കുടുംബങ്ങളേ—തീരെ വൈകിപ്പോകുന്നതിനു മുമ്പ് അടുക്കൂ
“കുടുംബമാണ് ഏററവും പുരാതനമായ മാനുഷസ്ഥാപനം. പലപ്രകാരത്തിലും അതാണ് ഏററവും പ്രധാനപ്പെട്ടത്. അത് സമൂഹത്തിന്റെ ഏററവും അടിസ്ഥാനപരമായ ഘടകമാണ്. കുടുംബജീവിതം ശക്തമായിരുന്നോ അതോ ദുർബ്ബലമായിരുന്നോ എന്നതിനെ ആശ്രയിച്ചു മുഴു സംസ്കാരങ്ങളും അതിജീവിക്കുകയോ അപ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ട്.”—ദി വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയാ (1973ലെ പതിപ്പ്).
കുടുംബഘടകം കുട്ടികൾക്ക് ഒരു സംരക്ഷണക്കുടയാണ്. ഇന്നു മിക്ക സ്ഥലങ്ങളിലും ആ കുട സുഷിരങ്ങൾ നിറഞ്ഞതാണ്; മററനേകം സ്ഥലങ്ങളിൽ അതു മടക്കി മറയത്തു മാററി വെക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള കുടുംബം മിക്കപ്പോഴും പഴഞ്ചനെന്ന നിലയിൽ നിരാകരിക്കപ്പെടുകയാണ്. ടെലിവിഷൻ ഹാസ്യചിത്രങ്ങൾ മിക്കപ്പോഴും പിതാക്കൻമാരെ മടയരായും അമ്മമാരെ കുറേക്കൂടെ സമർത്ഥരായും മക്കളെ ഏററം നല്ല അറിവുള്ളവരായും ചിത്രീകരിക്കുന്നു.
വൈവാഹിക അവിശ്വസ്തത സാധാരണമാണ്. ചില വ്യവസായവൽകൃത രാജ്യങ്ങളിൽ ആദ്യവിവാഹങ്ങളിൽ പകുതിയും ഉപേക്ഷണത്തിൽ കലാശിക്കയാണ്. വിവാഹമോചനത്തിന്റെ ആധിക്യത്താൽ മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങൾ പെരുകുകയാണ്. നിരവധി ആളുകൾ വിവാഹത്തിന്റെ പ്രയോജനം കൂടാതെ ഒന്നിച്ചുപാർക്കുന്നു. സ്വവർഗ്ഗസംഭോഗികൾ വൈവാഹികപ്രതിജ്ഞയാൽ തങ്ങളുടെ ബന്ധത്തെ ഉത്കൃഷ്ടമാക്കാൻ ശ്രമിക്കുന്നു. സ്വാഭാവികവും അസ്വാഭാവികവുമായ ലൈംഗികതയാണ് ചലച്ചിത്രങ്ങളിലെയും വിഡിയോകളിലെയും മുഖ്യ ആകർഷണം. സ്കൂളുകൾ ചാരിത്ര്യത്തെ അപ്രായോഗികമെന്നു വീക്ഷിക്കയും ദുർവൃത്തി സുരക്ഷിതമാക്കുന്നതിന് ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുകയും ചെയ്യുന്നു—അവ സുരക്ഷിതമാക്കുന്നുമില്ല. ലൈംഗിക പകർച്ചവ്യാധികളും കുമാരിമാരുടെ ഗർഭധാരണവും കുതിച്ചുയരുകയാണ്. കുഞ്ഞുങ്ങളാണ് ഇരകളായിത്തീരുന്നത്—ജനിക്കാൻ അവർ അനുവദിക്കപ്പെട്ടാൽ. പരമ്പരാഗത രീതിയിലുള്ള കുടുംബത്തിന്റെ തിരോധാനത്താൽ നഷ്ടമനുഭവിക്കുന്നത് മുഖ്യമായും കുട്ടികളാണ്.
