“സാധാരണയിൽ കവിഞ്ഞ ശക്തി”യുള്ള യുവജനങ്ങൾ
നിങ്ങൾ ചെറുപ്പമാണ്. കേവലം 12 വയസ്സ്. നിങ്ങൾക്ക് നിങ്ങൾ സ്നേഹിക്കുന്ന ഒരു കുടുംബമുണ്ട്. ആനന്ദം പകരുന്ന സ്കൂൾ കൂട്ടുകാരുണ്ട്. കടൽത്തീരത്തും മലമുകളിലും ഒക്കെ നിങ്ങൾ വിനോദയാത്രക്കു പോകാറുണ്ട്. നക്ഷത്രനിബിഡമായ സന്ധ്യാകാശം കാണുമ്പോൾ നിങ്ങൾ വിസ്മയം കൊള്ളാറുണ്ട്. അങ്ങനെ, മുഴു ജീവിതവും നിങ്ങളുടെ മുമ്പിലങ്ങനെ നീണ്ടു കിടക്കുകയാണ്.
എന്നാൽ ഇപ്പോൾ നിങ്ങൾക്ക് കാൻസർ പിടിപെട്ടിരിക്കുന്നു. നിങ്ങൾ ഒരു 60 വയസ്സുകാരനാണെങ്കിൽ ആ വാർത്ത കേൾക്കുമ്പോൾ അടിയേററതു പോലെയാകും. നിങ്ങൾക്ക് 12 വയസ്സേ ഉള്ളെങ്കിലോ, പിന്നെ പറയാനുമില്ല, അതു കേൾക്കുമ്പോഴേക്കും നിങ്ങൾ ആകെ തകർന്നിരിക്കും.
ലെനേ മാർട്ടിനസ്
12 വയസ്സുകാരി ലെനേ മാർട്ടിനസിന് അതാണു സംഭവിച്ചത്. പറുദീസാ ഭൂമിയിലെ നിത്യജീവനായിരുന്നു അവളുടെ പ്രത്യാശ. ഈ പ്രത്യാശ യഹോവയുടെ സാക്ഷികളായ അവളുടെ മാതാപിതാക്കൾ അവൾക്കു നൽകിയിരുന്ന ബൈബിൾ പരിശീലനത്തിൽ അടിസ്ഥാനപ്പെട്ടതായിരുന്നു. ഭൂമി എന്നും നിലനിൽക്കുമെന്നും അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും നിവസിക്കപ്പെടാനാണെന്നും സൗമ്യതയുള്ളവർ അതിനെ എന്നെന്നേക്കും അവകാശമാക്കുമെന്നും അവളും ബൈബിളിൽനിന്ന് വായിച്ചിട്ടില്ലേ?—സഭാപ്രസംഗി 1:4; യെശയ്യാവു 45:18; മത്തായി 5:5.
ഇപ്പോൾ അവൾ യു.എസ്.എ., കാലിഫോർണിയയിലെ ഫ്രെസ്നോയിലുള്ള വാലി ചിൽഡ്രൻസ് ഹോസ്പിററലിലാണ്. വൃക്കയ്ക്ക് രോഗബാധയാണെന്നു പറഞ്ഞാണ് അവളെ അഡ്മിററു ചെയ്തത്. എന്നാൽ അവൾക്ക് രക്താർബുദമാണെന്ന് പരിശോധനകൾ തെളിയിച്ചു. ദ്രാവക പ്ലാസ്മായിൽനിന്ന് വേർതിരിച്ചെടുത്ത ചുവന്ന രക്താണുക്കളും ലഘുരക്താണുക്കളും (platelets) കുത്തിവെക്കുകയും പെട്ടെന്നുതന്നെ കീമോതെറാപ്പി തുടങ്ങുകയും ചെയ്യണമെന്നു ലെനേയെ ചികിത്സിക്കുന്ന ഡോക്ടർമാർ തീരുമാനിച്ചു.
തനിക്ക് രക്തമോ രക്തോത്പന്നങ്ങളോ വേണ്ടെന്നും ലേവ്യപുസ്തകം, പ്രവൃത്തികൾ എന്നീ ബൈബിൾ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ദൈവം അതു വിലക്കുന്നതായി താൻ പഠിച്ചിട്ടുണ്ടെന്നും ലെനേ പറഞ്ഞു. അതായത്, “വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.” (പ്രവൃത്തികൾ 15:28, 29) ഈ നിലപാടിൽ മാതാപിതാക്കൾ അവളെ പിന്തുണച്ചു. എന്നാൽ ഇത് തന്റെ സ്വന്തം തീരുമാനമാണെന്നും തനിക്ക് അത് വളരെ പ്രധാനമാണെന്നും ലെനേ ഊന്നിപ്പറഞ്ഞു.
ഡോക്ടർമാർ ലെനേയോടും മാതാപിതാക്കളോടും പല തവണ സംസാരിച്ചതാണ്. എന്നിട്ടും ഒരു ദിവസം ഉച്ചതിരിഞ്ഞപ്പോൾ അവർ വീണ്ടും ചെന്നിരിക്കുന്നു. ഈ സന്ദർശനത്തെപ്പററി ലെനേ ഇപ്രകാരം പറഞ്ഞു: “വേദനയെല്ലാം കാരണം എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടായിരുന്നു. പോരെങ്കിൽ അന്നു ഞാൻ ഒരുപാടു രക്തം ഛർദിക്കുകയും ചെയ്തു. അവർ എന്നോട് മുമ്പു ചോദിച്ച അതേ ചോദ്യങ്ങൾ തന്നെ വ്യത്യസ്തമായ ഒരു രീതിയിൽ പിന്നെയും ചോദിച്ചു. ഞാൻ വീണ്ടും അവരോടു പറഞ്ഞു: ‘രക്തമോ രക്തോത്പന്നങ്ങളോ എനിക്കു വേണ്ട. ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊള്ളാമെന്ന് ഞാൻ യഹോവയാം ദൈവത്തോടു ചെയ്തിട്ടുള്ള വാഗ്ദത്തം ലംഘിക്കുന്നതിനെക്കാൾ, ആവശ്യമായി വന്നാൽ മരിക്കാൻ പോലും ഞാൻ തയ്യാറാണ്.’”
ലെനേ ഇപ്രകാരം തുടർന്നു: “അവർ പിറേറന്നു രാവിലെ മടങ്ങിയെത്തി. എന്റെ ലഘുരക്താണുവിന്റെ അളവ് കുറഞ്ഞുവരുകയായിരുന്നു, നല്ല പനിയും ഉണ്ടായിരുന്നു. ഇത്തവണ ഡോക്ടർ എന്നെ കൂടുതൽ നേരം ശ്രദ്ധിച്ചു. എന്റെ നിലപാട് അവർക്ക് ഇഷ്ടമായിരുന്നില്ലെങ്കിലും ഞാൻ വളരെ പക്വമതിയായ ഒരു 12 വയസ്സുകാരിയാണെന്ന് അവർ പറഞ്ഞു. പിന്നീട്, എന്നെ ചികിത്സിക്കുന്ന ശിശുരോഗവിദഗ്ധൻ വന്നു. കീമോതെറാപ്പിയും രക്തപ്പകർച്ചകളും അല്ലാതെ മറെറാന്നും എനിക്ക് സഹായമാവില്ലെന്നും അതറിയിക്കുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം എന്നോടു പറഞ്ഞു. പിന്നെ വരാമെന്നു പറഞ്ഞ് അദ്ദേഹം പോയി.
“അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ എനിക്കു കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടെന്നാൽ ജനിച്ചപ്പോൾ മുതലുള്ള എന്റെ ഡോക്ടർ അദ്ദേഹമായിരുന്നു. ഇപ്പോൾ അദ്ദേഹം എന്നെ ചതിക്കുകയായിരുന്നല്ലോ എന്ന് എനിക്കു തോന്നിപ്പോയി. അദ്ദേഹം മേലാൽ എനിക്കുവേണ്ടി കരുതുന്നില്ല എന്ന് എനിക്ക് തോന്നിയെന്ന് പിന്നെ അദ്ദേഹം വന്നപ്പോൾ ഞാൻ പറഞ്ഞു. ഇത് അദ്ദേഹത്തെ അമ്പരപ്പിച്ചു. താൻ പറഞ്ഞുപോയതിൽ ഖേദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നെ വിഷമിപ്പിക്കാനായിരുന്നില്ല അദ്ദേഹം അതു പറഞ്ഞത്. അദ്ദേഹം എന്നെ നോക്കിക്കൊണ്ടു പറഞ്ഞു: ‘എങ്കിൽ ലെനേ, നമുക്കു സ്വർഗത്തിൽ വെച്ചു കാണാം.’ അദ്ദേഹം തന്റെ കണ്ണട എടുത്തിട്ട് നിറകണ്ണുകളോടെ, എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞ് കെട്ടിപ്പിടിച്ചു ചുംബിച്ചു. അദ്ദേഹത്തോട് ഞാൻ നന്ദി പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ഡോ. ഗലെസ്പി താങ്കൾക്കു നന്ദി. ഞാനും താങ്കളെ സ്നേഹിക്കുന്നു. എന്നാൽ പുനരുത്ഥാനം പ്രാപിച്ച് പറുദീസാ ഭൂമിയിൽ ജീവിക്കാം എന്നതാണ് എന്റെ പ്രത്യാശ.’”
അപ്പോൾ രണ്ടു ഡോക്ടർമാരും ഒരു വക്കീലും കൂടി വന്നിട്ട് തങ്ങൾക്ക് ലെനേയോട് ഒററയ്ക്കു സംസാരിക്കണമെന്ന് അവളുടെ മാതാപിതാക്കളോടു പറഞ്ഞു. അവർ അവരോട് മുറിവിട്ടുപോകാൻ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു. ഡോക്ടർമാർ ആ ചർച്ചയിലുടനീളം വളരെ പരിഗണനയും ദയയുമുള്ളവരായിരുന്നു. ലെനേയുടെ സ്ഫുടമായ സംസാരരീതിയും ഉറച്ചബോധ്യവും അവരിൽ മതിപ്പുളവാക്കി.
ഒററയ്ക്കായിരുന്നപ്പോൾ അവർ അവളോടു പറഞ്ഞു: “നീ രക്താർബുദത്താൽ മരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ രക്തപ്പകർച്ചകൾ നിന്റെ ആയുസ്സു വർധിപ്പിക്കും. രക്തം നിരസിച്ചാലോ ഏതാനും ദിവസത്തിനുള്ളിൽ നീ മരിച്ചു പോകും.”
“രക്തം സ്വീകരിക്കുകയാണെങ്കിൽ ഞാൻ എത്ര നാളുകൂടി ജീവിക്കും?” ലെനേ ചോദിച്ചു.
“ഏതാണ്ട് മൂന്നു മുതൽ ആറു വരെ മാസം,” അവർ മറുപടി നൽകി.
“ആറു മാസം കൊണ്ട് എനിക്ക് എന്തു ചെയ്യാൻ കഴിയും?” അവൾ ചോദിച്ചു.
“അപ്പോൾ നിനക്ക് ശക്തിയുണ്ടാകും. നിനക്ക് പല കാര്യങ്ങൾ ചെയ്യാനാവും. ഡിസ്നി വേൾഡിൽ പോകാം. പിന്നെ മററു പല സ്ഥലങ്ങളും കാണാം.”
ലെനേ തെല്ലൊന്ന് ചിന്തിച്ചിട്ട് പറഞ്ഞു: “12 വർഷത്തെ എന്റെ ജീവിതത്തിലുടനീളം ഞാൻ യഹോവയെ സേവിച്ചിരിക്കുന്നു. അവിടുത്തെ അനുസരിക്കുകയാണെങ്കിൽ പറുദീസയിലെ നിത്യജീവൻ തരാമെന്ന് അവിടുന്ന് എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഈ ഒരു ആറുമാസത്തെ ജീവിതത്തിനുവേണ്ടി ഞാൻ യഹോവയെ പുറന്തിരിഞ്ഞുപോകില്ല. മരണം വരെ വിശ്വസ്തയായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ ചെയ്താൽ യഹോവ തന്റെ തക്കസമയത്ത് എന്നെ ഉയിർത്തെഴുന്നേല്പിച്ച് എനിക്ക് നിത്യജീവൻ നൽകും. അപ്പോൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ എനിക്ക് ഇഷ്ടംപോലെ സമയമുണ്ടാകും.”
ഡോക്ടർമാർക്കും വക്കീലിനും മതിപ്പുളവായതായി കാണപ്പെട്ടു. അവർ അവളെ പ്രശംസിച്ചു. എന്നിട്ട് ഒരു മുതിർന്ന ആളെപ്പോലെയാണ് അവൾ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്നും സ്വന്ത തീരുമാനങ്ങൾ എടുക്കാൻ അവൾ പ്രാപ്തയാണെന്നും പുറത്തുചെന്ന് അവളുടെ മാതാപിതാക്കളോട് പറയുകയും ചെയ്തു. ലെനേയെ പക്വതയെത്തിയ ഒരു കുട്ടിയായി വീക്ഷിക്കണമെന്ന് വാലി ചിൽഡ്രൻസ് ഹോസ്പിററലിലെ എത്തിക്സ് കമ്മിററിയോട് അവർ ശുപാർശചെയ്തു. ഫ്രെസ്നോ സ്റേറററ് യൂണിവേഴ്സിററിയിൽ നിന്നുള്ള ഒരു എത്തിക്സ് പ്രൊഫസ്സറും ഡോക്ടർമാരും മററ് ആരോഗ്യ-രക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഈ കമ്മിററി വൈദ്യ ചികിത്സ സംബന്ധിച്ചു ലെനേയെ അവളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കണമെന്ന തീരുമാനത്തിലെത്തിച്ചേർന്നു. അവർ ലെനേയെ ഒരു പക്വത പ്രാപിച്ച മൈനറായി കണക്കാക്കി. കോടതി ഉത്തരവിന്റെ യാതൊരു ആവശ്യവും വന്നില്ല.
ക്ലേശപൂർണമായ ഒരു സുദീർഘ രാത്രിക്കുശേഷം 1993 സെപ്ററംബർ 22 രാവിലെ 6:30-നു ലെനേ തന്റെ മാതാവിന്റെ കരങ്ങളിൽ കിടന്ന് അന്ത്യശ്വാസം വലിച്ചു. ആ രാത്രിയുടെ മാഹാത്മ്യവും പ്രശാന്തതയും ആഗതരായിരുന്നവരുടെ മനോമുകുരങ്ങളിൽ മായാത്ത ഓർമകളായി വിളങ്ങിനിന്നു. ലെനേയുടെ വിശ്വാസത്തിലും നിർമലതയിലും മതിപ്പു തോന്നിയ ഡോക്ടർമാരും നേഴ്സുമാരും അധ്യാപകരും ഉൾപ്പെടെ 482 പേർ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു.
