നിങ്ങളുടെ കുട്ടിയിലെ സമ്മർദത്തിന്റെ ലക്ഷണങ്ങൾ വായിച്ചറിയൽ
“സമ്മർദത്തിന്റെ വികാരങ്ങൾ സാധാരണമായി പ്ലവനാത്മകങ്ങളല്ല: അവ സാധാരണമായി പ്രത്യേക സംഭവങ്ങളോടോ സാഹചര്യങ്ങളോടോ ഉള്ള പ്രതികരണങ്ങളാണ്.”—ഡോ. ലില്യാൻ ജി. കാററ്സ്.
ഇരുണ്ട, മൂടൽമഞ്ഞുള്ള ഒരു രാത്രിയിൽ വിമാനം പറപ്പിക്കുമ്പോൾ താൻ എങ്ങോട്ടാണു പോകുന്നതെന്നു വൈമാനികന് എങ്ങനെ കാണാൻ കഴിയും? പറന്നുയരുന്നതുമുതൽ നിലത്തിറങ്ങുന്നതുവരെ അദ്ദേഹം സൂചനകളെ ആശ്രയിക്കുന്നു. ഒരു വലിയ വിമാനത്തിന്റെ കോക്ക്പിററിലെ ഫലകങ്ങളിൽ നൂറിലധികം ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, ഓരോന്നും ജീവൽപ്രധാനമായ വിവരങ്ങൾ അറിയിക്കുകയും ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ സംബന്ധിച്ചു വൈമാനികനെ ജാഗരൂകനാക്കുകയും ചെയ്യുന്നു.
നമ്മുടെ സമ്മർദപൂരിതമായ ലോകത്തിൽ വളർന്നുവരുന്നത് ഒരു കൊടുങ്കാററിൽക്കൂടി പറക്കുന്നതു പോലെയാണ്. ശൈശവത്തിൽനിന്ന് യൗവനത്തിലേക്കുള്ള ഒരു സുഗമമായ പറക്കൽ മാതാപിതാക്കൾക്ക് എങ്ങനെ സാധ്യമാക്കാൻ കഴിയും? അനേക കുട്ടികളും തങ്ങളുടെ സമ്മർദങ്ങളെക്കുറിച്ചു സംസാരിക്കാത്തതിനാൽ മാതാപിതാക്കൾ ലക്ഷണങ്ങൾ വായിച്ചറിയാൻ പഠിക്കണം.
ശരീരം “സംസാരിക്കുന്നു”
കുട്ടിക്കുണ്ടാകുന്ന സമ്മർദം പലപ്പോഴും ശരീരത്തിലൂടെ വിനിയമം ചെയ്യപ്പെടുന്നു. ആമാശയ പ്രശ്നങ്ങൾ, തലവേദന, ക്ഷീണം, ഉറക്കം സംബന്ധിച്ച ക്രമക്കേടുകൾ, വിസർജനപ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ മാനസിക കാരണങ്ങളാലുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങൾ, എന്തോ പിശകുണ്ടെന്നുള്ളതിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.a
ഷാറൊന്റെ കേൾവിക്കുറവ് തീവ്രമായ ഏകാന്തതയുടെ ഒരു കാലഘട്ടത്തിന്റെ പാരമ്യമായിരുന്നു. എമി സ്കൂളിൽ പോയപ്പോൾ തന്റെ അമ്മയെ പിരിഞ്ഞു നിന്നതുകൊണ്ടുള്ള ഭയംകൊണ്ട് അവൾക്ക് ആമാശയ പേശികളുടെ വലിച്ചിൽ അനുഭവപ്പെട്ടു. ജോണിനുണ്ടായ മലബന്ധം തന്റെ മാതാപിതാക്കൾ തമ്മിലുള്ള ക്രൂരമായ വഴക്കു കാണുമ്പോൾ ഉണ്ടാകുമായിരുന്ന പിരിമുറുക്കത്തിന്റെ ഫലമായിരുന്നു.
