ഭാഗം 1
ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം
“സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രൻമാരാക്കുകയും ചെയ്യും.” (യോഹന്നാൻ 8:32) കൂടെക്കൂടെ ഉദ്ധരിക്കപ്പെടാറുള്ള ഈ ജ്ഞാനമൊഴികൾ പ്രസ്താവിച്ചത് ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായി ലക്ഷക്കണക്കിനാളുകൾ കരുതുന്ന ഒരു മനുഷ്യനാണ്.a പറഞ്ഞയാൾ പരാമർശിച്ചതു മതപരമായ സത്യത്തെയായിരുന്നെങ്കിലും ഏതൊരു പ്രവർത്തനമേഖലയിലും സത്യത്തിനു ചില പ്രത്യേക വിധങ്ങളിൽ ആളുകളെ സ്വതന്ത്രരാക്കാൻ കഴിയും.
ഉദാഹരണത്തിന്, ഭൂമി പരന്നതാണ്, ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവാണ്, ചൂട് കലോറിക് (caloric) എന്നു പറയുന്ന ദ്രാവകമാണ്, ദുർഗന്ധവായു പകർച്ചവ്യാധികളുണ്ടാക്കുന്നു, അണു (atom) വസ്തുവിന്റെ ഏററവും ചെറിയ കണിക ആണ് എന്നതുപോലുള്ള വ്യാജ സങ്കല്പങ്ങളിൽനിന്നു ശാസ്ത്രസത്യം അനേകരെ സ്വതന്ത്രരാക്കിയിരിക്കുന്നു. ആശയവിനിമയത്തിന്റെയും ഗതാഗതത്തിന്റെയും മേഖലകളിലെന്നപോലെ വ്യവസായങ്ങളിലെ ശാസ്ത്രീയസത്യങ്ങളുടെ പ്രായോഗികതലത്തിലുള്ള ആവിഷ്കരണം ജനത്തെ അനാവശ്യമായ ശരീരക്ലേശത്തിൽനിന്നും അതുപോലെതന്നെ ഒരു പരിധിവരെ സമയത്തിന്റെയും ദൂരത്തിന്റെയും പരിമിതികളിൽനിന്നും മുക്തരാക്കിയിട്ടുണ്ട്. പ്രതിരോധഔഷധരംഗത്തും ആരോഗ്യപരിപാലനത്തിലും പ്രാവർത്തികമാക്കിയ ശാസ്ത്രസത്യങ്ങൾ ജനങ്ങളെ അകാലമരണത്തിൽനിന്ന് അല്ലെങ്കിൽ രോഗത്തെക്കുറിച്ചുള്ള പരിഭ്രാന്തിയിൽനിന്നു മുക്തരാക്കിയിരിക്കുന്നു.
ശാസ്ത്രം—അത് എന്താണ്?
ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നതനുസരിച്ച്, “ശാസ്ത്രം തത്ത്വങ്ങളാൽ (നിയമങ്ങളാൽ) സംയോജിപ്പിക്കപ്പെട്ട വസ്തുതകളുമായി ബന്ധപ്പെട്ട മനുഷ്യ ജ്ഞാനത്തിന്റെ വിശാല മേഖലകൾ ഉൾക്കൊള്ളുന്നതാണ്.” വ്യത്യസ്ത വിധങ്ങളിലുള്ള ശാസ്ത്രമുണ്ടെന്നതു വ്യക്തമാണ്. ദ സയൻറിസ്ററ് എന്ന പുസ്തകം ഇങ്ങനെ അവകാശപ്പെടുന്നു: “തത്ത്വത്തിൽ മിക്കവാറും ഏതുതരം അറിവിനെയും ശാസ്ത്രീയമാക്കാവുന്നതാണ്, കാരണം ശാസ്ത്രീയ രീതി ഉപയോഗിച്ചു പഠിക്കുമ്പോൾ നിർവചനപ്രകാരം അറിവിന്റെ ഒരു ശാഖ ശാസ്ത്രമായിത്തീരുന്നു.”
