സ്വഭാവരൂപവത്കരണ വർഷങ്ങൾ നിങ്ങൾ ഇപ്പോൾ വിതയ്ക്കുന്നതുതന്നെ പിന്നീടു കൊയ്യും
ശിശുക്കളുടെ തലച്ചോറുകൾ അവയുടെ പരിസരങ്ങളെ വലിച്ചെടുക്കുന്ന സ്പഞ്ചുകളാണ്. രണ്ടു വർഷത്തിനുള്ളിൽ അവയുടെ ഉടമസ്ഥർ ശ്രവണത്തിലൂടെ മാത്രം ഒരു സങ്കീർണ്ണമായ ഭാഷ പഠിക്കുന്നു. കുട്ടി രണ്ടെണ്ണം കേട്ടാൽ അവ രണ്ടും പഠിക്കുന്നു. ഭാഷ മാത്രമല്ല, സംഗീതാത്മകവും കലാപരവുമായ കഴിവുകൾ, പേശിയുടെ ഏകോപനം, ധാർമ്മികമൂല്യങ്ങളും മനസ്സാക്ഷിയും, വിശ്വാസവും സ്നേഹവും, ആരാധിക്കാനുള്ള പ്രേരണ—ഇവയെല്ലാം കുട്ടിയുടെ തലച്ചോറിൽ പ്രോഗ്രാം ചെയ്തിരിക്കുന്ന ഗ്രഹണശക്തിയിൽനിന്നും കഴിവുകളിൽനിന്നും ഉത്ഭവിക്കുന്നതാണ്. അവയുടെ വികാസത്തിനായി അവ ചുററുപാടുകൾ ലഭ്യമാക്കുന്ന വിവരങ്ങൾക്കായി കേവലം കാത്തിരിക്കുക മാത്രമാണ്. കൂടാതെ, ഈ വിവരങ്ങൾ ഏററവും ഫലപ്രദമാകുന്നതിന് അവ ലഭ്യമാകേണ്ട ശരിയായ ഒരു സമയപ്പട്ടികയുമുണ്ട്. ആ പ്രയോജനപ്രദമായ സമയം സ്വഭാവരൂപവത്കരണ വർഷങ്ങളാണ്.
ഈ പ്രക്രിയ ജനനത്തിങ്കൽ തുടങ്ങുന്നു. അതു സ്നേഹബന്ധമെന്നാണ് വിളിക്കപ്പെടുന്നത്. അമ്മ കണ്ണുപറിക്കാതെ കുഞ്ഞിന്റെ കണ്ണുകളിലേക്കു സ്നേഹപൂർവ്വം നോക്കുന്നു, പ്രീതിവാക്കുകളിൽ അവനോടു സംസാരിക്കുന്നു, അവനെ ആശ്ലേഷിക്കുകയും ലാളിക്കുകയും ചെയ്യുന്നു. കുഞ്ഞ് അവളെ സശ്രദ്ധം വീക്ഷിക്കുകയും സുരക്ഷിതത്വം അനുഭവിക്കുകയും ചെയ്യുമ്പോൾ മാതൃത്വവാസനകൾ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഈ തുടക്കത്തിൽ മുലയൂട്ടൽ നടന്നാൽ അത് ഇരുവർക്കും അത്രയും നന്ന്. കുട്ടിയുടെ മുലകുടി പാലുത്പാദനത്തെ ഊർജ്ജിതപ്പെടുത്തുന്നു. അവന്റെ ത്വക്കിന്റെ സ്പർശം അവളുടെ പ്രസവാനന്തര രക്തസ്രാവത്തെ കുറയ്ക്കുന്ന ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. അമ്മയുടെ പാലിൽ രോഗപ്പകർച്ചയിൽനിന്നു കുട്ടിയെ സംരക്ഷിക്കുന്ന പ്രതിരോധശക്തി അടങ്ങിയിട്ടുണ്ട്. സ്നേഹബന്ധം ഉടലെടുക്കുന്നു. അതൊരു വാത്സല്ല്യക്കൂട്ടുകെട്ടിന്റെ തുടക്കമാണ്. എന്നാൽ അതു തുടക്കം മാത്രമാണ്.
