ഞങ്ങളുടെ വായനക്കാരിൽനിന്ന്
ജാലവിദ്യ “ബൈബിളിന്റെ വീക്ഷണം . . . ജാലവിദ്യ അഭ്യസിക്കുന്നതിൽ അപകടമുണ്ടോ?” എന്ന ലേഖനം ഞാൻ ഇപ്പോൾ വായിച്ചതേയുള്ളൂ. (1993 ഡിസംബർ 8). മിക്ക ജാലവിദ്യയും തെററായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ വാസ്തവത്തിൽ മനസ്സിലായി. ഭാവി മുൻകൂട്ടി പറയിക്കാൻ ആത്മാക്കളെ വിളിച്ചുവരുത്തുന്നത് എന്റെ സ്കൂളിൽ ഒരു ഹരമായിത്തീർന്നിരിക്കുകയാണ്. ‘ഞങ്ങളോടൊപ്പം ചേർന്നുകൂടെ’ എന്നു മററുള്ളവർ എന്നോടു ചോദിക്കുന്നു. ഞാൻ അതു നിരാകരിച്ചുവെങ്കിലും അത് എന്തുകൊണ്ടാണ് തെററായിരിക്കുന്നത് എന്ന കാര്യം എനിക്കു പിടികിട്ടിയില്ല. ഉത്തരം കണ്ടെത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ തൃപ്തികരമായ ഒരു ഉത്തരവും കിട്ടിയില്ല. എന്റെ അന്വേഷണം നിറുത്താൻ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും അതാ നിങ്ങളുടെ ലേഖനം. അതു തൃപ്തികരമായ ഉത്തരം നൽകി. അതു പ്രസിദ്ധീകരിച്ചതിനു നന്ദി.
എം. കെ., ജപ്പാൻ
കാർട്ടൂണുകൾ “അക്രമാസക്തമായ ടിവി കാർട്ടൂണുകൾ ഹാനികരമോ?” എന്ന നിങ്ങളുടെ ലേഖനം എനിക്ക് ഇഷ്ടപ്പെട്ടു. (1994 മാർച്ച് 8) ഞാൻ അതു നന്നേ ആസ്വദിച്ചു. കാരണം എത്രയോ കൊച്ചുകുട്ടികളാണ് അത്തരം അക്രമാസക്തമായ പരിപാടികളുടെ സ്വാധീനവലയത്തിലായിരിക്കുന്നത്. ഞാൻ ഒരു 13 വയസ്സുകാരിയാണ്.
ഡി. എൽ., ഐക്യനാടുകൾ
ലോകത്തെ ഏകീകരിക്കൽ “എന്തായിരിക്കും ലോകത്തെ ഏകീകരിക്കുക?” (1993 ഡിസംബർ 22, ഇംഗ്ലീഷ്) എന്ന പരമ്പര എന്നെ ആഴത്തിൽ സ്പർശിച്ചു. ബോസ്നിയ, ഹെർട്സെഗോവിന, സൊമാലിയ എന്നിവിടങ്ങളിൽനിന്നു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കേട്ട്, പ്രത്യേകിച്ച് യുദ്ധം, ക്ഷാമം, മരണം എന്നിവയുടെ നടുവിൽ ജീവിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതിനെക്കുറിച്ചോർത്ത് ഞാൻ ദുഃഖിച്ചിരിക്കയായിരുന്നു. എന്റെ മനസ്സ് പിടയുകയായിരുന്നു. എന്നിരുന്നാലും, യഥാർഥ പരിഹാരം എന്ത് എന്നും ഈ ലോകയാതനകളുടെ നടുവിൽ അത് എപ്രകാരം നിവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നും ഈ പരമ്പര പ്രകടമാക്കി. 1989-ൽ പോളണ്ടിൽ നടന്ന യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽ ഒരു പ്രതിനിധിയായിരുന്ന എനിക്ക് യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന സ്നേഹപുരസ്സരമായ, ഏകീകൃത സാഹോദര്യം ഒരു ആധുനിക അത്ഭുതമായി കാണാനാവുന്നുണ്ട്.
എച്ച്. കെ., ജപ്പാൻ
സ്ത്രീകളിൽ അംഗച്ഛേദം നടത്തൽ സ്ത്രീകളുടെ പരിച്ഛേദനയെക്കുറിച്ച്, 1993, ഏപ്രിൽ 8 [ഇംഗ്ലീഷ്] ലക്കത്തിൽ (“ദശലക്ഷങ്ങൾ കഷ്ടപ്പെടുന്നു—അവരെ സഹായിക്കാനാവുമോ?”) എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ആ ലേഖനം വായിച്ചതു മുതൽ ഈ നടപടിക്കു വിധേയരാകുന്ന നിസ്സഹായരായ ഇരകളെയോർക്കുമ്പോൾ വല്ലാത്ത ദുഃഖം. സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചുള്ള തെററിദ്ധാരണകളിൽ കുടുങ്ങിപ്പോയ മാതാപിതാക്കളാണ് ഈ നടപടിയെ നിലനിർത്തുന്നത്. എന്നാൽ, പലപ്പോഴും ശാരീരികവും മാനസികവുമായ, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറുള്ള ഈ യുക്തിരഹിതമായ നടപടിക്കു കുട്ടികളെ വിധേയമാക്കുന്നത് ഒട്ടും സ്നേഹമല്ല.
