പുനരധിവസിപ്പിക്കാനുള്ള സത്യത്തിന്റെ ശക്തി
“നേരത്തെ മോചിതനായ ഒരു ഭവനഭേദകൻ ഏഴു മാസത്തിനുള്ളിൽ 500 ഭവനഭേദനങ്ങൾ നടത്തി. പത്തുവർഷത്തെ തന്റെ ശിക്ഷ തീരുന്നതിന് നാലു വർഷം മുമ്പ് സ്വതന്ത്രനായ ഒരു ബലാൽസംഗി ഒരു സ്ത്രീയെ ലൈംഗികമായി ആക്രമിച്ചു കൊന്നു. പരോളിലിറങ്ങിയ ഒരു കൊലയാളി രണ്ടു ഭവനങ്ങളിൽ അതിക്രമിച്ചു കയറി മൂന്നുപേരെ കൊന്നു.”—1990 നവംബറിലെ റീഡേഴ്സ് ഡൈജസ്ററ്.
“സെൻട്രൽ ജയിലുകളിൽനിന്ന് വിട്ടയക്കപ്പെട്ട അന്തേവാസികളിൽ 63 ശതമാനത്തോടടുത്ത് ആളുകൾ 3 വർഷത്തിനകം ഗുരുതരമായ ഒരു കുററം ചെയ്ത് അറസ്ററുചെയ്യപ്പെട്ടുവെന്ന് നീതിന്യായവകുപ്പ് ഇന്നു പുറത്തിറക്കിയ ഒരു പഠനത്തിൽ വ്യക്തമാക്കി.”—1989 ഏപ്രിൽ 3-ലെ ന്യൂയോർക്ക് ടൈംസ്.
“ജയിൽ, കുററവാളികളെ പുനരധിവസിപ്പിക്കാൻ കഴിയുന്ന ഒരു സ്ഥലമായിരിക്കാൻ കഴിയും എന്ന ആശയം ശരിയല്ല. ജയിലുകൾ ‘പാണ്ടികശാലകളുടെ’യും ‘കുററകൃത്യ പാഠശാലകളു’ടെയും ഒരു സംയോജനമാണ്.”—1988 മാർച്ച് 20-ലെ ടൊറോന്റോ സൺഡേ സ്ററാർ.
ഒരു ന്യൂയോർക്ക് നഗര ജയിലായ റിക്കേഴ്സ് ഐലൻറിലെ വാർഡൻ പറയുന്നു: “19 വയസ്സുള്ള ഒരു പയ്യൻ ഇവിടെ വരുന്നു, ഒരു കവർച്ചയിൽ അവൻ കാവൽക്കാരനായിയിരുന്നു. അവൻ ഇവിടെനിന്നു പോകുമ്പോൾ കാവൽക്കാരനായിരിക്കാൻ പോവുകയല്ല. അടുത്ത തവണ അവൻ കാഞ്ചിവലിക്കുന്ന ഒരു ചെറുക്കനാകാൻ പോവുകയാണ്.”—1990 ഏപ്രിൽ 23-ലെ ന്യയോർക്ക് മാസിക.
“ജയിൽ കവാടങ്ങൾ മിക്കവാറും തിരിയുന്ന വാതിലുകൾ പോലെ ആയിത്തീർന്നിരിക്കുന്നു: മൊത്തം കുററപ്പുള്ളികളുടെ മൂന്നിൽ രണ്ടും അവരുടെ മോചനത്തിനുശേഷം മൂന്നു വർഷത്തിനകം വീണ്ടും അറസ്ററു ചെയ്യപ്പെടുന്നു.”—1989 മെയ് 29-ലെ ടൈം മാസിക.
മുകളിൽ പറഞ്ഞവയൊന്നും നമുക്ക് പുതുമയല്ല. ജയിലുകൾ പുനരധിവസിപ്പിക്കാൻ ഉതകുന്നില്ലെന്നുള്ളത് ഒരു പഴയ കഥയാണ്. എന്നാൽ സത്യം അതിനുതകുന്നു. ഇതിന് നല്ലൊരു ഉദാഹരണമാണ് റോൺ പ്രയർ.
