വീക്ഷാഗോപുരവും ഉണരുക!യും വിലമതിക്കപ്പെടുന്നു
ഒരു കോളമെഴുത്തുകാരന് 1990 ജൂലൈ 24-ലെ ഡച്ച് വർത്തമാനപത്രമായ എൻ ആർ സി ഹാൻസ്ബ്ലാഡിൽ എഴുതുകയിൽ ഉണരുക!യെക്കുറിച്ചും അതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തെക്കുറിച്ചും ഇപ്രകാരം പറയാനുണ്ടായിരുന്നു:
ഉണരുക!, വീക്ഷാഗോപുരം മാസികകൾ [യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്നത്] ഒന്നു മറിച്ചുനോക്കാൻ കൊള്ളാത്തതെന്ന് രണ്ടു ദശാബ്ദങ്ങളായി പരിഗണിച്ചിരുന്ന എന്നേപ്പോലുള്ളവർ ഈ അടുത്തകാലത്ത് അവ യാദൃശ്ചികമായി കണ്ടുമുട്ടിയാൽ അമ്പരന്നുപോകും. അവ രൂപത്തിലും ഉള്ളടക്കത്തിലും അടിമുടി മാറിയിരിക്കുന്നു.
‘മുമ്പ് രണ്ട് ആനുകാലിക മാസികകളിലും ഒരുവനെ ഏററവും ആകർഷിച്ചിരുന്നത് ചിത്രങ്ങളായിരുന്നു: ഒററ വർണ്ണത്തിലും പത്രക്കടലാസിലുമുള്ള ചിത്രങ്ങൾതന്നെ. എന്റെ ഓർമ്മ ശരിയാണെങ്കിൽ, കഥകൾ സുവാർത്തയുടെ റീഡേഴ്സ് ഡൈജസ്ററ് രൂപമായിരുന്നു, യുദ്ധവും മയക്കുമരുന്നുകളും ലൈംഗികവിഷയങ്ങളും രാഷ്ട്രീയവും പോലെ വിഷമം പിടിച്ച ലോകപ്രശ്നങ്ങളിൽ യാദൃശ്ചികമായേ സ്പർശിച്ചിരുന്നുള്ളു.
‘അത് ഇപ്പോൾ പൂർണ്ണമായി മാറിയിരിക്കുന്നു. രണ്ട് ആനുകാലികങ്ങളും നടപ്പുസംഭവങ്ങളുടെ ഒരുതരം ലഘുഭാഷ്യങ്ങൾ ആണ്. അവ വർണ്ണഫോട്ടോകളോടെ യഥേഷ്ടം അലങ്കരിക്കപ്പെടുന്നു. . .വല്ലപ്പോഴുമൊക്കെ വരുന്ന ഒരളവുവരെ പ്രബോധനാത്മകമായ കലാവേലയെപോലും പുകഴ്ത്താൻ കഴിയും, (1990 ജൂലൈ 1-ലെ വാച്ച്ററവറൽ) ഒടുവിലത്തെ അത്താഴത്തിന് അപ്പോസ്തലൻമാർ ഇരിക്കുന്നതിന്റെ ചിത്രം പോലുള്ളവതന്നെ, എന്നാൽ സാദ്ധ്യമാകുമ്പോഴൊക്കെ ഫോട്ടോകൾ ഉപയോഗിക്കപ്പെടുന്നു. ഉണരുക! ശാസ്ത്രത്തിൽ ബഹുദൂരം പോകുന്നുവെന്നത് ശ്രദ്ധേയമാണ്. ജൂലൈ 8-ലെ ലക്കത്തിൽ കഴിഞ്ഞ വർഷം ഓഗസ്ററ് 16-ാം തീയതിയിലെ ചന്ദ്രഗ്രഹണത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്, മുലയൂട്ടലും അസ്ഥിമെലിച്ചിലും രക്തത്തിലെ മാംഗനീസിന്റെ അളവും തമ്മിലുള്ള ബന്ധവും സംബന്ധിച്ച കുറിപ്പുകളും, ഒടുവിൽ വന്നതും എന്നാൽ ഒട്ടും പ്രാധാന്യം കുറവില്ലാത്തതും ആയ മൃഗഗവേഷണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വീക്ഷണങ്ങൾ അവതരിപ്പിച്ചിരിക്കുന്ന മൂന്നു ഭാഗമുള്ള ഒരു സവിശേഷലേഖനവും ഉണ്ട്.’
എഴുത്തുകാരൻ കൂടുതലായ ഈ നിരീക്ഷണം നടത്തുന്നു: ‘61 ഭാഷകളിലായി അതിന്റെ 1,19,30,000 പ്രതികളുടെ വിതരണത്തോടെ [ഇപ്പോൾ 67 ഭാഷകളിലായി 1,31,10,000], ഉണരുക! വായന നടത്തുന്ന വലിയോരു ജനസമൂഹത്തിന് ശാസ്ത്രീയവാർത്തകളുടെ അത്യുൽകൃഷ്ടമായ ഒരു ഉറവിടമായിത്തീരുന്നു.’
വീക്ഷാഗോപുരവും ഉണരുക!യും ‘അടിമുടി മാറിയി’രിക്കുന്നു എന്നതു സത്യംതന്നെ, രൂപത്തിൽ മാത്രം—ഉള്ളടക്കത്തിലല്ല. ഇപ്പോൾ ദശാബ്ദങ്ങളായി രണ്ടു മാസികകളും മനുഷ്യവർഗ്ഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുന്ന സുഗവേഷിതമായ ലേഖനങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ മാസികകളുടെ വർദ്ധിച്ച ഭംഗി കൂടുതൽ വ്യക്തികൾ നമ്മുടെ ആനുകാലികങ്ങൾ വായിക്കുന്നതിലും ജീവദായകമായ ദൂതിൽനിന്ന് പ്രയോജനമനുഭവിക്കുന്നതിലും കലാശിക്കുമെന്ന് പ്രത്യാശിക്കുന്നു. (g91 7/22)
[9-ാം പേജിലെ ചിത്രങ്ങൾ]
“വീക്ഷാഗോപുര”ത്തിന്റെയും “ഉണരുക!”യുടെയും ഡച്ച് പതിപ്പുകൾ