കുട്ടി പക്വതയുള്ളവളാണെന്നു തീരുമാനിക്കുന്നതിന് കോടതി കേസിന്റെയൊന്നും ആവശ്യം വരാത്തവിധം സൂക്ഷ്മവിവേചന ഉപയോഗിച്ച് കുട്ടിയുടെ പക്വത തിരിച്ചറിഞ്ഞ ഡോക്ടർമാരോടും നേഴ്സുമാരോടും വാലി ചിൽഡ്രൻസ് ഹോസ്പിററലിലെ ഭരണനിർവാഹകരോടും ലെനേയുടെ മാതാപിതാക്കളും മിത്രങ്ങളും അഗാധമായ നന്ദിയുള്ളവരാണ്.
ക്രിസ്ററൽ മോർ
ഈ പരിഗണനകളൊന്നും ന്യൂയോർക്ക് സിററിയിലെ കൊളംബിയ പ്രസ്ബിറേറരിയൻ മെഡിക്കൽ സെൻററിൽ അഡ്മിററ് ചെയ്യപ്പെട്ടപ്പോൾ 17 വയസ്സുകാരിയായ ക്രിസ്ററൽ മോറിന് ലഭിച്ചില്ല. പഴുക്കുന്ന വൻകുടൽ വീക്കം (inflammatory bowel disease) ആയിരുന്നു അവളുടെ രോഗം. രക്തം സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന് ആശുപത്രിയിൽ അഡ്മിററു ചെയ്ത സമയത്ത് അവളും മാതാപിതാക്കളും ആവർത്തിച്ച് ഊന്നിപ്പറഞ്ഞതാണ്. അവൾ മരിക്കാൻ ആഗ്രഹിച്ചില്ല. പകരം, രക്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുക എന്ന ബൈബിൾ കല്പനയോട് യോജിപ്പിൽ വരുന്ന വൈദ്യ ചികിത്സ ലഭിക്കാൻ ആഗ്രഹിച്ചെന്നേയുള്ളൂ.—പ്രവൃത്തികൾ 15:28, 29.
അവളുടെ സാഹചര്യത്തിൽ രക്തപ്പകർച്ച ആവശ്യമാണ് എന്ന ഉറച്ചനിലപാടിലായിരുന്നു ക്രിസ്ററലിനെ ചികിത്സിച്ചുകൊണ്ടിരുന്ന മെഡിക്കൽ സംഘം. ഒരു ഡോക്ടറാണെങ്കിൽ ഒരു മയവും ഇല്ലാതെ ഇപ്രകാരം പറഞ്ഞു: “ജൂൺ 15-ാം തീയതി വ്യാഴാഴ്ചയ്ക്കിപ്പുറം രക്തപ്പകർച്ച നടത്തുന്നില്ലെങ്കിൽ ജൂൺ 16 വെള്ളിയാഴ്ച ക്രിസ്ററൽ മരിച്ചിരിക്കും!” എന്നാൽ ജൂൺ 16-ാം തീയതി ക്രിസ്ററലിന് മരണമൊന്നും സംഭവിച്ചില്ല. എന്നിട്ടും രക്തപ്പകർച്ച അടിച്ചേൽപ്പിക്കുന്നതിനുള്ള അധികാരത്തിനായി ആശുപത്രി ന്യൂയോർക്ക് സ്റേറററിലെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു.
രണ്ടു യൂണിററു രക്തം ക്രിസ്ററലിന് അടിയന്തിരമായി ആവശ്യമുണ്ടെന്നും കുറഞ്ഞത് പത്തു യൂണിററു രക്തം കൂടെ ആവശ്യം വന്നേക്കും എന്നും ആശുപത്രിയിൽ അന്നു രാവിലെ അടിയന്തിരമായി സമ്മേളിച്ച വിചാരണാ യോഗത്തിൽവെച്ച് ഡോക്ടർമാരിലൊരാൾ ഉറപ്പായി പ്രഖ്യാപിച്ചു. ക്രിസ്ററൽ രക്തപ്പകർച്ചകൾ നിരസിക്കുന്ന പക്ഷം ഉദ്ദേശ്യം സാധിക്കുന്നതിന് താൻ അവളെ കൈകാൽ വിലങ്ങുകൾ ഉപയോഗിച്ച് കട്ടിലിൽ ബന്ധിച്ചിടുന്നതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രക്തപ്പകർച്ച നൽകാൻ ശ്രമം നടത്തിയാൽ താൻ “കിടന്ന് മുറവിളികൂട്ടും” എന്നും ബലം പ്രയോഗിച്ചു രക്തം തരുന്നത് ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ തനിക്ക് ബലാൽസംഗം പോലെ വെറുപ്പാണെന്നും ക്രിസ്ററൽ ഡോക്ടർമാരോടു പറഞ്ഞു.
തന്റെ തീരുമാനശേഷി പ്രകടിപ്പിക്കുന്നതിന് കോടതിയുടെ മുമ്പാകെ സംസാരിക്കാൻ ക്രിസ്ററലിന് അവസരം കൊടുക്കണമെന്ന് വിചാരണാ യോഗത്തിൽ വെച്ച് അവളുടെ വക്കീൽ ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അത് നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസ പാടവത്തിന്റെയും ഹൈസ്കൂളിലെ അവളുടെ നായകത്വത്തിന്റെയും പേരിൽ സൂപ്പർ യൂത്ത് പ്രോഗ്രാമിൽ വെച്ച് അവൾക്ക് അടുത്തയിടെ ഒരു അവാർഡ് ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും രക്തത്തോടുള്ള തന്റെ വിസമ്മതം കോടതിയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് വിചാരണ നടത്തിയ ജഡ്ജി അവളെ അനുവദിച്ചില്ല. ഇത് ക്രിസ്ററലിനെ സംബന്ധിച്ചടത്തോളം നിയമപരമായ വിഹിതം, സ്വന്തം ശരീരം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം, വ്യക്തിപരമായ സ്വകാര്യത, മതസ്വാതന്ത്ര്യം എന്നീ അവകാശങ്ങളുടെ നിഷേധിക്കലിനെ അർഥമാക്കി.
രക്തത്തോടുള്ള തന്റെ വിസമ്മതം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ വിചാരണക്കോടതി അവളെ അനുവദിച്ചില്ലെങ്കിലും കോടതി അധികാരികൾ 20 മിനിററു നേരത്തേക്ക് അവളെ മുറിയിൽ ഒററയ്ക്കു ചെന്നു കാണുകയുണ്ടായി. എന്നാൽ ക്രിസ്ററൽ “തികച്ചും ബുദ്ധിമതി”യും “വളരെ സ്ഫുടമായി സംസാരിക്കുന്നവളും” ആണെന്നും മാത്രമല്ല അവൾ “തീർച്ചയായും സുബോധമുള്ളവളും” “തന്റെ നിലപാട് പൂർണമായി വിശദീകരിക്കുന്നതിന് പ്രാപ്ത”യും ആണെന്നും വിചാരണാ ജഡ്ജി സന്ദർശനത്തിനു ശേഷം വിശദമാക്കി. ഈ നിരീക്ഷണങ്ങളെല്ലാം നടത്തിയിട്ടും സ്വന്തം വൈദ്യ ചികിത്സ സംബന്ധിച്ചു തീരുമാനമെടുക്കാൻ ക്രിസ്ററലിന് അവസരം കൊടുക്കുകയില്ലെന്ന് വിചാരണക്കോടതി നിർബന്ധം പിടിച്ചു.
