ഞങ്ങൾ ഇൻഡ്യയെ ഞങ്ങളുടെ ഗൃഹമാക്കി
എന്റെ സഹോദരി ലിയോണയും ഞാനും, സാധിക്കുന്നടത്തോളം സുന്ദരമായി ഞങ്ങളേത്തന്നെ നിലത്തേക്കു താഴ്ത്തുകയും സുഖപ്രദമായി ഇരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. ആവി പറക്കുന്ന ചോറും പലതരം കറികളും ചമ്മന്തികളും മധുരപലഹാരങ്ങളും നിറച്ച രണ്ടു തിളങ്ങുന്ന വാഴയിലകൾ ഞങ്ങളുടെ മുമ്പിൽ വെക്കപ്പെട്ടു. ഇൻഡ്യയിൽ എത്തിയിട്ട് ഒരാഴ്ചയിൽ താഴെ മാത്രമായിരുന്ന ഞങ്ങൾ രണ്ടുപെൺകുട്ടികൾ, ഒരു വിവാഹ വിരുന്നിൽ ക്ഷണിക്കപ്പെട്ടിരുന്നു.
ഞങ്ങൾ നാട്ടുകാരായ ആളുകളെ നിരീക്ഷിക്കുകയും മററുള്ളവർ ചെയ്യുന്നതുപോലെ വലതു കൈകൊണ്ട് ഭക്ഷണം എടുത്ത് വിരലുകൾ ഉപയോഗിച്ച് അവ ഭക്ഷിക്കുകയും ചെയ്തു. ചൂടു കൂടിയ, ഈർപ്പം നിറഞ്ഞ ഒരു ദിനമായിരുന്നു അത്. സ്വീകരണ പന്തലിന്റെ കീഴിൽ ഇരുന്ന്, മസാലകൾ ചേർത്ത കറികൾ കഴിച്ചപ്പോൾ ഞങ്ങളുടെ മുഖങ്ങളിലൂടെ വിയർപ്പ് അക്ഷരാർത്ഥത്തിൽ ഒഴുകി. മുളകുപൊടി മൂലം ഞങ്ങളുടെ മൂക്കുകൾ ഒലിക്കുവാൻ തുടങ്ങി. ഞങ്ങൾ തീർച്ചയായും കൗതുകമുണർത്തുന്ന ഒരു കാഴ്ചയായിരുന്നിരിക്കണം! എന്നാൽ 38 സംവത്സരങ്ങൾക്കു മുമ്പ് ഞങ്ങൾ ഇൻഡ്യയെ പരിചയപ്പെട്ടതിന്റെ ഒരു ഭാഗമായിരുന്ന ഈ സംഭവം ഞങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയുകയില്ല.
ആ സമയം മുതൽ ഈ നാടിനെ ഞങ്ങളുടെ ഭവനമാക്കിത്തീർക്കുവാൻ ശ്രമം ചെയ്തുകൊണ്ട് ഇൻഡ്യയുമായും അതിലെ പല ആളുകളുമായും ഞങ്ങൾ നല്ല പരിചയത്തിലായിത്തീർന്നു. എന്തുകൊണ്ട്? കേവലം ഒരു സാഹസികാത്മാവിൽ നിന്നുമായിരുന്നില്ല, മറിച്ച് ഞങ്ങൾക്ക് കൃത്യമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. എന്നാൽ ആദ്യമായി ഞങ്ങൾ ഇൻഡ്യയിൽ എങ്ങനെ എത്തിച്ചേർന്നുവെന്നും പൊരുത്തപ്പെട്ടുപോകാൻ ഞങ്ങളെ എന്തു സഹായിച്ചുവെന്നും ഞങ്ങൾ വിശദീകരിക്കാം.