വർഷങ്ങൾക്കുമുമ്പ്, നോബൽസമ്മാന ജേതാവായ അലെക്സിസ് കാരെൽ അറിയപ്പെടാത്ത മനുഷ്യൻ (Man, the Unknown) എന്ന തന്റെ പുസ്തകത്തിൽ ഇങ്ങനെ മുന്നറിയിപ്പു മുഴക്കി: “കുടുംബ പരിശീലനത്തിനുപകരം മുഴുവനായും സ്കൂളിനെ ആശ്രയിച്ചതിലൂടെ ആധുനിക സമൂഹം ഗുരുതരമായ ഒരു തെററു ചെയ്തിരിക്കുന്നു. തങ്ങളുടെ തൊഴിലിലോ, സാമൂഹികാഭിലാഷങ്ങളിലോ, ലൈംഗികഉല്ലാസങ്ങളിലോ, സാഹിത്യപരമോ കലാപരമോ ആയ വാസനകളിലോ ശ്രദ്ധിക്കുന്നതിന് അല്ലെങ്കിൽ വെറുതെ ചീട്ടുകളിക്കുന്നതിനും സിനിമയ്ക്കുപോകുന്നതിനും തങ്ങളുടെ സമയം തിരക്കേറിയ അലസതയിൽ പാഴാക്കുന്നതിനും വേണ്ടി അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ നേഴ്സറിയിൽ [താമസിയാതെ ഡേ കെയറിലും പ്രീ സ്കൂളിലും] ഉപേക്ഷിക്കുന്നു. അതുകൊണ്ട്, അവരാണ് കുട്ടിക്കു മുതിർന്നവരോടു സഹവസിക്കുന്നതിനും അവരിൽ നിന്നു ധാരാളം കാര്യങ്ങൾ പഠിക്കുന്നതിനും കഴിഞ്ഞിരുന്ന ആ കുടുംബക്കൂട്ടത്തിന്റെ തിരോധാനത്തിനു ഉത്തരവാദികൾ. . . . തന്റെ പൂർണ്ണശക്തി പ്രാപിക്കുന്നതിന് ഓരോ വ്യക്തിക്കും ആപേക്ഷികമായ ഏകാന്തതയും കുടുംബം ഉൾപ്പെടുന്ന പരിമിതമായ സാമൂഹികക്കൂട്ടത്തിന്റെ ശ്രദ്ധയും ആവശ്യമാണ്.”—പേജ് 176.
കുറേക്കൂടെ അടുത്തകാലത്ത്, ടെലിവിഷനിലെ മോശമായ ഭാഷയിലെയും ലൈംഗിക ദുർമ്മാർഗ്ഗത്തിലെയും വ്യാപരിക്കലിലൂടെ അതു കുടുംബങ്ങളുടെമേൽ നടത്തുന്ന കൈയേററത്തെപ്പററി ഹാസ്യനടനായ സ്ററീവ് അലൻ അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു: “ഈ ഒഴുക്ക് നമ്മെ സദാ അഴുക്കുചാലിലേക്കുതന്നെ എത്തിക്കുകയാണ്. തങ്ങളുടെ കുട്ടികൾക്കു മാതാപിതാക്കൾ വിലക്കിയിരുന്ന അതേ ഭാഷ ഇപ്പോൾ യാതൊരു നിയന്ത്രണവുമില്ലാതെ കേബിൾ ടെലിവിഷൻ വ്യവസായസംഘാടകരാൽ മാത്രമല്ല, ഒരിക്കൽ ഉന്നത നിലവാരം പുലർത്തിയിരുന്ന ശൃംഖലകളാലും പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. കുട്ടികളും മററുള്ളവരും മോശമായ ഭാഷ ഉപയോഗിക്കുന്നതായി ചിത്രീകരിക്കുന്ന ടെലിവിഷൻ പരിപാടികൾ അമേരിക്കൻ കുടുംബങ്ങളുടെ തകർച്ചയെത്തന്നെയാണു ദൃഢീകരിക്കുന്നത്.”