പിതാവ് തീർച്ചയായും രംഗത്തേക്കു വരേണ്ടതുള്ളതുകൊണ്ട് അയാൾ അങ്ങനെ ചെയ്യുമ്പോൾ ഈ ഇരുപിരി മുപ്പിരിയായിത്തീരും. “ഓരോ കുട്ടിക്കും . . . ഒരു പിതാവിന്റെ ആവശ്യമുണ്ട്,” എന്നു ഡോ. ടി. ബെറി ബ്രേസൽട്ടൻ പറയുന്നു. “ഓരോ പിതാവിനും ഒരു പ്രകടമായ മാററം ഉളവാക്കാൻ കഴിയും . . . മാതാക്കൾ ശിശുക്കളോടുള്ള ബന്ധത്തിൽ സൗമ്യരും അടക്കമുള്ളവരുമായിരുന്നു. നേരേമറിച്ച്, പിതാക്കൻമാർ കൂടുതൽ വിനോദപ്രകൃതരായിരുന്നു, അമ്മമാർ ചെയ്തതിനേക്കാൾ കൂടുതൽ തങ്ങളുടെ ശിശുക്കളെ തോണ്ടുകയും ഇക്കിളിപ്പെടുത്തുകയും ചെയ്തുകൊണ്ടുതന്നെ.” നിരന്തരമുള്ള ഈ പരുക്കൻ സ്പർശത്തോടു വികാരോജ്ജ്വലമായ ആർപ്പോടും അത്യാഹ്ലാദത്തോടെയുള്ള ഉത്ക്രോശങ്ങളോടുംകൂടെ ശിശുക്കൾ പ്രതികരിക്കുന്നു, ശബ്ദമുഖരിതമായ നേരമ്പോക്കാസ്വദിച്ചുകൊണ്ടും വീണ്ടും അങ്ങനെ ചെയ്യാൻ മുറവിളി കൂട്ടിക്കൊണ്ടുംതന്നെ. ഇതു ജനനത്തിങ്കൽ തുടങ്ങിവച്ച സ്നേഹബന്ധത്തിന്റെ, ‘ഒരു ശിശുവിന്റെ ആദ്യത്തെ 18 മാസങ്ങളിൽ ലഭ്യമാകുന്നതോ നഷ്ടമാകുന്നതോ ആയ മാതാപിതാക്കൾക്കും കുട്ടിക്കുമിടയിലുള്ള സ്നേഹബന്ധത്തിന്റെ, തുടർച്ചയാണ്’ എന്ന് മനസ്സാക്ഷിയില്ലാത്ത കുട്ടികൾ: വലിയ അപായസാധ്യത (High Risk: Children Without a Conscience) എന്ന പുസ്തകത്തിന്റെ സഹഎഴുത്തുകാരനായ ഡോ. മാഗിഡ് പറയുന്നു. ഇതു നഷ്ടമായാൽ അത്തരം കുട്ടികൾ പ്രതിപത്തിയില്ലാത്തവരും സ്നേഹിക്കാനുള്ള കഴിവില്ലാത്തവരുമായി വളർന്നുവന്നേക്കാം.
മാതാവും പിതാവും സ്നേഹബന്ധത്തിൽ പങ്കുപററുന്നു
അതുകൊണ്ട്, ഈ സ്നേഹബന്ധത്തെ, കിൻറർഗാർട്ടനു മുമ്പുള്ള സ്വഭാവരൂപവത്കരണ വർഷങ്ങളിൽ മാതാപിതാക്കൾക്കും ശിശുവിനുമിടയിലുള്ള സ്നേഹബന്ധത്തെയും പ്രതിപത്തിയെയും ശക്തിപ്പെടുത്തുന്നതിൽ മാതാവും പിതാവും കൂട്ടായി പ്രവർത്തിക്കേണ്ടത് എത്രയോ നിർണ്ണായകമാണ്! ഇരുവരിൽ നിന്നും ധാരാളം ആശ്ലേഷങ്ങളും ചുംബനങ്ങളും ഉണ്ടായിരിക്കട്ടെ. അതെ, പിതാക്കൻമാരിൽനിന്നും കൂടെ! ആളുകളുടെ ആരോഗ്യം (Men’s Health), ജൂൺ 1992 പറയുന്നു: “മാതാപിതാക്കളുമായുള്ള ആശ്ലേഷങ്ങളും ശാരീരിക വാത്സല്യങ്ങളും ഒരു കുട്ടിയുടെ ഭാവിയിലെ വിജയകരമായ സൗഹൃദങ്ങളും വിവാഹങ്ങളും തൊഴിലുകളും ശക്തമാംവണ്ണം മുൻകൂട്ടിപ്പറയുന്നുവെന്നു ജേർണൽ ഓഫ് പേഴ്സണാലിററി ആൻഡ് സോഷ്യൽ സൈക്കോളജിയിൽ (ഇംഗ്ലീഷ്) പ്രസിദ്ധപ്പെടുത്തിയ ഒരു 36-വർഷ പഠനം പറയുന്നു. വാത്സല്യമുള്ള മാതാപിതാക്കളുണ്ടായിരുന്ന കുട്ടികളിൽ 70 ശതമാനം പേർ സാമൂഹികമായി നന്നായി ചെയ്തപ്പോൾ ആശയവിനിയമം കുറവായിരുന്ന മാതാപിതാക്കളുണ്ടായിരുന്ന കുട്ടികളിൽ 30 ശതമാനം പേർ മാത്രമേ അങ്ങനെ ചെയ്തുള്ളു; അമ്മയുടെ ആശ്ലേഷം പോലെതന്നെ അച്ഛന്റേതും തുല്യപ്രാധാന്യമുള്ളതായിരുന്നു.”
കൂടാതെ, ഒരു ആട്ടുകസേരയിൽ ആടിക്കൊണ്ടിരിക്കുമ്പോൾ അവനെ കൈയ്യിലെടുക്കുക. നിങ്ങളുടെ മടിയിൽ അവൻ സുരക്ഷിതത്വത്തിന്റെ അനുഭൂതിയിലായിരിക്കുമ്പോൾ അവനെ വായിച്ചുകേൾപ്പിക്കുക. അവനുമായി സംസാരിക്കുക, അവനെ ശ്രദ്ധിക്കുക, തെററും ശരിയും സംബന്ധിച്ച് അവനെ ഉപദേശിക്കുക, നിങ്ങൾതന്നെ ഈ തത്ത്വങ്ങൾ പകർത്തിക്കൊണ്ടു നല്ല മാതൃകകളാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. എപ്പോഴും കുട്ടിയുടെ പ്രായം മനസ്സിൽ പിടിക്കുക. ഈ പ്രക്രിയ ലളിതമാക്കുക, രസകരമാക്കുക, വിനോദമാക്കുക.
