ബൈബിളിന്റെ വീക്ഷണം
കോപിക്കുന്നത് എപ്പോഴും തെററാണോ?
“കോപം താത്കാലികമായ ഭ്രാന്താണ്.” പ്രാചീന റോമൻ കവിയായ ഹോറേഷ്യസ് വികാരങ്ങളിൽവച്ച് ഏററവും ശക്തമായ ഒന്നിനെക്കുറിച്ചുള്ള ഒരു പൊതു വീക്ഷണത്തെ വിളിച്ചത് അങ്ങനെയാണ്. കോപം ഒരുതരം താത്കാലിക ഭ്രാന്താണെന്ന് എല്ലാവരും സമ്മതിക്കാതിരിക്കെ, അതു പ്രകൃത്യാതന്നെ മോശമാണെന്നു പലരും വീക്ഷിക്കുകതന്നെ ചെയ്യുന്നു. പൊ.യു. [പൊതുയുഗം] ആറാം നൂററാണ്ടിൽ കത്തോലിക്കാ സന്ന്യാസിമാർ “ഏഴു മാരക പാപങ്ങൾ” അടങ്ങിയ വിഖ്യാതമായ ഒരു പട്ടിക സമാഹരിച്ചു. കോപം അതിൽ ഉൾപ്പെട്ടിരുന്നതിൽ അതിശയിക്കാനില്ല.
അവർക്ക് ഇങ്ങനെ തോന്നിയത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക എളുപ്പമാണ്. “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:8) അപ്പോസ്തലനായ പൗലോസ് എഫേസോസിലെ സഭയെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.”—എഫെസ്യർ 4:31.
എന്നാൽ, ‘കോപത്തെ സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം അത്രയേ ഉള്ളോ?’ എന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. ഈ “അന്ത്യനാളുക”ളിൽ “ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങൾ” ഉണ്ടായിരിക്കുമെന്നു പൗലോസ് പ്രവചിച്ചില്ലേ? (2 തിമൊഥെയോസ് 3:1-5, NW) ആളുകൾ ‘ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരും സ്വാഭാവിക പ്രിയമില്ലാത്തവരും’ ആയിരിക്കുന്ന ഈ കാലങ്ങളിൽ ജീവിച്ചിരിക്കെ നാം അൽപ്പംപോലും കോപിക്കാതിരിക്കാൻ ദൈവം യഥാർഥത്തിൽ പ്രതീക്ഷിക്കുന്നുണ്ടോ?
സമനിലയുള്ള ഒരു വീക്ഷണം
ബൈബിൾ ഈ സംഗതിയെ കൈകാര്യം ചെയ്യുന്നത് അത്ര ലളിതമായിട്ടല്ല. ഉദാഹരണത്തിന് എഫെസ്യർ 4:26-ലെ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “കോപിക്കാം; എന്നാൽ, പാപം ചെയ്യരുത്.” [പി.ഒ.സി. ബൈബിൾ] കോപം സ്വതവേതന്നെ ഒരു “മാരക പാപ”മാണെങ്കിൽ, അതു നിത്യശിക്ഷ അർഹിക്കുന്ന ഒന്നാണെങ്കിൽ, ഈ വാക്യം കുഴപ്പിക്കുന്നതായിരിക്കും.
പൗലോസ് സങ്കീർത്തനം 4:4-ൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. അത് ഇപ്രകാരം വായിക്കുന്നു: “നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ.” വൈൻസ് എക്സ്പോസിറററി ഡിക്ഷ്ണറി ഓഫ് ബിബ്ലിക്കൽ വേഡ്സ് പറയും പ്രകാരം “നടുങ്ങുവിൻ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന രാഗസ് എന്ന എബ്രായ പദത്തിന്റെ അർഥം “തീവ്രമായ വികാരത്താൽ വിറയ്ക്കുക” എന്നാണ്. എന്നാൽ തീവ്രമായ ഏതു വികാരം? അതു കോപമായിരുന്നോ? സങ്കീർത്തനം 4:4-ന്റെ സെപ്ററുവജിൻറ് ഭാഷാന്തരത്തിൽ രാഗസ് എന്ന പദത്തെ “കോപിച്ചുകൊള്ളുവിൻ” എന്നു ഗ്രീക്കിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതുതന്നെയാണു വ്യക്തമായി പൗലോസ് ഇവിടെ അർഥമാക്കിയതും.