കാനഡായിലെ പൂർവ ജീവിതം
കാനഡായിലെ സാസ്കച്ച്വാനിലുള്ള ഹംബോർഡ്ററിലെ ചെറിയ കർഷക സമൂഹത്തിലാണു ഞങ്ങൾ ജനിച്ചത്. 1930കളിലെ സാമ്പത്തിക മാന്ദ്യകാലമായപ്പോൾ ഞങ്ങൾക്കു സ്കൂൾ ഉപേക്ഷിക്കേണ്ടതായി വരുമെന്നും സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കാനായി ജോലിക്കു പോകേണ്ടതായി വരുമെന്നും ഞങ്ങളുടെ പിതാവ് പറഞ്ഞു. ഞങ്ങൾ അക്ഷരാർത്ഥത്തിൽ കരഞ്ഞുപോയി. ഹൈസ്കൂളിൽ ചേരണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം, എന്നാൽ സാമ്പത്തികാവശ്യങ്ങൾ ഒന്നാമതായി വന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് എന്റെ സഹോദരി ലിയോണ കനേഡിയൻ വ്യോമസേനയിൽ ചേർന്നു. ഞാൻ വീട്ടിൽ തന്നെ താമസിച്ച് ജോലി ചെയ്തു. ഞാൻ കത്തോലിക്കാപള്ളിയിൽ ക്രമമായി പോവുകയും ഗായക സംഘത്തിൽ പാടുകയും ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ പെന്തെക്കൊസ്തുകാർ വന്നപ്പോൾ അവർ എനിക്ക് ഒരു ബൈബിൾ നൽകി. ഗായകസംഘത്തിന്റെ സംഗീതപരിശീലന വേളകളിൽ ഞാൻ അതു കൊണ്ടുപോകാൻ തുടങ്ങി. ഞങ്ങൾ പാടാതിരിക്കുമ്പോൾ ഞാൻ അതു വായിക്കുമായിരുന്നു. ഇടവകവൈദികനോട് ഇതേപ്പററി പറയുകയും അദ്ദേഹം ഞങ്ങളുടെ ഭവനത്തിൽ വരികയും ചെയ്തു. ഞാൻ ഒരു ദുഷിച്ച സ്വാധീനമാണെന്നും ഗായകസംഘത്തിന്റെ പരിശീലനത്തിൽ ഞാൻ മേലാൽ വരാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ, ഞാൻ പുറത്താക്കപ്പെടണം എന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ഞാൻ പള്ളിയിലേക്ക് തിരികെ പോയിട്ടില്ല.
ഇതിനിടെ യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ ഭവനം സന്ദർശിക്കുകയും പലതരം ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഇട്ടിട്ടുപോവുകയും ചെയ്യുമായിരുന്നു. ഒടുവിൽ ഞാൻ സാക്ഷികളോടൊത്ത് പഠിക്കാൻ തുടങ്ങി. ലിയോണ അവധിക്കു വീട്ടിൽ വന്നപ്പോൾ ഞാൻ എന്താണു പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് അവളോട് ഞാൻ പറഞ്ഞു. എന്നോടൊപ്പം അദ്ധ്യയനത്തിൽ അവൾ ഇരിക്കുകയും അവൾ പഠിച്ചത് ഇഷ്ടപ്പെടുകയും ചെയ്തു. ഒട്ടാവായിൽ മടങ്ങിയെത്തി, അവൾ 1945-ൽ സൈന്യത്തിൽ നിന്നുള്ള അവളുടെ വിടുതൽവരെ പ്രാദേശിക സാക്ഷികളോടൊത്ത് പഠനം തുടർന്നു. 1946-ൽ ഒഹിയോയിലെ ക്ലീവ്ലാൻഡിൽ നടന്ന യഹോവയുടെ സാക്ഷികളുടെ സന്തുഷ്ട ജനതകൾ ദിവ്യാധിപത്യ അസംബ്ലിയിൽ സ്നാപനപ്പെടുത്തപ്പെട്ട 2,602 പേരിൽ അവളും ഞാനും ഉണ്ടായിരുന്നു.