കുടുംബാംഗങ്ങളോടൊത്ത് ബൈബിളിൽനിന്ന് ഒരു വാക്യം വായിച്ചുകൊണ്ട് റോണിന്റെ ഓരോ ദിവസവും ആരംഭിക്കുന്നു. അയാളുടെ വിവാഹജീവിതം സമാധാനപൂർണ്ണവും സ്നേഹനിർഭരവും ആണ്. ഭവനം ക്രമീകൃതവും വൃത്തിയുള്ളതും ആണ്. അവരുടെ രണ്ടു പുത്രൻമാരും നല്ല വിദ്യാർത്ഥികൾ ആയിരുന്നു—മയക്കുമരുന്നുകളില്ല, മദ്യപാനമില്ല, പ്രശ്നങ്ങളില്ല. ഇപ്പോൾ അവർ സ്വന്തനിലക്ക് ക്രിസ്തീയ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്നു. റോണും അയാളുടെ ഭാര്യ ആർലിനും തങ്ങളുടെ സമൂഹത്തിൽ ക്രിസ്ത്യാനികൾ എന്ന നിലയിൽ സ്വമേധയാ പ്രവർത്തനത്തിൽ തിരക്കിലാണ്. മററുള്ളവരെ സേവിക്കുന്ന ഉപയോഗപ്രദമായ ജീവിതങ്ങൾ.
എന്നിരുന്നാലും, 1970-ൽ റോൺ പ്രയർ കൊലക്കുററത്തിന് വിചാരണ കാത്ത് ജയിലിലായിരുന്നു. അയാൾ കുററക്കാരനെന്ന് കണ്ടെത്തപ്പെട്ടു, ശിക്ഷവിധിക്കപ്പെട്ടു, കാരാഗൃഹവാസം തുടങ്ങുകയും ചെയ്തു. അത് അയാളെ ആവർത്തിച്ച് ജയിലിലെത്തിച്ചിരുന്ന കുററവാളിയെന്ന നിലയിലുള്ള ഒരു നീണ്ട ജീവിതഗതിയുടെ മൂർദ്ധന്യാവസ്ഥയായിരുന്നു. ഇനി റോൺ തന്റെ കഥ പറയട്ടെ.
“എന്റെ ഓർമ്മയിലെ ആദ്യത്തെ ‘തടവ്’ ഒരു അയയിൽ ഉള്ള ബന്ധനമായിരുന്നു. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനുള്ള ഒരു മോഹം എനിക്കുള്ളതായി കാണപ്പെട്ടു. ഞാൻ അലഞ്ഞുനടന്ന് കാണാതെപോവുകയും അവസാനം പോലീസ് പിടിച്ച് വീട്ടിൽ മടക്കിയെത്തിക്കുകയും ചെയ്തിരുന്നു. ഒടുവിൽ, ഞാൻ ഇത് അവസാനിപ്പിച്ചില്ലെങ്കിൽ അനാഥാലയക്കാരെ വിളിക്കുമെന്നും അവരേക്കൊണ്ട് എന്നെ കൊണ്ടുപോയി പൂട്ടിയിടുവിക്കുമെന്നും എന്റെ അമ്മ എന്നോടു പറഞ്ഞു. അവരുടെ വരവിനു കാത്തിരുന്നുകൊണ്ട് ഞാൻ കരഞ്ഞുകരഞ്ഞു മുററത്തിരുന്നു. അവർ വന്നില്ല, പകരം അമ്മ എന്നെ അയയിൽ കെട്ടിയിട്ടു.
“ഞാൻ വളർന്നുവരവേ, എപ്പോഴും കുഴപ്പത്തിൽ അകപ്പെടുമായിരുന്നു; സകല പ്രശ്നങ്ങൾക്കുമുള്ള എന്റെ ഉത്തരം അക്രമം ആയിത്തീർന്നു. ഞാൻ കുഴഞ്ഞവനും സംഭ്രാന്തനും പരിത്യക്തനുമായി എനിക്ക് അനുഭവപ്പെട്ടു. എനിക്ക് തെററും ശരിയും സംബന്ധിച്ച യാതൊരു ബോധവും ഉണ്ടായിരുന്നില്ല. ഒരു മനഃസാക്ഷിക്കു പകരം എന്റെ വികാരങ്ങൾ എന്നെ നയിക്കാൻ ഞാൻ അനുവദിച്ചു. സ്ക്കൂളിൽ അദ്ധ്യാപകർ എന്നെ ഒഴിവാക്കാൻവേണ്ടി ഒരു ക്ലാസ്സിൽനിന്ന് അടുത്തതിലേക്ക് സന്തോഷപൂർവ്വം എന്നെ ജയിപ്പിച്ചു. ഞാൻ 7-ാം ക്ലാസ്സിൽവെച്ച് പഠനം നിർത്തി, വീട്ടിൽനിന്ന് ഒളിച്ചോടി. ഞാൻ ചീത്തകൂട്ടുകെട്ടിൽ ചെന്നുചാടി, തിരുവെഴുത്തുമുന്നറിയിപ്പിന്റെ സത്യതപോലെ അത് എന്നെ ആഴമായി കുഴപ്പങ്ങളിലേക്കു നയിച്ചു.—1 കൊരിന്ത്യർ 15:33.