ജൂൺ 18 ഞായറാഴ്ച രാവിലെ ക്രിസ്ററലിന് ഒരു അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. അവൾ അതിന് സമ്മതിച്ചെങ്കിലും രക്തം പാടില്ലെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ശസ്ത്രക്രിയയുടെ സമയത്ത് മൂന്ന് ഔൺസ് രക്തം മാത്രമേ നഷ്ടമായുള്ളൂ. എങ്കിലും, ഒരു ശസ്ത്രക്രിയാനന്തര രക്തപ്പകർച്ച ആവശ്യമായി വന്നേക്കും എന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. എന്നാൽ രക്തപ്പകർച്ചയുടെ ആവശ്യമേ ഇല്ലെന്ന് മറെറാരു ഡോക്ടർ ഉറപ്പു പറഞ്ഞു. സമാനമായ കേസുകൾ രക്തം കൂടാതെ കഴിഞ്ഞ 13 വർഷമായി ചികിത്സിച്ചു വരികയായിരുന്നു അദ്ദേഹം. അത്തരം കേസുകളിൽ ശസ്ത്രക്രിയാനന്തര രക്തപ്പകർച്ചയുടെ ആവശ്യമേ ഉണ്ടായിരുന്നിട്ടില്ല.
“ജീവൻ രക്ഷിക്കാൻ അത്യാവശ്യമായി വരുന്നു”വെങ്കിൽ മാത്രം ക്രിസ്ററലിന് രക്തപ്പകർച്ച കൊടുക്കാനുള്ള താത്കാലിക അധികാരം വിചാരണക്കോടതി 1989 ജൂൺ 22-ന് ആശുപത്രിക്ക് കൊടുത്തിരുന്നു. എന്നാൽ ആശുപത്രിയിൽനിന്ന് ക്രിസ്ററൽ ഡിസ്ചാർജു ചെയ്യപ്പെട്ടതോടെ ഈ രക്ഷാധികാരം അവസാനിച്ചു. ക്രിസ്ററലിന് അല്പംപോലും രക്തം ആവശ്യമായി വരികയോ കൊടുക്കേണ്ടിവരികയോ ചെയ്തില്ല. എന്നാൽ കോടതി അവളോട് ഇടപെട്ട വിധം ഞെട്ടിക്കുന്നതായിരുന്നു.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം ക്രിസ്ററൽ ഡിസ്ററിങ്ഷനോടെ ഹൈസ്കൂൾ പാസ്സായി. അധികം താമസിയാതെ തന്നെ അവൾ യഹോവയുടെ സാക്ഷികളിലൊരാളെന്ന നിലയിൽ ഒരു മുഴുസമയ ശുശ്രൂഷകയായിത്തീർന്നു. പിന്നെ അവൾ യഹോവയുടെ സാക്ഷികളുടെ ജെഴ്സി സിററി സമ്മേളന ഹാളിൽ ടൂർ ഗൈഡ് ആയി സേവിച്ചു. രാജ്യഹാളുകൾ നിർമിക്കുകയും രൂപഭേദം വരുത്തുകയും ചെയ്യുന്ന ഒരു വിഭാഗത്തിലെ അംഗമായി സ്വമേധയാ സേവനം അനുഷ്ഠിക്കുകയും ചെയ്തു.
പക്ഷേ, ജൂൺ 15-ന് രക്തപ്പകർച്ച നടത്താത്തപക്ഷം ജൂൺ 16-ന് അവൾ മരിച്ചു പോകും എന്നും രക്തപ്പകർച്ച നിരസിക്കുകയാണെങ്കിൽ കൈകാൽ വിലങ്ങുകൾ ഉപയോഗിച്ച് അവളെ ബന്ധിച്ച് രക്തം കയററുന്നതായിരിക്കും എന്നും കൊളംബിയ പ്രസ്ബിറേറരിയൻ മെഡിക്കൽ സെൻററിലെ ഡോക്ടർമാർ പറഞ്ഞത് ഓർക്കുക. രക്തപ്പകർച്ച നടത്താൻ കോടതി ഉത്തരവുകൾ ആവശ്യപ്പെടുന്ന ഡോക്ടർമാർ, ജഡ്ജി രക്തപ്പകർച്ച അനുവദിക്കാത്ത പക്ഷം രോഗി മരിച്ചു പോകും എന്ന് വെട്ടിത്തുറന്നു പറയുമ്പോൾ അവർ ക്രിസ്ററൽ മോറിന്റെ കാര്യം ഓർക്കട്ടെ.
ലിസാ കൊസാക്ക്
ടൊറൊന്റോയിലുള്ള സിക്ക് ചിൽഡ്രൻസ് ആശുപത്രിയിലെ ലിസായുടെ ആദ്യത്തെ രാത്രി ഒരു പേക്കിനാവിനെക്കാൾ കഷ്ടമായിരുന്നു. ഉച്ചതിരിഞ്ഞ് നാലു മണിയോടെ അവളെ ആശുപത്രിയിൽ എത്തിക്കുകയും ഉടൻ തന്നെ കുറെ പരിശോധനകൾ നടത്തുകയും ചെയ്തു. രാത്രി പതിനൊന്നേകാൽ ആയപ്പോഴാണ് അവളെ ആശുപത്രിയിലെ തന്റെ മുറിയിലേക്കു കൊണ്ടുപോയത്. അർധരാത്രിയായപ്പോൾ—കൊള്ളാം, എന്തുസംഭവിച്ചു എന്ന് ലിസാ തന്നെ പറയട്ടെ. “അർധരാത്രിയായപ്പോൾ ഒരു നേഴ്സ് വന്നു പറഞ്ഞു: ‘ഞാൻ നിനക്കു കുറച്ച് രക്തം തരാൻ പോകുകയാണ്.’ ഞാൻ ഇപ്രകാരം നിലവിളിച്ചു: ‘യഹോവയുടെ സാക്ഷികളിലൊരാൾ ആയതുകൊണ്ട് ഞാൻ രക്തം സ്വീകരിക്കില്ല! നിങ്ങൾക്ക് അതറിയാമെന്നു ഞാൻ വിശ്വസിക്കുന്നു! നിങ്ങൾക്ക് അതറിയില്ലേ!’ ‘അറിയാം, അറിയാം,’ അവർ പറഞ്ഞു. എന്നിട്ട് മരുന്ന് കുത്തിവെക്കുന്നതിനുള്ള ഉപകരണം പെട്ടെന്ന് എന്റെ ശരീരത്തിൽനിന്നു വലിച്ചൂരി രക്തംകയററി. ഞാൻ വാവിട്ടു നിലവിളിക്കാൻ തുടങ്ങി.”
അർധരാത്രിയിൽ അപരിചിതമായ ചുററുപാടുകളിൽ വെച്ച് രോഗിണിയും പേടിച്ചരണ്ടവളുമായ ഒരു 12 വയസ്സുകാരിയിൽ പ്രയോഗിച്ച എന്തൊരു ക്രൂരനിർഭരമായ ചികിത്സ! ദയയും സഹകരണ മനോഭാവവും ഉള്ള ഡോക്ടർമാരെ കണ്ടെത്താമെന്ന പ്രതീക്ഷയോടെയാണ് ലിസായുടെ മാതാപിതാക്കൾ അവളെ ടൊറൊന്റോയിലെ സിക്ക് ചിൽഡ്രൻസ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. എന്നാൽ, രക്തമോ രക്തോത്പന്നങ്ങളോ ദൈവനിയമത്തിന്റെ അതിലംഘനം ആണെന്നും അത് ഉപയോഗിക്കാൻ പാടില്ലെന്നും ഉള്ള ലിസായുടെയും മാതാപിതാക്കളുടെയും നിലപാടിനെ അവഗണിച്ചുകൊണ്ട് അവരുടെ മകളെ അർധരാത്രിയിൽ മർമഭേദകമായ രക്തപ്പകർച്ചയ്ക്ക് വിധേയയാക്കുകയാണ് ഉണ്ടായത്.—പ്രവൃത്തികൾ 15:28, 29.