ഞങ്ങളുടെ ജീവിതത്തിലെ ലക്ഷ്യം തീരുമാനിക്കുന്നു
ലിയോണായും ഞാനും 1949-ൽ ആൽബെർട്ടായിലെ കൽഹാരിയിലേക്ക് മാറി. അവിടെ പയനിയർമാർ എന്നു വിളിക്കപ്പെട്ട അനേകം മുഴുസമയ ശുശ്രൂഷകരെ ഞങ്ങൾ കണ്ടുമുട്ടി. പയനിയർ ശുശ്രൂഷ സ്വീകരിക്കാൻ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. ആദ്യം ഞങ്ങൾ മടിച്ചു. അൽപം ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട് എന്ന് ഞങ്ങൾക്കുതോന്നി. എന്നാൽ യഹോവയുടെ സാക്ഷികളുടെ ആ പ്രദേശത്തെ സഞ്ചാരമേൽവിചാരകൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനാൽ ഒരു ബാങ്ക് അക്കൗണ്ട് ഇല്ലാതെതന്നെ ഞങ്ങൾ പയനിയറിങ്ങ് ആരംഭിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിരുന്ന ക്യൂബെക്ക് സംസ്ഥാനത്ത് പയനിയറിങ്ങ് നടത്തുവാനുള്ള ക്ഷണത്തോട് ഞങ്ങൾ പ്രതികരിച്ചു.
റെയിൽവേ ടിക്കററുകൾക്ക് വേണ്ട പണം ഞങ്ങളുടെ പക്കൽ ഇല്ലായിരുന്നു. അതിനാൽ ലിയോണയും ഞാനും മററു രണ്ടു പെൺകുട്ടികളോടൊപ്പം വാഹനങ്ങളിൽ സൗജന്യ യാത്രകൾ നേടിക്കൊണ്ട് കാനഡാക്ക് കുറുകെ സഞ്ചരിച്ച് ക്യൂബെക്കിലെ മോൺട്രിയലിൽ എത്തി. അൽപം കഴിഞ്ഞപ്പോൾ യുണൈററഡ് സ്റേറററ്സിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ ബിരുദത്തിനു ചേരാനുള്ള അവസരം ഞങ്ങൾക്കു ലഭിച്ചു. അനേകം യുവാക്കൻമാരും യുവതികളും ഒരു വിദേശരാജ്യത്തെ മിഷനറി നിയമനം സ്വീകരിക്കുവാനായി തയ്യാറെടുക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ ആവേശഭരിതരായി. ഉടൻ തന്നെ ആ സ്കൂളിൽ ചേരാനുള്ള ഞങ്ങളുടെ അപേക്ഷകൾ ഞങ്ങൾ സമർപ്പിച്ചു.
ഞങ്ങൾ വിളിക്കപ്പെടുമെന്ന് ഞങ്ങൾ സ്വപ്നം കണ്ടിരുന്നതുപോലുമില്ല, അതിനാൽ 20-ാമത്തെ ക്ലാസ്സിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ അത് ഞങ്ങൾക്ക് ഒരു യഥാർത്ഥ അത്ഭുതമായിരുന്നു. 1952-ലെ ശരത്കാലത്ത് അതു തുടങ്ങി. ഞങ്ങളുടെ നിയമനം ഇൻഡ്യയായിരിക്കും എന്ന് ഞങ്ങളോടു പറയപ്പെടുകയും ഒരു ഇൻഡ്യൻ സഹപാഠിയിൽ നിന്ന് മലയാള ഭാഷയിലുള്ള മുൻകൂട്ടിയുള്ള പരിശീലനം ഞങ്ങൾക്കു ലഭിക്കാൻ തുടങ്ങുകയും ചെയ്തു. സാധിക്കുന്നടത്തോളം അധികം ആത്മാർത്ഥ ഹൃദയരായ ആളുകളെ ബൈബിൾ സത്യത്തിന്റെ പരാജ്ഞാനത്തിൽ എത്തുവാൻ സഹായിക്കുക എന്നതായിരിക്കും ഞങ്ങളുടെ ഇന്ത്യയിലെ ലക്ഷ്യം.