പത്തു വയസ്സുകാരിയായ ആഷ്ലിയെ സംബന്ധിച്ചടത്തോളം ലൈംഗിക പീഡനത്തിനു ശാരീരികമായ പരിണതഫലങ്ങളുണ്ടായിരുന്നു. “എനിക്കു സുഖമില്ലാഞ്ഞതുകൊണ്ട് [ഒരു ബലാൽസംഗത്തെ തുടർന്ന്] ഒരാഴ്ചത്തേക്ക് സ്കൂളിൽ പോകാതിരുന്നതു ഞാൻ ഓർക്കുന്നു,” അവൾ അനുസ്മരിക്കുന്നു. വെൻ യുവർ ചൈൽഡ് ഹാസ് ബീൻ മൊളെസ്ററഡ് എന്ന പുസ്തകം ഇപ്രകാരം വിശദീകരിക്കുന്നു: “പീഡാനുഭവഭാരം ആരോഗ്യമില്ലാത്തവനായിത്തീരുന്നതിനു കുട്ടിയെ ഞെരുക്കിയേക്കാം.” ശാരീരികമായ വിഷമതകൾ, വിസർജന സമയത്തുണ്ടാകുന്ന വേദന, തുടരെത്തുടരെ ഉണ്ടാകുന്ന വയറുവേദന, തലവേദന, വ്യക്തമായ കാരണമില്ലാതെയുള്ള അസ്ഥിയുടെയോ മാംസപേശികളുടെയോ വേദന എന്നിവ അത്തരത്തിലുള്ള വിഷമസ്ഥിതിയുടെ സാധ്യതയുള്ള ശാരീരിക ലക്ഷണങ്ങളിൽ പെടുന്നവയാണ്.
രോഗം മാനസിക കാരണങ്ങളാലുള്ളതായി തോന്നുമ്പോൾ മാതാപിതാക്കൾ ലക്ഷണം ഗൗരവമായി എടുക്കണം. “കുട്ടി രോഗം നടിക്കുന്നതാണോ അല്ലയോ എന്നതല്ല സംഗതി, അതിന് അടിസ്ഥാനമായിരിക്കുന്ന പ്രശ്നമാണു സുപ്രധാനമായിട്ടുള്ളത്” എന്ന് ഡോ. ആലിസ് ഹോനിഗ് പ്രസ്താവിക്കുന്നു.
പ്രവൃത്തി വാക്കിനേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു
സ്വഭാവത്തിൽ പെട്ടെന്നുള്ള ഒരു മാററം പലപ്പോഴും സഹായത്തിനുള്ള ഒരു വിളിയാണ്. ഗിവിങ്ങ് സോറോ വേർഡ്സ് എന്ന പുസ്തകം ഇപ്രകാരം സൂചിപ്പിക്കുന്നു: “ഒരു നല്ല വിദ്യാർഥിക്ക് താണ ഗ്രേഡുകൾ കിട്ടി തുടങ്ങുമ്പോൾ അതു ശ്രദ്ധ അർഹിക്കുന്നു, നേരത്തെ ശല്യക്കാരനായിരുന്ന ഒരു കുട്ടി ഒരു ദൈവദൂതനായി മാറുമ്പോഴും അതുതന്നെ സത്യമാണ്.”
