമ്പു രണ്ട് അഗ്നിപർവത കൊടുമുടികൾ കൂടി ഉയർന്നുവന്നപ്പോൾ അതു ഭീമാകാരമായി പൊങ്ങിവന്നു. കാലക്രമേണ അവ റക്കാററയുമായി ചേർന്ന് വമ്പൻ ക്രാക്കറേറാവ പർവതമായിത്തീർന്നു. അനുഗ്രഹമെന്നു പറയാമല്ലോ ഈ പ്രവർത്തനങ്ങളെല്ലാം ഈ ദ്വീപിൽ ആരും പാർക്കാതിരിക്കാൻ ഇടയാക്കിയെന്നു തോന്നുന്നു.
1680-ൽ മിതമായ അളവിലുണ്ടായ അഗ്നിപർവത സ്ഫോടനം സസ്യങ്ങളെ മുഴുവൻ നശിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ 1883 ആയപ്പോഴേക്കും തഴച്ചുവളരുന്ന ഉഷ്ണമേഖലാ സസ്യങ്ങൾക്കൊണ്ട് ക്രാക്കറേറാവ നിറഞ്ഞിരുന്നു. എന്നാൽ 1883 മേയ് 20-ന് കല്ലും ചാരവും പുകയും പുറത്തേക്കു തുപ്പിക്കൊണ്ട് സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ തുടർച്ചയായ ആരവത്തോടെ ഈ ദ്വീപ് വീണ്ടും സജീവമായി. ജൂൺ, ജൂലൈ മാസങ്ങളിലും പ്രക്ഷുബ്ധതയുണ്ടായി. ആഗസ്ററ് പകുതിയായപ്പോഴേക്കും മൂന്നു വലിയ അഗ്നിപർവതക്കുഴികളിൽനിന്നും പുകയും പൊടിയും കല്ലും ചാരവും വലിയ അളവിൽ പുറത്തേക്കു വമിച്ചുകൊണ്ടിരുന്നു. ആ കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പൊങ്ങിക്കിടക്കുന്ന അഗ്നിപർവത ലാവാക്കൂനകൾക്കിടയിലൂടെ ചാലിട്ട് നീങ്ങേണ്ടിവന്നു, അപ്പോൾ കപ്പൽത്തട്ടിൽ ചാരമഴ പെയ്തുകൊണ്ടിരുന്നു.
അതേ ഭാഗത്തുകൂടി പോയ ഞങ്ങളുടെ ബോട്ടിന്റെ ഡെക്കിൽ ചിലപ്പോഴൊക്കെ വന്നു വീണുകൊണ്ടിരുന്നത് പറക്കൽ മത്സ്യങ്ങളായിരുന്നു. ബോട്ടിന്റെ മുകളിലൂടെ അപ്പുറം ചാടിക്കടക്കാൻ കഴിയാതെവന്ന മത്സ്യങ്ങളായിരുന്നു അവ. ഈ ശാന്തമായ വെള്ളത്തിനുമീതെ കനത്ത വിഷാദവും നാശവും തളംകെട്ടിനിന്ന ഒരു സമയത്തെക്കുറിച്ചു ചിന്തിക്കുക പ്രയാസമായിരുന്നു. എന്നാൽ അത്യാപത്ത് പിന്നെയും അവശേഷിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
ആഗസ്ററ് 26-ന് അന്ത്യം അടുത്തുവന്നു. ഒന്നിനു പിന്നാലെ ഒന്നായി സ്ഫോടനങ്ങൾ അവിരാമം ഹുങ്കാരശബ്ദം മുഴക്കി. ഒടുവിൽ ആഗസ്ററ് 27-ന് നാലു വലിയ പൊട്ടിത്തെറികൾ—രാവിലെ 5:30-ന്, 6:44-ന്, 10:02-ന്, 10:52-ന്—അഗ്നിപർവതത്തെ പിടിച്ചുകുലുക്കി. പരകോടിയിലെത്തിയ മൂന്നാമത്തെ സ്ഫോടനം ഹിരോഷിമയിലെ ആറേറാമിക സ്ഫോടനത്തെക്കാളും പിന്നീടുണ്ടായ ഏതെങ്കിലും സ്ഫോടനങ്ങളെക്കാളും പല മടങ്ങു വലുതായിരുന്നു. വാസ്തവത്തിൽ, 1,00,000 ഹൈഡ്രജൻ ബോംബുകളുടെ ശക്തി അതിനുണ്ടായിരുന്നുവെന്ന് ചിലർ പറയുന്നു. ഓസ്ട്രേലിയ, മ്യാൻമാർ, 5,000 കിലോമീററർ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ കിടക്കുന്ന റോഡ്രിഗസ് ദ്വീപ് എന്നിവിടങ്ങളിൽ അതു കേൾക്കുകയുണ്ടായി. അന്തരീക്ഷത്തിലുളവായ മർദതരംഗങ്ങൾ ശക്തി കുറഞ്ഞ് ഇല്ലാതായിത്തീരുന്നതിനു മുമ്പ് ഭൂമിയെ ഏഴര പ്രാവശ്യം ചുററി. അങ്ങകലെ ഇംഗ്ലീഷ് ചാനലിൽ കിടന്ന ബോട്ടുകൾക്കുപോലും ഭൂകമ്പത്താൽ ഉണ്ടായ സമുദ്രതരംഗങ്ങളാൽ കുലുക്കമനുഭവപ്പെട്ടു.