ബൈബിൾ കോപത്തിന് ഒരിടം കൊടുക്കുന്നത് എന്തുകൊണ്ടാണ്? കാരണം എല്ലാ കോപവും തെററല്ല. “മമനുഷ്യന്റെ കോപം ഒരിക്കലും അതിൽത്തന്നെ ന്യായവും അനുവദിക്കാവുന്നതുമല്ല” എന്ന് ഒരു ബൈബിൾ നിരൂപകൻ പറഞ്ഞതുപോലുള്ള വീക്ഷണം തിരുവെഴുത്തുപരമല്ല. എഫെസ്യർ 4:26-നെക്കുറിച്ചു ബൈബിൾ പണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്കി ശരിയായിത്തന്നെ ഇപ്രകാരം അഭിപ്രായപ്പെട്ടു: “സകലതരം കോപത്തെയും വിലക്കുകയും ഏതു സാഹചര്യത്തിലും അക്ഷോഭ്യമായ ശാന്തത ആവശ്യപ്പെടുകയും ചെയ്യുന്ന സദാചാരസംഹിത ക്രിസ്തീയമല്ല, പിന്നെയോ അതു സ്റേറായിക്കരുടേതാണ്.” സമാനമായിത്തന്നെ പ്രൊഫസർ വില്യം ബാർക്ലേ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ക്രിസ്തീയ ജീവിതത്തിൽ കോപം ഉണ്ടായിരിക്കണം, എന്നാൽ അതു ശരിയായതരം കോപമായിരിക്കണം.” എന്താണ് “ശരിയായതരം കോപം”?
നീതിപൂർവകമായ കോപം
കോപം യഹോവയുടെ പ്രമുഖ ഗുണങ്ങളിലൊന്നല്ല. എന്നാൽ കോപം തോന്നുന്നതായും അതു പ്രകടിപ്പിക്കുന്നതായും തിരുവെഴുത്തുകളിൽ യഹോവയെക്കുറിച്ചു വർണിച്ചിരിക്കുന്നു. രണ്ടു കാരണങ്ങളാൽ അവിടുത്തെ ക്രോധം എപ്പോഴും നീതിപൂർവകമാണ്. ഒന്ന്, ഉചിതമായ ഒരു കാരണമില്ലാതെ അവിടുന്ന് ഒരിക്കലും കോപിക്കാറില്ല. രണ്ട്, അവിടുന്ന് കോപം പ്രകടിപ്പിക്കുമ്പോൾ ഒരിക്കലും നിയന്ത്രണം നഷ്ടപ്പെടാറില്ല, മറിച്ച് അതു ന്യായാനുസൃതവും നീതിപൂർവകവുമായ ഒരു വിധത്തിലാണ്.—പുറപ്പാടു 34:6; സങ്കീർത്തനം 85:3.