നിങ്ങളുടെ കുട്ടിക്കു തന്റെ ചുററുപാടുകളേക്കുറിച്ചെല്ലാം പഠിക്കുന്നതിനും വിശകലനം ചെയ്തു മനസ്സിലാക്കുന്നതിനും ഉള്ള ഒരു താല്പര്യം, സ്വാഭാവികമായ ഒരു ജിജ്ഞാസ ഉണ്ട്. അറിയാനുള്ള ഈ തൃഷ്ണയെ തൃപ്തിപ്പെടുത്താൻ കുട്ടി അനുസ്യൂതമായ ചോദ്യവർഷത്താൽ നിങ്ങളെ വീർപ്പുമുട്ടിക്കുന്നു. കാറെറങ്ങനെയുണ്ടാകുന്നു? ആകാശം നീലയായിരിക്കുന്നതെന്തുകൊണ്ട്? സൂര്യനസ്തമിക്കുമ്പോൾ അതു ചുവപ്പായിത്തീരുന്നത് എന്തുകൊണ്ട്? അവയ്ക്കുത്തരം കൊടുക്കുക. അതെല്ലായ്പ്പോഴും എളുപ്പമല്ല. ഈ ചോദ്യങ്ങൾ നിങ്ങളുടെ കുട്ടിയുടെ മനസ്സിനെ സ്വാധീനിക്കാൻ വിവരങ്ങളിട്ടുകൊടുക്കുന്നതിനുള്ള ഒരവസരം ഒരുപക്ഷേ, ദൈവത്തോടും അവന്റെ സൃഷ്ടിയോടുമുള്ള വിലമതിപ്പു നിവേശിപ്പിക്കുന്നതിനുള്ള ഒരു ക്ഷണം ആയിരിക്കാം. ഒരിലയിൽ ഇഴഞ്ഞുനീങ്ങുന്ന ഒരു പുഴുവാണോ അവനെ ആകർഷിക്കുന്നത്? അല്ലെങ്കിൽ ഒരു ചെറുപൂവിന്റെ ഘടന? അല്ലെങ്കിൽ ഒരെട്ടുകാലി വലകെട്ടുന്നത്? അല്ലെങ്കിൽ കേവലം ചെളിയിൽ കുഴിയുണ്ടാക്കുന്നത്? യേശു ഉപമകൾ ഉപയോഗിച്ചു ചെയ്തതുപോലെ ചെറിയ കഥകളുപയോഗിച്ചു പഠിപ്പിക്കുന്നത് നിസ്സാരമായെടുക്കരുത്. അതു പഠനം ആസ്വാദ്യമാക്കിത്തീർക്കുന്നു.
അനേകരുടെയും കാര്യത്തിൽ ജീവിതവൃത്തിക്കായി മാതാപിതാക്കളിരുവരും ജോലിചെയ്യേണ്ടതായിവരുന്നു. സായാഹ്നസമയങ്ങളും വാരാന്തസമയങ്ങളും തങ്ങളുടെ മക്കളോടൊപ്പം ചെലവഴിക്കാൻ അവർക്കൊരു പ്രത്യേക ശ്രമം ചെലുത്താൻ കഴിയുമോ? തന്റെ കുട്ടികളോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയമുണ്ടായിരിക്കുന്നതിന് അമ്മക്ക് അര ദിവസം മാത്രം ജോലി ചെയ്യാൻ കഴിയുമോ? മാതാവോ പിതാവോ മാത്രമുള്ള അനവധി കുടുംബങ്ങൾ ഇന്നുണ്ട്, തങ്ങളെയും തങ്ങളുടെ കുഞ്ഞുങ്ങളെയും പോററുന്നതിന് അവർ ജോലി ചെയ്യേണ്ടിയിരിക്കുന്നു. തങ്ങൾക്കു സാദ്ധ്യമാകുന്നിടത്തോളം സായാഹ്നസമയങ്ങളും വാരാന്തങ്ങളും തങ്ങളുടെ കുട്ടികൾക്കു നൽകുന്നതിൽ ഉത്സാഹമുള്ളവരായിരിക്കാൻ അവർക്കു കഴിയുമോ? അനേകം അമ്മമാരുടെയും കാര്യത്തിൽ തങ്ങളുടെ മക്കളിൽനിന്ന് അവർ ദൂരെയായിരിക്കേണ്ടിവരുന്നു. ദൂരെയായിരിക്കുന്നതിനുള്ള കാരണം സാർത്ഥകമായിരിക്കുമ്പോൾപോലും കൊച്ചുകുട്ടിക്ക് അതു ഗ്രഹിക്കാൻ കഴിയാത്തതിനാൽ താൻ ഉപേക്ഷിക്കപ്പെട്ടതായി അവനു തോന്നിയേക്കാം. അപ്പോൾ, നിങ്ങളുടെ കുട്ടിക്കുവേണ്ടി സമയം വിലയ്ക്കു വാങ്ങുന്നതിനു പ്രത്യേക ശ്രമം ചെയ്യേണ്ടതാണ്.