ഇത് ഒരു ശാസ്ത്രം എവിടെ തുടങ്ങുന്നു, മറെറാന്ന് എവിടെ അവസാനിക്കുന്നു എന്ന് എന്തെങ്കിലും കൃത്യതയോടെ വിശദീകരിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉളവാക്കുന്നു. വാസ്തവത്തിൽ, ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ പറയുന്നപ്രകാരം, “ചില സംഗതികളിൽ രണ്ടോ അതിലധികമോ ശാസ്ത്രങ്ങളുടെ ഭാഗങ്ങളെ ഒരുമിച്ചുചേർത്ത് അന്തർനിയന്ത്രിത മേഖലകൾ രൂപപ്പെടുത്തിയെടുക്കേണ്ട അളവോളം ശാസ്ത്രങ്ങൾ അന്യോന്യം വ്യാപിച്ചു കിടന്നേക്കാം.” എന്നിരുന്നാലും ഭൗതിക ശാസ്ത്രങ്ങൾ, ജൈവ ശാസ്ത്രങ്ങൾ, സാമൂഹിക ശാസ്ത്രങ്ങൾ, ഗണിതത്തിന്റെയും തർക്കത്തിന്റെയും ശാസ്ത്രം എന്നീ പ്രധാനപ്പെട്ട നാലു വിഭാഗങ്ങളെക്കുറിച്ചാണു മിക്ക പരാമർശ ഗ്രന്ഥങ്ങളും പ്രതിപാദിക്കുന്നത്.
ഗണിതം ഒരു ശാസ്ത്രമോ? അതേ, എത്ര വലുത്, എത്ര ചെറുത്, എത്ര അധികം, എത്ര കുറച്ച്, എത്ര അകലെ, എത്ര അടുത്ത്, എത്രത്തോളം ചൂട്, എത്രത്തോളം തണുപ്പ് എന്നൊക്കെ നിശ്ചയിക്കുന്നതിന് ഏതെങ്കിലും ഒരു ഏകീകൃത അളവുരീതി കൂടാതെ ഫലദായകമായ ശാസ്ത്രീയ ഗവേഷണം അസാധ്യമായിരിക്കുമായിരുന്നു. അതുകൊണ്ട് ഗണിതശാസ്ത്രത്തെ “ശാസ്ത്രങ്ങളുടെ രാജ്ഞിയും ദാസിയും” എന്നു വിളിക്കുന്നതു കാരണം കൂടാതെയല്ല.
ഭൗതിക ശാസ്ത്രങ്ങളെ സംബന്ധിച്ചാണെങ്കിൽ, അവയിൽ രസതന്ത്രം, ഊർജതന്ത്രം, ജ്യോതിശാസ്ത്രം എന്നിവ ഉൾപ്പെടുന്നു. സസ്യശാസ്ത്രവും ജന്തുശാസ്ത്രവുമാണ് പ്രധാനപ്പെട്ട ജൈവ ശാസ്ത്രങ്ങൾ. സാമൂഹിക ശാസ്ത്രങ്ങളിൽ നരവംശശാസ്ത്രം, മാനവസമുദായശാസ്ത്രം, സാമ്പത്തികശാസ്ത്രം, രാജ്യനീതിശാസ്ത്രം, മന:ശാസ്ത്രം എന്നിവ ഉൾപ്പെടുന്നു. (എട്ടാം പേജിലെ ചതുരം കാണുക.)
സൈദ്ധാന്തിക ശാസ്ത്രവും (pure science) പ്രയുക്ത ശാസ്ത്രവും (applied science) തമ്മിൽ ഒരു വ്യത്യാസം കല്പിക്കേണ്ടതുണ്ട്. ഒന്നാമത്തെതു ശാസ്ത്രീയ വസ്തുതകളെയും തത്ത്വങ്ങളെയും സംബന്ധിച്ചുമാത്രം കൈകാര്യംചെയ്യുമ്പോൾ, രണ്ടാമത്തെത് അതെങ്ങനെ പ്രായോഗികതലത്തിലാക്കാമെന്നതു കൈകാര്യം ചെയ്യുന്നു. പ്രയുക്ത ശാസ്ത്രം ഇപ്പോൾ സാങ്കേതിക ശാസ്ത്രം (technology) എന്നും അറിയപ്പെടുന്നുണ്ട്.
