യമൻ വിസ്മയങ്ങൾ നിറഞ്ഞ നാട്
അറേബ്യൻ ഉപദ്വീപ്! ആളുകൾ ലോകത്തിന്റെ ഈ വിചിത്ര ഭാഗത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മണൽക്കുന്നുകളെയും ഒട്ടകങ്ങളെയും മരുസഞ്ചാരികളെയും ആണ് പലപ്പോഴും ഭാവനയിൽ കാണുക. മണൽക്കുന്നുകളും പൊള്ളുന്ന ചൂടും ഈ പ്രദേശത്തിന്റെ ഭൂരിഭാഗത്തിന്റെയും സവിശേഷത ആണെന്നതു ശരിതന്നെ. എന്നാൽ അതിന് നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തുന്ന മററു ചില ഗുണവിശേഷങ്ങളും കൂടെയുണ്ട്.
ഉദാഹരണത്തിന്, യമൻ എന്ന നാടിനെക്കുറിച്ച് ചിന്തിക്കുക. ചെങ്കടലിനും ഏഡൻ കടലിടുക്കിനും മുഖാമുഖമായി കിടക്കുന്ന ഈ ദേശം അറബിനാടിന്റെ കൈമുട്ടുപോലെ കാണപ്പെടുന്നു. യമൻ വെറും ഒരു പാഴ് മണൽഭൂമി അല്ല. പിന്നെയോ അത് മലകളുടെയും മലയിടുക്കുകളുടെയും ഒരു നാടാണ്. മുന്തിരിപ്പഴങ്ങളുടെയും അപ്രിക്കോട്ടുകളുടെയും കൊതിയൂറിക്കുന്ന മററു പഴവർഗങ്ങളുടെയും ഒരു നാട്. വശ്യസുന്ദരമായ ശിൽപ്പകലയുടെ ഒരു നാടു തന്നെ. മരുഭൂമിയുടെ പൊരിയുന്ന ചൂട് യമനിലെ തീരഭൂമികളെ ചുട്ടുപൊള്ളിക്കുന്നു. എങ്കിലും അതിന്റെ ഉയർന്ന പ്രദേശങ്ങളിൽ ശാന്തമായ ഒരു സമശീതോഷ്ണ കാലാവസ്ഥ നിലനിൽക്കുന്നു എന്നറിയുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. എന്നാൽ അതിന്റെ സമ്പന്ന ചരിത്രത്തിലാണ് ക്രിസ്ത്യാനികൾക്കു പ്രത്യേക താത്പര്യം. അതിന്റെ ചരിത്രം ബൈബിൾ കാലങ്ങൾവരെ പിമ്പോട്ടു പോകുന്ന ഒരു ചരിത്രമാണ്.
കുന്തിരിക്ക വഴി
പ്രകൃതിയുടെ ഒരു പ്രത്യേക സ്വഭാവവിശേഷം മൂലം ലോകത്തിന്റെ ഈ ഭാഗത്തേക്ക് പുരാതനകാലത്ത് വൻ തോതിൽ സമ്പത്ത് ഒഴുകിവന്നു. അത് അറേബ്യയുടെ തെക്കൻ സമുദ്ര തീരത്തേക്ക് മഞ്ഞു വഹിച്ചുകൊണ്ടുവന്ന ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുള്ള വാണിജ്യവാതങ്ങൾ (trade winds) ആയിരുന്നു. ഈർപ്പം നിറഞ്ഞ ഈ കാററുകൾ പശമരങ്ങളുടെ വളർച്ചയ്ക്കുള്ള വിശിഷ്ടമായ ചുററുപാടുകൾ പ്രദാനം ചെയ്തു. ഈ മരങ്ങളുടെ തോൽ കുന്തിരിക്കംa എന്നു പറയുന്ന മരപ്പശ ഉത്പാദിപ്പിച്ചിരുന്നു. കത്തിക്കുമ്പോൾ കുന്തിരിക്കം ഒരു സുഗന്ധ പരിമളം പുറപ്പെടുവിക്കുന്നു. ഇത് അതിനെ മതാഘോഷങ്ങൾക്കു വളരെ വേണ്ടപ്പെട്ട ഒന്നാക്കിത്തീർത്തു. അങ്ങനെ ഇപ്പോൾ യമൻ എന്നറിയപ്പെടുന്ന ഈ രാജ്യം കുന്തിരിക്ക വ്യാപാരത്തിൽ പ്രമുഖ സ്ഥാനത്തെത്തി.