പിറേറന്നു രാവിലെ ആശുപത്രിക്കാർ രക്തപ്പകർച്ചകൾ നൽകുന്നതിനുള്ള ഒരു കോടതി ഉത്തരവിനു വേണ്ടി അപേക്ഷിച്ചു. ജഡ്ജി ഡേവിഡ് ആർ. മെയ്ന്റെ അധ്യക്ഷതയിലുള്ള വിചാരണ അഞ്ചു ദിവസം നീണ്ടുനിന്നു. അത് ആശുപത്രിയിലെ ഒരു മുറിയിൽ വെച്ചു നടത്തപ്പെട്ടതുകൊണ്ട് ലിസാ അഞ്ചു ദിവസവും ഹാജരായി. ലിസായ്ക്ക് അക്യൂട്ട് മൈയലോയ്ഡ് രക്താർബുദം ആയിരുന്നു. ഈ രോഗത്തിൽനിന്ന് സുഖം പ്രാപിക്കാൻ 30 ശതമാനം സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞുവെങ്കിലും ഇതു മാരകമാണ്. അവർ അനേകം രക്തപ്പകർച്ചകളും തീവ്രമായ കീമോതെറാപ്പിയും നിർദേശിച്ചു. ഈ ചികിത്സയാകട്ടെ, കഠിന വേദനയുളവാക്കുന്നതും ബലക്ഷയം വരുത്തുന്ന പാർശ്വഫലങ്ങളുള്ളതുമാണ്.
വിചാരണയുടെ നാലാം ദിവസം ലിസാ സാക്ഷ്യം നൽകി. അർധരാത്രിയിൽ നിർബന്ധപൂർവം രക്തപ്പകർച്ച നടത്തിയപ്പോൾ അവൾക്ക് എന്തു തോന്നി എന്നതായിരുന്നു അവളോടു ചോദിച്ച ചോദ്യങ്ങളിലൊന്ന്. പരീക്ഷണത്തിനു വിധേയമാകുന്ന ഒരു പട്ടിയെപ്പോലെയും ബലാൽസംഗം ചെയ്യപ്പെടുന്നതുപോലെയും പ്രായപൂർത്തിയെത്താത്ത ഒരു കുട്ടിയായതുകൊണ്ട് തന്നോട് എന്തും ചെയ്യാൻ കഴിയുമെന്ന് ചില ആളുകൾ വിചാരിക്കുന്നതായും തനിക്കു തോന്നാൻ അത് ഇടയാക്കി എന്ന് അവൾ വിശദമാക്കി. മറെറാരാളുടെ രക്തം തന്നിലേക്കു പ്രവേശിക്കുന്നതു കാണുന്നത് അവൾക്ക് അറപ്പായിരുന്നു. എയ്ഡ്സോ ഹെപ്പാറൈറററിസോ മറേറതെങ്കിലും സാംക്രമിക രോഗമോ തനിക്കു പകരുമോ എന്ന് അവൾ സംശയിച്ചു. എല്ലാററിലുമുപരിയായി, വേറൊരാളുടെ രക്തം തന്റെ ശരീരത്തിലേക്ക് സ്വീകരിക്കുന്നതിനെതിരായ ദൈവനിയമം ലംഘിക്കുമ്പോൾ യഹോവ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നതായിരുന്നു അവളുടെ മുഖ്യ ചിന്ത. അത് മേലാൽ വീണ്ടും സംഭവിച്ചാൽ, “എനിക്ക് എത്രമാത്രം വേദനിച്ചാലും ശരി, ഞാൻ എതിർത്ത് രക്തസഞ്ചി തൂക്കിയിട്ടിരിക്കുന്ന കാല് തൊഴിച്ച് താഴെയിടുകയും സൂചി വലിച്ചൂരുകയും രക്തസഞ്ചിയിൽ കിഴുത്തയിടുകയും ചെയ്യും.”
“നിന്റെ മാതാപിതാക്കളിൽ നിന്നെടുത്ത് നിന്നെ തങ്ങൾക്കു വിട്ടുതരണമെന്ന് ചിൽഡ്രൻസ് എയ്ഡ് സൊസൈററി ആവശ്യപ്പെടുന്നതു സംബന്ധിച്ച് നിനക്ക് എന്തു തോന്നുന്നു?” അവളുടെ വക്കീൽ ചോദിച്ചു.
“അത് എന്നെ വളരെ വളരെ കോപിഷ്ഠയാക്കുന്നു. അവർ ക്രൂരൻമാരാണെന്നു വിചാരിക്കാൻ അത് എന്നെ ഇടയാക്കുന്നു. എന്തുകൊണ്ടെന്നാൽ എന്റെ മാതാപിതാക്കൾ എന്നെ ഒരിക്കലും അടിച്ചിട്ടില്ല. അവരെന്നെ സ്നേഹിക്കുന്നു, ഞാൻ അവരെയും. തൊണ്ടവേദനയോ ജലദോഷമോ ഒക്കെയായി ഞാൻ സുഖമില്ലാതെ കിടന്നപ്പോൾ അവർ എന്നെ പരിപാലിച്ചു. അവരുടെ മുഴുജീവിതവും എന്നെ ചുററിപ്പററിയായിരുന്നു. ഇപ്പോഴിതാ, രക്തം കയററാൻ അവർ സമ്മതിക്കുന്നില്ല എന്ന ഒററക്കാരണത്താൽ ആരോ വന്ന് എന്നെ എന്റെ മാതാപിതാക്കളിൽനിന്ന് അകററുന്നു. ഇത് മഹാ ക്രൂരതയാണ് എന്നു ഞാൻ വിചാരിക്കുന്നു. അതെന്നെ വല്ലാതെ പരിഭ്രാന്തയാക്കുന്നു.”
“നിനക്ക് മരിക്കാൻ ആഗ്രഹമുണ്ടോ?”
“ഇല്ല, മരിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഇനി, ഞാൻ മരിക്കുകയാണെങ്കിൽത്തന്നെ എനിക്ക് പേടിയൊന്നുമില്ല, എന്തെന്നാൽ പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശ എനിക്കുണ്ട്.”
തന്റെ ആസന്ന മരണത്തെക്കുറിച്ചും യഹോവയിലുള്ള തന്റെ വിശ്വാസത്തെക്കുറിച്ചും രക്തത്തിന്റെ പവിത്രത സംബന്ധിച്ച യഹോവയുടെ നിയമത്തോട് അനുസരണമുള്ളവളായി നിൽക്കുന്നതിനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും ലിസാ ധൈര്യപൂർവം വിശദീകരിച്ചപ്പോൾ കരയാത്ത കണ്ണുകൾ ചുരുക്കമായിരുന്നു.
അവളുടെ വക്കീൽ തുടർന്നു: “ലിസാ, രക്തപ്പകർച്ച നടത്താൻ കോടതി നിനക്ക് ഉത്തരവ് നൽകുന്നെന്നിരിക്കട്ടെ. അപ്പോൾ നിന്റെ മനോഭാവത്തിന് എന്തെങ്കിലും മാററം വരുത്തുമോ?”
“ഇല്ല, എന്തുകൊണ്ടെന്നാൽ യഹോവ ഏതു കോടതിയെക്കാളും ഏതൊരു മനുഷ്യനെക്കാളും വളരെ ഉന്നതനായതുകൊണ്ട് അപ്പോഴും യഹോവയോടു വിശ്വസ്തയായിരിക്കാനും അവന്റെ കല്പനകൾ അനുസരിക്കാനും ആണ് എന്റെ തീരുമാനം.”