മനഃപൂർവമായ അനീതി യഹോവയെ പ്രകോപിപ്പിക്കുന്നു. ഉദാഹരണത്തിന്, നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചാൽ വീഴ്ചഭവിക്കാതെ താൻ ‘അവരുടെ നിലവിളി കേൾക്കുമെന്ന്’ അവിടുന്ന് ഇസ്രായേല്യരോടു പറഞ്ഞു. “എന്റെ കോപം ജ്വലിക്കും” എന്ന് അവിടുന്ന് അവർക്കു മുന്നറിയിപ്പു കൊടുത്തു. (പുറപ്പാടു 22:22-24; താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 21:13.) തന്റെ പിതാവിനെപ്പോലെ യേശുവിനും കുട്ടികളോട് ആർദ്രമായ വികാരങ്ങൾ തോന്നിയിരുന്നു. യേശുവിനെ സമീപിക്കുന്നതിൽനിന്നു ചില കുട്ടികളെ തടയാൻ സദുദ്ദേശ്യമുള്ള അനുഗാമികൾ ശ്രമിച്ചപ്പോൾ “യേശു രോഷം പൂണ്ടു.” അവിടുന്ന് കുട്ടികളെ തന്റെ കരങ്ങളിൽ എടുക്കുകയും ചെയ്തു. (മർക്കൊസ് 10:14-16) “രോഷമുള്ള” എന്നതിന്റെ ഗ്രീക്കുപദം “ശാരീരിക വേദനയെ അഥവാ അസ്വസ്ഥതയെ” ആണു പരാമർശിച്ചത്. നിശ്ചയമായും തീവ്രമായ വികാരങ്ങൾ തന്നെ!
വ്യാപാരികളും പണമിടപാടുകാരും തന്റെ പിതാവിന്റെ ആരാധനാലയത്തെ “കള്ളൻമാരുടെ ഗുഹയാക്കി”ത്തീർത്തതു കണ്ടപ്പോൾ യേശുവിന്റെ ഹൃദയം നീതിനിഷ്ഠമായ രോഷത്താൽ പ്രകോപിതമായി. അവിടുന്ന് അവരുടെ മേശകൾ മറിച്ചിടുകയും അവരെ അവിടെനിന്നു പുറത്താക്കുകയും ചെയ്തു! (മത്തായി 21:12, 13; യോഹന്നാൻ 2:15) സഹായമാവശ്യമുള്ള രോഗികളെക്കാളധികമായി അസ്വസ്ഥതയുളവാക്കുന്ന തങ്ങളുടെ ശബത്തു നിയമങ്ങളോടാണു പരീശൻമാരും ശാസ്ത്രിമാരും താത്പര്യം പ്രകടിപ്പിച്ചത്. അപ്പോൾ ‘അവരുടെ മനുഷ്യത്വമില്ലായ്മ മനസ്സിലാക്കിയപ്പോൾ ആഴമായ വേദന തോന്നിയ യേശു തനിക്കു ചുററും നിൽക്കുന്നവരുടെ മുഖങ്ങളിൽ കോപത്തോടെ നോക്കി.’—മർക്കോസ് 3:5, ഫിലിപ്സ്.
സമാനമായി, പുരാതന കാലത്തെ വിശ്വസ്തനായ മോശ അവിശ്വസ്ത ഇസ്രായേല്യർക്കെതിരെ നീതിപൂർവകമായി രോഷം കൊണ്ടു. അതുകൊണ്ട് മോശൈക ന്യായപ്രമാണത്തിന്റെ ഫലകങ്ങൾ അദ്ദേഹം താഴേക്കെറിഞ്ഞു. (പുറപ്പാടു 32:19) നീതിമാനായ എസ്രാ എന്ന ശാസ്ത്രി വിവാഹത്തെ സംബന്ധിച്ച ദൈവനിയമത്തോടുള്ള ഇസ്രായേല്യരുടെ അനുസരണക്കേടിൽ വളരെ കോപിഷ്ഠനായി, തന്റെ അങ്കികൾ കീറുകയും കുറച്ചു മുടി പിഴുതുകളയുകയും ചെയ്തു!—എസ്രാ 9:3.
“നന്മയെ സ്നേഹിക്കു”ന്ന എല്ലാവരും “തിന്മയെ വെറു”ക്കാൻ കഠിനമായി ശ്രമിക്കുന്നു. (ആമോസ് 5:15, പി.ഒ.സി. ബൈ.) അതുകൊണ്ട് പശ്ചാത്താപമില്ലാതെ മനഃപൂർവം ചെയ്യപ്പെടുന്ന ക്രൂരത, കാപട്യം, വഞ്ചന, അവിശ്വസ്തത, അല്ലെങ്കിൽ അനീതി എന്നിവ കാണുമ്പോൾ ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ നീതിപൂർവകമായ കോപം നുരച്ചുപൊങ്ങിയേക്കാം.