സമൂഹം ഇന്ന് അതിന്റെ കുഞ്ഞുങ്ങൾക്കായി എന്തു ഒസ്യത്താണ് കൊടുക്കുന്നത്? പത്രം വായിക്കൂ, ടെലിവിഷൻ കാണൂ, വിഡിയോ ശ്രദ്ധിക്കൂ, സായാഹ്ന വാർത്ത കേൾക്കൂ, റാപ് സംഗീതം ശ്രവിക്കൂ, നിങ്ങൾക്കു ചുററും എല്ലായിടത്തും മുതിർന്നവരുടെ മാതൃക നോക്കൂ. കുട്ടികൾ മാനസികവും വൈകാരികവുമായി ഗുണം കുറഞ്ഞ ഭക്ഷണംകൊണ്ടു നിറക്കുകയാണ്. “ഒരു രാജ്യത്തെ നശിപ്പിക്കാൻ നിങ്ങൾ അവിടെ നിലവിലുള്ള നാണയത്തെ ദുഷിപ്പിക്കുന്നു” എന്ന് മുൻ ബ്രിട്ടീഷ് വിദ്യാഭ്യാസ സെക്രട്ടറി സർ കീത്ത് ജോസഫ് പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഒരു സമൂഹത്തെ നശിപ്പിക്കാനുള്ള മാർഗ്ഗം കുട്ടികളെ ദുഷിപ്പിക്കുകയാണ്.” “ദുഷിപ്പിക്കുക” എന്നാൽ, ശബ്ദസാഗരം നിഘണ്ടുവനുസരിച്ച് പിഴപ്പിക്കുക എന്നർത്ഥമുണ്ട്. അത് ഇന്നു ഊററമായി ചെയ്യപ്പെടുകയാണ്. ബാലജനദുഷ്കൃത്യത്തെപ്പററി ധാരാളം പറയപ്പെടുന്നുണ്ട്; മുതിർന്നവരുടെ ദുഷ്കൃത്യത്തെപ്പററി അതിലും കൂടുതൽ പറയപ്പെടേണ്ടതുണ്ട്.
അവ നമ്മെ ബാധിക്കാൻ തിരികെ വരും
അമേരിക്കയിലെ കുടുംബസേവനത്തിന്റെ (Family Service America) പ്രസിഡണ്ടും ചീഫ് എക്സിക്ക്യുട്ടീവ് ഓഫീസറുമായ ജനീവ ബി. ജോൺസൺ ഈ വർഷാരംഭത്തിൽ ചെയ്ത ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “കുടുംബം എന്ന സ്ഥാപനം കഠിനമായി, ഒരുപക്ഷേ, മാരകമായിത്തന്നെ രോഗഗ്രസ്തമാണ്.” അതിനെ “നമ്മുടെ കുട്ടികളിൽ അനേകർക്കും ഒരു ഭയാനകമായ ചിത്രം” എന്നു വിളിച്ചുകൊണ്ട് അവർ പിന്നെ അനിഷ്ടസൂചകമായി ഇങ്ങനെ പറഞ്ഞു: “മോശമായ പാർപ്പിടങ്ങളിൽ, മോശമായ ആഹാരവും മോശമായ വൈദ്യസഹായവും, മോശമായ വിദ്യാഭ്യാസവും നൽകപ്പെടുന്ന കുട്ടികളിൽ ഇത്രയേറെപ്പേരെ സമ്പന്നസമൂഹത്തിലെ സമുദായഭ്രഷ്ടരുടെ സ്ഥാനത്തേക്കു തള്ളാനുള്ള രാഷ്ട്രത്തിന്റെ സന്നന്നദ്ധത നമ്മെ ബാധിക്കുന്നതിനു തിരികെ വരാൻ പോകയാണ്. അത് ഇപ്പോൾത്തന്നെ നമ്മെ ബാധിക്കുകയാണ്. നിങ്ങൾക്ക് അതിനെക്കുറിച്ചു പത്രങ്ങളിൽ വായിക്കുന്നതിനും റേഡിയോ വാർത്തകളിൽ കേൾക്കുന്നതിനും ടെലിവിഷൻ സെററിൽ കാണുന്നതിനും കഴിയുന്നു. പരിശോധിക്കുന്നതിനുള്ള ഒരു ചെറുമാതൃക ഇതാ:
ജഡോൺ ഒരു തോക്കു വലിച്ചെടുത്തു ജെറാമെയ്നിന്റെ മാറിൽ മൂന്നു പ്രാവശ്യം നിറയൊഴിക്കുന്നു. ജെറാമെയിൻ മരിച്ചു. അവനു 15 വയസ്സുണ്ടായിരുന്നു. ജഡോണിനു 14-ഉം. അവർ ഏററവും നല്ല മിത്രങ്ങളായിരുന്നു. അവർ ഒരു പെൺകുട്ടിയെക്കുറിച്ചു തർക്കിച്ചുവത്രേ.