“ലിസാ, ഈ കാര്യത്തിൽ ജഡ്ജി എന്തു തീരുമാനിക്കണമെന്നാണ് നിന്റെ ആഗ്രഹം?”
“കൊള്ളാം, അതു സംബന്ധിച്ച എന്റെ ആഗ്രഹം എന്നെ വീണ്ടും എന്റെ മാതാപിതാക്കളുടെ സംരക്ഷണയിൽ വിടണം എന്നതാണ്. അപ്പോൾ വീട്ടിലെ സന്തോഷകരമായ ചുററുപാടുകളിൽ എനിക്ക് സന്തോഷമുള്ളവളായി കഴിയാം.”
ജഡ്ജി മെയ്ന്റെ തീരുമാനവും അതായിരുന്നു. അദ്ദേഹത്തിന്റെ ഉത്തരവിന്റെ ചില ഭാഗങ്ങൾ താഴെക്കാണാം.
“രക്തപ്പകർച്ച നടത്താൻ ശ്രമം നടത്തിയാൽ താൻ അതിനെ ഉള്ള ശക്തി മുഴുവൻ സ്വരൂപിച്ച് എതിർക്കുമെന്ന് വ്യക്തമായും വസ്തുനിഷ്ഠമായും ടിയാൻ കോടതിയോടു പറഞ്ഞു. അവൾ ഒച്ചവെച്ച് എതിർക്കുമെന്നും കയ്യിൽനിന്ന് സൂചി വലിച്ചൂരുമെന്നും തന്റെ കിടക്കയ്ക്കു മുകളിലുള്ള സഞ്ചിയിലെ രക്തം നശിപ്പിക്കാൻ ശ്രമിക്കുമെന്നും അവൾ പറഞ്ഞു. ഞാൻ അവളെ വിശ്വസിക്കുന്നു. ആ അഗ്നിപരീക്ഷയിലൂടെ കടന്നുപോകുന്നതിന് ആ കുട്ടിയെ അനുവദിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ഞാൻ തയ്യാറല്ല.”
അർധരാത്രിയിൽ നിർബന്ധിതമായി നടത്തിയ രക്തപ്പകർച്ചയെപ്പററി അദ്ദേഹം പറഞ്ഞു:
“അവളുടെ മതത്തിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിൽ സെക്ഷൻ 15(1) അനുസരിച്ച് അവളോടു വിവേചന കാണിക്കേണ്ടതായിരുന്നു എന്നു ഞാൻ കണ്ടെത്തുന്നു. ഈ സാഹചര്യത്തിൽ രക്തപ്പകർച്ച നടത്തിയതുവഴി സെക്ഷൻ 7 അനുസരിച്ച് സ്വന്തം ശരീരം കാക്കുന്നതിന് അവൾക്കുള്ള അവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു.”
ലിസായെക്കുറിച്ചു തന്നെയുള്ള അദ്ദേഹത്തിന്റെ മതിപ്പ് രസകരമാണ്:
“ടിയാൻ സൗന്ദര്യവതിയും അതിബുദ്ധിമതിയും സ്പഷ്ടമായി സംസാരിക്കുന്നവളും വിനയമുള്ളവളും നന്നായി പ്രതികരിക്കുന്നവളും ഏററവും പ്രധാനമായി ധൈര്യവതിയും ആണ്. അവൾക്ക് പ്രായത്തിൽ കവിഞ്ഞ ജ്ഞാനവും പക്വതയും ഉണ്ട്. ഏതൊരു മാതാവോ പിതാവോ തങ്ങളുടെ കുട്ടിയിൽ വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ക്രിയാത്മക ഗുണങ്ങളും അവൾക്കുണ്ടെന്നു പറയുന്നത് ശരിയാണെന്നു ഞാൻ വിചാരിക്കുന്നു. നന്നായി ചിന്തിച്ചുറച്ച, വ്യക്തമായ ഒരു മതവിശ്വാസം അവൾക്കുണ്ട്. എന്റെ വീക്ഷണം പറയുകയാണെങ്കിൽ, ഈ കോടതി പുറപ്പെടുവിക്കുന്ന ഒരു ഉത്തരവുൾപ്പെടെ ഏതെല്ലാം ഉറവിൽ നിന്നുള്ള ഉപദേശമോ മാതാപിതാക്കളിൽനിന്നോ മററാരെങ്കിലിൽനിന്നുമുള്ള സമ്മർദമോ അവളുടെ മതവിശ്വാസങ്ങളെ ഉലയ്ക്കുകയോ മാററുകയോ ചെയ്യുകയില്ല. മാന്യതയോടും മനസ്സമാധാനത്തോടും കൂടെ ഈ രോഗത്തോടു മല്ലിടാൻ ടിയാന് അവസരം നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു.”
“അപേക്ഷ തള്ളിയിരിക്കുന്നു.”
ആ ദിവസം ലിസായും അവളുടെ കുടുംബവും ആശുപത്രി വിട്ടു. മാന്യതയോടും മനസ്സമാധാനത്തോടും കൂടിത്തന്നെ ലിസാ തന്റെ രോഗത്തോടു മല്ലിട്ടു. അവൾ ഭവനത്തിൽ മാതാപിതാക്കളുടെ സ്നേഹപുരസ്സരമായ കരങ്ങളിൽ കിടന്ന് സമാധാനത്തോടെ മരിച്ചു. അങ്ങനെ ചെയ്തുകൊണ്ട് അവൾ ദൈവത്തെ ഒന്നാമതു വെക്കുന്ന യഹോവയുടെ മററനേകം യുവസാക്ഷികളുടെ അണികളോടു ചേർന്നു. ഫലമോ, അവളും അവരോടുകൂടെ യേശുവിന്റെ ഈ വാഗ്ദാനനിവൃത്തി ആസ്വദിക്കും: “എനിക്കുവേണ്ടി തന്റെ ജീവനെ നഷ്ടമാക്കുന്നവൻ അതിനെ കണ്ടെത്തും..”—മത്തായി 10:39, NW, അടിക്കുറിപ്പ്.
എർനസ്ററിൻ ഗ്രിഗറി
എർനസ്ററിന് രക്താർബുദം ഉണ്ടെന്ന് 17-ാം വയസ്സിൽ നടത്തിയ രോഗനിർണയം വെളിപ്പെടുത്തി. ആശുപത്രിയിലാക്കപ്പെട്ടപ്പോൾ, ഡോക്ടർമാർ നടത്താനാഗ്രഹിച്ച കീമോതെറാപ്പിയെ പിന്തുണയ്ക്കാനായി രക്തോത്പന്നങ്ങൾ ഉപയോഗിക്കാൻ അവൾ വിസമ്മതിച്ചു. എർനസ്ററിന്റെ വിസമ്മതവും രക്തരഹിത ചികിത്സ സംബന്ധിച്ച അവളുടെ തിരഞ്ഞെടുപ്പിന് മാതാവ് കൊടുത്ത പിന്തുണയും നിമിത്തം ആശുപത്രി ഈ വിവരം യു.എസ്.എ.യിലുള്ള ചിക്കാഗോ, ഇല്ലിനോയ്സിലെ ക്ഷേമ ഉദ്യോഗസ്ഥർക്കു റിപ്പോർട്ടു ചെയ്തു. അവർ രക്തത്തിന്റെ ഉപയോഗത്തിനുള്ള ഒരു കോടതി ഉത്തരവ് തേടി. ഒരു വിചാരണ ക്രമീകരിക്കപ്പെട്ടു, അതിൽ വിചാരണക്കോടതി എർനസ്ററിനെ കൂടാതെ ഒരു ഡോക്ടർ, ഒരു മനഃശാസ്ത്രജ്ഞൻ, ഒരു വക്കീൽ അതുപോലെ ഉൾപ്പെട്ട മററാളുകൾ എന്നിവരുടെയെല്ലാം സാക്ഷ്യം കേട്ടു.