ഒരിക്കൽ ഏററവും മേൽത്തരമായ തങ്കത്തിന്റെ ഉറവിടമായിരുന്ന പുരാതന ഓഫിർ സാധ്യതയനുസരിച്ച് യമനിലായിരിക്കണം സ്ഥിതിചെയ്തിരുന്നത്. (ഇയ്യോബ് 22:24; 28:15, 16; സങ്കീർത്തനം 45:9) അതെന്തായാലും, പൊന്ന്, കുന്തിരിക്കം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പുരാതന പാലസ്തീൻ, സോർ [Tyre] എന്നീ ദൂരസ്ഥലങ്ങളിലേക്ക് യമനിലൂടെയാണ് പുരാതന ഒട്ടക സഞ്ചാരികൾ വഹിച്ചുകൊണ്ടുപോയത്. (യെഹെസ്കേൽ 27:2, 22-25) ഇതുമൂലം വൻ ധനികരായിത്തീർന്നത് വ്യാപാരികൾ മാത്രമല്ല. പിന്നെയോ, മരുസഞ്ചാരികളിൽ നിന്ന് കരം പിരിച്ച വഴിമധ്യേ ഉള്ള പല രാജ്യങ്ങളും ധനികരായി.
ഇപ്പോൾ യമന്റെ തെക്കൻ ഭാഗമായിരിക്കുന്നിടത്ത് സ്ഥാപിതമായിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശേബാ രാജ്യം ഈ മരുപ്പാതയുടെമേൽ അധീശാധികാരം പ്രയോഗിച്ചു. അത് കുന്തിരിക്കം, മൂർ, സ്വർണം, വിലയേറിയ കല്ലുകൾ, ആനക്കൊമ്പ് എന്നിവയുടെ വ്യാപാരത്തിൽ വിഖ്യാതി നേടി. (യെശയ്യാവു 60:6) ശലോമോന്റെ നാളുകളിൽ, ശേബാ രാജ്ഞി രാജാവിന്റെ ജ്ഞാനം നേരിട്ടു കേൾക്കാനായി “ഭൂമിയുടെ അറുതികളിൽ” നിന്നു സഞ്ചരിച്ചു. (മത്തായി 12:42) ചരിത്രപരമായ ബൈബിൾ വിവരണം അനുസരിച്ച് അവർ “അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ” യെരൂശലേമിൽ ചെന്നു. (1 രാജാക്കൻമാർ 10:1, 2) ഈ പഴയ രാജ്ഞിയെക്കുറിച്ചുള്ള ഓർമ യമൻകാരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. അവരുടെ പേര് ഖുറാനിൽ ഇല്ലെങ്കിലും ഇസ്ലാമിക ഇതിഹാസം അവരെ ബിൽക്കീസ് എന്നു വിളിക്കുന്നു. യമനിലെ പല വ്യവസായോത്പന്നങ്ങളിലും പ്രത്യക്ഷപ്പെടാറുള്ള ഒരു പേരാണിത്.
പതനത്തിന്റെ നൂററാണ്ടുകൾ
റോമാക്കാർ അതിനെ “സന്തോഷമുള്ള അറേബ്യ” എന്നർഥമുള്ള അറേബ്യാ ഫെലിക്സ് എന്ന ലാററിൻ പേർ വിളിക്കത്തക്കവണ്ണം നൂററാണ്ടുകളോളം യമൻ സമ്പദ്സമൃദ്ധി ആസ്വദിച്ചു. എന്നാൽ റോമാക്കാർ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തെ ദേശീയമതം ആയി തിരഞ്ഞെടുത്തപ്പോൾ കുന്തിരിക്കത്തിന്റെ ആവശ്യം കുറഞ്ഞുവന്നു. കൂടാതെ മെരിബിലെ വലിയ ഡാമിന്റെ പെട്ടെന്നുള്ള തകർച്ച യമന്റെ പതനത്തെ ത്വരിതപ്പെടുത്തി. പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] എട്ടാം നൂററാണ്ടുമുതൽ ഈ പ്രദേശത്തു ജലം വിതരണം ചെയ്തുകൊണ്ടിരുന്ന ഒരു വൻ ജലസേചന പദ്ധതിയുടെ കേന്ദ്രമായിരുന്നു അത്.