മൈക്കിൾ ഹില്ലിയാർഡ് എന്ന 16 വയസ്സുകാരന്റെ ശവസംസ്കാരത്തിനു 100 പേർ സംബന്ധിക്കുന്നു. ബാസ്കററ്ബോൾ കളിയിലെ ഒരു തർക്കം കഴിഞ്ഞ് നടന്നുനീങ്ങിയ അവന്റെ തലയ്ക്കുപിന്നിലായിരുന്നു വെടിയേററത്.
ന്യൂയോർക്കിലെ ബ്രുക്ലിനിൽ മൂന്നു കൗമാരപ്രായക്കാർ ചേർന്നു ഭവനരഹിതരായ ഒരു ദമ്പതികളുടെ മേൽ തീകൊളുത്തി. മദ്യം ചേർന്ന ഈതർ ദ്രാവകം കത്താതെ വന്നപ്പോൾ അവർ ഗ്യാസലീൻ പരീക്ഷിച്ചു. അതു കത്തി.
ഫ്ളോറിഡായിൽ ഒരു അഞ്ചു വയസ്സുകാരൻ പിച്ചവെച്ചുനടക്കുന്ന ഒരു കുട്ടിയെ ഒരു അഞ്ചാംനിലയിലെ ഗോവണിപ്പടിയിൽനിന്നും മരണത്തിലേക്കു തള്ളിവിട്ടു.
ടെക്സാസിൽ ഒരു പത്തുവയസ്സുകാരൻ ഒരു തോക്കെടുത്തു തന്റെ കളിക്കൂട്ടുകാരനെ വെടിവച്ചുവീഴ്ത്തുകയും അവന്റെ ശരീരം വീട്ടിനടിയിൽ തള്ളിക്കയററിവയ്ക്കുകയും ചെയ്തു.
ജോർജിയായിൽ, 15 വയസ്സുള്ള ഒരാൺകുട്ടി ശിക്ഷണം ലഭിച്ചുകൊണ്ടിരിക്കെ പ്രിൻസിപ്പലിനെ കുത്തിക്കൊന്നു.
ന്യൂയോർക്ക് നഗരത്തിൽ, 20 വയസ്സിനു താഴെയും മേലെയുമുള്ള ഒരു സംഘം ഭവനരഹിതരായവർ രാപാർത്തിരുന്ന ഒരിടത്ത് ബാററുകൾ, പൈപ്പുകൾ, കോടാലികൾ, കത്തികൾ, ഒരു കൊടുവാൾ എന്നിവയുമായി അതിക്രമിച്ചുകയറുകയും ഒരുവന്റെ തൊണ്ട കുത്തിപ്പിളർക്കുകയും മററു പലരെയും മുറിവേല്പിക്കുകയും ചെയ്തു. അവരുടെ ഉദ്ദേശ്യമോ? ഒരു അന്വേഷകൻ ഇങ്ങനെ വിശദീകരിച്ചു: “ഭവനരഹിതരായവരെ ആക്രമിച്ചുകൊണ്ട് അവർ പുളകിതരാവുകയായിരുന്നു.”