ഇനി, നാം കേൾക്കാറുള്ള ഈ “ഗുണമേൻമയുള്ള സമയം” എന്താണ്? തിരക്കുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കളോടൊപ്പം ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ 15-ഓ 20-തോ മിനിററും വാരാന്തത്തിൽ ഒരു മണിക്കൂറും ചെലവഴിച്ചേക്കാം. അതിനെ ഗുണമേൻമയുള്ള സമയമെന്നു വിളിക്കുന്നു. ഇതു കുട്ടിയുടെ ആവശ്യത്തിനു പര്യാപ്തമാണോ? അതോ അതിന്റെ ഉദ്ദേശ്യം മാതാപിതാക്കളുടെ മനസ്സാക്ഷിയെ കുററവിമുക്തമാക്കുക എന്നതു മാത്രമാണോ? അതോ, ജോലിചെയ്യുന്ന ഒരമ്മ തന്റെ കുട്ടിയെ തൃപ്തിപ്പെടുത്താതെ സ്വയം തൃപ്തിയടയുകയെന്ന ഉദ്ദേശ്യത്തിൽ തന്റെ മനസ്സിനു അയവു വരുത്തുകയാണോ? എന്നാൽ, ‘സത്യമായും എനിക്കു നല്ല തിരക്കാണ്, എനിക്ക് അത്തരമൊരു സമയമേ ഇല്ല’ എന്നു നിങ്ങൾ പറയുന്നു. അതു നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും വളരെ മോശവും സങ്കടകരവുമാണ്, കാരണം അതിനു യാതൊരു കുറുക്കുവഴിയുമില്ല. ഇതിനു വേണ്ട സമയം സ്വഭാവരൂപവത്കരണ വർഷങ്ങളിൽ കണ്ടെത്തുക, അല്ലെങ്കിൽ അവരുടെ കൗമാരപ്രായത്തിൽ ഒരു തലമുറവിടവു കൊയ്യാൻ തയ്യാറായിക്കൊള്ളുക.
ഡേകെയറിൽ വിടപ്പെടുന്ന കുട്ടിക്കു മാത്രമല്ല സാദ്ധ്യതയുള്ള ഈ നഷ്ടം സംഭവിക്കുന്നത്, മറിച്ച്, കുട്ടി വളരവേ അവനുമായി ഉല്ലസിക്കുന്നതിനു കഴിയാതെ വരുമ്പോൾ അതു മാതാപിതാക്കൾക്കും നഷ്ടമാണ്. താൻ തനിച്ചാക്കപ്പെടുന്നതിന്റെ കാരണങ്ങൾ കുട്ടിക്ക് എല്ലായ്പ്പോഴും മനസ്സിലാകുകയില്ല. താൻ അവഗണിക്കപ്പെട്ടിരിക്കുന്നതായോ, തള്ളിക്കളയപ്പെട്ടതായോ, ഉപേക്ഷിക്കപ്പെട്ടതായോ, സ്നേഹിക്കപ്പെടാത്തതായോ അവന് അനുഭവപ്പെട്ടേക്കാം. അവനു കൗമാരപ്രായമാകുമ്പോഴേക്കും തനിക്കുവേണ്ടി സമയം ചെലവഴിക്കാൻ കഴിയാത്തവിധം തിരക്കുള്ള മാതാപിതാക്കൾക്കുപകരം സ്ഥാപിക്കാൻ തക്കവണ്ണം അവൻ തന്റെ തരപ്പടിക്കാരുമായി അടുപ്പം വളർത്തിയിട്ടുണ്ടായിരിക്കാം. കുട്ടി ഒരു കപടജീവിതം നയിക്കാൻ പോലും തുടങ്ങിയിരിക്കാം, തന്റെ മാതാപിതാക്കളെ പ്രസാദിപ്പിക്കാൻ ഒരു രീതിയും സ്വയം തൃപ്തിപ്പെടുത്താൻ മറെറാന്നും. വാക്കുകളോ വിശദീകരണങ്ങളോ മാപ്പുപറച്ചിലോ—ഇവയിലൊന്നും ആ വിടവു നികത്തില്ല. തന്റെ മാതാപിതാക്കളെ അത്യന്തം ആവശ്യമായിരുന്നപ്പോൾ താൻ അവഗണിക്കപ്പെട്ടിരുന്നതിനാൽ ഇപ്പോൾ സ്നേഹം സംബന്ധിച്ച അവരുടെ സംസാരത്തിന് ആത്മാർത്ഥതയുള്ളതായി അവനു തോന്നുന്നില്ല. ഇപ്പോൾ സ്നേഹത്തെപ്പററിയുള്ള സംസാരം വ്യാജമായി തോന്നുന്നു; വാക്കുകൾ വെറും പൊള്ളയായി ധ്വനിക്കുന്നു. വിശ്വാസം പോലെതന്നെ പ്രവൃത്തിയില്ലാത്ത സ്നേഹം ചത്തതാകുന്നു.—യാക്കോബ് 2:26.
