ലോകത്തെ വീക്ഷിക്കൽ
സുന്ദര വിഡ്ഢി
“എഴുത്തുകളോടുകൂടിയ ററീ ഷെർട്ടുകൾ ഈ കാലത്തു പ്രചാരമുള്ളവയായിരിക്കാം,” ഇന്ത്യാ ടുഡേ നിരീക്ഷിക്കുന്നു. എന്നാൽ ഈ വിധത്തിൽ പരിഷ്ക്കാരിയായിരിക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഗൗരവതരമായ ന്യൂനതകളുമുണ്ടെന്ന് കൽക്കട്ടായിലെ ഒരു യുവതി കണ്ടെത്തി. “പരിഷ്കൃതമായ തൂങ്ങുന്ന ട്രൗസറും നയനാകർഷകമായ ഒരു ററീ ഷെർട്ടും ധരിച്ച്” ഉലാത്തിക്കൊണ്ടിരുന്നപ്പോൾ ചൈനക്കാരായ ചില ആൺകുട്ടികൾ അവളെ ചൂണ്ടിക്കാട്ടി ചിത്തഭ്രമം ബാധിച്ചവരെപ്പോലെ ചിരിക്കുന്നത് അവൾ ശ്രദ്ധിച്ചു. അവരോടു കാരണം ആരാഞ്ഞപ്പോൾ അവളുടെ ററീ ഷെർട്ടിലെ എഴുത്ത് ഒരു ചൈനീസ് സന്ദേശമാണെന്നും അത് ഇപ്രകാരമാണെന്നും അവർ പറഞ്ഞു: “ഞാൻ കഷണ്ടി പിടിച്ച ഒരു തേങ്ങാത്തലയൻ വാലില്ലാക്കുരങ്ങാണ്. എനിക്കു വായിക്കാനോ എഴുതുവാനോ അറിയില്ലാത്ത ഒരു ഭാഷയിലുള്ള എഴുത്തു പ്രദർശിപ്പിക്കുന്നതിനാൽ ഞാൻ ഏററവും വലിയ വിഡ്ഢിയാണ്; അതിനാൽ ഇതു വായിക്കാനറിയാവുന്ന ഏതൊരാളും എന്നെ കളിയാക്കണം.”
ഡ്രൈവർമാർ ശ്രദ്ധിക്കുക
ക്രോസ്സിങ്ങുകളിൽ തീവണ്ടികളെ തോൽപ്പിക്കാൻ ശ്രമിക്കുന്ന കാറുകൾ ഓരോ ട്രിപ്പിലും ഒരു പതിവു സംഗതിയാണെന്ന് തീവണ്ടി എൻജിനീയർമാർ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ ഇതു ശരിവെക്കുന്നതായി തോന്നുന്നു. 1989-ൽ ഐക്യനാടുകളിൽ ആകമാനം 5766 അപകടങ്ങൾ ക്രോസ്സിങ്ങുകളിൽ സംഭവിച്ചു. ഇവയിൽ 798 ആളുകൾ കൊല്ലപ്പെടുകയും 2588 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭൂരിപക്ഷം കേസ്സുകളിലും കാർ ഡ്രൈവർമാർ ഗേററുകളും ട്രെയിൻ വരുന്നതായി മുന്നറിയിപ്പു നൽകുന്ന ലൈററുകളും അവഗണിച്ചു. ഒരു ക്രോസ്സിങ്ങ് കടക്കാൻ ഡ്രൈവർമാർ ഒരു തീവണ്ടിയോടു മത്സരിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്? തീവണ്ടി ഒരു കാർ പോലെ പ്രവർത്തിക്കുമെന്ന് അവർ മിക്കവാറും പ്രതീക്ഷിക്കുന്നതിനാലായിരിക്കും ഇത് എന്ന് അധികൃതർ പറയുന്നു. എന്നാൽ അവക്ക് അതിനു കഴിയുകയില്ല. ഒരു ശരാശരി ചരക്കുതീവണ്ടിയിൽ എൻജിൻമാത്രം 160 ടണ്ണിലധികം ഭാരം വരുന്നവയായിരിക്കും. മണിക്കൂറിൽ 80 കിലോമീറററിലധികം വേഗതയിൽ അവ ചരിക്കുമ്പോൾ ബ്രെയ്ക്ക് ഇട്ടു കഴിഞ്ഞാൽ അവ നിൽക്കുവാൻ ഒന്നര കിലോമീറററിലധികം നീങ്ങേണ്ടി വരും. അതുകൊണ്ട് കാർഡ്രൈവർമാർ ഓർമ്മിക്കുക: തീവണ്ടി എപ്പോഴും വിജയിക്കുന്നു.