ഉദ്യമങ്ങളിലൂടെയും പ്രമാദങ്ങളിലൂടെയും പഠിക്കൽ
മതവും ശാസ്ത്രവും സത്യമറിയാനുള്ള മനുഷ്യവർഗത്തിന്റെ ആഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാൽ ഒരു ഉറവിൽനിന്നു മതസത്യം എങ്ങനെ തേടുന്നു എന്നതും മറെറാരു ഉറവിൽനിന്നു ശാസ്ത്രസത്യം എങ്ങനെ തേടുന്നു എന്നതും തമ്മിൽ ശ്രദ്ധേയമായ ഒരു വ്യത്യാസമുണ്ട്. മതപരമായ സത്യത്തിനായി അന്വേഷിക്കുന്ന ഒരാൾ, ക്രിസ്ത്യാനിയാണോ മുസ്ലീമാണോ യഹൂദനാണോ ഹിന്ദുവാണോ ബുദ്ധമതാനുസാരിയാണോ എന്നതിനെ ആശ്രയിച്ചു വിശുദ്ധ ബൈബിൾ, ഖുറാൻ, തൽമുദ്, വേദങ്ങൾ, ത്രിപിടകങ്ങൾ എന്നിവയിലേയ്ക്കു തിരിയാനാണു സാധ്യത. മതസത്യത്തിന്റെ ഒരു വെളിപ്പാട് എന്നു തന്റെ മതം കരുതുന്നത് അവിടെ അയാൾ കണ്ടെത്തും, മിക്കവാറും ഒരു ദിവ്യ ഉറവിൽനിന്നു ലഭിച്ചതായിരിക്കാമെന്നതിനാൽ അതിനെ അയാൾ ഒരു അന്തിമ പ്രമാണമായി വീക്ഷിക്കയും ചെയ്യുന്നു.
എന്നിരുന്നാലും, ശാസ്ത്രസത്യം അന്വേഷിക്കുന്ന വ്യക്തിക്ക് ആശ്രയിക്കുന്നതിന് അത്തരമൊരു അന്തിമ പ്രമാണം—ഒരു പുസ്തകമോ ഒരു വ്യക്തിയോ—ഇല്ല. ശാസ്ത്രീയ സത്യം വെളിപ്പെടുത്തപ്പെട്ടതല്ല; അതു കണ്ടുപിടിച്ചതാണ്. ഇതു ഉദ്യമങ്ങളുടെയും പ്രമാദങ്ങളുടെയും ഒരു പദ്ധതി ആവശ്യമാക്കിത്തീർക്കുകയും, താൻ ഒരു നിഷ്ഫല ശ്രമത്തിലാണെന്നു ശാസ്ത്രസത്യാന്വേഷി മിക്കപ്പോഴും സ്വയം കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ ക്രമാനുഗതമായി നാലു പടികൾ പിന്തുടരുന്നെങ്കിൽ അയാൾ ഫലകരമായ ഒരു അന്വേഷണമായിരിക്കും നിർവഹിക്കുക. (“ശാസ്ത്രീയ രീതിയിൽ സത്യം കണ്ടെത്തൽ” എന്ന ചതുരം കാണുക.) എന്നിരുന്നാലും, സത്യത്തോടു കൂടുതൽ അടുത്തതെന്നു കരുതുന്ന പുതിയ വീക്ഷണങ്ങൾക്കായി പഴയവ വഴിമാറുമ്പോൾ ശാസ്ത്രീയ വിജയങ്ങൾ ആഘോഷിക്കുന്നതു ശാസ്ത്രീയ പരാജയങ്ങളുടെ നാശാവശിഷ്ടങ്ങളുടെമേൽ നിന്നുകൊണ്ടാണ്.
