സമ്മർദം അനുഭവിക്കുന്ന കുട്ടികൾ, ഒരു മഹാമാരി
“റാൻഡീ!” വീടിനോടു സമീപിക്കവേ താൻ അകലെനിന്നു കണ്ടതിൽ വിഹ്വലയായി റീററാ അലറിവിളിച്ചു. അവരുടെ പുത്രൻ റാൻഡി കോൺക്രീററ് അങ്കണത്തിന് 8 മീററർ ഉയരത്തിൽ, മുകളിലത്തെ കിടക്കമുറിയുടെ ജനാലയിലൂടെ പുറത്തേക്കു പകുതി തൂങ്ങിക്കിടക്കുന്നു. വീടിനുള്ളിൽ, ലാറീ തന്റെ ഭാര്യയുടെ വെപ്രാളത്തിലുള്ള കരച്ചിൽ കേട്ട് അതിവേഗം പ്രവർത്തിച്ചു. അദ്ദേഹം പടികൾ ഓടിക്കയറി, കിടക്കമുറിയിലേക്കു പാഞ്ഞുചെന്നു റാൻഡിയെ കടന്നുപിടിച്ചു സുരക്ഷിതമായി ഉള്ളിലേക്കു വലിച്ചെടുത്തു.റാൻഡിയുടെ മാതാപിതാക്കൾക്ക് പെട്ടെന്നുള്ള ഉത്തരം ആവശ്യമായിരുന്നു. “എന്തുകൊണ്ടാണ് നീ അതു ചെയ്തത്? എന്തുകൊണ്ടാണ്?” വിശ്വസിക്കാൻ പററാതെ അവർ ചോദിച്ചു. “നിനക്കു പരിക്കേൽക്കുമായിരുന്നു; നീ കൊല്ലപ്പെടുമായിരുന്നു!”“ഞാൻ മരിക്കാൻ ആഗ്രഹിച്ചു,” റാൻഡി അലക്ഷ്യമായി ഉത്തരം പറഞ്ഞു.റാൻഡിക്ക് വെറും അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളു.
എല്ലാ ബാഹ്യ പ്രകടനങ്ങളിലും റാൻഡി ഒരു സാധാരണ, ആരോഗ്യമുള്ള ആൺകുട്ടിയായിരുന്നു. അവൻ ഉള്ളിൽ, മരിക്കാൻ ആഗ്രഹിച്ചുവെന്ന് ആർക്കും സംശയം തോന്നിയില്ല. എങ്കിലും, റാൻഡി കടുത്ത സമ്മർദം അനുഭവിക്കുന്ന കുട്ടിയായിരുന്നു എന്ന് തുടർന്നു നടത്തിയ അന്വേഷണം വെളിപ്പെടുത്തി.
റാൻഡിയെപ്പോലെ അസംഖ്യം കുട്ടികൾ ഇന്ന് അധികമായ പ്രക്ഷുബ്ധതയുടെ ഇരകളാണ്. തങ്ങളുടെ സങ്കടം കൈകാര്യം ചെയ്യാനുള്ള ആരോഗ്യകരമായ മാർഗങ്ങൾ കണ്ടെത്താൻ കഴിയാതെ, ചിലർ തങ്ങളുടെ ആകുലത അടിച്ചമർത്താൻ വ്യർഥമായി ശ്രമിക്കുന്നു. എന്നാൽ അടക്കിനിർത്തിയ സമ്മർദം അവസാനം ഒരു പഴുതു കണ്ടെത്തുന്നു. ചില കുട്ടികളെ സംബന്ധിച്ചടത്തോളം, പുറത്തു പറയാൻ കഴിയാത്ത ആകുലത ശാരീരിക രോഗത്തിലോ ദുഷ്പെരുമാററത്തിലോ കലാശിക്കും. മററുചില കുട്ടികളെ സംബന്ധിച്ചടത്തോളം സമ്മർദം, സ്വയം മുറിവുകൾ ഏൽപ്പിക്കുന്നതും ഭക്ഷണ ക്രമക്കേടുകളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും ആത്മഹത്യപോലും ഉൾപ്പെടുന്ന സ്വവിനാശകരങ്ങളായ പ്രവർത്തനങ്ങളാൽ ആന്തരികമായി തിരിച്ചുവിടപ്പെടും. പ്രതിസന്ധിയിലകപ്പെട്ട കുട്ടി (The Child in Crisis) എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിക്കുന്നു: “ഈ പ്രശ്നങ്ങളിലധികവും—പ്രത്യേകിച്ച് ആത്മഹത്യ—മുതിർന്നവരുടെയും പ്രായമേറിയ യുവജനങ്ങളുടെയും മാത്രം മേഖലയായി ഒരുകാലത്ത് മനസ്സിലാക്കപ്പെട്ടിരുന്നു. ഇപ്പോൾ അവ ക്രമേണ വളരെ ചെറുപ്പക്കാരിലേക്കു വ്യാപിച്ചുവരുന്നതായി തോന്നുന്നു.”
‘ഇത് എങ്ങനെ സംഭവിക്കാൻ കഴിയും?’ എന്നു വ്യാകുലരായ മുതിർന്നവർ ചോദിക്കുന്നു. ‘ബാല്യകാലം കളിപ്പാട്ടങ്ങളുടെയും കളിയുടെയും ഒരു സമയം, ചിരിയുടെയും തമാശയുടെയും ഒരു സമയം അല്ലേ?’ അനേക കുട്ടികളുടെയും കാര്യത്തിൽ ഉത്തരം അല്ല എന്നാണ്. “ബാല്യകാലം കലർപ്പില്ലാത്ത ഉല്ലാസങ്ങളുടെ ഒരു സമയം എന്നതു മുതിർന്നവർ കെട്ടിച്ചമച്ച ഒരു സങ്കല്പമാണ്” എന്ന് ഡോ. ജൂലിയസ് സിഗൾ അവകാശപ്പെടുന്നു. ഈ ദുഃഖ സത്യം കുട്ടികളുടെ ചികിത്സകനായ ജോസഫ് ലുപ്പോയാൽ ഇപ്രകാരം സ്ഥിരീകരിക്കപ്പെടുന്നു: “ഞാൻ ഇരുപത്തഞ്ചു വർഷമായി ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു. ഞാൻ നാലിരട്ടി വിഷണ്ണരായ കുട്ടികളെയും കൗമാരപ്രായത്തിലുള്ള രോഗികളെയും ഇന്നു കാണുന്നു.”
കുട്ടികളിൽ ഇത്തരത്തിലുള്ള അഭൂതപൂർവമായ സമ്മർദത്തിന് ഇടയാക്കുന്നതെന്ത്? മുന്നറിയിപ്പു നൽകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ്? സമ്മർദം അനുഭവിക്കുന്ന കുട്ടികളെ എങ്ങനെ സഹായിക്കാൻ കഴിയും? പിൻവരുന്ന ലേഖനങ്ങളിൽ ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യപ്പെടുന്നതാണ്.