പ്രസിദ്ധിയുടെ ഉജ്ജ്വലതേജസ്സിലേക്ക് കുറച്ചെങ്കിലും മടങ്ങിവരാൻ യമനെ സഹായിച്ചത് കാപ്പി എന്ന മറെറാരു ഉത്പന്നമാണ്. യമന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള ഈ മറുനാടൻ പരിപ്പുകളുടെ വശ്യമാർന്ന നറുമണവും സ്വാദും ഏതാണ്ട് 1610-ലാണ് യൂറോപ്യൻമാർ കണ്ടുപിടിച്ചത്. ചെങ്കടലിന്റെ തെക്കേ അററത്തുള്ള മുക്കാ എന്ന നഗരം കാപ്പി കയററുമതിക്കുള്ള ഒരു വൻ തുറമുഖമായിത്തീർന്നു. ഇപ്രകാരം “മുക്കാ” അറേബ്യൻ കാപ്പിയുടെ പര്യായവും ഉത്തരാർധഗോളത്തിലെ ഒരു പേരുകേട്ട പദവും ആയിത്തീർന്നു.
കാപ്പിത്തൈകൾ കയററി അയച്ച് മററു രാജ്യങ്ങളിൽ അവ വിജയകരമായി വളരാൻ അധികനാൾ എടുത്തില്ല. അതിന്റെ ഫലമായി മുക്കാ നഗരം പതനത്തിലായി. കാപ്പി ഇപ്പോഴും യമന്റെ ഒരു മുഖ്യ കയററുമതി ഉത്പന്നമാണ്. എന്നാൽ മുക്കാ ഇന്ന് ഉറങ്ങിക്കിടക്കുന്ന ഒരു മത്സ്യതുറമുഖ നഗരം മാത്രമാണ്.
യമന്റെ തലസ്ഥാനത്തിലേക്ക് ഒരു എത്തിനോട്ടം
മുമ്പത്തെ ആഡംബരം ഒന്നു മങ്ങിയെങ്കിലും യമന് ഇപ്പോഴും ആകർഷകവും അതിശയകരവുമായ അനേകം സവിശേഷതകൾ ഉണ്ട്. തലസ്ഥാനനഗരിയായ സാനാ 2,000-ത്തിലധികം മീററർ ഉയരമുള്ള ഒരു പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ സുഖകരമായ ഒരു സമശീതോഷ്ണ കാലാവസ്ഥയാണുള്ളത്. യമനിലെ 1 കോടി 20 ലക്ഷം ജനങ്ങളിൽ ഭൂരിപക്ഷവും അതായത്, അറേബ്യയുടെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നും പാർക്കുന്നത് ഈ പീഠഭൂമിയിലും അവിടവിടായുള്ള അനേകം മലകളിലുമാണ്. അല്ലാതെ ചുട്ടുപൊള്ളുന്ന മരുഭൂമിയിലല്ല.
സാനായ്ക്ക് ആയിരക്കണക്കിനു വർഷത്തെ പഴക്കമുണ്ട്. ഈ പഴമ അതിന്റെ ശിൽപ്പകലകളിൽ നന്നായി ദൃശ്യമാണ്. കല്ലുകൊണ്ടുള്ള ഈ കെട്ടിടങ്ങൾ ജനലുകളിലെ വെള്ളപൂശിയ ശിലാചിത്രാലങ്കാരത്താലും കല്ലുകൾ ചെരിച്ചുവെച്ചു പണിതിട്ടുള്ള ആർച്ചുകളാലും നാനാവർണങ്ങളിലുള്ള ഗ്ലാസ് മൊസൈക്കുകളാലും അലങ്കൃതമാണ്. പട്ടണത്തിന്റെ ചില ഭാഗങ്ങളിൽ പഴയതും പുതിയതുമായ കെട്ടിടങ്ങൾ ഒന്നിനെ മറെറാന്നിൽ നിന്ന് തിരിച്ചറിയാൻ പാടില്ലാത്ത വിധം ഇടചേർന്നു നിൽക്കുന്നു. സാനായുടെ പഴയഭാഗത്തിന്റെ കുഴയ്ക്കുന്ന ഉൾപ്രദേശങ്ങളിൽ, എട്ടോ അതിലധികമോ നിലകൾ ഉയരമുള്ള കെട്ടിടങ്ങൾ നിൽക്കുന്നതു കാണാം. അവയ്ക്കു നൂററാണ്ടുകളോളം പഴക്കം വരും.