എറിയുക-കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന രീതി ആയിരുന്നിട്ടുപോലും നൂററാണ്ടുകളിലൂടെ ശാസ്ത്രജ്ഞൻമാർ അത്ഭുതാവഹമായ അളവിൽ ശാസ്ത്രീയ വിജ്ഞാനം പടുത്തുയർത്തിയിട്ടുണ്ട്. കൂടെക്കൂടെ അബദ്ധങ്ങൾ പിണഞ്ഞിട്ടുണ്ടെങ്കിലും ഗൗരവമായ കുഴപ്പങ്ങൾ വരുത്തുന്നതിനു മുമ്പു തെററായ പല നിഗമനങ്ങളും അവർക്കു തിരുത്താൻ കഴിഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ, തെററായ അറിവുകൾ സൈദ്ധാന്തിക ശാസ്ത്ര മേഖലയിൽ ഒതുങ്ങിനിൽക്കുന്നിടത്തോളം കാലം മാരകമായ ദോഷങ്ങൾക്കുള്ള അപകടസാധ്യത തുലോം തുച്ഛമാണ്. എന്നാൽ ഗൗരവതരമായ പാളിച്ചകളുള്ള സൈദ്ധാന്തിക ശാസ്ത്രത്തെ പ്രയുക്ത ശാസ്ത്രത്തിലേക്കു മാററാൻ ശ്രമിക്കുമ്പോൾ ഫലങ്ങൾ വിനാശകരമായിരിക്കാം.
ഉദാഹരണത്തിന്, കീടനാശിനികളുടെ വികാസം സാധ്യമാക്കിയ ശാസ്ത്ര സാങ്കേതിക ജ്ഞാനം പരിഗണിക്കുക. അവയിൽ ചിലതു മമനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായ അവശിഷ്ടങ്ങൾ പുറന്തള്ളുന്നുണ്ടെന്നു കൂടുതലായ ശാസ്ത്രീയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നതുവരെ ഇവ വളരെ വിലമതിക്കപ്പെട്ടിരുന്നു. അരൽ സമുദ്രത്തിനടുത്ത് ഉസ്ബെഗിസ്ഥാനിലും കസാക്കിസ്ഥാനിലും വസിക്കുന്ന ചില സമൂഹങ്ങളിൽ അത്തരം കീടനാശിനികളുടെ വ്യാപകമായ ഉപയോഗവും ഗ്രസികാർബുദത്തിന്റെ (esophageal cancer) ദേശീയ ശരാശരിയുടെ ഏഴിരട്ടിയുള്ള നിരക്കും തമ്മിൽ ഒരു ബന്ധം കണ്ടെത്തിയിട്ടുണ്ട്.
ഏയ്റോസോൾ സ്പ്രേകൾ ഭൂമിയുടെ സംരക്ഷണ ഒസോൺ പാളിയുടെ നാശത്തിനിടയാക്കുന്നു എന്നും അതു വാസ്തവത്തിൽ മുമ്പു വിചാരിച്ചിരുന്നതിനെക്കാളും കൂടിയ വേഗതയിലാണ് എന്നും ശാസ്ത്രീയ പരിശോധനകൾ സൂചിപ്പിച്ചതുവരെ അതു വളരെ ജനപ്രീതിയുള്ളതായിരുന്നു, കാരണം അതു വളരെ സൗകര്യപ്രദമായിരുന്നു. അതുകൊണ്ട് ശാസ്ത്രീയ സത്യത്തിനായുള്ള അന്വേഷണം ഒരു തുടരുന്ന പ്രക്രിയയാണ്. ഇന്നത്തെ ശാസ്ത്രീയ “സത്യം” നാളെ, തെററിപ്പോയതും ചിലപ്പോൾ അപകടകരം പോലുമായ ഇന്നലത്തെ ആശയങ്ങൾ ആയിത്തീർന്നേക്കാം.