നാം വിതച്ചത് ഇപ്പോൾപോലും കൊയ്യുന്നു
ഈ ഞാൻ-മുമ്പേ തലമുറയിൽ സ്വാർത്ഥത പെരുകിക്കൊണ്ടിരിക്കയാണ്, അതു നമ്മുടെ കുട്ടികളുടെ ഉപേക്ഷണത്തിൽ പ്രത്യേകിച്ചും വ്യക്തമാണ്. നാം അവർക്കു ജൻമംനൽകുന്നു, തുടർന്നു നാമവരെ ഡേകെയർ സെൻററിലാക്കുന്നു. ചില ഡേകെയർ സെൻററുകൾ കുട്ടികൾക്കു നല്ലതായിരുന്നേക്കാം, എന്നാൽ അനേകവും അങ്ങനെയല്ല, പ്രത്യേകിച്ചും കൊച്ചു കുട്ടികൾക്ക്. ചിലവ ശിശുലൈംഗികദുർവിനിയോഗം നിമിത്തം അന്വേഷണവിധേയമാകുന്നു. ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞു, “ഇന്നത്തെ പ്രശ്നങ്ങൾ വെറുമൊരു ചായസൽക്കാരമാണെന്നു തോന്നുമാറ് ഭാവിയിൽ നമുക്കു പ്രശ്നങ്ങളുണ്ടാകുമെന്നതിൽ ലേശംപോലും സംശയം വേണ്ട.” 1992 മേയ്/ജൂണിലെ സൈക്കോളജി ററുഡേ പ്രകടമാക്കുന്നതുപോലെ ഇന്നത്തെ “ചായസൽക്കാരം”തന്നെ ഭയാനകമാണ്:
“കഴിഞ്ഞ രണ്ടു പതിററാണ്ടുകളിലായി കുട്ടികളിലും ചെറുപ്പക്കാരിലും ക്രമംവിട്ട ശാരീരികവളർച്ചയുടെ ഒരു 50 ശതമാനം വർദ്ധനവുണ്ടായിരുന്നിട്ടുണ്ട്. മയക്കുമരുന്നുപയോഗിച്ചതു നിമിത്തമുണ്ടായ അപകടങ്ങളിലൂടെ നമുക്കു വർഷംതോറും പരിക്കേൽക്കുന്നവരെയും വൈകല്യം സംഭവിക്കുന്നവരെയും കൂടാതെ പതിനായിരക്കണക്കിനു കൗമാരപ്രായക്കാരെ നഷ്ടപ്പെടുകയാണ്. കൗമാരപ്രായക്കാരിൽ നാലിലൊരാൾ വീതം രണ്ടു വാരംകൂടുമ്പോൾ അമിതമായി മദ്യപിക്കുന്നു, അങ്ങനെ നമുക്കു ഇരുപതു ലക്ഷം മദ്യാസക്തരായ കൗമാരപ്രായക്കാരുണ്ട്.
“അമേരിക്കയിൽ ഒരു വർഷം കൗമാരപ്രായക്കാരായ പത്തുലക്ഷം പെൺകുട്ടികൾ വീതം ഗർഭിണികളാകുന്നുണ്ട്, പാശ്ചാത്യരാജ്യങ്ങളിൽ അടുത്ത സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ നിരക്കിന്റെ ഇരട്ടിതന്നെ. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ കൗമാരപ്രായക്കാരുടെയിടയിൽ ആത്മഹത്യ മൂന്നിരട്ടിയായിരിക്കുന്നു, ഓരോ വർഷവും അയ്യായിരത്തിനും ആറായിരത്തിനുമിടക്കു കൗമാരപ്രായക്കാർ സ്വന്തം ജീവൻ നശിപ്പിക്കുന്നു. കൗമാരപ്രായക്കാരായ നാലു പെൺകുട്ടികളിൽ ഒരാൾവീതം ഭക്ഷണത്തിൽ ക്രമമില്ലായ്മയുടെ അടയാളം, ഏററവും സാധാരണയായി കഠിനമായ ആഹാരനിയന്ത്രണം പാലിക്കുന്നുവെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. മറേറതു പ്രായക്കൂട്ടങ്ങളെയും അപേക്ഷിച്ചു 14—19 വയസ്സു പ്രായമുള്ള പ്രായക്കൂട്ടം ജീവഹത്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.”
ഈ ഭീതിപ്പെടുത്തുന്ന കണക്കുകളോടു ഗർഭാവസ്ഥവയിലായിരിക്കെത്തന്നെ വധിക്കപ്പെടുന്ന 5 കോടി ശിശുക്കളെക്കൂടി കൂട്ടൂക, ഇന്നത്തെ “ചായസൽക്കാരം” വർണ്ണനയെ വെല്ലുവിളിക്കുന്നു. കുടുംബങ്ങളുടെ തകർച്ചയെ മനസ്സിൽപിടിച്ചുകൊണ്ട് സൈക്കോളജി ററുഡേ ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ആരോഗ്യാവഹമായ വളർച്ചക്കും വികാസത്തിനും സ്ഥിരതയും സുരക്ഷിതത്വവും ആവശ്യമായിരിക്കുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും പെട്ടെന്നുള്ള സാമൂഹികപരിവർത്തനം ഒരു ദുരന്തമാണ്.” ഞാൻ-മുമ്പേ എന്ന സ്വാർത്ഥതയെക്കുറിച്ചെഴുതിയ ഒരു ലേഖകൻ എതിർപ്പിന്റെ സ്വരത്തിൽ ഇങ്ങനെ മുറവിളികൂട്ടി: “എന്നാൽ നോക്കൂ, നിങ്ങളുടെ വിവാഹത്തെ നിലനിർത്തേണ്ടതുണ്ട്. നിങ്ങൾക്കു കുട്ടികളുണ്ടെങ്കിൽ നിങ്ങളുടെ വിവാഹത്തെ നിലനിർത്തൂ എന്നു ദമ്പതികളോടു പറയാൻ ആരും തയ്യാറല്ല!”