ഏഴുവയസ്സുകാരനായ ററിമ്മിയുടെ പെട്ടെന്നുള്ള കിടപ്പു രീതി, അവന്റെ അമ്മ തന്റെ ജോലിയിൽ പൂർണമായും മുഴുകിയപ്പോൾ തുടങ്ങി. ആറുവയസ്സുകാരനായ ആഡമിന്റെ പെട്ടെന്നുള്ള പരുക്കൻ സ്വഭാവം സ്കൂളിലെ അസമർഥത സംബന്ധിച്ച തോന്നലുകളിൽ വേരൂന്നിയതായിരുന്നു. ഏഴു വയസ്സുള്ള കാൾ വീണ്ടും കിടക്കയിൽ മൂത്രമൊഴിക്കാൻ തുടങ്ങിയത്, അവന്റെ ഇളയ സഹോദരിയിലേക്ക് ഇപ്പോൾ വ്യതിചലിപ്പിക്കപ്പെട്ടതായി തോന്നിയ, മാതാപിതാക്കളുടെ അംഗീകാരത്തിനു വേണ്ടിയുള്ള അവന്റെ തീവ്രമായ അഭിലാഷത്തെ പ്രകടമാക്കി.
സ്വവിനാശകരമായ സ്വഭാവം വിശേഷാൽ ശല്യം ചെയ്യുന്നതാണ്. പന്ത്രണ്ടു വയസ്സുകാരിയായ സാറായ്ക്കു കൂടെക്കൂടെയുണ്ടായ അപകടങ്ങൾ വികൃതി നിമിത്തം മാത്രമാണെന്നു പറയാൻ കഴിയുമായിരുന്നില്ല. അവളുടെ മാതാപിതാക്കളുടെ വിവാഹമോചനംമുതൽ, വേർപെട്ടുപോയ പിതാവിന്റെ വാത്സല്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിന് അവൾ അറിയാതെ ഉപയോഗിച്ചിരുന്ന മാർഗം സ്വയം ദ്രോഹിക്കൽ ആയിരുന്നു. സ്വയം ഏൽപ്പിക്കുന്ന നിസ്സാരമായ മുറിവുകളായാലും ആത്മഹത്യാശ്രമംപോലെ ഗൗരവമേറിയ കാര്യമായാലും സ്വവിനാശകരമായ സ്വഭാവത്തിലൂടെ തന്നിലേക്കുതന്നെ തിരിയുന്ന ആക്രമണം കഠിനമായ സമ്മർദത്തിന്റെ ഒരു ലക്ഷണമാണ്.
ഹൃദയത്തിൽനിന്നു സംസാരിക്കുന്നു
“ഹൃദയം നിറഞ്ഞുകവിയുന്നതു വായ് സംസാരിക്കുന്നു” എന്ന് യേശു പറയുകയുണ്ടായി. (മത്തായി 12:34) നിഷേധാത്മക ചിന്താഗതികളാൽ ഭരിക്കപ്പെടുന്ന ഒരു ഹൃദയം സാധാരണമായി കുട്ടി പറയുന്നതെന്താണോ അതിനാൽ വെളിപ്പെടുന്നു.
“‘ആർക്കും എന്നെ ഇഷ്ടമല്ല’ എന്നു പറഞ്ഞുകൊണ്ടു വീട്ടിലേക്കു വരുന്ന കുട്ടികൾ അവരെത്തന്നെ അവർ ഇഷ്ടപ്പെടുന്നില്ല എന്നു യഥാർഥത്തിൽ നിങ്ങളോടു പറയുകയാകുന്നു” എന്ന് ഡോ. ലൊറെൻ സ്റേറൺ പ്രസ്താവിക്കുന്നു. ആത്മപ്രശംസ നടത്തുന്നതു സംബന്ധിച്ചും ഇതുതന്നെ സത്യമായിരിക്കാം. ആത്മാഭിമാനക്കുറവിന്റെ വിപരീതമാണു ബാഹ്യദൃഷ്ട്യാ പ്രകടിപ്പിക്കുന്നതെങ്കിലും യഥാർഥമോ സാങ്കല്പികമോ ആയ നേട്ടങ്ങളെ സംബന്ധിച്ചു വീമ്പിളക്കുന്നത് അസമർഥതയുടെ ആഴമായ വികാരങ്ങളെ തരണം ചെയ്യാനുള്ള ഒരു ശ്രമമായിരിക്കാം.
