മിടുമിടുക്കരായ കൊച്ചു ഗൃഹപരിപാലകർ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ആഫ്രിക്കൻ മഴവനങ്ങളിലെ ഇടസ്ഥലങ്ങളിൽ കാണപ്പെടുന്ന ഒരു മരമാണ് ശാഖകൾക്ക് അത്ര കെൽപ്പൊന്നുമില്ലാത്ത ബർട്ടീരിയ. ഇതു പരമാവധി വളർന്നാൽ മാത്രമേ വനത്തിന്റെ സാധാരണ പൊക്കം കൈവരിക്കുകയുള്ളൂ. മററു മരങ്ങൾക്കൊപ്പം ഇതു സാധിച്ചെടുക്കുകയെന്നാൽ, അത് ഒരു പോരാട്ടംതന്നെയാണ്. ഈ പോരാട്ടം വിജയിക്കണമെങ്കിൽ പടർന്നുകയറി വരിഞ്ഞുമുറുക്കുന്ന വള്ളിച്ചെടികളെയും ഇലകളിൽ പ്രകാശമെത്തുന്നതിനു തടസ്സമാകുന്ന പൂപ്പലുകളെയും അകററിനിർത്തണം. പക്ഷേ ഇക്കാര്യത്തിൽ അതിനു സഹായം ആവശ്യമാണ്. ഇവിടെയാണ് കട്ടുറുമ്പുകൾ ഗൃഹപരിപാലകരായി ഒരു നിർണായക പങ്കുവഹിക്കുന്നത്. ഉറുമ്പും മരവും തമ്മിലുള്ള ഈ ബന്ധം കാമറൂണിലെ മഴവനമായ കോറൂപിൽവെച്ച് ഫിലിമിൽ പകർത്തുകയുണ്ടായി. ഫിൽ അഗ്ളണ്ട്, മൈക്കൾ റോസൻബർഗ് എന്നിവർ ചേർന്നു നിർമിച്ച ആഫ്രിക്കൻ മഴവനമായ കോറൂപ് [ഇംഗ്ലീഷ്] എന്ന ടിവി ഡോക്യുമെൻററിയുടെ ഭാഗമായിട്ടായിരുന്നു അത്.
ഒരു ബർട്ടീരിയ മരം അന്വേഷിച്ചുനടക്കുന്ന ഒരു പുതിയ ഉറുമ്പുരാജ്ഞിയെ ഡോക്യുമെൻററി അവതരിപ്പിക്കുന്നു. തന്റെ കോളനി സ്ഥാപിക്കാൻ പററിയ സ്ഥലം കെൽപ്പുകുറഞ്ഞ അതിന്റെ ശിഖരങ്ങളാണെന്ന് അവൾക്ക് സഹജജ്ഞാനത്താൽ അറിയാം. ശിഖരത്തിൽ ഒരു തുളയുണ്ടാക്കി അവൾ അതിൽ മുട്ടയിടുന്നു. ഈ മരത്തിൽനിന്നു പൊട്ടിയൊഴുകുന്ന ദ്രവ്യം കഴിക്കാനെത്തുന്ന ചെറുകീടങ്ങൾക്കും ഇതിന്റെ ചില്ലകൾ ഭവനമാണ്. ഈ കീടങ്ങൾ ഉറുമ്പുകൾക്ക് പുഷ്ടിപ്പെടുത്തുന്ന ഒരു പാനീയം ചുരത്തിക്കൊടുക്കുന്നതിനാൽ ഉറുമ്പുകൾ അവയെ കന്നുകാലികളെപ്പോലെ പരിരക്ഷിക്കുന്നു.
ഉറുമ്പു കോളനി വേണ്ടത്ര വലുതായിക്കഴിഞ്ഞാലുടൻ മററു താമസക്കാരെ കുടിയൊഴിപ്പിക്കാനും മരത്തെ വെടിപ്പാക്കാനും തുടങ്ങുന്നു. ഈ സമർഥരായ ചെറുഗൃഹപാലകരെ ഒന്നു നിരീക്ഷിക്കുക. എന്തൊരു വശ്യത! ചിലതു മരത്തിന്റെ അടിയിലേക്ക് ഇറങ്ങിച്ചെന്ന് വള്ളിച്ചെടികളെ ആക്രമിക്കുന്നു. അവയാൽ വരിഞ്ഞുമുറുക്കപ്പെടും എന്ന ഭീഷണിയിലാണ് മരം. ഉറുമ്പുകൾ അതിന്റെ തണ്ടുകൾ മുതൽ കാർന്നുതിന്നുന്നു. അങ്ങനെ വള്ളിച്ചെടികളെ നശിപ്പിക്കുന്നു. മററ് ഉറുമ്പുകൾ ഇലകളിൽനിന്നു പാഴ്വസ്തുക്കൾ, പൂപ്പ്, പായൽ എന്നിവ നീക്കി ഇലകളെ വെടിപ്പാക്കുന്നതായി കാണാവുന്നതാണ്. ഇലയുടെ അടിയിൽ ഒളിഞ്ഞിരിക്കുന്ന പുഴുവിനെപ്പോലും പുറത്തു ചാടിക്കുന്നു.
ടിവി ഡോക്യുമെൻററി ഇങ്ങനെ വിശദീകരിക്കുന്നു: “ഗണിതകണിശതയോടെ ഉറുമ്പുകൾ പാഴ്വസ്തുക്കളുടെ ഓരോ കഷണവും വെടിപ്പാക്കുന്നു. കേടുവരുത്തുന്ന സകല കീടങ്ങളും വള്ളിച്ചെടികളും നീക്കപ്പെട്ടുകഴിയുമ്പോൾ ഉറുമ്പുകളിൽനിന്നുള്ള സംരക്ഷണത്തോടെ ബർട്ടീരിയ മരത്തിനു മററു മരങ്ങളുമായി ഫലപ്രദമായി കിടപിടിക്കാനാവും. തത്ഫലമായി, ഭക്ഷണത്തിനുവേണ്ടിയുള്ള ഏക ഉറവായ ചെറുകീടങ്ങളെ അതിൻമേലിരുത്തി പരിപാലിക്കാനും കുഞ്ഞുറുമ്പുകളെ വളർത്തിക്കൊണ്ടുവരാനും ബർട്ടീരിയ മരത്തിന്റെ കുരുന്നുചില്ലകൾ ഉപയോഗപ്പെടുത്തുന്നതിന് ഉറുമ്പുകൾക്കു കഴിയുന്നു.”
ഈ ഉറുമ്പുകൾ, എന്തൊരു പരിശ്രമശാലികളായ ജോലിക്കാർ! ഒരു പുരാതന സദൃശവാക്യം പറയുന്നു: “മടിയാ, ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി ബുദ്ധിപഠിക്ക.”—സദൃശവാക്യങ്ങൾ 6:6.