ഒരു കുട്ടിയെ സ്നേഹിക്കാൻ സമയമാവശ്യമാണ്. നിങ്ങളുടെ സമയം നിങ്ങളുടെ കുട്ടികൾക്കു കൊടുക്കുന്നതിൽനിന്നു പിടിച്ചുവെക്കുന്നതിന്റെ അനന്തരഫലത്തെക്കുറിച്ച് ക്യാപ്ററൻ കങ്കാരൂ എന്നറിയപ്പെട്ടിരുന്ന കുട്ടികൾക്കുവേണ്ടിയുള്ള സംപ്രേക്ഷകനായിരുന്ന റോബർട്ട് കീഷൻ വർഷങ്ങൾക്കുമുമ്പു മുന്നറിയിപ്പു നൽകിയിരുന്നു. അദ്ദേഹം പറഞ്ഞു:
“വായിൽ വിരൽ തിരുകി പാവയെ കൈയിലുമേന്തി അല്പം അക്ഷമയോടെ ഒരു കുട്ടി തന്റെ മാതാപിതാക്കളിലൊരാളെ കാത്തുനിൽക്കുന്നു. അവൾ മണ്ണുവാരിക്കളിച്ച തന്റെ അനുഭവം പറയാൻ ആഗ്രഹിക്കുന്നു. ആ ദിവസം അനുഭവിച്ച ആഹ്ലാദം പങ്കുവയ്ക്കാൻ അവൾ ഉത്സാഹഭരിതയാണ്. സമയമാകുന്നു, അച്ഛനെത്തുന്നു. ജോലിസ്ഥലത്തെ പിരിമുറുക്കത്താൽ തളർന്നവശനായി എത്തുന്ന അച്ഛൻ പലപ്പോഴും കുട്ടിയോടിങ്ങനെ പറയുന്നു, ‘ഇപ്പോൾ വേണ്ട മോളേ. അച്ഛൻ വളരെ തിരക്കിലാ, മോളു പോയി ടി വി കണ്ടോളൂ.’ അമേരിക്കൻ കുടുംബങ്ങളിൽ ഏററവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്കുകളാണ്, ‘ഞാൻ തിരക്കിലാ, പോയി ടി വി കണ്ടോളൂ.’ ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ്? ‘പിന്നെ.’ പക്ഷേ, പിന്നെ വിരളമായേ വരാറുള്ളു . . .
“വർഷങ്ങൾ കടന്നുപോകുകയും കുട്ടി വളരുകയും ചെയ്യുന്നു. നാം അവൾക്കു പാവകളും വസ്ത്രങ്ങളും കൊടുക്കുന്നു. നാം അവൾക്കു വിലകൂടിയവസ്ത്രങ്ങളും സ്ററീരിയോയും കൊടുക്കുന്നു, എന്നാൽ അവർക്കേററവും ആവശ്യമായതു നാം നൽകുന്നില്ല, നമ്മുടെ സമയം. അവൾക്കു പതിന്നാലായി, അവളുടെ കണ്ണുകൾ തിളങ്ങുന്നു, അവൾക്ക് എന്തോ സംഭവിച്ചിരിക്കുന്നു. ‘മോളേ, എന്താണു സംഭവിക്കുന്നത്? എന്നോടു സംസാരിക്കൂ, എന്നോടു സംസാരിക്കൂ.’ വളരെ വൈകിപ്പോയിരിക്കുന്നു. വളരെ വൈകിപ്പോയിരിക്കുന്നു. സ്നേഹം നമ്മെ വഴിമാറിപ്പോയിരിക്കുന്നു. . . .
“‘ഇപ്പോൾ വേണ്ട, പിന്നെ’ എന്നു നാം ഒരു കുട്ടിയോടു പറയുമ്പോൾ, ‘പോയി ടി വി കണ്ടോളൂ’ എന്നു നാം പറയുമ്പോൾ, ‘ഇത്രമാത്രം ചോദ്യം ചോദിക്കരുത്’ എന്നു നാം പറയുമ്പോൾ, നമ്മുടെ കുഞ്ഞുങ്ങൾക്കു നമ്മിൽനിന്നവർക്കാവശ്യമായതു—നമ്മുടെ സമയം—നൽകുന്നതിൽ പരാജയപ്പെടുമ്പോൾ, ഒരു കുട്ടിയെ സ്നേഹിക്കുന്നതിൽ നാം പരാജയപ്പെടുമ്പോൾ, നാം അശ്രദ്ധാലുക്കളല്ല, നാം ഒരു കുട്ടിയെ സ്നേഹിക്കാൻ കഴിയാത്തവണ്ണം കേവലം വളരെ തിരക്കുള്ളവരാകുകയാണ്.”
വലിയ അളവിൽ സമയം ആവശ്യം
നിശ്ചിത അളവിൽ തവണകളിലായി പകുത്തുകൊടുക്കുന്ന “ഗുണമേൻമയുള്ളസമയം” എന്നു വിളിക്കപ്പെടുന്നതല്ല ആദർശയോഗ്യമായത്; മറിച്ച് യാതൊരു ലോഭവും കൂടാതെ നൽകപ്പെടുന്ന “കൂടുതൽ അളവിലുള്ള സമയ”മാണ്, ബൈബിൾ ആവർത്തനം 6:6, 7-ൽ പറയുന്ന പ്രകാരം തന്നെ: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം നീ അവയെ നിന്റെ മക്കൾക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” ഇതു നിങ്ങളുടെ ഹൃദയങ്ങളിലുള്ള ദൈവവചനത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ നിങ്ങളുടെ കുട്ടികളുടെ ഹൃദയങ്ങളിൽ നട്ടുവളർത്തുന്നതിന് ഉപയോഗിക്കപ്പെടേണ്ട സമയമാണ്. നിങ്ങൾ അതിൻപ്രകാരം ജീവിച്ചാൽ അവർ നിങ്ങളെ പകർത്തിക്കൊള്ളും.