ശരിയാണ്, എല്ലാ കുട്ടികൾക്കും അസുഖം ബാധിക്കുകയും വല്ലപ്പോഴും തെററായി പെരുമാറുകയും ഇടക്കിടയ്ക്ക് തങ്ങളെക്കുറിച്ചുതന്നെ നിരാശപ്പെടുകയും ചെയ്യുന്നു. എന്നാൽ അങ്ങനെയുള്ള പ്രശ്നങ്ങൾ ഒരു സ്വഭാവമാകുകയും ആസന്ന കാരണമൊന്നും വ്യക്തമല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാതാപിതാക്കൾ ലക്ഷണങ്ങളുടെ അർഥം തൂക്കിനോക്കണം.
അങ്ങേയററം ക്രൂരമായ ഒരു ആക്രമണത്തിനു കുററക്കാരായിരുന്ന ആറു കൗമാരപ്രായക്കാരുടെ ബാല്യകാല സ്വഭാവരീതികൾ പരിശോധിച്ചശേഷം മേരി സൂസൻ മില്ലർ ഇപ്രകാരം സൂചിപ്പിച്ചു: “എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ആൺകുട്ടികൾ വർഷങ്ങളായി തങ്ങളുടെ ജീവിതരീതിയിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു, എന്നാൽ ആരും ഒരു ശ്രദ്ധയും കൊടുത്തില്ല. മുതിർന്നവർ കണ്ടു, പക്ഷേ അവർ അവഗണിച്ചുകളഞ്ഞു.”
ബാല്യകാല സമ്മർദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനും മാതാപിതാക്കൾ ഇന്ന് എന്നത്തേതിലും അധികമായി ജാഗരൂകരായിരിക്കണം.
[8-ാം പേജിലെ ചതുരം]
ഗർഭാശയത്തിൽ സമ്മർദമോ?
ഒരു ഗർഭസ്ഥശിശുവിനുപോലും രക്തപ്രവാഹത്തിലെ രാസമാററങ്ങളിലൂടെ അതിന്റെ മാതാവ് വിനിയമം ചെയ്യുന്ന സമ്മർദവും ഭയവും ഉത്കണ്ഠയും തിരിച്ചറിയാൻ കഴിയും. “വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗർഭസ്ഥശിശു ഗർഭിണി അനുഭവിക്കുന്ന ഓരോ ചെറിയ പിരിമുറുക്കവും അനുഭവിക്കുന്നു” എന്ന് ലിൻഡാ ബെർഡ് ഫ്രാങ്കെ ഗ്രോയിങ്ങ് അപ്പ് ഡൈവോഴ്സ്ഡ് എന്ന പുസ്തകത്തിൽ എഴുതുന്നു. “ഗർഭസ്ഥശിശുവിന്റെയും സ്ത്രീയുടെയും നാഡീവ്യൂഹങ്ങൾ നേരിട്ടു ബന്ധിക്കപ്പെട്ടിട്ടില്ലെങ്കിലും വേർപെടുത്താൻ കഴിയാത്ത ഒരു ഏകദിശാ ബന്ധം രണ്ടു പേരുടെയും ഇടയിലുണ്ട്.” ടൈം മാസിക പറയുന്നപ്രകാരം, 18 മാസവും അതിൽ താഴെയും പ്രായമുള്ള ശിശുക്കളുടെ ഏതാണ്ട് 30 ശതമാനം വൈകാരിക പിൻമാററംമുതൽ വേവലാതി മൂലമുണ്ടാകുന്ന രോഗങ്ങൾവരെയുള്ള സമ്മർദ സംബന്ധമായ വിഷമതകളാൽ കഷ്ടപ്പെടുന്നതെന്തുകൊണ്ടെന്ന് ഇതു വിശദീകരിച്ചേക്കാം. “അസന്തുഷ്ടരും ദുഃഖിതരും ആയ സ്ത്രീകൾക്കു ജനിക്കുന്ന കുട്ടികൾ പലപ്പോഴും അസന്തുഷ്ടരും ദുഃഖിതരും ആണ്,” ഫ്രാങ്കെ നിഗമനം ചെയ്യുന്നു.