തനിക്കു രക്തം വേണ്ടെന്ന് എർനസ്ററിൻ തന്റെ ഡോക്ടറോട് പറഞ്ഞു. ഇത് ബൈബിൾ വായിച്ചതിന്റെ അടിസ്ഥാനത്തിലുള്ള തന്റെ സ്വന്ത തീരുമാനം ആണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തന്റെ ഇച്ഛ കൂടാതെ നൽകുന്ന രക്തപ്പകർച്ചയും ദൈവനിയമത്തെ അനാദരിക്കുന്നു. കോടതി അധികാരം ഉൾപ്പെടുന്നുണ്ടെങ്കിലും ശരി അത് തന്റെ വീക്ഷണത്തിൽ തെററാണ്. താൻ വൈദ്യചികിത്സയ്ക്ക് എതിരല്ല, മരിക്കാനാഗ്രഹിക്കുന്നുമില്ല. മരിക്കാനോ ആത്മഹത്യ ചെയ്യാനോ അല്ല തന്റെ തീരുമാനം; എന്നാൽ തനിക്ക് മരണത്തെ ഭയമില്ല എന്ന് അവൾ പറഞ്ഞു.
“എർനസ്ററിന്റെ പക്വതയും തന്നെക്കുറിച്ചു തന്നെയുള്ള അവളുടെ ബോധവും” അവളുടെ മതവിശ്വാസങ്ങളുടെ സത്യതയും തന്നിൽ “മതിപ്പുളവാക്കി” എന്ന് സ്ററാൻലി യാക്ക്നൻ, എം.ഡി., സാക്ഷ്യപ്പെടുത്തി. എർനസ്ററിന് തന്റെ രോഗത്തിന്റെ പ്രകൃതവും വരുംവരായ്കകളും മനസ്സിലായി എന്നും അദ്ദേഹം പറഞ്ഞു. അവളുടെ ഗ്രഹണപ്രാപ്തി നിമിത്തം ഒരു മനോരോഗ ചികിത്സകനെയോ മനഃശാസ്ത്രജ്ഞനെയോ വിളിക്കേണ്ട ആവശ്യം ഡോ. യാക്ക്നൻ കണ്ടില്ല.
എങ്കിലും, നിർ ലിററ്നെർ, എം.ഡി. എന്ന മനോരോഗ ചികിത്സകനെ വിളിക്കുകയുണ്ടായി. എന്നാൽ, എർനസ്ററിന് 18-ഉം 21-ഉം വയസ്സിനിടയ്ക്കുള്ള ഒരാളുടെ പക്വതയുണ്ടെന്ന് എർനസ്ററിനോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. രക്തപ്പകർച്ച സ്വീകരിക്കുന്നതിന്റെ അല്ലെങ്കിൽ നിരസിക്കുന്നതിന്റെ വരുംവരായ്കകളെക്കുറിച്ച് എർനസ്ററിന് ഗ്രാഹ്യം ഉണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. അവൾ ഈ തീരുമാനം എടുത്തത് മറെറാരാളുടെ നിയന്ത്രണത്തിലായതുകൊണ്ടല്ല, പിന്നെയോ അവൾതന്നെ അതിൽ വിശ്വസിച്ചതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഗതിയിൽ സ്വന്തം തീരുമാനം എടുക്കാൻ അവളെ അനുവദിക്കണമെന്ന് ഡോ. ലിററ്നെർ പറഞ്ഞു.
എർനസ്ററിന് തന്റെ രോഗത്തിന്റെ സ്വഭാവം മനസ്സിലായെന്നും “താനെടുത്ത തീരുമാനം ഗ്രഹിക്കാനും അതിന്റെ വരുംവരായ്കകൾ സ്വീകരിക്കാനും” അവൾ “പൂർണമായും പ്രാപ്തയായിരിക്കുന്നതായി കാണപ്പെട്ടു” എന്നും താൻ വിശ്വസിക്കുന്നതായി എർനസ്ററിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഒരു ആശുപത്രി വക്കീലായ ജെയ്ൻ മകാററി സാക്ഷ്യപ്പെടുത്തി.
എർനസ്ററിന്റെ സാക്ഷ്യം കോടതിക്കും വളരെ മതിപ്പുളവാക്കി. എർനസ്ററിൻ ജ്ഞാനപൂർവകമായ വൈദ്യതീരുമാനങ്ങൾ എടുക്കാൻ തക്ക പ്രായമുള്ള, പക്വതയുള്ള 17 വയസ്സുകാരിയാണെന്നു കോടതി മനസ്സിലാക്കി; എന്നിട്ടും, വിസ്മയകരമെന്നു പറയട്ടെ, രക്തപ്പകർച്ചകൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് കോടതി പുറപ്പെടുവിച്ചു. ആശുപത്രിയിൽ അവളുടെ സമീപം രണ്ടു ഡോക്ടർമാർ ഉണ്ടായിരുന്നു, രക്തപ്പകർച്ചക്കുള്ള ഉപകരണവും സജ്ജീകരിച്ചിരുന്നു. കോടതിയുടെ ഉത്തരവ് വന്നയുടനെ, എർനസ്ററിന്റെ ശക്തമായ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ബലംപ്രയോഗിച്ച് അവൾക്ക് രക്തപ്പകർച്ച നൽകി. പെട്ടെന്നുതന്നെ കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കപ്പെട്ടു. എന്നാൽ ആശുപത്രി വിവേചനാരഹിതമായി നടത്തിയ രക്തപ്പകർച്ചയെ തടയാൻ കഴിയുംവിധമായിരുന്നില്ലെന്നു മാത്രം.
മേലാൽ രക്തപ്പകർച്ചകൾ നടത്താതിരിക്കേണ്ടതിന് വിചാരണക്കോടതിയുടെ ഉത്തരവിൻമേൽ ഇല്ലിനോയ്സിലെ അപ്പീൽ കോടതിയിൽ അപ്പീൽ കൊടുത്തു. എർനസ്ററിന്റെ ഇച്ഛക്കു വിരുദ്ധമായി നിർബന്ധം ചെലുത്തി അവൾക്ക് രക്തപ്പകർച്ചകൾ നൽകരുതെന്ന് അപ്പീൽ കോടതി ഒന്നിനെതിരെ രണ്ട് എന്ന തോതിൽ തീരുമാനം എടുത്തു. എർനസ്ററിനുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭേദഗതി വരുത്തപ്പെട്ട ഒന്നാമത്തെ അവകാശവും അതോടൊപ്പം സ്വകാര്യതയ്ക്കുള്ള അവളുടെ ഭരണഘടനാപരമായ അവകാശവും പക്വമതിയായ ഒരു കുട്ടിയെന്ന നിലയിൽ മതപരമായ കാരണങ്ങളാൽ രക്തപ്പകർച്ചകൾ നിരസിക്കുന്നതിനുള്ള അവളുടെ അവകാശത്തെ സംരക്ഷിക്കുന്നു എന്ന് കോടതി ന്യായവാദം ചെയ്തു.