ശാസ്ത്രം എന്തുകൊണ്ട് നമ്മിൽ താത്പര്യമുണർത്തണം?
നമ്മുടെ ആധുനിക ലോകത്തിന്റെ ഘടന രൂപപ്പെടുത്തുന്നതിൽ ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയധികം ചെയ്തിട്ടുണ്ട്. യു.എസ്. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ മുൻപ്രസിഡൻറായ ഫ്രെഡറിക് സ്സൈററ്സ് ഇങ്ങനെ പറഞ്ഞു: “പ്രാഥമികമായി മനസ്സിന്റെ ഒരു സാഹസമെന്ന നിലയിൽ തുടക്കമിട്ട ശാസ്ത്രം ഇപ്പോൾ നമ്മുടെ ജീവിതരീതിയുടെ നെടുംതൂണുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ്.” അങ്ങനെ ശാസ്ത്രീയഗവേഷണം ഇന്നു പുരോഗതിക്കൊരു പര്യായമായിത്തീർന്നിരിക്കുന്നു. നൂതന ശാസ്ത്രീയ വികാസങ്ങളെ ചോദ്യംചെയ്യുന്ന ഏതൊരുവനും “പുരോഗമനവിരുദ്ധവാദി”യായി മുദ്രയടിക്കപ്പെടുന്നതിന്റെ അപകടമുണ്ട്. എന്തൊക്കെയായാലും ചിലർ ശാസ്ത്രീയപുരോഗതി എന്നു പറയുന്നത് അവർക്കു പരിഷ്കൃതരെ അപരിഷ്കൃതരിൽനിന്നു വേർതിരിച്ചുനിർത്തുന്ന സംഗതി മാത്രമാണ്.
അതുകൊണ്ട്, 20-ാം നൂററാണ്ടിലെ ബ്രിട്ടീഷ് കവിയായ ഡബ്ലിയു. എച്ച്. ഓഡൻ “നമ്മുടെ നാളിൽ ലോകത്തെ മാററിമറിക്കുന്ന യഥാർഥ ശില്പികൾ രാഷ്ട്രീയക്കാരോ രാജ്യതന്ത്രജ്ഞരോ അല്ല, എന്നാൽ ശാസ്ത്രജ്ഞരാണ്” എന്ന് അഭിപ്രായപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല.
ലോകത്തിനു പരിവർത്തനം ആവശ്യമാണെന്ന സംഗതി അധികമാളുകളും നിഷേധിക്കുകയില്ല. എന്നാൽ ആ ജോലി വിജയകരമാക്കാൻ ശാസ്ത്രത്തിനു കഴിയുമോ? ഇരുപത്തൊന്നാം നൂററാണ്ട് ഉയർത്തുന്ന അനിതരസാധാരണമായ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ശാസ്ത്രീയ സത്യങ്ങൾ കണ്ടെത്താൻ അതിനു കഴിയുമോ? ആസന്നമായിരിക്കുന്ന ആഗോള വിപത്തിന്റെ ഭയത്തിൽനിന്നും മനുഷ്യരെ മോചിപ്പിക്കാൻവേണ്ടുന്ന വേഗത്തിൽ ഈ സത്യങ്ങൾ പഠിക്കാൻ സാധിക്കുമോ?
രണ്ടു തവണ നോബൽ സമ്മാനം നേടിയിട്ടുള്ള ലയിനസ് പോളിങ് ഇപ്രകാരം പറഞ്ഞു: “ലോകത്തിൽ ജീവിക്കുന്ന ഓരോരുത്തരും ശാസ്ത്രത്തിന്റെ സ്വഭാവത്തെയും ഫലങ്ങളെയും സംബന്ധിച്ച് അല്പം ഗ്രാഹ്യം നേടേണ്ടതുണ്ട്.” ഞങ്ങളുടെ വായനക്കാർക്ക് ഈ അത്യാവശ്യ ഗ്രാഹ്യം പ്രദാനംചെയ്യണം എന്ന ഉദ്ദേശ്യത്തോടുകൂടിയാണു ഞങ്ങൾ “ശാസ്ത്രം—സത്യത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ തുടരുന്ന അന്വേഷണം” എന്ന പരമ്പര അവതരിപ്പിക്കുന്നത്. ഞങ്ങളുടെ അടുത്ത ലക്കത്തിൽ രണ്ടാം ഭാഗം ഉറപ്പായും വായിക്കുക.