മുമ്പിലത്തെ ലേഖനത്തിന്റെ പ്രാരംഭ ഖണ്ഡികയിൽ ഉദ്ധരിച്ചിരുന്ന സദൃശവാക്യം ഓർമ്മിക്കുന്നുണ്ടോ? ഇതാ അതു വീണ്ടും: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 22:6) മൂല്യങ്ങൾ സംബന്ധിച്ച പരിശീലനം അവനിൽ ഉൾനട്ടാൽ, അതായത് അവന്റെ ഉള്ളിൽ പ്രവേശിപ്പിച്ചാൽ, അവന്റെ ചിന്തയുടെ, അവന്റെ ആന്തരിക വികാരങ്ങളുടെ ഒരു ഭാഗായിത്തീർന്നാൽ, അവന്റെ ഹൃദയത്തിനുള്ളിലായാൽ മാത്രമേ ഇതു സത്യമായിരിക്കയുള്ളു. അവന്റെ മാതാപിതാക്കൾ അവനെ ഈ മൂല്യങ്ങൾ പഠിപ്പിക്കുക മാത്രമല്ല അവർ ഇവ ബാധകമാക്കുകകൂടി ചെയ്താൽ മാത്രമേ ഇതു സംഭവിക്കുകയുള്ളു.
അവൻ ഒരു ജീവിതരീതിയായി അവയെ ഉൾക്കൊണ്ടിരിക്കുന്നു. അത് അവന്റെതന്നെ ഭാഗമായിരിക്കുന്ന അവന്റെ വ്യക്തിപരമായ നിലവാരമായിത്തീർന്നിരിക്കുന്നു. ഇപ്പോൾ അവക്കെതിരേ പോകുകയെന്നാൽ അവന്റെ മാതാപിതാക്കൾ പഠിപ്പിച്ചവക്കെതിരെ പോകുകയെന്നല്ല, അവൻതന്നെ ആയിത്തീർന്നിരിക്കുന്നതിനെതിരെ പോകുകയെന്നാണ്. അവൻ തന്നോടുതന്നെ സത്യസന്ധനല്ലാതായിത്തീരുകയായിരിക്കും. അവൻ സ്വയം തള്ളിപ്പറയുകയായിരിക്കും. (2 തിമൊഥെയോസ് 2:13) തന്നോടുതന്നെ ഇതു ചെയ്യുന്നതിന് ആഴത്തിലുള്ള ഒരു വിലക്കുണ്ട്. അതുകൊണ്ട്, അവനിൽ ഉൾനട്ടിരിക്കുന്ന ‘ഈ മാർഗ്ഗത്തിൽനിന്ന് അവൻ തിരിഞ്ഞുപോകുന്നതിന്’ തീരെ സാദ്ധ്യതയില്ല. അതിനാൽ നിങ്ങളിൽനിന്നു നിങ്ങളുടെ കുട്ടികൾ നല്ല നടത്ത പഠിക്കട്ടെ. ദയ പ്രടമാക്കിക്കൊണ്ടു ദയയും, പെരുമാററരീതികൾ ബാധകമാക്കിക്കൊണ്ടു പെരുമാററരീതികളും, മാന്യനായിരുന്നുകൊണ്ട് മാന്യതയും, ജീവിതമാതൃകയിലൂടെ സത്യസന്ധതയും പരമാർത്ഥതയും പഠിപ്പിക്കുക.
യഹോവയുടെ ക്രമീകരണം
കുടുംബഘടകം ആരംഭം മുതൽത്തന്നേ മനുഷ്യനുവേണ്ടിയുള്ള യഹോവയുടെ ക്രമീകരണമായിരുന്നു. (ഉല്പത്തി 1:26-28; 2:18-24) മാനുഷചരിത്രത്തിന്റെ ആറായിരം വർഷത്തിനുശേഷം അതിപ്പോഴും മുതിർന്നവർക്കും കുട്ടികൾക്കും അത്യുത്തമമായിരിക്കുന്നതായി അംഗീകരിക്കപ്പെടുന്നു. ശക്തമായ കുടുംബങ്ങളുടെ രഹസ്യങ്ങൾ (Secrets of Strong Families) എന്ന പുസ്തകം പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് ഈ നിഗമനത്തിലെത്തുന്നു:
“നാഗരികതയുടെ അടിസ്ഥാനം കുടുംബമാണെന്ന്, ഒരുപക്ഷേ, നമ്മിൽ ആഴത്തിലുള്ള എന്തോ തിരിച്ചറിയുന്നുണ്ട്. ജീവിതത്തിന്റെ അന്തസ്സത്തയിലേക്കു വരുമ്പോൾ ജീവിതത്തിൽ പണമോ, ജോലിയോ, പ്രശസ്തിയോ, ഒരു നല്ല വീടോ, സ്ഥലമോ, ഭൗതിക സമ്പത്തോ അല്ല—നമ്മെ സ്നേഹിക്കുകയും നമുക്കുവേണ്ടി കരുതുകയും ചെയ്യുന്ന നമ്മുടെ ജീവിതത്തിലെ വ്യക്തികളാണു പ്രധാനപ്പെട്ടത് എന്ന് ഒരുപക്ഷേ നാം സഹജമായി അറിയുന്നു. നമ്മോടു കടപ്പാടുള്ളവരും സഹായത്തിനായി നമുക്ക് ആശ്രയിക്കാവുന്നവരുമായ നമ്മുടെ ജീവിതത്തിലെ വ്യക്തികളാണു യഥാർത്ഥത്തിൽ പ്രസക്തമായത്. നാം ഉൽക്കടമായി ആശിക്കുന്ന സ്നേഹം, പിന്തുണ, കരുതൽ, കടപ്പാട് എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സാധ്യത കുടുംബത്തിലുള്ളതിനേക്കാൾ മറെറാരിടത്തുമില്ല.”