മിഷിഗണിലുള്ള ഡെട്രോയിററിൽ, 2 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാത്ക്കാരം ചെയ്യുന്നതിൽ ഒരു 11 വയസ്സുകാരൻ ഒരു 15 വയസ്സുകാരനുമായി കൂട്ടുചേർന്നു. അവർ തങ്ങളുടെ ഇരയെ ഒരു കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു.
ഒഹായോയിലെ ക്ലീവ്ലാൻറിൽ, ആറു മുതൽ ഒൻപതു വയസ്സു വരെ പ്രായമുള്ള നാലു ആൺകുട്ടികൾ ഒരു പ്രാഥമിക വിദ്യാലയത്തിൽ വച്ച് ഒരു 9 വയസ്സുകാരിയെ ബലാൽസംഗം ചെയ്തു. ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ടു പംക്തിയെഴുത്തുകാരനായ ബ്രെൻറ് ലാർക്കിൻ ക്ലീവ്ലാൻറ് പ്ലെയിൻ ഡീലറിൽ എഴുതവെ ഇങ്ങനെ പറഞ്ഞു: “ഈ സംഭവം ഈ രാജ്യത്ത് എന്തു സംഭവിക്കുന്നുവെന്ന്, അധഃപതിച്ച നിലയിലേക്കു നമ്മുടെ മൂല്യസംഹിത എപ്രകാരം നീങ്ങുന്നുവെന്ന് വിളിച്ചറിയിക്കുന്നു.”
ക്ലീവ്ലാൻറ് സ്റേറററ് യൂണിവേഴ്സിററിയിലെ മനഃശാസ്ത്ര പ്രൊഫസ്സറായ ലെസ്ലി ഫിഷർ ടെലിവിഷനെ കുററപ്പെടുത്തി. അദ്ദേഹം അതിനെ “വലിയ ഒരു ലൈംഗിക യന്ത്ര”മെന്നു വിളിച്ചു, “8-ഉം 9-ഉം വയസ്സുള്ള കുട്ടികൾ ഇക്കാര്യങ്ങൾ നിരീക്ഷിക്കുന്നു.” അമേരിക്കയിലെ കുടുംബത്തിന്റെ അധഃപതനത്തിന് അദ്ദേഹം മാതാപിതാക്കളെ കുററപ്പെടുത്തുകയും ചെയ്തു: “അച്ഛനും അമ്മയും തങ്ങളുടെ തന്നെ പ്രശ്നങ്ങളിൽ അമിതമായി ആമഗ്നരാവുകയും, തങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിനു സമയം കണ്ടെത്താൻ അവർക്കു കഴിയാതെ വരികയും ചെയ്യുന്നു.”
ഇടുന്നതും ചപ്പുചവറു, പുറത്തെടുക്കുന്നതും ചപ്പുചവറ്
സമൂഹത്തിലെ വിവിധ ഘടകങ്ങൾ പ്രത്യേകിച്ചും മാധ്യമങ്ങൾ, വിനോദകൾ, വിനോദവ്യവസായം എന്നിവ —മനുഷ്യസമുദായത്തിലെ ഏററവും വഷളായതിനു കൂട്ടു നിന്നുകൊണ്ടു നേട്ടമുണ്ടാക്കുന്ന ഘടകങ്ങൾ—ലൈംഗികതയും അക്രമവും അഴിമതിയും ഛർദ്ദിച്ചുകൊണ്ടു ചെറുപ്പക്കാരെയും കുടുംബങ്ങളെയും അധഃപതിപ്പിക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. അങ്ങനെ, ‘ജീർണ്ണത വിതച്ച് ജീർണ്ണത കൊയ്യുന്നു എന്ന ചട്ടം പ്രാവർത്തികമാകുന്നു. ഇടുന്നതും ചപ്പുചവറു, പുറത്തെടുക്കുന്നതും ചപ്പുചവറ്. ഒരുവന് അർഹിക്കുന്ന പരിണതഫലം തന്നെ ഉണ്ടാകുന്നു—പരിണതഫലങ്ങൾ ഭയങ്കരമാണ്.