ഇൻഡ്യയെ ഞങ്ങളുടെ ഗൃഹമാക്കുന്നു
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിമൂന്നിൽ ബിരുദമെടുത്തശേഷം ഞങ്ങളിൽ 13 പേർ കപ്പലിൽ തിരിച്ചു. ബോംബെയിൽ എത്തുവാൻ ഞങ്ങൾക്ക് ഒരു മാസം വേണ്ടിവന്നു. ജനക്കൂട്ടങ്ങളുടെയും ഭിക്ഷക്കാരുടെയും ദൃശ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി, എന്നാൽ ഈ വ്യത്യസ്ത സാഹചര്യങ്ങളുമായി ഞങ്ങൾ ക്രമേണ പരിചയത്തിലായി.
ബോംബെയിൽ നിന്ന് തീവണ്ടിയിൽ ഞങ്ങൾ കേരള സംസ്ഥാനത്തിലേക്ക് പുറപ്പെട്ടു. ഞങ്ങളിൽ ഏഴുപേർ തൃശൂർ പട്ടണത്തിലേക്കായിരുന്നു നിയമിക്കപ്പെട്ടിരുന്നത്, അവിടെ ആ സമയത്ത് യഹോവയുടെ സാക്ഷികളുടെ ഒരു സഭയില്ലായിരുന്നു. ഞങ്ങൾക്ക് ഒരു മിഷനറി ഭവനം ലഭിച്ചുവെങ്കിലും അവിടെ വീട്ടുപകരണങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നു, അതിനാൽ തൽക്കാലത്തേക്ക് ഞങ്ങൾ നിലത്ത് പായ്കളിൽ ഉറങ്ങി. ഞങ്ങളുടെ ദൈനംദിനകൃത്യങ്ങളിൽ സുരക്ഷിതമായി കുടിക്കുന്നതിന് കിണററിലെ വെള്ളം തിളപ്പിക്കുന്നതും കുളിക്കാൻ കൂടുതൽ വെള്ളം ചൂടാക്കുന്നതും ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തന്നെയും അധികമായുള്ള ഞങ്ങളുടെ പാചകവും നടത്തപ്പെട്ടിരുന്നത് ഒരു ബർണർ മാത്രമുള്ള ഒരു മണ്ണെണ്ണ സ്ററൗവിലായിരുന്നു.
വീട്ടിൽ നിന്നുമകലെയായി മൂർഖൻ പാമ്പിനും മററുപാമ്പുകൾക്കും കുപ്രസിദ്ധമായിരുന്ന ഒരു പ്രദേശത്തായിരുന്നു പ്രാഥമികാവശ്യങ്ങൾക്കായുള്ള സ്ഥലം. ഞങ്ങൾ പെൺകുട്ടികൾക്ക് എങ്ങനെ അനുഭവപ്പെട്ടു എന്ന് നിങ്ങൾക്ക് ഭാവന ചെയ്യാൻ കഴിയും. കൂടാതെ ജാഗ്രതയില്ലാതെ അടിയിലൂടെ കടന്നുപോകുന്ന ഇരകളെ കടിക്കുവാൻ തയ്യാറായി ചിലപ്പോൾ മരങ്ങളിൽ നിന്നു തൂങ്ങിക്കിടക്കുന്ന മെലിഞ്ഞ പച്ചില പാമ്പുകളെപ്പററി ഞങ്ങൾക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു. രാത്രിയിൽ അപൂർവമായി മാത്രമേ അത്തരം സാഹസിക സംരംഭങ്ങൾക്കു ഞങ്ങൾ തുനിഞ്ഞുള്ളു എന്ന് പറയേണ്ടതില്ല. അങ്ങനെ ചെയ്തപ്പോൾ ഞങ്ങൾ നിലത്തമർത്തി ചവിട്ടി വളരെയധികം ശബ്ദം ഉണ്ടാക്കുകയും മരങ്ങളിൽനിന്ന് അകന്നു മാറി പോവുകയും ചെയ്തു. അതെ, കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. എന്നാൽ ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചു, അതിനാൽ കാലംകൊണ്ട് ഞങ്ങൾ പൊരുത്തപ്പെട്ടു. സാഹചര്യങ്ങൾ വളരെ ദുഷ്കരമായിരുന്നുവെന്നതിനാൽ മടങ്ങിപ്പോകണം എന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചില്ല.