“അയയിലെ ബന്ധനത്തിന്റെ സ്ഥാനത്ത് ദുർഗ്ഗുണപരിഹാര പാഠശാലകൾ രംഗപ്രവേശം ചെയ്തു. അവ എനിക്കു മാററം വരുത്തിയില്ല. ഞാൻ ഓടിപ്പോവുകയും വീണ്ടും പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. വെർജീനിയായിലെ അത്തരമൊരു പാഠശാലയിൽനിന്ന് രക്ഷപെട്ടുപോകവേ ഞാൻ ഒരു ലോറി മോഷ്ടിക്കുകയും അറസ്ററിലാവുകയും ചെയ്തു. എന്നെ വാഹനമോഷണക്കുററത്തിന് ജഡ്ജിയായ ജെൻകിൻസിന്റെ മുമ്പാകെ ഹാജരാക്കിയപ്പോഴാണ് ജെൻകിൻസ് ജഡ്ജിയുടെതന്നെ ലോറിയാണ് ഞാൻ മോഷ്ടിച്ചതെന്ന് അറിയുന്നത്! എനിക്ക് 16 വയസ്സുമാത്രമേ ആയിരുന്നുള്ളുവെങ്കിലും ഒരിക്കലും ഗുണംപിടിക്കാത്തവൻ എന്ന് പ്രഖ്യാപിക്കപ്പെട്ട് ഒരു മുതിർന്നയാളെപ്പോലെ ഞാൻ വിചാരണചെയ്യപ്പെട്ടു. രണ്ടു വർഷത്തേക്ക് എന്നെ ജയിലിൽ അടച്ചു.
“ജയിൽ മോചിതനായശേഷം എന്റെ 20-കളിൽ എനിക്കൊരു മോട്ടോർ സൈക്കിൾ ലഭിച്ചു. അതു നൽകിയ ശക്തിയാൽ ഞാൻ ആനന്ദസ്തബ്ധനായിപ്പോയി, എന്നാൽ അതു മതിയായിരുന്നില്ല. എപ്പോഴും കുഴപ്പമുണ്ടാക്കാൻ തരം നോക്കി നടന്നിരുന്നവരും കലഹങ്ങൾ ആരംഭിക്കാൻ സദാ പ്രവണത കാട്ടിയിരുന്നവരുമായ പേഗൻസ് എന്ന ഒരു മോട്ടോർ സൈക്കിൾ സംഘത്തിൽ ഞാൻ ചേർന്നു. ഞാൻ പൂർണ്ണമായും അതിന് അനുയോജ്യൻ ആയിരുന്നു.
“പിന്നീട് ഞാൻ ഫ്ളോറിഡായിൽനിന്നും ചരക്കുകൾ കൊണ്ടുപോകുന്ന ഒരു ലോറിഡ്രൈവർ ആയിത്തീർന്നു. പേഗൻസിനോടൊപ്പം ഞാൻ മേലാൽ സജീവമായി പ്രവർത്തിച്ചിരുന്നില്ലെങ്കിലും, 1969-ലെ ഈ പ്രത്യേക സമയത്ത് വെർജീനിയാ വഴി വരുമ്പോൾ പേഗൻസ് സംഘത്തിലെ എന്റെ ചില പൂർവ്വകാല സുഹൃത്തുക്കളെ കണ്ടുമുട്ടി. വീഞ്ഞുകുടിച്ചുകൊണ്ടും മയക്കുമരുന്നുകളിൽ വിചിത്രാനുഭൂതികളിൽ എത്തിക്കൊണ്ടും ഞങ്ങൾ പാർട്ടികൂടാൻ ആരംഭിച്ചു. നിസ്സാരകാര്യത്തിന്റെ പേരിൽ തുടങ്ങിയ ഒരു കശപിശ പെട്ടെന്ന് വർദ്ധിക്കുകയും അതേത്തുടർന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ അരങ്ങേറിയ ഒരു കൂട്ട കലഹത്തിൽ ഞാൻ ഒരു മനുഷ്യനെ വെടിവെച്ചുകൊല്ലുകയും ചെയ്തു. ചീത്ത സഹവാസത്തിൽനിന്ന് ഏറിയ ഫലങ്ങൾ! പിന്നെ രണ്ടു കുററാന്വേഷകർ എന്നെ ചോദ്യം ചെയ്തപ്പോൾ ഞാൻ കൊലപാതകക്കുററം ഏററുപറഞ്ഞു. ഇത് 1970-ൽ ആയിരുന്നു.