പുകവലിക്കുന്ന പിതാക്കൻമാർ
പുകവലിക്കുന്ന അമ്മമാർ ജനിക്കുവാനിരിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങൾക്ക് വരുത്തിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ പുകവലിക്കുന്ന പിതാക്കൻമാരെക്കുറിച്ചെന്ത്? സൗത്താഫ്രിക്കൻ മെഡിക്കൽ ജേണൽ മുന്നറിയിപ്പു നൽകുന്നു: “ഗർഭകാലത്ത് അമ്മ തുടർന്നും പുകവലിക്കുയാണെങ്കിൽ അതിൽ നിന്ന് ഉളവായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് പുകവലിക്കുന്ന പിതാക്കൻമാരും തുല്യ ഉത്തരവാദിത്തം ഏറെറടുത്തേ മതിയാവൂ. ഒരു അമ്മക്ക് തന്റെ പുകവലി നിർത്തുന്നതിന് അവളുടെ ഭർത്താവിന്റെ പിന്തുണ ആവശ്യമായിരിക്കുന്നു. കൂടാതെ, ഗർഭസ്ഥ ശിശു പിതാവു വലിക്കുന്ന സിഗറററിന്റെ പുകയുടെ ഫലങ്ങളിൽനിന്നു തീർച്ചയായും സംരക്ഷിതവുമല്ല. കുട്ടിയുടെ ജനനശേഷവും പിതാവു വലിക്കുന്ന സിഗറററിന്റെ പുക ശ്വസിച്ചുണ്ടാകുന്ന ദൂഷ്യങ്ങളെക്കുറിച്ചും പ്രസിദ്ധീകരണം മുന്നറിയിപ്പു നൽകുന്നു. തങ്ങളുടെ വീടുകളിൽ സിഗറററു പുക ഏൽക്കേണ്ടതായി വരുന്ന കുട്ടികൾക്ക് “അസുഖം മൂലം സ്കൂളിൽ വരാൻ കഴിയാത്ത” അവസ്ഥ ശരാശരിയിൽ കൂടുതലായി ഉണ്ടാകുന്നു. കൂടാതെ “അവർ തന്നെ ഭാവിയിൽ സിഗറററു വലിക്കാരാകുവാൻ കൂടുതൽ സാധ്യതയുമുണ്ട്.”
ചീത്ത വിളിക്കുവാൻ ഇലക്ട്രോണിക് വായ്
അവസാന വാക്ക് എന്ന് അതിനെ വിളിക്കുന്നു. പോക്കററ് സൈസിലുള്ള അത് ഒരു ബീപ്പർ പോലെ തോന്നിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് ശബ്ദപേടകമാണ്. നിന്ദ്യമായ വാക്കുകൾ തങ്ങൾക്കു തന്നെ പറയാൻ മടിയുള്ളവർക്കു വേണ്ടി സംസാരിക്കാൻ രൂപകൽപന ചെയ്യപ്പെട്ടവയായിരുന്നു അത്. പ്രവർത്തനക്ഷമമാക്കപ്പെടുമ്പോൾ മൂർച്ചയേറിയ അസഭ്യവാക്കുകളുടെ ഒരു ഘോഷയാത്ര തന്നെ അതു പുറത്തേക്കു വമിപ്പിക്കുന്നു. “ഞങ്ങൾക്കുണ്ടായിരുന്നിട്ടുള്ള വസ്തക്കളിൽ ഏററവും ജനപ്രീതികരമായവയാണ് ഇത്,” എന്ന് ഒരു കടയുടമ പറഞ്ഞു. “ഇതു സങ്കടകരമാണ്, പക്ഷേ അതാണു ജനങ്ങൾക്കു വേണ്ടത്.” യഥാർത്ഥത്തിൽ ഇതു രണ്ടു രൂപങ്ങളിൽ പുറത്തു വന്നു. “തുലഞ്ഞു പോകട്ടെ,” “നീ ഒരു വിഡ്ഢിയാണ്” തുടങ്ങിയവ പറയുന്ന കട്ടികുറഞ്ഞ ഇനം വ്യാപാരപരമായി ഒരു പരാജയമായിത്തീർന്നു.