[അടിക്കുറിപ്പുകൾ]
a ക്രിസ്തു യേശു. വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ട് സൊസൈററി ഓഫ് ഇൻഡ്യ 1992-ൽ പ്രസിദ്ധീകരിച്ച “ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ” എന്ന പുസ്തകം കാണുക.
[7-ാം പേജിലെ ചതുരം/ചിത്രം]
ശാസ്ത്രീയ രീതിയിൽ സത്യം കണ്ടെത്തൽ
1. സംഭവിക്കുന്നത് എന്താണെന്നു നിരീക്ഷിക്കുക.
2. ആ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സത്യമായിരിക്കാവുന്നത് എന്ത് എന്നതു സംബന്ധിച്ച് ഒരു സിദ്ധാന്തം ആവിഷ്കരിക്കുക.
3. കൂടുതലായ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആ സിദ്ധാന്തത്തെ പരിശോധിക്കുക.
4. സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള മുൻ നിഗമനങ്ങൾ യാഥാർഥ്യമായിത്തീരുന്നുണ്ടോ എന്നു കാണാൻ കാത്തിരിക്കുക.
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ശാസ്ത്രങ്ങൾ നിർവചിക്കപ്പെട്ടിരിക്കുന്നു
നരവംശശാസ്ത്രം ജീവശാസ്ത്രപരവും സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടിൽ മനുഷ്യനെക്കുറിച്ചുള്ള പഠനമാണ്.
ജ്യോതിശാസ്ത്രം നക്ഷത്രങ്ങളെയും ഭൂമിയെയും ബഹിരാകാശത്തിലെ മററു സ്വാഭാവിക വസ്തുക്കളെയും കുറിച്ചുള്ള പഠനമാണ്.
ജീവശാസ്ത്രം ജീവജാലങ്ങളുടെ പ്രവർത്തനവിധം, സസ്യങ്ങളുടെയും മൃഗങ്ങളുടെയും തരംതിരിവ് എന്നിവയെ സംബന്ധിച്ചുള്ള പഠനമാണ്.
സസ്യശാസ്ത്രം ജീവശാസ്ത്രത്തിന്റെ രണ്ടു പ്രധാന ശാഖകളിലൊന്നായ ഇതു സസ്യജീവജാലങ്ങളെക്കുറിച്ചുള്ള പഠനമാണ്.
രസതന്ത്രം പദാർഥങ്ങളുടെ ഗുണഗണങ്ങളെയും ഘടനയെയും അവ തമ്മിൽത്തമ്മിൽ എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നതിനെയും സംബന്ധിച്ചുള്ള പഠനമാണ്.
ഗണിതശാസ്ത്രം സംഖ്യ, അളവുകൾ, ആകൃതികൾ, ബന്ധങ്ങൾ എന്നിവയുടെ പഠനമാണ്.
ഊർജതന്ത്രം പ്രകാശം, ശബ്ദം, മർദം, ഗുരുത്വാകർഷണം എന്നിവപോലുള്ള ഊർജത്തെയും അവസ്ഥകളെയും കുറിച്ചുള്ള പഠനമാണ്.
മന:ശാസ്ത്രം മനുഷ്യമനസ്സിനെയും മാനുഷപെരുമാററത്തിന്റെ കാരണങ്ങളെയും കുറിച്ചുള്ള പഠനമാണ്.
ജന്തുശാസ്ത്രം ജീവശാസ്ത്രത്തിന്റെ രണ്ടാമത്തെ പ്രധാന ശാഖയായ ഇതു മൃഗജീവജാലങ്ങളെക്കുറിച്ചുള്ള പഠനമാണ്.