ചാരധൂളികളുടെ മേഘക്കുട 80 കിലോമീറററോളം ഉയരത്തിൽ പൊങ്ങി വിടർന്നു. രണ്ടര ദിവസത്തോളം ആ മുഴു പ്രദേശത്തെയും അന്ധകാരം മൂടി. സൂൺഡാ കടലിടുക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ ലോയ്ഡ്സ് ഓഫ് ലണ്ടൻ എല്ലാ കപ്പലുകൾക്കും മുന്നറിയിപ്പു നൽകിയതായി 1883 ആഗസ്ററ് 30-ലെ ദ ന്യൂയോർക്ക് ടൈംസ് ഉദ്ധരിച്ചു. അതിലെയുള്ള നാവികയാത്ര അപകടകരമായിരുന്നു. കാരണം എല്ലാ ലൈററ്ഹൗസുകളും “അപ്രത്യക്ഷപ്പെട്ടിരുന്നു.” അഗ്നിപർവതധൂളീപടലം അന്തരീക്ഷത്തിൽ വളരെ ഉയരത്തിൽ എത്തി. വായുപ്രവാഹം അതിനെ ആഴ്ചകൾക്കുള്ളിൽ ഗോളത്തിനു ചുററും എത്തിച്ചു. ഒന്നോ രണ്ടോ വർഷത്തേക്കുണ്ടായിരുന്ന ഉജ്ജ്വലമായ സൂര്യോദയങ്ങൾ, അസ്തമയങ്ങൾ, സൂര്യദീപ്തികൾ, ആകാശത്തിലെ മററു പ്രതിഭാസങ്ങൾ തുടങ്ങിയവ ആയിരുന്നു ഒരു പരിണതഫലം.
ജീവനാശം
സ്ഫോടനം സമുദ്രത്തിൽ വലിയ തരംഗങ്ങൾ ഉണ്ടാക്കി. ററ്സുനാമിസ് എന്നു വിളിക്കപ്പെടുന്ന അവ പുറംകടലിൽ 15 മീറററോളം ഉയരത്തിൽ പൊങ്ങി. മെറാക്ക് എന്ന ജാവനീസ് പട്ടണത്തിലെ ഒരു ഇടുങ്ങിയ കടലിടുക്കിലേക്ക് അടിച്ചുകയറിയ ജലമതിൽ 40 മീറററോളം ഉയരത്തിൽ പൊങ്ങിയതായി വിശ്വസിക്കപ്പെടുന്നു. ആ പട്ടണത്തെ പൂർണമായി തകർത്തുതരിപ്പണമാക്കിക്കൊണ്ട് അത് ഊററമായി വന്നലച്ചു. ജാവയിലെയും സുമാട്രയിലെയും മററു പല പട്ടണങ്ങളും സമാനമായ കേടുപാടുകൾ അനുഭവിച്ചു. ററ്സുനാമിസിൽ ഏതാണ്ട് 37,000 പേർ മുങ്ങിമരിച്ചു. ഒരു പടക്കപ്പൽ 3 കിലോമീററർ കരയിൽമാറി പുതഞ്ഞുപോയതായി കാണപ്പെട്ടു!