ഇന്ത്യയിലെ അവയവ വ്യാപാരം
“രോഗികളുമായി ബന്ധമില്ലാത്ത ജീവനുള്ള ദാതാക്കളിൽ നിന്ന് എടുക്കപ്പെട്ട വൃക്കകളുടെ പറിച്ചുനടീൽ ഏററവും അധികം നടക്കുന്ന രാജ്യം എന്ന സംശയാസ്പദമായ ബഹുമതി ഇന്ത്യക്കുണ്ട്,” എന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ഓരോ വർഷവും ജീവനുള്ള ദാതാക്കളിൽനിന്നുമുള്ള 2000-ത്തിലധികം വൃക്കകൾ രാജ്യത്തിനുള്ളിൽ വിൽക്കപ്പെടുന്നതായി കണക്കാക്കപ്പെടുന്നു. ഭൂരിപക്ഷം വിൽപനകൾക്കും പിന്നിൽ കടവും ദാരിദ്രവും നിലകൊള്ളുന്നു. “ഞങ്ങൾ നിരാശിതരായിരുന്നു. എന്റെ മുന്നിൽ അവശേഷിച്ചിരുന്ന അടുത്ത ഏക മാർഗ്ഗം ഒരു പിടിച്ചു പറിക്കാരനോ കുററകൃത്യങ്ങളിൽ ഏർപ്പെട്ട് ഒരു പ്രാദേശിക ദാദായോ ആയിത്തീരുക എന്നതു മാത്രമായിരുന്നു,” മൂന്നു കുട്ടികളുടെ പിതാവായ ഒരു വ്യക്തി പറഞ്ഞു. അയാളും അയാളുടെ ഭാര്യയും ഓരോ വൃക്കകൾ വീതം വിററു. “മാന്യമായ മാർഗ്ഗം ഞങ്ങൾ തിരഞ്ഞെടുത്തു,” അയാൾ പറഞ്ഞു. ശരീരഭാഗങ്ങൾക്ക് ഉയർന്ന വില നൽകപ്പെടുമ്പോൾ ജീവനുള്ള ദാതാക്കളിൽ നിന്നുള്ള നേത്രകാചത്തിന്റെയും ത്വക്കിന്റെയും വിൽപനയും വർദ്ധിച്ചിരിക്കുന്നു. “മാനുഷികാവയവങ്ങളുടെ വാണിജ്യ വ്യാപാരങ്ങൾ രാജ്യത്ത് ഏററവും വലിയ വൈദ്യശാസ്ത്രപരമായ ധാർമ്മിക പ്രശ്നമായിത്തീർന്നിരിക്കുന്നു,” എന്ന് ഒരു പ്രമുഖ ഡോക്ടർ പറഞ്ഞു.
ഈജിപ്ററിലെ വെള്ളത്തിന്റെ കണ്ടുപിടുത്തം
ജലക്ഷാമത്താൽ ബാധിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ ഈജിപ്ററ് മുമ്പിൽ നിൽക്കുന്നു. അതിന്റെ ഏക പ്രധാന ജലസ്രോതസ്സായിരിക്കുന്ന നൈൽ നദി, മുകളിലുള്ള മററു രാജ്യങ്ങളുടെ വളരുന്ന ആവശ്യങ്ങൾക്ക് പാത്രമായിരിക്കുന്നു. ഈജിപ്ററിലെ 5 കോടി 50 ലക്ഷം ജനസംഖ്യ ഓരോ ഒമ്പതു മാസങ്ങളിലും 10 ലക്ഷം എന്ന കണക്കിൽ വളരുകയുമാണ്. ഇപ്പോൾതന്നെ രാജ്യത്ത് ആവശ്യമായിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 65 ശതമാനവും ഇറക്കുമതി ചെയ്യപ്പെടേണ്ടിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ഉപഗ്രഹങ്ങളാലുള്ള വിദൂര ഗ്രഹണം ഇതുവരെ പ്രതീക്ഷിക്കാതിരുന്ന ഒരു വലിയ ഭൂഗർഭ ജലസ്രോതസ്സ് വെളിപ്പെടുത്തിയിരിക്കുന്നു. ഈജിപ്ററിലെ പടിഞ്ഞാറൻ മരുഭൂമിയുടെ അടിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. “ആഫ്രിക്കയിൽ മുഴുവൻ ഉള്ളതായി കരുതിയിരുന്ന ഭൂഗർഭ ജലത്തേക്കാളധികം ഇതിൽ തന്നെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതുന്നു,” എന്ന് വേൾഡ് പ്രസ്സ് റിവ്യൂ അഭിപ്രായപ്പെടുന്നു. “ഒരു പരീക്ഷണ ഡ്രില്ലിംഗ് ‘2,00,000 ഏക്കറിൽ 200 വർഷത്തേക്ക് കൃഷി ചെയ്യുവാൻ’ മതിയായ വെള്ളം ഒരു കിണറിലുണ്ട് എന്നു തെളിയിച്ചു’ എന്ന് ബോസ്ററൺ യൂണിവേഴ്സിററിയിലെ സെൻറർ ഫോർ റിമോട്ട് സെൻസിംഗിന്റെ ഈജിപ്ഷ്യൻ ഡയറക്ടറായ ഡോ. ഫറൂക്ക് അൽ ബാസ് പറഞ്ഞു!” (g91 3/8)