സാനായുടെ പഴയഭാഗം വിട്ട് ഒരുവൻ ബൃഹത്തായ നഗര വാതിലിലൂടെ കുന്നുകൾ നിറഞ്ഞ നാട്ടിൻപുറത്തേക്കു കടക്കുന്നു. നാലോ അതിലധികമോ നിലകളുള്ള വൃത്താകൃതിയിലുള്ള വാസ ഗോപുരങ്ങളും സിമന്റോ കുമ്മായമോ ഇല്ലാതെ പണിതിരിക്കുന്ന സംരക്ഷക മതിലുകളും ഉള്ള ഈ ഓരോ ഗ്രാമവും കണ്ടാൽ മലയോരങ്ങളിൽ പണിതിരിക്കുന്ന ഓരോ വൻ കൊട്ടാരം ആണെന്നേ തോന്നൂ. ചില ഗ്രാമങ്ങൾ ആണെങ്കിൽ അവയുടെ ചുററുപാടുകളോട് വളരെ ഇണങ്ങിച്ചേർന്നിരിക്കുന്നതുകൊണ്ട് അടുത്തു ചെന്നാൽ മാത്രമേ അവ ഗ്രാമങ്ങളാണെന്നു മനസ്സിലാകുകയുള്ളൂ.
മനുഷ്യർക്ക് ഇത്രയും ഉയരത്തിൽ താമസിക്കാൻ കഴിയുമോ എന്ന് ഒരാൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ കുറേക്കൂടെ മുകളിലേക്ക് നോക്കുമ്പോഴതാ, പിന്നെയും ഉയരത്തിൽ കോട്ടപോലെ കെട്ടിയിരിക്കുന്ന വസതികളുടെ മറെറാരു നിര. ഈ മലയോര ഗ്രാമങ്ങൾക്കു ചുററും കുത്തനെയുള്ള ചരിവുകൾ വെട്ടിനിരത്തി മതിൽ കെട്ടിയിരിക്കുന്നതു കാണാം.
യമനിലെ ജനങ്ങൾ
യമനിലെ ജനങ്ങൾ വിചിത്രരായിരിക്കുമെന്നു തന്നെയാണു പാശ്ചാത്യ സന്ദർശകർ പ്രതീക്ഷിക്കുന്നത്. എന്നാൽ യാഥാർഥ്യം പ്രതീക്ഷയ്ക്ക് അപ്പുറത്തു പോയേക്കാം. കാരണം ഇവിടുത്തെ മലയോര ആദിവാസികളെ ആദ്യം കാണുമ്പോൾ ശരിക്കും ഭയപ്പെട്ടുപോകും. ഫൂട്ട എന്നു പറയുന്ന പാവാട പോലെ ചുററും മൂടിക്കിടക്കുന്ന ഒരു വസ്ത്രവും വീതിയുള്ള ഒരു ബെൽററും ആണ് അവർ ധരിക്കുന്നത്. ആ ബെൽററിനുള്ളിൽ നന്നായി കാണത്തക്കവിധം ഒരു കഠാര തിരുകി വെച്ചിരിക്കും. അനേകം ഗ്രാമീണർ യന്ത്രത്തോക്കുകളും തോളിൽ വഹിച്ചുകൊണ്ടാണു നടക്കുന്നത്.