എന്താണു വാസ്തവത്തിൽ സംഭവിച്ചത്? ഭയാനകമായ ക്രാക്കറേറാവ, ദ്രവശില [magma] നിറഞ്ഞ അതിന്റെ വമ്പൻ ഉള്ളറ കാലിയാക്കിക്കൊണ്ട് ഏതാണ്ട് 20 ഘന കിലോമീററർ അവശിഷ്ടങ്ങൾ പുറത്തേക്കു തള്ളി. ശൂന്യമായ അറ തകർന്നടിഞ്ഞപ്പോൾ ദ്വീപിന്റെ മൂന്നിൽ രണ്ടുഭാഗവും സമുദ്രത്തിലേക്ക് ആണ്ടുപോയി. സമുദ്രനിരപ്പിനുമേൽ 300 മീററർ ഉയർന്നുനിന്നിരുന്ന ഭൂതലം സമുദ്രനിരപ്പിനു താഴേക്ക് 300 മീററർ താണുപോയി. ഏററവും ഉയരം കൂടിയ അഗ്നിപർവത കൊടുമുടിയായ റാക്കററയുടെ പാതി മാത്രമേ അവശേഷിച്ചുള്ളൂ.
പാൻജാങ്, സേർററൂങ് എന്നീ ദ്വീപുകളും റാക്കററയുടെ അവശേഷിച്ച ഭാഗവും ചൂടുള്ള പാഴായ ചാരംകൊണ്ടു 30 മീററർ കനത്തിൽ മൂടിപ്പോയി. എല്ലാത്തരം ജീവനും നശിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. ഒമ്പതു മാസത്തിനുശേഷം ഒരു സർവേ നടത്തിയപ്പോൾ ഒരു ചെറിയ ചിലന്തി മാത്രം വല ഉണ്ടാക്കുന്നതായി കണ്ടു. തുടർന്നുവന്ന വർഷങ്ങളിൽ ക്രാക്കറേറാവ ഒരു പരീക്ഷണശാല പോലെയായിത്തീർന്നു. ഈ മൂന്നു ദ്വീപുകളിലേക്കുള്ള ജീവന്റെ മടങ്ങിവരവിനെക്കുറിച്ചു ശാസ്ത്രജ്ഞർ തെളിവു നൽകുന്നു. അവിടേക്കു ജീവൻ വരാൻ കഴിയുമായിരുന്ന ഏററവും അടുത്ത ദ്വീപ് 40 കിലോമീററർ അകലെയായിരുന്നു.
60-ലധികം വർഷം മുമ്പ് ഈ മൂന്നു ദ്വീപുകളുടെ മധ്യഭാഗത്തായി സമുദ്രത്തിൽ ഒരു പുതിയ അഗ്നിപർവതശിഖരം ഉയർന്നുവന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ ക്രാക്കറേറാവയുടെ ഈ കുട്ടി (അനാക്ക് ക്രാക്കററൗ) പൊട്ടിത്തെറിച്ച് വളർന്നുവന്നു. ഇന്ന് അതിന് ഏതാണ്ട് 200 മീററർ ഉയരവും 2 കിലോമീററർ വീതിയുമുണ്ട്—അതു വളരെ സജീവവുമാണ്! കലിതുള്ളാൻ പ്രവണതയുള്ള ഈ കുട്ടിയെയാണ് ഞങ്ങൾ ആദ്യം സന്ദർശിച്ചത്.
ക്രാക്കറേറാവയുടെ കുട്ടിയെയും അയൽക്കാരെയും സന്ദർശിക്കുന്നു
ഞങ്ങൾ ബോട്ട് അനാക്ക് ക്രാക്കററൗവിന്റെ തീരത്തേക്കടുപ്പിച്ചു. ആയാസപ്പെട്ട് ഞങ്ങൾ തിളങ്ങുന്ന കറുത്ത മണൽനിറഞ്ഞ തീരത്തിറങ്ങി. ദ്വീപിന്റെ കിഴക്കേ അററം കാററാടി മരങ്ങൾക്കൊണ്ട് നിബിഡമായിരുന്നു. ചില മരങ്ങളുടെ തായ്ത്തടിക്ക് 60 സെൻറിമീററർവരെ വ്യാസമുണ്ടായിരുന്നു. അമ്പരപ്പിക്കുംവിധം വൈവിധ്യമാർന്ന മററു ചെടികളും പുഷ്പങ്ങളും ഉണ്ടായിരുന്നു. പല വർഗങ്ങളിൽപ്പെട്ട പക്ഷികൾ വൃക്ഷങ്ങൾക്കിടയിലൂടെ പറന്നുനടന്നു. വവ്വാലുകൾ ഒരു അത്തിവൃക്ഷത്തിൽ തലകീഴായി തൂങ്ങിക്കിടന്നിരുന്നു. നിലത്തെ കുററിച്ചെടികൾക്കിടയിലൂടെ പല്ലിവർഗത്തിൽപ്പെട്ട ജന്തുക്കൾ ഓടിനടന്നു. ദ്വീപിൽ വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശം പ്രാണികളെയും ചിത്രശലഭങ്ങളെയും കൊണ്ടു നിറഞ്ഞിരുന്നു.