ആദ്യദിവസം തന്നേ പ്രസംഗപ്രവർത്തനത്തിൽ ഞങ്ങൾ പങ്കെടുക്കാൻ തുടങ്ങി. പെട്ടെന്ന് ജനക്കൂട്ടങ്ങളാൽ ചുററപ്പെട്ടവരായി ഞങ്ങളെത്തന്നെ ഞങ്ങൾ കണ്ടെത്തി. അവരുടെ ആകാംക്ഷ ഞങ്ങളുടെ ധൈര്യത്തെ അത്രമാത്രം ചോർത്തിക്കളഞ്ഞതിനാൽ ഞങ്ങൾ മിഷനറിഭവനത്തിന്റെ സുരക്ഷിതത്വത്തിലേക്ക് പലായനം ചെയ്തു. എന്നിരുന്നാലും കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾക്കു മററുള്ളവരിലുള്ള യഥാർത്ഥ താത്പര്യത്തെ ഞങ്ങൾ വിലമതിക്കുവാൻ തുടങ്ങി.
ഞങ്ങൾക്കു ഞങ്ങളുടെ ബൈബിൾ അവതരണം നൽകാൻ കഴിയുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവും മാതാവും ആരാണ്? നിങ്ങൾ എന്തുകൊണ്ടാണ് ഇവിടെ ആയിരിക്കുന്നത്? നിങ്ങൾക്ക് എത്ര പ്രായമുണ്ട്? ആരാണ് നിങ്ങൾക്കു പണം തരുന്നത്? എന്ത് ആഹാരമാണ് നിങ്ങൾ കഴിക്കുന്നത്? നിങ്ങൾ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത്? നിങ്ങൾക്കു കുട്ടികൾ ഒന്നും വേണ്ടേ? തുടങ്ങിയ ചോദ്യങ്ങൾ ഞങ്ങളോടു ചോദിക്കപ്പെട്ടിരുന്നു. ഞങ്ങളെക്കുറിച്ചുള്ള അത്തരം വിശദ വിവരങ്ങൾ മനസ്സിലാക്കിയശേഷം ആളുകൾ സാധാരണയായി ഞങ്ങളുടെ സന്ദേശം ശ്രദ്ധിക്കുമായിരുന്നു. ആളുകളെ ഞങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കിയപ്പോൾ ഞങ്ങളുടെ പുതിയ പരിതസ്ഥിതികളിൽ ഞങ്ങൾ കൂടുതൽ സുഖപ്രദരായി തീർന്നു.
ഹരിതാഭമായതും അനേകം തെങ്ങുകളും മററു പനവൃക്ഷങ്ങളും നിറഞ്ഞതുമായ അതി മനോഹരമായ ഒരു സ്ഥലമാണ് കേരളം. അവിടെ അനേകം തുറസ്സായ വിശാലസ്ഥലങ്ങൾ ഉണ്ടായിരുന്നു. വീടുകളിലേക്കുള്ള ഞങ്ങളുടെ മാർഗ്ഗത്തിൽ നെൽപാടങ്ങളിലൂടെയുള്ള നടപ്പ് നല്ല സമാധാനം നൽകുന്നവയായിരുന്നു. ചിലപ്പോൾ ഗ്രാമങ്ങളിൽ എത്താനായി ഞങ്ങൾ വഞ്ചികളിൽ കായലുകളിലൂടെ യാത്ര ചെയ്യുമായിരുന്നു. അന്തരീക്ഷം വളരെ അയവു നൽകുന്നതായിരുന്നു. അതേ, ജനങ്ങൾ വളരെ തിരക്കുള്ളവർ ആയിരുന്നു, എന്നിരുന്നാലും ശ്രദ്ധിക്കാനായി അവർ സമയം എടുത്തു.