“ഞാൻ വിചാരണ കാത്ത് ജയിലിൽ കഴിയുകയായിരുന്നിട്ടും മൽസരിയായ ഒരു കുഴപ്പക്കാരൻ ആയിരുന്നു. ദൃഷ്ടാന്തത്തിന്, ഒരു പ്രഭാതത്തിൽ ഒരു ഭാരവാഹി കാപ്പിയുമായി വന്നു. അവർ പിന്നീടു കുടിക്കാൻ മറെറാരു കപ്പും കൂടെ തരുന്ന പതിവുണ്ടായിരുന്നു. അന്നു പ്രഭാതത്തിൽ ഞാൻ മറേറ കപ്പും കാപ്പിപ്പാത്രത്തിനടിയിൽ പിടിച്ചപ്പോൾ ‘കൂടുതലില്ല’ എന്ന് അയാൾ പറഞ്ഞു. അത് അയാൾ മററാർക്കെങ്കിലും കൊടുക്കാൻ നിശ്ചയിച്ചിരിക്കും എന്നാണ് ഞാൻ നിഗമനം ചെയ്തത്. അതുകൊണ്ട് ഞാൻ പറഞ്ഞു, ‘അപ്പോൾ ഇന്നു പ്രഭാതത്തിൽ നിങ്ങൾക്ക് കാപ്പി കുറവാണ്, അല്ലേ?’ ‘അതെ,’ എന്ന് അയാൾ പറഞ്ഞു. ‘കൊള്ളാം, എന്റേത് തിരിച്ചെടുത്തോളു’ എന്നു പറഞ്ഞുകൊണ്ട് ഞാൻ അത് അയാളുടെ മുഖത്തേക്ക് എറിഞ്ഞു. ഞാൻ ഏകാന്ത തടവിലും ആയി.
“അങ്ങനെ ജനാലകളില്ലാത്ത 8 അടി വീതിയും 10 അടി നീളവുമുള്ള സെല്ലിൽ ഞാൻ ചുററിത്തിരിഞ്ഞു നടക്കുകയാണ്. എന്റെ ജീവിതത്തിലാദ്യമായി ഞാൻ ചിന്തിക്കാനാരംഭിച്ചു. ചോദ്യങ്ങൾ തിക്കിത്തിരക്കി കടന്നുവന്നു. ‘എന്റെ ജീവിതം എപ്പോഴും ഇത്ര അലങ്കോലപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? ഞാൻ എപ്പോഴും ജയിലിൽ വന്നുപോകേണ്ടിവരുന്നതെന്തുകൊണ്ട്? ഞാൻ ഈ സെല്ലിൽ ആയതെന്തുകൊണ്ട്? ഞാൻ ജീവിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?’ ഇങ്ങനെയുള്ള ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു, പക്ഷേ ഒന്നിനും ഉത്തരം ഇല്ലായിരുന്നു. അപ്പോൾ ഞാൻ ആത്മഗതം ചെയ്തു: ‘എന്റെ പരിധിയായിരിക്കുന്നു. പോകാനൊരിടവുമില്ല. എന്നെ കാണുകയും ഞാൻ സ്ഥിതിചെയ്യുന്നുവെന്ന് അറിയുകയും എന്നെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവമില്ലെങ്കിൽ, എനിക്ക് ഒരിടവുമില്ല! ദൈവമേ, അങ്ങുണ്ടെങ്കിൽ, എന്നേക്കുറിച്ച് അറിവുള്ളവനാണെങ്കിൽ, എനിക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ—കേവലം എന്തെങ്കിലും അല്പമെങ്കിലും എന്നോടു പറയേണമേ!’