ശിശുക്ഷേമ ഉദ്യോഗസ്ഥൻമാർ അപ്പോൾ അപ്പീൽ കോടതിയുടെ തീരുമാനം സംബന്ധിച്ച് ഇല്ലിനോയ്സിലെ സുപ്രീംകോടതിക്ക് അപ്പീൽ സമർപ്പിച്ചു. എർനസ്ററിൻ ഒരു മൈനറാണെങ്കിലും തനിക്ക് പ്രതികൂലമായ വൈദ്യ ചികിത്സ നിരസിക്കുന്നതിനുള്ള അവകാശം അവൾക്കുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇല്ലിനോയ്സിലെ അത്യുന്നത നീതിപീഠം വസ്തുത സ്ഥിരീകരിച്ചു. പൊതു നിയമം അനുസരിച്ച് സ്വന്തം ശരീരം സംബന്ധിച്ച് എന്തും തീരുമാനിക്കാനുള്ള അവകാശത്തിന്റെയും പക്വമതികളായ കുട്ടികൾക്കുള്ള വ്യവസ്ഥയുടെയും അടിസ്ഥാനത്തിലാണ് അത്യുന്നത നീതിപീഠം ഈ തീരുമാനം എടുത്തത്. ഇല്ലിനോയ്സിലെ പക്വതയെത്തിയ മൈനർമാരുടെ കേസുകളിൽ പ്രായോഗികമാക്കേണ്ട നിലവാരമെന്താണെന്ന് ഇല്ലിനോയ്സിലെ അത്യുന്നത നീതിപീഠം പിൻവരുന്ന പ്രസ്താവനയിൽ സംഗ്രഹിച്ചു:
“കുട്ടി തന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങൾ ഗ്രഹിക്കാനും ഒരു മുതിർന്നയാളുടെ വിവേചനാസാമർഥ്യം ഉപയോഗിക്കാനും തക്കവണ്ണം പക്വതയുള്ളവളാണെന്ന് തെളിവ് വ്യക്തമാക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നെങ്കിൽ വൈദ്യ ചികിത്സ സ്വീകരിക്കാനോ നിരസിക്കാനോ ഉള്ള പൊതു നിയമാവകാശം പക്വതയുള്ള മൈനറിനുള്ള നിയമം അവനോ അവൾക്കോ നൽകുന്നു.”
എർനസ്ററിന് കൂടുതലായ രക്തപ്പകർച്ചകളൊന്നും കൊടുത്തില്ല. രക്താർബുദത്താൽ അവൾക്കു മരണം സംഭവിച്ചും ഇല്ല. മുൻപ് പരാമർശിച്ച മററു യുവജനങ്ങളെ പോലെ എർനസ്ററിനും ഉറച്ചുനിന്നുകൊണ്ട് ദൈവത്തെ തന്റെ ജീവിതത്തിൽ ഒന്നാമതു വെച്ചു. ഇവർക്കെല്ലാം “സാധാരണയിൽ കവിഞ്ഞ ശക്തി” ലഭിച്ചു.—2 കൊരിന്ത്യർ 4:7, NW.
[13-ാം പേജിലെ ചതുരം]
രക്തപ്പകർച്ചയുടെ അപകടങ്ങൾ
ഒരു യൂണിററ് രക്തത്തിനു പതിനേഴര ലക്ഷം പേർക്കു രോഗബാധയുണ്ടാക്കാവുന്ന അത്രയും എയ്ഡ്സ് വൈറസുകളെ വഹിക്കാനാവുമെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിന്റെ 1989 ഡിസംബർ 14 ലക്കം റിപ്പോർട്ടു ചെയ്തു!
സ്വമേധയാ രക്തം ദാനം ചെയ്യുന്നവരിലൂടെ എയ്ഡ്സ് പകരുമെന്ന് അറിഞ്ഞുകഴിഞ്ഞപ്പോൾ 1987-ൽ, ഓട്ടോലോഗസ് ആൻഡ് ഡയറക്ററഡ് ബ്ളഡ് പ്രോഗ്രാംസ് എന്ന പുസ്തകം ഇങ്ങനെ വിലപിച്ചു: “ചികിത്സാരംഗത്തെ വിരോധാഭാസങ്ങളിൽ ഏററവും കയ്പേറിയത് ഇതായിരുന്നു; രക്തത്തിന്റെ വിലയേറിയ ജീവദായക സമ്മാനത്തിന് മരണത്തിന്റെ ഉപകരണമായിത്തീരാൻ കഴിയുന്നു.”
യു.എസ്.എ., മാസാച്ചുസെററ്സിലെ ഒരു ആശുപത്രിയിൽ രക്തപ്പകർച്ചാ സേവന വിഭാഗത്തിന്റെ ഡയറക്ടറായ ഡോ. ചാൾസ് ഹഗൻസ് പറഞ്ഞു: “അതു നാം ഉപയോഗിക്കുന്ന മരുന്നുകളിൽവെച്ച് ഏററവും അപകടകാരിയായ പദാർഥമാണ്.”
“വ്യക്തമായും, രക്തപ്പകർച്ച നൽകിയിട്ടില്ലെങ്കിൽ അതാണ് ഏററവും സുരക്ഷിതമായ രക്തപ്പകർച്ച” എന്നാണ് സർജറി ആനുവലിന്റെ നിഗമനം.
രക്തപ്പകർച്ച ഉപയോഗിച്ചുകൊണ്ടുള്ള ശസ്ത്രക്രിയയ്ക്കുശേഷം അർബുദം വീണ്ടും പലപ്രാവശ്യം പിടിപെടുന്നതുകൊണ്ട്, ദ അമേരിക്കൻ ജേർണൽ ഓഫ് സർജറിയുടെ 1986 സെപ്ററംബർ ലക്കത്തിൽ ഡോ. ജോൺ എസ്. സ്പ്രാററ് ഇങ്ങനെ പറഞ്ഞു: “അർബുദ ശസ്ത്രക്രിയാവിദഗ്ധൻ രക്തരഹിത ശസ്ത്രക്രിയാവിദഗ്ധനാകേണ്ട ആവശ്യമുണ്ട്.”
എമർജൻസി മെഡിസിൻ എന്ന പത്രികയ്ക്കു പറയാനുള്ളത് ഇതാണ്: “യഹോവയുടെ സാക്ഷികളുമായുള്ള ഞങ്ങളുടെ അനുഭവം അപഗ്രഥിച്ചാൽ ഒരു കാര്യം വ്യക്തമാകും, ഈ പ്രശ്നങ്ങളെല്ലാമുള്ള രക്തപ്പകർച്ചയിൽ നാം പണ്ട് ആശ്രയിച്ചതുപോലെ മേലാൽ ആശ്രയിക്കേണ്ടതില്ല എന്ന്.”
പത്തോളജിസ്ററ് എന്ന പത്രിക യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനെ പരാമർശിച്ചുകൊണ്ട് പറഞ്ഞു: “അവരുടെ വാദത്തെ പിന്താങ്ങുന്നതിനു മതിയായ തെളിവുകളുണ്ട്, അതിനെതിരെ രക്ഷ ബാങ്കുകളിൽനിന്നുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നിട്ടും.”
യഹോവയുടെ സാക്ഷികൾ രക്തം സ്വീകരിക്കാൻ വിസമ്മതിക്കുന്നതിനെച്ചൊല്ലി ബോസ്ററൺ കോളെജ് ലോ സ്കൂളിലെ നിയമ പ്രൊഫസ്സറായ ഡോ. ചാൾസ് എച്ച്. ബാരോൺ പറഞ്ഞു: “അമേരിക്കൻ സമൂഹത്തിലെ എല്ലാവർക്കും പ്രയോജനമുണ്ടായി. യഹോവയുടെ സാക്ഷികളുടെ ആശുപത്രി ഏകോപന സമിതികളുടെ പ്രവർത്തനം മുഖാന്തരം ഇന്നു യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല, രോഗികൾക്കു പൊതുവേ അനാവശ്യമായ രക്തപ്പകർച്ചകൾ കൊടുക്കാൻ സാധ്യത കുറവാണ്.”