കോപത്തെ ഉചിതമായി കൈകാര്യം ചെയ്യൽ
ബൈബിൾ കോപത്തെ തീയോട് ഉപമിക്കുന്നത് യാദൃശ്ചികമായല്ല. തീപോലെതന്നെ അതിനും അതിന്റെ സ്ഥാനമുണ്ട്. എന്നാൽ അതിനു ഭയങ്കരമാംവിധം വിനാശകരമായിരിക്കാനും കഴിയും. യഹോവയിൽനിന്നും യേശുവിൽനിന്നും വ്യത്യസ്തമായി, ശരിയായ കാരണങ്ങൾ കൂടാതെ മനുഷ്യർക്കു കോപം തോന്നുന്നു, അല്ലെങ്കിൽ നീതിരഹിതമായ ഒരു വിധത്തിൽ അവർ അതു പ്രകടിപ്പിക്കുന്നു.—ഉല്പത്തി 4:4-8; 49:5-7; യോനാ 4:1, 4, 9 കാണുക.
നേരെ മറിച്ച്, കോപത്തെ അമർത്തി വയ്ക്കുന്നതും അതില്ല എന്നു നടിക്കുന്നതും നീതിപരമല്ല. “നിങ്ങൾ ഒരു പ്രകോപിതാവസ്ഥയിൽ ആയിരിക്കെ സൂര്യൻ അസ്തമിക്കാൻ അനുവദിക്കാതിരിക്കുക” എന്നു പൗലോസ് ബുദ്ധ്യുപദേശിച്ചതായി ഓർക്കുക. (എഫേസ്യർ 4:26, NW) കോപം പ്രകടിപ്പിക്കാൻ തിരുവെഴുത്തുപരമായ വഴികളുണ്ട്. ഉദാഹരണത്തിന് ‘ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിക്കുക,’ നിങ്ങളുടെ വികാരങ്ങൾ, രഹസ്യങ്ങൾ സൂക്ഷിക്കുന്ന പക്വതയുള്ള ഒരാളോടു തുറന്നു പറയുക അല്ലെങ്കിൽ ദുഷ്പ്രവർത്തിക്കാരനെ ശാന്തമായിത്തന്നെ നേരിടുക തുടങ്ങിയവ.—സങ്കീർത്തനം 4:4; സദൃശവാക്യങ്ങൾ 15:22; മത്തായി 5:23, 24; യാക്കോബ് 5:14.
അതുകൊണ്ട്, കോപിക്കുന്നത് തീർച്ചയായും എപ്പോഴും തെററല്ല. യഹോവയും യേശുവും കോപിച്ചിട്ടുണ്ട്—അവർ ഇനിയും കോപിക്കും! (വെളിപ്പാടു 19:15) നാം അവരെ അനുകരിക്കുന്നപക്ഷം കോപിക്കുന്നത് തെററല്ലാത്ത സാഹചര്യങ്ങളെയും നാം അഭിമുഖീകരിച്ചേക്കാം! ബൈബിൾ ബുദ്ധ്യുപദേശം പിൻപററുക എന്നതാണ് താക്കോൽ. നമ്മുടെ വികാരങ്ങൾക്കു സാധുതയുള്ള അടിസ്ഥാനമുണ്ടെന്നും നീതിനിഷ്ഠവും ക്രിസ്തീയവുമായ ഒരു വിധത്തിലാണു നാം അവ പ്രകടമാക്കുന്നതെന്നും ഉറപ്പാക്കുക.
[18-ാം പേജിലെ ചിത്രം]
കയീനും ഹാബേലും