കോപത്തിന് ഒടുക്കേണ്ടിവരുന്ന വില
നിങ്ങൾ കോപിക്കുമ്പോൾ നിങ്ങളുടെ ഹൃദയം ക്ലേശിക്കുന്നു. ഐക്യനാടുകളിലെ സ്ററാൻഫോർഡ് സർവകലാശാല നടത്തിയ സമീപകാലത്തെ ഒരു പഠനം തങ്ങളെ ഇപ്പോഴും കുപിതരാക്കുന്ന സംഭവങ്ങൾ ഓർക്കാൻ ഹൃദ്രോഗികളോട് ആവശ്യപ്പെട്ടപ്പോൾ രക്തം പമ്പു ചെയ്യാനുള്ള അവരുടെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമത 5 ശതമാനംകണ്ടു കുറഞ്ഞതായി കണ്ടെത്തി. പ്രവർത്തനക്ഷമതയിലെ കുറവു സ്ഥിരമല്ലെന്നിരിക്കെ ശാന്തരായ ആളുകളെക്കാൾ വിദ്വേഷമുള്ളവരിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നുള്ള വർധിച്ചുവരുന്ന തെളിവിന്റെ കാഴ്ചപ്പാടിൽ ഇത് അർഥവത്താണെന്നു ഡോക്ടർമാർ കരുതുന്നു.
“കോപിച്ചപ്പോൾ ഹൃദ്രോഗികളുടെ ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയിൽ വന്ന അഞ്ചു ശതമാനം കുറവു ചെറുതാണെങ്കിൽപ്പോലും സാരമുള്ളതാണ്” എന്നു ഗവേഷണത്തിനു നേതൃത്വം വഹിച്ച ഡോ. ഗെയ്ൽ ഐറൻസൺ പറഞ്ഞു. “സംഭവം ഓർത്തപ്പോൾ അതു നടന്നപ്പോഴത്തേതിന്റെ പകുതിയേ തങ്ങൾ കോപിഷ്ഠരായിരുന്നുള്ളു എന്നു രോഗികൾ പറഞ്ഞു. അപ്പോൾ സാധ്യതയനുസരിച്ച്, കുപിതമായ ഏററുമുട്ടൽ യഥാർഥത്തിൽ നടന്ന അവസരത്തിൽ പമ്പു ചെയ്യാനുള്ള കാര്യക്ഷമത അതിലും വളരെയധികം കുറവായിരുന്നിരിക്കും.”
ഈ പഠനമാണു കോപത്തിനു ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയിൽ നേരിട്ടുള്ള ഒരു മാററം വരുത്താൻ കഴിയും എന്ന് ആദ്യമായി കാണിച്ചത്. ഹൃദ്രോഗത്തിനുത്തരവാദി കോപം മാത്രമല്ലെന്നിരിക്കെ—ആഹാരക്രമവും വ്യായാമവും ജനിതകഘടനയും ഒരു പങ്കു വഹിക്കുന്നുണ്ട്—കോപമായിരിക്കാം അതിനു സംഭാവന ചെയ്തേക്കാവുന്ന ഒരു മുഖ്യഘടകം എന്നു ഗവേഷകർ വിശ്വസിക്കുന്നു.
കോപം മനുഷ്യശരീരത്തെ തകരാറിലാക്കുന്നു എന്നു ഡോക്ടർമാർ ദീർഘകാലമായി മനസ്സിലാക്കിയിട്ടുണ്ട്. അതിനു രക്തസമ്മർദം വർധിപ്പിക്കാനും രക്തധമനികളിൽ വ്യതിയാനം, ശ്വാസോച്ഛ്വാസത്തകരാറുകൾ, കരൾ സംബന്ധമായ കുഴപ്പങ്ങൾ, പിത്തരസ സ്രാവത്തിൽ ക്രമക്കേട്, പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാറ് എന്നിവക്കു വഴിതെളിക്കാനും കഴിയും. വലിവ്, കണ്ണുരോഗം, ത്വഗ്രോഗം, തൊണ്ടവീക്കം, അൾസർ തുടങ്ങിയ ക്രമക്കേടുകളെയും അതുപോലെതന്നെ ദന്തരോഗത്തെയും ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങളെയും കോപം വഷളാക്കുന്നതായി കരുതപ്പെടുന്നു.
അതുകൊണ്ട്, ആത്മീയവും സാമൂഹികവുമായ പ്രയോജനങ്ങൾ കൂടാതെ “കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക” എന്നും “നീരസമുള്ളവനായിത്തീരാൻ [അല്ലെങ്കിൽ, “കോപിഷ്ഠനായിത്തീരാൻ,” കിംഗ് ജയിംസ് വേർഷൻ] നിന്റെ ആത്മാവിൽ നീ തിടുക്കം” കൂട്ടരുത് എന്നും ഉള്ള ബൈബിൾ ബുദ്ധ്യുപദേശം അനുസരിക്കുന്നതിൽനിന്നു ശാരീരിക പ്രയോജനങ്ങളും ഉണ്ട്. ഒരുവനെ “കോപിക്കാൻ താമസ”മുള്ളവനാക്കുന്ന “വിവേചന” നട്ടുവളർത്തുന്നത് എത്ര യുക്തിസഹമാണ്. തീർച്ചയായും, “ഒരു ശാന്തമായ ഹൃദയം ജഡശരീരിയുടെ ജീവനാകുന്നു.”—സങ്കീർത്തനം 37:8; സഭാപ്രസംഗി 7:9, NW; സദൃശവാക്യങ്ങൾ 14:29, 30, NW.
കൂടുതൽ വിവരങ്ങൾ അറിയാനോ യഹോവയുടെ സാക്ഷികളോടൊത്ത് ഒരു സൗജന്യ ബൈബിളധ്യയനം ഉണ്ടായിരിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, Watchtower, H-58 Old Khandala Road, Lonavla, 410 401 Mah., എന്ന വിലാസത്തിലോ 5-ാം പേജിൽ ലിസ്ററ് ചെയ്തിരിക്കുന്ന അനുയോജ്യമായ അഡ്രസ്സിലോ എഴുതാവുന്നതാണ്.