[9-ാം പേജിലെ ചതുരം]
ഒരു കുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ
“ഞാൻ ഒരു നൂറു വർഷത്തേക്ക് ഉറങ്ങിയാൽ എന്തു സംഭവിക്കും?” ലെററി തന്റെ പിതാവിനോടു ചോദിച്ചു. ബാലിശമായ ഒരു ചോദ്യം, അദ്ദേഹം വിചാരിച്ചു. എന്നാൽ ലെററി ബാലിശ ചിന്താഗതിക്കാരി ആയിരുന്നില്ല. പല ദിവസങ്ങൾക്കു ശേഷം, ഒരു കുപ്പി ഉറക്ക ഗുളിക വിഴുങ്ങിയതു നിമിത്തം അവൾ ആശുപത്രിയിലാക്കപ്പെട്ടു.
നിങ്ങളുടെ കുട്ടി ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുകയോ യഥാർഥത്തിൽ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? “പെട്ടെന്നുള്ള വിദഗ്ധ സഹായം തേടുക” എന്ന് വിഷാദം—കുടുംബങ്ങൾ അറിഞ്ഞിരിക്കേണ്ടത് (Depression—What Families Should Know) എന്ന പുസ്തകം ഉദ്ബോധിപ്പിക്കുന്നു. “ആത്മഹത്യാസാധ്യതകൾ കൈകാര്യം ചെയ്യുന്നത് അവിദഗ്ധർക്കുള്ള ജോലി അല്ല, വിഷാദമുള്ള വ്യക്തിയെ സംബന്ധിച്ചു നന്നായി കരുതുന്നവർക്കുപോലുമുള്ളതല്ല. അവനോ അവളോ നിശബ്ദമായിരിക്കുകയും ഭയങ്കരമായ ഫലങ്ങളോടെ പൊട്ടിത്തെറിക്കുന്നതുവരെ എല്ലാ വികാരങ്ങളും ഉള്ളിൽ ഒതുക്കുകയും ചെയ്യുമ്പോൾ നിങ്ങളുടെ കുടുംബാംഗത്തോട് ആത്മഹത്യ ചെയ്യരുതെന്നു പറഞ്ഞിട്ടുണ്ട് എന്നു നിങ്ങൾ വിചാരിച്ചേക്കാം.”
ശരിയായ ചികിത്സ നടത്തുന്നപക്ഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന കുട്ടിയെ സംബന്ധിച്ചടത്തോളം പ്രത്യാശക്കു വകയുണ്ട്. “ആത്മഹത്യാ ശ്രമം നടത്തുന്ന അനേകരും യഥാർഥത്തിൽ അവരെത്തന്നെ കൊല്ലാൻ ആഗ്രഹിക്കുന്നില്ല” എന്നു മുകളിൽ ഉദ്ധരിച്ച പുസ്തകം പ്രസ്താവിക്കുന്നു. “അവർ കേവലം ദ്രോഹം നിർത്താൻ ആഗ്രഹിക്കുന്നു. അവരുടെ ശ്രമങ്ങൾ സഹായത്തിനുള്ള നിലവിളിയാണ്.” ക്രിസ്തീയ സഭയിൽ, ആത്മഹത്യാപരമായ പ്രവണതകളെ കൈകാര്യം ചെയ്യാൻ വിഷമിക്കുന്ന മാതാപിതാക്കൾക്കു മൂപ്പൻമാരിൽനിന്നു സ്നേഹപുരസ്സരമായ പിന്തുണയും നല്ല തിരുവെഴുത്തു ബുദ്ധ്യുപദേശവും സ്വീകരിക്കാവുന്നതാണ്.
[അടിക്കുറിപ്പുകൾ]
a This is footnote is missing