“എന്നോടൊപ്പം അവിടെ ഒരു ബൈബിൾ ഉണ്ടായിരുന്നു. ‘ഇതൊരു തുടക്കമാണ്’ എന്ന് ഞാൻ വിചാരിച്ചു. ഞാൻ വായിക്കാൻ തുടങ്ങി. ഞാൻ എന്താണ് വായിച്ചതെന്ന് ഓർക്കുന്നില്ല. ഞാൻ ഒന്നും മനസ്സിലാക്കാതെ വെറുതെ വായിച്ചുകൊണ്ടിരുന്നതായി ഓർക്കുന്നു. ഒരാഴ്ചയ്ക്കകം ഞാൻ സെൽബ്ലോക്കിൽ മടങ്ങിയെത്തി. ഒരു സെൽ തുറന്നിരുന്നു, അതിലെ കിടക്ക രണ്ടും ഒഴിഞ്ഞതായിരുന്നു. അവർ എന്നെ അതിനകത്താക്കി. രണ്ടുദിവസം കഴിഞ്ഞ് അവർ എന്നോടൊപ്പം മറെറാരു തടവുകാരനെയും ആക്കി. ഞാൻ ആ സമയത്ത് ബൈബിൾ വായിച്ച് അതിനോട് മല്ലിടുകയായിരുന്നു. ഞാൻ വായിക്കുന്നതുകണ്ട് അയാൾ ചോദിച്ചു: ‘താങ്കൾ ബൈബിൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?’ ‘ഉവ്വ്!’ ‘താങ്കളെ സഹായിക്കുന്ന ഒരു പുസ്തകം ഞാൻ വാങ്ങിത്തരാം.’ അയാൾ യഹോവയുടെ സാക്ഷികളിൽ ഒരാളുമായി ബന്ധപ്പെടുകയും—ഒരുകാലത്ത് അവർ അയാളോടൊത്ത് പഠിച്ചിരുന്നു—പെട്ടെന്നുതന്നെ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്നു പേരുള്ള ഒരു പുസ്തകം എനിക്കു നൽകുകയും ചെയ്തു. അത് 1970 ജൂലൈയിലായിരുന്നു.
“ഞാൻ അതു വായിക്കാൻ ആരംഭിക്കുകയും പുറത്തോടുപുറം വായിച്ചുതീർക്കുകയും ചെയ്തു. എനിക്ക് എല്ലാം മനസ്സിലായില്ലെങ്കിലും അത് അർത്ഥവത്തായിരുന്നു. യഹോവയുടെ സാക്ഷികൾ വന്ന് എന്നോടൊപ്പം പഠിക്കാനാരംഭിച്ചപ്പോൾ ഏകാന്ത തടവിൽവെച്ച് ഞാൻ ചോദിച്ചിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാൻ തുടങ്ങി. എന്റെ ജീവിതത്തിലാദ്യമായി എന്താണ് ശരി എന്താണ് തെററ് എന്നതു സംബന്ധിച്ച് എനിക്ക് അൽപം ഉൾക്കാഴ്ച കിട്ടി. ഈ ആത്മീയപോഷണം ഞാൻ എത്രത്തോളം ഉപയോഗിച്ചുവോ അത്രത്തോളം ഞാൻ ‘നൻമതിൻമകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരെ’പ്പോലെ ആയിരിക്കുന്നതിനോട് കൂടുതൽ അടുത്തു. (എബ്രായർ 5:14) എന്റെ മനഃസാക്ഷി ഉണരുകയായിരുന്നു, അത് സജീവമാകാൻ തുടങ്ങി!