ക്രൈസ്തവ ലോകത്തിലെ മിഷനറിമാരും ഞങ്ങളുടെ പ്രദേശത്തുണ്ടായിരുന്നു, എന്നാൽ സ്ഥലവാസികൾ ഞങ്ങൾക്കും അവർക്കുമിടയിലുള്ള വ്യത്യാസം പെട്ടെന്നു കാണുവാൻ തുടങ്ങി. അവർ പലവിധങ്ങളിലുള്ള സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെങ്കിലും, ബൈബിൾ പഠിപ്പിക്കുന്നതിൽ അവർ അൽപം മാത്രമാണു പ്രവർത്തിച്ചിരുന്നത്, അഥവാ അങ്ങനെ ഒന്നു ചെയ്തിരുന്നെങ്കിൽതന്നേ. അവരെപ്പോലെ ഞങ്ങൾ വലിയ ബംഗ്ലാവുകളിൽ താമസിക്കുകയൊ ഉഷ്ണകാലങ്ങളിൽ മലകളിലെ സുഖവാസകേന്ദ്രങ്ങളിലേക്ക് രക്ഷപെട്ടു പോവുകയൊ ചെയ്തിരുന്നില്ല. വാസ്തവത്തിൽ ക്രൈസ്തവലോകത്തിലെ മിഷനറിമാർ ഒരു ദുഷ്കീർത്തിയാണ് ക്രൈസ്തവലോകത്തിനു നൽകിയത്.
കേരളത്തിൽ ഞങ്ങൾ 8 വർഷത്തോളം ചെലവഴിച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ ബോംബേക്കു മാററപ്പെട്ടു. അവിടെയാണ് ഞങ്ങൾ ഇപ്പോഴും സേവിക്കുന്നത്. തീർച്ചയായും ജനത്തിരക്കേറിയ ഒരു വലിയ നഗരത്തിലേക്കുള്ള മാററം ചില ക്രമീകരണങ്ങൾ ആവശ്യമാക്കിത്തീർത്തു. എന്നാൽ ഈ നിയമനം ഞങ്ങളെ ഇൻഡ്യൻ ജനതകളിലെ വിവിധ തരക്കാരുമായുള്ള ഒരു സമ്പർക്കത്തിലാക്കിത്തീർത്തു.
തുടക്കം മുതൽ തന്നേ ഞങ്ങൾക്കു ഞങ്ങളുടെ ഇൻഡ്യൻ സഹോദരൻമാരെയും സഹോദരിമാരെയും അടുത്തറിയുന്നതിനു സാധിച്ചു. അവർ ഞങ്ങളെ അവരോടൊത്തു താമസിക്കുന്നതിന് എപ്പോഴും ക്ഷണിക്കത്തക്കവിധം വളരെ ആതിഥ്യ മര്യാദയുള്ളവരായിരുന്നു. സാധാരണയായി അവരുടെ വീടുകൾ വളരെ ചെറിയവയായിരുന്നു, കൂടാതെ ഞങ്ങൾ പരിചയിച്ചുവന്നിരുന്ന സ്വകാര്യത അവിടെ ഇല്ലായിരുന്നു. വീട്ടിലെ ഏക കിടപ്പുമുറിയിൽ ഞങ്ങൾ ഉറങ്ങും—ഒരു മൂലക്ക് മുകളിൽ കട്ടിലിൽ വല്ല്യപ്പനും നിലത്തു ഞങ്ങൾക്കു ചുററും പല കുട്ടികളുമായി ഞങ്ങളും. പക്ഷേ ഞങ്ങളോടു കാണിക്കപ്പെട്ടിരുന്ന സ്നേഹം പൊരുത്തപ്പെട്ടുപോകുവാൻ ഞങ്ങളെ സഹായിച്ചു.