അതുകൊണ്ടിപ്പോൾ, സ്വഭാവരൂപവത്കരണ വർഷങ്ങളിൽ ഉത്സാഹമുള്ളവരായി നല്ല പരിശീലനം വിതയ്ക്കുക; ഭാവിയിൽ നിങ്ങൾ കൊയ്യുന്നതു നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംവേണ്ടി ഒരു സന്തുഷ്ട കുടുംബജീവിതമായിരിക്കും. (g92 9⁄22)
[10-ാം പേജിലെ ചതുരം]
ഞാൻ ഏതുതരത്തിലുള്ള മാതാവോ പിതാവോ ആയിരിക്കും?
“എനിക്കു രണ്ടു വിഷയങ്ങളിൽ ‘എ’ ഗ്രേഡു കിട്ടി,” ആനന്ദം തുളുമ്പുന്ന സ്വരത്തിൽ കൊച്ചു കുട്ടി വളിച്ചു പറഞ്ഞു. അവന്റെ അച്ഛൻ പരുഷോക്ത്യാ ഇങ്ങനെ ചോദിച്ചു: “നീ എന്തുകൊണ്ടു കൂടുതൽ വിഷയങ്ങളിൽ വാങ്ങിയില്ല?” “അമ്മേ, ഞാൻ പാത്രം കഴുകിക്കഴിഞ്ഞു,” പെൺകുട്ടി അടുക്കളയിൽനിന്നു വിളിച്ചുപറഞ്ഞു. അവളുടെ അമ്മ ശാന്തസ്വരത്തിൽ ചോദിച്ചു, “നീ ഉച്ഛിഷ്ടം എടുത്തുകളഞ്ഞോ?” “ഞാൻ പുല്ലു ചെത്തി, എന്നിട്ടു പുല്ലുവെട്ടി തിരികെ കൊണ്ടുവെക്കുകയും ചെയ്തു” പൊക്കമുള്ള കുട്ടി പറഞ്ഞു. തോൾ കുലുക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു, “നീ വേലിയുടെ അരികുംകൂടി വെട്ടിയോ?”
അടുത്ത വീട്ടിലെ കുട്ടികൾ സന്തുഷ്ടരും സംപ്രീതരുമായി കാണപ്പെടുന്നു. ഇതേ കാര്യം അവിടെയും സംഭവിച്ചു. എന്നാൽ ഇങ്ങനെയാണ് അവിടെ നടന്നത്.
“എനിക്കു രണ്ടു വിഷയങ്ങളിൽ ‘എ’ ഗ്രേഡു കിട്ടി,” ആനന്ദം തുളുമ്പുന്ന സ്വരത്തിൽ കൊച്ചു കുട്ടി വളിച്ചു പറഞ്ഞു. അവന്റെ അച്ഛൻ അഭിമാനത്തോടെ ഇങ്ങനെ പറഞ്ഞു: “അതു വളരെ നന്നായിരിക്കുന്നു; നീ ഇത്ര നന്നായി ചെയ്തതിൽ ഞാൻ സന്തുഷ്ടനാണ്.” “അമ്മേ, ഞാൻ പാത്രം കഴുകിക്കഴിഞ്ഞു,” പെൺകുട്ടി അടുക്കളയിൽനിന്നു വിളിച്ചുപറഞ്ഞു. അവളുടെ അമ്മ സൗമ്യമായി പറഞ്ഞു, “ഓരോ ദിവസവും ഞാൻ നിന്നെ കൂടുതൽ ഇഷ്ടപ്പെടുന്നു.” “ഞാൻ പുല്ലു ചെത്തി, എന്നിട്ടു പുല്ലുവെട്ടി തിരികെ കൊണ്ടുവെക്കുകയും ചെയ്തു” പൊക്കമുള്ള കുട്ടി പറഞ്ഞു. സന്തോഷപൂർവം അവന്റെ അച്ഛൻ മറുപടി പറഞ്ഞു, “നീ എന്നെ നിന്നെക്കുറിച്ച് അഭിമാനമുള്ളവനാക്കിത്തീർത്തിരിക്കുന്നു.”
ഓരോ ദിവസവും കുട്ടികൾ ചെയ്യുന്ന ജോലികൾ നിമിത്തം അവർ ഒരല്പം പുകഴ്ച അർഹിക്കുന്നു. അവർ ഒരു സന്തുഷ്ടജീവിതം നയിക്കണമെങ്കിൽ, അധികവും നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
[7-ാം പേജിലെ ചിത്രങ്ങൾ]
സ്നേഹബന്ധ പ്രക്രിയയിൽ പിതാവ് മാതാവിനോടു ചേരുന്നു
[8-ാം പേജിലെ ചിത്രം]
ഭാവന വളരുമ്പോൾ, വശങ്ങളിലേക്കു നീട്ടിപ്പിടിച്ച കരങ്ങളുമായി ഓടിവരുന്ന ഒരു ബാലൻ പറക്കുന്ന ഒരു വിമാനമായിമാറുന്നു, ഒരു വലിയ കടലാസ്സു പെട്ടി കളിക്കുന്നതിനുള്ള ഒരു വീടായിത്തീരുന്നു. ഒരു ചൂൽ ഒരു ഉജ്ജ്വലപടക്കുതിരയായിമാറുന്നു, ഒരു കസേര പന്തയക്കാറിലെ ഡ്രൈവറുടെ സീററ് ആയിമാറുന്നു