“ബൈബിൾ സത്യത്തിന്റെ ഈ പെട്ടെന്നുള്ള സമ്പാദനം എന്റെ മനോനിലയെ കീഴ്മേൽ മറിച്ചു. ഞാൻ പുസ്തകം 24 മണിക്കൂർകൊണ്ട് വായിച്ചുതീർത്തു. ഒററ രാത്രികൊണ്ട് ഞാൻ ഇങ്ങേയററത്തുനിന്ന് അങ്ങേയററത്തേക്കു മാറി. ഞാൻ പഠിച്ചുകൊണ്ടിരുന്ന സത്യങ്ങൾ എന്റെ ജയിൽ അന്തേവാസികളെ അറിയിക്കാൻ ഞാൻ നിശ്ചയിച്ചു. എല്ലാവരും അതു സംബന്ധിച്ച് എന്നേപ്പോലെതന്നെ ആവേശം കൊള്ളുമെന്ന് ഞാൻ വിചാരിച്ചു. എന്നാൽ അവർ അങ്ങനെയല്ലായിരുന്നു. മുമ്പ് ഞാൻ മററ് അന്തേവാസികൾക്ക് ഒരു പ്രശ്നമായിരുന്നു, ഇപ്പോൾ ആരും വിചാരിച്ചിരിക്കാത്ത ശല്യത്തിന്റെ അതിലും വലിയ ഒരു ഉറവായിത്തീർന്നു! എന്നാൽ എന്നോടൊത്തു പഠിക്കാൻ സാക്ഷികൾ കൗണ്ടി ജയിലിൽ വന്നുകൊണ്ടിരുന്നതിനാൽ ഞാൻ എന്റെ പ്രസംഗത്തിൽ കൂടുതൽ നയമുള്ളവനായിത്തീർന്നു.
“ഞാൻ നിരവധി മാററങ്ങൾ വരുത്തുകയും രണ്ടു മാസത്തിനകം ഒരു ഭാരവാഹിയായിത്തീരുകയും ചെയ്തു. അവൻ എന്നെ പുറത്തുവിടുകപോലും ചെയ്യുമായിരുന്നു, എന്റെ പൂർവ്വകാല രേഖയുടെയും ഞാൻ എന്തിനാണ് അവിടെ ആയിരുന്നതെന്നുള്ളതിന്റെയും വീക്ഷണത്തിൽ അത് മുമ്പ് കേട്ടിട്ടില്ലാത്ത സംഗതിയായിരുന്നു. ഞാൻ ബൈബിളിൽനിന്ന് പഠിച്ചുകൊണ്ടിരുന്ന തത്വങ്ങൾക്ക് അവയുടെ ഫലം ഉണ്ടായിരുന്നു. ദൈവവചനത്തിൽനിന്നുള്ള സത്യത്തിന്റെ ജലം അപ്പോസ്തലൻമാരുടെ കാലത്തെന്നപോലെതന്നെ അതിന്റെ ശുദ്ധീകരണ പ്രവർത്തനം നിർവ്വഹിക്കുകയായിരുന്നു. പുനരധിവസിപ്പിക്കാനുള്ള അതിന്റെ പ്രാപ്തികൾ 1 കൊരിന്ത്യർ 6:9-11-ൽ പിൻവരുന്ന പ്രകാരം സൂചിപ്പിക്കപ്പെടുന്നു:
“‘അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ . . . കഴുകി ശുദ്ധീകരണം പ്രാപിച്ചിരിക്കുന്നു.’
“ഒടുവിൽ ഞാൻ വിചാരണക്കെത്തി. അവർ കൊലപാതകത്തിന് എന്നെ 20 വർഷത്തേക്ക് ശിക്ഷിച്ചു. 1971-ൽ ഞാൻ ഏററവും അധികം സുരക്ഷാസന്നാഹമുള്ള ജയിലിൽ അടക്കപ്പെട്ടു. അവിടെവച്ചാണ് സാക്ഷികളുമൊത്തുള്ള എന്റെ ബൈബിൾപഠനം വീണ്ടും തുടങ്ങിയത്. എന്റെ സ്വഭാവത്തിന് ഗണ്യമായ മാററമുണ്ടായിരുന്നു. വേഗംതന്നെ ഈ പുതിയ ജയിലിൽ അവർ എന്നെ ഒരു ഭാരവാഹിയാക്കുകയും അവധികൾ നൽകാൻ തുടങ്ങുകയും ചെയ്തു. ഒരു അവധിക്ക് എന്നെ കൂടെ താമസിപ്പിച്ചിരുന്ന സാക്ഷിയോട്: ‘സ്നാപനം സ്വീകരിക്കുന്നതിൽനിന്ന് എന്നെ തടയുന്നതെന്താണ്?’ എന്ന് ഞാൻ ചോദിച്ചു. അയാൾ പ്രാദേശികസഭയോട് തിരക്കിയശേഷം ‘ഒന്നുമില്ല’ എന്ന് ഉത്തരം പറയുകയും ചെയ്തു. 1973-ൽ, ഒരു സായംസന്ധ്യയിൽ, ഞാൻ സമീപത്തുള്ള ഒരു കൃഷിത്തോട്ടത്തിലെ പശുക്കൾ വെള്ളംകുടിക്കുന്ന ഒരു കുളത്തിൽ സ്നാപനപ്പെടുത്തപ്പെട്ടു. വെള്ളത്തിലിറങ്ങവേ ഞാൻ പ്രാർത്ഥിച്ചു, എന്തെന്നാൽ യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനാൽ നിമജ്ജനംചെയ്യപ്പെട്ടപ്പോൾ യേശു ചെയ്തത് അതായിരുന്നല്ലോ.