എന്നാൽ അനാക്ക് ക്രാക്കററൗവിന്റെ പുതുജൻമം വർഷങ്ങളിലുടനീളമുണ്ടായ അനേകം അഗ്നിപർവത സ്ഫോടനങ്ങളാൽ വിഘ്നപ്പെട്ടു; ഈ ദ്വീപിന്റെ അഞ്ചു ശതമാനം ഭാഗത്തേ സസ്യജീവജാലമുള്ളൂ. കനത്തിൽ കിടക്കുന്ന കറുത്ത ചാരത്തിലൂടെ പ്രയാസപ്പെട്ട് ഞങ്ങൾ അഗ്നിപർവതത്തിന്റെ മുകളിലേക്കു നടന്നു. തരിശായിക്കിടക്കുന്ന കുന്നിൻചെരിവുകളെ വിവിധയിനം സസ്യലതാദികൾ കയ്യടക്കാൻ തുടങ്ങിയിരുന്നതു ഞങ്ങൾ കണ്ടു. അടുത്ത പൊട്ടിത്തെറി താഴേക്കു മടങ്ങാൻ അവയെ നിർബന്ധിതമാക്കുന്നതുവരെ അവ മുകളിലേക്കു പടർന്നുകയറിക്കൊണ്ടിരിക്കും.
അഗ്നിപർവതത്തിന്റെ പാർശ്വത്തിലുള്ള വിള്ളലുകളിൽനിന്ന് ജലബാഷ്പം ഇററിററുവീണുകൊണ്ടിരുന്നു. വിള്ളലിന്റെ വക്കിൽനിന്ന് അഗ്നിപർവതത്തിന്റെ കുഴിയിലേക്കു നോക്കിയപ്പോൾ ഈ അഗ്നിമയ ശിശുവിന്റെ പ്രക്ഷുബ്ധത ഞങ്ങൾക്ക് നേരിൽ കാണാൻ കഴിഞ്ഞു. സൂൺഡാ കടലിടുക്കിന്റെ വളരെ ആഴത്തിൽ ടെക്റേറാണിക് ഫലകങ്ങൾ സാവധാനം ഞെരിഞ്ഞമരുന്നതു സങ്കൽപ്പിക്കുക അത്ര പ്രയാസമായിരുന്നില്ല. അത് ഈ പ്രദേശത്തെ ലോകത്തിലെ ഏററവും സജീവമായ അഗ്നിപർവതസ്ഫോടന മേഖലയാക്കിത്തീർക്കുന്നു.
സമീപത്തുള്ള സേർററൂങ്, റാക്കററ, പാൻജാങ് എന്നീ ദ്വീപുകളിൽ വനവത്കരണം സ്ഥായിയായ പുരോഗതി വരുത്തിയിട്ടുണ്ട്. അനാക്ക് ക്രാക്കററൗവിനു ചുററും ഈ ദ്വീപുകൾ നിലകൊള്ളുന്നു. 1883-ലെ മറക്കാനാവാത്ത പൊട്ടിത്തെറി ഉണ്ടായതിൽപ്പിന്നെ അവ സ്ഫോടനവിമുക്തമായിരുന്നു. ഒരു നൂററാണ്ടിലധികം കഴിഞ്ഞപ്പോൾ അവ സൗഖ്യം പ്രാപിച്ച് ശക്തിയാർജിച്ചു. അവ ഇപ്പോൾ ഉഷ്ണമേഖലാ സസ്യങ്ങളാൽ സമ്പന്നമായ ശാന്തദ്വീപുകളായി മാറിയിരിക്കുന്നു. വാസ്തവത്തിൽ സ്ഫോടനത്തിനുശേഷം 20 മുതൽ 40 വരെ വർഷങ്ങൾക്കുള്ളിൽ ഈ ദ്വീപുകളിൽ വീണ്ടും വൃക്ഷങ്ങൾ വളരുകയും ഒട്ടനവധി പക്ഷികൾ, പല്ലികൾ, പാമ്പുകൾ, വവ്വാലുകൾ, പ്രാണികൾ തുടങ്ങിയവ അധിവസിക്കുകയും ചെയ്തു. അപ്പോൾമുതൽ ജീവന്റെ പുനരാവിർഭാവം ദ്രുതഗതിയിൽ നടന്നിരിക്കുന്നു.