അതെ, യമൻ പുരുഷൻമാർ തങ്ങളുടെ ആയുധപ്രയോഗ വിദ്യയിൽ അഭിമാനം കൊള്ളുന്നു. സാംബിയ എന്നു പറയുന്ന ഒരുതരം വളഞ്ഞ കഠാര കമ്പോളത്തിന്റെ എല്ലാ ഭാഗങ്ങളിലും വിൽക്കപ്പെടുന്നു. സാധാരണമായി 14 വയസ്സുമുതൽ മേൽപ്പോട്ടു പ്രായമുള്ള ആൺകുട്ടികൾ പുരുഷത്വത്തിന്റെ അടയാളമായി ഇതു ധരിക്കുന്നു. എന്നിരുന്നാലും, കൊച്ചു കുട്ടികൾ പോലും അവ ധരിക്കുന്നതു കാണാം. കഠാരയുടെ പിടി പ്ലാസ്ററിക്കുകൊണ്ടോ തടികൊണ്ടോ അല്ലെങ്കിൽ ചെലവേറിയ കാണ്ടാമൃഗക്കൊമ്പുകൊണ്ടോ ആണ് നിർമിച്ചിട്ടുള്ളത്. വെള്ളിയിൽ തീർത്ത സുന്ദരമായ വേലകൾകൊണ്ട് ഉറ അലങ്കരിച്ചിരിക്കുന്നു. ഇതിന്റെ കത്തി വളരെ മൂർച്ചയുള്ളതാണ്. ഭാഗ്യവശാൽ, ഈ കത്തികൾ അലങ്കാരത്തിനാണ് മുഖ്യമായും ഉപയോഗിക്കുന്നത്. യഥാർഥത്തിൽ യമനിലെ ആളുകൾ ആതിഥ്യമര്യാദ ഉള്ളവരാണ്. സംഭാഷണം നടത്താനുള്ള സന്ദർശകരുടെ ഏതൊരു ശ്രമത്തെയും അവർ വിലമതിക്കുന്നു.
പാശ്ചാത്യർക്കു യമനിലെ സ്ത്രീകളും വിചിത്രം തന്നെ. അവർ കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം മൊത്തം ആവരണം ചെയ്യുന്നു, കണ്ണുപോലും പുറത്തു കാണിക്കില്ല. സുഖിച്ചുള്ള ജീവിതമൊന്നും ഇവർക്കു സാധ്യമല്ല. വെള്ളവും വിറകും മൃഗങ്ങൾക്ക് ആഹാരവും ചുമന്നുകൊണ്ട് മലയോര ഗ്രാമങ്ങളിൽ സ്ത്രീകൾ മണിക്കൂറുകളോളം കഷ്ടപ്പെട്ടു പണിയെടുക്കുന്നു. കൂട്ടുകുടുംബമാണ് ഇവിടത്തെ നാട്ടുനടപ്പ്.
ചന്തയിലേക്കു പോയാൽ കൗതുകമുണർത്തുന്ന ഈ ജനങ്ങളുടെ ജീവിതം ഒന്നുകൂടി നിരീക്ഷിക്കാം. വ്യഞ്ജന കടകൾക്ക് പ്രിയങ്കരമായ നറുമണമുണ്ട്. മാതളപ്പഴവും പീച്ചും അപ്രിക്കോട്ടും മുന്തിരിയും ആൽമണ്ടും കാണുമ്പോൾ വായിൽ വെള്ളമൂറിപ്പോകുന്നു. കൈത്തൊഴിൽപ്പണിക്കാർ തുകൽ, സ്വർണം, വെള്ളി, കൂടാതെ മററു ലോഹങ്ങൾ എന്നിവ കൊണ്ട് തിരക്കിട്ടു പണിചെയ്യുന്നു.
ചന്തസ്ഥലത്ത് കാററ് ഇലകൾ വിൽക്കുന്ന അസംഖ്യം സൂക്കുകൾ അഥവാ കമ്പോളങ്ങൾ കാണാൻ കഴിയും. ചവയ്ക്കുകയോ ഈമ്പുകയോ ചെയ്യുമ്പോൾ കാററ് ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നു. അത് ആസക്തിയുളവാക്കുന്നതാണെന്ന് ചിലർ പറയുന്നു. എന്നിരുന്നാലും കാററ് ഇലകൾ ചവയ്ക്കുന്നത് യമൻകാരുടെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. മലയോരപ്രദേശങ്ങളിലേറെയും കാററ് കൃഷിക്കുവേണ്ടി തന്നെയുള്ളതാണ്. ആണുങ്ങൾ കൂട്ടംകൂടി കാററ് ഇലകളും ചവച്ച് മണിക്കൂറുകളോളം സൊറ പറഞ്ഞിരിക്കും. ചിലരാണെങ്കിൽ പണിയെടുക്കുമ്പോഴും വണ്ടിയോടിക്കുമ്പോഴും എല്ലാം കാററ് ഇലകൾ ചവയ്ക്കുന്നു.