ഞങ്ങൾ വിട്ടുപോന്ന സ്ഥലത്തിനെ “വീട്” എന്നു മേലാൽ വിശേഷിപ്പിക്കാതെയിരിക്കാൻ വർഷങ്ങളിലൂടെ ഞങ്ങൾ പഠിച്ചു. മറിച്ച് സേവിക്കാനായി നിയമിക്കപ്പെടുന്നത് ഏതു സ്ഥലത്താണോ അവിടെയാണു ഞങ്ങളുടെ വീട്. വ്യത്യസ്തതകൾ ഉയർത്തിക്കാണിക്കുന്നതിനു പകരം അവരുടെ അഭിരുചികളിലും കാര്യങ്ങൾ ചെയ്യുന്നതിലുള്ള വിധത്തിലും ഞങ്ങൾക്കു ചുററുമുണ്ടായിരുന്ന ജനങ്ങളെപ്പോലെ ആയിത്തീരുവാൻ ഞങ്ങൾ പഠിച്ചു.
അടുത്തയിടെ ബോംബെയിൽ നിന്ന് ഞങ്ങളുടെ ആദ്യനിയമനമായിരുന്ന കേരളത്തിലേക്കു ഞങ്ങൾ മടങ്ങിച്ചെന്നു. മാററങ്ങളുണ്ടായിട്ടുണ്ടോ? കൊള്ളാം, ഞങ്ങൾ കേരളത്തിൽ ആദ്യം എത്തിയപ്പോൾ മുഴു സംസ്ഥാനത്തിലും കൂടെ 300-ൽ താഴെ മാത്രം സാക്ഷികളാണ് ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ 4,000-ത്തിലധികം പേർ ഞങ്ങൾ കൂടിയ ഡിസ്ട്രിക്ട് കൺവെൻഷനിൽ ഹാജരായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ ബൈബിൾ അദ്ധ്യയനം നടത്തിയ ചിലർ ഇപ്പോഴും വിശ്വസ്തമായി യഹോവയെ സേവിക്കുന്നതു കാണുന്നത് എത്ര സന്തോഷമാണ്!
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിമൂന്നിൽ ഞങ്ങളുടെ മിഷനറി സേവനം തുടങ്ങിയപ്പോൾ പല പ്രിയപ്പെട്ടവരെയും ഞങ്ങൾ കാനഡായിൽ വിട്ടുകളഞ്ഞു. എന്നാൽ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയായി, ഞങ്ങൾ അനേകം അനേകം അപ്പൻമാരെയും അമ്മമാരെയും സഹോദരൻമാരെയും സഹോദരിമാരെയും പെട്ടെന്നു നേടിയെടുത്തു. (മർക്കോസ് 10:28-30) കൂടാതെ ദൈവ വചനം പഠിക്കുവാൻ അനേകം ചെമ്മരിയാടു തുല്യരെ സഹായിച്ചതുവഴി ആത്മീയ മക്കളെയും നേടിക്കൊണ്ട് ഞങ്ങൾ അനുഗൃഹീതരായി. ഞങ്ങളുടെ ലക്ഷ്യം ദൃഷ്ടിയിൽനിന്നു നഷ്ടപ്പെടാതെ സൂക്ഷിച്ചത് തീർച്ചയായും അനേകം പ്രതിഫലങ്ങളും ഞങ്ങൾക്ക് കൈവരുത്തി. അതിനാൽ ഇന്ത്യയെ ഞങ്ങളുടെ ഗൃഹമാക്കിയതിലേക്ക് ഖേദങ്ങളൊന്നുമില്ലാതെ സംതൃപ്തിയോടെ ഞങ്ങൾ പിൻതിരിഞ്ഞു നോക്കുന്നു.—ററില്ലി ലാക്മത്തിനാൽ പറയപ്പെട്ടത്. (g91 2⁄22)
[27-ാം പേജിലെ ചിത്രങ്ങൾ]
കേരളത്തിലെ ഒരു തോട്
റബ്ബർ ഉണ്ടാക്കുന്നു
[റ്റില്ലി ലാക്മത്തിന്റെയും ലിയോണ ലാക്മത്തിന്റെയും ചിത്രം]