ഏതെങ്കിലും തരം ജീവരൂപങ്ങൾ ക്രാക്കറേറാവയുടെ ഭയങ്കരമായ ചൂടിനെയും ചാമ്പൽനിപാതത്തെയും അതിജീവിച്ചോ? ഇല്ലെന്നാണു പല സസ്യശാസ്ത്രജ്ഞരും ജന്തുശാസ്ത്രജ്ഞരും വിശ്വസിക്കുന്നത്. എന്നാൽ ഈ നിഗമനത്തെ ചിലർ ചോദ്യം ചെയ്യുന്നുണ്ട്. വിത്തുകൾ വഹിച്ചുകൊണ്ടുപോകുന്ന പക്ഷികളും സുമാട്രയിലെയും ജാവയിലെയും അവശിഷ്ടങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന കരകവിഞ്ഞൊഴുകുന്ന നദികളും ജീവനുള്ളവയുടെ തിരിച്ചുവരവ് സാധ്യമാക്കിയതായി പൊതുവേ കരുതപ്പെടുന്നു.
ജാവയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്രയ്ക്കായി ഈ ദ്വീപുവൃത്തങ്ങൾക്കുള്ളിലെ ശാന്തമായ നീലജലപ്പരപ്പിൽനിന്ന് ഞങ്ങളുടെ ബോട്ട് പുറപ്പെട്ടപ്പോൾ സൗഖ്യമാക്കാനുള്ള നമ്മുടെ ഗ്രഹത്തിന്റെ വിശിഷ്ടമായ പ്രാപ്തിയെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കായില്ല. സ്വതവേ വിടപ്പെടുമ്പോൾ ഭൂമിക്കു സ്വയം പുനരധിവസിക്കാൻ കഴിയും. പ്രത്യേകിച്ചും മാനവരാശി ഗോളവ്യാപകമായ അളവിൽ ഇപ്പോൾത്തന്നെ ഈ ഗ്രഹത്തിൽ വിനാശം വിതച്ചുകൊണ്ടിരിക്കുന്നതിന്റെ കാഴ്ചപ്പാടിൽ അത് എനിക്കു സ്വയം സമാശ്വസിക്കുന്നതിനുള്ള ഒരു വക നൽകി. ക്രാക്കറേറാവയുടെ അതിഭയങ്കരമായ തകിടംമറിക്കലിനെ പോലും നിസ്സാരമാക്കുന്ന തരത്തിലുള്ള നാശം മനുഷ്യൻ ഇന്നു ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ അവൻ ആ നാശം നിർത്തുമ്പോൾ—അവൻ നിർത്തുകതന്നെ ചെയ്യും—ഭൂമി സൗഖ്യം പ്രാപിക്കും. സൂൺഡാ കടലിടുക്കിലെ നീലത്തിരമാലകളെ കീറിമുറിച്ചു നീങ്ങുമ്പോൾ, ക്രാക്കറേറാവയുടെ ചരമത്തിനുശേഷം വീണ്ടും ജീവൻ തുടിക്കുന്ന, പച്ചപ്പാർന്ന ദ്വീപുകളിലേക്കു ഞാൻ പിന്തിരിഞ്ഞുനോക്കി. അതേ, ഭൂമിക്കു സൗഖ്യമാക്കാൻ കഴിയും. ഗോളവ്യാപകമായ ഒരു അളവിൽ അതു സംഭവിച്ചുകാണുന്നത് എത്ര വിസ്മയകരമായിരിക്കും!—യെശയ്യാവു 35:1-7; വെളിപ്പാടു 11:18.
[15-ാം പേജിലെ ചിത്രം]
അകലെ, അനാക്ക് ക്രാക്കററൗ