എന്നിരുന്നാലും, കാററ് ചവയ്ക്കൽ വളരെ ചെലവേറിയ ഒരു ശീലമാണ്. അത് ഒരു കുടുംബ വരുമാനത്തിന്റെ മൂന്നിലൊന്നുവരെ കവർന്നെടുക്കുന്നു. ഇതു രൂപവൈകൃതം സംഭവിച്ച കവിളുകൾ, ഉറക്കവും വിശപ്പും ഇല്ലായ്മ, ചെറുകുടൽ രോഗങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യവിപത്തുകൾ ചില ആളുകൾക്കു വരുത്തിവയ്ക്കുന്നു. അതുകൊണ്ട് ചില ഗവൺമെൻറ് ഉദ്യോഗസ്ഥർ ഇതിനെതിരെ ശബ്ദമുയർത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആളുകൾ കാററ് ഉപേക്ഷിക്കുന്ന മട്ടൊന്നുമില്ല.
എന്നിരുന്നാലും, തെളിവനുസരിച്ച് പരമ്പരാഗത ജീവിതരീതി ആധുനിക പാശ്ചാത്യവത്കരണത്തിന് വഴിമാറിക്കൊടുക്കുന്നു. അനേകം ആളുകൾ നാടുവിട്ടുപോയി വിദേശത്തു പണിയെടുക്കുന്നു. ചില കുടുംബങ്ങൾ നഗരങ്ങളിലേക്ക് മാറിത്താമസിച്ചിരിക്കുന്നു. ഇത് ഇറക്കുമതി ചെയ്യപ്പെട്ട സംഗീതവും വിദേശ വീഡിയോകളും യുവജനങ്ങളെ സ്വാധീനിക്കാൻ ഇടയാക്കിയിരിക്കുന്നു. മനസ്സിലാക്കാവുന്നതുപോലെ, തങ്ങളുടെ രാജ്യം ഒരു ആധുനിക ലോകത്തിലേക്കു വഴിമാറുന്നത് കാണാൻ എല്ലാവരുമൊന്നും ആകാംക്ഷയുള്ളവരല്ല.
അതുകൊണ്ട് ഭാവി ഈ ദേശത്തിന് എന്തു കൈവരുത്തും എന്നു കാണുന്നത് താത്പര്യജനകമായിരിക്കും. പുരാവസ്തു അവശിഷ്ടങ്ങൾ പര്യവേക്ഷണം നടത്തുന്നതിന് താരതമ്യേന വളരെക്കുറച്ച് ശ്രമങ്ങളേ നടന്നിട്ടുള്ളൂ. ഒരുപക്ഷേ ഭാവിയിൽ നടത്തപ്പെടുന്ന ഖനനങ്ങൾ യമന്റെ വിഖ്യാതമായ പഴമയുടെ ആകർഷകമായ ചില രഹസ്യങ്ങൾ കണ്ടെത്തുമായിരിക്കാം. അതിനിടെ, അത്ഭുതങ്ങളുടെ ഈ നാട് ഒന്നു സന്ദർശിക്കാൻ സാഹസികരായ സഞ്ചാരികൾക്ക് യമൻ ഒരു ശക്തമായ കാരണം നൽകുന്നു.—സംഭാവനചെയ്യപ്പെട്ടത്.
[അടിക്കുറിപ്പുകൾ]
a ഈ മരങ്ങൾ ബോസ്വില്ലയ എന്നറിയപ്പെടുന്ന ജീനസിൽപ്പെട്ടവയാണ്. ടർപ്പന്റൈൻ അഥവാ റ്റെറിബിൻത് വൃക്ഷങ്ങളോടുബന്ധമുള്ള ഒരു കുടുംബത്തിൽപ്പെട്ട വൃക്ഷങ്ങളാണ് ഇവ.
[24, 25 പേജുകളിലെ ചിത്രം]
ബാബേൽ-യമൻ, പട്ടണത്തിന്റെ പഴയഭാഗത്തേക്കുള്ള സാനായുടെ ഗേററ്
[26-ാം പേജിലെ ചിത്രം]
വലത്ത്: കഠാര വിൽക്കുന്ന സാനായിലെ ഒരു ചന്ത
[26-ാം പേജിലെ ചിത്രം]
താഴെ: ചുററുപാടുകളോട് ഇണങ്ങിച്ചേർന്ന ചെറു പട്ടണങ്ങൾ