മനസ്സാക്ഷിയില്ലാത്ത കുട്ടികളുടെ ഒരു തലമുറയെ ആണോ സമൂഹം ഉത്പാദിപ്പിക്കുന്നത്? ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ, ചുററിക്കറങ്ങി നടന്ന കൗമാരപ്രായക്കാരുടെ ഒരു സംഘം 28 വയസ്സുള്ള ഒരു സ്ത്രീയെ പ്രഹരിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തശേഷം മരിച്ചുവെന്നു കരുതി കടന്നുകളയുകയും ചെയ്ത കുപ്രസിദ്ധമായ പേക്കൂത്തിനെ തുടർന്ന് ഉന്നയിക്കപ്പെട്ട ചോദ്യമായിരുന്നു ഇത്. അവർ “പരിഷ്കാരികളും കഠിനരും” ആയിരുന്നെന്നും അറസ്ററു ചെയ്യപ്പെട്ടപ്പോൾ അവർ പരിഹസിക്കുകയും പുലമ്പുകയും പാടുകയും ചെയ്തു”വെന്നും പോലീസ് പറഞ്ഞു. തങ്ങൾ ചെയ്ത കുററത്തിനു അവർ ഇങ്ങനെ ന്യായം പറഞ്ഞു: “അതൊരു രസമായിരുന്നു,” “ഞങ്ങൾക്കു വിരസത തോന്നിയിരുന്നു,” “ചെയ്യാനുള്ള ഒന്നായിരുന്നു അത്.” “മനസ്സാക്ഷി എന്നു നാം വിളിക്കുന്ന ആദ്ധ്യാത്മിക ഉപാംഗം നഷ്ടപ്പെട്ടുപോയ, ഒരുപക്ഷേ ഒരിക്കലും അതു രൂപം പ്രാപിച്ചിട്ടില്ലാഞ്ഞ, ആദ്ധ്യാത്മിക അംഗച്ഛേദം ചെയ്യപ്പെട്ടവർ” എന്നു റൈറം മാസിക അവരെ വിളിച്ചു.
യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മനസ്സാക്ഷിയില്ലാത്ത കുട്ടികളുടെ മറെറാരു തലമുറയെ ഒഴിവാക്കാൻ ഈ രാഷ്ട്രം നടപടിയെടുക്കണം.” മനസ്സാക്ഷിയില്ലാത്ത കുട്ടികൾ: വലിയ അപായസാധ്യത (High Risk: Children Without a Conscience) എന്ന തങ്ങളുടെ വികാരവിസ്ഫോടകമായ പുസ്തകത്തിൽ ഒരു പ്രമുഖ മനഃശാസ്ത്രജ്ഞനായ ഡോ. കെൻ മാഗിഡും കാരൾ മെക്കെൽവിയും അതേ അപകടത്തെ തന്നെ വിശേഷവൽക്കരിക്കുന്നു. അനേകം മനഃശാസ്ത്രജ്ഞരിൽ നിന്നും മനോരോഗവിദഗ്ദ്ധരിൽ നിന്നുമുള്ള വ്യക്തിചരിത്രങ്ങളും തെളിവും മാഗിഡിന്റെ പിൻവരുന്ന വാദഗതിക്ക് വൻതോതിലുള്ള പിന്തുണ നൽകുന്നു: ജനനത്തിങ്കലും അതേത്തുടർന്നുള്ള കരുപ്പിടിക്കലിന്റെ വർഷങ്ങളിലും മാതാപിതാക്കൾക്കും കുട്ടിക്കുമിടയിൽ നല്ല ബന്ധമുണ്ടായിരിക്കുന്നതിലുള്ള പരാജയമാണ് അടിസ്ഥാന കാരണം.
തീർച്ചയായും, തീരെ വൈകിപ്പോകുന്നതിനു മുമ്പ് ആ കരുപ്പിടിക്കലിന്റെ കാലത്തു കുടുംബങ്ങൾ അടുക്കുക തന്നെ വേണം! (g91 9⁄22)