“അതിനെത്തുടർന്ന് എന്റെ ആത്മീയപുരോഗതി സത്വരമായിരുന്നു. ഞാൻ പ്രാദേശികസഭയിൽ നടത്തിയിരുന്ന ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂളിൽ ചേർന്നു—തീർച്ചയായും ഹാജരാകാതെ ഞാൻ സംബന്ധിച്ചിരുന്നു. ഞാൻ സ്ക്കൂളിൽ നിയമനങ്ങൾ സ്വീകരിക്കുകയും എന്റെ പ്രസംഗങ്ങൾ ടേപ്പിൽ പിടിച്ച് അവ സഭയിൽ കേൾപ്പിക്കുകയും ചെയ്തിരുന്നു. സ്ക്കൂൾമേൽവിചാരകൻ എനിക്കു പുരോഗതി വരുത്താൻ സഹായിക്കുന്ന ബുദ്ധ്യുപദേശം തിരിച്ചും അയച്ചുതരുമായിരുന്നു. ഞങ്ങൾക്ക് ജയിലിൽ ആഴ്ചതോറുമുള്ള മീററിംഗുകൾ ഉണ്ടായിരുന്നു, അതിൽ സംബന്ധിക്കാൻ മററ് അന്തേവാസികളെയും സ്വാഗതം ചെയ്തിരുന്നു.
“ഇതിനിടെ എന്റെ ബൈബിൾ പരിജ്ഞാനത്തോടുകൂടെ പല തിരുവെഴുത്തുകളും ഞാൻ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. അപ്പോസ്തലനായ പൗലോസ് കൊലോസ്യർ 3:9,10-ൽ പറഞ്ഞിരുന്ന രൂപാന്തരം ഞാൻ വിലമതിക്കുന്നതുവരെ, അവ എന്റെ ജീവിതകാലത്തിലേറെയും നേരിട്ടിരുന്ന ധാർമ്മികമൂല്യപ്രതിസന്ധിയിൽനിന്നും പുറത്തുകടക്കുന്നതിനുള്ള ചവിട്ടുപടികൾപോലെ ആയിരുന്നു: ‘പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞ്, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.’
“പരോൾ ബോർഡിനു മുമ്പാകെയുള്ള ഒരു മൂന്നാം വിചാരണ 1978-ൽ അടുത്തുവരുകയായിരുന്നു. എന്റെ കുററകൃത്യങ്ങളുടെ ഗുരുതരസ്വഭാവം നിമിത്തം ഞാൻ രണ്ടു പ്രാവശ്യം തഴയപ്പെട്ടു. ഇത്തവണ ഞാൻ വരുത്തിയിരുന്ന മാററങ്ങൾ സാക്ഷ്യപ്പെടുത്തിക്കൊണ്ട് സാക്ഷികളിൽനിന്നും മററുള്ളവരിൽനിന്നുമായി ഏതാണ്ട് 300 കത്തുകൾ ബോർഡിനു ലഭിച്ചു.