ജെ. ഒ. കെ., നൈജീരിയ
ലോകത്തെ വീക്ഷിക്കൽ നിങ്ങൾ എന്തൊരു മഹനീയ വേലയാണ് ചെയ്യുന്നത് എന്ന് നിങ്ങളെ എഴുതി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്കൂളിൽ ചെറിയ വാർത്താശകലങ്ങൾ എനിക്ക് എഴുതിക്കൊടുക്കേണ്ടിവരുമ്പോൾ “ലോകത്തെ വീക്ഷിക്കൽ” എന്ന ഫീച്ചർ ഒരു വലിയ സഹായമാണ്.
ജെ. ഡബ്ലിയൂ., ഐക്യനാടുകൾ
14 വയസ്സുള്ള ഞാൻ ഉണരുക!യുടെ ഒരു നിരന്തര വായനക്കാരനാണ്. ഞാൻ എല്ലാ ലേഖനങ്ങളും നന്നായി ആസ്വദിക്കുന്നു. എന്നിരുന്നാലും, ഞാൻ വിശേഷിച്ചു നന്ദിപറയാൻ ആഗ്രഹിക്കുന്ന ഒരു പ്രത്യേക ഭാഗമുണ്ട്, “ലോകത്തെ വീക്ഷിക്കൽ.” ഒട്ടനവധി വ്യത്യസ്ത കാര്യങ്ങളെക്കുറിച്ചു ഞാൻ അതിൽനിന്നു പഠിക്കുന്നു. അതിന് എല്ലായ്പോഴും പുതുമയുണ്ട്. ഞങ്ങൾ സ്കൂളിൽ കാലികമായി ചർച്ചചെയ്യുന്ന കാര്യങ്ങൾ ഞാൻ പലപ്പോഴും അതിൽ കാണാറുണ്ട്. എന്നാൽ ഈ വിഷയങ്ങളെക്കുറിച്ചൊന്നും നിങ്ങൾ നിങ്ങളുടേതായ അഭിപ്രായങ്ങൾ ഒരിക്കലും പ്രകടിപ്പിക്കാറില്ല എന്ന വസ്തുത ഞാൻ വിലമതിക്കുന്നു. അതിനാൽ തർക്കത്തിനൊന്നും ഇടവരാതെ വിവരങ്ങൾ മററുള്ളവരുമായി എളുപ്പം പങ്കുവെക്കാനാവുന്നു.
ടി. എം., ഐക്യനാടുകൾ
പകൽക്കിനാവു കാണൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്നതിൽ പകൽക്കിനാവു കാണുന്നതിനെക്കുറിച്ചുവന്ന വിജ്ഞാനപ്രദമായ ലേഖനങ്ങൾക്കു വളരെ നന്ദി. അതു നിങ്ങളെ അറിയിക്കാനാണു ഞാൻ ഇത് എഴുതുന്നത്. (“പകൽക്കിനാവു കാണുന്നതു തെററാണോ?,” 1993, ജൂലൈ 8, “ഇത്രത്തോളം പകൽക്കിനാവു കാണുന്നത് എനിക്ക് എങ്ങനെ നിറുത്താനാവും?,” 1993 ജൂലൈ 22 എന്നീ രണ്ടു ലക്കങ്ങൾ [ഇംഗ്ലീഷ്]) രണ്ടാമത്തെ ലേഖനം വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിലായി വർഷങ്ങളായിട്ട് എനിക്ക് പകൽക്കിനാവുകാണുന്ന തഴമ്പിച്ച ഒരു ശീലമുണ്ടെന്ന്. എനിക്ക് ബാലജന ദുഷ്പെരുമാററം സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിൽനിന്നു രക്ഷപെടുന്നതിന് (പകൽക്കിനാവ് കാണുന്നത്) എനിക്ക് ഒരു ഉപാധിയായി. പ്രായപൂർത്തിയായതോടെ അതു മനസ്സിന് ഒരു തടവറയായി മാറി. പകൽക്കിനാവു കാഴ്ച എന്റെ ജോലിയെയും വണ്ടിയോടിക്കലിനെയും ആകെ തകരാറിലാക്കി. എന്റെ വിവാഹത്തെപ്പോലും അത് അപകടപ്പെടുത്തി. നിങ്ങളുടെ ലേഖനങ്ങൾ ഹേതുവായി അച്ചടക്കം, ശ്രമം, പ്രാർഥന എന്നിവയാൽ ഏകാഗ്രത പാലിക്കാനുള്ള കഴിവും ചിന്താശക്തിയും ഞാൻ വീണ്ടെടുക്കാൻ തുടങ്ങിയിരിക്കയാണ്.
എൽ. ജി., ഐക്യനാടുകൾ