“എന്റെ വിടുതലിനുള്ള സാദ്ധ്യതകൾ ഏറെ ശോഭനമാണെന്ന് കണ്ടതിനാൽ ഞാൻ വിവാഹിതനാകുന്നതിനുള്ള സാദ്ധ്യതയേപ്പററി ചിന്തിച്ചു. രണ്ടു മക്കളുള്ള ആർലിൻ എന്ന വിധവയായ സാക്ഷി ഞാൻ ജയിലിലായിരിക്കുമ്പോൾ എനിക്ക് എഴുതിക്കൊണ്ടിരുന്നു. അവൾ തന്റെ രണ്ടു പുത്രൻമാരുമായി എന്നെ സന്ദർശിച്ചു. ഞങ്ങൾ ഇരുവരും പരസ്പരം പ്രണയത്തിലായി. ഞാൻ 1978 ഫെബ്രുവരി 1-ന് മോചിതനായി. ഞങ്ങൾ 1978 ഫെബ്രുവരി 25-ന് വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ 14 വർഷമായി ഞങ്ങൾ ഒരു സന്തുഷ്ട വിവാഹജീവിതം ആസ്വദിക്കുന്നു. ഞങ്ങളുടെ ഒരു മകൻ വിവാഹം കഴിച്ച് യഹോവയുടെ സാക്ഷികളിൽ ഒരുവനെന്ന നിലയിൽ സജീവമായി പ്രവർത്തിക്കുന്നു. മറേറ മകൻ ന്യൂയോർക്കിലെ ബ്രൂക്ക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകആസ്ഥാനത്ത് മുഴുസമയം പ്രവർത്തിക്കുന്നു.
“എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു. എന്നെ വളരെയധികം സഹായിച്ചിട്ടുള്ള സഹോദരീ സഹോദരൻമാരോട് എനിക്കു നന്ദിയുണ്ട്. എന്റെ എല്ലാ സന്തുഷ്ടിക്കും ഞാൻ സന്തുഷ്ടദൈവമായ യഹോവയോട് കടപ്പെട്ടിരിക്കുന്നു.—1 തിമൊഥെയോസ് 1:11.
“എന്നിരുന്നാലും എനിക്ക് കഴിഞ്ഞകാല പാപങ്ങളെപ്പററി പശ്ചാത്താപം തോന്നാറുണ്ട്. ഞാൻ എന്റെ പഴയ അധഃപതിച്ച നടത്തയെ അറപ്പോടെയാണ് തിരിഞ്ഞുനോക്കുന്നത്. എന്നോട് ക്ഷമിക്കണമേയെന്ന് ഞാൻ നിരവധി തവണ യഹോവയോട് പ്രാർത്ഥിച്ചിട്ടുണ്ട്, അവൻ എന്നോട് ക്ഷമിച്ചിരിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. ഞാൻ കഴിഞ്ഞകാലത്ത് ആരോടെല്ലാം തെററുചെയ്തിട്ടുണ്ടോ അവരെല്ലാം എന്നോട് ഹൃദയപൂർവ്വം ക്ഷമിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഞാൻ വധിച്ച മനുഷ്യനെ യഹോവ ജീവനിലേക്കു വരുത്തുമെന്നും ദൈവത്തിന്റെ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ അയാൾക്ക് അവസരം ഉണ്ടാകുമെന്നും ഞാൻ വിശേഷാൽ പ്രത്യാശിക്കുന്നു. അത് എന്റെ സന്തോഷം പൂർണ്ണമാക്കും!”
ജയിലഴികൾക്കും ഏകാന്ത തടവിനും കഴിയാത്തത് ബൈബിൾ സത്യത്തിനു കഴിഞ്ഞു. ഒരു കുററപ്പുള്ളിയെന്ന നിലയിലുള്ള പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്നതിനും തന്നേത്തന്നെ ഒരു പുതിയ ക്രിസ്തീയവ്യക്തിത്വം അണിയിക്കുന്നതിനും അത് റോൺ പ്രയറിനെ പ്രാപ്തനാക്കി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളത്” ആണ്, അതിൽ പുനരധിവസിപ്പിക്കുന്നതിനുള്ള ശക്തിയും ഉൾപ്പെടുന്നു.—എബ്രായർ 4:12. (g91 7/22)
[11-ാം പേജിലെ ആകർഷകവാക്യം]
ഞാൻ മോഷ്ടിച്ചത് ജെൻകിൻസ് ജഡ്ജിയുടെ ലോറിയായിരുന്നു!
[12-ാം പേജിലെ ആകർഷകവാക്യം]
ഏകാന്ത തടവറയിൽ ഒരു ബൈബിൾ ഉണ്ടായിരുന്നു. ഞാൻ അതു വായിക്കാൻ തുടങ്ങി
[12-ാം പേജിലെ ആകർഷകവാക്യം]
അവർ കൊലപാതകത്തിന് എനിക്ക് 20 വർഷത്തെ ശിക്ഷ നൽകി
[13-ാം പേജിലെ ചിത്രം]
റോൺ പ്രയറും ഭാര്യ ആർലിനും, ഇന്ന്